2013, മേയ് 17, വെള്ളിയാഴ്‌ച

മഴവിൽ ഷെയ്ക്കിനെത്തേടി ഒരു മരുഭൂ യാത്ര!

മെയ് മാസത്തിലെ ആദ്യ ശനിയാഴ്ച, മരുഭൂമി ചൂടുകാലത്തെ വരവേൽക്കാൻ അൽപ്പം വൈകിയാണെങ്കിലും ഒരുങ്ങി നിൽക്കുന്ന നേരിയ ചൂടുളള ദിനം. ഉച്ച തിരിഞ്ഞ് ഞാനും സഹധർമ്മിണിയും മകൻ അലിയും കൂടി ദുബായിൽ നിന്നും അബൂദബിയിലെ അൽ ദഫ്ര മരുഭൂമി ലക്‌ഷ്യമാക്കി യാത്ര തുടങ്ങി. അവിടെ റെയിൻബോ ഷെയ്ക്ക് എന്ന പേരിൽ പ്രസിദ്ധനായ ഷെയ്ക്ക് ഹംദാന്റെ ചില അതിവിചിത്രമായ വിരുതുകൾ കാണണം, കണ്ട് ബോദ്ധ്യപ്പെടണം.
 
റെയിൻബോ ഷെയ്ക്കിന്റെ അതിമാനുഷികതെയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?

ബിരിയാണി തട്ടി, സ്വന്തം കല്യാണത്തിന് മഴവിൽ നിറത്തിലേഴ് കാറുകൾ പണിയാൻ മേഴ്സിഡസിന് പൊൻപണം കൊടുത്തവൻ  ഷെയ്ക്ക്!
പേരമക്കൾക്ക് തുള്ളിക്കളിക്കാൻ നോഹയുടെ പേടകം പണിത് വെള്ളത്തിലിറക്കിയവൻ ഷെയ്ക്ക്!
മഹാസാഗരത്തിന്റെ വിരിമാറിൽ തളർന്നുറങ്ങുന്ന ദ്വീപിലേക്ക് മണ്ണുമാന്തിയുടെ കൂർത്ത കൈകൾ താഴ്ത്തി സ്വന്തം പേര് കൊത്തിവെച്ച ധീരപോരാളി ഷെയ്ക്ക്!!!

അതാണ് റെയിൻബോ ഷെയ്ക്ക് എന്ന ഓമനപ്പേരിലറിയപ്പെടുന്ന, അബൂദാബിയിലെ പ്രസിദ്ധനായ ഷെയ്ക്ക് ഹമദ് ബിൻ ഹംദാൻ അൽ നഹ്‌യാൻ. ആറു വർഷം മുന്നേ ദുബൈയിലെ പാം ദേര പ്രോജക്ടിന് ദ്വീപൊരുക്കാൻ കരാറുമായി വന്ന ഡച്ച് ഡ്രെഡ്ജിംഗ് കമ്പനിയിലെ ഒരു ഓഫീസർ അബൂദാബിയിൽ നടക്കുന്ന രസകരമായ മണ്ണുമാന്തലിനെപ്പറ്റി പറഞ്ഞത് വഴിയാണ് ഷെയ്ക്ക് ഹമദ് എന്ന  വത്യസ്തനായ ഷെയ്ക്കിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. തനിക്ക് പിതൃസ്വത്തായിക്കിട്ടിയ 50 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള അൽ ഫുത്തൈസി ദ്വീപിൽ മണ്ണുമാന്തി അതിൽ വെള്ളം നിറച്ചു വിട്ട് തന്റെ പേര് HAMAD എന്ന് ഇംഗ്ലീഷിൽ 'മാന്തിവെക്കുന്ന"  അത്യപൂർവ്വമായൊരു കൃത്യം! ഗൂഗ്‌ള് എർത്തിൽ പോയി നോക്കിയപ്പോൾ അത്ഭുതം... ശൂന്യാകാശത്ത് നിന്ന് നോക്കിയാൽ കാണാവുന്ന രൂപത്തിലാണത്രേ ഓരോ അക്ഷരങ്ങളുടെയും വലിപ്പം!

പിന്നീട്  ഷെയ്ക്കിനെക്കുറിച്ച്  തിരഞ്ഞപ്പോൾ ലഭിച്ചതെല്ലാം അത്ഭുതങ്ങളുടെ കലവറകൾ മാത്രം! മൂന്നു നൂറ്റാണ്ടിലധികമായി അബൂദബി ഭരിക്കുന്ന പ്രസിദ്ധമായ നഹ്യാൻ കുടുംബാംഗമാണിദ്ദേഹം. യൂ ഏ ഇ (UAE)യുടെ പിതാവ് സാക്ഷാൽ ഷെയ്ക് സായിദിന്റെ മകളുടെ ഭർത്താവ്. അബൂദബിയുടെ മുൻപ്രധാനമന്ത്രി ഷെയ്ക്ക് ഹംദാന്റെ പുത്രൻ. മുപ്പത് കൊല്ലത്തോളം  യൂ ഏ ഇയുടെ സായുധസേനയിൽ ഉന്നത ഉദ്യോഗസ്ഥൻ. ഇതെല്ലാം റെയിൻബോ ഷെയ്ക്കിനെക്കുറിച്ചുള്ള ഏറ്റവും കുറഞ്ഞ വിവരണങ്ങളേ ആവൂ!!

ഷെയ്ക് ഹമദിനെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ വാഹനക്കമ്പമാണ്. ഓരോ വർഷവും അദ്ദേഹം അനവധി കാറുകൾ വാങ്ങിക്കൂട്ടും. പുതിയ കാറുകൾ മാത്രമല്ല, പഴയതും അപൂർവ്വമായതുമൊക്കെ. അങ്ങിനെ തന്റെ കാറുകൾ സൂക്ഷിക്കാൻ അദ്ദേഹം ഒരു വലിയ കൂടാരമൊരുക്കി. ഒരു കൂറ്റൻ പിരമിഡിന്റെ മാതൃകയിൽ. അവിടുത്തേക്കാണ് ഞങ്ങളുടെ യാത്ര.


സൗദി അതിർത്തിയായ സിലയിലേക്ക് താരിഫ് വഴിയുള്ള റോഡിലാണ് എമിറെറ്റ്സ് നാഷനൽ ഓട്ടോ മ്യൂസിയം (ENAM) എന്ന കാർ മ്യൂസിയം. അബൂദബി എയർപോർട്ടിന്റെ ഓരം പറ്റി, ബനിയാസ് കടന്നാൽ പിന്നെ ഇരു വശവും നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയാണ്. പിംഗലവർണ്ണത്തിലുള്ള അനേകം ഒട്ടകങ്ങൾ വെയിൽ കായുകയാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ. ശിശിര കാലത്ത് പതിവില്ലാതെ ലഭിച്ച മഴ മരുഭൂമിയെ മനോഹരിയായി അണിയിച്ചൊരുക്കിയിട്ടുണ്ട്. മണൽക്കൂനകളുടെ അറ്റങ്ങളിൽ കൊച്ചു പുൽകൂട്ടങ്ങളും കുറ്റിച്ചെടികളും. കാറ്റ് പതിവിലും ശക്തമായതു കൊണ്ട് ഇറങ്ങി നിന്നൊരാസ്വാദനം സാധ്യമല്ല. മണലിൽ ചിത്രങ്ങൾ വരച്ചുകൊണ്ടാണ് കാറ്റ് കൂകിപ്പറക്കുന്നത്. അങ്ങ് ദൂരെ വന്യമായ അറബ് തുടികൾക്കൊപ്പിച്ച് മുടിയഴിച്ചാടുന്ന നർത്തകികളെപ്പോലെ മരുക്കാറ്റിൽ അലസരായി ആടിക്കളിക്കുന്ന ഗാഫ് മരങ്ങൾ. പലയിടത്തും ബണ്ട് കെട്ടി വെള്ളം ശേഖരിച്ചതും കനാൽ വഴി വെള്ളം പല വഴിക്കും തിരിച്ച് വിട്ടതും കാണാം. മരുഭൂമിയിൽ മരങ്ങൾ നട്ട് പിടിപ്പിച്ച് കാലങ്ങൾ കൊണ്ട് ജലശേഖരം ഉണ്ടാക്കാനും പിൽകാലത്ത് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കൂട്ടാനുമുള്ള ചില പദ്ധതികളുടെ ഭാഗമാണവ. റ്റൂ വേ റോഡിന്റെ നടുഭാഗത്ത് ഇടവിട്ട് നട്ടു പിടിപ്പിച്ച ഈത്തപ്പനകൾ. സൗദിയിൽ നിന്നും ചരക്കുകൾ കയറ്റി വന്ന് മടങ്ങുന്ന വലിയ ട്രക്കുകൾ . രണ്ടുവരിപ്പാതയുടെ വേഗതാട്രാകിൽ ഞങ്ങളുടെ കൊച്ചുകാർ അൽപ്പം സന്ദേഹത്തോടെ കുതിച്ചു പാഞ്ഞു.

ദുബൈ നഗരമധ്യത്തിൽ നിന്നും ഏകദേശം 200ഓളം കിലോമീറ്റർ ഓടിയിട്ടുണ്ട്. നീണ്ട് വരണ്ട് കിടക്കുന്ന അൽ ദഫ്ര മരുഭൂമിയിൽ പച്ചപ്പ് വിടർത്തി പരിലസിച്ച് നിൽക്കുന്ന മരങ്ങൾക്ക് നടുവിലായി മഴവിൽ ചേലൊത്തൊരു കവാടം. വണ്ടി നിർത്തി ഇറങ്ങിച്ചെന്നപ്പോൾ കാക്കി യൂനിഫോമണിഞ്ഞ നേപ്പാളി കാവൽക്കാരൻ വഴിതെറ്റിയെത്തിയ വിരുന്നുകാരെക്കണ്ടപോലെ  ഇറങ്ങി വന്നു.
"ഇതല്ല കാർ മ്യൂസിയം. ഇത് ഷെയ്ക്കിന്റെ വീടാണ്. അതായത് കൊട്ടാരം, പല കൊട്ടാരങ്ങളിലൊന്ന്."

 കൊട്ടാരത്തിന്റെ ഏകദേശം ഒരു മൈലോളം നീണ്ട ചുറ്റുവേലി കഴിഞ്ഞ്  റോഡരികിൽ ഒരു കൂറ്റൻ ജീപ്പ് ഉയരത്തിൽ നിൽക്കുന്നത് കാണാം.  ഇടത്തോട്ട് ഒരു അടയാളവും ബോർഡും. ആരും തടയാനില്ലാത്ത ആ കവാടത്തിലൂടെ അകത്തേക്ക് കടന്ന് വിശാലമായ ഒഴിഞ്ഞു കിടക്കുന്ന പാർക്കിംഗ് ഏരിയയിൽ വണ്ടിയിട്ടു. ഞങ്ങളെക്കൂടാതെ ആറോ ഏഴോ വാഹനങ്ങൾ മാത്രം. നമ്മെ വരവേൽക്കുന്നത് നാലു ചക്രങ്ങളിൽ ഉയർത്തി നിർത്തിയ ഒരു ഭൂഗോളത്തിന്റെ മാതൃകയാണ്! ഭൂമിയുടെ പത്ത് ലക്ഷത്തിലൊന്ന് വലിപ്പത്തിലുള്ള ഈ ഗോളത്തെ വേണമെങ്കിൽ വലിച്ചു കൊണ്ടുപോവാം! തൊട്ടപ്പുറത്ത് ഒരു വീട് ചക്രങ്ങളിൽ ഉയർന്നു നിൽക്കുന്നു. അതൊരു ചലിക്കുന്ന ബംഗ്ലാവാണ്. ഗിന്നസ് ബുക്കിൽ കയറിപ്പറ്റിയ ലോകത്തെ ഏറ്റവും വലിയ കാരവൻ! 20 മീറ്റർ നീളവും 12 മീറ്റർ വീതം ഉയരവും വീതിയുമുള്ള ഈ കാരവനിൽ അഞ്ച് നിലകളുണ്ടത്രേ! എട്ട് കിടപ്പുമുറികളും അത്രതന്നെ കുളിപ്പുരകളുമുള്ള ഈ ബംഗ്ലാവിനകത്ത് നാല് വലിയ കാറുകളെയും കൂടെ കൊണ്ടുപോവാം!

ഗിന്നസ് വീരൻ കാരവനും 1:1000000 ഭൂമിയും
ഫൈബർ ഗ്ലാസ്സ് കൊണ്ട് നിർമ്മിക്കപ്പെട്ട ഈ ഗോളത്തിനകത്ത് നാല് നിലകളും കുറേ മുറികളുമൊക്കെയുണ്ട്. പക്ഷേ അകത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.  തന്റെ സ്വന്തം നാടിന് സംഭാവനയായി 2002ലാണ് ഷെയ്ക്ക് ഹമദ് മ്യൂസിയം നിർമ്മിക്കുന്നത്. അൽ ഐനിലെയും ലിവയിലെയും തന്റെ കൊട്ടാരങ്ങളിൽ കിടന്ന് കാറുകൾ നശിച്ചുപോകുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു.
 
 150X150Mtr വലിപ്പത്തിലുള്ള കൂറ്റൻ പിരമിഡിന്റെ കാവലെന്നപോലെ ഭീമൻ ചക്രങ്ങളിലെണീറ്റു നിൽക്കുന്ന ഒരു മെഴ്സിഡസ് കാറാണ് നമ്മെ മ്യൂസിയത്തിലേക്ക് സ്വീകരിക്കുന്നത്. ഷെയ്ക്ക് സ്വയം മാറ്റം വരുത്തി നിർമ്മിച്ചതാണ് ഈ ചക്രക്കാറൻ. മ്യൂസിയത്തിലേക്ക് പ്രവേശിക്കാൻ തലയൊന്നിന് 50 ദിർഹമാണ് ടിക്കറ്റ് ചാർജ്ജ്.
ഇതാണ് മ്യൂസിയം. ചിത്രംENAM വെബ് സൈറ്റിൽ നിന്നും
 10 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യപ്രവേശനം. രണ്ട് കൊല്ലം മുമ്പ് വരേ പ്രവേശനം തികച്ചും സൗജന്യമായിരുന്നു. സന്ദർശകരുടെ തിരക്ക് കുറക്കാൻ വേണ്ടിയാണത്രേ ടിക്കറ്റ് വെച്ചത്. ടിക്കറ്റ് തുക ഒരു യൂ.ഏൻ ചാരിറ്റി പ്രോജക്ടിലേക്കാണ് പോകുന്നത്. ലോകത്തെ ഏറ്റവും വൈവിധ്യമാർന്ന കാറുകളുടെ ലോകത്തേക്കാണ് നമ്മൾ പ്രവേശിച്ചിരിക്കുന്നത്. കറുപ്പിലും ഉരുക്കുനിറത്തിലുമുള്ള തിളങ്ങുന്ന ,  രാജകീയ പ്രൗഡിയുള്ള 1928 മോഡൽ ഫോർഡ് കാറിൽ കണ്ണുടക്കാതെ അകത്തേക്ക് കടക്കാൻ ആർക്കും കഴിയില്ല. കുഞ്ഞുകാറുകളിലെ കുഞ്ഞന്മാരിൽ തന്നെ തുടങ്ങാം. പഴയ ബ്യൂക്കും പ്ലിമത്തും ഫിയറ്റും പാലുമൊക്കെയുണ്ട്. ക്ലാസ്സിക് മുതൽ ബാറ്ററി കാറുകൾ വരേ! പിന്നെ നീളമേറിയ സെഡാൻ കാറുകൾ. ക്രൈസ്ലറും  ഫോർഡും ഷെവർലെയും കാഡിലാക്കും അടക്കി വാഴുന്ന നീളാങ്കോലി കാറുകൾ പ്രായം തളർത്താത്ത സൗന്ദര്യവുമായി  തിളങ്ങി നിൽക്കുന്നു. ഇനിയും മുന്നോട്ട് നടന്നാൽ കാണുന്നത് കൂപ്പേകളാണ്. അതിലുമുണ്ട് 1950 മുതലിങ്ങോട്ടുള്ളവ!
മഴവിൽ നിറത്തിൽ രണ്ട് കാറുകൾ


ലോക കാർ നിർമ്മാതാക്കളിൽ എന്നും അദ്വിതീയ സ്ഥാനം നിലനിർത്തുന്ന മെഴ്സിഡസിന്റെ ഏറ്റവും മനോഹരമായ ഒരു ശേഖരം തന്നെയാണ് നമ്മളെ കാത്തിരിക്കുന്നത്. അവിടെയാണ് വിഖ്യാതമായ മഴവിൽ കാർ ശേഖരം. 1984 തന്റെ വിവാഹത്തോടനുബന്ധിച്ച് ഷെയ്ക്ക് ഹമദ് ഏഴ് മെഴ്സിഡൻസ് ബെൻസ് കാറുകൾ ഓർഡർ ചെയ്തു. ഏഴും മാരിവില്ലിന്റെ ഏഴ് വത്യസ്ത വർണ്ണങ്ങളിൽ. ഓരോ ദിവസവും സഞ്ചരിക്കാൻ ഓരോ നിറത്തിലുള്ള കാറുകൾ! കാറിന്റെ പെയിന്റ് മാത്രമല്ല, ഉള്ളിലെ ലതർ ഫിറ്റിംഗ്സും കാർപ്പെറ്റുകളും തുടങ്ങി എല്ലാം ഒരേ നിറം! ഇതാണ് അദ്ദേഹത്തിന് റെയിൻബോ ഷെയ്ക്ക് എന്ന പേര് ചാർത്തിക്കൊടുത്തതത്രെ! തൊട്ടടുത്ത്, സ്വർണ്ണക്കൈപ്പിടിയുള്ള മറ്റൊരു മെഴ്സിഡസും കാണാം.
വയലറ്റ്, ഇന്റിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ....
 മ്യൂസിയത്തിലെ 211 കാറുകളിൽ വെച്ചേറ്റവും വില കൂടിയത് എലിസബത്ത് രാജ്ഞി യൂ ഏ ഇ സന്ദർശിച്ചപ്പോൾ സഞ്ചരിച്ച കറുത്ത റോൾസ് റോയ്സ് കാറാണെങ്കിലും ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് ഷെയ്ക്ക് സ്വയം രൂപകൽപ്പന ചെയ്ത് തികച്ചും അബുദാബിയിൽ നിർമ്മിച്ച കൂറ്റൻ ഡോഡ്ജ് പവർവാഗണാണ്. സാധാരണ കാറിന്റെ കൃത്യം എട്ടിരട്ടി വലിപ്പത്തിലാണ് (1:8) ഈ കൂറ്റൻ പിക്കപ്പ്   നിർമ്മിച്ചിരിക്കുന്നത്. ഗിന്നസ് ബുക്കിലേക്ക് ഉരുണ്ടു കയറിയ ഈ ഭീമന് ഏകദേശം 50 ടൺ ഭാരവും സാധാരണ കാറിന്റെ 64 ഇരട്ടി വിലയുമുണ്ട്. അബൂദബിയിൽ തയ്യാർ ചെയ്ത ഭാഗങ്ങൾ മരുഭൂമിയിൽ കൊണ്ടുപോയി കൂട്ടിയോജിപ്പിക്കുകയായിരുന്നുവത്രേ. നാല് കിടപ്പു മുറികളും അടുക്കളയും കുളിമുറികളുമൊക്കെയുള്ള ഈ കൂറ്റനെ രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതും ഷെയ്ക്ക് ഹമദ് തന്നെ.

ഭീമൻ ഡോഡ്ജിന്റെ പടം പിടിക്കാൻ എന്റെ ക്യാമറ മതിയായില്ല! ENAM വെബ്സൈറ്റിൽ ഉഗ്രൻ ചിത്രമുണ്ട്

ആകാരവലിപ്പം കൊണ്ട് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ഒരു ഭീമൻ വില്ലീസ് ജീപ്പുമുണ്ട് മ്യൂസിയത്തിന് പുറത്ത്. യൂ.കേയിലും ഫ്രാൻസിലും അമേരിക്കയിലും നിർമ്മിച്ച യുദ്ധവാഹനങ്ങളും പട്ടാളട്രക്കുകളുമൊക്കെ ചരിത്രം പറഞ്ഞ് നമ്മെ വിസ്മയിക്കുന്നവയാണ്. നിരന്നു കിടക്കുന്ന യൂറോപ്യൻ, അമേരിക്കൻ നാൽചാക്രികൾക്കിടക്ക് കണ്ടു ഒരിന്ത്യക്കാരനെയും, നമ്മുടെ സ്വന്തം മഹീന്ദ്രയുടെ ജീപ്പ്! ലോകത്തെ ആദ്യ മോട്ടോർകാറുകളിലൊന്ന് ഫോർഡിൽ നിന്നും സ്വന്തമാക്കിയത് പ്രത്യേകം പ്രദർശിപ്പിച്ചിരിക്കുന്നു. കൗതുകം കൊണ്ട് നമ്മുടെ കണ്ണ് മഴവിൽ നിറത്തിലായി മാറുന്ന കാഴ്ചകൾ കണ്ട് നടക്കാൻ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും വേണം. 50 ദിർഹം കുറച്ചധികമല്ലേ എന്നൊരു തോന്നൽ ഇല്ലാതില്ല. പക്ഷേ ഈ പണം ഏതോ അവശസഹോദരന്മാർക്ക് ചെന്നെത്തും എന്നറിയുമ്പൊൾ നമുക്ക് സമാധാനമാവും. ഈ കാറുകൾക്ക് പുറമേ നൂറുകണക്കിന് വാഹനങ്ങൾ ഷെയ്ക്കിന്റെ സ്റ്റോക്കിലുണ്ട്. ഇനിയും ഒരുപാട് മ്യൂസിയത്തിലേക്ക് എത്തിച്ചേരും എന്ന് അവിടുത്തെ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ജയപ്രകാശ് പറയുന്നു.റെയിൻബോ ഷെയ്ക്ക് സ്വന്തമായി ഡിസൈൻ ചെയ്ത് അബൂദബിയിൽ നിർമ്മിച്ചവയാണ് രണ്ടും
 
തന്റെ കൊട്ടാരത്തോടനുബന്ധിച്ച് നിർമ്മിച്ച ഈ മ്യൂസിയത്തിന് പുറമേ എന്തൊക്കെയോ വലിയ ഉദ്ദേശങ്ങളുണ്ടായിരുന്നു ഷെയ്ക്കിന് എന്ന് തോന്നുന്നു. മ്യൂസിയത്തിനു പുറത്തെ ഉയരം കുറഞ്ഞ മരങ്ങൾക്കിടയിലൂടെ മുന്നോട്ട് നടന്നാൽ കാണുന്ന വലിയ പള്ളിയുടെ ഇടതുവശത്തേക്കുള്ള ചൂണ്ടുപലകയി "ഹെരിറ്റേജ് സൂഖ്" എന്ന മങ്ങിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. തലയുയർത്തി നിൽക്കുന്ന നാല് പഴഞ്ചൻ ടവറുകൾ അതിരിടുന്ന ഒരു കോട്ടയും അതിന് മുന്നിൽ ഒരു യുദ്ധം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട പോലെ തകർന്ന മണ്ണടിഞ്ഞു കൊണ്ടിരിക്കുന്ന കുറേ നിർമ്മിതികളും. പുരാതന അറേബ്യൻ മാതൃകയിൽ നിർമ്മിച്ച ഉയരം കുറഞ്ഞ എടുപ്പുകൾ, ഈത്തപ്പനയോലകൊണ്ടുള്ള മുറികളും കൊച്ചു കിണറുകളും. നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻ ക്രയവിക്രയം നടത്തിയിരുന്ന ഒരു പുരാതന "മെദീന"യുടെ കുഴിച്ചെടുക്കപ്പെട്ട അവശിഷ്ടങ്ങൾ പോലെ. റെയിൻബോ ഷെയ്ക്കിന്റെ മണ്ണ് പിടിച്ചു തകർന്ന സ്വപ്നങ്ങള്ക്ക് മേൽ ഞങ്ങൾ  ഗവേഷണ വിദ്യാർത്ഥികളുടെ കൗതുകത്തോടെ നടന്നു.

ഉയരമുള്ള കവാടം കടന്നാൽ അതിവിശാലമായ ഒരു നടുമുറ്റം. അതിന്റെ നാലു കോണുകളിൽ നല്ല ഉയരത്തിൽ പഴഞ്ചൻ മട്ടിലുള്ള ഓരോ നിരീക്ഷണ ടവറുകൾ. നടുത്തളത്തിന്റെ അതിരായി രണ്ട് മീറ്ററിലധികം പൊക്കത്തിൽ ബലമുള്ള കല്ലുമതിൽ. മതിലിലുടനീളം മാർബിൾ പാളികൾ ഒട്ടിച്ചു വെച്ചിരിക്കുന്നു.
പരുക്കൻ മാർബിൾ കല്ലുകളിൽ മനോഹരമായ അറബി ലിപിയിൽ കുനുകുനാ എഴുതിയത് വായിച്ചു നോക്കി. അർത്ഥം പൂർണ്ണമായും പിടികിട്ടിയില്ലെങ്കിലും അതെല്ലാം കവിതകളാണെന്ന് മനസ്സിലായി. ആയിരം ചതുരശ്രമീറ്ററിലുള്ള  ചുമരിലിനി ഒട്ടും തന്നെ സ്ഥലമില്ല. പക്ഷേ കവിതകൾ കൊത്തിയ മാർബിൾ കഷ്ണങ്ങൾ എമ്പാടും നിലത്ത് അട്ടിയിട്ടിരിക്കുന്നു. അതേക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ അറിയിപ്പോ എങ്ങുമില്ല. എങ്ങിനെയുണ്ടാവാൻ? ആരും ചെന്നു നോക്കാതെ ഉപേക്ഷിച്ച തകർന്ന എടുപ്പുകൾക്കും ജീവൻ തുടിക്കുന്ന കാവ്യഫലകങ്ങൾക്കും തരിശായ സ്വപ്നങ്ങളുടെ കഥ മാത്രമേയുണ്ടാവൂ പറയാൻ. വീണ്ടും ജയപ്രകാശിനെ തേടിച്ചെന്നു. ഈ സ്മാരകൾക്കും ഒരു ചരിത്രമുണ്ടത്രേ! പണ്ട്, വളരെപ്പണ്ടൊന്നുമല്ല, ഈ മരുഭൂവിൽ കടകളോ മറ്റോ ഇല്ലാതിരുന്ന ഒരു കാലത്ത് ഷെയ്ക്ക് നിർമ്മിച്ചതാണ് ഈ കടകളും മറ്റും. ശൈശവദിശയിൽ തന്നെ മൃതിയടഞ്ഞു പോയി. മാർബിൾ ഫലകങ്ങളിലെ കവിതകളെല്ലാം അറബ് ലോകത്തെ പ്രമുഖ കവി മുതനബ്ബിയുടെ വിഖ്യാതമായ കവിതകളാണ്. അവ ഒരു സിറിയൻ ശിൽപ്പിയെക്കൊണ്ട് മാർബിളിൽ കൊത്തിച്ചു, ചുമരിൽ പതിച്ചു.  കവിയും കവിതക്കമ്പക്കാരനുമായ ഷെയ്ക്ക് അൽ മുതനബ്ബിക്ക് നൽകിയ എളിയ ഒരാദരം.

 പുരാതന സൂഖിന്റെയുള്ളിൽ നിന്നും ഞങ്ങൾ പുറത്ത് കടന്നു. ആറേഴ് വലിയ കൂടുകളിൽ പല നിറത്തിലും രൂപത്തിലുമുള്ള പ്രാവുകൾ. പലതും യുറോപ്പിൽ നിന്നും കൊണ്ടു വന്ന വിലകൂടിയ ഇനങ്ങളാണത്രേ. പ്രാവുകളോട് കുറുകിയും പ്രാമുട്ട കണ്ട് സന്തോഷത്തോടെ ബഹളം വെച്ചും അലി ഓടിക്കളിക്കുന്നു.


 ഫുത്വൈസി ദ്വീപിലെ പേരെഴുത്ത്
ചിത്രം ഗൂഗ്ഗിളിൽ നിന്നും
അബുദബിയിലെ അൽ ഫുത്വൈസി ദ്വീപ് സസ്യ,ജന്തു വൈവിധ്യങ്ങൾക്ക് പേര് കേട്ടതാണ്.  അബുദബി നഗരത്തിന്റെ ഏകദേശം ഇറ്റട്ടി വലിപ്പമുള്ള, തന്റെ ഉടമസ്ഥതയിലുള്ള ഈ ദ്വീപിലാണ് ഷെയ്ക്ക്  പേര് മാന്തിവെക്കാൻ തുടങ്ങിയത്. HAMAD എന്ന് ഇംഗ്ലീഷ വലിയ അക്ഷരത്തിലെഴുതി വെച്ചത് ശൂന്യാകാശത്ത് നിന്നും വളരേ വ്യക്തമായിക്കാണാമെന്നാണ് ഗൂഗ്ഗിൾ എർത്തിന്റെ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അതിന്റെ വലിപ്പം ഒന്ന് ഊഹിച്ചു നോക്കാമോ? ഓരോ അക്ഷരത്തിനും  300 മീറ്ററോളം ആഴമുണ്ട്! വീതി 1.9 കിലോ മീറ്റർ, മൊത്തം Hല് നിന്നും Dയുടെ അറ്റത്തെത്താൻ 4.8 കിലോ മീറ്റർ സഞ്ചരിക്കണം! ദ്വീപിനെ തരിശുഭാഗത്ത് കുഴിച്ചെഴുതിയ ഈ അക്ഷരങ്ങളിലേക്ക് വേലിയേറ്റ സമയത്ത് വെള്ളം കയറി നിറയും! പേരെഴുത്ത് അറിവാകാത്ത കാരണങ്ങളാൽ ഇടക്ക് വെച്ച് നിർത്തി. ഈ അടുത്ത കാലത്ത്, കുഴിച്ചിടത്തോളം മണ്ണ് നിറച്ച് മായ്ച്ചു കളയുകയും ചെയ്തു എന്നറിയുന്നു!


ചിത്രം ഗൂഗ്ഗിളിൽ നിന്നും
ഷെയ്ക്ക് ഹമദ് വിചിത്രമെന്ന് നമുക്ക് തോന്നുന്ന രീതിയിൽ തന്നെയാണ് ജീവിതം നയിക്കുന്നത്. ഒക്ടോബർ മുതൽ ആറുമാസത്തോളം, തണുപ്പ് കാലത്ത് മരുഭൂപ്രദേശങ്ങളിൽ വസിക്കുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം സൗദി അറേബ്യയാണാത്രേ! കാരണം വ്യക്തം, സൗദിയിലെ അനന്തമായ മരുഭൂമികൾ തന്നെ! കടലിലും മരുഭൂമിയിലും കോടിക്കണക്കിന് പണം കൊണ്ടു തള്ളൂന്നയാൾ മാത്രമല്ല ഇദ്ദേഹം. ലോകത്തെ മികച്ച ചാരിറ്റി പ്രവർത്തകരിൽ ഒരാളാണദ്ദേഹം. നിർധനരാജ്യങ്ങൾക്കും സംഘടനകൾക്കും മാത്രമല്ല, ക്യാർസർ രോഗത്തിന് ചിലവു കുറഞ്ഞ മരുന്നു വികസിപ്പിക്കുന്നത്   പോലെയുള്ള അനവധി സംരംഭങ്ങൾക്ക് അദ്ദേഹം നിർലോഭം സഹായം നൽകി വരുന്നു.  പല രാജ്യങ്ങളിലും സൗജന്യ നിരക്കിലുള്ള ആശുപത്രികളും ചിലവേറിയ ചികിത്സകളും ഷെയ്ക്ക് ഹമദിന്റെ സംഭാവന കൊണ്ട് സ്ഥിരമായി നടന്നു വരുന്നു. അബൂദബിയിലെ തന്റെ പ്രധാന വീട് (കൊട്ടാരം) ഒരു പഴയ അറേബ്യൻ കോട്ടയുടെ മാതൃകയിൽ ഷെയ്ക്ക് സ്വയം രൂപകൽപ്പന ചെയ്തതാണ്. വീടിന്റെ ഉൾവശവും അതേ. ബ്രിട്ടീഷ് എയർവേയ്സിന്റെ ഫസ്റ്റ്ക്ലാസ് സീറ്റുകളുടെ മാതൃകയിലുള്ള ആഡംബരസീറ്റുകളാണ് സ്വീകരണമുറിയിൽ അദ്ദേഹം പണിതു വെച്ചിട്ടുള്ളത്! നിസ്സാൻ, റിനോൾട്ട് തുടങ്ങിയ വൻകിട കാർ നിർമ്മാതാക്കൾ പുതിയ കാർ നിർമ്മിതിക്കുള്ള ഉപദേശവും തേടി ഷെയ്ക്കിനെ സമീപിച്ചു കൊണ്ടിരിക്കുന്നതും ചരിത്രമാണ്!


നേരം സന്ധ്യയോടടുക്കുന്നു. ഞങ്ങൾ മെല്ലെ മടക്കയാത്രക്കൊരുങ്ങി. ഒന്നര മണിക്കുറിലധികം യാത്രയുണ്ട്. ഗിന്നസ് ബുക്കിലെ ഭീമന്മാരെ ഒരിക്കൽ കൂടി കണ്ടു. സൂര്യൻ സന്ധ്യാശോഭ മരുഭൂമിയുടെ വിരിമാറിലേക്ക് തൂകിയിട്ടിരിക്കുന്നു. രാത്രിയിലെ മടക്കയാത്ര ദുഷ്കരമാണെങ്കിലും അപൂർവ്വമായ മരുഭൂവിലെ സൂര്യാസ്തമയം കാണാതെ വിട്ടാൽ നഷ്ടമാണ്. അതിനും മഴവില്ലഴകാണല്ലോ?

ഷെയ്ക്കിന്റെ ഫേസ്ബുക്ക് പേജ് ഇവിടെ പോയി ഇഷ്ടപ്പെടാം. BBC ചാനലിൽ ജെറിമി ക്ലാർക്സൺ ഷെയ്ക്കുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ലിങ്കും അവിടെയുണ്ട്. 

കാർ മ്യൂസിയം കാണാൻ പോകുന്നവർക്കായി.
അബൂദബി മുസഫ്ഫയിൽ നിന്നും ലിവ റോഡിൽ (E65) 45 മിനുട്ട് യാത്ര. ദുബൈയിൽ നിന്നും പോകാൻ, ഷെയ്ക്ക് സായിദ് റോഡിൽ അല്ലെങ്കിൽ ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് റോഡിൽ (പഴയ എമിറേറ്റ്സ് റോഡിൽ) ജബൽ അലിയും സംഹയും പിന്നിട്ട് താരിഫ്,സില, മഫ്രക് എക്സിറ്റെടുത്ത് താരിഫ് റോഡിൽ കയറുക.  എക്സിറ്റ് 306 വഴി ഹനീം റോഡിൽ കയറുക.   15-20 കിലോമീറ്റർ പിന്നിട്ടാലിടതു വശത്തായി മഴവിൽ ഗേറ്റും മ്യൂസിയത്തിലേക്കുള്ള ബോർഡും കാണാം. സന്ദർശന സമയം:  രാവിലെ 9 മുതൽ ഒന്ന് വരേ, 2 മുതൽ 6 വരേ, എല്ലാ ദിവസവും. പോകുന്നവരെ വഴി പറഞ്ഞ് സഹായിക്കാൻ മ്യൂസിയത്തിലെ ജയപ്രകാശ് സന്നദ്ധനാണ്. ഈയുള്ളവനെ ബന്ധപ്പെട്ടാൽ അദ്ദേഹത്തിന്റെ നമ്പർ തരാം.


59 അഭിപ്രായങ്ങൾ:

 1. ഇരു വശവും നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയാണ്. പിംഗലവർണ്ണത്തിലുള്ള അനേകം ഒട്ടകങ്ങൾ വെയിൽ കായുകയാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ. ശിശിര കാലത്ത് പതിവില്ലാതെ ലഭിച്ച മഴ മരുഭൂമിയെ മനോഹരിയായി അണിയിച്ചൊരുക്കിയിട്ടുണ്ട്. മണൽക്കൂനകളുടെ അറ്റങ്ങളിൽ കൊച്ചു പുൽകൂട്ടങ്ങളും കുറ്റിച്ചെടികളും. കാറ്റ് പതിവിലും ശക്തമായതു കൊണ്ട് ഇറങ്ങി നിന്നൊരാസ്വാദനം സാധ്യമല്ല. മണലിൽ ചിത്രങ്ങൾ വരച്ചുകൊണ്ടാണ് കാറ്റ് കൂകിപ്പറക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 2. മഴവില്‍ ഷേയ്ക്ക് ചരിതവും കാര്‍ മ്യൂസിയവും രസമായി വായിച്ചു

  ആദ്യമായി കേള്‍ക്കുകയാണ്

  മറുപടിഇല്ലാതാക്കൂ
 3. എന്റെ ചിരാമുളകേ , യാത്രവിവരണം കസറി .
  പതിനൊന്ന് വര്‍ഷമായി അബുദാബിയില്‍ ഉള്ള
  ഞാന്‍ ഇതുവരെ പൊകാന്‍ കഴിയാത്ത സ്ഥലമാണ് ഇതൊക്കെ ..
  അതിനിപ്പൊള്‍ നമ്മുക്കെവിടെ സമയം എന്നത് നേരു തന്നെ .
  സത്യം ഇതൊന്നുമല്ല , ഈ അറിവുകള്‍ എനിക്ക് പരിമിതം തന്നെയെന്നതാണ്..
  ഒരുപാട് നന്ദി , ഈ വരുന്ന പെരുന്നാള്‍ സമയത്ത് ഒന്നു പൊകാം ..
  നല്ല മനസ്സുകളേ കാലം കാക്കട്ടെ , നിര്‍ദനരുടെ കണ്ണുനീര്‍ തുടക്കാന്‍
  ഇതുപൊലെയുള്ള നല്ല മനസ്സുകള്‍ക്കാകട്ടെ , കിട്ടുന്നതൊക്കെ
  കുഴിച്ചിട്ട് കെട്ടി പൊക്കുന്ന നമ്മെ പൊലെയുള്ളവര്‍ക്ക്
  അവസ്സാനം ഒന്നുമില്ലാതെ അലയുന്നവര്‍ക്ക് ഇതു പാഠമാകട്ടെ ..
  ഒരു യാത്ര പൂര്‍ണമാകുന്നത് , മനസ്സിന്റെ നിറവാണ് ..
  ആ നിറവ് ഈ വരികളിലൂടെ പ്രകടവുമാണ് , അതു പകര്‍ത്താന്‍ കാണിച്ച
  മനസ്സിനും നന്ദി ..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആഗ്രഹം പോലെ, അവിടെ പോയിക്കാണാൻ സാധിക്കട്ടെ!

   ഇല്ലാതാക്കൂ
 4. മഴവില്‍ ഷേക്കിനെ കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്.. ഈ പേര് പക്ഷെ മുന്‍പ് കേട്ടിട്ടുണ്ട്. വളരെ രസകരമായ വിവരണം. വായനയില്‍ ഒരു അനായാസത തോന്നി. ആയിരത്തൊന്നു കഥകളിലെ മറ്റൊന്ന് പോലെ അത്ഭുതം ഉണര്‍ത്തുന്ന വിവരണം

  മറുപടിഇല്ലാതാക്കൂ
 5. ഓരോരോ വിചിത്ര ജീവിതങ്ങള്‍ !നന്നായി എഴുതി അന്‍വര്‍

  മറുപടിഇല്ലാതാക്കൂ
 6. എന്താ പറയുക ,എന്തൊക്കെയാ ഈ ലോകത്ത് നടക്കുന്നത് അല്ലെ, സത്യം പറയാലോ ഈ അറിവ് എനിക്ക് പുതുമയുള്ളതാണ്, എല്ലാം ഇഷ്ടമായി,ഏറെ കൌതുകം തോന്നിയത് ആ ദ്വീപിലെ ഹംദാന്‍ എന്ന എഴുത്തിനെ കുറിച്ചുള്ള അറിവാണ്, ആ ദ്വീപിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടോ ?? .. എന്തായാലും ആ നല്ല മനുഷ്യന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി പറഞ്ഞത് എന്ത് കൊണ്ടും സന്തോഷം നല്‍കി, നല്ലൊരു പോസ്റ്റ്‌ അന്‍വര്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഫുത്വൈസി ദ്വീപിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ട്. www.futaisi.com എന്ന വെബ്സൈറ്റ് ഈയ്യിടെയായി കാണാൻ തന്നെയില്ല!!
   പക്ഷേ ചിത്രത്തിലുള്ളതിന്റെ ഏഴയലത്തു പോലുമില്ല കാര്യങ്ങൾ എന്നാണ് പല വെബ് റീവ്യൂകളും വായിച്ചപ്പോൾ മനസ്സിലായത്.
   പിന്നെ, പേര്. അത് കഴിഞ്ഞ വർഷാവസനത്തോടെ മണ്ണിട്ട് മൂടിത്തുടങ്ങി എന്നറിയുന്നു. 

   ഇല്ലാതാക്കൂ
 7. അബുദാബിയില്‍ ജീവിക്കുന്ന എനിക്ക് ഇത് പുതിയ ഒരറിവ്‌.

  മറുപടിഇല്ലാതാക്കൂ
 8. ഈ വാഹനങ്ങളിൽ ചിലതിന്റെ ചിത്രം മുമ്പ്‌ കണ്ടതുപോലെ... ബാക്കിയെല്ലാം പുതിയ അറിവുകൾ.. വിവരണം ഉഷാറായിരിക്കുന്നു അൻവർ

  മറുപടിഇല്ലാതാക്കൂ
 9. ലളിതവും മനോഹരവുമായ വിവരണത്തിലൂടെ മഴവിൽ ഷേയ്ക്കിനെ പരിചയപ്പെടുത്തിയതിന് നന്ദി...

  മറുപടിഇല്ലാതാക്കൂ
 10. ഈ വിവരങ്ങൾക്ക് വളരെ നന്ദി.. മുസ്വഫയിൽ താമസിക്കുന്ന എനിക്കും ഇതിനെ പറ്റി വലിയ അറിവൊന്നുമില്ല. പോയികാണാൻ ആഗ്രഹമുണ്ടായി ഇത് വായിച്ചപ്പോൾ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആഗ്രഹം പോലെ, അവിടെ പോയിക്കാണാൻ സാധിക്കട്ടെ!

   ഇല്ലാതാക്കൂ
 11. ഹായ്! നല്ല രസം വായിക്കാന്‍... ഒരു അറബിക്കഥ കേള്‍ക്കും പോലെ...
  ഈ വിവരങ്ങള്‍ക്ക് നന്ദി... ഈ എഴുത്തിനും..

  മറുപടിഇല്ലാതാക്കൂ
 12. ഇദ്ദേഹത്തെ പറ്റി നേരത്തെ വായിച്ചിരുന്നു...ഇപ്പോള്‍ സുഹുര്‍ത്തു വഴി കൂടുതല്‍ ചിത്രങ്ങളും അറിവും നല്‍കി നന്ദി ..

  മറുപടിഇല്ലാതാക്കൂ
 13. ഇങ്ങിനെ ഒരാളെപ്പറ്റി ആദ്യമായി കേള്‍ക്കുകയാണ്......

  മറുപടിഇല്ലാതാക്കൂ
 14. Dear Friend,
  A Lovely Morning !
  An interesting post on A MUST KNOW PERSONALITY !
  Remarkable narration and introduction of a great person who does lot of charity.
  So informative and inspiring to visit the places.
  I am sure your post will help many to reach the destination easily.
  Systematic presentation and clarity make the post amazing !
  Hearty Congrats !
  Sasneham,
  Anu

  മറുപടിഇല്ലാതാക്കൂ
 15. ചീരാമുളകേ... വളരെ മനോഹരമായിരിയ്ക്കുന്നു വിവരണം.... ആദ്യമായി കേൾക്കുന്ന, കൗതുകം നിറഞ്ഞുനിൽക്കുന്ന പുതിയ ധാരാളം അറിവുകൾ.. ദ്വീപിലേ പേരിനേക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് . എല്ലാ ചിത്രങ്ങളും വളരെ മനോഹരം തന്നെ....

  നമ്മുടെ സ്വന്തം മഹീന്ദ്രാ ജീപ്പും അവിടെ ഇടം പിടിച്ചതിൽ നമുക്കും അഭിമാനിയ്ക്കാമല്ലോ അല്ലേ... :) പോയിക്കാണുവാൻ തത്ക്കാലം മാർഗ്ഗമില്ലാത്തതുകൊണ്ട് ഈ കുറിപ്പുകൾ വായിച്ച് തൃപ്തിയടയുന്നു....

  ഇനിയും എഴുതുക.. ഇത്തരം കാണാക്കാഴ്ചകളിലെ കൗതുകകരമായ വിശേഷങ്ങൾ.... ആശംസകൾ നേരുന്നു,,, സ്നേഹപൂർവ്വം...

  മറുപടിഇല്ലാതാക്കൂ
 16. മഴവില്‍ ഷൈക്..!
  മരുഭൂമിയിലെ വിശേഷങ്ങള്‍ മനോഹരമായി പകര്‍ത്തി.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 17. നന്നായി അൻവർ .
  ഞാനും ആദ്യമായി കേൾക്കുകയാണ് ഈ കഥ .
  ചാരിറ്റി പ്രവർത്തനങ്ങൾ കൂടെ ചെയ്യുന്നു എന്നറിയുമ്പോൾ കൌതുകം മാറ്റി വെച്ച് ബഹുമാനം കൂടെ വരുന്നു . അല്ലേ ..?

  മറുപടിഇല്ലാതാക്കൂ
 18. മഴവില്‍ ഷൈക്..! ആദ്യമായി കേള്‍ക്കുകയാണ്.

  മറുപടിഇല്ലാതാക്കൂ
 19. ആദ്യമായി കേള്‍ക്കുന്നത്. വിസ്മയത്തോടെ വായിച്ചും തീര്‍ത്തു.

  മറുപടിഇല്ലാതാക്കൂ
 20. ആഹ ഞാൻ കേട്ടിരുന്നു മുമ്പ് പോകണെമെന്നും കരുതിയതാ
  ഇനിയിപ്പോൾ അതിന്റെ ആവിശ്യമില്ല ഇതു വായിച്ചപ്പോൾ അവിടെ പോയപോലെയുള്ള അനുഭൂതി 50 ദിര്ഹംസും ലാഭം കിട്ടി
  നന്നായി വിവരിചിട്ടോ

  മറുപടിഇല്ലാതാക്കൂ
 21. ഇത് വീണ്ടും ഒന്ന് കൂടി വായിക്കാൻ തോനുന്നുണ്ട്...........
  നല്ല വിവരണം, ചിത്രങ്ങളും ഇഷ്ടയി

  മറുപടിഇല്ലാതാക്കൂ
 22. ശരിക്കും വണ്ടറടിച്ചു വായിച്ചപ്പോ.....
  ആദ്യമായി കേള്‍ക്കുകയാ ഇതിനെ പറ്റി... താങ്ക്‌സ്..

  മറുപടിഇല്ലാതാക്കൂ
 23. ആദ്യമ്മാണ് ഇടേഹത്തെ കുറിച്ച് അറിയുന്നത്.. നന്ദി മുളക് വിവരങ്ങൾ നന്നായി ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 24. അറിഞ്ഞില്ല. അറിയാൻ ശ്രമിച്ചില്ല. ഷഫീക്കിന്റെ യാത്രകൾ ഇപ്പോഴും എന്നെ കൊണ്ട് ചെന്നെത്തിക്കുന്നത് ഇങ്ങിനെ കാണാ കാഴ്ച്ചകളിലെക്കാണ്. നന്ദി.

  മറുപടിഇല്ലാതാക്കൂ
 25. ഇതൊരു പുത്തന്‍ അറിവാ അതിലേറെ കൌതുകവും ഭൂമിയില്‍ എത്ര വെത്യസ്തരായ ആളുകള്‍ ആണല്ലേ
  ആശംസകള്‍ ചീരാമുളകെ

  മറുപടിഇല്ലാതാക്കൂ
 26. ഇദ്ദേഹത്തെ കുറിച്ചുള്ള പരിപാടികള്‍ ഒരു പാട് ചാനലുകളില്‍ വന്നിട്ടുണ്ട് ....

  മറുപടിഇല്ലാതാക്കൂ
 27. നല്ല വായന നൽകി..വിവരണവും..
  ചിത്രങ്ങളും മനോഹരം..
  നന്ദി.ആശംസകൾ..!

  മറുപടിഇല്ലാതാക്കൂ
 28. അൻവർ മഴവിൽ ശൈഖിന്റെ വിവര
  ണങ്ങൾ നന്നായി. ജീവിതം ഈ രാജ്യത്തു ആണെങ്കിലും
  ഇത് പുതിയ അറിവ് ആയിരുന്നു.

  മറുപടിഇല്ലാതാക്കൂ
 29. ഹായ് ഡിയർ അൻവർ ........
  നമിച്ചിരിക്കുന്നു ... ഈ അറിവിന്‌ എന്റെ നമസ്ക്കാരം UAE മൊത്തം ഒന്ന് കാണണം എന്ന് ഒരുപാടു നാളായി ഉള്ള മനസ്സിലെ വലിയ ആഗ്രഹമാണ് ...അത് ഇത് വായിച്ചപ്പോൾ മൂന്നിരട്ടി വര്ദ്ധിച്ചു .... വളരെ നന്നായി റയിൻ ബോ ഷെയിക്കിനെ കുറിച്ചും അദെ ഹത്തിന്റെ ഈ മായ ലോകതെകുരിച്ചും എഴുതിയപ്പോൾ ......... ഈ ഷേക്കിനോടും ഒരു ബഹുമാനം കൂടി ....... ശെരിക്കും അദ്ദേഹത്തിന്റെ ഒരുപാട് നന്മമ്മകൾ
  ഇതിലുടെ വായനക്കാരുടെ മനസിൽക്ക് പകര്ന്നു നല്കി ..........
  ഇനിയും ഇതുപോലെ അനുഭവങ്ങൾ അൻവറിന്റെ തൂലികയിൽ നിന്നും പിറക്കട്ടെ ... ഭാവുകങ്ങൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒക്റ്റോബറിൽ തുടങ്ങി ഏപ്രിലിൽ അവസാനിക്കുന്ന ടൂറിസം സീസണിൽ യൂ. ഏ.ഇയിൽ വന്നുപോകുന്നത് വലിയ ചിലവുള്ള കാര്യമല്ല. പല ട്രാവൽ കമ്പനികളും 7,14, 40 ദിവസങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസയും ടിക്കറ്റുമടങ്ങിയ പാകേജുകൾ നൽകുന്നുണ്ട്. ടിക്കറ്റ് നമുക്ക് തന്നെ കണ്ടു പിടിച്ച് ബുക്ക് ചെയ്യുകയും ആവാം. നന്നായി ആസൂത്രണം ചെയ്താൽ രണ്ടാഴ്ച കൊണ്ട് ഒരു വിധമൊക്കെ കണ്ട്, അനുഭവിച്ച് മടങ്ങാം.

   ഇല്ലാതാക്കൂ
 30. അജ്ഞാതന്‍2013, മേയ് 18 9:37 PM

  ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് ഇത്. നല്ല വിവരണം, ഒപ്പം നല്ലൊരു അറിവും പകര്‍ന്നു തന്നതിന് നന്ദി.

  മറുപടിഇല്ലാതാക്കൂ
 31. വിവരണത്തിനു മഴവില്ലഴക് !

  മറുപടിഇല്ലാതാക്കൂ
 32. ഷെയ്ക്ക് ഹമദ്....ആദ്യമായി കേള്‍ക്കുന്നു. സംഭവാട്ടോ ആളും ചീരമുളകും

  മറുപടിഇല്ലാതാക്കൂ
 33. പുതിയ അറിവുകള്‍ തന്ന ഈവിവരണം നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 34. ഷേക്കിനെ കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്..

  മറുപടിഇല്ലാതാക്കൂ
 35. ബിരിയാണി തട്ടി, സ്വന്തം കല്യാണത്തിന് മഴവിൽ നിറത്തിലേഴ് കാറുകൾ പണിയാൻ മേഴ്സിഡസിന് പൊൻപണം കൊടുത്തവൻ ഷെയ്ക്ക്! ഒരു പുതുമ തോന്നി അവതരണം നന്നായിരിക്കുന്നു. തിരയുടെ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 36. ഇത്രയേറെ ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ ജീവിതത്തോട് വല്യ പ്രതിപത്തി തോന്നുന്നില്ല.charity ഇടയ്ക്കു കണ്ടെങ്കിലും.ഇദ്ദേഹതിനെവിടുന്ന ഇത്രയും പണം?അധ്വാനിച്ചുണ്ടാക്കിയതാ??

  ഒരു മൂന്നാം ലോക രാജ്യക്കാരന്റെ അസൂയ...അല്ലെ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരുപാട് ബിസിനസ്സുകളുള്ള ആളാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻകിട ബിൽഡിംഗുകളുണ്ട്. പല കാർഷിക സംബന്ധിയായ സംരംഭങ്ങളുമുണ്ട്. സ്വന്തം സമ്പാദ്യം എടുത്ത് ഇല്ലാത്തവർക്ക് നൽകുന്ന ഇവർ, ഇല്ലാത്തവരുടെ വറചട്ടിയിൽ കയ്യിട്ട് വാരുന്ന നമ്മുടെ മുതലാളിത്ത ഭീമന്മാരെക്കാളും എത്രയോ ഉന്നതർ!

   ഇല്ലാതാക്കൂ
 37. പുത്തന്‍ അറിവുകളുമായി വീണ്ടും വീണ്ടും വരിക . ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 38. മഴവില്‍ ഷേക്കിനെ കുറിച്ച് ആദ്യായാ കേള്‍ക്കുന്നത്..
  നല്ല വിവരണം ചീരാമുളകെ..ചിത്രങ്ങളും നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 39. വളരെ ആകര്‍ഷകമായ ഒരു യാത്രാവിവരണം.
  ചിത്രങ്ങള്‍ വളരെ ആകര്‍ഷകം...
  വായിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍..
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 40. കൊള്ളാം പോസ്റ്റ്. എന്റ് മണലാരണ്യവിശേഷങ്ങള്‍ അധികം എനിക്ക് പങ്കുവെക്കാന്‍ പറ്റിയിട്ടില്ല. 1973 മുതല്‍ 22 കൊല്ലം അവിടെ ഉണ്ടായിരുന്നു... ടൈപ്പ് ചെയ്ത് സ്വയം കയറ്റേണ്ട ഒരു പ്രവൃത്തിയായതിനാല്‍, പലതും ശ്രദ്ധിക്കാതെ പോകുന്നു.

  എന്നാലും സൌകര്യം പോലെ എഴുതാം. ഞാന്‍ ഒരു സയ്യാര കമ്പക്കാരനായിരുന്നു ഗള്‍ഫില്‍. -

  മറുപടിഇല്ലാതാക്കൂ
 41. ഞാന്‍ 1973 ഡിസംബര്‍ 23 ന് അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാനെത്തിയത് ഒരു ലേന്‍ഡ് റോവര്‍ ആയിരുന്നു. പിന്നെ അവനെ എനിക്ക് ഉപയോഗിക്കാന്‍ തന്നു. കൂട്ടത്തില്‍ ഒരു മിനി മോക്കും, പിന്നെ വെള്ളിയാഴ്ച സവാരിക്ക് ഒരു വോക്ക്സ് വേഗന്‍ ബീറ്റിത്സും. അങ്ങിനെ വളര്‍ന്ന് വളര്‍ന്ന് 1965 ആയപ്പോളെനിക്ക് ഒരു മെര്‍സിഡീസ് 230.6 കിട്ടി. പിന്നെ അങ്ങോട്ടൊരു കയറ്റം ആയിരുന്നു. റേഞ്ച് റോവര്‍, ജാഗ്വര്‍, ഫെറാരി മുതലായവ. പുതിയ സയ്യാര വാങ്ങി 1 കൊല്ലം ഉപയോഗിച്ചാല്‍ അര്‍ബ്ബാബ് എനിക്ക് തരും. അങ്ങിനെ അങ്ങിനെ ആയിരുന്നു എന്റെ സയ്യാര വിശേഷം

  മറുപടിഇല്ലാതാക്കൂ
 42. മഴവില്‍ ഷേക്കിനെപറ്റിയുള്ള വിവരണവും, മ്യൂസിയം യാത്രയും നല്ല രീതിയില്‍ വായിച്ചുപോയി.
  ഷെയ്ക്ക് ഒരു കാര്‍ കമ്പക്കാരന്‍ തന്നെ. സമ്മതിക്കണം.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 43. ഈ പുതിയ വിവരങ്ങള്‍ പുതുമയുള്ള വിവരണത്തിലൂടെ അവതരിപ്പിച്ചത് ഏറെ നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 44. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ

 45. ഞാൻ ഇവിടെ എത്താൻ വൈകി
  വളരെ വിജ്ജാനപ്രദമായ വിവരങ്ങൾ
  സത്യത്തിൽ ഇങ്ങനൊരാളെക്കുറിച്ച്
  ആദ്യമായി കേൾക്കുകയാണ്
  ആളൊരു വാഹന പ്രേമിയാണല്ലോ
  മഴവിൽ നിറ കാറുകൾ മനോഹരമായ
  ചിത്രങ്ങൾ. നന്ദി ഈ പങ്കുവെക്കലിനു
  പിന്നെ അക്ഷരങ്ങളുടെ വലുപ്പം അൽപ്പം
  കൂടി കൂട്ടിയാൽ നന്ന് , എന്നെപ്പോലുള്ളവർക്ക്
  പിന്നെ കണ്ട്രോൾ + ഞെക്കാതെ കാര്യം
  സാധിക്കുമല്ലോ :-)
  ഫിലിപ്പ് ഏരിയൽ

  മറുപടിഇല്ലാതാക്കൂ
 46. "ബിരിയാണി തട്ടി, സ്വന്തം കല്യാണത്തിന് മഴവിൽ നിറത്തിലേഴ് കാറുകൾ പണിയാൻ മേഴ്സിഡസിന് പൊൻപണം കൊടുത്തവൻ ഷെയ്ക്ക്!
  പേരമക്കൾക്ക് തുള്ളിക്കളിക്കാൻ നോഹയുടെ പേടകം പണിത് വെള്ളത്തിലിറക്കിയവൻ ഷെയ്ക്ക്!
  മഹാസാഗരത്തിന്റെ വിരിമാറിൽ തളർന്നുറങ്ങുന്ന ദ്വീപിലേക്ക് മണ്ണുമാന്തിയുടെ കൂർത്ത കൈകൾ താഴ്ത്തി സ്വന്തം പേര് കൊത്തിവെച്ച ധീരപോരാളി ഷെയ്ക്ക്!!".............ഒരു മമ്മൂട്ടി ഷെയ്ക്ക് തന്നെ അല്ലെ?
  ക്യാർസർ രോഗത്തിന്.." ഈ കുഞ്ഞ് അക്ഷര തെറ്റ് മാത്രമെ കണ്ടുള്ളു.
  ഒട്ടും മുഷിപ്പിക്കാത്ത ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു ഈ വിവരണം...

  മറുപടിഇല്ലാതാക്കൂ
 47. എത്ര സുന്ദരമായാണ് ഭായ് സഞ്ചാര വിവരണങ്ങൾ
  നടത്തിയിരിക്കുന്നത്. ഈ മഴവിൽ ഷേക്കിന്റെ ചരിതം
  ആദ്യമായി അറിയുകയാണ്

  മറുപടിഇല്ലാതാക്കൂ