2013, മേയ് 4, ശനിയാഴ്‌ച

വ്യാധികളുടെ വ്യാഖ്യാതാവ്


(സപ്തംബർ ലക്കം വാചികത്തിൽ പ്രസിദ്ധീകരിച്ചത്)

പുലിസ്റ്റർ സമ്മാനം ലഭിച്ച, ഒന്നരക്കോടി പുസ്തകങ്ങൾ വിറ്റു തീർന്ന, ഒരുപാട് ചർച്ചചെയ്യപ്പെട്ട ഒരു പുസ്തകമെന്ന നിലയിലാണ് ജുംപാ ലാഹിരിയുടെ Interpreter of Maladies ന്റെ ഇംഗ്ലീഷ് പതിപ്പ് രണ്ട് വർഷം മുമ്പ് വായിക്കുന്നത്. ഡീ.സീ.ബുക്സ്, അടുത്തിടെ ഇതിന്റെ മലയാളവിവർത്തനം പുറത്തിറക്കിയപ്പോൾ ഒരു കൗതുകത്തിനാണ് വാങ്ങി വായന തുടങ്ങിയത്. എഴുത്തുകാരിയുടെ ഭാവനയിൽ നിന്നും വിവർത്തക എത്രത്തോളം അനുഭവിച്ചറിഞ്ഞു എന്ന് പരിശോധിക്കലായിരുന്നു ഒരുദ്ദേശം. പദാനുപദ വിവർത്തനം നടത്തിയ സുനിത, കഥകളെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ആദ്യ കഥയിൽ നിന്നും അവസാന കഥയിലേക്കെത്തുമ്പോഴേക്കും വായനക്കാരന് ലഭിക്കുന്ന അനുഭവം അതാണ്.

ജുംപാ ലാഹിരിയുടെ ഒമ്പത് കഥകളുടെ സമാഹാരമാണ് വ്യാധികളുടെ വ്യാഖ്യാതാവ് എന്ന പേരിൽ സുനിത.ബി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. കൽക്കത്തക്കാരായ മാതാപിതാക്കളിൽ അമേരിക്കയിൽ ജനിച്ചു വളർന്ന ജുംപാ ലാഹിരി, തന്റെ കഥകൾക്ക് അമേരിക്കയും കൽക്കത്തയും പശ്ചാത്തലമാക്കിയതും പ്രവാസ ഇന്ത്യക്കാരുടെ ജീവിതം വിഷയമാക്കിയതും തികച്ചും സ്വാഭാവികം മാത്രം.

തികച്ചും താത്ക്കാലികം, മിസ്റ്റർ പിർസാദ അത്താഴത്തിന് വന്നപ്പോൾ, വ്യാധികളുടെ വ്യാഖ്യാതാവ്, ഒരു യഥാർത്ഥ ദർവൻ, സെക്സി, മിസ്സിസ് സെന്നിന്റെ വീട്, ഈ അനുഗ്രഹീത ഭവനം, ബീബീ ഹൽദാറുടെ ചികിത്സ, മൂന്നാമത്തേതും അവസാനത്തേതുമായ ഭൂഖണ്ഡം എന്നിങ്ങനെ ഒമ്പത് കഥകൾ.

എങ്ങോട്ട് തിരിഞ്ഞാലും അവിടെ ഒരു കഥകണ്ടെത്തുകയാണ് എഴുത്തുകാരി! വീണുകിടക്കുന്ന ഒരു കരിയിലയിൽപ്പോലും സൗന്ദര്യം കണ്ടെത്തുന്ന ആ ഭാവന പുസ്തകത്തിലുടനീളം കാണാം. ഒരു ജനാലവിരി മാറ്റിയിട്ടാൽ നാം കാണുന്ന ചെറിയ ആ ലോകത്തു നിന്നും, വായിച്ചുകൊണ്ടിരുന്ന വർത്തമാനപത്രം ഒന്ന് താഴ്ത്തിപ്പിടിച്ചാൽ കാണുന്ന ആ കാഴ്ചയിൽ നിന്നും, എന്തിന് മുറിക്കുള്ളിലെ ടെലിവിഷനു മുന്നിൽ ചടഞ്ഞിരിക്കുമ്പോൾ ചുറ്റും നടക്കുന്ന സംഭാഷണങ്ങളിൽ നിന്നു പോലും കഥകളുരുത്തിരിയുന്നു എന്ന കൗതുകകരമായ സത്യം തുറന്നുപറയുകയാണ് ഈ പുസ്തകം. ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെടേണ്ടതോ ഗവേഷണം നടത്തിയോ അലഞ്ഞുതിരിഞ്ഞോ കണ്ടെടുക്കേണ്ടതോ ആയ ഒന്നല്ല കഥകൾ. നമ്മുടെ ചുറ്റിലും അനുനിമിഷം നടക്കുന്നതെന്തും കഥയാണ്, അത് പറയാൻ കഥാകൃത്ത് തെരെഞ്ഞെടുക്കുന്ന ഫ്രെയിം അതിനെ നല്ലതും അല്ലാത്തതുമെന്ന് വേർതിരിക്കുന്നു. അത്തരം ഫ്രെയിമുകൾ കൈത്തഴക്കത്തോടെ മൂലചേർത്തൊരുക്കുന്നതിൽ ജുംപാ ലാഹിരി വിജയിച്ചുവെന്നതാണ് ഈ പുസ്തകത്തെ വായനാലോകത്ത് ഇത്രയധികം സ്വീകാര്യമാക്കിത്തീർത്തത്.

ഒരു തിരക്കഥപോലെ, പശ്ചാത്തലവിവരണം ആവശ്യത്തിലധികമെന്ന് തോന്നുന്ന രൂപത്തിലാണ് വിവരണം. ഓരോ കാര്യങ്ങളുമതിന്റെ സൂക്ഷ്മസ്ഥായിയിലേക്കിറങ്ങിച്ചെന്ന് പറയാൻ കഥാകാരി കാണിച്ച ഔത്സുക്യം ആഴത്തിലുള്ള വായനയില്ലാതെ തന്നെ വെളിപ്പെടും. ചിലയിടങ്ങളിൽ ഈ നീട്ടിപ്പറച്ചിൽ അഭംഗിയായിത്തോന്നുമെങ്കിലും വ്യാധികളുടെ വ്യാഖ്യാതാവിലെ കഥകളെ വത്യസ്തമാക്കുന്നത് സാഹിത്യഭാഷയിലല്ലാതെ കുഴച്ചെടുത്ത കഥാപാത്രങ്ങളുടെ, ഓരോ നിശ്വാസങ്ങളും രേഖപ്പെടുത്തുന്ന ശൈലി തന്നെയാണ്.

ബന്ധങ്ങളുടെയും ആശയവിനിമയങ്ങളുടെയും കഥ പറയുന്ന ഈ പുസ്തകത്തിൽ ഇന്ത്യാവിഭജനവും, കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ രാജ്യത്തു നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും നടന്ന തൊഴിൽതേടിയുള്ള കുടിയേറ്റത്തിന്റെയും അടയാളങ്ങൾ അങ്ങിങ്ങായി വീണു കിടക്കുന്നത് കാണാം.

വ്യാധികളുടെ വ്യാഖ്യാതാവ് എന്ന ഒരു കഥയൊഴികെ എല്ലാം വീടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ അല്ലെങ്കിൽ വാസസ്ഥലത്തെ ചുറ്റിപ്പറ്റിയവ . മഞ്ഞുകാലത്ത് ഇല പൊഴിക്കുന്ന അനേകം മരങ്ങൾ നിരന്നു നിൽക്കുന്ന, ആളൊഴിഞ്ഞ പാതവക്കത്തെ ഒച്ചയും ബഹളവുമില്ലാത്ത, മതിൽക്കെട്ടിനകത്ത് നിശ്ശബ്ദം നടക്കുന്ന കഥകളാണ് അമേരിക്കൻ പശ്ചാലത്തിലുള്ളവ. പേരിൽ തന്നെ വീടുള്ള  രണ്ട് കഥകൾ-മിസ്സിസ് സെന്നിന്റെ വീട്, ഈ അനുഗ്രഹീത ഭവനം.

മൂന്ന് കഥകളിൽ കുട്ടികളാണ് പ്രധാനകഥാപാത്രങ്ങൾ. രോഹിൻ എന്ന സ്കൂൾകുട്ടിയിലൂടെ വിവാഹേതര ബന്ധങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന കഥയാണ് സെക്സി. പ്രവാസ ഇന്ത്യക്കാരിലെ സംസ്കാരപരിണാമത്തെയും അവരിലെ സാമൂഹികമാറ്റങ്ങളെയും ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന ഈ കഥ, പക്ഷേ പുസ്തകത്തിലെ മറ്റ് കഥകളെ അപേക്ഷിച്ച് വായനാസുഖം തരുന്നതിൽ വിജയിച്ചിട്ടില്ല.
 വ്യാധികളുടെ വ്യാഖ്യാതാവ് എന്ന കഥയിലും പ്രവാസ ഇന്ത്യക്കാരില് കാണപ്പെടുന്ന സാംസ്കാരികാധിനിവേശമാണ് മുഖ്യപ്രമേയം.

താൻ വർഷങ്ങൾക്ക് മുമ്പ് ഒരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ കണ്ടത് അതിശയങ്ങളും കൗതുകങ്ങളും ഒട്ടും ചോർന്നുപോവാതെ പറയുകയാണ് മിസ്റ്റർ പിർസാദ അത്താഴത്തിന് വന്നപ്പോൾ എന്ന കഥയിലൂടെ. ഇന്ത്യാവിഭജനത്തെയും ബംഗ്ലാദേശ് രൂപീകരണത്തെയും മൈലുകൾക്കപ്പുറത്ത് അമേരിക്കയിലിരുന്ന് വീക്ഷിക്കുന്ന ഒരിന്ത്യൻ കുടുംബത്തിലെ സ്ഥിരം വിരുന്നുകാരനായ മിസ്റ്റർ പിർസാദ എന്ന ഗവേഷകനിലൂടെ വികസിക്കുന്ന കഥയിൽ ലിലിയ എന്ന കൊച്ചു പെൺകുട്ടിയാണ് കഥ പറയുന്നത്. രാഷ്ട്രീയമായ അതിർവരമ്പുകളിൽ പകച്ചു നിൽക്കുന്ന നിഷ്കളങ്കബാല്യങ്ങളെ ലിലിയ മനോഹരമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. യുദ്ധക്കെടുതികൾ നേരിട്ട് അനുഭവിക്കുന്നവരും അത് വാർത്ത മാത്രമായി അറിയുന്നവരും തമ്മിലുള്ള അന്തരം കഥയിൽ സമർത്ഥമായി ഒളിപ്പിച്ചുവെക്കാൻ ജുംപാ ലാഹിരി ശ്രമിച്ചിട്ടുണ്ട്. അന്യനാട്ടിലെ സംസ്കാരങ്ങളിലേക്ക് ഇഴുകിച്ചേരുന്നതിൽ പരാജയപ്പെടുന്ന പ്രവാസികളെയാണ് മിസ്സിസ് സെന്നിന്റെ വീട് എന്ന കഥയിലെ ഏലിയറ്റ് എന്ന പാശ്ചാത്യനായ ബാലൻ നമുക്ക് കാണിച്ച് തരുന്നത്.

തികച്ചും താത്ക്കാലികം, വിരിഞ്ഞുവരുന്നതിനു മുമ്പേ കരിഞ്ഞുതുടങ്ങിയ ഒരു വിവാഹബന്ധത്തിന്റെ കഥയാണ്. കൽക്കത്തയിൽ നിന്നും അമേരിക്കയിലേക്ക് ജോലി ആവശ്യാർത്ഥം കുടിയേറിയ യുവദമ്പതികളുടെ ബന്ധത്തിലെ അവസാനദിവസങ്ങളെ ഒരു മെഴുകുതിരിവെട്ടത്തിൽ അവതരിപ്പിക്കുന്ന ആ വശ്യത ഇംഗ്ലീഷിലുള്ള മൂലകൃതിയേക്കാൾ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു വിവർത്തക. പദാനുപദ വിവർത്തനം ചിലയിടങ്ങളിൽ അലോസരമുണ്ടുക്കുന്നുണെങ്കിലും വാക്കുകളിലെ മനോഹാരിത മലയാളത്തിലേക്കുള്ള സഞ്ചാരവീഥിയിൽ ഒന്നുകൂടി പതംവന്നപോലെ. തുടക്കം വിരസത സമ്മാനിക്കുന്ന കഥ പക്ഷേ, ഒരു ആശയത്തെ എങ്ങിനെ നല്ലൊരു കഥയാക്കി മാറ്റാമെന്ന പാഠം തരുന്നുണ്ട്.

സാഹിതീകരണത്തിന്റെ കടുപ്പമേറിയ ഇടുക്കുകളിലൂടെ നൂണ്ടിറങ്ങാതെ , സാധാരണക്കാരുടെ ഭാഷയിൽ നേർക്കുനേർ കഥ പറഞ്ഞ ജുംപാലാഹിരി തുടക്കക്കാരിയെന്ന നിലയിൽ തന്റെ ആദ്യനോവലിൽ കാണിച്ച ധീരത കഥാകൃത്തുക്കൾക്ക്, വിശേഷിച്ചും വളർന്നു വരുന്നവർക്ക് മാതൃകയാണ്.

സാഹിത്യലോകത്ത് ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട ഈ പുസ്തകത്തെക്കുറിച്ച്, വിവർത്തകയുടെ ഒരു കുറിപ്പ് ഈ പുസ്തകത്തിൽ പ്രതീക്ഷിച്ചിരുന്നു. അങ്ങിനെയൊന്ന് ചേർത്തിരുന്നെങ്കിൽ, അതോടൊപ്പം മൂലകൃതിയെക്കുറിച്ച് വിവർത്തകയുടെ ഹൃസ്വമായ ഒരു പരിചയപ്പെടുത്തൽ, അതെല്ലാം ഈ കഥാപുസ്തകത്തെ കൂടുതല്ല് മനോഹരമാക്കിയേനെ.

എല്ലാ കഥകളും ലോകോത്തരമാണെന്ന അഭിപ്രായമൊന്നുമില്ല. പുലിസ്റ്റർ പുരസ്കാരമൊക്കെ കൊണ്ടുവരാൻ പാകത്തിൽ കുറച്ച് കൃതികളെങ്കിലും മലയാളത്തിലും എന്നുമുണ്ട് എന്ന യാഥാർത്ഥ്യം ഈ പുസ്തകത്തിന്റെ പുരസ്കാരലബ്ധി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിവർത്തനം: സുനീത.ബീ
പ്രസാധനം: ഡീ. സീ. ബുക്ക്സ്
വില: 110 രൂപ46 അഭിപ്രായങ്ങൾ:

 1. പുലിസ്റ്റർ സമ്മാനം ലഭിച്ച, ഒന്നരക്കോടി പുസ്തകങ്ങൾ വിറ്റു തീർന്ന, ഒരുപാട് ചർച്ചചെയ്യപ്പെട്ട ഒരു പുസ്തകമെന്ന നിലയിലാണ് ജുംപാ ലാഹിരിയുടെ Interpreter of Maladies ന്റെ ഇംഗ്ലീഷ് പതിപ്പ് രണ്ട് വർഷം മുമ്പ് വായിക്കുന്നത്. ഡീ.സീ.ബുക്സ്, അടുത്തിടെ ഇതിന്റെ മലയാളവിവർത്തനം പുറത്തിറക്കിയപ്പോൾ ഒരു കൗതുകത്തിനാണ് വാങ്ങി വായന തുടങ്ങിയത്. എഴുത്തുകാരിയുടെ ഭാവനയിൽ നിന്നും വിവർത്തക എത്രത്തോളം അനുഭവിച്ചറിഞ്ഞു എന്ന് പരിശോധിക്കലായിരുന്നു ഒരുദ്ദേശം.

  മറുപടിഇല്ലാതാക്കൂ
 2. എല്ലാ കഥകളും ലോകോത്തരമാണെന്ന അഭിപ്രായമൊന്നുമില്ല. പുലിസ്റ്റർ പുരസ്കാരമൊക്കെ കൊണ്ടുവരാൻ പാകത്തിൽ കുറച്ച് കൃതികളെങ്കിലും മലയാളത്തിലും എന്നുമുണ്ട് എന്ന യാഥാർത്ഥ്യം ഈ പുസ്തകത്തിന്റെ പുരസ്കാരലബ്ധി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

  ഇതാണ് ഇതിലെ മെയിൻ പോയിന്റ്‌ അല്ലേ അൻവർ ?

  പരിചയപ്പെടുത്തൽ മാത്രമേ ഇപ്പോൾ വായിക്കാറുള്ളൂ .

  എഴുത്തുകാരെ , കൃതിയെ ഒക്കെ പരിചയപ്പെടുക എന്ന കാര്യമെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം പരിചയപ്പെടുത്തൽ സഹായിക്കുന്നുണ്ട് . വായന ഒരുപാട് അകലെയാണ് . ഞാനും ഒരു പരിചയപ്പെടുത്തൽ ഒപ്പിക്കുന്നുണ്ട് .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയെ അരിക്കാക്കി ഫേസ്ബുക്കിൽ ഓടി നടക്കുന്നു, ല്ലേ? വായന അരികത്തു തന്നെയുണ്ട്, ഇന്നലെ കേറി വന്ന പുത്തനച്ചി നമ്മെ അന്ധരാക്കി. അതാണ് കാര്യം!

   ഇല്ലാതാക്കൂ
 3. ഈ ഒരു എഴുത്തിന്നും പരിച്ചയപ്പെടുത്തലിനും നന്ദി
  ഇത് വായിച്ചിട്ടില്ല, വായിക്കാൻ തോന്നുന്ന റിവ്യു, നല്ല എഴുത്ത്
  ആശംസകൾ പ്രിയാ.....................

  മറുപടിഇല്ലാതാക്കൂ
 4. പരാമര്‍ശിക്കപ്പെട്ട ഒന്നു രണ്ട് കഥകള്‍ വായിച്ചിട്ടുണ്ട്. ബുക്ക് വായിക്കാന്‍ പ്രേരിപ്പിക്കുന്ന കുറിപ്പായി ഇത് തീര്‍ച്ചയായും....അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 5. ഞാന്‍ ഈ പുസ്തകത്തെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ഇപ്പോള്‍ ആണ്
  പരിജയപെടുത്തലിനു നന്ദി മൊളകേ ,,,

  മറുപടിഇല്ലാതാക്കൂ
 6. പുസ്തകത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വായിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ വായിക്കണമെന്ന ഒരു തോന്നല്‍ ഉളവായി. നന്ദി.

  മറുപടിഇല്ലാതാക്കൂ
 7. വായന മിക്കവാറും നിന്നകൂട്ടത്തിലായി, അപ്പോഴേക്കും വന്നു കൊതിപ്പിക്കുവാ ല്ലേ.?
  ആശംസകള്‍ നേരുന്നു കൂട്ടുകാരാ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒന്നല്ല ഈ പുസ്തകം, വായന പുനരാരംഭിക്കാൻ പറ്റുയ ഒന്നുമല്ല. ഒഴുക്കുള്ള ശീലത്തിനിടെ ഒരു ഫ്ലേവർ ചെയ്ഞ്ച് എന്ന നിലക്ക് വായിച്ചു പോകാം.

   ഇല്ലാതാക്കൂ
 8. പ്രിയപ്പെട്ട ചീരാമുളക്... നാടുവിട്ടപ്പോൾ മുതൽ വായന നിന്നതുപോലെയായതാണ്.. കൂടാതെ പുതിയ ബുക്കുകളേക്കുറിച്ചുള്ള വിവരങ്ങൾ , ഡൽഹിയിൽ കിട്ടുവാനുള്ള ബുദ്ധിമുട്ടും... എങ്കിലും അടുത്ത കാലത്തായി ബൂലോകത്തുനിന്നും ലഭ്യമാകുന്ന പുതിയ പരിചയപ്പെടുത്തലുകൾ വായനയ്ക്ക് പ്രോത്സാഹനമേകുന്നുണ്ട്.... അതിന് ഏറെ നന്ദി.... ഈ പരിചയപ്പെടുത്തലും ഏറെ നന്നായിരിയ്ക്കുന്നു.... ഇത്രയും നല്ലതെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ ബുക്കെങ്കിലും ഇത്തവണ വായിയ്ക്കുവാൻ സാധിയ്ക്കുമെന്ന് കരുതുന്നു... ആശംസകൾ... സ്നേഹപൂർവ്വം...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രവാസം രണ്ടു തരത്തിലും വായനയെ ബാധിക്കാം, പ്രവാസത്തിലെ ഒറ്റപ്പെടുത്തൽ വായനാ ലോകത്തേക്ക് നമ്മെ എത്തിച്ചേക്കാനും കാരണമാവും. പക്ഷേ പുസ്തക ലഭ്യതയാണ് പ്രശ്നം. കോഴിക്കോറ്റ് ഭാഗത്തു നിന്നും ഇടക്കിടെ ദുബായിലേക്ക് വരുന്നവരും പറഞ്ഞ പുസ്തകം അതുപ്പൊലെ വാങ്ങി അയക്കുന്ന പ്രിയപിതാവും എന്റെ വായനയെ നല്ലോണം പരിപോഷിപ്പിക്കുന്നുണ്ട്.

   ഇല്ലാതാക്കൂ
 9. പ്രിയപ്പെട്ട അൻവർ ,

  ഒത്തിരി തവണ കേട്ട് പരിചയിച്ച ഈ എഴുത്തുകാരിയെയും ,ഈ പുസ്തകത്തെയും കുറിച്ച് പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം .

  വായിക്കുകയും വായിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് നന്മ നിറഞ്ഞ പ്രവൃത്തികളാണ് .

  ഹാർദമായ അഭിനന്ദനങ്ങൾ !

  സസ്നേഹം,

  അനു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിലരെങ്കിലും ഇവരെ കേട്ടിട്ടില്ല എന്നറിഞ്ഞപ്പോൽ അത്ഭുതം തോന്നിയിരുന്നു. പക്ഷേ പല പ്രമുഖരേയും ഞാനിതുവരേ കേട്ടിട്ടില്ലല്ലോ എന്നോർത്തപ്പോൾ.....

   ഇല്ലാതാക്കൂ
 10. Interpreter of Maladies വായിച്ചിട്ടില്ല - മലയാള വിവര്‍ത്തനം വായിക്കാന്‍ പ്രേരിപ്പിക്കുന്നു ഈ ലേഖനം.....

  മറുപടിഇല്ലാതാക്കൂ
 11. യ്യോ...ഇങ്ങനെയൊക്കെ എഴുത്തുകാരുണ്ടോ

  ആദ്യമായി കേള്‍ക്കുകയാണ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിലരെങ്കിലും ഇവരെ കേട്ടിട്ടില്ല എന്നറിഞ്ഞപ്പോൽ അത്ഭുതം തോന്നിയിരുന്നു. പക്ഷേ പല പ്രമുഖരേയും ഞാനിതുവരേ കേട്ടിട്ടില്ലല്ലോ എന്നോർത്തപ്പോൾ.....

   ഇല്ലാതാക്കൂ
 12. ജുംപാ ലാഹിരി നമ്മുടെ ജോയ്സിയോടു ഒക്കെ മത്സരിച്ചാല്‍ പോലും എപ്പോള്‍ തോറ്റമ്പി എന്ന് ചോദിച്ചാല്‍ മതി .ഇംഗ്ലീഷ് സാഹിത്യത്തിനു കൂടുതല്‍ റീച്ച് ഉള്ളത് കൊണ്ടാണ് ഇവരൊക്കെ ആഘോഷിക്കപ്പെടുന്നത് .മലയാളവിവര്‍ത്തനം വായിച്ചിട്ടില്ല ..വായിക്കാന്‍ ശ്രമിക്കാം .(ലൈബ്രറിയില്‍ മിക്കവാറും ജുംപാ ലാഹിരിയുടെ പേര് കാണുമ്പോഴേ ഒഴിവാക്കുമായിരുന്നു ..)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജോയ്സിയെ പണ്ടൊക്കെ വായിച്ചിട്ടുണ്ട്. പക്ഷേ കഥകളെ അതിന്റെ സൂക്ഷ്മസ്ഥായിയിലേക്കിറങ്ങിച്ചെന്ന് ഇഴപിരിച്ചെടുത്ത് നമുക്ക് മുന്നിൽ വിരിച്ചിടുന്ന മിസ് ലാഹിരിയുടെ അസാധാരണമായ ശൈലി ഒരുപക്ഷേ നമുക്കന്യമായിരിക്കാം. അതാണിവരെ വ്യത്യസ്തയാക്കുന്നത്.

   ഇല്ലാതാക്കൂ
 13. എനിക്കിതൊരു പുതിയ അറിവാണ്
  ഈ പുസ്തകം പരിജയപ്പെടുത്തിയത് നന്നായി,കഴിയുമെങ്കിൽ ഈ പുസ്തകം വായിക്കാൻ ശ്രമിക്കാം

  മറുപടിഇല്ലാതാക്കൂ
 14. ജുംബാ ലാഹിരി -കേട്ട ഓര്‍മ്മയില്ല.ഏതായാലും അവരെയും അവര്‍ മൊഴിമാറ്റം ചെയ്ത പുസ്തകത്തെയും ഭംഗിയോടെ പരിചയപ്പെടുത്തിയ അന്‍വര്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 15. അവരുടെ പുസ്തകം മൊഴിമാറ്റം ചെയ്ത അന്‍വര്‍ ...എന്ന് തിരുത്തുക.

  മറുപടിഇല്ലാതാക്കൂ
 16. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 17. പുസ്തക പരിചയം വളരെ നന്നായി
  വാങ്ങി വായിക്കും എന്ന് വെറുതെ ഞാനും പറയുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Well said!
   അങ്ങിനെയൊരു പട്ടിക തന്നെയുണ്ടെനിക്ക്.

   ഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

   ഇല്ലാതാക്കൂ
 18. ഓരോ പരിചയപ്പെടുത്തലും പുസ്തകങ്ങളിലേക്കുള്ള ചൂണ്ടു പലകയാണ്. പലപ്പോഴും അവ സ്വന്തമാക്കാനോ വായിക്കാനോ കഴിയാറില്ല. വായന വളരെ പരിമിതപ്പെടുന്നു എന്നത് തന്നെ കാരണം.

  ഒരു പുസ്തകം വായിച്ചു ഒരു ചെറിയ പോസ്റ്റിൽ തന്റെ വായന പറയുക എന്നത് ഒരു ചെറിയ കാര്യമല്ല. ഷഫീഖിന്റെ ഈ നല്ല ശ്രമത്തിനു അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 19. പുസ്തകം വായിക്കണം.
  പലരും പറഞ്ഞതുപോലെ നമ്മുടെ പല എഴുത്തുകാരും ഭാഷയുടെ പരിമിതി മൂലം ഇട്ടാ വട്ടത്ത്‌ ഒതുങ്ങിപ്പോകുന്നു. ശ്രേഷ്ഠ കൃതികള്‍ വിവര്‍ത്തനം ചെയ്യാന്‍ അതിന്റെ പ്രസാധകര്‍ തന്നെ മുന്‍കൈ എടുത്തിരുന്നെങ്കില്‍ "പുലിസ്ടരും ബുക്കറും" നമ്മുടെകേരളത്തിലും എപ്പോഴേ എത്തിയേനെ!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിവർത്തനസാഹിത്യം നമുക്ക് തന്നിരിക്കുന്നത് ഒരു സ്വീകർത്താവിന്റെ കുപ്പായം മാത്രമാണ്. നമ്മുടെ മലയാളാ ക്ലാസിക്കുകൾ വളരെക്കുറച്ചേ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ, അതിൽ തന്നെ മൂല ആശയത്തോടും ശൈലിയോടും നീതി പുലർത്തിയവ തുലോം വിരളവും.

   ഇല്ലാതാക്കൂ
 20. നോക്കട്ടെ ഒരു കോപ്പി വാങ്ങി വായിക്കാൻ ശ്രമിക്കാം പരിചയപ്പെടുത്തലിനു നന്ദി .. ചീരാമുളക് :)

  മറുപടിഇല്ലാതാക്കൂ
 21. വായന മുരടിച്ചു കിടക്കുവാണ് . ഇ- റീഡിംഗ് മാത്രമേ പെരിനെങ്കിലുമുള്ളൂ . pdf കിട്ടുമോ എന്ന് നോക്കട്ടെ .

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒന്ന് തെരെക്കി നോക്കൂ, ഇംഗ്ലീഷ് പതിപ്പിന്റെ പീ ഡീ എഫ് എവിടെയോ ലഭ്യമാണ്. തികച്ചും സൗജന്യമായി!!

   ഇല്ലാതാക്കൂ
 22. വിജ്ഞാനപ്രദമായ ലേഖനം.ആശംസകള്‍ .തുടരുക.

  മറുപടിഇല്ലാതാക്കൂ
 23. പുസ്തകവായനയ്ക്ക് വേണ്ടി സമയം മാറ്റി വയ്ക്കാനിഷ്ടപ്പേടാത്ത ആളായ എന്നെ കൂടി അതിന്റെ വായനയ്ക്ക് പ്രേരിപ്പിക്കുന്നു ഇത്.
  ആശംസകൾ ഷഫീഖിക്കാ.......
  നല്ലൊരു പരിചയപ്പെടുത്തലിന്.

  മറുപടിഇല്ലാതാക്കൂ
 24. പരിചയപ്പെടുത്തലിനു നന്ദി അൻവർ ..


  എന്ന് വായിക്കാൻ ആവുമോ, അന്ന് ഒരു

  പരിചയം നല്ലത് തന്നെ.

  മറുപടിഇല്ലാതാക്കൂ
 25. Interpreter of Maladies -ലെ കഥകൾ ഇപ്പോഴത്തെ
  നാനാ ഭാഷാ തർജ്ജമകളും, ടാബെലെറ്റ് വേർഷനുകളടക്കം മൂന്ന്
  കോടിയോളം പേർ വായിച്ച് എന്നാണ് പറയുന്നത്...

  അന്നത് വായിച്ചിട്ട് എനിക്കതിലെ കഥകളൊന്നും അത്ര മികവുള്ളതായൊന്നും
  തോന്നിയില്ല ,അതിലും നല്ല പല കഥകളും ഇവിടെയൊക്കെ വായിക്കുന്നത് കൊണ്ടാകാം
  ചിലപ്പോളത് കേട്ടൊ അൻവർ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യവായന മൂലകൃതിയായിരുന്നു, എനിക്കും അത്ഭുതമാണ് തോന്നിയത്, ഇത്ര വലുതാക്കാൻ മാത്രമെന്തുണ്ട്! വിവർത്തനം വായിച്ചപ്പോൾ ആസ്വാദനം പൂർണ്ണമായി.

   ഇല്ലാതാക്കൂ
 26. വായനയെ തിരിച്ചുപിടിക്കാൻ കഴിയാത്തതിലുള്ള വിഷമം ഇവിടെ പലരും പങ്കുവെച്ചു കണ്ടു. ബ്ലോഗർമാർ എഴുത്തുകാരാണ്, വായിക്കപ്പെടണമെന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ വായിക്കാൻ മടിയുള്ളവരും. ഒരു ഹൈപ്പേഷ്യൻ ഗണിതസിദ്ധാന്തത്തിന് വകുപ്പുണ്ട്!
  വായന ബൗദ്ധികമായ അഭ്യാസമാണ്, ശരീരത്തിന് വ്യായാമമെന്നപോലെ, ബുദ്ധിക്ക്. വായന മരിച്ചാൽ അവിടെ തുടങ്ങുന്നു ഭാവനയുടെ മുരടിപ്പ്. കൂടുതൽ പറയേണ്ടതില്ലല്ലോ? കുഞ്ഞുണ്ണി മാഷ് നല്ലോണം ചൊല്ലിത്തന്നിട്ടുണ്ട്. "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും."

  മറുപടിഇല്ലാതാക്കൂ
 27. മികച്ച പരിചയപ്പെടുത്തൽ. ഈ പരിശ്രമതിന്‌ അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 28. പരിചയപ്പെടുത്തല്‍ നന്നായി. ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 29. പകര്‍ന്ന അറിവിന്‌ നന്ദി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത് വായിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്ന്‍ ഒരു ഓടിച്ചുള്ള വായനയെ ഉണ്ടായുള്ളു ,ഇനി തപ്പിപ്പിടിച്ച്‌ മനസ്സിരുത്തി വായിക്കണം ....ഈ കുറിപ്പ് കണ്ടില്ലായിരുന്നെന്കില്‍ വീണ്ടും ആ പുസ്തകത്തിലെയ്ക്ക് ഞാന്‍ തിരിച്ചു പോകാന്‍ ആഗ്രഹിക്കുകയില്ലായിരുന്നു .നന്ദി !

   ഇല്ലാതാക്കൂ
 30. അജ്ഞാതന്‍2013, മേയ് 24 1:10 PM

  നല്ല പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കണം.., ചീരാമുളകിന്റെ കയ്യിൽ വായിക്കേണ്ടതായുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഉണ്ടെന്നല്ലേ പറഞ്ഞത്, ഒരു പോസ്റ്റിടൂ..

  മറുപടിഇല്ലാതാക്കൂ
 31. നമ്മൾ ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഡോകിൽ നോക്കിയാൽ കാണാം.

  മറുപടിഇല്ലാതാക്കൂ