2013, മാർച്ച് 25, തിങ്കളാഴ്‌ച

പാരീസിലെ പറുദീസയിൽ, ഭാഗം-3




പാരീസിലെ പറുദീസയിൽ- ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക
 രണ്ടാം ഭാഗം വായിക്കാൻ ദാ ഇവിടെ 

തെളിഞ്ഞ ഒരു ദിവസം കൂടി മാത്രമാണിനി പാരീസിൽ ബാക്കിയുള്ളത്. കാണാൻ ബാക്കിയുള്ളവയുടെ ലിസ്റ്റാണെങ്കിൽ അനന്തവും! അതിരാവിലെ ചുടുവെള്ളത്തിലെ കുളിയും തിരക്കിട്ട ഫ്രഞ്ച് പ്രാതലും കഴിഞ്ഞ് ഹോട്ടലിനോട് യാത്ര പറഞ്ഞിറങ്ങി. തണുത്തുറങ്ങുന്ന നിരത്തിലൂടെ കൈകൂട്ടിപ്പിടിച്ച് ധൃതിയിൽ നടക്കുന്ന ഫ്രഞ്ചുകാർക്കൊപ്പം നടന്ന് ഞങ്ങളും തിക്കിത്തിരക്കി മെട്രോയിൽ കേറിപ്പറ്റി. അതിപ്രശസ്തമായ ലൂവ്ര് (ലുവർ - Louvre) മ്യൂസിയം കാണാനായി പുറപ്പെട്ടു. ലൂവ്രിന്റെ പ്രശസ്തി ഡാവിഞ്ചിയുടെ മോണോലിസയോളം വരില്ലെങ്കിലും മോണോലിസയാണ് ഈ മ്യൂസിയത്തെ ഇത്ര പ്രസിദ്ധമാക്കിയത്. റിവോളി (Rivoli) മെട്രോ സ്റ്റേഷനിലറങ്ങി, ലൂവ്ര് എന്നെഴുതി വെച്ച ചൂണ്ടുപലകകൾ വഴികാട്ടിയായി. പുരാതനമായ ലൂവ്ര് കൊട്ടാരത്തിലാണ് അതേ പേരിലുള്ള മ്യൂസിയം.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫിലിപ് രാജാവ് (King Philip) പണിത ഒരു കോട്ടയായിട്ടാണ് ലുവറിന്റെ ചരിത്രം ആരംഭിക്കുന്നത്. തുടർന്ന് വന്ന ഓരോ രാജാക്കന്മാരും ലുവറിനെ തങ്ങളുടെ ഇഷ്ടപ്രകാരം പരിഷ്കരിക്കുകയും മോടി കൂട്ടുകയും ചെയ്തു. പതിനാലാം നൂറ്റാണ്ട് മുതൽ ലൂയി പതിനാലാമൻ ലുവറിനെ വിട്ട് പോകുന്നതുവരേ ലോകകോളനി വാഴ്ചയുടെയും ഫ്രഞ്ച് അധീശത്വത്തിന്റെയും അടയാളമായി ലുവർ കൊട്ടാരം നെഞ്ച് വിരിച്ച് നിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് ലൂവർ കൊട്ടാരത്തിൽ ആദ്യമായി അഞ്ഞൂറോളം പെയ്ന്റിങ്ങുകളോടെ മ്യൂസിയം ആരംഭിക്കുന്നത്. മ്യൂസിയത്തിനകത്തെ കലക്ഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ തുടർന്നുവന്ന ഓരോ ഭരണാധികാരികളും അതീവ ശ്രദ്ധ പുലർത്തിപ്പോന്നു. ഇന്ന് ലോകത്ത് ഏറ്റവുമധികം ആൾക്കാർ സന്ദർശിച്ച് വരുന്ന മ്യൂസിയമാണ് ലൂവർ. ആദ്യകാല ലൂവർ കൊട്ടാരത്തിന്റെ തകർന്നുപോയ ചില ഭാഗങ്ങൾ മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്നപാടെത്തന്നെ നമുക്ക് കാണാം. വലിയ കോൺക്രീറ്റ് കട്ടകൾ പോലെ, പാതി മാഞ്ഞതും മുറിഞ്ഞതുമായ ചിത്രങ്ങളും കൊത്തുപണികളും.


മ്യൂസിയത്തിന്റെ പ്രവേശനകവാടത്തിലെത്തി. തീരെ തിരക്കില്ല എന്ന് മാത്രമല്ല, ഞങ്ങൾ രണ്ട് പേരല്ലാതെ ഒന്നോ രണ്ടോ അടിച്ചുതളിക്കാരും ഒരു കാവൽക്കാരനും മാത്രം! ചൊവ്വാദോഷം എന്നേ പറയേണ്ടൂ, മ്യൂസിയത്തിന് ആകെ അവധിയുള്ള ഏകദിവസം! നാല് ഭാഷയിൽ ഭംഗിയായി എഴുതി വെച്ചിരിക്കുന്നൂ, മക്കളേ തിരിച്ചു പോകൂ എന്ന്!

ഇളിഞ്ഞ ചിരിയോടെ മ്യൂസിയത്തിലെ പ്രശസ്തമായ "തൂങ്ങുന്ന പിരമിഡിന്റെ"യും മറ്റും ചിത്രങ്ങൾ പകർത്തി മെല്ലെ തിരിഞ്ഞു നടന്നു. പെട്ടെന്ന് മനസ്സിലൊരു സർജീ ഐഡിയ മിന്നിത്തെളിഞ്ഞു. സെക്യൂരിറ്റിയെ ലക്ഷ്യമിട്ട് നടന്നു.

ഹല്ലോ സർ! ബോൺജ്യൂർ!

ബോൺജൂർ... പിന്നെ ഞാൻ ഇംഗ്ലീഷിലും അയാൾ ഫ്രഞ്ചിലും കുറേ സംസാരിച്ചു. അങ്ങിനെ അവസാനം അയാൾ മുറിയൻ ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചതിങ്ങനെ " യാതൊരു കാരണവശാലും ഇന്ന് നിങ്ങൾക്ക് മ്യൂസിയം കാണാനൊക്കില്ല. ഇനി എനിക്ക് പരമാവധി ചെയ്തു തരാൻ കഴിയുന്നത് നിങ്ങളെ മൊണോലിസ മാത്രം കാണിച്ച് തിരിച്ച് വിടുക എന്നത് മാത്രം! പക്ഷേ നിബന്ധനകളുണ്ട്, ഫോട്ടോ എടുക്കാൻ പാടില്ല. മറ്റൊരു സെക്യൂരിറ്റി ഗാർഡ് വരുന്നത് വരേ കാത്ത് നിൽക്കണം. മോണോലിസയല്ലാതെ വേറെ ഒരു എക്സിബിറ്റും കാണാൻ നില്ക്കരുത്. പരമാവധി 2 മിനിട്ടിനകം തിരിച്ചിറങ്ങണം."

യാതൊരു ചർച്ചകളും കൂടാതെ ആ മഹാനുഭാവന്റെ മുഴുവൻ ഉപാധികളും അംഗീകരിച്ചുവെന്ന് പറഞ്ഞ് നാക്കെടുത്തപ്പോഴേക്കും മൂളിപ്പാട്ടും പാടി വേറൊരു സെക്യൂരിറ്റി ഗാർഡ് പ്രത്യക്ഷപ്പെട്ടു. അവരുടെ കുശലാന്വേഷണങ്ങൾക്ക് ശേഷം പ്രസ്തുത മഹാനുഭാവന്റെ പുറകേ ഞങ്ങൾ രണ്ട് ആട്ടിൻകുട്ടികൾ, കണ്ണാകുന്ന ക്യാമറയും തുറന്ന് പിടിച്ച് നേരെ നടന്നു. വളഞ്ഞ് തിരിഞ്ഞ് ഞങ്ങൾ ഒടുവിൽ നിറയേ അതിമനോഹരമായ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ഒന്നാം നിലയിലെ പ്രത്യേക ഗാലറിയിലെത്തി. അവധി ദിവസമായതിനാൽ ലൈറ്റുകൾ മിക്കവാറും കെടുത്തിയിട്ടിരിക്കുന്നു, മുറിയിൽ വെളിച്ചം നന്നേ കുറവ്. മുറിയുടെ അറ്റത്ത് ചുമരിൽ പ്രത്യേകം തയ്യാറാക്കിയ ഒരു ഭാഗത്ത് ബുള്ളറ്റ് പ്രൂഫ് ചില്ലുകൂട്ടിനുള്ളിൽ  ഇരുന്ന് ഗൂഡസ്മിതം തൂകുന്ന മൊണാലിസ! മരത്തിന്റെ ഒരു ചുറ്റുവേലികൊണ്ട് മൊണാ ലിസയുടെ അടുത്തേക്ക് പോയി നോക്കാനുള്ള കൊതി തടഞ്ഞു വെച്ചിരിക്കുന്നു. കണ്ടു കഴിഞ്ഞപ്പോൾ "ഇത്രേയൊള്ളോ" എന്നൊരു ഭാവം എന്റെ മുഖത്തും പ്രേയസ്സിയുടെ വയനാടൻ മുഖത്തും. ലോകത്ത് ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന, അറിയപ്പെടുന്ന, എഴുതപ്പെട്ട, പാടപ്പെട്ട ഛായാചിത്രമായ വിഖ്യാതമായ മോണാലിസയാണ് തൊട്ടുമുന്നിലെന്ന അത്ഭുതഭാവം ഞാൻ മുഖത്ത് പണിപ്പെട്ട് വരുത്തി. ജാക്കറ്റിന്റെ കീശയിൽ ക്യാമറ തുള്ളിക്കളിക്കുന്നു. എന്റെ നോട്ടം മനസ്സിലായെന്നവണ്ണം സെക്യൂരിറ്റി ഗാർഡ് പുഞ്ചിരിപൊഴിച്ച് കൊണ്ട് പറഞ്ഞു, " നോ ഫോട്ടോസ്"! സാധാരണ ദിവസങ്ങളിൽ സന്ദർശകരുടെ ക്യാമറകൾക്ക് വിശ്രമമില്ലാത്ത ആ മുറിയിൽ എന്റെ ക്യാമറ പൂർണ്ണ വിശ്രമത്തിലായി.

"ലെറ്റ്സ് റിട്ടേൺ"

കൺപുരികങ്ങളില്ലാത്ത, അഞ്ഞൂറിലധികം വർഷം പഴക്കമുള്ള, മരത്തിൽ വരച്ചുവെച്ച ഈ ചിത്രത്തിന് എന്തോ വശ്യശക്തിയുണ്ടെന്ന് മനസ്സിലായത് വാക്കി ടോക്കിയുടെ ആന്റിനകൊണ്ട് അയാൾ എന്നെ തൊട്ടു വിളിച്ചപ്പോൾ മാത്രമാണ്.

വെറുമൊരു നന്ദി വാക്ക് മാത്രം സ്വീകരിച്ച് അയാൾ ഞങ്ങൾക്ക് യാത്രാ മംഗളം നേർന്നു. ലൂവർ കൊട്ടാരത്തിന്റെ അങ്കണത്തിലൂടെ നൂറ്റാണ്ടുകളെ അതിജീവിച്ച കലാവിരുതിൽ അതിശയപ്പെട്ട് ഞങ്ങൾ കൈകോർത്ത് പിടിച്ച് പതിയേ നടന്നു. U ആകൃതിയിൽ മൂന്ന് നിലകളും പതിനാറോളം പ്രവേശനകവാടങ്ങളുമായി 40 ഹെക്ടറിൽ പരന്നു കിടക്കുന്ന ഈ കൊട്ടാരത്തിന്റെ നല്ലൊരു ഭാഗം മ്യൂസിയം മാത്രമാണ്.


അതിമനോഹരമായ നൂറുകണക്കിന് പ്രതിമകൾ കൊട്ടാരത്തിന്റെ മൂന്ന് നിലകളിലും പ്രവേശനകവാടങ്ങളിലും സന്ദർശകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിലകൊള്ളുന്നു. പ്രധാനപ്രവേശനഭാഗത്ത് നയനമനോഹരമായ പച്ചപ്പുൽ തകിടിയോടെയുള്ള ട്യൂലറിസ് ഉദ്യാനം (Tuileries). കൊട്ടാരത്തിന്റെ വലതുഭാഗമാകട്ടെ മനോഹരമായ സീൻ നദിയാണ്.


പ്രസിദ്ധ ചൈനീസ് ശിൽപ്പി ഇയോ മിങ്ങ് പീ (Ioeh Ming Pie) രൂപം കൊടുത്ത ചില്ലുപിരമിഡും കൊട്ടാരത്തിന്റെ കമനീയമായ ആഡംബര കൊത്തളങ്ങളും കടന്ന് ഞങ്ങൾ വെള്ളം വറ്റിയ ഒരു കൊച്ചു കുളത്തിനടുത്തെത്തി. കയ്യിലെ ബ്രോഷർ പ്രകാരം അതൊരു കൊച്ചു ഫൗണ്ടനാണ്. അതിൽ സന്ദർശകർ കൗതുകപൂർവ്വം നാണയത്തുട്ടുകളിടാറുണ്ടത്രേ! സൂക്ഷിച്ചുനോക്കിയപ്പോൾ കുളത്തിൽ നിറയേ ചെളിപിടിച്ച നാണയങ്ങൾ. ഒരു നിമിഷം! അവളുടെ ചെറിയൊരു കൂക്കൽ! നോക്കുമ്പോൾ ഞാനതാ കുളത്തിൽ! പിന്നെ നിമിഷനേരം കൊണ്ട് കുറേ നാണയങ്ങൾ പെറുക്കിയെടുത്തു. എന്റെ വളർന്നുവരുന്ന നാണയശേഖരത്തിലേക്ക് ഒരൽപ്പം മുതൽക്കൂട്ട്. ഇറങ്ങിയ സുഖമില്ലായിരുന്നു കുളത്തിൽ നിന്നും കയറിപ്പറ്റാൻ!


ഞങ്ങളുടെ നടത്തം കൊട്ടാരത്തിന്റെ അടഞ്ഞുകിടക്കുന്ന ഒരു കൂറ്റൻ വാതിലിനടുത്തെത്തിച്ചു. മെല്ലെ ഒന്നു തള്ളിയപ്പോൾ വാതിൽ തുറന്നു, പുറത്ത് തിരക്ക് കുറഞ്ഞ റോഡ്. മെട്രോ സ്റ്റേഷനിലേക്കുള്ള ചൂണ്ടുപലകകൾ. ഞങ്ങൾ റോഡിലൂടെ പതിയെ അലക്ഷ്യമായി നടന്നു. എങ്ങും കൊട്ടാരത്തിന്റെ പ്രൗഡിക്കനുയോജ്യമായ മനോഹരമായ പഴകിയ കെട്ടിടങ്ങൾ! ഒരു പുരാതന ക്രിസ്തീയ ദേവാലയവും കൊട്ടാരത്തോടനുബന്ധിച്ച കെട്ടിടങ്ങളും പിന്നിട്ട് ഞങ്ങൾ ലേ ഹാൾസ് (Chatelet Les Halles)) മെട്രോ സ്റ്റേഷനിലെത്തി.

ഡിസ്നിലാന്റിലേക്ക്
അടുത്ത ലക്ഷ്യം പ്രസിദ്ധമായ പാരീസ് ഡിസ്നിലാന്റാണ്. സംഗതി കുട്ടിക്കളിയാണെങ്കിലും ഒന്ന് രുചിച്ചേ മതിയാവൂ. അത്ഭുതങ്ങളുടെ കലവറയാണത്. ചെറുപ്പകാലത്ത് അത്തരം വിനോദങ്ങളൊന്നും അനുഭവിച്ചിട്ടില്ല. ഇപ്പോഴത്തെ കുട്ടികൾക്കെന്തെല്ലാം ഉപാധികളാണുള്ളത്! നാഷൻ (Nation) സ്റ്റേഷനിൽ നിന്നും ഞങ്ങൾ  ഡിസ്നി ലാൻഡിലേക്കുള്ള പ്രത്യേക തീവണ്ടി പിടിച്ചു. ഡിസ്നി ഉദ്യാനം നഗരപരിധിക്ക് പുറത്താണ്, ഞങ്ങളുടെ സിറ്റി മെട്രോ ടിക്കറ്റ് മതിയായില്ല.

മുക്കാൽ മണിക്കൂറോളം യാത്ര, ഒടുവിൽ ഞങ്ങൾ ലോകത്തെ അഞ്ച് ഡിസ്നി പാർക്കുകളിലൊന്നായ പാരീസ് ഡിസ്നി പാർക്കിന്റെ പ്രവേശനകവാടത്തിൽ  എത്തിച്ചേർന്നു. മറ്റ് നാലെണ്ണം കാലിഫോർണിയയിലും ഫ്ലോറിഡയിലും ടോക്കിയോയിലും ഹോംകോംഗിലുമാണുള്ളത്. അകത്ത് കേറാൻ ടിക്കറ്റെടുക്കണം. രണ്ട് പാർക്കുകളാണുള്ളത് ഒന്ന് ഡിസ്നിപാർക്കും രണ്ടാമത്തേത് ഡിസ്നി സ്റ്റുഡിയോ പാർക്കും.  ടിക്കറ്റ് ചാർജ്ജ് കേട്ട് കുറച്ചുനേരം സ്തബ്ധനായി നിന്നു പോയി. ഒരാൾക്ക് ഒരു പാർക്കിന് 53 യൂറോ, രണ്ടിനും കൂടി 63 യൂറോ!! ഞങ്ങൾക്ക് സിറ്റി മെട്രോ ടിക്കറ്റുള്ളതിനാൽ  ഒരാൾക്ക് രണ്ടിനും കൂടി 53 മതി. എന്നാലും 106 യൂറോ ഒരു കടന്ന കൈ തന്നെ.

ടിക്കറ്റിനോടൊപ്പം കിട്ടിയ മേപ്പിൽ നോക്കി ഒരന്തവും കിട്ടാതെ കുറച്ച് നേരം നിന്നു. ഒന്നോ രണ്ടോ ദിവസം മുഴുവനും ചിലവഴിച്ചാൽ പോലും കണ്ടും ആസ്വദിച്ചും തീരാത്തത്രയും വിസ്മയങ്ങളാണ് ആറു മണിക്കൂർ കൊണ്ട് കണ്ട് മുതലാക്കേണ്ടത്! എവിടെത്തുടങ്ങണം? എന്ത് കാണണം?ഒരെത്തും പിടിയും കിട്ടുന്നില്ല. നോട്ട് റ്റു മിസ്സ് (Not to Miss) എന്നെഴുതിയ ചില വിസ്മയങ്ങളെ പ്രത്യേകം മനസ്സിൽ സൂക്ഷിച്ച് ഞങ്ങൾ പാർക്കിനുള്ളിലെത്തി. നിരവധി റെസ്റ്റോറന്റുകളും ഷോപ്പിംഗ് പോയിന്റുകളും അഞ്ച് വലിയ ഹോട്ടലുകളുമൊക്കെ അടങ്ങിയ ഒരു വലിയ ലോകം തന്നെയാണിത്.          

ഒരു വേള അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന ഈ ആഡംബര പാർക്കിൽ ഇന്ന് ദിനേന 43,000ലധികം സന്ദർശകർ വരുന്നുണ്ട്. പാരീസ് ഡിസ്നി ലാന്റിന്റെ 10% ഓഹരി സൗദി രാജകുമാരൻ വലീദ് ബിൽ തലാലിന്റെ കയ്യിലാണ്.


പാർക്കിന്റെ കവാടത്തിനു തൊട്ട് മുന്നിലുള്ള കൂറ്റൻ ഡിസ്നിലാന്റ് ഹോട്ടൽ കണ്ട് അൽപ്പ നേരം അമ്പരന്ന് നിന്നു പോയി.  മനോഹരമായ ഫൗണ്ടനും പൂക്കൾകൊണ്ടൊരുക്കിയ,കുഞ്ഞു മിക്കി മൗസിന്റെ ഭീമൻ മുഖവും ഹോട്ടലിന്റെ ഭാവനാസമ്പന്നമായ രൂപകൽപ്പനയും ആരെയും ഒരു നിമിഷം പിടിച്ചു നിർത്തും.


തീം പാർക്കിനകത്തെ ഓരോ അത്ഭുതങ്ങളും കാണാനും അനുഭവിക്കാനും നീണ്ട നിര തന്നെ. ക്യൂവിൽ നിന്ന് നമ്മുടെ ദിവസം തീർന്നു കിട്ടും എന്ന് ആരും പറഞ്ഞുതരാതെ തന്നെ മനസ്സിലായി. ആദ്യം പോയിക്കയറിയത് പ്രമുഖ കാർട്ടൂണായ ടോയ് സ്റ്റോറിയിലെ (Toy Story) കഥാപാത്രങ്ങളുടെ ഒരു കൂട്ടിലേക്കാണ്. ഒരു ചെറിയ തുറന്ന കാറിൽ വർണ്ണവെളിച്ചങ്ങളുടെ ലോകത്തേക്ക്. കയ്യിലൊരു തോക്കുണ്ട്. ശൂന്യതയിൽ നിന്നും ചാടി വീഴുന്ന പല ജീവികളെയും ലേസർ വെളിച്ചം കൊണ്ട് വെടിവെക്കണം. വയനാട്ടുകാരി നിർത്താതെ കൊന്നുതള്ളുമ്പോൾ എന്റെ തോക്കിന് വിശ്രമം നൽകിക്കൊണ്ട് കുട്ടികളുടെ കളിയിൽ മുതിർന്നവർ ഗൗരവത്തോടെ ബഹളം വെച്ച് മുഴുകുന്നതും നോക്കിയിരുന്നു. ആരും കാണാതെ കുപ്പിപ്പാൽ കട്ടുകുടിച്ച ഭാവത്തോടെ ഞാനും, നേടിയ പോയന്റുകൾ കണക്കുകൂട്ടി അവളും പുറത്തിറങ്ങി.


ഏറ്റവും തിരക്ക് കുറഞ്ഞ ഒരു റൈഡ് കണ്ടു പിടിച്ചു വരിനിന്നു. സ്പേസ് മൗണ്ടൻ (Space Mountain Mission-2). റോളർ കോസ്റ്റർ റൈഡാണിത്. ദുർബ്ബലഹൃദയരും ഗർഭിണികളുമൊന്നും കയറരുതെന്ന ബോർഡ് വായിച്ച് ചിറി കോട്ടി മുന്നിൽ നടന്നവളുടെ പിറകേ ഞാനും വെച്ചുപിടിച്ചു. പേടിയുണ്ടായിട്ടല്ല, അത്ര ധൈര്യം പോരാ എന്നൊരു തോന്നൽ. ഉള്ളിൽ നിന്നും അലർച്ചയും ആർപ്പുവിളികളുമൊക്കെ കേൾക്കുന്നുണ്ട്.  ദൈവസഹായം മനസ്സാ അഭ്യർത്ഥിച്ച് ക്രാഡിലിനികത്ത് കയറി. ഒരു ലോക്ക് വന്ന് നെഞ്ചിലിടിച്ച് ഞങ്ങളെ വരിഞ്ഞു മുറുക്കി. ശൂന്യാകാശപേടകം പോലെയുള്ള ആ കൊച്ചുവാഹനം കൂരാകൂരിരുട്ടിലേക്ക് പതിയേ നീങ്ങി. പൊടുന്നനെ മുന്നിൽ ചുവന്ന നിറത്തിൽ അക്കങ്ങൾ തെളിയുന്നു. 10....9...8....

വെടിയുണ്ട പോലൊരു പാച്ചിൽ, ഒമ്പതാം വളവിൽ നിന്നും താഴോട്ട് തള്ളിയിട്ട പോലൊരു പെൺകരച്ചിൽ ഉയർന്നുപൊങ്ങി. ഞാൻ ഒച്ച വെച്ചതേയില്ല- നാവിറങ്ങിപ്പോയിരുന്നു. തൊണ്ട വരണ്ടു, പൊടുന്നനെ ഒരു ബ്രേക്ക്. കണ്ണു തുറന്നു നോക്കുമ്പോൾ തീഗോളങ്ങളും നക്ഷത്രങ്ങളുമൊക്കെ അതാ പാഞ്ഞു വരുന്നു. പെട്ടെന്ന് ഒരു കുഴിയിലേക്കെന്നപോലെ പൂർവ്വാധികം വേഗത്തിൽ. തലകീഴായും ചരിഞ്ഞും നിവർന്നും വീശിയെറിഞ്ഞുമുള്ള ആ പോക്ക് ദൈവത്തിങ്കലേക്ക് തന്നെയാണെന്ന് ഞാനുറപ്പിച്ചു. നാടും ഉമ്മയും വാപ്പയും മോനുമൊക്കെ ഒരു നിമിഷം കൊണ്ട് മനസ്സിൽ മിന്നിത്തെളിഞ്ഞു. ഇടക്ക് മിന്നലെറിഞ്ഞപോലെ കനത്ത പ്രകാശം, ഞങ്ങളെ ഫോട്ടോ എടുത്തതാണ്!ഒടുവിൽ സാധനം തുടങ്ങിയേടത്ത് ചെന്ന് നിന്നപ്പോൾ... അവളുണ്ട്, അവൾക്കും എനിക്കും ജീവനുമുണ്ട്. പുറത്തിറങ്ങി നടന്നപ്പോൾ ഒന്നുകൂടി കയറിയാലോ എന്ന് ഞാൻ വെറുതേ ചോദിച്ചതിന് മറുപടിയൊന്നും കിട്ടിയില്ല!!

ഡിസ്നി കഥാപാത്രങ്ങളുടെ വർണ്ണശബളമായ ഒരു ഘോഷയാത്ര ഞങ്ങളെ കടന്നുപോയി. അലാവുദ്ദീനും ആലീസും (In wonderland) സിൻഡ്രല്ലയുമൊക്കെ കുട്ടികൾക്കിടയിലേക്ക് ഇറങ്ങിവന്ന് ഓട്ടോഗ്രാഫ് കൊടുക്കുകയും അവരോടൊത്ത് ഫോട്ടോയെടുക്കുകയും ചെയ്യുന്നു.


ഒരു പഴയ കൽക്കരി ഖനി കണ്ട് അങ്ങോട്ട് നീങ്ങി. പഴമ അതിന്റെ സർവ്വപുതുമയോടും കൂടി സംവിധാനിച്ചിട്ടുള്ള ആ ഖനിക്കരികെ സാമാന്യം നീണ്ട ക്യൂ ഉണ്ടെങ്കിലും പെട്ടെന്ന് നീങ്ങുന്നുണ്ട്. ഖനിക്കുള്ളിലെ കാഴ്ചകൾ കണ്ട് അവസാനം എത്തിയപ്പോഴാണ് മനസ്സിലായത് അതും ഒരു റൈഡാണെന്ന്. കൂക്കലും കരച്ചിലുമൊക്കെ കേൾക്കുന്നുണ്ട്. ഖനിക്കുള്ളിലേക്കുള്ള വണ്ടിയിൽ ഇരിപ്പുറപ്പിച്ചു. പഴക്കം ചെന്നതെന്ന് തോന്നിക്കുന്ന റെയിലിലൂടെ പതിയേ നീങ്ങിത്തുടങ്ങിയ വണ്ടി മെല്ലെ വേഗമാർജ്ജിച്ചു. പിന്നെ നടന്നത് ഒരു രണ്ടാം കൊലപാതകമാണ്. പാതിപോയ ജീവൻ തിരിച്ചു വരുന്നേയുണ്ടായിരുന്നുള്ളൂ. ബാക്കിയിതാ പോവുന്നു. ഒരു ചെങ്കുന്നിനു ചുറ്റും കറങ്ങി ഗുഹക്കകത്ത് പാഞ്ഞുകേറി ഞങ്ങളെ കശക്കി തിരിച്ചെത്തിച്ചു.

രണ്ട് പിഴിച്ചിൽ റൈഡുകൾ കഴിഞ്ഞതുകൊണ്ടാവാം വയറ്റിൽ വായുവിന്റെ റൈഡ്`തുടങ്ങാനൊരുങ്ങുന്നു. ഒരു റസ്റ്റോറന്റിൽ ഓടിക്കയറി വെജിറ്റബിൾ സാൻഡ്‌വിച്ചും കഴിച്ച് അടുത്ത വിസ്മയവും തേടി തിരിച്ചു.

ഇനി മതിയായി എന്ന് രണ്ടാളുടെ മുഖത്തുമുണ്ടെങ്കിലും പരസ്പരം ധൈര്യം കാണിച്ച് നിരുപദ്രവകാരിയായ ഒരു കൊച്ചു കപ്പൽ യാത്രക്ക് തയ്യാറായി. മോളിബ്രൗൺ എന്ന കപ്പലിലാണ് യാത്ര. കപ്പലിനുള്ളിലെ മനോഹാരിതകളിൽ മതിമറന്ന് ഡെക്കിലെത്തിയപ്പോൾ അവിടെ ചുറ്റുപാടിന്റെ സൗന്ദര്യം നുകർന്നെടുക്കാനുള്ള തിരക്കാണ്. കുളു കുളാ തമിഴ് പേശിക്കൊണ്ട് ക്യാമറവഴി കാഴ്ച കാണുന്ന ഒരു ചെന്തമിഴ് ദമ്പതികളുടെ അടുത്തായി ഞങ്ങൾ നിൽപ്പുറപ്പിച്ചു. കപ്പൽ ഞങ്ങളെയും വഹിച്ച് പാർക്കിന്റെ അതിമനോഹരമായ ചില ഭാഗങ്ങൾ ചുറ്റിവന്നു. ഏകദേശം 20 മിനുട്ട് നീണ്ട ആ നിശബ്ദയാത്ര രണ്ട് ജീവന്മരണ റൈഡുകൾക്ക് ശേഷം ഞങ്ങൾക്ക് പുതുജീവൻ തന്നു.



പാർക്കിലെ അത്ഭുതങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തണമെന്നുള്ളവർക്ക് ഡിസ്നിലാന്റ് റെയിൽവേയുടെ മനോഹരമായ ആഡംബര വണ്ടിയിൽ അരമണിക്കൂർ നീളുന്ന യാത്ര വളരേ ഉപകാരമാവും. മേപ്പ് നോക്കി തെറ്റി എത്തിയതാണെങ്കിലും തീരെ തിരക്കില്ലാത്ത ആ യാത്ര ആസ്വദിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ഇത്ര തിരക്കേറിയ ഒരു പാർക്കിന്റ്രെ ഓരത്തുകൂടിയാണ് നമ്മൾ യാത്ര തുടങ്ങുന്നതെന്ന് തോന്നുകയേയില്ല. പഴയ ഇമ്പീരിയൽ മാതൃകയിലുള്ള ശബ്ദം കുറഞ്ഞ ആ വണ്ടി നല്ല പച്ചപ്പുള്ള ഒരു ചെറുകാട് കടന്ന് ഡിസ്നിലാന്റിനെ ചുറ്റിക്കറങ്ങി വന്നു നിൽക്കുമ്പോഴേക്കും കണ്ടു തീരുന്ന അത്ഭുതങ്ങൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടും.

കരീബിയൻ റൈഡിനുള്ളിലെ ഇരുട്ടും കാടന്മാരെയും കണ്ടില്ലേ?
ഇറ്റ്സ്  എ സ്മോൾ വേൾ‌ഡ്,വിന്റേജ് കാർ ഡ്രൈവ്, തുടങ്ങി കൊച്ചു കുട്ടികൾക്ക് കൗതുകം പകരുന്ന ഉപദ്രവകാരികളല്ലാത്ത റൈഡുകളെ ഞങ്ങൾ അവഗണിച്ചുകൊണ്ട് പൈറേറ്റ്സ് ഓഫ് കരീബിയൻ എന്ന റൈഡിലേക്ക് നടന്നു. ഒരു ഹോളിവുഡ് സിനിമയെ ആസ്പദമാക്കിയുള്ള തീമാണ്. അതുകൊണ്ട് തന്നെ എനിക്കത് തികച്ചും അപരിചിതവും പുതുമനിറഞ്ഞതുമായി തോന്നി. ഒരു കൊച്ചു ജലയാനത്തിൽ കട്ടപിടിച്ച ഇരുട്ടിലൂടെയാണ് യാത്ര. ഭീതിതോന്നിപ്പിക്കുന്ന അന്തരീക്ഷം ഭയാനകമായ ശബ്ദങ്ങൾ, വന്യമൃഗങ്ങളുടെ മുരൾച്ചയും നരഭോജികളുടെ അലർച്ചകളും, അങ്ങിങ്ങായി ഭീകരരൂപികളായ പ്രാകൃതമനുഷ്യർ. റൈഡ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് വെളിച്ചത്തേക്ക് നോക്കാൻ നേരം കുറച്ച് വേണ്ടി വന്നു.

 ഡിസ്നിലാന്റിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ, കാണികളെ ചെറുതാക്കിക്കളയുന്ന മനോഹരമായ ത്രിമാനചിത്രം (Honey I Shrunk The Kids) കാണാനുള്ള ശ്രമം കാത്തുനിൽപ്പിന്റെ വരിനീളം കണ്ട് വിഷമത്തോടെ ഞങ്ങളുപേക്ഷിച്ചു . ഡിസ്നി പാർക്കിലിനിയും താമസിച്ചാൽ ഡിസ്നിസ്റ്റുഡിയോവിൽ ഞങ്ങളെ കാത്തുനിൽക്കുന്ന അത്ഭുതങ്ങളൊരു പക്ഷേ കാണാൻ കഴിയില്ല. പിന്നീട് ഒരോട്ടമായിരുന്നു, അതിനിടെ ചില ചിത്രങ്ങളെടുക്കാൻ മറന്നില്ല.






ഡിസ്നി സ്റ്റുഡിയോ ചലചിത്രസാങ്കേതികവിദ്യയുടെ ചരിത്രം പറഞ്ഞുതരുന്ന ഒരു വിശാലമായ ലോകം തന്നെയാണ്. പഴയ ബ്ലാക് & വൈറ്റ് ചിത്രങ്ങളുടെയും ത്രിമാനചിത്രങ്ങളുടെയുമൊക്കെ കഥ കേട്ട് ഞങ്ങൾ ഒരു കൊച്ചു തീവണ്ടിസവാരിക്കായി തിരിച്ചു. അതും ഒരു ചരിത്ര പഠനമാണ്. പല ഹോളിവുഡ്, ഡിസ്നി ചിത്രങ്ങളിൽ  ഉപയോഗിച്ച വാഹനങ്ങൾ, ജീവികൾ, അന്യഗ്രഹജീവികൾ, കെട്ടിടങ്ങൾ എന്നിവയുടെ ഒക്കെ യഥാർത്ഥ രൂപങ്ങൾ അലസമായി ഉപേക്ഷിച്ചപോലെ പ്രദർശിപ്പിച്ചിരിക്കുന്നു. ചെറിയ പൊന്തക്കാടുകളുടെ പശ്ചാത്തലത്തിൽ തീവണ്ടി ഒരു വളവ് തിരിഞ്ഞ് നിന്നു. ഒരു ഇടിമിന്നലും മഴയും വെള്ളപ്പൊക്കവും വാഹനാപകടവുമൊക്കെ യഥാർത്ഥമെന്നപോലെ ഞങ്ങളുടെ മുന്നിൽ കാണിച്ചു തരികയാണ്. ചെറിയ തട്ടിപ്പ് വിദ്യകളിലൂടെ ചിത്രീകരിക്കുന്ന ഇത്തരം രംഗങ്ങളാണ് തിയേറ്ററുകളിൽ പ്രേക്ഷകരുടെ നെഞ്ചിടിപ്പിക്കുന്നത്. വമ്പൻ കുംഭ നിറയേ ഇലക്ട്രോണിക് സർക്ക്യൂട്ടുകളുമായി നിൽക്കുന്ന ഒരു ഭീമൻ ദിനോസറുണ്ട്. അവനാണ് പണ്ട് ആ പാവം കുട്ടികളുടെ കാർ മറിച്ചിട്ട് കടിച്ച് പറിച്ച് കൊലവിളി നടത്തിയതെന്നറിഞ്ഞു.

ദിനോസറുകളും മുതലകളും മാത്രമല്ല യുദ്ധവിമാനങ്ങളുമൊക്കെയുണ്ട്



ഗ്രാവിറ്റിയേക്കാൾ വേഗത്തിൽ താഴേക്ക് പതിക്കുന്ന ലിഫ്റ്റും സംഭ്രമജനകമായ വാഹന സ്റ്റണ്ട് പ്രദർശനവും സമയക്കുറവുമൂലം ഞങ്ങൾക്ക് ഒഴിവാക്കേണ്ടി വന്നു. മിക്കിയും മിന്നിയുമൊക്കെ കൊച്ചുകൂട്ടുകാർക്ക് ഓട്ടോഗ്രാഫ് നൽകുന്ന തിരക്കിലാണ്. ഒരുപാടൊരുപാട് വിസ്മയക്കാഴ്ചകൾ കണ്ടറിഞ്ഞ് അനുഭവിച്ചാസ്വദിച്ച് എന്നാലൊരുപാട് രുചിയറിയാൻ പറ്റാതെ വിട്ട് ഞങ്ങൾ ഡിസ്നിലാന്റിനോട് വിട പറഞ്ഞു.

നോത്രദാം പള്ളിയും മോൺമാത്രേയും കാണാൻ ബാക്കിയുണ്ട്. സ്യൂറിക്കിനുള്ള തീവണ്ടി സന്ധ്യയോടെ തിരിക്കുകയും ചെയ്യും. നൂറ്റിയമ്പതോളം മ്യൂസിയങ്ങളുണ്ട് പാരീസിൽ, ഒട്ടനവധി ചരിത്രസ്മാരകങ്ങൾ, ഉദ്യാനങ്ങൾ... ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണം പാതിയെങ്കിലും കണ്ടുതീർക്കാൻ. അതാണ് വെറും മുപ്പത്താറു മണിക്കൂറുകൊണ്ട് കലക്കിക്കുടിക്കാൻ ശ്രമിച്ചത്. കണ്ടതത്രയും ഭാഗ്യം, കാണാൻ കഴിയാത്തത് ചെറിയൊരു നഷ്ടബോധമായി അവിടെ കിടക്കട്ടെ. യാതൊരു ഗൃഹപാഠവും ചെയ്യാതെ വന്നിട്ടും ഇത്രയുമൊക്കെ സാധിച്ചല്ലോ എന്ന സമാധാനമായിരുന്നു മനസ്സിൽ.

പാരീസ് മഹാനഗരത്തിൽ ഇരുട്ട് പരന്ന് തുടങ്ങിയിരിക്കുന്നു, നഗരം അതിന്റെ ഏറ്റവും ജീവത്തായ മണിക്കൂറുകളിലേക്ക് കടക്കുകയാണ്. വർണ്ണവസ്ത്രം ധരിച്ച നർത്തകർ അവസാന മുഖം മിനുക്കലുകളിലാണ്, തെരുവ് സംഗീതജ്ഞർ അവരുടെ വാദ്യോപകരണങ്ങൾ ശരിപ്പെടുത്തുന്നു, പാതയോരത്തെ വൈദ്യുതവിളക്കുകളുടെ സ്വർണ്ണബിംബങ്ങൾ സീൻ നദിയിലെ ഓളങ്ങളുടെ മടിയിൽ നൃത്തം വെച്ചു തുടങ്ങുന്നു. രാത്രിയുടെ നെഞ്ചിലേക്ക് അതിവേഗ തീവണ്ടി ഞങ്ങളെയും വഹിച്ച് ചലിച്ചു തുടങ്ങി.

പരുക്കൻ ജനങ്ങളും എളുപ്പം മെരുങ്ങാത്ത ഭാഷയും വൃത്തികുറഞ്ഞ നഗരവീഥികളുമൊക്കെയാണെങ്കിലും പാരീസ് ഞങ്ങളെ പിടിച്ചുവെക്കുന്നുണ്ട്. ഇനിയും ഒരു തിരിച്ച് വരവ് സാധ്യമാകുമെന്ന് യാതൊരു ഉറപ്പുമില്ല. അല്ലെങ്കിൽ തന്നെ എങ്ങിനെയാണിവിടെ എത്തിപ്പെട്ടത്? രണ്ട് ദിവസത്തെ വിശ്രമമില്ലാത്ത പാച്ചിലിന്റെ ക്ഷീണം ശരീരത്തെ ഗ്രസിച്ചു തുടങ്ങിയെങ്കിലും മനസ്സിപ്പോഴും ഡിസ്നിലാന്റിലെ തുള്ളിക്കളിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പമാണ്. ജീവിതാവസാനം വരേ കാത്തുവെക്കാനുള്ള ഒരു പിടി മനോഹരമായ ഓർമ്മകൾ ഒരു മിന്നലെന്നവണ്ണം മനസ്സിൽ തെളിയുന്നു.  വണ്ടിക്കുള്ളിലെ ശീതളിമയിലേക്ക് കണ്ണടച്ച് മെല്ലെ ഒരുറക്കം കൊതിച്ച് ഞങ്ങൾ.....

ലുവർ കൊട്ടാരത്തിലെ പ്രധാന കവാടം
റോഡിനോട് ചേർന്ന കൊട്ടാരത്തിന്റെ പുറത്തു നിന്നുള്ള കാഴ്ച
സ്ലീപ്പിംഗ് ബ്യൂട്ടി കാസ്‌ല്- ഡിസ്നി ലാന്റ്


പാരീസിലെ പറുദീസയിൽ- ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക
പാരീസിലെ പറുദീസയിൽ- രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക


61 അഭിപ്രായങ്ങൾ:

  1. പാരീസ് മഹാനഗരത്തിൽ ഇരുട്ട് പരന്ന് തുടങ്ങിയിരിക്കുന്നു, നഗരം അതിന്റെ ഏറ്റവും ജീവത്തായ മണിക്കൂറുകളിലേക്ക് കടക്കുകയാണ്. വർണ്ണവസ്ത്രം ധരിച്ച നർത്തകർ അവസാന മുഖം മിനുക്കലുകളിലാണ്, തെരുവ് സംഗീതജ്ഞർ അവരുടെ വാദ്യോപകരണങ്ങൾ ശരിപ്പെടുത്തുന്നു, പാതയോരത്തെ വൈദ്യുതവിളക്കുകളുടെ സ്വർണ്ണബിംബങ്ങൾ സീൻ നദിയിലെ ഓളങ്ങളുടെ മടിയിൽ നൃത്തം വെച്ചു തുടങ്ങുന്നു. രാത്രിയുടെ നെഞ്ചിലേക്ക് അതിവേഗ തീവണ്ടി ഞങ്ങളെയും വഹിച്ച് ചലിച്ചു തുടങ്ങി.

    മറുപടിഇല്ലാതാക്കൂ
  2. ഭാഗ്യവാൻ...
    വളരെ നല്ല വിവരണം. കൂടെ നടക്കാൻ കഴിഞ്ഞത് പോലെ.
    നന്ദി ചീരാ...

    മറുപടിഇല്ലാതാക്കൂ
  3. രണ്ടാം ഭാഗം അക്ഷമയോടെ പ്രതീക്ഷിച്ച്‌ ഇരുന്നിരുന്നു.വായിച്ചിട്ടുണ്ടാകുമെന്ന മുന്‍ധാരണയില്‍ മൂന്നാം ഭാഗം വായിച്ചു.ഹൃദ്യമായ ഈ യാത്രാവിവരണം അതിന്‍റെ സചിത്ര ആവിഷ്കാര വശ്യതയില്‍ അനുവാചകനെ പിടിച്ചിരുത്തി വായിപ്പിക്കും.അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  4. നല്ല വിവരണം. നേരില്‍ കണ്ട അനുഭൂതിയായി.

    മറുപടിഇല്ലാതാക്കൂ
  5. യാത്രകൾ തുടരട്ടെ , യാത്ര വിവരണവും , ചിത്രങ്ങളും വിവരണവും ഒരു പോലെ മനോഹരം .

    മറുപടിഇല്ലാതാക്കൂ
  6. ഡിസ്നി ലാൻഡിൽ പോയ ഒരു സുഖം........ നന്നായി രസിച്ചു. ഇന്നിയും യാത്രകള ചെയ്യാൻ ഭാഗ്യം തുണയ്ക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  7. ഒന്ന് കൂടി വായിക്കണം
    ഹൊ സത്യത്തിൽ ഈ എഴുത്തും ഫോട്ടോസും അവിടെ എത്തിയപോലെ ,നല്ല വിവരണം

    മറുപടിഇല്ലാതാക്കൂ
  8. വായിച്ചു നന്നായിരിക്കുന്നു ഫോട്ടോസും വിവരണവും

    മറുപടിഇല്ലാതാക്കൂ
  9. വിശദമായ വിവരണം.നല്ല ചിത്രങ്ങൾ. ഇഷ്ടമായി.......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  10. പ്രിയപ്പെട്ട ചീരാമുളക്... കൂടെ നടത്തി മനോഹരമായ ഒരു പാട് കാഴ്ചകൾക്ക് അവസരമൊരുക്കിയതിന് ഏറെ നന്ദി... മനോഹരമായിരിയ്ക്കുന്നു എന്നൊക്കെയുള്ള പതിവുവാചകങ്ങൾ ഉപയോഗിച്ച്, അക്ഷരക്കൂട്ടുകൾകൊണ്ടൊരുക്കിയ ഈ സദ്യയെ കുറച്ചുകാണിയ്ക്കുന്നില്ല... ചിത്രങ്ങളുടെ മേന്മയും, വിവരണശൈലിയും ഗംഭീരം തന്നെ....

    ജീവിതത്തിലൊരിയ്ക്കലെങ്കിലും കാണുവാൻ സാധിയ്ക്കുമോ എന്നുപോലുമറിയാത്ത ഇത്തരം വിദേശകാഴ്ചകൾ താങ്കളേപ്പോലുള്ളവർ പങ്കുവയ്ക്കുമ്പോൾ അത് ഒരു നല്ല അനുഭവം തന്നയായി മാറുന്നുണ്ട്.. ഇനിയും ഞങ്ങൾക്കായി പങ്കുവയ്ക്കുവാൻ മനോഹരമായ ഇത്തരം യാത്രകൾ ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു... സ്നേഹപൂർവ്വം...

    'സാധാരണ ദിവസങ്ങളിൽ സന്ദർശകരുടെ ക്യാമറകൾക്ക് വിശ്രമമില്ലാത്ത ആ മുറിയിൽ എന്റെ ക്യാമറ പൂർണ്ണ വിശ്രമത്തിലായി'

    സാധാരണ ദിവസങ്ങളിലും മോണോലിസായുടെ ഫോട്ടോ എടുക്കുവാൻ അനുവദിയ്ക്കില്ല എന്നാണല്ലോ കേട്ടിട്ടുള്ളത്... അത് ശരിയല്ലേ....????.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫോട്ടോ പിടുത്തത്തിന് വിലക്കില്ല. ഫ്ലാഷ് ഉപയോഗിക്കരുതെന്ന് എഴുതി വെച്ചിട്ടുണ്ട്. എങ്കിലും ആൾക്കൂട്ടത്തിന്റെ ക്യാമറഫ്ലാഷുകൾ മൂലം സാധാരണ ദിവസങ്ങളിൽ മോണാലിസയെ കാണുന്നത് വളരെ പ്രയാസകരമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇനി ഫോട്ടോ എടുത്താൽ തന്നെ ശരിയായ രീതിയിൽ കിട്ടാത്ത, കട്ടിയേറിയ ഒരു ചില്ലിനകത്താണ് ചിത്രം.

      ഇല്ലാതാക്കൂ
  11. കണ്ട് അനുഭവിക്കാൻ കഴിയാത്തത് വായിച്ചനുഭിക്കാൻ കഴിഞ്ഞു. നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. യാത്രകൾ തുടരട്ടെ , യാത്ര വിവരണം നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  13. അങ്ങിനെ ഡിസ്നിലാന്റും കറങ്ങി വന്നു. യൂറോ ഇത്തിരി കൂടിയാലെന്താ? ഇതൊന്നും എപ്പോഴും ഇല്ലല്ലോ.
    ഇത്തവണയും സുന്ദരമായ വിവരണം നല്‍കി.

    മറുപടിഇല്ലാതാക്കൂ
  14. ഫോട്ടോസ് പോലെ തന്നെ മനോഹരമായ യാത്രാ വിവരനം. സഞ്ചാര സാഹിത്യം കാര്യമായി വായിച്ചിട്ടില്ലാത്ത എനിക്ക് ഈ സുന്ദര രചന വായിക്കുമ്പോൾ കൂടുതൽ വായിക്കണം എന്ന് തൊന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  15. ഞാനടക്കം പല ബൂലോഗരും
    പാരീസിനെ വർണ്ണിച്ചിട്ടുണ്ടെങ്കിലും
    ഇത്ര മനോഹരമായിട്ടുള്ള ,സകലമാന
    ഫോട്ടൊകൾ സഹിതമുള്ള അതിമനോഹരമായ
    അവതരണം ഭായിയുടേത് തന്നെ..ഹാറ്റ്സ് ഓഫ്..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിലാത്തിയിൽ നിന്നും കിട്ടിയ ഈ പ്രശംസ ഒരു വലിയ ബഹുമതി തന്നെയായി കാണുന്നു.

      ഇല്ലാതാക്കൂ
  16. അങ്ങനെ ചുളുവില്‍ ഞാനും പാരിസിലൊക്കെ ഒന്ന് ചുറ്റിയടിച്ചു.

    മറുപടിഇല്ലാതാക്കൂ
  17. മ്യൂസിയത്തില്‍ ഒഴിവു ദിനത്തില്‍ കടത്തിവിടാതിരുന്ന ,സെക്യൂരിറ്റിക്കാരന് സംതിംഗ് കൊടുത്താല്‍ കാര്യം നടക്കുമായിരുന്നോ >?? എന്തായാലും മോണോലിസയെ കണ്ടല്ലോ ..ഫോട്ടോ കിട്ടിയില്ലേലും :)......അത് പോലെ ആ രൈഡിനഗ് കയറിയത് ഏറെ ചിരിപ്പിച്ചു ,എനിക്കും പറ്റിയിട്ടുണ്ട് ഇത് പോലെ ഒരമളി.,ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവസാനിപ്പിച്ച ഒരു നല്ല പോസ്റ്റ്‌ ...മൂന്ന് ഭാഗങ്ങളും വായിക്കുമ്പോള്‍ കൂടുതല്‍ രസകരമായത് ഈ പോസ്റ്റ്‌ തന്നെ ...

    മറുപടിഇല്ലാതാക്കൂ
  18. ലൂവ്രിലെ ചൊവ്വാദോഷമൊഴിച്ചാല്‍ ബാക്കിയൊക്കെ ഭംഗിയായില്ലേ ?

    മറുപടിഇല്ലാതാക്കൂ
  19. മനോഹരമായ ദൃശ്യങ്ങൾ അടങ്ങിയ യാത്രാ വിവരണം നല്ലൊരു യാത്രാനുഭവമായി..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  20. മൂന്നു ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു. ബെല്‍ജിയത്തില്‍ പോയിട്ട് പാരീസ് വരെ പോകാന്‍ പറ്റാത്ത വിഷമം തീര്‍ന്നു. അത്രയ്ക്ക് മനോഹരം ആയിരുന്നു ഓരോ ഭാഗവും. ഇനിയും ഒരുപാടു യാത്ര ചെയ്യാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  21. എനിക്കൊന്നും ഒരിക്കലും എത്തിപ്പെടനാവാത്ത സുന്ദരഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി പറയുന്നു.... എസ്.കെ യുടെ യാത്രാവിവരണങ്ങളിൽ കാണുന്നപോലെ വായനക്കാരെ യാത്രയിൽ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോവുന്ന മഹാസിദ്ധി ഇവിടെയും അറിയാനാവുന്നു. ഫോട്ടോകൾ വിവരണങ്ങൾക്ക് പിൻബലമേകുന്നു.....

    ഇനിയും യാത്രയിൽ ഞങ്ങളെ കൂടെ കൊണ്ടുപോവുക. അറിയാത്ത നാടുകളും, കാണാത്ത ദൃശ്യങ്ങളും കാട്ടിത്തരുക

    മറുപടിഇല്ലാതാക്കൂ
  22. നേരിട്ട് കാണാൻ ഭാഗ്യമില്ലാത്ത ഞങ്ങള്ക്കായി ഈ ചിത്രങ്ങൾ കാണിക്കുന്നതിന് നന്ദി
    കൂടുതൽ ചിത്രങ്ങൾ ഉൾപെടുത്താൻ ശ്രമികുമല്ലോ

    മറുപടിഇല്ലാതാക്കൂ
  23. പാരിസ് മൊത്തം ഒന്ന് കറങ്ങി... അഞ്ചുപൈസ ചിലവില്ലാതെ... :) നന്ദി ഭായ്...

    മറുപടിഇല്ലാതാക്കൂ
  24. പുസ്തകങ്ങൾ വായിച്ചുള്ള പരിചയപ്പെടുത്തൽ , യാത്രാ വിവരണം . രണ്ടും സമാധാനം തരില്ല . :)

    നല്ല രസകരമായ യാത്ര ആയിരുന്നുട്ടോ അൻവർ .

    മോണാലിസയുടെ വശ്യത അറിയാതെ അറിഞ്ഞതൊക്കെ നന്നായി പകർത്തി .

    റോളർ കോസ്റ്റർ റൈഡിൽ ഒന്നൂടെ കയറാമായിരുന്നില്ലേ .. ? ചിരിപ്പിച്ചു ആ ഭാഗം .

    നല്ല സ്ഥലകാഴ്ചകളും പരിചയപ്പെടുത്തലുമായി ഭംഗിയായ വിവരണം .

    മറുപടിഇല്ലാതാക്കൂ
  25. പേര് പോലെ ഒരു പറുദീസയെ തന്നെ പരിചയപ്പെടുത്തി.

    യാത്രാവിവരണങ്ങള്‍ കേവലം സ്ഥലങ്ങളെ ഒരു പരിചയപ്പെടുത്തല്‍ എന്നതിലുപരി വായനക്കാരന്റെ കൈപിടിച്ച് നടത്തി ദൃശ്യങ്ങള്‍ കാണിക്കുന്ന ഒരു പ്രത്യേക രീതി. ആ വേറിട്ട രീതി വിരലില്‍ എണ്ണാവുന്ന ചിലര്‍ക്ക് മാത്രം സ്വന്തം. അന്‍വറിന്റെ ഈ വിവരണം തീര്‍ത്തും ആ ഗണത്തില്‍ പെട്ട ഒന്നാണ് എന്നതില്‍ സംശയം ഇല്ല. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  26. ഇങ്ങള് ഭാഗ്യവാനാട്ടോ...യാത്രയോടൊപ്പം വിജ്ഞാനപ്രദമായ വിവരങ്ങളും... എഴുത്ത് തുടരുക ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  27. നല്ല വിവരണം... യാത്ര ചെയ്ത "ഫീൽ " കിട്ടി.. :)

    മറുപടിഇല്ലാതാക്കൂ
  28. ചെന്നെത്താന്‍ പറ്റാത്ത സ്ഥലങ്ങള്‍ ആണെങ്കിലും അവിടെ എത്തിപ്പെട്ട പോലെ തോന്നി ചീരാമുളകിന്റെ ഈ വിവരണം വായിച്ചപ്പോള്‍ ..
    ചിത്രങ്ങളും കൊള്ളാം നന്നായിട്ടുണ്ട് ട്ടോ ..

    മറുപടിഇല്ലാതാക്കൂ
  29. മറ്റു യാത്രാവിവരണങ്ങള്‍ വായിച്ചപ്പോള്‍ കുറിച്ച അസൂയ തോന്നുന്നു എന്ന കമെന്റ് ഇനിയൊരാവര്‍ത്തികൂടി എഴുതുന്നില്ല.
    ഓരോ പോസ്റ്റിന്റെ താഴെയും അടുത്തതിലെക്കുള്ള ലിങ്ക് കൊടുക്കാന്‍ മറക്കേണ്ട. സമയമെടുക്കുമെങ്കിലും ഏല്ലാം കൂടി ഒന്നിച്ച് വായിച്ചാലേ ആ ഫീല്‍ കിട്ടൂ. ദൌര്‍ഭാഗ്യവശാല്‍ ഈ പോസ്റ്റില്‍ മൂന്നുതവണ വായിക്കാന്‍ എത്തിയപ്പോഴും ഓരോ കാരണങ്ങളാല്‍ മുഴുവിക്കാനാകാതെ മടങ്ങുകയായിരുന്നു. ഇത്തവണ പൂര്‍ത്തിയാക്കി. :)

    മാതൃഭൂമിപോലെ മറ്റു യാത്രാ ബ്ലോഗിലേക്ക് അയച്ചുകൊടുക്കാനും മറക്കേണ്ട. സ്വിറ്റ്സര്‍ലന്‍ഡ്, പാരീസ് യാത്രകള്‍ ഇപ്പോഴും മനസ്സിലുണ്ട്. ഇനിയും ഒരുപാട് യാത്രകള്‍ക്കായി ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  30. സോറി, മറ്റു ഭാഗങ്ങളുടെ ലിങ്ക് ചേര്‍ത്തിട്ടുണ്ട് അല്ലേ, കണ്ടു.

    മറുപടിഇല്ലാതാക്കൂ
  31. ഇനി ഏതായാലും അവിടെ പോകേണ്ട ആവശ്യമില്ല ! അത്രക്കും വ്യക്തമായി കാണിച്ചു തന്നു

    മറുപടിഇല്ലാതാക്കൂ
  32. വാക്കുകള്‍ കൊണ്ട് തീര്‍ത്ത ഈ വിസ്മയം കണ്ടു നില്‍ക്കുകയായിരുന്നില്ല ശരിക്കും അനുഭവിക്കുകയായിരുന്നു. ആ റൈഡുകള്‍ രണ്ടും പെടിപ്പിച്ചു കളഞ്ഞു, കണ്ണുകള്‍ മുറുക്കിച്ചിമ്മുന്നത് അനുഭവപ്പെട്ടത് പോലെ. പിന്നെ ഒരു കല്ലുകടി തോന്നിയത് ഒന്നാമത്തെ വാചകത്തിലാണ് ///നീണ്ട ഒരു ദിവസം മാത്രമാണിനി പാരീസിൽ ബാക്കിയുള്ളത്./// നീണ്ട ഒരു ദിവസം കഴിഞ്ഞ് പിന്നെ മാത്രം. നീണ്ട ഒരു ദിവസം ഉപകാരപ്പെടുമല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഗ്രാവിറ്റിയേക്കാള്‍ ശക്തമായ മാത്രം എന്ന ഗര്‍ത്തം കടന്നു വരുന്നത്. വിവരിചിട്ടില്ലാത്ത യാത്രകള്‍ ഇനിയും ഈ പേനത്തുമ്പിലൂടെ വെളിച്ചം കാണട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ പിശക് തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയത് നന്നായി. ജസാക്കല്ലാഹ്!

      ഇല്ലാതാക്കൂ
  33. ഇക്ക കാശും പൊട്ടിച്ചു പാരീസിൽ പോയി കണ്ടത് ഞാനിവിടെ എന്റെ റൂമിലിരുന്നു കണ്ടു... :)
    കിടു... :)

    മറുപടിഇല്ലാതാക്കൂ
  34. നല്ല വിവരണം മനോഹര ചിത്രങ്ങൾ. ഇത്തരം യാത്രകൾക്ക് ഇനിയും സാധിക്കട്ടെ എന്നാശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  35. എല്ലാവര്ക്കും കിട്ടാത്ത ഭാഗ്യം

    വിവരണം ഹൃദ്ധ്യം

    മറുപടിഇല്ലാതാക്കൂ
  36. ചിത്രങ്ങൾ അതി മനോഹരം. അതിന്റെ കട്ടക്ക് കടക്കു നില്ക്കുന്ന വിവരണവും.. അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  37. എല്ലാം നന്നായിരിക്കുന്നു. കാഴ്ചകളും എഴുത്തും.
    മുകളില നിര്മലിന്റെ കമന്റ്‌ കണ്ടോ?പുള്ളിക്കാരനോട്
    നോക്കു കൂലി (അല്ല വായനക്കൂലി) വാങ്ങിക്കോ കേട്ടോ.
    ആശംസകൾ .പ്രത്യേകം നന്ദിയും.

    മറുപടിഇല്ലാതാക്കൂ
  38. മരിച്ചുകൊണ്ടിരിക്കുന്ന ഈ ജീവിതത്തിന്നതിരിനുള്ളില്‍ കലയുടെ, സാഹിത്യത്തിന്റെ, സംസ്കാരത്തിന്റെ, കേദാരമായ സ്വപ്നനഗരം ഒന്നു സന്ദര്‍ശിക്കാന്‍ കഴിഞ്ഞെങ്കില്‍...
    ഈ പോസ്റ്റിന് എന്റെ സ്പെഷ്യല്‍ താങ്ക്സ്...

    മറുപടിഇല്ലാതാക്കൂ
  39. ഡിസ്നി ലാന്‍ഡിനെ കുറിച്ച് അതിമനോഹരമായി കാഴ്ച വിവരണം ഒരുക്കിയതിനു ഒരുപാടു നന്ദി ഇനിയും ഒരുപാട് നല്ല യാത്രാവിവരണങ്ങള്‍ ഉണ്ടാവട്ടെ

    മറുപടിഇല്ലാതാക്കൂ
  40. പറുദീസയിലെ വിശേഷങ്ങൾ വിവരിച്ച് വിവരിച്ച്
    ഞാനുമൊരു പറുദീസയിലേക്കെത്തി.
    നല്ല വിവരണം അൻവറിക്കാ.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  41. മനോഹര സ്ഥലങ്ങൾ, അതിന്റെ മനോഹര വിവരണവും. ഓരോ യാത്രയും തുറക്കുന്നത് ഓരോ പുതിയ അറിവിലേക്കുള്ള കവാടങ്ങൾ ആണെന്ന് പറയുന്നത് എത്ര ശരി.

    മറുപടിഇല്ലാതാക്കൂ
  42. ഇതൊക്കെ ഒരു ഭാഗ്യമാണ് ... ലോകം കീഴടക്കിയ അനുഭൂതി പകരുന്ന ഭാഗ്യം .. ലോകത്തിന്റെ കോണുകളില്‍ പറന്നു നടക്കാന്‍ കഴിയുക..
    കണ്ടതും കേട്ടതും ഇത്ര മനോഹരമായി പകര്‍ത്താന്‍ കഴിയുക....... മനോഹരം... അന്‍വര്‍ക്കാ.... മനോഹരം............

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു .രണ്ടു തവണ മനസ്സിരുത്തി വായിച്ചു ...മനോഹരം എന്നതിലുപരിയായി മനസ്സ് ആ വഴികളിലൂടെയോക്കെ നടന്നു എന്ന് വേണം പറയാന്‍ ,,,എങ്കിലും ഒരു ചോദ്യം എന്തായിരുന്നു മോണോലിസയുടെ ചുണ്ടുകളിലെ പുഞ്ചിരിയുടെ ഭാവം ? അത് സത്യത്തില്‍ പുഞ്ചിരി തന്നെ ആണോ ? ഒരു തര്‍ക്കവിഷയമാണല്ലോ അതാ ചോദിച്ചത് , എന്ത് തോന്നി ?

      ഇല്ലാതാക്കൂ
  43. ഹാവു ഈ പോസ്റ്റ്‌ ഞാൻ വായിച്ചു കഴിഞ്ഞപ്പോൾ ശരിക്കും പാരീസിൽ ഞാനും പോയതുപോലെ അനുഫവപ്പെട്ടു
    വിവരണവും പോട്ടങ്ങളും മന്നോഹാരം

    എന്റെ വിഷമം കൂടി ഒന്ന് മാറ്റി തരണേ

    http://rakponnus.blogspot.ae/2013/03/blog-post.html

    മറുപടിഇല്ലാതാക്കൂ
  44. ആദ്യഭാഗം വായിച്ചിരുന്നു . കമന്റും ഇട്ടിരുന്നു . രണ്ടും മൂന്നും ഇന്നാണ് വായിക്കാൻ പറ്റിയത്. സത്യം പറഞാൽ കാണണം എന്ന് ആഗ്രഹമുള്ള മൂന്നു സ്ഥലങ്ങളിൽ ഒന്ന്നാണ് പാരീസ് .



    വിവരണം നന്നായി .ചിത്രങ്ങളും ..അഭിനന്ദനങ്ങൾ .

    ( അസൂയ തോന്നിയത് ഞാൻ മറച്ചു വെക്കട്ടെ ..ഹി ഹി )

    മറുപടിഇല്ലാതാക്കൂ
  45. അജ്ഞാതന്‍2013, ഏപ്രിൽ 2 5:47 PM

    Hi Blogger,
    What a nice narration! Why don't you write in English? Consider seeking oportunities in print media- such articles need better readership. All the best from Canada.

    മറുപടിഇല്ലാതാക്കൂ
  46. ആദ്യഭാഗം തൊട്ടേ വായിച്ചു . ഫോട്ടോകളും വിവരണവും ഇഷ്ടമായി . പാരീസിനെക്കുറിച്ച് കൂടുതലായി കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു . നന്ദി സുഹൃത്തേ ഈ പങ്കു വെയ്ക്കലിന് :)

    മറുപടിഇല്ലാതാക്കൂ
  47. നല്ല സചിത്ര ലേഖനം ,അവിടെ പോയ പ്രതീതി

    മറുപടിഇല്ലാതാക്കൂ
  48. ആദ്യമായാണീ വഴി വരുന്നത്.പാരീസ് കാഴ്ചകള്‍ ഹൃദ്യമായി.....

    മറുപടിഇല്ലാതാക്കൂ
  49. എന്തുകൊണ്ടെന്നറിയില്ലകുറച്ചു നാളായി ഈവഴി വന്നിട്ട്‌, ക്ഷമിക്കുക.
    എന്റെ കവിതയിലൊരു പഠനം നടത്തിയത്‌ നന്നായി.
    ഭാഗ്യവാൻ ചുറ്റിനടന്നു കാഴ്ചകൾ കാണൂക. പിന്നെ ഞങ്ങളെ കൂടി ഇതുപോലെ അറിയിച്ചുകൊണ്ടിരിക്കുക.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  50. കണ്ട കാഴ്ചകള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചുവെച്ച് ഹൃദ്യമായ രീതിയില്‍ വായനക്കാരിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നത് ഒരു വലിയ കഴിവാണ്..ആ കഴിവിന് ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  51. ഇരിക്കട്ടെ - ഇത്രയും വിശദ വിവരണം നുമ്മക്ക് ഒപകാരപ്പെടും .... അപ്പൊ ഞാൻ കട്ടെടുത്തു എന്ന് മാത്രം പറയരുത് പ്ലീസ് .

    മറുപടിഇല്ലാതാക്കൂ
  52. യാത്രാ വിവരണം വളരെ ഇഷ്ടമായി മനോഹര ചിത്രങ്ങളും .,.,.,.ആശംസകൾ

    മറുപടിഇല്ലാതാക്കൂ