2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

വിത്തും കൈക്കോട്ടും: ചില അടുക്കളത്തോട്ട വിശേഷങ്ങൾ

കിണറു വൃത്തിയാക്കാൻ മൂന്നാള്, പിന്നെ താഴേക്കണ്ടം കെളക്കാൻ ദിവാകരനും, പത്തുമണിച്ചായക്കെന്താ? ലേശം കപ്പ വാങ്ങ്യാലോ?

"വേണ്ട, വെറുതേ അങ്ങാടീലേക്ക് പായ്യണ്ട, ഒരു കൈക്കോട്ടെടുത്ത് പിന്നാമ്പൊറത്തേക്ക് നടന്നോ". വയ്യാത്തകാലും വെച്ച് ഉമ്മ മുന്നേനടക്കാൻ തുടങ്ങി.ആണ്ടവധിക്കാരൻ കൈക്കോട്ടും കൊടുവാളും തപ്പി കുറച്ച് നേരം കളഞ്ഞു.

"കഴിഞ്ഞ കൊല്ലം നിയ്യ് നട്ടതാ, ഞങ്ങൾ കൊറേ പറിച്ച് തിന്നു, അപ്പറത്തും ഇപ്പറത്ത്വൊക്കെ കൊറേ കൊടുക്ക്വേം ചെയ്തു. ഒരൊറ്റ മൂട് മത്യാവും"

കഴിഞ്ഞ അവധിക്കാലത്ത് അടുക്കളപ്പുറം കാടുപിടിച്ച് കിടക്കുന്നത് കണ്ടപ്പോൾ സ്ഥിരം പണിക്കാരൻ ദിവാകരനെ കയ്യും കാലും പിടിച്ച് കൊണ്ട് വന്ന് ഒന്ന് നന്നായി കിളപ്പിച്ചു. ഒരാവേശത്തിൽ കുറച്ച് നേരം ഞാനും കിളച്ചു. ഒടുക്കം കുമിള വന്ന കയ്യും വെച്ച് വരമ്പത്തിരുന്ന് ദിവാകരനോട് വെടിപറയുന്നതിനിടെയാണ് അങ്ങിനെയൊരാശയം മുളയിട്ടത്. നല്ല മരച്ചീനിക്കമ്പുകൾ ഉമ്മ തന്നെ അന്വേഷിച്ചറിഞ്ഞ് ഏർപ്പാടാക്കി. പച്ചിലയും ചാണകവും കൂട്ടി മണ്ണൊരുക്കി, കൂടം മാടി ചാണകലം നോക്കി ഒത്ത കമ്പ് വെട്ടി നാട്ടി. പയ്യ് കേറാതിരിക്കാൻ കയറുകൊണ്ടൊരു കൊച്ചുവേലി തീർത്തതും നമ്മുടെ പണി കഴിഞ്ഞു.  വരമ്പിന് ചുറ്റും ഒത്ത അകലത്തിൽ കുറേ കർമൂസത്തയ്യും (പപ്പായ), മുളകിൻ തയ്യും കുത്തി. ചീരാമുളക് തൈകളുമുണ്ട് കൂട്ടത്തിൽ.  നല്ല അയൽക്കാരൻ ഖാലിദ്ക്കാ തന്ന മൂന്ന് വാഴക്കന്നും കുടിയായപ്പോൾ കണ്ടം നിറഞ്ഞു.

മൂന്നാഴ്ചത്തെ ആണ്ടവധി കഴിഞ്ഞ് മടങ്ങിപ്പോരുമ്പോൾ മരച്ചീനി തണ്ടുകളിൽ പച്ചനാമ്പുകൾ പൊടിയുന്നോ എന്ന് ഒന്നെത്തി നോക്കാൻ പോലും സമയം കിട്ടിയില്ല. പിന്നെ ഓരോ ഫോൺവിളികളിലും കപ്പയും കറുമൂസയും മുളകുമൊക്കെ വളരുന്നത് ഞാൻ കേട്ടറിഞ്ഞു. ആ കപ്പയാണ് ആയുധം വെച്ച് മൂടോടെ കിളച്ചെടുക്കുന്നത്. വല്ലാത്തൊരു നിർവൃതി. വല്ല്യ വട്ടത്തിൽ മണ്ണെടുത്ത് ആഞ്ഞുവലിച്ചിട്ടും പോരാനൊരു മടി. കീ ബോർഡിൽ പാഞ്ഞുകളിച്ചായിരിക്കാം കയ്യിന്റെ ബലമെല്ലാം പോയത്. അവസാനം തണ്ടുപൊട്ടി നല്ല വണ്ണത്തിൽ രണ്ട് മൂന്ന് കിഴങ്ങുകൾ പുറത്ത് വന്നു. ബാക്കിയുള്ളവ മെല്ലെ മണ്ണ് നീക്കി പുറത്തെടുത്തു. ഒരു കുട്ട നിറയേ ഉണ്ട്. ദാ കണ്ടില്ലേ?ആണ്ടിലൊന്നോ രണ്ടോ തവണ മാത്രം കൈക്കോട്ടെടുക്കുന്ന, മണ്ണ് കിളക്കുന്ന എനിക്കിത്രയും നിർവൃതിയെങ്കിൽ മണ്ണിൽ ജീവിക്കുന്ന കർഷകന്റെ ആ ആധിയും അനുഭൂതിയുമൊക്കെ എന്തുമാത്രമുണ്ടാവും! വീടിനു ചുറ്റും വളർന്ന് നിൽക്കുന്ന മരങ്ങളെല്ലാം എന്റെ കുഞ്ഞിക്കൈകൾ തന്നെ നട്ടുനനച്ചതാണ്. ഉമ്മയുടെ മേൽനോട്ടത്തിൽ. ഓരോ തവണ മാങ്ങ പറിക്കുമ്പോഴും ചക്ക പുഴുങ്ങുമ്പോഴും കുട്ടിത്തെങ്ങിൽ നിന്നും ഇളനീർ കുടിക്കുമ്പോഴും ഉമ്മ ആ തൈ വെച്ച കഥ പറയും, അതിന്റെ തിയ്യതി വരേ! പുരയിടത്തിന്റെ ഇടത്തേ മതിലിനോട് ചേർന്നുള്ള പ്ലാവിൻ തൈകൾ രാജീവ്ഗാന്ധി സ്മരണയാണ്. 1991 മെയ് 21ന് നട്ടവ. കിണറ്റിൻകരയിലെ ഒട്ടുമാവ് കുഴിച്ചിട്ടത് പെരുമൺ ദുരന്തത്തിനെ പിറ്റേന്ന്. അങ്ങിനെ ഓരോന്നിനും ഓരോ ചരിത്രം. അതോർക്കുന്നതും അയവിറക്കുന്നതും ഉമ്മയുടെ ഒരു ശീലമാണ്.

ഓരോ അവധിദിനങ്ങളും ഉമ്മയുടെ അരിക് പറ്റി കുഞ്ഞിക്കൈക്കോട്ടും ചെറുകത്തിയുമായി മണ്ണിൽ കളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉപരിപഠനവും പ്രവാസവും അപഹരിഞ്ഞുകളഞ്ഞ, മണ്ണിന്റെ മണമുള്ള ഒരു നല്ല കാലം.

കപ്പ പറിച്ചെടുത്ത സന്തോഷത്തിൽ മെല്ലെ രണ്ട് മൂന്ന് പപ്പായയും കുത്തിയിട്ടു. ഉച്ചക്ക് ഉപ്പേരി വെക്കാലോ, പിന്നെ ചീരാമുളകിന്റെ തയ്യിൽ നിന്നും നല്ല എരിവുള്ള ഒന്നാന്തരം മുളകും, കിടക്കട്ടെ ചെറിയുള്ളിയും കൂട്ടി ഒരു മുളക് ചമ്മന്തി.നമ്മൾ മലയാളികൾക്കെന്നും പരാതിയാണല്ലോ! നാട്ടിൽ നല്ല പച്ചക്കറി കിട്ടാനില്ല, ഉള്ളതിൽ തന്നെ മുഴുവൻ മായവും, അതിന് തന്നെ തീപിടിച്ച വിലയും. ഹോ..നമ്മുടെ നാടിന്റെ ഒരു പോക്കേ?

സംഗതി സത്യവുമാണ്. അഞ്ഞൂറു രൂപയും കൊണ്ട് പോയാൽ ഒരു പ്ലാസ്റ്റിക് കൂടയിൽ ഇത്തിരി പച്ചക്കറി കിട്ടും. എന്നാൽ ഈ പരാതി പറയുന്ന നമ്മളാരെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ ചിലവാക്കാൻ തയ്യാറുണ്ടോ? എന്തെല്ലാം വിളകൾ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ അധ്വാനത്തിൽ മിക്കവാറും ഒരു മുതൽ മുടക്കുമില്ലാതെ നമുക്ക് നട്ടുവളർത്താമെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു കമ്പ് കുത്തിയാൽ മതി മുരിങ്ങയും കപ്പയുമൊക്കെ വേര് പിടിക്കാൻ. പച്ചമുളക്, പടവലം, കറിവേപ്പില, ചീര, കയ്പ്പ, വെണ്ട, വഴുതിന, മത്തൻ തുടങ്ങി എന്തെല്ലാം പച്ചക്കറിക്കൂട്ടങ്ങൾ!

ഞങ്ങൾ പട്ടണവാസികൾക്കിതൊന്നും പറ്റില്ലെന്ന് പറഞ്ഞ് കോട്ടുവായിടുന്ന മടിയന്മാർക്ക്, ചാക്കിൽ മണ്ണ് നിറച്ച് ടെറസിലും ബാൽക്കണിയിലുമൊക്കെ കൃഷി ചെയ്യുന്നവരെ കണ്ടാൽ എന്ത് പറയാനുണ്ട്? സ്ഥലസൗകര്യവും അറിവില്ലായ്മയുമൊന്നുമല്ല, മടിയും തമിഴന്റെ പച്ചക്കറി വില കൊടുത്ത് വാങ്ങാനുള്ള കാശൊക്കെ എനിക്കുണ്ട് എന്ന ചിന്താഗതിയും തന്നെയാണ് നമ്മെ ഇത്തരം ആരോഗ്യകരമായ ജീവിതശീലങ്ങളിൽ നിന്നും തടഞ്ഞുനിർത്തുന്നത്. പണം ലാഭിക്കാനല്ല, മറിച്ച് നല്ലത് തിന്നാൻ, മണ്ണിനെ മറക്കാതിരിക്കാൻ, പിന്നെ മനസ്സിനെ ഒന്ന് തണുപ്പിക്കാൻ, ഒരു രസത്തിന്...ഒന്ന് ശ്രമിച്ചാൽ നമുക്കാർക്കും നടക്കുന്ന കാര്യമേയുള്ളൂ ഇത്.

ചേമ്പും മഞ്ഞളും ഇഞ്ചിയുമൊക്കെ ആദ്യം അയൽക്കാരുടെ പറമ്പിലായിരുന്നു ഞങ്ങൾ നട്ടിരുന്നത്. പിന്നെ ദൈവാനുഗ്രഹത്താൽ, പ്രവാസത്തിന്റെ "കായ്ബലത്തിൽ" ആ മണ്ണ് ഞങ്ങളുടെ സ്വന്തമായി. അപ്പോഴേക്കും മണ്ണിന്റെ മണം, മനസ്സിൽ മാത്രമായൊതുങ്ങിക്കഴിഞ്ഞിരുന്നു. വെറുമൊരു ഗൃഹാതുരസ്മരണയായി മാറിപ്പോവുമായിരുന്ന  അതിന് തടയിട്ടത് കഴിഞ്ഞ തവണ ഭാര്യാവീട്ടിലെ രണ്ട് ദിവസത്തെ പൊറുതിയും കഴിഞ്ഞ് വയനാട് ചുരമിറങ്ങി വരുന്ന വഴിക്ക് കണ്ട ഒരു നഴ്സറിയാണ്. നല്ല വിത്തുകൾ പലതരം, അൽപ്പം കൂടിയ വില കൊടുത്താണെങ്കിലും വാങ്ങി. കടല് കടന്ന് ദുബായിലെത്തിയ വിത്തുകളെ സ്വീകരിക്കാനുണ്ടായിരുന്നത് നല്ല ഓറഞ്ച് നിറമുള്ള പൊടി മണ്ണ്. അടുക്കളപ്പുറത്ത് മൂന്ന് മീറ്റർ വീതിയിലും ആറു മീറ്റർ നീളത്തിലും ലേശം നിലമുണ്ട്. സിമന്റ് കട്ട തികയാതെ വന്നതുകൊണ്ട് ബാക്കിയായിപ്പോയ ഭൂമുഖം!

 ചാക്കൊന്നൊന്നിന് പതിനഞ്ച് ദിർഹം വിലയുള്ള നല്ല കറുത്ത മണ്ണ് മൂന്ന് ചാക്ക് വാങ്ങി മണ്ണിൽ കലർത്തി വെള്ളം തളിച്ച് പരുവപ്പെടുത്തി. അബൂദാബിയിൽ നിന്നും കൊണ്ടുവന്ന മുരിങ്ങാ കമ്പ് ബിസ്മിയും ചൊല്ലി നട്ടു. പിന്നെ വിത്തെറിഞ്ഞു, അല്ല, സൂക്ഷിച്ച് മണ്ണിലൊളിപ്പിച്ചു. വെള്ളം തേവിയും ഉള്ളിത്തോലും ചായച്ചണ്ടിയും കുതിർത്ത നാടൻ കീടനാശിനി തളിച്ചും കാത്തുനിന്നത് വെറുതെയായില്ല. മരുഭൂമിയിൽ കിളിർത്ത തക്കാളിയും വെണ്ടക്കയും വഴുതിനങ്ങയുമൊക്കെ ഇത്ര രുചികരമായിരിക്കുമെന്നൊരിക്കലും ഒരിക്കലും കരുതിയിരുന്നില്ല. നല്ല "ഫോറിൻ" പയറും ബീൻസുമെല്ലാം എത്ര കൂട്ടുകാരാണ് ഭക്ഷിച്ചത്!
ഗൾഫിലെ കുട്ടികളെപ്പോലെത്തന്നെ തഴച്ചു വളർന്ന മുരിങ്ങ ഒരുമൂത്ത സഹോദരനെപ്പോലെ ബാക്കിയുള്ളവർക്ക് തണലേകി തലവിരിച്ചു നിന്നു. കായും ഇലയും തന്ന് ഞങ്ങളെ ഊട്ടിയ ആ പാവത്തെ  വീട്ടുടമയുടെ കിരാതഉത്തരവ് പ്രകാരം ഞാൻ നടുമുറിച്ചെങ്കിലും വാശിയോടെ വളർന്ന് ഞങ്ങളെ ഇന്നും ഊട്ടുന്നു. നല്ല ചുവന്ന ചീര, പടവലങ്ങ, വഴുതിന, ബീൻസ്, പയർ, കയ്പ്പ (പാവക്ക), കറിവേപ്പില, പൊതീന പിന്നെ കൃഷ്ണതുളസി, പനിക്കൂർക്ക, ബ്രഹ്മി തുടങ്ങിയ ഔഷധച്ചെടികളും  ഞങ്ങളുടെ കൊച്ചു തോട്ടത്തെ സമ്പന്നമാക്കി.
ചുട് വരാൻ തുടങ്ങിയതേ എല്ലാരും ഇലകൾ മടക്കി തലതാഴ്ത്തിത്തുടങ്ങി. പയർ പൂത്തെങ്കിലും പൂക്കളെല്ലാം കരിഞ്ഞുവീണു. കയ്പ്പയും പടവലവും കുരുന്നിലേ പഴുത്തു മഞ്ഞച്ചു. കൊച്ചുകുരുവികളും മൈനകളും അത് തിന്ന് വിശപ്പടക്കിയല്ലോ എന്നാശ്വസിക്കുന്നു. ചൂട് കൂടിയപ്പോഴേക്കും കണ്ടമാനം കിളികൾ ഞങ്ങളുടെ കൊച്ചു തോട്ടത്തെ തണലാക്കി കലപില കൂട്ടാൻ തുടങ്ങി. അതിരാവിലെ അത് കേട്ടെഴുന്നേൽക്കുമ്പോൾ നാട്ടിലെ മണ്ണിന്റെ മണമുള്ള, കിളികളുടെ ചിലമ്പലുള്ള ആ മനോഹരമായ വെളുപ്പാൻ കാലം ഓർമ്മയിലേക്ക് തിക്കിക്കേറി വരും.

ചൂട്കാലം തിരിച്ച് പോവുകയായി. കരിഞ്ഞ വള്ളികളും ഇലകളുമൊക്കെ മെല്ലെ മാറ്റി, തെളിച്ച് വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഒത്താൽ വല്യപെരുന്നാളിന്റെ അവധിക്ക് വിത്തിടാം-ഇൻഷാ അല്ലാഹ്.


വെറുതേ ഒരു നേരമ്പോക്കിനെഴുതിയതല്ല. ഉള്ള കൊച്ചുസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എന്തെങ്കിലുമൊക്കെ നടാനും മണ്ണിനെ അറിയാനും ഇതുവഴി ആർക്കെങ്കിലുമൊക്ക പ്രചോദനവും ഉത്സാഹവുമൊക്കെ കിട്ടട്ടെ. ആണുങ്ങൾക്ക് പെണ്ണുങ്ങൾക്ക് എന്നൊന്നും ഈ വിഷയത്തിലില്ല. കുട്ടികളെയും കൂട്ടി കൂട്ടായി ചെയ്യേണ്ട രസകരമായ ഒരു "സംഗതി". ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ സ്വന്തം കൊച്ചുതോട്ടത്തിലെ പച്ചക്കറി കൂട്ടി സമൃദ്ധമായി ഒരൂണ് കഴിക്കുന്നതിന്റെ സംതൃപ്തി എല്ലാർക്കും അറിഞ്ഞനുഭവിക്കാമല്ലോ?

മണ്ണൊരുക്കുന്നത് തുടങ്ങി വെള്ളം നനച്ചും കളപറിച്ചും, താങ്ങ് നാട്ടിയും പ്രാണി-മനുഷ്യ ആക്രമണങ്ങളിൽ നിന്ന് വിളകളെ സംരക്ഷിച്ചും ഒടുക്കം ഫോട്ടോ പിടിച്ചും ഈ പ്രക്രിയയുടെ വിത്തും വളവും വെയിലും വെള്ളവുമായി മാറിയ എന്റെ നല്ല പാതിക്ക് സമർപ്പിക്കട്ടെ ഈ പോസ്റ്റ്.