2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

ദൽഹി ഗാഥകൾ

മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ തന്റെ ജന്മ നാടിന്റെ കഥ പറഞ്ഞ് മലയാളിയെ വായനയുടെ പുതിയ തലങ്ങളിലേക്ക് വഴിനടത്തിച്ച മുകുന്ദൻ ദൽഹി ഗാഥകളിലൂടെ തന്റെ രണ്ടാം വീടായ (Second Home) ദൽഹിയുടെ ചരിത്രം പറയുകയാണ്. മുകുന്ദനെപ്പോലൊരു പ്രമുഖ കഥാകാരന്റെ ഒരു മഹത്തായ സൃഷ്ടി വായിച്ച് ഒരു അവലോകനം നടത്തുകയെന്നത് ശ്രമകരമായൊരു അഭ്യാസം തന്നെ! 2011 നവംബറിൽ പുറത്തിറങ്ങിയ ഒരു നോവലിന് പത്ത് മാസത്തിന് ശേഷം ഒരാസ്വാദനമെഴുതുന്നതിലെ നിരർത്ഥകതയും മുഴച്ചു നിൽക്കുന്നുണ്ട്. കേശവന്റെ വിലാപങ്ങളും ദൈവത്തിന്റെ വികൃതികളും മയ്യഴിപ്പുഴയുടെ തീരവുമൊക്കെ വായിച്ചപ്പോൾ തോന്നിയ എന്തോ ഒന്ന് ദൽഹി ഗാഥകൾ വായിച്ചപ്പോഴും തോന്നി. അതാണീ കുറിപ്പ്.

മലയാളത്തിൽ നിരവധി ചരിത്രനോവലുകൾ പിറവി കൊണ്ടിട്ടുണ്ട്. കഥയും ചരിത്രവും ഇഴചേർത്ത് രാഷ്ട്രീയ പാശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് മിക്ക കഥാകരന്മാരും ഈ രംഗത്ത് ഉപയോഗിച്ചിട്ടുള്ളത്. രാഷ്ട്രീയം നാടിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ അതിരില്ലാത്ത പങ്കുവഹിക്കുന്നതു കൊണ്ടാവാം എല്ലാ ചരിത്രനോവലുകളിലും സമകാലിക രാഷ്ട്രീയം വലിയ തോതിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മുകുന്ദന്റെ ദൽഹി ഗാഥകളും അതേ വഴിയിലാണ് നടക്കുന്നത്.



1960കളുടെ അവസാനത്തിൽ മലബാറിൽ നിന്നും തൊഴിലന്വേഷിച്ച് വൻനഗരങ്ങളിലേക്ക് കുടിയേറുന്നവരിലൊരുവനായി ഡൽഹിയിലേക്ക് കൽക്കരി വണ്ടി കയറിയ ഇരുപത്കാരനായ സഹദേവനിലൂടെ മുകുന്ദൻ തന്നെത്തന്നെയാണ് തുറന്നു കാട്ടുന്നത്. അരനൂറ്റാണ്ട് മുമ്പ് നാട്ടിൽ സാധാരണക്കാരെ അടക്കി ഭരിച്ചിരുന്ന പട്ടിണിയും പ്രയാസങ്ങളും സഹദേവന്റെ ദൽഹി യാത്രക്ക് വലിയ ലക്ഷ്യങ്ങളൊരുക്കിക്കൊടുത്തു. നാലു പതിറ്റാണ്ടിലധികം ദൽഹിയിൽ ജീവിച്ച മുകുന്ദൻ സഹദേവനിലൂടെ പരകായപ്രവേശം ചെയ്യുന്നത് ചരിത്രകാരന്മാർക്ക് പറയാൻ തിട്ടമില്ലാത്ത പല സത്യങ്ങളും ചരിത്രത്തിന്റെ ഭാഗമെന്നോണം വിളിച്ചു പറയാൻ വേണ്ടിയാണ്. ഈ സൗകര്യം നോവലിലുടനീളം ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

ദൽഹി ഗാഥകൾ സഹദേവന്റെ കഥയാണന്ന് പറഞ്ഞാൽ ശരിയല്ല. അയാൾ കഥ പറയുകയാണ്. ദൽഹിയുടെ കഥ. യുദ്ധങ്ങളുടെയും യുദ്ധാനന്തര ഭീതിയുടെടെയും കഥ, വർഗ്ഗവെറിയുടെയും ജാതിചിന്തയുടെയും കഥ, അടിയന്തിരാവസ്ഥയുടെ ഭീകരമായ നിശ്ശബ്ദദയുടെ കഥ, ഇന്ദിരാഗാന്ധിയുടെ പതനത്തിന്റെ കഥ, സിഖ് കൂട്ടക്കുരുതിയുടെ ഞെട്ടിപ്പിക്കുന്ന കഥ, ഒരിക്കലും അവസാനിക്കാത്ത പട്ടിണിയുടെ കഥ, പ്രവാസത്തിന്റെയും കുടിയേറ്റങ്ങളുടെയും കഥ, നഗരങ്ങളിലെ ആധുനികതയുടെ അധിനിവേശത്തിന്റെ കഥ.
"പ്രവാസ"ത്തിന്റെ  കഥാകാരൻ അര നൂറ്റാണ്ട് മുമ്പ് ദൽഹിയിലെ മലയാളി സമൂഹത്തിൽ നിലനിന്നിരുന്ന അടുപ്പവും ബന്ധങ്ങളിലെ ഊഷ്മളതയും മനോഹരമായി വരച്ചു കാട്ടുന്നു. എടുത്തു പറയാതെ പറഞ്ഞു വെക്കുന്ന രീതിയാണിവിടെ അവലംബിച്ചിരിക്കുന്നത്. നഗരത്തിന്റെ വളർച്ചയും ബന്ധങ്ങളിലെ തളർച്ചയും കഥയിലൂടെ വരച്ചിടുന്നുണ്ട്.

ചരിത്രകുതുകികൾക്ക് ഒരു നല്ല വായനയാണ് ദൽഹി ഗാഥകൾ നൽകുന്നത്. അടിയന്തിരാവസ്ഥയുടെ ഭീകരചിത്രം നമ്മുടെ മുൻപിൽ അനാവരണം ചെയ്യുന്നതിൽ മുകുന്ദൻ അനിതരസാധാരണമായ സാഹിതീപാടവം പ്രകടിപ്പിച്ചിട്ടുണ്ട്. നോവലിന്റെ മൂന്നിലൊന്ന് ഭാഗത്തോളം വരുന്ന തമോഗർത്തങ്ങൾ എന്ന് പേരിട്ട, അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ദീർഘവിവരണം ഒരുൾക്കിടിലത്തോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല. പുറത്ത് നിരത്തിലൂടെ കൊലവിളിയുമായി ഒരാൾക്കൂട്ടം പാഞ്ഞുപോകുന്ന പോലെ തോന്നിയാൽ, അടച്ചിട്ട ഉമ്മറവാതിലിൽ ആരോ ആഞ്ഞുമുട്ടുന്നുവെന്ന് തോന്നിയാൽ, കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ ദുർഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നതായി തോന്നിയാൽ, പേടിക്കേണ്ട, അത് മുകുന്ദന്റെ വിവരണത്തിലെ അതിവൈഭവം ഒന്നുകൊണ്ട് മാത്രമാണ്. അടിയന്തിരാവസ്ഥയെ കേട്ടു മാത്രമറിഞ്ഞ തലമുറക്കുള്ള ഒരു "ഡിഫേര്ഡ് ലൈവ്" പ്രക്ഷേപണമാണ് മുകുന്ദൻ നടത്തുന്നത്. സജ്ഞയ്‌ഗാന്ധിയുടെ അധികമാരും പറയാനിഷ്ടപ്പെടാത്ത മുഖവും ഇന്ദിരാഗാന്ധിയുടെ അധികമറിയപ്പെടാത്ത മുഖവും തുറന്നുകാട്ടുന്ന മുകുന്ദൻ കോൺഗ്രസ്സിനെ ശത്രുപക്ഷത്ത് നിർത്തിയാണ് ഒരു അനുഭവസ്ഥന്റെ ഹൃദയവേദന പങ്കുവെക്കുന്നത്. സജ്ഞയ്ഗാന്ധി നടപ്പാക്കിയിരുന്ന ക്രൂരമായ നിർബ്ബന്ധിത വന്ധ്യംകരണത്തെക്കുറിച്ചുള്ള നീണ്ടവിവരണങ്ങൾ വേദനയോടെ മാത്രമേ വായിച്ചു തീർക്കാൻ കഴിയൂ.

സഹദേവൻ കാണാൻ മറന്നതോ മുകുന്ദൻ എഴുതാൻ മറന്നതോ ആയ ചില പ്രധാന രാഷ്ട്രീയ ചരിത്രങ്ങളാണ് ചരൺസിംഗിന്റെയും മൊറാർജിയുടെയും കാലം. കാലമെന്ന് വിളിക്കപ്പെടാൻ മാത്രമില്ലെങ്കിലും കോൺഗ്രസ്സിതര ഇന്ത്യയുടെ ചരിത്രം പൂർണ്ണമായും അത് തന്നെയാണെന്നതാണ് ഈ വിട്ടുകളയലിനെ സംശയത്തോടെ മാത്രം നോക്കിക്കാണാൻ വായനക്കാരെ പ്രേരിപ്പിക്കുന്നത്.

സഹദേവൻ ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു, സംസാരമെല്ലാം തന്നോടു തന്നെയാരുന്നു എന്നു മാത്രം! മറ്റുള്ളവരോട് വളരെക്കുറച്ചു മാത്രം സംസാരിച്ചു. മലയാള ആനുകാലികങ്ങളും ഇംഗ്ലീഷ് സാഹിത്യവുമൊക്കെ നല്ലോണം വായിച്ചു, സാഹിത്യചർച്ചകളിൽ കേൾവിക്കാരനായി മാത്രം പങ്കുകൊണ്ടു. ദൽഹിയും ദൽഹിയിലെ താമസക്കാരും വളർന്നപ്പോൾ സഹദേവൻ തന്നിലേക്ക് തന്നെ ചുരുങ്ങി. അയാൾ ഒരു
നോവലെഴുതിക്കൊണ്ടിരിക്കുന്നുണ്ട്, വർഷങ്ങളായിട്ട്. ഇടക്കെപ്പോഴെങ്കിലും മൂഡ് വരുമ്പോൾ മാത്രമാണ് അയാളെഴുതുന്നത്. തന്റെ നോവലും തനിക്കു ചുറ്റുമുള്ള കുറെ പാവപ്പെട്ടവരുടെ സ്വപ്നങ്ങളും പേറിക്കൊണ്ടുള്ള തന്റെ ഡൽഹി ജീവിതം പതിറ്റാണ്ടുകൾ പിന്നിട്ടു എന്ന് തിരിച്ചറിയുമ്പോഴും സഹദേവന്റെ മനസ്സിൽ നിരാശയോ പരാതികളോ ഇല്ല. അവസാനഭാഗമെത്തുമ്പോഴേക്കും ഒരിക്കലും അവസാനിക്കാത്ത ആ നോവലാണ് സഹദേവനെ ജീവിപ്പിക്കുന്നതെന്ന് തോന്നും. അത് ചരിത്രമാണ്, അവസാനിക്കാത്ത ചരിത്രം, ഓരോ ദിനാരംഭത്തിലും വളർന്നുകൊണ്ടിരിക്കുന്ന ചരിത്രം, എവിടെയോ തുടങ്ങി ഇന്നും ഒടുങ്ങിയിട്ടില്ലാത്ത ആ ചരിത്രമാണ് സഹദേവന്റെ നോവലിലൂടെ മുകുന്ദൻ നമ്മോട് പറയുന്നതും.

നോവലിലെ നാല് പ്രധാന സ്ത്രീ കഥാപാത്രങ്ങളും കത്തുകളിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന വനജയും കരുത്തുറ്റ കഥാപാത്രങ്ങളാണ്. അവർ പത്രസ്ഥാപനങ്ങളിൽ പണിയെടുക്കുകയോ നോവലെഴുതുകയൊ യൂണിയൻ പ്രവർത്തനം നടത്തുകയോ ഒന്നും ചെയ്യാതെ തന്നെ വിപ്ലവം നടത്തുന്നുണ്ട്. സാഹചര്യങ്ങളോട് മല്ലടിച്ച് കുടുംബം പോറ്റി വളർത്തി ഒടുക്കം ഡൽഹിയോട് വിട പറയുന്ന വിധവയായ ദേവിയും, ഒരു കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആഗ്രഹം മാത്രം ഉദരത്തിൽ പേറി നടന്ന് ഒടുവിൽ പ്രമുഖ പ്രസിദ്ധീകരണാലയത്തിൽ ഉന്നത ജോലിയിലെത്തിച്ചേർന്ന്കുഞ്ഞിനെ ദത്തെടുത്ത് ഒറ്റക്ക് ജീവിക്കാൻ തീരുമാനിക്കുന്ന ലളിതയും സാധാരണക്കാരായ ഗ്രാമീണസ്ത്രീകളായിട്ടാണ് കഥയിൽ രംഗപ്രവേശം ചെയ്യുന്നത്. വിപ്ലവത്തിന്റെ വഴിയേ നടന്ന് തന്റെ പ്രത്യയശാസ്ത്രവീഥിയിൽ ഒരു സാമൂഹ്യജീവിയായി ആദ്യാന്ത്യം ഉറച്ചു നിൽക്കുന്ന ജാനകിക്കുട്ടി, നഗരങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്ന പാശ്ചാത്യജീവിതശൈലിയെ കഥയിലേക്ക് വലിച്ചുകൊണ്ടുവരുന്നുണ്ടെങ്കിലും, വിപ്ലവ പാതയിലും ഒളിജീവിതത്തിലും ഇതേ ജീവിതമായിരുന്നു ആണും പെണ്ണും നയിച്ചിരുന്നതെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുകൾ വായനക്കാരെ നിശബ്ദരാക്കുന്നു.


തൊഴിലാളി യൂനിയൻ നേതാവും ഉറച്ച ഇടതുപക്ഷക്കാരനുമായ ശ്രീധരനുണ്ണി ഹൃദയാഘാതം വന്ന് മരിച്ചത് ചൈന ഇന്ത്യയെ ആക്രമിച്ചതിലെ മനോവിഷമം മൂലമാണെങ്കിൽ, അതേ ശ്രീധരനുണ്ണിയുടെ മകൻ സത്യനാഥൻ എന്ന പത്രപ്രവർത്തകൻ പിൽക്കാലത്ത് ആർഭാടജീവിതം നയിച്ച് സുഖങ്ങൾ തേടിപ്പോയി. പതിറ്റാണ്ടുകളിലൂടെ പരിവർത്തനം ചെയ്യപ്പെട്ട, നമ്മുടെ നാട്ടിലെ മാർക്സിയൻ തലമുറകൾക്കിടയിലെ അന്തരത്തെയും രാഷ്ട്രീയബോധത്തെയും സൈന്താന്തികാവബോധത്തെയുമാണ് ശ്രീധരനുണ്ണിയിൽ നിന്നും സത്യനാഥനിലേക്കുള്ള ദൂരം പ്രതിനിധാനം ചെയ്യുന്നത്.


നെന്മണ്ട വാസുദേവപ്പണിക്കർ എന്ന വാസുവിന് കഥയിൽ എന്തു ഭാഗദേയമാണുള്ളതെന്ന് ചിന്തിച്ചെടുക്കാൻ കഴിയുന്നില്ല. ഹരിലാൽ ശുക്ലയെന്ന ജാതിക്കോമരത്തിലൂടെ ഇന്ത്യയുടെ തീരാശാപമായ ജാതീയതയെ  വരച്ചുകാട്ടാനുള്ള ഒരു മുഷിഞ്ഞ കാൻവാസായിട്ടാണ് വാസുവിനെ മുകുന്ദൻ ദൽഹിയിലെത്തെച്ചെതെന്ന് തോന്നുന്നു. ലോകത്ത് നടക്കുന്നതൊന്നും ബാധിക്കപ്പെടാത്ത പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയാണ് വാസുവെന്ന് വേണമെങ്കിൽ പറയാം. ദൽഹിയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ എല്ലാ ചലനങ്ങളോടും പുഛത്തോടെ മാത്രം പ്രതികരിക്കുന്ന, അല്ലെങ്കിൽ ഒരു പ്രതികരണവും കാണിക്കാത്ത വാസുവിലൂടെ അതിജീവനത്തിന്റെ ഒരു സാധ്യതയാവാം എഴുത്തുകാരൻ പറയാനുദ്ദേശിച്ചത്. പട്ടിണിപ്പരിവട്ടങ്ങളുടെ റിപ്പബ്ലിക്കിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പെയിന്റിംഗ് വ്യവസായം പൊടിപൊടിക്കുന്നത് വരച്ചുകാട്ടാനാണ് വാസു ജന്മമെടുത്തതെന്നും വേണമെങ്കിൽ കരുതാം.

മുകുന്ദൻ ദൽഹിയെ നമ്മുടെ മുന്നിൽ വരച്ചിടുകയാണ് ഈ നോവലിൽ. ഓരോ പാതകളും, ഇടുങ്ങിയ ഗലികളും, പാർക്കുകളും യമുനാ തീരവും, സർക്കാർ മന്ദിരങ്ങളും ലൈബ്രറികളും ബസ് സ്റ്റോപ്പുകളും കോളനികളും നിരത്തുവക്കിലെ കൊച്ചു ദാബകളും റൊട്ടികടകളും എന്തിന് നഗരക്കാഴ്ച നിശ്ശബ്ദം നോക്കിക്കാണുന്ന പ്രതിമകൾ വരേ  സംസാരിക്കുന്ന ഒരു ഭൂപടത്തിലെന്നവണ്ണം നമ്മുടെ മുന്നിൽ നിവർത്തി വെച്ചിരിക്കുന്നു.


ഓരോ കഥാപാത്രങ്ങളും ഇരിക്കുന്നത് ഓരോ കൈവഴികളുടെ അറ്റത്താണ്. അവർ വായനക്കാരനെ കൈപിടിച്ച് നടത്തുന്നത് അവരുടെതായ ലോകത്തിലേക്കാണ്. ചുവന്ന തെരുവുകളും പോലീസ് ഥാനകളും, കടും നിറത്തിലുള്ളതും അല്ലാത്തതുമായ വസ്ത്രങ്ങൾ വിൽക്കുന്ന കടകളും നമുക്ക് കാണിച്ചു തരുന്നത് റോസിലി എന്ന റോസക്കുട്ടിയാണെങ്കിൽ, വാറ്റുകേന്ദ്രങ്ങളിലൂടെയും ഫർണീച്ചർ കടകൾ നിരന്ന ഗലികളിലൂടെയും നമ്മെ വഴി നടത്തുന്നത് ഉത്തം സിങ്ങാണ്. പട്ടിണിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും നടത്തം ഇഷ്ടപ്പെട്ടിരുന്ന സഹദേവനാണ് ദൽഹിയുടെ ബാക്കിഭാഗം നമുക്ക് വിവരിച്ച് തരുന്നത്. അയാളുടെ യാത്രകൾ മിക്കപ്പോഴും ഒടുങ്ങുന്നത് ശ്രീധരനുണ്ണിയുടെയോ കുഞ്ഞികൃഷണന്റെയോ വീട്ടിലോ, അല്ലെങ്കിൽ ലൈബ്രറികളിലോ സാഹിതീ സംഘങ്ങളിലോ ആണ്. തന്റെ ജോലിയുടെ ഭാഗമായും അല്ലാതെയും സഹദേവൻ പുകവലിച്ച് കൊണ്ട് നടക്കാത്ത പാതകൾ ദൽഹിയിൽ കാണില്ല.

സഹദേവൻ തന്റെ സമയം കാണിക്കാത്ത വാച്ച് "വേണമെങ്കിൽ യമുന അത് നന്നാക്കിയെടുത്ത് ഉപയോഗിച്ചോട്ടെ" എന്നും പറഞ്ഞുകൊണ്ട് യമുനയിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. യമുനയും സഹദേവനും ഒരിക്കലും അത് നന്നാക്കാൻ പോകുന്നില്ല. ദൽഹിയുടെ ചരിത്രത്തിന് മൂകസാക്ഷിയായി ഒഴുകുന്ന യമുനാനദിയുടെ നിശബ്ദതയും നിർവ്വികാരതയും മാത്രമേ സഹദേവനും  പ്രകടിപ്പിക്കുന്നുള്ളൂ, അല്ലെങ്കിൽ കഥാഗതിയെ ഒട്ടും നിയന്ത്രിക്കാത്ത കേന്ദ്രകഥാപാത്രമാണ് സഹദേവൻ. വർഷകാലങ്ങളിൽ യമുന കാണിക്കുന്ന ക്ഷോഭമോ വികൃതിയോ പോലും സഹദേവൻ കാണിക്കുന്നില്ല. തുർക്‌മാൻ ഗേറ്റിൽ തന്റെ ബിസിനസ്സ് സ്ഥാപനമുൾപ്പെടെ ബുൾഡോസറുകൾ ഇടിച്ചു നിരത്തിയപ്പോൾ മാത്രമാണ് സഹദേവൻ ഒരിക്കലെങ്കിലും പ്രതിഷേധത്തിന്റെ സ്വരമുയർത്തുന്നത്.

അൽഫൊസാച്ചനെപ്പോലെ, ദാസനെപ്പോലെ, കേശവനെപ്പോലെ സഹദേവനും ഒരു നിർഗുണനാണെന്ന് നിസ്സംശയം പറയാം. മറ്റുള്ളവർക്ക് വേണ്ടി ജീവിതം നശിപ്പിച്ചവൻ. "പപ്പാ എനിക്കാരെയും കുത്താനാകില്ല, വേണമെങ്കിൽ എന്നെത്തന്നെ കുത്താം" എന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസൻ പറയുന്നതുപോലെ സഹദേവനും പറയുന്നുണ്ട്, അതേ സ്വരം അതേ ഭാവം.


കേന്ദ്രകഥാപാത്രം നായകപരിവേഷമുള്ളയാളായിരിക്കണമെന്ന മിത്തിനെ പൊളിച്ചുകാട്ടാൻ മുകുന്ദൻ മിക്ക നോവലുകളിലും ശ്രമിച്ചിട്ടുണ്ട്. തന്റെ തൂലികയിലൂടെ ഊർന്നിറങ്ങുന്ന കഥാപാത്രങ്ങൾ എങ്ങിനെ പെരുമാറണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനുണ്ട്. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും പരക്കം പാച്ചിലിന്റെ അർത്ഥശൂന്യതയെക്കുറിച്ചും വായനക്കാരനെ തെര്യപ്പെടുത്താനായിരിക്കാം ഇത്തരത്തിലുള്ള കേന്ദ്രകഥാപാത്രങ്ങൾക്ക് മുകുന്ദൻ ജന്മം നൽകുന്നത്. അതേ വികാരം തന്നെയായിരിക്കാം ഒരു എസ് എം എസ് വഴി അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കാനുള്ള മുകുന്ദന്റെ തീരുമാനത്തിനു പിന്നിലും.


മനോഹരമായ വലിയ ഒരു ഗ്രാമമായിരുന്ന പഴയ ദില്ലിയിൽ നിന്നും സൗന്ദര്യം നഷ്ടപ്പെട്ട ഒരു വൻനഗരമായ ഇന്നത്തെ ഡൽഹിയിലേക്കുള്ള പരിവർത്തനത്തിന്റെ ഈ ചരിത്രാഖ്യായിക തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മഹത്തായ കൃതിയാണ് എന്ന് നിസ്സംശയം പറയാം. ഡീ. സീ. ബുക്സ് പ്രസിദ്ധീകരിച്ച 494 പേജുള്ള ഈ നോവലിന്റെ ആദ്യ 3500 പതിപ്പുകൾ വ്യത്യസ്ത പുറംചട്ടയോടെയാണ് വിപണിയിലെത്തിയിട്ടുള്ളത്. 1960 മുതലുള്ള മനോരമ പത്രത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട മുൻപേജുകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. മണലിലും മറ്റും മോടിപിടിപ്പിച്ച പുറം ചട്ടയുള്ള പുസ്തകമാണ് ഞാൻ വായിച്ചത്.

ഈ വർഷത്തെ കമലാ സുരയ്യ പുരസ്കാരം ഈ നോവലിന്ന് ലഭിച്ചിട്ടുണ്ട്.

70 അഭിപ്രായങ്ങൾ:

  1. ദൽഹി ഗാഥകൾ സഹദേവന്റെ കഥയാണന്ന് പറഞ്ഞാൽ ശരിയല്ല. അയാൾ കഥ പറയുകയാണ്. ദൽഹിയുടെ കഥ. യുദ്ധങ്ങളുടെയും യുദ്ധാനന്തര ഭീതിയുടെടെയും കഥ, വർഗ്ഗവെറിയുടെയും ജാതിചിന്തയുടെയും കഥ, അടിയന്തിരാവസ്ഥയുടെ ഭീകരമായ നിശ്ശബ്ദദയുടെ കഥ, ഇന്ദിരാഗാന്ധിയുടെ പതനത്തിന്റെ കഥ, സിഖ് കൂട്ടക്കുരുതിയുടെ ഞെട്ടിപ്പിക്കുന്ന കഥ, ഒരിക്കലും അവസാനിക്കാത്ത പട്ടിണിയുടെ കഥ, പ്രവാസത്തിന്റെയും കുടിയേറ്റങ്ങളുടെയും കഥ, നഗരങ്ങളിലെ ആധുനികതയുടെ അധിനിവേശത്തിന്റെ കഥ.

    മറുപടിഇല്ലാതാക്കൂ
  2. ദല്‍ഹി ഗാഥകള്‍ വായിച്ചിട്ടില്ല. വളരെ സമയമെടുത്തു സൂക്ഷ്മതയോടെ എഴുതിയ ഈ ആസ്വാദനക്കുറിപ്പ് നോവലിലെക്കുള്ള ശരിയായ ചൂണ്ടു പലകയായി തോന്നി. വിശദമായ കുറിപ്പിനും നല്ല ഭാഷക്കും സൂക്ഷ്മ വായനക്കും അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ


  3. ദല്‍ഹി ഗാഥകള്‍ ഞാന്‍ വായിച്ചിട്ടില്ല. പുസ്തക വായന വളരെ കുറവാണ് എനിക്ക്. എന്നാലും ഈ ലേഖനം എന്നെ ഒരുപാട് ആകര്‍ഷിച്ചു. വളരെ മനസ്സിരുത്തി , സൂക്ഷ്മമായി വിലയിരുത്തിയത് കൊണ്ടാണ് താങ്കള്‍ക്കു വളരെ നന്നായി ഈ ലേഖനം എഴുതാന്‍ കഴിഞ്ഞത്. നിരൂപണ ഭാഷ അതി മനോഹരമായി തോന്നി. ഓരോ കഥാപാത്രങ്ങളെയും ഓരോ ഫ്രേമില്‍ ഇരുത്തി കൊണ്ട് തന്നെ പരിചയപ്പെടുത്തുന്ന ഒരു പ്രതീതി ഉളവാക്കിയ എഴുത്ത് ശൈല്യായി ഇതിനെ പറയാം. അത് കൊണ്ട് തന്നെ ഈ പുസ്തകം വായിക്കാനുള്ള ഒരു പ്രേരണ ഈ ലേഖനത്തിലൂടെ കിട്ടുന്നു. മാത്രവുമല്ല, ഇത്രയും വിവരണം നല്‍കുന്നതിലൂടെ യഥാര്‍ത്ഥ പുസ്തകം വായിക്കുമ്പോള്‍ വായനക്കാരന് കിട്ടുന്ന ആസ്വാദനവും ഇതിലൂടെ നഷ്ടപ്പെടുന്നില്ല.

    വായനയെ പ്രോത്സാഹിപ്പിക്കുന്ന , പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ഇത്തരം ശ്രമങ്ങള്‍ ഇനിയും നടത്തുക ...

    ചീരാ...എല്ലാ വിധ ആശംസകളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കേണ്ട പുസ്തകമാണ്. നല്ല ആഖ്യാനശൈലി. ചരിത്രപശ്ചാതലവും. രാഷ്ട്രീയത്തിൽ ഇത്തിരി താത്പര്യ്മ് കൂടിയുണ്ടെങ്കിൽ വായന ബഹുജോറാകും.

      ഇല്ലാതാക്കൂ
  4. ഈ നല്ല സൂക്ഷ്മമായ വായനക്കും വിശദമായ കുറിപ്പിനും ആശംസകള്‍ . നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ദല്‍ഹി ഗാഥ : തീര്‍ച്ചയായും വായിക്കണം .
    ഇത്രയും മനസ്സിരുത്തി വായിച്ചു ഇങ്ങിനെ ഒരു ആസ്വാദന കുറിപ്പ് എഴുതുവാനുള്ള കഴിവിനെ അഭിനന്ദിക്കാതെ വയ്യ.
    നന്ദി ഈ പങ്കുവെക്കലിനു

    മറുപടിഇല്ലാതാക്കൂ
  6. നല്ല നിലവാരമുള്ള ഒരവലോകനം. എന്നെപ്പോലെ, പുസ്തകം ഇതുവരെ വായിച്ചിട്ടില്ലാത്തവരെ വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കേണ്ട പുസ്തകമാണ്. വായനക്കും, നല്ല വാക്കുകൾക്കും ഹൃദയംഗമമായ നന്ദി

      ഇല്ലാതാക്കൂ
  7. പുസ്തകം നന്നായി വായിച്ച ഒരാള്‍ എഴുതിയ കുറിപ്പ് വായിക്കുന്നത് പുസ്തകം വായിക്കുന്നത്രയും ശ്രമകരവും അത്ര തന്നെ ആഹ്ലാദകരവുമാണ്. പുസ്തകത്തെ ശരിക്കും മനസ്സിലാക്കി എഴുതി. വളരെ നന്നായി എന്ന് പറഞ്ഞുകൊള്ളട്ടെ. ഇനിയും എഴുതുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും, നല്ല വാക്കുകൾക്കും ഹൃദയംഗമമായ നന്ദി

      ഇല്ലാതാക്കൂ
  8. വായനാശീലം ഇല്ലാത്തവരിലും, ആ ശീലം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കും ഇതുപോലെ പുസ്തങ്ങളെ പരിചയപ്പെടുത്തുമ്പോള്‍. ഒന്നില്‍കൂടുതല്‍ തവണ വായിച്ചാലും ഒരു പുസ്തകത്തെ ഇതുപോലെ പരിചയപ്പെടുത്താന്‍ എനിക്കാവില്ല. അതിമനോഹരമായിരിക്കുന്നു ഈ ആസ്വാദന കുറിപ്പ്. ഇനിയും ഇതുപോലെ പുസ്തകങ്ങളെ പരിചയപ്പെടുത്താന്‍ താങ്കള്‍ക്കു കഴയട്ടെ എന്ന് ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. ദല്‍ഹി ഗാഥകള്‍ വായിച്ച ഹാങ്ങോവറിലാണ് അന്‍വര്‍ ഇതെഴുതിയതെന്നുറപ്പ്. അതാകട്ടെ അടുത്തൊന്നും നിങ്ങളെ വിട്ടു പിരിയാനും പോകുന്നില്ല. രണ്ടു മാസം മുന്‍പാണ് വായിച്ചതെങ്കിലും എനിക്കിപ്പോഴും തോന്നുന്നു ഇപ്പോള്‍ അടച്ചുവച്ചതേ ഉള്ളൂ എന്ന്. അഞ്ചു പതിറ്റാണ്ട് നീളമുള്ള വലിയ ക്യാന്‍വാസില്‍ ഒരു നടിന്‍റെയും, അതുവഴി അതുള്‍ക്കൊള്ളുന്ന രാജ്യത്തിന്‍റെയും, വളര്‍ച്ചയും തളര്‍ച്ചയും മുകുന്ദന്‍ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ‘പ്രവാസം’ വരെയുള്ള മുകുന്ദന്‍ നോവലുകളിലെ കഥാപാത്രങ്ങളെല്ലാം വായനക്കാരന് സ്നേഹിക്കാന്‍ തോന്നാത്ത അസ്ഥിത്വവ്യഥയനുഭാവിക്കുന്ന വിചിത്രജീവികളായിരുന്നു. പ്രവാസത്തില്‍ സ്ഥിതി മാറി നായകനോട് നിങ്ങള്‍ക്ക്‌ അനുകമ്പ തോന്നിത്തുടങ്ങി. ദല്‍ഹി ഗാഥകളിലെ സഹദേവനെ നിങ്ങള്‍ ആദരിച്ചു പോകും.
    രാജ്യം ഒരുപാട് വികാസപരിണാമങ്ങളിലൂടെ കടന്നുപോയി. രാഷ്ട്രവണ്ടിയുടെ പരശ്ശതം ചക്രങ്ങളില്‍ ചിലത് മാത്രം തിരിഞ്ഞു മുന്‍പോട്ട് നീങ്ങി. ബാക്കി അവിടെ തന്നെ കറങ്ങിനിന്നു. രാഷ്ട്രഗാത്രത്തിന്‍റെ ഒരു ഭാഗം വികസിച്ചുവന്നു. മറ്റുഭാഗങ്ങള്‍ ശോഷിച്ചു. ദാസപ്പനും ജമാലുദ്ദീനും എന്നും കുമ്പിളില്‍ കഞ്ഞികുടിച്ചു.
    യുദ്ധങ്ങള്‍, പട്ടിണി, അടിയന്തരാവസ്ഥ,ഇന്ദിരാഗാന്ധി വധം, സിഖ്‌ കൂട്ടക്കൊല, അതിരുകള്‍ ഭേദിച്ച് മൂലധനം ഒഴുകിയുണ്ടായ ആഗോളീകരണത്തിന്‍റെ തുറന്നിടപ്പെട്ട സാധ്യതകള്‍, അതേസമയം ഭീഷണമായ അതിന്‍റെ ആര്‍ത്തിയും ക്രൗര്യവും എല്ലാം ഭംഗിയായി വരച്ചിട്ടിരിക്കുന്നു. 494 പേജുള്ള നോവലില്‍. കയ്യിലെടുത്താല്‍ തീര്‍ന്നതിന് ശേഷമേ നിലത്ത് വയ്ക്കൂ.ഒന്നും വിടാതെ സൂക്ഷമമായി വിലയിരുത്തിയ പ്രിയ സ്നേഹിതന് അഭിനന്ദനങ്ങള്‍., ഇനിയും പുതിയ പുസ്തകങ്ങളുമായി വരിക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യമായി ഈ പുസ്തകം വായിക്കാൻ തന്നതിനുള്ള കടപ്പാട് രേഖപ്പെടുത്തട്ടെ! ആസ്വാദനം വായിച്ച് അഭിപ്രായങ്ങളറിയിച്ചതിനുള്ള നന്ദിയും. അടുത്ത കാലത്ത് വായിച്ച് ഏറ്റവും നല്ല മലയാള നോവലാണ് ദൽഹി ഗാഥകൾ! ശരിയാണ് വായന കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഹാങ്ങ് ഓവർ തെല്ലും മാറിയിട്ടില്ല. പുകവിട്ടു കൊണ്ട് നിരത്തു വക്കിലൂടെ നടക്കുന്ന സഹദേവന്റെ പിന്നാലെത്തന്നെയാണിപ്പോഴും! ചവിട്ടിമെതിക്കപ്പെടുന്ന ഒരു ജനവിഭാഗത്തെക്കുറിച്ചോർത്ത് നോവുന്ന ഏതോ അരവയവം ഉള്ളിലുള്ളതിനാലാവാം, എഴുത്തുകാരന്റെ വേദന അങ്ങിനെത്തന്നെ പകർന്നിരിക്കുന്നു.

      ഇല്ലാതാക്കൂ
  10. എളുപ്പത്തില്‍ ഒരു പുസ്തകം വായിച്ച തൃപ്തി നല്‍കാന്‍ അവലോകനത്തിലൂടെ സമ്മാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകം ഇനി എന്ന് വായിക്കാന്‍ കഴിയും എന്നറിയില്ല. ആഴത്തിലുള്ള ഈ പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. സൂക്ഷ്മമായ വായനക്കുശേഷം നടത്തിയ വലിയവലിയ നീരിക്ഷണങ്ങളും ഈ കുറിപ്പില്‍ നിന്നും തെളിയുന്നുണ്ട് നല്ല പോസ്റ്റ്‌ അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  13. ദല്‍ഹി ഗാഥവായിച്ചിട്ടില്ല. പക്ഷെ വായിക്കാന്‍ പ്രേരിപ്പിച്ച റിവ്യൂ ..
    മയ്യഴി പ്പുഴയുടെ തീരങ്ങളില്‍, എന്നാ ഒരൊറ്റ നോവല്‍ മതി മുകുന്ദനെ നെഞ്ചിലേറ്റാന്‍

    മറുപടിഇല്ലാതാക്കൂ
  14. വിവരണം വായിച്ചു... പുസ്തകം വായിക്കാന്‍ അവസരം കിട്ടുമോ എന്നറിയില്ല.. ഡീസീ ബുക്സാണെന്നു തോന്നുന്നു പ്രസിദ്ധീകരിച്ചത്‌.. , ഡീസീ ബുക്ക്‌ സ്റ്റാളില്‍ കിട്ടുമായിരിക്കുമല്ലേ...

    വിവരണം നന്നായിട്ടുണ്ട്.... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  15. പുസ്തകത്തിന്റെ ഓരോ അംശവും വ്യത്യസ്ത നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി ഒരു കൃത്യമായ അവലോകനം ഈ പരിചയപ്പെടുത്തലില്‍ കണ്ടു.

    പുസ്തകം വായിച്ചിട്ടില്ല. ഈ പരിചയപെടുത്തല്‍ ആരെയും അത് വാങ്ങി വായിക്കാന്‍ പ്രേരിപ്പിക്കും എന്ന് നിസ്സംശയം പറയാം. അത്രയ്ക്ക് നന്നായി ഈ പുസ്തക പരിചയം.

    ആശംസകള്‍ അന്‍വര്‍

    മറുപടിഇല്ലാതാക്കൂ
  16. സംഭവങ്ങളുടെയും വ്യക്തികളുടെയും കാലഘട്ടത്തിന്റെയും ആധിക്യം കൊണ്ടാവാം വേഗത്തിൽ ചുരുക്കി പറഞ്ഞ് തീർത്തതുപോലുള്ള ഒരനുഭവം വായനയിൽ എനിക്ക് ഉണ്ടായത്.

    മറുപടിഇല്ലാതാക്കൂ
  17. വളരെ സൂക്ഷ്മമായി, നല്ല ഭാഷയില്‍ നല്ലൊരു അവലോകക്നം. പുസ്തകം വായിക്കണം എന്ന ഒരു തോന്നല്‍ ഇതിലൂടെ ഉണ്ടാക്കുന്നു. അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  18. പുസ്തകം വായിക്കാന്‍ കഴിഞ്ഞിട്ടില്ല ഇതേ വരെ ,വായിക്കണം എന്ന തോന്നലുണ്ടാക്കാന്‍ ഈ നിരൂപണത്തിനു കഴിഞ്ഞിരിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  19. മുകുന്ദന്റെ മയ്യഴിപ്പുഴയും ദൈവത്തിന്റെ വികൃതികളും മാത്രമേ വായിച്ചിട്ടുള്ളു
    കുറച്ച് ചെറുകഥകളും

    പിന്നെ മുകുന്ദനോട് ഒരു വികര്‍ഷമുണ്ടായത് ഡിനോസര്‍ ചെറുകഥയോടെയാണ്
    എന്നാലും ഈ അവലോകനം വായിക്കുമ്പോള്‍ പുസ്തകം വായിക്കണമെന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  20. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  21. സംഭവബഹുലമായ ഒരു രാഷ്ട്രീയസാഹചര്യത്തിലായിരുന്നു മുകുന്ദന്റെ ഡല്‍ഹി വാസം. സഹദേവനിലൂടെയും,മറ്റു കഥാപാത്രങ്ങളിലൂടെയും ഒരു കാലഘട്ടം മുഴുവന്‍ ഡല്‍ഹിഗാഥകളിലൂടെ മുകുന്ദന്‍ സൂക്ഷ്മമായി പകര്‍ത്തി. സര്‍ഗസൃഷ്ടി എന്നതിനപ്പുറം, ചരിത്രകുതുകികള്‍ക്കും രാഷ്ട്രീയതല്‍പ്പരര്‍ക്കും ഒരു റഫറന്‍സ് ആയി ഉപയോഗിക്കാവുന്ന ഈ നോവലിനെ വളരെ നന്നായി പരിചയപ്പെടുത്തി....

    പ്രധാന അംശങ്ങളൊന്നും വിട്ടു പോവാതുള്ള പരിചയപ്പെടുത്തല്‍. അന്‍വര്‍ നന്നായി ഹോംവര്‍ക്ക് ചെയ്തിരിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  22. മുകുന്ദന്റെ മിക്ക പുസ്തകങ്ങളും എന്റെ കയ്യില്‍ ഉണ്ട്. എനിക്ക് വാങ്ങണം ഇത്. നന്ദി ഈ നല്ല അവലോകനത്തിനു

    മറുപടിഇല്ലാതാക്കൂ
  23. വായിക്കാത്ത ഈ പുസ്തകത്തെ കുറിച്ച് വായിച്ച പ്രതീതി നല്‍കിയ ഈ കുറിപ്പിനും കുറിപ്പുകാരനും ഒരായിരം ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  24. മുകുന്ദന്റെ ഇഷ്ടവിഭവം ആയ ദില്ലി..അതിന്റെ സ്വാദ്‌ ഒട്ടും ചോരാതെ വിളമ്പി

    മറുപടിഇല്ലാതാക്കൂ
  25. മുകുന്ദന്റെ ഇഷ്ടവിഭവം ആയ ദില്ലി..അതിന്റെ സ്വാദ്‌ ഒട്ടും ചോരാതെ വിളമ്പി

    മറുപടിഇല്ലാതാക്കൂ
  26. മുകുന്ദന്റെ ഇഷ്ടവിഭവം ആയ ദില്ലി..അതിന്റെ സ്വാദ്‌ ഒട്ടും ചോരാതെ വിളമ്പി

    മറുപടിഇല്ലാതാക്കൂ
  27. ദെല്‍ഹി ഗാഥകള്‍ ഞാനും വായിച്ചിരുന്നു. മാത്രമല്ല ഷാര്‍ജ പുസ്തകോത്സവത്തില്‍ വെച്ച് ഇതിന്റെ പ്രകാശന ചടങ്ങില്‍ നമ്മള്‍ കുറച്ചു ബ്ലോഗേര്‍സ് പങ്കെടുത്തിരുന്നു. ശ്രീ മുകുന്ദന്‍ ഈ നോവലിനെ കുറിച്ചും ദെല്‍ഹി ജീവിതത്തെ കുറിച്ചുമൊക്കെ ആ ചടങ്ങില്‍ സംസാരിച്ചിരുന്നു .ആരിഫ്ക്ക പറഞ്ഞ പോലെ വായനയ്ക്ക് ശേഷം കുറച്ചു ദിവസം ഇതിന്റെ ഹാങ്ങ്‌ ഓവറില്‍ ആയിരുന്നു ഞാനും. മനോഹരമായ ഈ ആസ്വാദന കുറിപ്പ് വായിക്കുന്നവര്‍ക്ക് ഈ നോവല്‍ വായിക്കാന്‍ ഒരു പ്രേരണയുണ്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

    മറുപടിഇല്ലാതാക്കൂ
  28. ഷാര്‍ജ ബുക് ഫെസ്റ്റില്‍നിന്നാണ് ഞാന്‍ ഈ പുസ്തകം വാങ്ങിച്ചത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനും ശ്രീ. മുകുന്ദനെകൊണ്ട് കയ്യൊപ്പ് ഇടീക്കാനും അന്ന് പറ്റി.

    അന്‍വര്‍ ഈ പുസ്തകത്തെ 100% നീതിപുലര്‍ത്തി വിവരിച്ചിരിക്കുന്നു. ആരിഫ്കയുടെ കമനുകൂടെ ചേര്‍ത്തുവായിച്ചാല്‍ പൂര്‍ണ്ണം.

    മറുപടിഇല്ലാതാക്കൂ
  29. ഇത് വാങ്ങിക്കാതെ പോന്ന നിമിഷത്തെ ഓര്‍ത്തു ഇതുവരെ വിഷമം തോന്നിയിരുന്നില്ല. ഈ കുറിപ്പ് വായിച്ചപ്പോള്‍ അങ്ങിനെ തോന്നി ."ദല്‍ഹി ഗാഥകള്‍ "പരിചയപ്പെടുത്തിയത് മകച്ച രീതിയിലാണ്. മുകുന്ദന്റെ കൃതിലെ വളരെ ഇഷ്ടപ്പെടുന്ന നിലക്ക് ഇതോരുനഷ്ടം തന്നെയാണ്.
    ഷഫീക് , എല്ലാവരെയും വായിക്കാന്‍ പ്രേരിപ്പിക്കുക എന്നതുകൂടിയാണ് ഒരു പുസ്തക പരിചയത്തിന്റെ ലക്‌ഷ്യം. അത് ഭംഗിയായി ഇവിടെ നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  30. അതീവ ഗൌരവതോടെയുള്ള ഈ വായനയും ആസ്വാദനവും വളരെ നന്നായി.. പുസ്തകം വായിച്ചില്ലെങ്കിലും ഇനി വായിക്കാനുള്ള ആഗ്രഹം ഉളവാക്കാന്‍ ഈ കുറിപ്പ് സഹായിച്ചു.. അഭിനന്ദനങ്ങള്‍.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  31. എനിക്കിഷ്ടാണ് അദ്ധേഹത്തേ വായിക്കാന്‍ ..
    " ഡല്‍ഹി ഗാഥകള്‍ " വായിച്ച അതേ പ്രതീതി ..
    നന്നായി എഴുതി ചേര്‍ത്തിരിക്കുന്നു , വായനയില്‍
    ഉള്ളില്‍ പതിഞ്ഞതെല്ലാം കൂട്ടുകാരന്‍..
    ഒരു രൂപം മനസ്സിലേക്ക് കടന്നു വന്നേട്ടൊ..
    ഇത്ര നന്നായി ഒരു പുസ്തക വിവരണം അടുത്തെങ്ങും
    വായിച്ചിട്ടില്ലേട്ടൊ , അഭിനന്ദനങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  32. ദല്‍ഹി ഗാഥകള്‍ ഞാന്‍ വായിച്ചിട്ടില്ല..ഈ അവലോകനം വായിച്ചപ്പോള്‍ പുസ്തകം വായിക്കണമെന്ന് തോന്നുന്നു...!
    ഈ പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു...!

    മറുപടിഇല്ലാതാക്കൂ
  33. വളരെ ആഴത്തില്‍ തന്നെ കഥാപാത്ര വിശകലനം നടത്തി വായനക്ക് പ്രേരിപ്പിക്കുന്ന ഹൃദ്യമായ ഈ അവലോകന കുറിപ്പിന് ആദ്യമേ നന്ദി പറയുന്നു. ഇത് വരെ 'ഡല്‍ഹി ഗാഥകള്' വായിച്ചിട്ടില്ല. മുകുന്ദന്റെ രചനകള്‍ ഇഷ്ടമാണ്.അന്‍വറിന്റെ അവലോകന കുറിപ്പ് വായിച്ചപ്പോള്‍ നോവല്‍ വായിക്കാനുള്ള പ്രേരണ ശക്തമാകുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഭീകരതകള്‍ പത്ര മാധ്യമങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞ പരിചയമേ ഉള്ളൂ. ഒരു നോവലിന്റെ രൂപത്തില്‍ തികച്ചും പുതിയൊരു അനുഭവമായിരിക്കും എന്ന് കരുതുന്നു. ഇനിയും ഇത്തരം നല്ല പുസ്തകാവലോകന കുറിപ്പുകള്‍ തയ്യാറാക്കൂ. ഭാവുകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  34. ആ പുസ്തകത്തിന്റെ മികവിനോട് നൂറുശതമാനം നീതിപുലര്‍ത്തുന്ന കുറ്റമറ്റ അവതരണമാണ് ഈ നിരൂപണം എന്ന് തോന്നുന്നു. വായിച്ചിട്ടില്ല ഇനി വായിക്കാതിരിക്കാന്‍ ആവുകയുമില്ല.

    നിരൂപകന്റെ ദൃഡമായ ഭാഷ പ്രശംസ അര്‍ഹിക്കുന്നു.
    ആശംസകള്‍ അന്‍വര്‍,

    മറുപടിഇല്ലാതാക്കൂ
  35. നല്ലൊരു പുസ്തക വിവരണം.. അന്‍വര്‍ താങ്കള്‍ക്കു ഇത് തുടരാനാകും.. നിരൂപണം. എങ്ങനെ ഒരു കൃതി വായിക്കാത്തവരെ കൂടെ നിരൂപണം ആസ്വദിപ്പിക്കാന്‍ സാധിക്കുമെന്ന് താങ്കള്‍ കാണിച്ചു തന്നിരിക്കുന്നു.. ഞാനും ഇത് വായിച്ചിട്ടില്ല.. വായിക്കാം തീര്‍ച്ചയായും

    മറുപടിഇല്ലാതാക്കൂ
  36. സൂഷ്മമായ ശ്രമത്തോടെ പുസ്തകവിവരണം തയ്യാറാക്കിയതിന് അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  37. സൂക്ഷ്മമായ അവലോകനം.
    പുസ്തകം വായിച്ചിട്ടില്ല.
    വായിക്കണം.

    മറുപടിഇല്ലാതാക്കൂ
  38. ആദ്യമായി നടത്തിയ ഈ നിരൂപണ ശ്രമത്തെ നല്ല രൂപത്തിൽ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകകയും ചെയ്ത എല്ലാർക്കും അകൈതവമായ നന്ദി. മേൽ കമന്റുകൾ വലിയ പ്രോത്സാഹനം തന്നെയാണ്. ഇനിയും നിരൂപിക്കാൻ ശ്രമിക്കാം. ദൈവം തുണക്കട്ടെ. ഓരോരുത്തർക്കും പ്രത്യേകം നന്ദി.

    മറുപടിഇല്ലാതാക്കൂ
  39. ഈ പുസ്തകം വായിച്ചിട്ടില്ല.പക്ഷെ നല്ല നിരീക്ഷണം .. വായിക്കാന്‍ താല്പര്യം ജനിപ്പിക്കുന്ന അവലോകനം . നന്ദി അന്‍വര്‍ ബായി ..

    മറുപടിഇല്ലാതാക്കൂ
  40. ഈ പരിപാടിയും അറിയാല്ലേ....വായിക്കാന്‍ ശ്രമിക്കാം..

    മറുപടിഇല്ലാതാക്കൂ
  41. വിശദമായ കുറിപ്പിനും നല്ല ഭാഷക്കും സൂക്ഷ്മ വായനക്കും അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  42. ഈ പുസ്തകം വായിച്ചിട്ടില്ല...
    എന്തായാലും ആ പുസ്തകത്തിന്റെ ഒരു ചിത്രം ഈ പോസ്റ്റിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു...
    ധന്യവാദ് ..:)

    മറുപടിഇല്ലാതാക്കൂ
  43. വായിച്ചിടല്ല
    ഇപ്പോൾ ഇത് വായിച്ചപ്പോൾ ഒന്ന് വായിക്കാൻ തോന്നുന്നുണ്ട് ,
    തീർച്ചയായും അടുത്ത വായന അതായിരിക്കും

    മറുപടിഇല്ലാതാക്കൂ
  44. ചീരാ മുളകെ..
    മുകുന്ദന്റെ ആകെ ഒരു പുസ്തകം മാത്രമേ വിനീതന്‍ വായിച്ചോള്ളൂ ഡെല്‍ഹി ആയിരുന്നു
    താങ്കളുടെ ഈ നിരൂപണം അതിലേറെ മികവുറ്റത് ആണ് ഡെല്‍ഹി ഗാഥകള്‍ എന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ

  45. ചീരാ

    നിരൂപണം ഇത്രയ്ക്കു ഉഷാര്‍ ആണെങ്കില്‍ പുസ്തകം കെങ്കേമം ആവാതെ തരമില്ല. പുസ്തകം നാട്ടില്‍ നിന്നും സങ്കടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

    നിരൂപകന്‍ തന്‍റെ ജോലി വളരെ ഭംഗിയായി ചെയ്തു, നല്ല ഭാഷ, നല്ല ഫ്രെയിം, നല്ല വ്യക്തത.

    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  46. ഈ വര്‍ഷം ആദ്യം വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെട്ടതായിരുന്നു ദല്‍ഹി ഗാഥകള്‍. എന്റെ വായനയില്‍ ഞാന്‍ കാണാതിരുന്ന ചില പോയിന്റുകള്‍ ഈ പരിചയം വായിച്ചപ്പോള്‍ തോന്നി. നന്നായി പുസ്തകത്തെ പഠിച്ച് പരിചയപ്പെടുത്തിയിരിക്കുന്നു. മുകുന്ദന്റെ സ്ഥിരം കഥാപാത്രങ്ങള്‍ പോലെ സഹദേവനും ഒരു പരിധി വരെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചവനാണെന്ന ചിന്തയൊക്കെ വളരെ ശരിതന്നെയാണ്. നല്ല റിവ്യൂ..

    മറുപടിഇല്ലാതാക്കൂ
  47. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ആണ് അല്‍പമെങ്കിലും ഓര്‍മ്മ ബാക്കി വെച്ചിട്ടുള്ള മുകുന്ദന്‍റെ മറ്റൊരു പുസ്തകം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാതെ ഇത് വായിക്കാനും മാത്രം മനസ്സിനെ പാകമാക്കുക ഒരു സാഹസം ആയേനെ .. ഈ ആസ്വാദനക്കുറിപ്പ് ഇനി ഇപ്പൊ സഹായമാകട്ടെ.. പുസ്തകത്തിന് പുറത്തേക്ക് നടത്തിയ അന്വേഷണവും അഭിനന്ദനീയം .. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  48. പ്രവാസം എഴുത്തിനെ മാറോട്‌ ചേര്‍ത്ത്‌ പിടിക്കുന്നു എന്ന് അഭിപ്രായപ്പെട്ടയാളാണ്‌ മുകുന്ദന്‍, എന്‌റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ പുസ്തകം ദുബായിലാണ്‌ പ്രകാശനം ചെയ്തിരിക്കുന്നത്‌... നോവലിലെ സാരാംശം ഷഫീഖിന്‌റെ ഈ ആസ്വാദനക്കുറിപ്പിലൂടെ തന്നെ വ്യക്തമായി... ഇനി നോവല്‍ വായിച്ചില്ലേലും കുഴപ്പമില്ല. :)

    മറുപടിഇല്ലാതാക്കൂ
  49. വളരെ വിശദമായ അവലോകനം..

    പുസ്തകം ഇറങ്ങി പതിനൊന്നു മാസം കഴിഞ്ഞു എന്നതിനാല്‍ ഒരു അവലോകനം നടതാതിരിക്കേണ്ട കാര്യമില്ല..(അതുകൊണ്ടാണല്ലോ ഇങ്ങനെ ഒരു പുസ്തകത്തെ പറ്റി ഇപ്പോള്‍ ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത്! )


    നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും വാങ്ങി വായിക്കണം എന്ന് പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നി...

    മറുപടിഇല്ലാതാക്കൂ
  50. പുസ്തകം ശരിക്ക് പരിചയപ്പെട്ടിരിക്കുന്നു.സത്യത്തില്‍ ശ്രീ മുകുന്ദന്റെ കൃതികളൊന്നും ഞാന്‍ വായിച്ചിട്ടില്ല. (പുസ്തകം കിട്ടാത്തത് കൊണ്ടോ കണ്ണില്‍ പെടാത്തത് കൊണ്ടോ അല്ല. വായിച്ചു തുടങ്ങാനുള്ള മടി കൊണ്ടാണ്. ഈ മടി എന്റെ മാത്രം പ്രശ്നമല്ലെന്ന് തോന്നുന്നു.) ഇപ്പോള്‍ അവയിലേതു കിട്ടിയാലും വായിക്കാം എന്നൊരു തോന്നല്‍ വന്നിട്ടുണ്ട് . പറഞ്ഞു വന്നപ്പോള്‍ കയ്യില്‍ 'ഡല്‍ഹി'യുണ്ട് , തത്കാലം അത് കൊണ്ട് വിശപ്പടക്കാം. അതിനു ശേഷം ഗാഥകള്‍ വായിക്കാം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  51. നല്ല പരിചയപ്പെടുതല്‍ ..നന്ദി ..

    മറുപടിഇല്ലാതാക്കൂ
  52. പ്രിയപ്പെട്ട സുഹൃത്തേ,

    മുകുന്ദന്റെ പുസ്തകങ്ങള്‍ ആവേശത്തോടെ വായിച്ചിരുന്ന കാലം ഓര്‍മ വന്നു.

    വളരെ നന്നായി തന്നെ ,ഈ പുതിയ പുസ്തകവും പരിചയപ്പെടുത്തി.

    ഡല്‍ഹി ഗാഥകള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന നിരൂപണം. അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  53. ദല്‍ഹിഗാഥകള്‍ ഈ അടുത്താണ് വായിച്ചത്. ഈ അവലോകനം നന്നായിരിക്കുന്നു. ഭവാന്‍ പറഞ്ഞത് ശരിയാണ് എം മുകുന്ദന്‍ ഒരു ആന്റി കോണ്ഗ്രസ് ആണോ എന്ന് തോന്നി പോകും..പക്ഷെ പോയ്മുഖങ്ങളില്ലാത്ത ഒരു ശൈലി ആണ് അദ്ദേഹത്തിന്റെ....

    മറുപടിഇല്ലാതാക്കൂ
  54. ഞാന്‍ മയ്യഴിപുഴയുടെ തീരങ്ങളില്‍ മാത്രമേ വായിച്ചിട്ടുള്ളൂ.വായനക്ക് പ്രേരിപ്പിക്കുന്ന നല്ല അവലോകനം.

    മറുപടിഇല്ലാതാക്കൂ
  55. പുസ്തകം പെട്ടെന്ന് തന്നെ വാങ്ങി വായിക്കണമെന്ന ആഗ്രഹം ഉണർത്തുന്നുണ്ട് ചീരാമുളകിന്റെ അവലോകനം. അത് തന്നെയാണ് ഒരു പുസ്തകാവലോകനത്തിന്റെ വിജയം. ഇന്നുതന്നെ വാങ്ങാൻ ശ്രമിക്കാം. വായൻ പക്ഷെ അൽ‌പ്പം കൂടെ നീണ്ടുപോകും.

    വർഷങ്ങളോളം ഡൽഹിയിൽ ജീവിച്ച എഴുത്തുകാരന് അവിടന്നുള്ള എത്ര പകർത്തിയാലും തീരാത്ത അനുഭവങ്ങൾ ഉണ്ടാകുമെന്നത് നിശ്ചയമാണ്. അതിനായി അദ്ദേഹം വർഷങ്ങൾ തന്നെ എടുത്തിട്ടുമുണ്ടാകുമെന്ന് ഉറപ്പ്. പ്രവാസം എന്ന നോവൽ പുറത്തിറങ്ങിയ സമയത്ത് അദ്ദേഹവുമായി സംവദിക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ച് വർഷമെടുത്തു ആ നോവലിനാവശ്യമായ ഡാറ്റാബേസ് ശേഖരിക്കാൻ മാത്രം എന്നാണ് പറഞ്ഞത്. അപ്പോൾ ഈ ഗ്രന്ഥത്തിന്റെ കാര്യം ഊഹിക്കാമല്ലോ ? കൂടുതൽ പുസ്തകാവലോകനങ്ങൾ എഴുതൂ. മനോരാജിന് അയച്ച് കൊടുത്ത് പുസ്തകവിചാരത്തിലേക്ക് കൂടെ മുതൽക്കൂട്ടാക്കൂ.

    മറുപടിഇല്ലാതാക്കൂ
  56. നല്ല അവലോകനം. അതെ, മൊറാര്‍ജി ദേശായിയുടെ കാലം മറക്കാവുന്നതല്ല. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥക്ക്‌ ശേഷം വന്ന മൊറാര്‍ജിയുടെ ഭരണം. പല കാര്യങ്ങളും ഓര്‍മ്മയുണ്ട്. ആര്‍. കെ. ലക്സ്മന്റെ ഒരു കാര്‍ട്ടൂണ്‍ പ്രത്യേകം ഓര്‍ക്കുന്നു. രാജ് നാരായന്‍ ഇന്ദിരാ ഗാന്ധിക്ക് നേരെ വടി ഓങ്ങുന്നതു കണ്ടു മൊറാര്‍ജി ചിരിക്കുന്നു. അടുത്ത കോളത്തില്‍ രാജിന്റെ വടി മൊറാര്‍ജിക്കു നേരെ നീങ്ങുന്നു!

    മറുപടിഇല്ലാതാക്കൂ
  57. ഇന്നലെ രാത്രി ഒരുമണിക്കാണ് ഈ പുസ്തകം വായിച്ച് മടക്കിയത്. ഉടനെ മനസ് പാഞ്ഞത് അന്‍വറിന്റെ ഈ നിരൂപണത്തിലേക്കാന്.
    ഇതിന് മുന്‍പ് വായിച്ച പ്രവാസത്തെക്കാള്‍ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങളും തലസ്ഥാന നഗരിയും. ഒരുപാട് പറയണമെന്നുണ്ട്. പക്ഷേ ഒക്കെയും അതിനനേക്കാള്‍ മനോഹരായി ഈ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ