2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

ദൽഹി ഗാഥകൾ

മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ തന്റെ ജന്മ നാടിന്റെ കഥ പറഞ്ഞ് മലയാളിയെ വായനയുടെ പുതിയ തലങ്ങളിലേക്ക് വഴിനടത്തിച്ച മുകുന്ദൻ ദൽഹി ഗാഥകളിലൂടെ തന്റെ രണ്ടാം വീടായ (Second Home) ദൽഹിയുടെ ചരിത്രം പറയുകയാണ്. മുകുന്ദനെപ്പോലൊരു പ്രമുഖ കഥാകാരന്റെ ഒരു മഹത്തായ സൃഷ്ടി വായിച്ച് ഒരു അവലോകനം നടത്തുകയെന്നത് ശ്രമകരമായൊരു അഭ്യാസം തന്നെ! 2011 നവംബറിൽ പുറത്തിറങ്ങിയ ഒരു നോവലിന് പത്ത് മാസത്തിന് ശേഷം ഒരാസ്വാദനമെഴുതുന്നതിലെ നിരർത്ഥകതയും മുഴച്ചു നിൽക്കുന്നുണ്ട്. കേശവന്റെ വിലാപങ്ങളും ദൈവത്തിന്റെ വികൃതികളും മയ്യഴിപ്പുഴയുടെ തീരവുമൊക്കെ വായിച്ചപ്പോൾ തോന്നിയ എന്തോ ഒന്ന് ദൽഹി ഗാഥകൾ വായിച്ചപ്പോഴും തോന്നി. അതാണീ കുറിപ്പ്.

മലയാളത്തിൽ നിരവധി ചരിത്രനോവലുകൾ പിറവി കൊണ്ടിട്ടുണ്ട്. കഥയും ചരിത്രവും ഇഴചേർത്ത് രാഷ്ട്രീയ പാശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് മിക്ക കഥാകരന്മാരും ഈ രംഗത്ത് ഉപയോഗിച്ചിട്ടുള്ളത്. രാഷ്ട്രീയം നാടിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ അതിരില്ലാത്ത പങ്കുവഹിക്കുന്നതു കൊണ്ടാവാം എല്ലാ ചരിത്രനോവലുകളിലും സമകാലിക രാഷ്ട്രീയം വലിയ തോതിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മുകുന്ദന്റെ ദൽഹി ഗാഥകളും അതേ വഴിയിലാണ് നടക്കുന്നത്.1960കളുടെ അവസാനത്തിൽ മലബാറിൽ നിന്നും തൊഴിലന്വേഷിച്ച് വൻനഗരങ്ങളിലേക്ക് കുടിയേറുന്നവരിലൊരുവനായി ഡൽഹിയിലേക്ക് കൽക്കരി വണ്ടി കയറിയ ഇരുപത്കാരനായ സഹദേവനിലൂടെ മുകുന്ദൻ തന്നെത്തന്നെയാണ് തുറന്നു കാട്ടുന്നത്. അരനൂറ്റാണ്ട് മുമ്പ് നാട്ടിൽ സാധാരണക്കാരെ അടക്കി ഭരിച്ചിരുന്ന പട്ടിണിയും പ്രയാസങ്ങളും സഹദേവന്റെ ദൽഹി യാത്രക്ക് വലിയ ലക്ഷ്യങ്ങളൊരുക്കിക്കൊടുത്തു. നാലു പതിറ്റാണ്ടിലധികം ദൽഹിയിൽ ജീവിച്ച മുകുന്ദൻ സഹദേവനിലൂടെ പരകായപ്രവേശം ചെയ്യുന്നത് ചരിത്രകാരന്മാർക്ക് പറയാൻ തിട്ടമില്ലാത്ത പല സത്യങ്ങളും ചരിത്രത്തിന്റെ ഭാഗമെന്നോണം വിളിച്ചു പറയാൻ വേണ്ടിയാണ്. ഈ സൗകര്യം നോവലിലുടനീളം ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

ദൽഹി ഗാഥകൾ സഹദേവന്റെ കഥയാണന്ന് പറഞ്ഞാൽ ശരിയല്ല. അയാൾ കഥ പറയുകയാണ്. ദൽഹിയുടെ കഥ. യുദ്ധങ്ങളുടെയും യുദ്ധാനന്തര ഭീതിയുടെടെയും കഥ, വർഗ്ഗവെറിയുടെയും ജാതിചിന്തയുടെയും കഥ, അടിയന്തിരാവസ്ഥയുടെ ഭീകരമായ നിശ്ശബ്ദദയുടെ കഥ, ഇന്ദിരാഗാന്ധിയുടെ പതനത്തിന്റെ കഥ, സിഖ് കൂട്ടക്കുരുതിയുടെ ഞെട്ടിപ്പിക്കുന്ന കഥ, ഒരിക്കലും അവസാനിക്കാത്ത പട്ടിണിയുടെ കഥ, പ്രവാസത്തിന്റെയും കുടിയേറ്റങ്ങളുടെയും കഥ, നഗരങ്ങളിലെ ആധുനികതയുടെ അധിനിവേശത്തിന്റെ കഥ.
"പ്രവാസ"ത്തിന്റെ  കഥാകാരൻ അര നൂറ്റാണ്ട് മുമ്പ് ദൽഹിയിലെ മലയാളി സമൂഹത്തിൽ നിലനിന്നിരുന്ന അടുപ്പവും ബന്ധങ്ങളിലെ ഊഷ്മളതയും മനോഹരമായി വരച്ചു കാട്ടുന്നു. എടുത്തു പറയാതെ പറഞ്ഞു വെക്കുന്ന രീതിയാണിവിടെ അവലംബിച്ചിരിക്കുന്നത്. നഗരത്തിന്റെ വളർച്ചയും ബന്ധങ്ങളിലെ തളർച്ചയും കഥയിലൂടെ വരച്ചിടുന്നുണ്ട്.

ചരിത്രകുതുകികൾക്ക് ഒരു നല്ല വായനയാണ് ദൽഹി ഗാഥകൾ നൽകുന്നത്. അടിയന്തിരാവസ്ഥയുടെ ഭീകരചിത്രം നമ്മുടെ മുൻപിൽ അനാവരണം ചെയ്യുന്നതിൽ മുകുന്ദൻ അനിതരസാധാരണമായ സാഹിതീപാടവം പ്രകടിപ്പിച്ചിട്ടുണ്ട്. നോവലിന്റെ മൂന്നിലൊന്ന് ഭാഗത്തോളം വരുന്ന തമോഗർത്തങ്ങൾ എന്ന് പേരിട്ട, അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ദീർഘവിവരണം ഒരുൾക്കിടിലത്തോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല. പുറത്ത് നിരത്തിലൂടെ കൊലവിളിയുമായി ഒരാൾക്കൂട്ടം പാഞ്ഞുപോകുന്ന പോലെ തോന്നിയാൽ, അടച്ചിട്ട ഉമ്മറവാതിലിൽ ആരോ ആഞ്ഞുമുട്ടുന്നുവെന്ന് തോന്നിയാൽ, കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ ദുർഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നതായി തോന്നിയാൽ, പേടിക്കേണ്ട, അത് മുകുന്ദന്റെ വിവരണത്തിലെ അതിവൈഭവം ഒന്നുകൊണ്ട് മാത്രമാണ്. അടിയന്തിരാവസ്ഥയെ കേട്ടു മാത്രമറിഞ്ഞ തലമുറക്കുള്ള ഒരു "ഡിഫേര്ഡ് ലൈവ്" പ്രക്ഷേപണമാണ് മുകുന്ദൻ നടത്തുന്നത്. സജ്ഞയ്‌ഗാന്ധിയുടെ അധികമാരും പറയാനിഷ്ടപ്പെടാത്ത മുഖവും ഇന്ദിരാഗാന്ധിയുടെ അധികമറിയപ്പെടാത്ത മുഖവും തുറന്നുകാട്ടുന്ന മുകുന്ദൻ കോൺഗ്രസ്സിനെ ശത്രുപക്ഷത്ത് നിർത്തിയാണ് ഒരു അനുഭവസ്ഥന്റെ ഹൃദയവേദന പങ്കുവെക്കുന്നത്. സജ്ഞയ്ഗാന്ധി നടപ്പാക്കിയിരുന്ന ക്രൂരമായ നിർബ്ബന്ധിത വന്ധ്യംകരണത്തെക്കുറിച്ചുള്ള നീണ്ടവിവരണങ്ങൾ വേദനയോടെ മാത്രമേ വായിച്ചു തീർക്കാൻ കഴിയൂ.

സഹദേവൻ കാണാൻ മറന്നതോ മുകുന്ദൻ എഴുതാൻ മറന്നതോ ആയ ചില പ്രധാന രാഷ്ട്രീയ ചരിത്രങ്ങളാണ് ചരൺസിംഗിന്റെയും മൊറാർജിയുടെയും കാലം. കാലമെന്ന് വിളിക്കപ്പെടാൻ മാത്രമില്ലെങ്കിലും കോൺഗ്രസ്സിതര ഇന്ത്യയുടെ ചരിത്രം പൂർണ്ണമായും അത് തന്നെയാണെന്നതാണ് ഈ വിട്ടുകളയലിനെ സംശയത്തോടെ മാത്രം നോക്കിക്കാണാൻ വായനക്കാരെ പ്രേരിപ്പിക്കുന്നത്.

സഹദേവൻ ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു, സംസാരമെല്ലാം തന്നോടു തന്നെയാരുന്നു എന്നു മാത്രം! മറ്റുള്ളവരോട് വളരെക്കുറച്ചു മാത്രം സംസാരിച്ചു. മലയാള ആനുകാലികങ്ങളും ഇംഗ്ലീഷ് സാഹിത്യവുമൊക്കെ നല്ലോണം വായിച്ചു, സാഹിത്യചർച്ചകളിൽ കേൾവിക്കാരനായി മാത്രം പങ്കുകൊണ്ടു. ദൽഹിയും ദൽഹിയിലെ താമസക്കാരും വളർന്നപ്പോൾ സഹദേവൻ തന്നിലേക്ക് തന്നെ ചുരുങ്ങി. അയാൾ ഒരു
നോവലെഴുതിക്കൊണ്ടിരിക്കുന്നുണ്ട്, വർഷങ്ങളായിട്ട്. ഇടക്കെപ്പോഴെങ്കിലും മൂഡ് വരുമ്പോൾ മാത്രമാണ് അയാളെഴുതുന്നത്. തന്റെ നോവലും തനിക്കു ചുറ്റുമുള്ള കുറെ പാവപ്പെട്ടവരുടെ സ്വപ്നങ്ങളും പേറിക്കൊണ്ടുള്ള തന്റെ ഡൽഹി ജീവിതം പതിറ്റാണ്ടുകൾ പിന്നിട്ടു എന്ന് തിരിച്ചറിയുമ്പോഴും സഹദേവന്റെ മനസ്സിൽ നിരാശയോ പരാതികളോ ഇല്ല. അവസാനഭാഗമെത്തുമ്പോഴേക്കും ഒരിക്കലും അവസാനിക്കാത്ത ആ നോവലാണ് സഹദേവനെ ജീവിപ്പിക്കുന്നതെന്ന് തോന്നും. അത് ചരിത്രമാണ്, അവസാനിക്കാത്ത ചരിത്രം, ഓരോ ദിനാരംഭത്തിലും വളർന്നുകൊണ്ടിരിക്കുന്ന ചരിത്രം, എവിടെയോ തുടങ്ങി ഇന്നും ഒടുങ്ങിയിട്ടില്ലാത്ത ആ ചരിത്രമാണ് സഹദേവന്റെ നോവലിലൂടെ മുകുന്ദൻ നമ്മോട് പറയുന്നതും.

നോവലിലെ നാല് പ്രധാന സ്ത്രീ കഥാപാത്രങ്ങളും കത്തുകളിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന വനജയും കരുത്തുറ്റ കഥാപാത്രങ്ങളാണ്. അവർ പത്രസ്ഥാപനങ്ങളിൽ പണിയെടുക്കുകയോ നോവലെഴുതുകയൊ യൂണിയൻ പ്രവർത്തനം നടത്തുകയോ ഒന്നും ചെയ്യാതെ തന്നെ വിപ്ലവം നടത്തുന്നുണ്ട്. സാഹചര്യങ്ങളോട് മല്ലടിച്ച് കുടുംബം പോറ്റി വളർത്തി ഒടുക്കം ഡൽഹിയോട് വിട പറയുന്ന വിധവയായ ദേവിയും, ഒരു കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആഗ്രഹം മാത്രം ഉദരത്തിൽ പേറി നടന്ന് ഒടുവിൽ പ്രമുഖ പ്രസിദ്ധീകരണാലയത്തിൽ ഉന്നത ജോലിയിലെത്തിച്ചേർന്ന്കുഞ്ഞിനെ ദത്തെടുത്ത് ഒറ്റക്ക് ജീവിക്കാൻ തീരുമാനിക്കുന്ന ലളിതയും സാധാരണക്കാരായ ഗ്രാമീണസ്ത്രീകളായിട്ടാണ് കഥയിൽ രംഗപ്രവേശം ചെയ്യുന്നത്. വിപ്ലവത്തിന്റെ വഴിയേ നടന്ന് തന്റെ പ്രത്യയശാസ്ത്രവീഥിയിൽ ഒരു സാമൂഹ്യജീവിയായി ആദ്യാന്ത്യം ഉറച്ചു നിൽക്കുന്ന ജാനകിക്കുട്ടി, നഗരങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്ന പാശ്ചാത്യജീവിതശൈലിയെ കഥയിലേക്ക് വലിച്ചുകൊണ്ടുവരുന്നുണ്ടെങ്കിലും, വിപ്ലവ പാതയിലും ഒളിജീവിതത്തിലും ഇതേ ജീവിതമായിരുന്നു ആണും പെണ്ണും നയിച്ചിരുന്നതെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുകൾ വായനക്കാരെ നിശബ്ദരാക്കുന്നു.


തൊഴിലാളി യൂനിയൻ നേതാവും ഉറച്ച ഇടതുപക്ഷക്കാരനുമായ ശ്രീധരനുണ്ണി ഹൃദയാഘാതം വന്ന് മരിച്ചത് ചൈന ഇന്ത്യയെ ആക്രമിച്ചതിലെ മനോവിഷമം മൂലമാണെങ്കിൽ, അതേ ശ്രീധരനുണ്ണിയുടെ മകൻ സത്യനാഥൻ എന്ന പത്രപ്രവർത്തകൻ പിൽക്കാലത്ത് ആർഭാടജീവിതം നയിച്ച് സുഖങ്ങൾ തേടിപ്പോയി. പതിറ്റാണ്ടുകളിലൂടെ പരിവർത്തനം ചെയ്യപ്പെട്ട, നമ്മുടെ നാട്ടിലെ മാർക്സിയൻ തലമുറകൾക്കിടയിലെ അന്തരത്തെയും രാഷ്ട്രീയബോധത്തെയും സൈന്താന്തികാവബോധത്തെയുമാണ് ശ്രീധരനുണ്ണിയിൽ നിന്നും സത്യനാഥനിലേക്കുള്ള ദൂരം പ്രതിനിധാനം ചെയ്യുന്നത്.


നെന്മണ്ട വാസുദേവപ്പണിക്കർ എന്ന വാസുവിന് കഥയിൽ എന്തു ഭാഗദേയമാണുള്ളതെന്ന് ചിന്തിച്ചെടുക്കാൻ കഴിയുന്നില്ല. ഹരിലാൽ ശുക്ലയെന്ന ജാതിക്കോമരത്തിലൂടെ ഇന്ത്യയുടെ തീരാശാപമായ ജാതീയതയെ  വരച്ചുകാട്ടാനുള്ള ഒരു മുഷിഞ്ഞ കാൻവാസായിട്ടാണ് വാസുവിനെ മുകുന്ദൻ ദൽഹിയിലെത്തെച്ചെതെന്ന് തോന്നുന്നു. ലോകത്ത് നടക്കുന്നതൊന്നും ബാധിക്കപ്പെടാത്ത പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയാണ് വാസുവെന്ന് വേണമെങ്കിൽ പറയാം. ദൽഹിയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ എല്ലാ ചലനങ്ങളോടും പുഛത്തോടെ മാത്രം പ്രതികരിക്കുന്ന, അല്ലെങ്കിൽ ഒരു പ്രതികരണവും കാണിക്കാത്ത വാസുവിലൂടെ അതിജീവനത്തിന്റെ ഒരു സാധ്യതയാവാം എഴുത്തുകാരൻ പറയാനുദ്ദേശിച്ചത്. പട്ടിണിപ്പരിവട്ടങ്ങളുടെ റിപ്പബ്ലിക്കിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പെയിന്റിംഗ് വ്യവസായം പൊടിപൊടിക്കുന്നത് വരച്ചുകാട്ടാനാണ് വാസു ജന്മമെടുത്തതെന്നും വേണമെങ്കിൽ കരുതാം.

മുകുന്ദൻ ദൽഹിയെ നമ്മുടെ മുന്നിൽ വരച്ചിടുകയാണ് ഈ നോവലിൽ. ഓരോ പാതകളും, ഇടുങ്ങിയ ഗലികളും, പാർക്കുകളും യമുനാ തീരവും, സർക്കാർ മന്ദിരങ്ങളും ലൈബ്രറികളും ബസ് സ്റ്റോപ്പുകളും കോളനികളും നിരത്തുവക്കിലെ കൊച്ചു ദാബകളും റൊട്ടികടകളും എന്തിന് നഗരക്കാഴ്ച നിശ്ശബ്ദം നോക്കിക്കാണുന്ന പ്രതിമകൾ വരേ  സംസാരിക്കുന്ന ഒരു ഭൂപടത്തിലെന്നവണ്ണം നമ്മുടെ മുന്നിൽ നിവർത്തി വെച്ചിരിക്കുന്നു.


ഓരോ കഥാപാത്രങ്ങളും ഇരിക്കുന്നത് ഓരോ കൈവഴികളുടെ അറ്റത്താണ്. അവർ വായനക്കാരനെ കൈപിടിച്ച് നടത്തുന്നത് അവരുടെതായ ലോകത്തിലേക്കാണ്. ചുവന്ന തെരുവുകളും പോലീസ് ഥാനകളും, കടും നിറത്തിലുള്ളതും അല്ലാത്തതുമായ വസ്ത്രങ്ങൾ വിൽക്കുന്ന കടകളും നമുക്ക് കാണിച്ചു തരുന്നത് റോസിലി എന്ന റോസക്കുട്ടിയാണെങ്കിൽ, വാറ്റുകേന്ദ്രങ്ങളിലൂടെയും ഫർണീച്ചർ കടകൾ നിരന്ന ഗലികളിലൂടെയും നമ്മെ വഴി നടത്തുന്നത് ഉത്തം സിങ്ങാണ്. പട്ടിണിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും നടത്തം ഇഷ്ടപ്പെട്ടിരുന്ന സഹദേവനാണ് ദൽഹിയുടെ ബാക്കിഭാഗം നമുക്ക് വിവരിച്ച് തരുന്നത്. അയാളുടെ യാത്രകൾ മിക്കപ്പോഴും ഒടുങ്ങുന്നത് ശ്രീധരനുണ്ണിയുടെയോ കുഞ്ഞികൃഷണന്റെയോ വീട്ടിലോ, അല്ലെങ്കിൽ ലൈബ്രറികളിലോ സാഹിതീ സംഘങ്ങളിലോ ആണ്. തന്റെ ജോലിയുടെ ഭാഗമായും അല്ലാതെയും സഹദേവൻ പുകവലിച്ച് കൊണ്ട് നടക്കാത്ത പാതകൾ ദൽഹിയിൽ കാണില്ല.

സഹദേവൻ തന്റെ സമയം കാണിക്കാത്ത വാച്ച് "വേണമെങ്കിൽ യമുന അത് നന്നാക്കിയെടുത്ത് ഉപയോഗിച്ചോട്ടെ" എന്നും പറഞ്ഞുകൊണ്ട് യമുനയിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. യമുനയും സഹദേവനും ഒരിക്കലും അത് നന്നാക്കാൻ പോകുന്നില്ല. ദൽഹിയുടെ ചരിത്രത്തിന് മൂകസാക്ഷിയായി ഒഴുകുന്ന യമുനാനദിയുടെ നിശബ്ദതയും നിർവ്വികാരതയും മാത്രമേ സഹദേവനും  പ്രകടിപ്പിക്കുന്നുള്ളൂ, അല്ലെങ്കിൽ കഥാഗതിയെ ഒട്ടും നിയന്ത്രിക്കാത്ത കേന്ദ്രകഥാപാത്രമാണ് സഹദേവൻ. വർഷകാലങ്ങളിൽ യമുന കാണിക്കുന്ന ക്ഷോഭമോ വികൃതിയോ പോലും സഹദേവൻ കാണിക്കുന്നില്ല. തുർക്‌മാൻ ഗേറ്റിൽ തന്റെ ബിസിനസ്സ് സ്ഥാപനമുൾപ്പെടെ ബുൾഡോസറുകൾ ഇടിച്ചു നിരത്തിയപ്പോൾ മാത്രമാണ് സഹദേവൻ ഒരിക്കലെങ്കിലും പ്രതിഷേധത്തിന്റെ സ്വരമുയർത്തുന്നത്.

അൽഫൊസാച്ചനെപ്പോലെ, ദാസനെപ്പോലെ, കേശവനെപ്പോലെ സഹദേവനും ഒരു നിർഗുണനാണെന്ന് നിസ്സംശയം പറയാം. മറ്റുള്ളവർക്ക് വേണ്ടി ജീവിതം നശിപ്പിച്ചവൻ. "പപ്പാ എനിക്കാരെയും കുത്താനാകില്ല, വേണമെങ്കിൽ എന്നെത്തന്നെ കുത്താം" എന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസൻ പറയുന്നതുപോലെ സഹദേവനും പറയുന്നുണ്ട്, അതേ സ്വരം അതേ ഭാവം.


കേന്ദ്രകഥാപാത്രം നായകപരിവേഷമുള്ളയാളായിരിക്കണമെന്ന മിത്തിനെ പൊളിച്ചുകാട്ടാൻ മുകുന്ദൻ മിക്ക നോവലുകളിലും ശ്രമിച്ചിട്ടുണ്ട്. തന്റെ തൂലികയിലൂടെ ഊർന്നിറങ്ങുന്ന കഥാപാത്രങ്ങൾ എങ്ങിനെ പെരുമാറണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനുണ്ട്. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും പരക്കം പാച്ചിലിന്റെ അർത്ഥശൂന്യതയെക്കുറിച്ചും വായനക്കാരനെ തെര്യപ്പെടുത്താനായിരിക്കാം ഇത്തരത്തിലുള്ള കേന്ദ്രകഥാപാത്രങ്ങൾക്ക് മുകുന്ദൻ ജന്മം നൽകുന്നത്. അതേ വികാരം തന്നെയായിരിക്കാം ഒരു എസ് എം എസ് വഴി അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കാനുള്ള മുകുന്ദന്റെ തീരുമാനത്തിനു പിന്നിലും.


മനോഹരമായ വലിയ ഒരു ഗ്രാമമായിരുന്ന പഴയ ദില്ലിയിൽ നിന്നും സൗന്ദര്യം നഷ്ടപ്പെട്ട ഒരു വൻനഗരമായ ഇന്നത്തെ ഡൽഹിയിലേക്കുള്ള പരിവർത്തനത്തിന്റെ ഈ ചരിത്രാഖ്യായിക തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മഹത്തായ കൃതിയാണ് എന്ന് നിസ്സംശയം പറയാം. ഡീ. സീ. ബുക്സ് പ്രസിദ്ധീകരിച്ച 494 പേജുള്ള ഈ നോവലിന്റെ ആദ്യ 3500 പതിപ്പുകൾ വ്യത്യസ്ത പുറംചട്ടയോടെയാണ് വിപണിയിലെത്തിയിട്ടുള്ളത്. 1960 മുതലുള്ള മനോരമ പത്രത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട മുൻപേജുകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. മണലിലും മറ്റും മോടിപിടിപ്പിച്ച പുറം ചട്ടയുള്ള പുസ്തകമാണ് ഞാൻ വായിച്ചത്.

ഈ വർഷത്തെ കമലാ സുരയ്യ പുരസ്കാരം ഈ നോവലിന്ന് ലഭിച്ചിട്ടുണ്ട്.