2012, ജൂലൈ 3, ചൊവ്വാഴ്ച

നിശബ്ദരുടെ ചോരകൊണ്ട് ചരിത്രമെഴുതുന്നവർ

നമ്മുടെ പട്ടാളക്കാരുടെ ഏതൊരു ചെറുനേട്ടവും ഭാരതമക്കളും രാജ്യവും അത്യഭിമാനത്തോടെയാണ് നെഞ്ചേറ്റാറുള്ളത്. പത്രങ്ങളുടെ മുൻപേജിലെ പ്രധാനവാർത്തയാകേണ്ടിയിരുന്ന അത്തരമൊരു വീരസാഹസികകൃത്യം പോയ വാരത്തിലെ ഉൾപ്പേജിലെ കോളം വാർത്തയിലൊതുങ്ങിപ്പോയി. മോഹനൻ മാസ്റ്ററുടെ അറസ്റ്റ് നടന്ന ദിവസമായിരുന്നു ഈയൊരു സുപ്രധാന വിജയം കൈവരിക്കാൻ ചിദംബരത്തിന്റെ പട്ടാളക്കാർക്ക് കഴിഞ്ഞുവെന്നത് മാത്രമായിരുന്നു കാരണം. പറഞ്ഞു വരുന്നത് ജൂൺ 29 വെള്ളിയാഴ്ച ഛത്തീസ്ഗഡിൽ നടന്ന് "മാവോയിസ്റ്റ് വേട്ട"യെക്കുറിച്ചാണ്.

സംസ്ഥാനപോലീസിന്റെയും പട്ടാളത്തിന്റെയും വീരേതിഹാസങ്ങളെക്കുറിച്ച് വാചാലനായ ചിദംബർ വക്കീൽ 17 മാവോ തീവ്രവാദികളെയും ഒരു വനിതാ നേതാവടക്കം മൂന്ന് ഉന്നത മാവോ നേതാക്കളെ ഒറ്റയടിക്ക് തട്ടിയതിനെക്കുറിച്ചും ഊറ്റം കൊണ്ടു. ഏതാനും മാസങ്ങളായി മാവോയിസ്റ്റുകളിൽ നിന്നും വെടിയുണ്ടയേറ്റ് ജീവൻ പൊലിഞ്ഞ അനവധി പട്ടാളക്കാരുടെ കുടുംബങ്ങൾക്ക് രാജ്യം ഈ നേട്ടം സമർപ്പിച്ചു. ഉത്തരേന്ത്യൻ പത്രങ്ങളും ചാനലുകളും ആഘോഷിച്ചു. സംസ്ഥാന ഇന്റലിജൻസിന്റെ വിജയമെന്നവകാശപ്പെട്ട ബീ.ജേ.പ്പിക്ക് വിഷമം കോൺഗ്രസ്സും കേന്ദ്രസർക്കാരും ക്രെഡിറ്റ് തട്ടിയെടുത്തതിലായിരുന്നു. പൊന്‌തൂവൽ സ്വയമെടുത്ത് തൊപ്പിയിൽ വെച്ച ചിദംബരം സംസ്ഥാനസർക്കാറിനെ പ്രശംസിക്കാൻ മറന്നില്ല.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായിരുന്ന രാംവിലാസും രാകേഷുമായിരുന്നു ആ ഉന്നതമാവോ നേതാക്കളെന്നും വനിതാ നേതാവ് വെറും പന്ത്രണ്ട് വയസ്സ് മാത്രമുള്ള ഒരു നിഷ്കളങ്ക ബാലികയായിരുന്നുവെന്നും അദ്ദേഹമറിഞ്ഞോ ആവോ? ലോക ആയുധശകതിയിൽ നാലാം സ്ഥാനക്കാരായ ഇന്ത്യയുടെ സർവ്വസുസജ്ജമായ പട്ടാളക്കാർ മൂവന്തിനേരത്ത് വെടിവെച്ചുകൊന്ന്, കലിതീരാഞ്ഞ് കുത്തി വികൃതമാക്കിയത് ഗിരിവർഗ്ഗക്കാരായ, അന്നന്നത്തെ അന്നത്തിന്നായി കാട്ടിലും വയലേലകളും കഠിനാധ്വാനം ചെയ്യുന്ന നിസ്സഹായരായ ഒരു കൂട്ടം നിരപരാധികളെയാണെന്ന് കോൺഗ്രസ്സിന്റെ തന്നെ നേതാക്കളും മനുഷ്യാവകാശപ്രവർത്തകരും പറയുമ്പോൾ സമീപകാലത്തായി തെളിഞ്ഞു നിൽക്കുന്ന ആ ചോദ്യചിഹ്നം ബലപ്പെടുകയാണ്.


രാജ്യത്ത് പട്ടാളവും പോലീസും നടത്തുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചും തീവ്രവാദ വേട്ടകളെക്കുറിച്ചും സംശയങ്ങളുയരാൻ തുടങ്ങിയിട്ട് കാലമേറെയായി. 1997ലെ കോണോട്ട് പ്ലേസ് വെടിവെപ്പിൽ തുടങ്ങിയ ഈ ഔദ്യോഗിക കൊലപാതങ്ങളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം 2002-2007 കാലത്ത 440ഓളം വ്യാജ ഏറ്റുമുട്ടലുകൾ നടന്നെങ്കിൽ 2008 മുതൽ 2011 പകുതി വരേ മാത്രം നടന്നത് 369 വ്യാജ ഏറ്റുമുട്ടലുകളാണ്! സൊഹ്രാബുദ്ദീൻ ഷെയ്ക്ക് വധക്കേസാണിതിൽ ഏറ്റവും വിവാദം സൃഷ്ടിച്ചത്. ചില രാഷ്ട്രീയ നേതാക്കളുടെ, ഉദ്യോഗസ്ഥരുടെ, വ്യവസായികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനോ, കുടിപ്പക തീർക്കാനോ നിരപരാധികളെ നിഷ്കരുണം വധിക്കുന്നതിനെ "ഏറ്റുമുട്ടലായി" നിർവ്വചിച്ച്, ജീവിക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കപ്പെട്ട പാവങ്ങളെ രാജ്യദ്രോഹികളോ അക്രമികളോ ആക്കി ചിത്രീകരിക്കുന്നതിൽ ഒതുങ്ങുന്നില്ല ഈ ക്രൂരത. തുടർന്ന് അവരുടെ കുടുംബങ്ങളെയും ഉറ്റവരെയും വേട്ടയാടാൻ പോലീസും ഭരണകൂടവും മാത്രമല്ല, സമൂഹവും കൂടെ നിൽക്കുന്നു എന്നതാണ് നാമേവയേവെരെയും അമ്പരപ്പിക്കുന്ന സത്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണിത്തരം അറുംകൊലകൾ ഏറ്റവും കൂടുതൽ നടക്കുന്നത്. മിക്കതും, നക്സൽ, മാവോ വേട്ട എന്ന പേരിലറിയപ്പെടുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും നടക്കുന്നതും ഈ കണക്കിൽത്തന്നെ.

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിന്നും സഞ്ചാരയോഗ്യമായ റോഡുകളോ, വൈദ്യുതിയോ, ഒരു ടെലിഫോൺ ബൂത്തോ, വൈദ്യസഹായസൗകര്യങ്ങളോ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത, ഒരു മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്രയും താഴ്ന്ന അവസ്ഥയിലുള്ളതാണ്. നീണ്ടുകിടക്കുന്ന വയലേലകൾക്കിടക്ക് നൂറോ ഇരുന്നൂറോ വീടുകൾ. മലകളും പുഴകളും താണ്ടി മൈലുകൾ നടന്നാൽ മാത്രമേ ഒരു ആശുപത്രിയോ വാഹനമോ കാണാൻ കിട്ടുകയുള്ളൂ. ഇന്ത്യയുടെ സ്വാതന്ത്ര്യമോ, പരമാധികാരമോ അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. വളർച്ചാ നിരക്കുകളും രൂപയുടെ മൂല്യവും അണുപരീക്ഷണങ്ങളും അവരുടെ ചിന്തകളെ ഗ്രസിച്ചിട്ടില്ല. കാട്ടിൽ വേട്ടയാടിപ്പിടിച്ചതും തങ്ങൾ വിളയിച്ചതു തിന്ന് ജീവിച്ച് മരിച്ച് പോവുന്ന നിർദോഷികളായ മനുഷ്യർ. അവർ മന്ത്രിമാർക്ക് നിവേദനങ്ങൾ കൊടുക്കാറില്ല, വഴി തടയാറില്ല, മുദ്രാവാക്യം വിളിക്കാറില്ല, വില്ലു കുലക്കാനും വിത്തെറിയാനും വിശക്കുന്ന വയർ അമർത്തിപ്പിടിച്ച് വാവിട്ടു കരയാനും മാത്രം പഠിച്ചവർ. അത്തരത്തിലുള്ള പാവം ഗ്രാമീണരും ഗിരിവർഗ്ഗക്കാരുമാണ് പലപ്പോഴും സർക്കാറുകളുടെ ക്രൂരവേട്ടക്കിരയാവുന്നത്. നക്സലിസത്തിന്റെ പേരിലായാലും തീവ്രവാദത്തിന്റെ പേരിലായാലും, ഇന്ത്യക്കാരായിപ്പോയി എന്നൊരൊറ്റ കുറ്റം മാത്രമേ അവർ ചെയ്തുള്ളൂ, ഇങ്ങനെ ക്രൂരമായ മരണം വിധിക്കപ്പെടാൻ. 250ഓളം മനുഷ്യരെ ബോംബെറിഞ്ഞും വെടിവെച്ചും കൊലപ്പെടുത്തിയ ശത്രുരാജ്യക്കാരനായ കൊടും ഭീകരന് കോടിക്കണക്കിന് രൂപാ ചിലവിൽ സർക്കാർ സുരക്ഷിത താമസമൊരുക്കുമ്പോഴാണ്, സ്വന്തം കുടിലുകളിലന്തിയുറങ്ങാനുള്ള ഭാരതമക്കളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്ന കൊടും ക്രൂരതയരങ്ങേറുന്നത്! കോർപ്പറേറ്റുകൾക്ക് വർഷാവർഷം കൊടുക്കുന്ന നികുതിയിളവിന്റെ ഒരു ശതമാനം പോലും വേണ്ടിവരില്ല ഈ പാവങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ. പ്രഥമവനിതയുടെ വിനോദയാത്രാച്ചിലവ് മതിയാകുമായിരുന്നു ഇരുപതോ മുപ്പതോ ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്താൻ.

രാജ്യം പരമാധികാരം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും രണ്ട് നേരം വയർ നിറച്ച് ആഹരിക്കാൻ വകയില്ലാത്തവരാണ് മൂന്നിലൊരു ഭാഗം പൗരന്മാരും!ഭരണാധികാരികൾ പഠിച്ച എക്കണോമിക്സും സിവിക്സും അവരുടെ വിശപ്പടക്കുന്നില്ല. ദാരിദ്ര്യരേഖ താഴ്ത്തിക്കെട്ടി വളർച്ചാ ഗ്രാഫ് വരക്കുന്നവരാലോചിക്കേണ്ടത് വിശക്കുന്ന വയറിനേറ്റം വലുത് ഒരു നേരത്തെ ഭക്ഷണം തന്നെയാണെന്ന സാമാന്യതത്വമാണ്. കൊന്നിട്ടും കട്ടിട്ടും അവരത് നേടാൻ ശ്രമിക്കുന്നുവെങ്കിൽ പ്രായോഗികമായ ഒരു സമീപനത്തിലൂടെ ഇത്തരം ആഭ്യന്തരപ്രശ്നങ്ങൾ നേരിടാൻ സർക്കാറുകൾ തയ്യാറാവേണ്ടതുണ്ട്.

സംസ്ഥാനം ഭരിക്കുന്നത് ബീ.ജേ.പി ആയതു കൊണ്ട് മാത്രമാണ് കോൺഗ്രസ്സ് എം. എൽ.ഏമാർക്ക് ഈ പാവപ്പെട്ടവരുടെ കാര്യത്തിൽ ഉത്സാഹം. നാളെ ഭരണം മറിയാലും അധികാരത്തിന്റെ വെടിയുണ്ടകൾ ഈ പാവങ്ങളുടെ നെഞ്ചിന് നേർക്ക് തന്നെയാണെന്നത് ആർക്കാണറിയാത്തത്? നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രി രമൺസിംഗിന്റെ ന്യായം യാങ്കികളുടെ സദാപല്ലവി തന്നെയാണ്. മനുഷ്യകവചങ്ങളായി മാവോയിസ്റ്റുകൾ നിരപരാധികളെ ഉപയോഗിക്കുന്നുവെങ്കിൽ ആ പാവങ്ങൾക്ക് നീതി വേണ്ടെന്നോ? സർക്കാറുകൾക്കും മാവോയിസ്റ്റുകള്ക്കും കള്ളനും പോലീസും കളിക്കാനുള്ളതാണോ ദളിതരെന്നും ആദിവാസികളെന്നും നാം പേരിട്ടുവിളിക്കുന്ന ഈ പാവങ്ങളുടെ ജീവൻ? നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തെങ്കിലും ഒറ്റവെടിക്ക് മരിക്കാനുള്ള സ്വാതന്ത്ര്യം ഈ പാവപ്പെട്ടവർക്ക് അനുവദിച്ചു നൽകാൻ സർക്കാൻ കനിയണം.

ഇവരുടെ ജഡങ്ങളിൽ പുഷ്പചക്രമർപ്പിക്കപ്പെടുകയില്ല, എഴുത്തുകാരോ സാംസ്കാരിക നേതാക്കളോ ഈ പാവങ്ങളുടെ കൂരകളിൽ സന്ദർശനം നടത്തുകയില്ല. സെൻഷേനൽ മാധ്യമപ്രവർത്തകർക്ക് ഇതൊരു സ്കൂപ്പിനുള്ള വകയല്ല. രാഷ്ട്രീയ മൈലേജ് കിട്ടുന്നില്ലെങ്കിൽ പ്രതിപക്ഷങ്ങൾക്കിതൊരു വിഷയം തന്നെയല്ല. ഭാരതാംബയുടെ മക്കൾ പശുക്കൾക്കും വാനരർക്കും നൽകുന്ന വിലയെങ്കിലും ഈ നിസ്സഹായർക്കും കൽപ്പിച്ച് നൽകാൻ കനിവ് കാട്ടേണ്ടതാണ്.


ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, മറിച്ച് മരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇറോം ഷർമ്മിളയുടെ ഒരു വ്യാഴവട്ടക്കാലം പിന്നിട്ട് ഇന്നും തുടരുന്ന സമരം. നീതിതേടിയുള്ള ഇത്തരം സമരങ്ങൾക്കെതിരെ അധികാരികളും മാധ്യമങ്ങളും പൊതുസമൂഹവും കാണിക്കുന്ന അവഗണന നമ്മോട് പറയുന്നത് അധികാരികൾക്ക് ഭോഗിക്കാനും ഹോമിക്കാനുമുള്ള സ്വാതന്റ്ര്യത്തിലും വലുതല്ല അവഗണിക്കപ്പെട്ടവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നതാണ്.

ആടിനെ പട്ടിയാക്കി അടിച്ചു കൊല്ലുന്ന ദയനീയ വിധി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതധികവും ഇത്തരം ഗിരിവർഗ്ഗക്കാരും ഈയ്യിടെയായി കുറേ മുസ്ലീം ചെറുപ്പക്കാരുമാണ്. അസംഗഡിൽ അധികാരികൾ വെടിവെച്ചു കൊന്ന മുസ്ലീം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ നീതിതേടിയുള്ള നിവേദനത്തിനെതിരെ തീവ്രവാദം രാജ്യത്ത് അതിധ്രുതം പടർന്ന് പിടിക്കുകയാണെന്ന പ്രസ്ഥാവന സമ്മാനിച്ച് ആട്ടിവിട്ട് മണിക്കൂറുകൾക്കകമാണ് ഛത്തീസഗഡിൽ വെടിപൊട്ടിച്ചത്. വന് നഗരങ്ങളിൽ ജോലി ചെയ്യാനും ജീവിക്കാനും മുസ്ലീം ചെറുപ്പക്കാരെ അനുവദിക്കാത്ത ഒരു സാഹചര്യവും ഇതുമൂലം വന്നു ചേർന്നിട്ടുണ്ട്.
 ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള ഒരു യുദ്ധമല്ല മറിച്ച് ആർത്തിപൂണ്ടവർ ആശയറ്റവർക്ക് നേരെ നടത്തുന്ന കടന്നാക്രമാണിത്തരം അധികാരവർഗ്ഗ ചെയ്തികൾ.

42 അഭിപ്രായങ്ങൾ:

  1. സിരകളിലൂടെ രോഷം ഉരുക്കിയോഴുക്കിയ വാക്കുകള്‍... പക്ഷേ രോദനങ്ങളും നിലവിളികളും എത്ര ഉയര്‍ന്നിട്ടും കാര്യമില്ല, ബധിര കര്‍ണങ്ങളുടെ പരിസരത്ത് ചെന്ന് അവ കുഴഞ്ഞു വീഴും. ലോകത്തെല്ലായിടത്തെയും മധ്യവര്‍ഗത്തെ ഒന്നിപ്പിക്കുന്ന ഘടകം വേദനയുടെ നേരെയുള്ള ഈ നിസംഗതയാണ്. രാജ്യസ്നേഹം എന്ന് പറഞ്ഞ് എല്ലാ ഭരണകൂടാ മര്‍ദനങ്ങളെയും അവര്‍ ഉള്‍ക്കൊള്ളുന്നു. ഭരണാധികാരികളുടെ സ്വാസ്ഥ്യം കെടുത്തുന്ന യാഥാര്‍ത്യങ്ങള്‍ ഈ സുരക്ഷാ വായ്താരിയില്‍ ഒലിച്ചു പോകുന്നു. സാമയികമായ പ്രതികരണം എന്ന് വിശേഷിപ്പിക്കട്ടെ. നല്ല വായനാനുഭവം നല്‍കിയതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. രാഷ്ട്രീയമെന്നത് അധികാരം നേടാനോ നേടിയവന് അതു നില നിർത്താനോ ഉള്ള ഉപകരണം മാത്രമായിട്ട് നാളേറെയായി. അതിന്റെ വഴികളിലെ ഉറപ്പിന് ധാരാളം ബലിച്ചോര ആവശ്യമുണ്ട്. വിലയില്ലാത്ത ജീവൻ ആരുടേതാണെന്ന് അധികാരികൾക്ക് നന്നായറിയാം.

    മറുപടിഇല്ലാതാക്കൂ
  3. മിണ്ടാതിരുന്നില്ലെങ്കില്‍ ചീരാമുളകിനെയും രാജ്യദ്രോഹിയായും മാവോയിസ്റ്റ് ആയും തീവ്രവാദിയായുമൊക്കെ മുദ്രയടിക്കും കേട്ടോ. ലേഖനത്തില്‍ ഇപ്പറഞ്ഞതൊക്കെ വിശുദ്ധപശുക്കളെപ്പറ്റിയാണ്. പട്ടാളവും പൊലീസും ഗവര്‍മെന്റുമെല്ലാം വിശുദ്ധപശുക്കളാകുന്നു.

    മറുപടിഇല്ലാതാക്കൂ
  4. രാഷ്ട്രീയ നേതാക്കൾക്ക് പിടിച്ച് നിൽക്കണമെങ്കിൽ ഇത്തരത്തിൽ ചില ഉഡായിപ്പുകൾ രാജ്യസ്നെഹം എന്നപേരിൽ ചെയ്യാതിരിക്കാൻ പറ്റില്ല എന്നാർക്കാണറിഞ്ഞ് കൂടാത്തത്..?? കാലിക പ്രസക്തമായ വിഷയം..!!

    മറുപടിഇല്ലാതാക്കൂ
  5. രാഷ്ട്രിയം കറുത്തിയത്തിനെക്കള്‍ ദോഷമായി മാറികൊണ്ടിരിക്കുന്നു
    കളിക വിഷയങ്ങള്‍ ഇനിയും വരട്ടെ ഇവരുടെ ഒക്കെ കണ്ണും കാതും തുറക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  6. എല്ലാം രാഷ്ട്രീയമായ നമുക്ക്‌ ഇനിയത്‌ ഇല്ലാതാക്കാന്‍ പറ്റുമോ ?

    മറുപടിഇല്ലാതാക്കൂ
  7. ഇന്ത്യയില്‍ സാമ്പത്തിക ഉദാരീകരണത്തിന്റെ ഫലമായി പൊങ്ങി വന്ന ഒരു സാമ്പത്തക മേല്തട്ടുവര്‍ഗ്ഗവും മധ്യ വര്‍ഗ്ഗവും ഉണ്ട്. ഈ മേല്തട്ടുകാരുടെ പുരോഗതിയാണ് ഇന്ത്യയുടെ മൊത്തം സാമ്പത്തിക വളര്‍ച്ചയായി വായിച്ചു തരുന്നത് നമുക്ക് മാധ്യമങ്ങള്‍. മധ്യ വര്‍ഗ്ഗവും അസംതൃപ്തരാണ്. മൊത്തം പുരോഗതിക്കു വിഘാതം നില്‍ക്കുന്നവര്‍ ആദിവാസികളും മറ്റു പിന്നോക്കക്കാരുമാനെന്നു പറഞ്ഞു അവരുടെ രോഷത്തെ വഴി തിരിച്ചു വിടുകയാണ് സര്‍ക്കാരും
    മേലാള വര്‍ഗ്ഗവും ചെയ്യുന്നത്. രോഷം തീര്‍ക്കാന്‍ ഒരു ഇര, വിപ്പിംഗ് ബോയ്‌, അത് മാത്രമാണ് പിന്നോക്ക വര്‍ഗ്ഗങ്ങള്‍ ഇന്ന്. ഇതിനിടെ ചുളുവില്‍ ഭൂവിഭവങ്ങള്‍ മുഴുവന്‍ പകല്‍ കൊള്ള കുത്തക കമ്പനികള്‍ ഊറ്റിയെടുത്തു കച്ചവടമാക്കുന്നു.
    what's going to be the fast approaching end game is the only question remaining.
    ലേഖനം വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  8. " നീതിതേടിയുള്ള ഇത്തരം സമരങ്ങൾക്കെതിരെ അധികാരികളും മാധ്യമങ്ങളും പൊതുസമൂഹവും കാണിക്കുന്ന അവഗണന നമ്മോട് പറയുന്നത് അധികാരികൾക്ക് ഭോഗിക്കാനും ഹോമിക്കാനുമുള്ള സ്വാതന്റ്ര്യത്തിലും വലുതല്ല അവഗണിക്കപ്പെട്ടവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നതാണ്."

    വളരെ ശക്തമായി പറഞ്ഞു ,, അഭിവാദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. ലേഖനത്തിലെ തീവ്രമായ , അര്‍ത്ഥവത്തായ ഓരോ വരികളോടും യോജിക്കുന്നു.
    ചാനലുകല്‍ക്കോ മറ്റു മാധ്യമാങ്ങല്‍ക്കോ ഇതിലൊന്നും താല്പര്യമില്ല. അവര്‍ക്കുണ്ടായിട്ടും കാര്യമില്ല. കണ്ണു തുറക്കാത്ത അധികാരി വര്‍ഗ ദൈവങ്ങള്‍ കനിഞ്ഞാലെ രക്ഷയുള്ളൂ. അവര്‍ കണിയും എന്നത് അതിരുകടന്നൊരു ആത്മവിശ്വാസം ആയിപ്പോകും
    പട്ടിനികിടന്നെങ്കിലും അവരെ ജീവിക്കാന്‍ അനുവധിച്ചെങ്കില്‍..............................

    മറുപടിഇല്ലാതാക്കൂ
  10. കേന്ദ്ര തലത്തില്‍ ചര്‍ച്ചയാകുന്ന രീത്യില്‍, രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒരു ആഭ്യന്തര കലഹം ഉണ്ടായാല്‍ ഉറപ്പിക്കാം രണ്ടു ദിവസത്തിനുള്ളില്‍ ഒരു ഭീകരവാദികൊല്ലപ്പെടും എന്നത്. അതോടെ രാഷ്ട്ര സ്നേഹം കുലം കുത്തി ഒഴുകും. പിന്നെയെല്ലാം മായ ഒരു തരം പുകമറ.
    ചീരാമുളകിന്റെ എരിവുണ്ട് പോസ്റ്റിനു. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  11. ഇതാണത്രേ നമ്മുടെ ഭാരതം...ഇങ്ങനെ എത്രയോ അരും കൊലകൾ നടന്ന് കഴിഞ്ഞിരിക്കുന്നു...ആരു ചത്താലും വേണ്ടില്ലാ...നമുക്ക് കസേര വേണം..

    മറുപടിഇല്ലാതാക്കൂ
  12. ഇടവേളക്ക്‌ ശേഷം വന്ന ഒരു നല്ല കുറിപ്പ് ,,,
    അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തിന് നേരെ എന്നും ഇത്തരം ക്രൂരതകള്‍ ഉണ്ടായിടുണ്ട് ,,മാവോയിസ്റ്റ് തീവ്രവാദം എന്നല്ല ഒരു തീവ്രവാദവും ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല ,,എന്നാല്‍ തീവ്രവാദം ഉണ്ടാകുന്ന സാഹചര്യത്തിനു വഴിയോരുക്കുന്നതില്‍ ഭരണകൂടത്തിന്റെ പങ്ക് വലുതാണ്,,..
    -------വായിക്കപ്പെടേണ്ട പോസ്റ്റ്‌ ..

    മറുപടിഇല്ലാതാക്കൂ
  13. നല്ല എഴുത്ത്

    രാഷ്ട്രം രാഷ്ട്രീയക്കരന്റെ കരങ്ങളിൽ ചുരുട്ടി പിടിക്കപ്പെട്ടിരിക്കുന്നും, സ്വന്തം ജീവന്ന് പോലും ഒരു ഒരു ഉറപ്പും ഇല്ലാതക്കുകയാണ് ഈ പരമ ജനാതിപത്യ രാജ്യത്ത്, അടിച്ചമർത്തപെട്ട് പടിഞ്ഞാറിന്റെ പാരമ്പര്യം ഇപ്പോഴും വേരുകൾ അറാതെ ഇവിടെയൊക്കെ ഉണ്ടോ എന്ന് നാം വീണ്ടും പരിശോധിക്കേണ്ടിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  14. ഇന്ത്യയുടെ ചില സംസ്ഥാനങ്ങളിലൂടെ ശ്രീമതി യാസ്മിന്‍ (മുല്ല) നടത്തിയ ഒരു യാത്രയുടെ വിവരണം ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഒരു സാധാരണ പൌരന്‍ നേരിടുന്ന നീതി നിഷേധം എത്ര വലുതെന്നു ഈ ലേഖനത്തിലൂടെ അന്‍വര്‍ഷഫീഖ് വൃത്തിയായി പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഇന്നും നിലവിലുള്ള വന്യമായ കാട്ട്നീതിക്കെതിരെ പോരാടാന്‍ അതനുഭവിക്കുന്ന ചില പ്രത്യേക വിഭാഗത്തിന്റെ നേതാക്കള്‍ പോലും വിമുഖത കാണിക്കുന്നു എന്നത് ഏറെ സങ്കടകരം. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും നിരപരാധികളായ പട്ടിണിപാവങ്ങളെ ഭീകരരും കൊള്ളക്കാരുമാക്കി ചാപ്പ കുത്തി പീഡിപ്പിക്കുന്ന ഈ രാജ്യത്ത് ഈ പാവങ്ങള്‍ അനുഭവിക്കുന്നത് സ്വാതന്ത്ര്യമോ അതോ പാരതന്ത്ര്യമോ ???
    ദുഷിച്ചു നാറിയ ഇത്തരം സാമൂഹിക നീതി തച്ചുടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി തീര്‍ന്നിരിക്കുന്നു.

    നല്ല ലേഖനം .... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. അധികാരികൾക്ക് ഭോഗിക്കാനും ഹോമിക്കാനുമുള്ള സ്വാതന്റ്ര്യത്തിലും വലുതല്ല അവഗണിക്കപ്പെട്ടവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം......

    കൊട്ടിഘോഷിക്കപ്പെട്ട സ്വാതന്ത്ര്യവും ജനധിപത്യവും പാർശ്വവൽക്കരിക്കപ്പെട്ട ജനതക്ക് ഇന്നും മരീചികയായി തുടരുന്നു..... സത്യം വിളിച്ചു പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  16. ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള ഒരു യുദ്ധമല്ല മറിച്ച് ആർത്തിപൂണ്ടവർ ആശയറ്റവർക്ക് നേരെ നടത്തുന്ന കടന്നാക്രമാണിത്തരം അധികാരവർഗ്ഗ ചെയ്തികൾ.

    തീര്‍ച്ചയായും.
    നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ഇന്നത്തെ വിശ്വാസവും കാണലും മാധ്യമങ്ങളില്‍ മാത്രം അര്‍പ്പിക്കുമ്പോള്‍ നമ്മുടെ ചുറ്റും കാണാന്‍ നാം മറക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നവരെ പോലും നോട്ടമിടും സമൂഹവും ഭരണ കൂടവും .ഒഴുക്കിനെതിരെ നീന്തുന്നവര്‍ എല്ലാക്കാലത്തും നോട്ടപ്പുള്ളികള്‍ ആയിട്ടേയുള്ളൂ .എങ്കിലും ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളെ പോലും മാവോയിസ്ടുകലെന്നു മുദ്ര കുത്തി കൊന്ന നടപടി കടുത്ത അപരാധമായി പ്പോയി ..

    മറുപടിഇല്ലാതാക്കൂ
  18. ആടിനെ പട്ടിയാക്കും പട്ടിയെ നല്ല വെളുവെളുത്ത തുകിലുള്ള ചെമ്മരിയാടാക്കും ...അതാണ്‌ ഇപ്പോഴത്തെ ഫാരതം!!

    മറുപടിഇല്ലാതാക്കൂ
  19. കാലികപ്രസക്തമായ ലേഖനം .. ഇത് നമ്മുടെ നാട്ടിലെ നേര്‍കാഴ്ചകള്‍ ..

    മറുപടിഇല്ലാതാക്കൂ
  20. ഇന്നത്തെ രാഷ്ട്രീയം ഇങ്ങിനെയൊക്കെ ആയി പോയി. നമുക്ക്‌ ഇങ്ങനെ പ്രതികരിക്കനെങ്കിലും ഉള്ള സ്വാതന്ത്ര്യം നില്നില്‍ക്കുന്നുണ്ടല്ലോ എന്ന് കരുതി നിസ്സഹായനായി നെടുവീര്‍പ്പ് ഇടുവാനെ നമ്മെപോലുള്ളവര്‍ക്ക്‌ കഴിയുന്നുള്ളൂ...
    ശക്തമായ പ്രതികരണം.

    മറുപടിഇല്ലാതാക്കൂ
  21. ഏറ്റവും വലിയ ഭീകരത ഭരണകൂട ഭീകരത തന്നെയാണ്. അതിന്റെ ഇരയെന്നോണം അനവധി നിരപരാധികള്‍ ലോകമെമ്പാടും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നമ്മുടെ നാടും അതില്‍ നിന്നും മോചിതമല്ലെന്നു വാര്‍ത്താ മാധ്യമങ്ങള്‍ ദിനം പ്രതി നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നു. കൂട്ടായ പരിശ്രമത്തിലൂടെ അവയെ ചെറുത്തു തോല്പ്പിക്കുകയല്ലാതെ നിവൃത്തിയില്ല.ചരിത്രത്തെ ചോര കൊണ്ട് അടയാളപ്പെടുത്തുന്നവര്‍ ചോരയില്‍ മുങ്ങിക്കുളിക്കുന്ന ഒരു സമൂഹത്തെ തന്നെയാണ് സൃഷ്ടിക്കുവാന്‍ പോകുന്നത്. അതാവാം ഒരു പക്ഷെ മാനവ കുലത്തിന്റെ അന്ത്യം!

    മറുപടിഇല്ലാതാക്കൂ
  22. നല്ല പ്രതികരണകുറിപ്പ്...

    നമ്മലറിയാത്ത എത്രയെത്ര സത്യങ്ങൾ

    മറുപടിഇല്ലാതാക്കൂ
  23. വായിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത എല്ലാവർക്കും മനം നിറഞ്ഞ നന്ദി

    മറുപടിഇല്ലാതാക്കൂ
  24. " ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള ഒരു യുദ്ധമല്ല മറിച്ച് ആർത്തിപൂണ്ടവർ ആശയറ്റവർക്ക് നേരെ നടത്തുന്ന കടന്നാക്രമാണിത്തരം അധികാരവർഗ്ഗ ചെയ്തികൾ."

    മറുപടിഇല്ലാതാക്കൂ
  25. നല്ല ലേഖനം ,നല്ല കമന്‍റുകളും

    മറുപടിഇല്ലാതാക്കൂ
  26. >>>അധികാരികളും മാധ്യമങ്ങളും പൊതുസമൂഹവും കാണിക്കുന്ന അവഗണന നമ്മോട് പറയുന്നത് അധികാരികൾക്ക് ഭോഗിക്കാനും ഹോമിക്കാനുമുള്ള സ്വാതന്റ്ര്യത്തിലും വലുതല്ല അവഗണിക്കപ്പെട്ടവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നതാണ്<<<
    ചീരാമുളകിലെ ശക്തമായ ഒരു ലേഖനം തന്നെ ഇതും ...!

    മറുപടിഇല്ലാതാക്കൂ
  27. ജീവിതത്തിന്റെ ദൈന്യത തന്നെയാണ് തന്നെയാണ് ഒരു കൂട്ടം ആദിവാസികളെന്നു നാം ചെല്ലപ്പേരിട്ടു വിളിക്കുന്ന ജനവിഭാഗത്തെ ഒരേ സമയം തീവ്രവാദികളുടെയും സര്‍ക്കാരിന്റെയും കയ്യിലെ കളിപ്പാവകളാക്കുന്നത്. ശക്തമായ ലേഖനം..

    മറുപടിഇല്ലാതാക്കൂ
  28. ശക്തവും തീക്ഷ്ണവുമായ ലേഖനം.. പട്ടിണിപ്പാവങ്ങളെ പാവകളാക്കുക എളുപ്പമാണല്ലോ...

    മറുപടിഇല്ലാതാക്കൂ
  29. ലോകത്തെവിടെയും പല വകഭേധങ്ങളില്‍ ഇത്തന്നെ അവസ്ഥ..എരിവുള്ള പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  30. നഗ്നമായ യാഥാര്‍ത്ഥ്യങ്ങള്‍. ഈ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സമൂഹത്തില്‍ എത്ര പേര്‍ക്ക് അവബോധം ഉണ്ട്? ഉണ്ടെകില്‍ തന്നെ ആര് പ്രതികരിക്കും? എന്നിരുന്നാലും ഇത്തരം ഉണര്‍ത് പാട്ടുകള്‍ ഒരുപാട് മന്സസുകളില്‍ ചലനം സൃഷിട്ടിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു. അഴിമതി, സ്വജനപക്ഷപാതം മറ്റു സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഇവ മുഖമുദ്രയാക്കിയ ഭരണകര്‍ത്താക്കളില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ മറ്റെന്ത് പ്രതീക്ഷിക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  31. നല്ല പ്രതികരണം, വിശകലനം. ഇന്നത്തെ വേട്ടക്കഥകള്‍ നാളത്തെ നാണക്കേടുകളാകുന്നു.

    മറുപടിഇല്ലാതാക്കൂ
  32. പ്രകൃതിയോട് മല്ലിട്ടും , പച്ച വെള്ളം കുടിച്ചു പൈപ്പിനു ചുവട്ടില്‍ കിടന്നുറങ്ങിയും എത്രയോ പാവപ്പെട്ട ജനങ്ങള്‍ ഇന്ത്യയില്‍ മരിച്ചു ജീവിക്കുന്നു. നിരാലംബരായ ഇത്തരക്കാരെ ആധുനിക സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ഭാഗത്ത്‌ നിന്ന് തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ അധികാരികള്‍ക്ക് അത്തരം പദ്ധതികള്‍ക്കൊക്കെ എവിടെ നേരം?
    ലേഖനം വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  33. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്‍റെ പല കോണിലും തീവ്രവാദവും, വിപ്ലവവും അടിച്ചമര്‍ത്തുന്നതിനിടയില്‍ ചതഞ്ഞു ചാവുന്ന നിരപരാധികളുണ്ട്. മനുഷ്യാവകാശ ധ്വംസനമെന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍ രാജ്യസുരക്ഷയെപ്പറ്റിയുള്ള ആശങ്കകള്‍ മറുഭാഗത്ത്.
    ശ്രീലങ്കയില്‍ എല്‍.,ടി.ടി നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടപോള്‍ പ്രസ്തുത മുറവിളികേട്ടിട്ടും പല ലോകശക്തികളും മൌനം ഭജിച്ചതും മറ്റൊന്നും കൊണ്ടല്ല. രാജ്യ സുരക്ഷ തന്നെ പ്രധാനം. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനോട് അനുബന്ധിച്ച് നടന്ന സിക്ക്കൂട്ടക്കൊലയെപ്പറ്റി രാജീവ്‌ ഗാന്ധി മാധ്യമങ്ങളുടെ ചോദ്യത്തിന് നല്‍കിയ പ്രതികരണം ശ്രദ്ധിച്ചാലും "വന്മ്മരം വീഴുമ്പോള്‍ കൂടെ ചുവട്ടിലെ ചില ചെറിയ ചെടികളും പെട്ടേക്കാം?"

    മറുപടിഇല്ലാതാക്കൂ
  34. ജനുവരി /ഫെബ്രുവരിയില്‍ നാം ചര്‍ച്ച ചെയ്ത വിഷയത്തിന്റെ പരിണിതി വീണ്ടും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
    അന്ന് ചര്‍ച്ചയില്‍ ഇടപെട്ടവരെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ ഈ ലിങ്ക് ഇടുന്നത്. താല്പര്യമില്ല എങ്കില്‍, എന്തെങ്കിലും അസൌകര്യമോ താല്പര്യ കുറവോ തോന്നുന്നുവെങ്കില്‍ സാദരം ക്ഷമിക്കണമെന്നും ലിങ്ക് ഡിലിറ്റ് ചെയ്യണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
    അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. വിയോജിപ്പുകള്‍ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  35. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  36. രാഷ്ട്രീയം നല്ലതിനും വേണ്ടാത്തതിനും ..ആശംസകള്‍ തിരയുടെ

    മറുപടിഇല്ലാതാക്കൂ
  37. പ്രതികരണ ശേഷി നഷ്ടപെടാത്തവരുടെ ആത്മരോദനങ്ങള്‍ വെറും
    വനരോദനങ്ങളായി മാറുന്ന ഈ കാലഘട്ടത്തില്‍, കൂടുതല്‍ എരിവോടെ പ്രതികരിയ്ക്കുക്ക . ലക്ഷം ലക്ഷം പിന്നാലെ .ഇതു വായിച്ചിട്ട് വളരെ സന്തോഷം തോന്നി ..

    മറുപടിഇല്ലാതാക്കൂ
  38. ഈ പച്ചപ്പിലേക്കെത്താന്‍ വൈകി.
    ഒറ്റവാക്കില്‍ "വളരെ ഹൃദ്യം".ആശംസകള്‍
    കഴിഞ്ഞ വേനലില്‍ കുറെ മിനക്കെട്ടു.പാവക്ക,പയര്‍ ,പച്ചമുളക്,ചീര,ചിരവ,ചേന,ചേമ്പ് ഒക്കെ കുറേശ്ശെ കിട്ടി.അതിങ്ങനെ വിളഞ്ഞുനില്‍ക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സംതൃപ്തി ഒന്ന് വേറെത്തന്നെയാണ്.പക്ഷെ,അവസാനമായപ്പോഴേക്കും ഉറുമ്പും പുഴുവും ചാഴിയും പെരുച്ചാഴിയുമൊക്കെ ഒപ്പം വിളഞ്ഞു കളഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  39. ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, മറിച്ച് മരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ആരും അറിയാതെ പോകുന്ന കാര്യം .ആരാണ് മാവോയിസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  40. ഈ രാജ്യത്തെ ഭരണ വർഗ്ഗവും ഏറ്റവും കുറ്റമറ്റതെന്ന് ഊറ്റം കൊള്ളുന്ന നിയമപാലന സംവിധാനങ്ങളുമാണ് ഇന്ത്യയിലെ പാവങ്ങളുടെ തീരാ ശാപം. ഇവർക്കെതിരേ പ്രതികരിച്ചാൽ മാവോകളും തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തപ്പെടും. നിയമ സംവിധാനങ്ങൾ തന്നെ തെളിവുകളും പടച്ചുകൊള്ളും...

    മറുപടിഇല്ലാതാക്കൂ