2012, ജൂലൈ 3, ചൊവ്വാഴ്ച

നിശബ്ദരുടെ ചോരകൊണ്ട് ചരിത്രമെഴുതുന്നവർ

നമ്മുടെ പട്ടാളക്കാരുടെ ഏതൊരു ചെറുനേട്ടവും ഭാരതമക്കളും രാജ്യവും അത്യഭിമാനത്തോടെയാണ് നെഞ്ചേറ്റാറുള്ളത്. പത്രങ്ങളുടെ മുൻപേജിലെ പ്രധാനവാർത്തയാകേണ്ടിയിരുന്ന അത്തരമൊരു വീരസാഹസികകൃത്യം പോയ വാരത്തിലെ ഉൾപ്പേജിലെ കോളം വാർത്തയിലൊതുങ്ങിപ്പോയി. മോഹനൻ മാസ്റ്ററുടെ അറസ്റ്റ് നടന്ന ദിവസമായിരുന്നു ഈയൊരു സുപ്രധാന വിജയം കൈവരിക്കാൻ ചിദംബരത്തിന്റെ പട്ടാളക്കാർക്ക് കഴിഞ്ഞുവെന്നത് മാത്രമായിരുന്നു കാരണം. പറഞ്ഞു വരുന്നത് ജൂൺ 29 വെള്ളിയാഴ്ച ഛത്തീസ്ഗഡിൽ നടന്ന് "മാവോയിസ്റ്റ് വേട്ട"യെക്കുറിച്ചാണ്.

സംസ്ഥാനപോലീസിന്റെയും പട്ടാളത്തിന്റെയും വീരേതിഹാസങ്ങളെക്കുറിച്ച് വാചാലനായ ചിദംബർ വക്കീൽ 17 മാവോ തീവ്രവാദികളെയും ഒരു വനിതാ നേതാവടക്കം മൂന്ന് ഉന്നത മാവോ നേതാക്കളെ ഒറ്റയടിക്ക് തട്ടിയതിനെക്കുറിച്ചും ഊറ്റം കൊണ്ടു. ഏതാനും മാസങ്ങളായി മാവോയിസ്റ്റുകളിൽ നിന്നും വെടിയുണ്ടയേറ്റ് ജീവൻ പൊലിഞ്ഞ അനവധി പട്ടാളക്കാരുടെ കുടുംബങ്ങൾക്ക് രാജ്യം ഈ നേട്ടം സമർപ്പിച്ചു. ഉത്തരേന്ത്യൻ പത്രങ്ങളും ചാനലുകളും ആഘോഷിച്ചു. സംസ്ഥാന ഇന്റലിജൻസിന്റെ വിജയമെന്നവകാശപ്പെട്ട ബീ.ജേ.പ്പിക്ക് വിഷമം കോൺഗ്രസ്സും കേന്ദ്രസർക്കാരും ക്രെഡിറ്റ് തട്ടിയെടുത്തതിലായിരുന്നു. പൊന്‌തൂവൽ സ്വയമെടുത്ത് തൊപ്പിയിൽ വെച്ച ചിദംബരം സംസ്ഥാനസർക്കാറിനെ പ്രശംസിക്കാൻ മറന്നില്ല.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായിരുന്ന രാംവിലാസും രാകേഷുമായിരുന്നു ആ ഉന്നതമാവോ നേതാക്കളെന്നും വനിതാ നേതാവ് വെറും പന്ത്രണ്ട് വയസ്സ് മാത്രമുള്ള ഒരു നിഷ്കളങ്ക ബാലികയായിരുന്നുവെന്നും അദ്ദേഹമറിഞ്ഞോ ആവോ? ലോക ആയുധശകതിയിൽ നാലാം സ്ഥാനക്കാരായ ഇന്ത്യയുടെ സർവ്വസുസജ്ജമായ പട്ടാളക്കാർ മൂവന്തിനേരത്ത് വെടിവെച്ചുകൊന്ന്, കലിതീരാഞ്ഞ് കുത്തി വികൃതമാക്കിയത് ഗിരിവർഗ്ഗക്കാരായ, അന്നന്നത്തെ അന്നത്തിന്നായി കാട്ടിലും വയലേലകളും കഠിനാധ്വാനം ചെയ്യുന്ന നിസ്സഹായരായ ഒരു കൂട്ടം നിരപരാധികളെയാണെന്ന് കോൺഗ്രസ്സിന്റെ തന്നെ നേതാക്കളും മനുഷ്യാവകാശപ്രവർത്തകരും പറയുമ്പോൾ സമീപകാലത്തായി തെളിഞ്ഞു നിൽക്കുന്ന ആ ചോദ്യചിഹ്നം ബലപ്പെടുകയാണ്.


രാജ്യത്ത് പട്ടാളവും പോലീസും നടത്തുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചും തീവ്രവാദ വേട്ടകളെക്കുറിച്ചും സംശയങ്ങളുയരാൻ തുടങ്ങിയിട്ട് കാലമേറെയായി. 1997ലെ കോണോട്ട് പ്ലേസ് വെടിവെപ്പിൽ തുടങ്ങിയ ഈ ഔദ്യോഗിക കൊലപാതങ്ങളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം 2002-2007 കാലത്ത 440ഓളം വ്യാജ ഏറ്റുമുട്ടലുകൾ നടന്നെങ്കിൽ 2008 മുതൽ 2011 പകുതി വരേ മാത്രം നടന്നത് 369 വ്യാജ ഏറ്റുമുട്ടലുകളാണ്! സൊഹ്രാബുദ്ദീൻ ഷെയ്ക്ക് വധക്കേസാണിതിൽ ഏറ്റവും വിവാദം സൃഷ്ടിച്ചത്. ചില രാഷ്ട്രീയ നേതാക്കളുടെ, ഉദ്യോഗസ്ഥരുടെ, വ്യവസായികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനോ, കുടിപ്പക തീർക്കാനോ നിരപരാധികളെ നിഷ്കരുണം വധിക്കുന്നതിനെ "ഏറ്റുമുട്ടലായി" നിർവ്വചിച്ച്, ജീവിക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കപ്പെട്ട പാവങ്ങളെ രാജ്യദ്രോഹികളോ അക്രമികളോ ആക്കി ചിത്രീകരിക്കുന്നതിൽ ഒതുങ്ങുന്നില്ല ഈ ക്രൂരത. തുടർന്ന് അവരുടെ കുടുംബങ്ങളെയും ഉറ്റവരെയും വേട്ടയാടാൻ പോലീസും ഭരണകൂടവും മാത്രമല്ല, സമൂഹവും കൂടെ നിൽക്കുന്നു എന്നതാണ് നാമേവയേവെരെയും അമ്പരപ്പിക്കുന്ന സത്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണിത്തരം അറുംകൊലകൾ ഏറ്റവും കൂടുതൽ നടക്കുന്നത്. മിക്കതും, നക്സൽ, മാവോ വേട്ട എന്ന പേരിലറിയപ്പെടുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും നടക്കുന്നതും ഈ കണക്കിൽത്തന്നെ.

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിന്നും സഞ്ചാരയോഗ്യമായ റോഡുകളോ, വൈദ്യുതിയോ, ഒരു ടെലിഫോൺ ബൂത്തോ, വൈദ്യസഹായസൗകര്യങ്ങളോ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത, ഒരു മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്രയും താഴ്ന്ന അവസ്ഥയിലുള്ളതാണ്. നീണ്ടുകിടക്കുന്ന വയലേലകൾക്കിടക്ക് നൂറോ ഇരുന്നൂറോ വീടുകൾ. മലകളും പുഴകളും താണ്ടി മൈലുകൾ നടന്നാൽ മാത്രമേ ഒരു ആശുപത്രിയോ വാഹനമോ കാണാൻ കിട്ടുകയുള്ളൂ. ഇന്ത്യയുടെ സ്വാതന്ത്ര്യമോ, പരമാധികാരമോ അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. വളർച്ചാ നിരക്കുകളും രൂപയുടെ മൂല്യവും അണുപരീക്ഷണങ്ങളും അവരുടെ ചിന്തകളെ ഗ്രസിച്ചിട്ടില്ല. കാട്ടിൽ വേട്ടയാടിപ്പിടിച്ചതും തങ്ങൾ വിളയിച്ചതു തിന്ന് ജീവിച്ച് മരിച്ച് പോവുന്ന നിർദോഷികളായ മനുഷ്യർ. അവർ മന്ത്രിമാർക്ക് നിവേദനങ്ങൾ കൊടുക്കാറില്ല, വഴി തടയാറില്ല, മുദ്രാവാക്യം വിളിക്കാറില്ല, വില്ലു കുലക്കാനും വിത്തെറിയാനും വിശക്കുന്ന വയർ അമർത്തിപ്പിടിച്ച് വാവിട്ടു കരയാനും മാത്രം പഠിച്ചവർ. അത്തരത്തിലുള്ള പാവം ഗ്രാമീണരും ഗിരിവർഗ്ഗക്കാരുമാണ് പലപ്പോഴും സർക്കാറുകളുടെ ക്രൂരവേട്ടക്കിരയാവുന്നത്. നക്സലിസത്തിന്റെ പേരിലായാലും തീവ്രവാദത്തിന്റെ പേരിലായാലും, ഇന്ത്യക്കാരായിപ്പോയി എന്നൊരൊറ്റ കുറ്റം മാത്രമേ അവർ ചെയ്തുള്ളൂ, ഇങ്ങനെ ക്രൂരമായ മരണം വിധിക്കപ്പെടാൻ. 250ഓളം മനുഷ്യരെ ബോംബെറിഞ്ഞും വെടിവെച്ചും കൊലപ്പെടുത്തിയ ശത്രുരാജ്യക്കാരനായ കൊടും ഭീകരന് കോടിക്കണക്കിന് രൂപാ ചിലവിൽ സർക്കാർ സുരക്ഷിത താമസമൊരുക്കുമ്പോഴാണ്, സ്വന്തം കുടിലുകളിലന്തിയുറങ്ങാനുള്ള ഭാരതമക്കളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്ന കൊടും ക്രൂരതയരങ്ങേറുന്നത്! കോർപ്പറേറ്റുകൾക്ക് വർഷാവർഷം കൊടുക്കുന്ന നികുതിയിളവിന്റെ ഒരു ശതമാനം പോലും വേണ്ടിവരില്ല ഈ പാവങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ. പ്രഥമവനിതയുടെ വിനോദയാത്രാച്ചിലവ് മതിയാകുമായിരുന്നു ഇരുപതോ മുപ്പതോ ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്താൻ.

രാജ്യം പരമാധികാരം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും രണ്ട് നേരം വയർ നിറച്ച് ആഹരിക്കാൻ വകയില്ലാത്തവരാണ് മൂന്നിലൊരു ഭാഗം പൗരന്മാരും!ഭരണാധികാരികൾ പഠിച്ച എക്കണോമിക്സും സിവിക്സും അവരുടെ വിശപ്പടക്കുന്നില്ല. ദാരിദ്ര്യരേഖ താഴ്ത്തിക്കെട്ടി വളർച്ചാ ഗ്രാഫ് വരക്കുന്നവരാലോചിക്കേണ്ടത് വിശക്കുന്ന വയറിനേറ്റം വലുത് ഒരു നേരത്തെ ഭക്ഷണം തന്നെയാണെന്ന സാമാന്യതത്വമാണ്. കൊന്നിട്ടും കട്ടിട്ടും അവരത് നേടാൻ ശ്രമിക്കുന്നുവെങ്കിൽ പ്രായോഗികമായ ഒരു സമീപനത്തിലൂടെ ഇത്തരം ആഭ്യന്തരപ്രശ്നങ്ങൾ നേരിടാൻ സർക്കാറുകൾ തയ്യാറാവേണ്ടതുണ്ട്.

സംസ്ഥാനം ഭരിക്കുന്നത് ബീ.ജേ.പി ആയതു കൊണ്ട് മാത്രമാണ് കോൺഗ്രസ്സ് എം. എൽ.ഏമാർക്ക് ഈ പാവപ്പെട്ടവരുടെ കാര്യത്തിൽ ഉത്സാഹം. നാളെ ഭരണം മറിയാലും അധികാരത്തിന്റെ വെടിയുണ്ടകൾ ഈ പാവങ്ങളുടെ നെഞ്ചിന് നേർക്ക് തന്നെയാണെന്നത് ആർക്കാണറിയാത്തത്? നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രി രമൺസിംഗിന്റെ ന്യായം യാങ്കികളുടെ സദാപല്ലവി തന്നെയാണ്. മനുഷ്യകവചങ്ങളായി മാവോയിസ്റ്റുകൾ നിരപരാധികളെ ഉപയോഗിക്കുന്നുവെങ്കിൽ ആ പാവങ്ങൾക്ക് നീതി വേണ്ടെന്നോ? സർക്കാറുകൾക്കും മാവോയിസ്റ്റുകള്ക്കും കള്ളനും പോലീസും കളിക്കാനുള്ളതാണോ ദളിതരെന്നും ആദിവാസികളെന്നും നാം പേരിട്ടുവിളിക്കുന്ന ഈ പാവങ്ങളുടെ ജീവൻ? നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തെങ്കിലും ഒറ്റവെടിക്ക് മരിക്കാനുള്ള സ്വാതന്ത്ര്യം ഈ പാവപ്പെട്ടവർക്ക് അനുവദിച്ചു നൽകാൻ സർക്കാൻ കനിയണം.

ഇവരുടെ ജഡങ്ങളിൽ പുഷ്പചക്രമർപ്പിക്കപ്പെടുകയില്ല, എഴുത്തുകാരോ സാംസ്കാരിക നേതാക്കളോ ഈ പാവങ്ങളുടെ കൂരകളിൽ സന്ദർശനം നടത്തുകയില്ല. സെൻഷേനൽ മാധ്യമപ്രവർത്തകർക്ക് ഇതൊരു സ്കൂപ്പിനുള്ള വകയല്ല. രാഷ്ട്രീയ മൈലേജ് കിട്ടുന്നില്ലെങ്കിൽ പ്രതിപക്ഷങ്ങൾക്കിതൊരു വിഷയം തന്നെയല്ല. ഭാരതാംബയുടെ മക്കൾ പശുക്കൾക്കും വാനരർക്കും നൽകുന്ന വിലയെങ്കിലും ഈ നിസ്സഹായർക്കും കൽപ്പിച്ച് നൽകാൻ കനിവ് കാട്ടേണ്ടതാണ്.


ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, മറിച്ച് മരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇറോം ഷർമ്മിളയുടെ ഒരു വ്യാഴവട്ടക്കാലം പിന്നിട്ട് ഇന്നും തുടരുന്ന സമരം. നീതിതേടിയുള്ള ഇത്തരം സമരങ്ങൾക്കെതിരെ അധികാരികളും മാധ്യമങ്ങളും പൊതുസമൂഹവും കാണിക്കുന്ന അവഗണന നമ്മോട് പറയുന്നത് അധികാരികൾക്ക് ഭോഗിക്കാനും ഹോമിക്കാനുമുള്ള സ്വാതന്റ്ര്യത്തിലും വലുതല്ല അവഗണിക്കപ്പെട്ടവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നതാണ്.

ആടിനെ പട്ടിയാക്കി അടിച്ചു കൊല്ലുന്ന ദയനീയ വിധി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതധികവും ഇത്തരം ഗിരിവർഗ്ഗക്കാരും ഈയ്യിടെയായി കുറേ മുസ്ലീം ചെറുപ്പക്കാരുമാണ്. അസംഗഡിൽ അധികാരികൾ വെടിവെച്ചു കൊന്ന മുസ്ലീം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ നീതിതേടിയുള്ള നിവേദനത്തിനെതിരെ തീവ്രവാദം രാജ്യത്ത് അതിധ്രുതം പടർന്ന് പിടിക്കുകയാണെന്ന പ്രസ്ഥാവന സമ്മാനിച്ച് ആട്ടിവിട്ട് മണിക്കൂറുകൾക്കകമാണ് ഛത്തീസഗഡിൽ വെടിപൊട്ടിച്ചത്. വന് നഗരങ്ങളിൽ ജോലി ചെയ്യാനും ജീവിക്കാനും മുസ്ലീം ചെറുപ്പക്കാരെ അനുവദിക്കാത്ത ഒരു സാഹചര്യവും ഇതുമൂലം വന്നു ചേർന്നിട്ടുണ്ട്.
 ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള ഒരു യുദ്ധമല്ല മറിച്ച് ആർത്തിപൂണ്ടവർ ആശയറ്റവർക്ക് നേരെ നടത്തുന്ന കടന്നാക്രമാണിത്തരം അധികാരവർഗ്ഗ ചെയ്തികൾ.