2012, ജനുവരി 25, ബുധനാഴ്‌ച

മാധ്യമധർമ്മം- ഒരു വഴിത്തിരിവ്

"Rules are for others to obey and us to deny"
നിയമങ്ങൾ മറ്റുള്ളവർക്ക് അനുസരിക്കാനുള്ളതും നമുക്ക് ലംഘിക്കാനുള്ളതുമാണെന്ന് ഒരു ചൊല്ല് നിലവിലുണ്ട്. ഏറ്റവും അവസാനമായി നമ്മുടെ മാധ്യമങ്ങൾ കൊണ്ടാടിയ ഈ-മെയിൽ വിവാദത്തിൽ രണ്ട് പ്രമുഖപത്രങ്ങൾ തമ്മിലുള്ള ചെളിവാരിയെറിയലും വിഷം കലക്കലുമൊക്കെ കണ്ടപ്പോളോർത്തുപോയതാണ് പണ്ടേതോ ഒരു സാധാരണക്കാരൻ ഇംഗ്ലീഷിൽ പറഞ്ഞ ഈ ചൊല്ല്.

ധർമ്മം എന്ന ഒന്നുണ്ടത്രെ. ഭാരതീയപുരാണങ്ങളിലും ചരിത്രങ്ങളിലുമൊക്കെ ആയിരത്തൊന്നാവർത്തിച്ച ധർമ്മമാണ് പഴയ തലമുറ കേട്ടുപഠിച്ചതെങ്കിൽ, വൃക്കയുടെയും കരളിന്റെയുമൊക്കെ ധർമ്മമാണ് പുതുതലമുറ പഠിച്ചുകൊണ്ടിരിക്കുന്നത്! ധർമ്മവിഷയത്തിലെ ഈ പരിണാമം മാധ്യമങ്ങളുടെ കാര്യത്തിൽ മുന്നേ നടപ്പിലായിക്കഴിഞ്ഞു.

ഫോർത്ത് എസ്റ്റേറ്റ് എന്ന ബഹുവിശിഷ്ട പദവിയിലാണത്രെ മാധ്യമങ്ങളെ വാഴിച്ചിട്ടുള്ളത്. വാർത്തകളിലെ സത്യവും അസത്യവും വേർതിരിച്ച് പൊതുജനത്തിനെത്തിച്ചും സമൂഹസൃഷ്ടിയിൽ ഗുണപരമായ നേതൃത്വം വഹിച്ചുമാണ് മാധ്യമങ്ങൾ തങ്ങളുടെ ധർമ്മസംസ്ഥാപനം നടത്തേണ്ടത്. പുഴക്കടവിലെ പെണ്ണുങ്ങളുടെ വാർത്താപ്രക്ഷേപണം പോലും തോറ്റുപോവുന്ന തരത്തിൽ ധർമ്മം നടത്തുന്ന നമ്മുടെ മാധ്യമങ്ങൾ കണ്ടതും കേട്ടതും എഴുതിയും പ്രക്ഷേപണം ചെയ്തും പോരാഞ്ഞ് ഒളിയജണ്ടകൾക്കായി തോന്നിയത് എഴുതിപ്പിടിപ്പിച്ചും വാർത്തകളും എക്സ്ക്ലൂസീവുകളും മെനയുമ്പോൾ കൊല്ലപ്പെടുന്നത് ധർമ്മം തന്നെ.

പത്രങ്ങളുടെയും ചാനലുകളുടെയും ബാഹുല്യം ഒരു സമൂഹത്തെ എത്രകണ്ട് മലീമസമാക്കുന്നുവെന്നതിന്റെ ചീഞ്ഞുനാറുന്ന തെളിവാണ് മമകേരളത്തിലെ ഇന്നത്തെ അവസ്ഥ. പീഡനങ്ങളും കുറ്റകൃത്യങ്ങളും നമുക്ക് ആഘോഷങ്ങളാണ്. അവക്കായി പ്രത്യേക ന്യൂസ്ബുള്ളറ്റിനുകളും പേജുകളും വരേ!!

ഓരോ പത്രങ്ങളും ഏതെങ്കിലും രാഷ്ട്രീയ/മത/ജാതി സംഘടനകളുടെ മൗത്ത് പീസാണ്. കക്ഷിത്വമേൽവിലാസമില്ലാത്ത ഒരു മാധ്യമത്തെ ചൂണ്ടിക്കാണിക്കാൻ ആർക്കു സാധിക്കും? "നമ്മുടെ ഭാഗം" പറയാൻ നമുക്കും വേണം ഒരു പത്രവും ചാനലും എന്നതാണ് നടപ്പ്.

വാർത്തകളുടെ ഭാരം ചുമന്ന് വായനക്കാർക്കെത്തിക്കുന്ന താഴേക്കിടയിലുള്ള മാധ്യമതൊഴിലാളികളുടെ അടിസ്ഥാന തൊഴിലവകാശങ്ങൾ  പുല്ലുവില കൽപ്പിക്കാതെ  ചവിട്ടിയരച്ച മാധ്യമയക്ഷി (പരസ്യം വിറ്റ് പൊതുജനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്നവരെ മുത്തശ്ശിമാരെന്ന് വിളിക്കാനെന്റെ സാമാന്യബോധം സമ്മതിക്കുന്നില്ല) മുതൽ സ്വന്തം ജീവനക്കാരുടെ കിടപ്പാടം പണയംവെച്ച് പുട്ടടിച്ച പുതുവർത്തമാനക്കാർ വരേ അരങ്ങുവാഴുന്ന മാധ്യമമാടമ്പിമാർ പൊതുസമൂഹത്തോട് ധർമ്മം പുലർത്തുമെന്ന് വിശ്വസിക്കാൻ മാത്രം മൗഡ്യം നമുക്കുണ്ടോ?

 ഒരു പത്രമെഴുതിവിട്ടത് ഇങ്ങനെ- "മാധ്യമസ്വാതന്ത്ര്യം എന്നത് കുറച്ചെല്ലാം അസത്യവും പറയാനുള്ള സ്വാതന്ത്ര്യമാണ്. അതുണ്ടെങ്കിലേ സത്യം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടാകൂ. എല്ലാ തെറ്റുകളും ദുരുദ്ദേശ്യപരമായിക്കൊള്ളണമെന്നുമില്ല".
ധർമ്മവും സ്വാതന്ത്ര്യവും വേർതിരിക്കുന്ന വരമ്പിൽ നിന്നുകൊണ്ട് ഇത്കൂടി വായിക്കുമ്പോൾ നമുക്ക് വരാനിരിക്കുന്ന നാളെയുടെ ഒരേകദേശ ചിത്രം കിട്ടും.

ഇന്ത്യന് മാധ്യമചരിത്രത്തിലെ ഒരു കുലപതി ഈയ്യിടെ മരണമടഞ്ഞപ്പോൾ ഏ.കേ. ആന്റണി തന്റെ ദു:ഖം പ്രകടിപ്പിക്കൽ ഒരു സന്ദേശത്തിലൊതുക്കിയത് വലിയ ചർച്ചയായി. കരുണാകരനെ വീഴ്ത്തി ആന്റണിയെ മുഖ്യമന്തിക്കസേരയിൽ പ്രതിഷ്ഠിക്കാൻ മാധ്യമമുതലാളിയും പത്രവും അണിയറയിൽ കഠിനാധ്വാനം ചെയ്തതോർത്തെങ്കിലും കേന്ദ്രമന്ത്രി ഉപകാരസ്മരണ കാണിക്കണമായിരുന്നുവെന്ന് ഒരു "വലിയ" നിരീക്ഷകൻ നിരീക്ഷിച്ചു കളഞ്ഞു!! കരുണാകരനെ നാറ്റിച്ചു താഴെയിറക്കാനുള്ള പരക്കം പാച്ചിലിനിടെ ശൂന്യാകാശത്ത് ചാരപ്പുകമറയിട്ട്, നാടിനായി ജീവിതമുഴിഞ്ഞ് വച്ച പ്രമുഖ ശാസ്ത്രകാരന്മാരുടെയും നിരപരാധികളായ ചില വിദേശവനിതകളുടെയും ജീവിതവും കുടുംബവും തകർത്ത് തരിപ്പണമാക്കിയതും തുടർന്ന് സ്വാഭാവികവിസ്മൃതിയിലേക്കാഴ്ത്തിയതും ആരും മറന്നിട്ടില്ല. ധർമ്മമാണത്രേ!

ഒരേ വാർത്ത പത്ത് പത്രങ്ങൾ പത്ത് തരത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ സത്യത്തിന്റെ മുഖമാണ് മറച്ചുവെക്കപ്പെടുന്നത്. പൊതുജനത്തിനോ, പ്രശ്നങ്ങളിലെ ഇരകൾക്കോ അർഹമായ നീതിയാണിവിടെ നിഷേധിക്കപ്പെടുന്നത്. "ധർമ്മം" കോർപ്പറേറ്റ് വല്ല്ക്കരിക്കപ്പെടുകയോ വാണിജ്യവത്ക്കരിക്കപെടുകയോ ഒക്കെ ചെയ്യുമ്പോൾ സമ്പന്ന ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങൾ മാത്രം നടപ്പിലാവുകയും ഭൂരിപക്ഷം ഒളിയജണ്ടകളുടെ ഉച്ഛൈഷ്ടം തിന്നാൻ മാത്രം വിധിക്കപ്പെടുകയും ചെയ്യുന്നു. ഈ ധർമ്മമാണ് കാലാകാലങ്ങളായി ഫോർത്ത് എസ്റ്റേറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും.

സമൂഹം നേരിടുന്ന ഏതെങ്കിലുമൊരു വിഷയത്തിൽ ഒറ്റക്കെട്ടായി നിന്ന് പടപൊരുതിയ ചരിത്രം,നമ്മുടെ കൊട്ടിഘോഷിക്കപ്പെട്ട മാധ്യമപ്പടക്കുണ്ടോ? വിഷയങ്ങൾ വിവാദങ്ങളാക്കുകയും ചേരിതിരിഞ്ഞ് ഉടുമുണ്ട് പൊക്കി പരസ്പരം അസഭ്യവർഷം ചൊരിഞ്ഞ് അടുത്ത സ്കൂപ്പിന്നായി ക്യാമറതിരിക്കുമ്പോൾ പിന്നാമ്പുറത്ത് തേങ്ങുന്നത് പീഡിപ്പിക്കപ്പെട്ട് വലിച്ചെറിയപ്പെട്ട മാധ്യമധർമ്മമാണ്.

കാലം കാതോർക്കുന്ന വാർത്തകൾക്കായി ലൗ ജിഹാദ് നടത്തുന്നവരും നേരത്തേ അറിയിക്കാനുള്ള വ്യഗ്രതയിൽ നേര് മറന്നുപോവുന്നവരും ശൂലമേന്തിയും ളോഹയിട്ടും തൊപ്പിവച്ചും സത്യത്തെ തങ്ങൾക്ക് തോന്നിയ രൂപത്തിൽ എക്സ്ക്ലൂസീവാക്കുമ്പോൾ ധർമ്മം മറന്ന്
 പോവുന്നത് സ്വാഭാവികം മാത്രം!

മാധ്യമമുതലാളിമാരുടെ നടുമുറ്റത്ത് ചെന്ന് നമുക്ക് യാചിക്കാം- അമ്മാ, ധർമ്മം തരണേ...

52 അഭിപ്രായങ്ങൾ:

 1. ചീരാ ......പറയാനുള്ളത് പറഞ്ഞു ..ഇനി അവരായി അവരുടെ പാടായി :)
  .......................

  മറുപടിഇല്ലാതാക്കൂ
 2. തികച്ചും കാലോചിതമായ പോസ്റ്റ്‌ നല്ല കാന്താരി മുളകോളം എരുവ് ,ഇനിയും പട പൊരുതു ഇത് പോലെ

  മറുപടിഇല്ലാതാക്കൂ
 3. വിഷ്വല്‍ മീഡിയ ആയാലും പ്രിന്‍റ് മീഡിയ ആയാലും പൊതു സ്വഭാവം ഒന്ന് തന്നെ. സാമൂഹിക പ്രതിബദ്ധത എന്നൊക്കെ പറയുമെങ്കിലും സ്ഥാപിത താല്പര്യം തന്നെ മുന്നില്‍. .
  സെന്‍സേഷണല്‍ ജേര്‍ണലിസം തന്നെ മുന്നില്‍... അവിടെ വീഴേണ്ടവര്‍ വാഴ്ത്തപ്പെടുന്നു , വാഴ്ത്തേണ്ടവര്‍ വീഴ്ത്തപ്പെടുന്നു.
  മാധ്യമ സ്വാതന്ത്ര്യം എന്ന വിളിപ്പേരില്‍ എന്തും കാണിക്കാം.
  നല്ല ലേഖനം ഷഫീഖ്

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. ശക്തമായ കുറിപ്പ് ...മാധ്യമങ്ങള്‍ക്കും അജണ്ടകളും താല്പര്യങ്ങളും ഉണ്ട് .കാരണം അവ മുതലാളിമാരുടെ ഉടമസ്ഥത യില്‍ ഉള്ളതാണല്ലോ ..
  വേറെന്തു പറയാന്‍ ..

  മറുപടിഇല്ലാതാക്കൂ
 6. ലേഖനം വായിക്കുമ്പോള്‍ നാളുകള്‍ക്ക് മുന്പ് നമ്മുടെ നാട്ടില്‍ ഒരു ചാനല്‍ പ്രസിദ്ധ സിനിമ നടന്റെ മരണം കാലന് മുമ്പേ സ്‌ഥീകരിച്ച സംഭവമാണ് ഓര്‍മ്മയിലേക്കാദ്യം വരുന്നത്. ആ സമയം മുതല്‍ മറ്റു കൂട്ടങ്ങളും അതിനെ ആവര്‍ത്തിച്ചു കണ്ടു. അല്പസമയത്തിന്നകം മരണപ്പെട്ട ആള്‍ 'അതീവ ഗുരുതരാവസ്ഥയില്‍' എന്ന വാര്‍ത്തയും ഇതേ ചാനലുകാര്‍ തന്നെ കാണിക്കുന്നു. അതിനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇദ്ദേഹം പരലോകം പുല്‍കിയത് എന്നതുംകൂടെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇങ്ങനെ ജീവിച്ചിരിക്കുന്നവരെ കൊല്ലുകയും കൊല്ലപ്പെട്ട ആളെ ജീവിപ്പിക്കുകയും ചെയ്യുന്ന അത്ഭുത സിദ്ധിക്കുടമകളാണ് നമ്മുടെ മലയാള വാര്‍ത്താ കോടതികള്‍..! വാര്‍ത്തകളുടെ ഉറവിടം, അത് എന്തുമാവട്ടെ.. അതിന്റെ താത്പര്യം, നിജസ്ഥിതി ഇതൊന്നും അന്വേഷിക്കാതെ വായക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന മതമാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഹാ കഷ്ടം..!


  മനുഷ്യന്റെ പച്ചയിറച്ചി കൊത്തിത്തിന്നുന്ന ഈ ഭീകരത കഴുകനെപ്പോലും നാണിപ്പിക്കുന്നതാണ്. രാജ്യത്തെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരതയെ നിരന്തരം അനുഭവിക്കുന്ന, അതിന് ഇരയാക്കപ്പെടുന്ന ജനതയുടെ പക്ഷം പിടിക്കാന്‍ ഇവിടെ ഒരു ധര്‍മ്മവും നേതാവാകുന്നില്ല.

  ഇത് ആവര്‍ത്തിക്കപ്പെടുകില്‍ മറ്റൊരു സമരം ആരംഭിക്കതന്നെ ചെയ്യും.
  ബ്ലോഗു പോലുള്ള മാധ്യമങ്ങളുടെ സാധ്യതകള്‍ ബലപ്പെടുന്നതും ഇത്തരം സംഭവങ്ങളിലൂടെയും അതിന്റെ വികാസങ്ങളിലുമാണ്.

  നാളുകള്‍ക്ക് ശേഷം താങ്കളെ വായിക്കുമ്പോള്‍ ബദല്‍ മാധ്യമമെന്ന ബ്ലോഗിങ്ങിന്റെ ഉത്തമ താത്പര്യത്തെ ഉയര്‍ത്തുന്നതില്‍ താങ്കള്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിരിക്കുന്നു എന്നറിയുന്നു. അതിനു ശക്തമായൊരു സാക്ഷ്യമാണ് ഇപ്പോള്‍ വായിച്ചവസാനിപ്പിച്ച ഈ ലേഖനം.

  മറുപടിഇല്ലാതാക്കൂ
 7. ഇന്നത്തെ മാധ്യമ നൈതികതയെ കുറിച്ച് ഒരുപാട് പറയാനുണ്ട്. എല്ലാ മാധ്യമങ്ങള്‍ക്കും അവരുടെതായ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതായുണ്ട്. അപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കലും, തമസ്കരിക്കലും എല്ലാം സര്‍വ്വസാധാരണം.. ചീരാമുളകിന്റെ ഈ പോസ്റ്റും കാലികപ്രസക്തമാണ്.. തുടരൂ.. !

  മറുപടിഇല്ലാതാക്കൂ
 8. എല്ലാ മേഘലയിലും എന്നാ പോലെ മാധ്യമ രംഗത്തും കടന്നുവന്ന ശക്തമായ മല്‍സരം, മാധ്യമ സംസ്കാരത്തില്‍ പുതിയ ജീര്നതകള്‍ കാണിക്കുന്നുണ്ട് എന്നത് തീര്‍ത്തും സത്യമാണ്.മികച്ച ലേഖനം . ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ക്ക് ഇന്ന് സ്ഥാപിത താല്പര്യങ്ങള്‍ മാത്രം, നല്ല ലേഖനം, ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 10. അനിവാര്യമായ പോസ്റ്റ്,ശക്തമായ ലേഖനത്തിന് അഭിനന്ദനങ്ങള്‍ ...

  മറുപടിഇല്ലാതാക്കൂ
 11. തികച്ചും നിഷ്പക്ഷമായ ഒരു മാധ്യമം ഉണ്ടാകുക എന്നത് അസാദ്ധ്യം തന്നെ. എന്നാലും സമകാലികമലയാളമാദ്ധ്യമരംഗം അസഹനീയമാംവിധം മലിനം. തമ്മില്‍ ഭേദം എന്ന് ചൂണ്ടിക്കാട്ടാന്‍ എനിക്ക് ഒരു പത്രത്തിന്റെ പേര്‍ മാത്രം മനസ്സില്‍ വരുന്നു. പിന്നെ സമൂഹത്തിന്റെ ഒരു ചെറിയ പരിച്ശേദമല്ലേ എല്ലാ രംഗത്തെയും മനുഷ്യര്‍. അപ്പോള്‍ പുഴുക്കുത്തുകള്‍ സ്വാഭാവികം തന്നെ. (ഭാരതരത്ന പുരസ്കാരത്തിന് ധ്യാന്‍ ചന്ദിനെയും ബിന്ദ്രയെയും ടെന്‍സിംഗിനെയുമൊക്കെ പരിഗണിക്കുന്നത്രെ. കഷ്ടം!!! ഭാരതരത്നമായി വിളങ്ങാന്‍ അര്‍ഹതയുള്ള മനുഷ്യര്‍ ഇപ്പോള്‍ ഈ ഭാരതത്തില്‍ ആരാണുള്ളത്? അങ്ങിനത്തെ രത്നങ്ങളൊക്കെ ഇപ്പോള്‍ വെറും കരിക്കട്ടകളായിമാറിയിരിക്കുന്നു) ചീരാമുളകിന് അഭിനന്ദനങ്ങള്‍...ഈ ലേഖനത്തിന്)

  മറുപടിഇല്ലാതാക്കൂ
 12. ഓരോ പത്രങ്ങളും ഏതെങ്കിലും രാഷ്ട്രീയ/മത/ജാതി സംഘടനകളുടെ മൗത്ത് പീസാണ്. കക്ഷിത്വമേൽവിലാസമില്ലാത്ത ഒരു മാധ്യമത്തെ ചൂണ്ടിക്കാണിക്കാൻ ആർക്കു സാധിക്കും? "നമ്മുടെ ഭാഗം" പറയാൻ നമുക്കും വേണം ഒരു പത്രവും ചാനലും എന്നതാണ് നടപ്പ്.
  ------------------------------------------------
  അതെ അതാണ്‌ പച്ചപ്പരമാര്‍ത്തം!!!

  മറുപടിഇല്ലാതാക്കൂ
 13. മാധ്യമസ്വാതന്ത്ര്യം വേണ്ടത് തന്നെ അത് ദുരുപയോഗം ചെയ്യുകയാണല്ലോ അധികവും. ഗോധ്രാസംഭവത്തോടെ ഗുജറാത്തിലെ ലോക്കല്‍ പത്രങ്ങളുടെ ദുഷ്പ്രചാരണം ആണല്ലോ ഗുജറാത്ത് കലാപം തന്നെ ഉണ്ടാക്കുകയും ഒരു പാട് മനുഷ്യര്‍ കൊല്ലപ്പെടുകയും ചെയ്തത്.
  നല്ല ലേഖനം.

  മറുപടിഇല്ലാതാക്കൂ
 14. മാധ്യമങ്ങളെയൊക്കെ പൊളിച്ചടുക്കിയല്ലോ.. ഗമണ്ടനായിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 15. നല്ല എരിവുള്ള അഭിപ്രായം ,കാലം കണ്ണുതുറപ്പിക്കട്ടെ....

  മറുപടിഇല്ലാതാക്കൂ
 16. ..................................നമുക്കും കിട്ടണം പണം (കാര്യം)

  മറുപടിഇല്ലാതാക്കൂ
 17. മാധ്യമ കൊള്ളരുതായ്മക്കെതിരെയുള്ള ശക്തമായ പ്രധിഷേതം..

  മറുപടിഇല്ലാതാക്കൂ
 18. മാധ്യമ ധര്‍മ്മമെന്നൊന്ന് ഇല്ലാതായിരിക്കുന്നു. പക്ഷം ചേരലുകളും പ്രീണനങ്ങളും മാത്രമാണ് ഇന്നത്തെ മാധ്യമ ധര്‍മ്മം.
  ഈശ്വരന്‍ തെറ്റു ചെയ്താലും ഞാനത് റിപ്പോര്‍ട്ട് ചെയ്യുമെന്നു പറഞ്ഞ സ്വദേശാഭിമാനിയുടെ പിന്മുറക്കാര്‍ക്ക് യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ ഇഷ്ടം സെന്‍സേഷനുവേണ്ടി സൃഷ്ടിച്ചെടുക്കുന്ന വാര്‍ത്തകളോടാണ്.
  അത്തരം വാര്‍ത്തകള്‍ക്കാണിന്ന് പ്രീയമെന്നത് മറ്റൊരു വസ്തുത. അതുകൊണ്ടാണല്ലോ ഇമെയില്‍ വിവാദത്തില്‍ സാക്ഷാല്‍ ശ്രീമാന്‍ വി. എസ്സിന് ഓരോ ദിവസവും ഓരോ രീതിയില്‍ പ്രസ്താവന ഇറക്കേണ്ടി വന്നത്.....

  മറുപടിഇല്ലാതാക്കൂ
 19. നാടിനായി ജീവിതമുഴിഞ്ഞ് വച്ച പ്രമുഖ ശാസ്ത്രകാരന്മാരുടെയും നിരപരാധികളായ ചില വിദേശവനിതകളുടെയും ജീവിതവും കുടുംബവും തകർത്ത് തരിപ്പണമാക്കിയതും തുടർന്ന് സ്വാഭാവികവിസ്മൃതിയിലേക്കാഴ്ത്തിയതും ആരും മറന്നിട്ടില്ല. ധർമ്മമാണത്രേ! -
  - എനിക്കങ്ങ് ഇഷ്ടപ്പെട്ടു അന്‍വര്‍....

  നിലവാരമുള്ള, കാലികപ്രസക്തിയുള്ള, ശക്തമായ ലേഖനം.

  മറുപടിഇല്ലാതാക്കൂ
 20. പൊതുജനത്തിന്റെ വികാരം, നന്മയുടെ ശബ്ദം,പുരോഗമനത്തിന്റെ വഴികാട്ടി, തിന്മക്കെതിരെ സന്ധിയില്ലാ സമരം അതൊക്കെയാണ് ഒരു മാധ്യമത്തില്‍ നാം പ്രതീക്ഷിക്കുന്നത്. നമ്മില്പ്പെട്ട പലരും ജേര്‍ണലിസ്റ്റുകളായി പത്രമാപ്പീസുകളിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ സമൂഹത്തെത്തന്നെ മാറ്റിമറിക്കാനുള്ള അതിയായ വെമ്പലാണവര്‍ക്ക്. തന്റെ കണ്ടെത്തലുകള്‍, പത്രമുതലാളിയുടെ ചവറ്റുകൊട്ടയിലേക്ക് പറക്കുമ്പോള്‍ ധാര്‍മ്മികരോഷം പല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്നു. കാലം ആ പല്ലുകളുടെ മൂര്‍ച്ച കളയുമ്പോള്‍ പത്രക്കാരുടെ ശ്രേണിയിലേക്ക് ഒരാള്‍ കൂടി നടന്നു കയറുന്നു. മുതലാളിമാര്‍ എന്നും ഹാപ്പിയാണ്!!

  അഭിപ്രായങ്ങളറിയിച്ച എല്ലാര്‍ക്കുന്‍ വളരേ നന്ദി.

  മറുപടിഇല്ലാതാക്കൂ
 21. ഓരോ പത്രങ്ങളും ഏതെങ്കിലും രാഷ്ട്രീയ/മത/ജാതി സംഘടനകളുടെ മൗത്ത് പീസാണ്. കക്ഷിത്വമേൽവിലാസമില്ലാത്ത ഒരു മാധ്യമത്തെ ചൂണ്ടിക്കാണിക്കാൻ ആർക്കു സാധിക്കും? "നമ്മുടെ ഭാഗം" പറയാൻ നമുക്കും വേണം ഒരു പത്രവും ചാനലും എന്നതാണ് നടപ്പ്.

  ഈ വിചാരം ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ കൂടുതല്‍ പത്രങ്ങലും ചാനലുകളും പിറക്കില്ലായിരുന്നു

  മറുപടിഇല്ലാതാക്കൂ
 22. "മാധ്യമസ്വാതന്ത്ര്യം എന്നത് കുറച്ചെല്ലാം അസത്യവും പറയാനുള്ള സ്വാതന്ത്ര്യമാണ്. അതുണ്ടെങ്കിലേ സത്യം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടാകൂ. എല്ലാ തെറ്റുകളും ദുരുദ്ദേശ്യപരമായിക്കൊള്ളണമെന്നുമില്ല".

  ഈ ഒരു കാര്യം അറിഞ്ഞാൽ പിന്നെ അവരെക്കുറിച്ച് നമുക്ക് എന്ത് പറയാനാവും. അങ്ങിനേയേ അവർ നീങ്ങൂ. നല്ല കുറെ കാര്യങ്ങൾ പറഞ്ഞു, ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 23. പ്രിയപ്പെട്ട സുഹൃത്തേ,
  ഇതാണ് ഇന്നത്തെ പത്രധര്‍മം..!
  അമര്‍ഷവും ദേഷ്യവും ശക്തിയായി തന്നെ പ്രകടിപ്പിച്ച വരികള്‍ !
  തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങള്‍...!
  ഒന്നും മാറില്ല...എവിടെയും...പൊതുജനത്തിന് ഇത് മതി!
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 24. ഈ പുത്തൻ ധർമ്മക്കരെ കുറിച്ച് വേണ്ടാവണ്ണം പറഞ്ഞീരിക്കുന്നു കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 25. ശക്തമായ ലേഖനം..ഉള്ള കാര്യങ്ങള്‍ ശക്തമായി തന്നെ പറഞ്ഞു ..അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 26. പ്രസക്തമായ ലേഖനം. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 27. നല്ല ലേഖനം ..നന്നായി പറഞ്ഞു ...മുളക് ഒരിക്കല്‍ കൂടി എരിഞ്ഞു ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 28. മാധ്യമങ്ങൾ..ചാനൽ യുഗത്തിൽ..വെറെ ഒരു മെത്തെഡ് ആണു ഉപയൊഗിക്കുന്നതു.റേറ്റിങ്ങു എങ്ങിനെ കൂട്ടാം..എന്നു..അതു കൊണ്ടു വാർത്തകൾ വഴിതിരിഞ്ഞു പൊക്കുന്നു..ഈ ഇന്റെർനെറ്റ് യുഗത്തിൽ പത്രവായന കുറവല്ലേ. ഒരു മോടിക്ക് പത്രം വരുത്തുന്നവർ,പാർട്ടി നോക്കി പത്രം വരുത്തുന്നവർ,ചാനാലോ ഒരു റിയാലിറ്റിയും ഇല്ലാത്ത റിയാലിറ്റി ഷോ യുടെ പുറകേ..
  നമ്മുക്കു പേടിക്കാം..ഇനി നമ്മുടെ കുട്ടികളുടെ.പിറകിൽ ഒളിച്ചിരിക്കുന്ന ക്യാമറകളെ..

  മറുപടിഇല്ലാതാക്കൂ
 29. ഏതെങ്കിലും ഒരു വാര്‍ത്തയുടെ സത്ത്യാവസ്ഥ മനസ്സിലാകണമെങ്കില്‍ ഒരു പത്രവും ചാനലും നോക്കാതെ നേരിട്ട പോയി അന്വേഷിക്കണം എന്ന ഒരുഅവസ്തയാണ് ഇന്ന്‍ നിലവിലുള്ളത്. പഴയ കാലത്ത് സെക്സ്‌ ബുസ്തകങ്ങള്‍ വായിക്കുന്നതിനു പകരം ഇന്നത്തെ ദിനപ്പത്രങ്ങളില്‍ വരുന്ന പീഡനവാര്‍ത്തകളും പരസ്യങ്ങളില്‍ വരുന്ന ഫോട്ടോകളും മതി. ഇന്നത്തെ മാധ്യമങ്ങള്‍ സമൂഹത്തോട് നീതി പുലര്‍ത്തുന്നത് ഈ രീതിയിലാണ് അതിനാല്‍ തന്നെ വാര്‍ത്തക്ക് വേണ്ടി പത്രം വായിക്കുന്ന രീതിയെ വിഡ്ഢിത്തം എന്നെ പറയാനാകൂ. സമൂഹത്തില്‍ ഉന്നതിയിലിരിക്കുന്നവരെ തരംതാഴ്ത്താനും ഒന്നിനും കൊള്ളാത്തവരെ സ്റ്റാര്‍ ആക്കാനും ഈതൊക്കെ രീതിയില്‍ ഒരു വാര്‍ത്തയെ വളച്ചൊടിക്കാം എന്നുമോക്കെയാണ് ഇന്നത്തെ പത്ത്രങ്ങളുടെ പ്രധാന ധര്‍മ്മം.

  മറുപടിഇല്ലാതാക്കൂ
 30. പുഴക്കടവിലെ പെണ്ണുങ്ങളുടെ വാർത്താപ്രക്ഷേപണം പോലും തോറ്റുപോവുന്ന തരത്തിൽ ധർമ്മം നടത്തുന്ന നമ്മുടെ മാധ്യമങ്ങൾ കണ്ടതും കേട്ടതും എഴുതിയും പ്രക്ഷേപണം ചെയ്തും പോരാഞ്ഞ് ഒളിയജണ്ടകൾക്കായി തോന്നിയത് എഴുതിപ്പിടിപ്പിച്ചും വാർത്തകളും എക്സ്ക്ലൂസീവുകളും മെനയുമ്പോൾ കൊല്ലപ്പെടുന്നത് ധർമ്മം തന്നെ.


  അന്‍വര് പറയാനുള്ളത് പറഞ്ഞു...

  NB : മാഷേ ...പോത്തിനോട് വേദമോതിയാല്‍ ചിലപ്പോള്‍ കേട്ടെന്നിരിക്കും, എന്നാലും...

  മറുപടിഇല്ലാതാക്കൂ
 31. വായിച്ചു. വിശദമായ ഒരു കമെണ്ടിടാം വൈകാതെ...

  മറുപടിഇല്ലാതാക്കൂ
 32. ഇന്നത്തെ ചീഞ്ഞു നാറുന്ന മാധ്യമ സംസ്കാരത്തിന്റെ കാണാപുറങ്ങളില്‍ നമുക്ക്
  ഭിക്ഷ തെണ്ടാം ...........അമ്മാ, ധർമ്മം തരണേ...
  നല്ല ലേഖനം... ആശംസകള്‍ അന്‍വര്‍

  മറുപടിഇല്ലാതാക്കൂ
 33. ജനാധിപത്യത്തിന്‌റെ കാവല്‍ പട്ടികളാണ്‌ ഈ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ എന്ന് വിശേഷിക്കപ്പെടുന്ന മാധ്യമങ്ങള്‍. പത്ര ധര്‍മ്മമെന്ന് പറയുന്നത്‌ സത്യസന്ധമായി പൊതുജന സമൂഹത്തിന്‌ വാര്‍ത്ത എത്തിച്ച്‌ കൊടുക്കല്‍ എന്നുള്ളത്‌ തന്നെയാണ്‌. അത്തരത്തിലുള്ള വാര്‍ത്തകളാണ്‌ ജനം പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ നടന്ന് കൊണ്‌ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്ന് പറയുന്നത്‌ വിമര്‍ശിക്കപ്പെടേണ്‌ടത്‌ തന്നെ. ഏതാണ്‌ സത്യമെന്നും അസത്യമെന്നും പറയാന്‍ കഴിയാതെ വായനക്കാര്‍ക്ക്‌ ആശയക്കുഴപ്പമുണ്‌ടാക്കാന്‍ വ്യത്യസ്ഥ പത്ര മാധ്യമങ്ങള്‍ മത്സരിക്കുകയാണ്‌. ഒരു പത്രം പറഞ്ഞതിന്‌ നേര്‍ വിപരീതമായോ അല്ലെങ്കില്‍ കൂട്ടിക്കിഴിച്ചിലുകള്‍ നടത്തിയോ അടുത്ത പത്രം എക്സ്ക്ളൂസീവ്‌ വാര്‍ത്ത കൊടുത്ത്‌ വായനക്കാരന്‌റെ ചിന്താ മണ്‌ഡലത്തെ ആശങ്കയുടെ മുനയില്‍ നിര്‍ത്തും. ഞാന്‍ അതിനൊരു ഇരയാണ്‌.

  ആദ്യ കാലങ്ങളില്‍ വീട്ടില്‍ വരുന്ന മാതൃഭൂമി പത്രം മാത്രമേ വായിച്ചിരുന്നുള്ളൂ. ഒരു പരിധിവരെ നിക്ഷ്പക്ഷത പുലര്‍ത്തിയിരുന്നു എന്ന് തോന്നിയിരുന്നു. എന്നാല്‍ പിന്നീട്‌ മറ്റ്‌ പത്രങ്ങളും വായിക്കാനുള്ള ശ്രമത്തിനിടെ ഏതാണ്‌ സത്യമെന്നറിയാതെ വിഷമിച്ചു. തല്‍പര കക്ഷികളുടെ കൂട്ടത്തില്‍ എടുത്ത്‌ പറയേണ്‌ട പത്രം മനോരമ തന്നെ, ദീപികയും, ചന്ദ്രികയുമെല്ലാം തൊട്ടു പിറകെ നില്‍ക്കുന്നു, തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയാന്‍ ഇപ്പോഴും ഞാന്‍ വായിക്കാന്‍ തെരഞ്ഞെടുക്കാറുള്ളത്‌ കൌമുദിയും, മാതൃഭൂമിയും, മാധ്യമവുമാണെന്ന് പറഞ്ഞ്‌ കൊള്ളട്ടെ. ഇവ മൂന്നും വായിച്ചാല്‍ സത്യത്തിന്‌റെ ഒരംശമെങ്കിലും പിടികിട്ടാറുണ്‌ട്‌, ഇവര്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ ഉണ്‌ട്‌ എന്ന് പറയാതെ വയ്യ.

  ലേഖനത്തെ കുറിച്ച്‌, ലേഖനം നന്നായി.. പക്ഷെ മുമ്പ്‌ പറഞ്ഞ്‌ കേട്ടതില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും തന്നെയില്ല, അത്‌ കൊണ്‌ടാണ്‌ ഞാന്‍ വിശദമായ ഒരു കുറിപ്പ്‌ പെട്ടെന്ന് എഴുതി തീര്‍ത്തത്‌. എങ്കിലും നിക്ഷ്പക്ഷമായ നിരീക്ഷണത്തിന്‌ അഭിനന്ദനങ്ങള്‍ ! അടുത്തതിനായി കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമ്മുടെ ഓരോ പത്രത്തെയും ഏതെങ്കിലും കക്ഷികളുമായി കൂട്ടിക്കെട്ടാതെ നമുക്ക് പറയാന്‍ പറ്റില്ല. അവര്‍ നിര്‍‌വഹിച്ചുകൊണ്ടിരിക്കുന്നത് മറ്റാരുടെയോ അജണ്ടകള്‍ നമ്മിലെത്തിക്കുക എന്നത് മാത്രം. പണം നല്‍കി നാം നമ്മുടെ വീക്ഷണങ്ങളെ രൂപപ്പെടുത്തുന്നു, ചിന്തകളെ അവര്‍ വിലക്കെടുക്കുന്നു. നമുക്ക് വേറെ വഴിയില്ല.

   ഇല്ലാതാക്കൂ
  2. അത് തന്നെയാണ് ഇവിടെ നടക്കുന്നത് - നിഷ്പക്ഷമായിരിക്കണം മാധ്യങ്ങൾ എന്ന പക്ഷക്കാരാണ് വായനക്കാർ. പക്ഷെ ചുരുക്കം ചിലരുടെ ചട്ടുകമാകുന്നു പത്ര (മാധ്യമങളുടെ) മുതലാളിമാർ...

   ഇല്ലാതാക്കൂ
 34. കേരളത്തിൽ പ്രസക്തമായ ഒരു ചർച്ച ലഭിക്കേണ്ട ഒരു വിഷയം ... നന്നായി അവതരിപ്പിച്ചു..

  മറുപടിഇല്ലാതാക്കൂ
 35. ഹൌ! എല്ലാരും ഭയങ്കര ഗൌരവത്തിലാണല്ല്. എന്തരഡേയ് ഇതൊക്കെ.
  ഒന്ന് മസിലുകളൊക്കെ ലൂസായി പിടിയഡേയ്.

  (എല്ലാരുംകൂടി മാദ്ധ്യമ മുതലാളിമാരെ കൊല്ല്. അടിയന്തിരത്തിനു ക്ഷണിക്കാന്‍ മറക്കണ്ട. അപ്പോള്‍ വരാം)

  ന്നാലും ന്റെ ചീരൂ, താനങ്ങു കടുക് വറുത്തു കേട്ടോ!

  മറുപടിഇല്ലാതാക്കൂ
 36. വളരെ നന്നായി അവതരിപ്പിച്ചു. ശക്തമായ ഭാഷ. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 37. മാധ്യമങ്ങള്‍ വിശുദ്ധ ഗോക്കളാണ്, അവയെ തൊടരുത്,
  എന്നും പ്രഭാതത്തില്‍ അവയുടെ വിസര്‍ജ്യം വിഴുങ്ങാന്‍ വിധിക്കപ്പെട്ടാവര്‍ നാം..

  മറുപടിഇല്ലാതാക്കൂ
 38. നമ്മുടെ ചില പത്രങ്ങള്‍ ''മുത്തശ്ശി പത്രങ്ങള്‍ ''എന്ന പേര് വല്ലാതെ ശരി വെക്കുന്നുണ്ട് ...തെളിച്ചു പറഞ്ഞാല്‍ മനോരമയും മാതൃ ഭൂമിയും ........വായില്‍ വന്നത് കോതക്ക് പാട്ട് പോലെ യാവുന്നു പല വാര്‍ത്തകളുടെയും നിജസ്ഥിതി ..........

  മറുപടിഇല്ലാതാക്കൂ
 39. മാധ്യമ ധര്‍മം ..മണ്ണാങ്കട്ട...ഇപ്പോള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്നത് വാര്‍ത്തയാണ്...വായിക്കാതെ ഇരിക്കാന്‍ ശ്രമിക്കുന്നതും അത് തന്നെ...അത്ര മാത്രം മലീമാസമായിപ്പോയി ഈ നാലാം തൂണ്..അതിശക്തമായ പോസ്റ്റിനു ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 40. പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!

  ഈ ലിങ്ക് ഇവിടെ ചേര്‍ത്തതില്‍ താല്‍പര്യമില്ലെങ്കില്‍ ഡിലിറ്റ് ചെയ്യുമല്ലോ

  മറുപടിഇല്ലാതാക്കൂ
 41. "...സമൂഹം നേരിടുന്ന ഏതെങ്കിലുമൊരു വിഷയത്തിൽ ഒറ്റക്കെട്ടായി നിന്ന് പടപൊരുതിയ ചരിത്രം,നമ്മുടെ കൊട്ടിഘോഷിക്കപ്പെട്ട മാധ്യമപ്പടക്കുണ്ടോ..? "

  അമ്പതല്ല അഞ്ഞൂറുവട്ടം ഈ ചോദ്യം പ്രതിധ്വനിച്ചാലും.
  തലതാഴ്ത്തി മൗനമാചരിക്കാനേ..നമ്മുടെ മാധ്യമലോകത്തിനാവൂ..!

  മാഷേ എഴുത്ത് കിടിലൻ..!
  ആശംസകളോടെ..പുലരി

  മറുപടിഇല്ലാതാക്കൂ
 42. സമൂഹത്തിന്റെ ഒരു പ്രശ്നം ഒറ്റകെട്ടായി നിന്ന് നേരിടുന്ന പത്ര ധർമ്മം..!? നടക്കാത്ത ഒരു സ്വപ്നം= ഒരു പോസ്റ്റ്.....എന്നു തോന്നി..
  സുഹൃത്തേ...,ഒരു കാഴ്ച്ചയും അമ്പത് കാഴ്ച്ചകാരും എങ്കിൽ അമ്പതു തരത്തിലായിരിക്കും ആ കാഴ്ച്ച.... എല്ലാം അവനവന്റെ ചിന്തയ്ക്കും താല്പര്യത്തിനും സ്റ്റാന്റേർഡിനും അനുസരിച്ചേ ആ കാഴ്ച്ച കാണൂ.... അതു തന്നെയാണു ഇന്നത്തെ പത്ര ധർമ്മം ( ധർമ്മമെന്നു പറയണോ..)
  ഗൌരവമായ ചിന്ത...,ശക്തമായ ഭാഷ....നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 43. Rules are for others to obey and us to break.
  perhaps a better way to put it?

  മറുപടിഇല്ലാതാക്കൂ
 44. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബീ. അര്‍. പീ. ഭാസ്കര്‍ പറയുന്നു "എന്താണ് വാര്‍ത്ത എന്ന അവബോധത്തില്‍ വന്നിട്ടുള്ള മാറ്റം. സെന്‍സേഷണലിസത്തിന്റെ വല്ലാത്തൊരു കുത്തൊഴുക്ക്. ഒപ്പം വാര്‍ത്തയിലെ നാടകീയത. പൈങ്കിളിവത്കരണത്തേക്കാള്‍ ഭീതിതമായ ഒരവസ്ഥയാണിത്. മരണത്തെ പോലും അവതരിപ്പിക്കുന്ന രീതി മാറുന്നു. അമ്മയുടെ മുന്നില്‍ മകന്‍ ബസ് കയറി മരിച്ചു എന്നതുപോലുള്ള വാര്‍ത്തകള്‍. ദാരുണതയെ കൂടുതള്‍ ഊന്നിക്കൊണ്ടുള്ള അവതരണം. തലക്കെട്ടില്‍ തന്നെ അത് കയറി വരുന്നു. അത്തരത്തിലുള്ള അവതരണം ഒരു സാമാന്യ രീതിയായി മാറിയിരിക്കുന്നു. ഇവിടെ അത്തരം വാര്‍ത്തകള്‍ കിട്ടുന്നില്ലെങ്കില്‍ നമ്മള്‍ പുറത്ത് നിന്ന് അത്തരം വാര്‍ത്തകളെ സ്വീകരിക്കും. അമേരിക്കയിലെ സിയാറ്റിലില്‍ കൊലപാതക പരമ്പര നടത്തിയ ഒരു കൊലയാളിയെ ശിക്ഷിച്ചു. നാല്‍പ്പത്തിരണ്ട് സ്ത്രീകളെ വശികരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അയാള്‍ കൊന്നുകളഞ്ഞു. ആ കൊലയാളിയെ ശിക്ഷിച്ചതിന്റെ പിറ്റേ ദിവസം ഇങ്ങ് കേരളത്തിലെ ഒരു പ്രധാന പത്രത്തില്‍ ഒന്നാം പേജിലെ വാര്‍ത്തയായി അത് വന്നു. ആ വാര്‍ത്തയോടൊപ്പം ഇയാള്‍ കൊന്നു എന്ന് പറയുന്ന നാല്‍പ്പത്തിരണ്ട് സ്ത്രീകളില്‍ നാല്‍പ്പത്തിയൊന്ന് പേരുടെ പോസ്റ് സ്റാമ്പ് സൈസിലുള്ള ചിത്രവും ഉണ്ടായിരുന്നു. ഈ വാര്‍ത്തയ്ക്ക് അമേരിക്കയില്‍ പോലും സിയാറ്റിലിന് പുറത്ത് ഇത്ര പ്രാധാന്യം ലഭിച്ചിട്ടുണ്ടാവില്ല. വാര്‍ത്തയ്ക്ക് എപ്പോഴും ഒരു പ്രാദേശിക മാനമുണ്ട്. വാര്‍ത്തയ്ക്ക് സംഭ്രമജനകമായ ഒരു തലമുണ്ടെങ്കില്‍ അത് പ്രാദേശികമാനത്തെ മറികടക്കുന്നു. ചെറിയ വാര്‍ത്തകള്‍ക്ക് വലിയ തലക്കെട്ടുകള്‍ എന്നത് ഇന്നത്തെ ഒരു രീതിയാവുന്നു. പത്ത് വര്‍ഷം മുമ്പ് ഇതേ പത്രത്തില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് ഇത്ര പ്രാധാന്യം ഉണ്ടായിരുന്നില്ല. അത് സാമാന്യവത്കരണത്തിനും ഇത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവണതയിലേക്കും വായനക്കാരനെ ശീലിപ്പിക്കുന്നുണ്ട്. പത്രം ഒരു ശീലമായി മാറുകയാണ്. തുടര്‍ച്ചയായി ഇത്തരത്തിലുള്ള സംഭ്രമജനകമായ, പൈങ്കിളിവത്കരിച്ച, നാടകീയതയില്‍ അവതരിപ്പിക്കുന്ന ഘടകങ്ങളാണ്് പത്രങ്ങള്‍ നമുക്ക് തരുന്നത്. ആ ഘടകമില്ലാഞ്ഞാല്‍ നമുക്ക് അസ്വസ്തതയുണ്ടാവും. ഒരു ശീലം ഉപേക്ഷിക്കുക എന്നത് എളുപ്പമല്ലല്ലോ. നല്ല ശീലങ്ങളെക്കാള്‍ ചീത്ത ശീലങ്ങളാണ് നമ്മള്‍ എളുപ്പം പഠിക്കുന്നത്. ഒരു ശീലമുപേക്ഷിക്കണമെങ്കിലോ നല്ല ശീലം പെട്ടെന്നുപേക്ഷിക്കാന്‍ സാധിക്കും ചീത്ത ശീലം ഉപേക്ഷിക്കാന്‍ കുറച്ച് താമസവുമുണ്ടാവും. നമ്മള്‍ വായിക്കുന്ന പത്രത്തിലുള്ളത് നമുക്കിഷ്ടമല്ലാത്ത കാര്യമാണെങ്കില്‍ നമ്മളത് വിളിച്ച് പറയണം. അപ്പോള്‍ മാത്രമേ എന്തെങ്കിലും മാറ്റമുണ്ടാവു."

  മറുപടിഇല്ലാതാക്കൂ
 45. നല്ല ശക്തമായ അവതരണം! ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 46. വാർത്തകൾ മാത്രമല്ല,ആധുനികകാലത്ത് പലതും വളരെയേറെ വാണിജ്യവൽക്കരിക്കപ്പെട്ടാണ് നമ്മുടെ മുന്നിൽ എത്തുന്നത്.പല സെൻസേഷനുകളും ഉള്ളി പൊളിച്ചത് പോലെ ആവുന്നത് ലേഖകൻ നിരീക്ഷിക്കുന്നത് പോലെ മാധ്യമങ്ങളുടെ ആരോടൊക്കെയോ ഉള്ള വിധേയത്വം കൊണ്ട് തന്നെ .കാമ്പുള്ള ലേഖനം.

  മറുപടിഇല്ലാതാക്കൂ
 47. വാർത്തകൾ മാത്രമല്ല,ആധുനികകാലത്ത് പലതും വളരെയേറെ വാണിജ്യവൽക്കരിക്കപ്പെട്ടാണ് നമ്മുടെ മുന്നിൽ എത്തുന്നത്.പല സെൻസേഷനുകളും ഉള്ളി പൊളിച്ചത് പോലെ ആവുന്നത് ലേഖകൻ നിരീക്ഷിക്കുന്നത് പോലെ മാധ്യമങ്ങളുടെ ആരോടൊക്കെയോ ഉള്ള വിധേയത്വം കൊണ്ട് തന്നെ .കാമ്പുള്ള ലേഖനം.

  മറുപടിഇല്ലാതാക്കൂ