2012, ജനുവരി 25, ബുധനാഴ്‌ച

മാധ്യമധർമ്മം- ഒരു വഴിത്തിരിവ്

"Rules are for others to obey and us to deny"
നിയമങ്ങൾ മറ്റുള്ളവർക്ക് അനുസരിക്കാനുള്ളതും നമുക്ക് ലംഘിക്കാനുള്ളതുമാണെന്ന് ഒരു ചൊല്ല് നിലവിലുണ്ട്. ഏറ്റവും അവസാനമായി നമ്മുടെ മാധ്യമങ്ങൾ കൊണ്ടാടിയ ഈ-മെയിൽ വിവാദത്തിൽ രണ്ട് പ്രമുഖപത്രങ്ങൾ തമ്മിലുള്ള ചെളിവാരിയെറിയലും വിഷം കലക്കലുമൊക്കെ കണ്ടപ്പോളോർത്തുപോയതാണ് പണ്ടേതോ ഒരു സാധാരണക്കാരൻ ഇംഗ്ലീഷിൽ പറഞ്ഞ ഈ ചൊല്ല്.

ധർമ്മം എന്ന ഒന്നുണ്ടത്രെ. ഭാരതീയപുരാണങ്ങളിലും ചരിത്രങ്ങളിലുമൊക്കെ ആയിരത്തൊന്നാവർത്തിച്ച ധർമ്മമാണ് പഴയ തലമുറ കേട്ടുപഠിച്ചതെങ്കിൽ, വൃക്കയുടെയും കരളിന്റെയുമൊക്കെ ധർമ്മമാണ് പുതുതലമുറ പഠിച്ചുകൊണ്ടിരിക്കുന്നത്! ധർമ്മവിഷയത്തിലെ ഈ പരിണാമം മാധ്യമങ്ങളുടെ കാര്യത്തിൽ മുന്നേ നടപ്പിലായിക്കഴിഞ്ഞു.

ഫോർത്ത് എസ്റ്റേറ്റ് എന്ന ബഹുവിശിഷ്ട പദവിയിലാണത്രെ മാധ്യമങ്ങളെ വാഴിച്ചിട്ടുള്ളത്. വാർത്തകളിലെ സത്യവും അസത്യവും വേർതിരിച്ച് പൊതുജനത്തിനെത്തിച്ചും സമൂഹസൃഷ്ടിയിൽ ഗുണപരമായ നേതൃത്വം വഹിച്ചുമാണ് മാധ്യമങ്ങൾ തങ്ങളുടെ ധർമ്മസംസ്ഥാപനം നടത്തേണ്ടത്. പുഴക്കടവിലെ പെണ്ണുങ്ങളുടെ വാർത്താപ്രക്ഷേപണം പോലും തോറ്റുപോവുന്ന തരത്തിൽ ധർമ്മം നടത്തുന്ന നമ്മുടെ മാധ്യമങ്ങൾ കണ്ടതും കേട്ടതും എഴുതിയും പ്രക്ഷേപണം ചെയ്തും പോരാഞ്ഞ് ഒളിയജണ്ടകൾക്കായി തോന്നിയത് എഴുതിപ്പിടിപ്പിച്ചും വാർത്തകളും എക്സ്ക്ലൂസീവുകളും മെനയുമ്പോൾ കൊല്ലപ്പെടുന്നത് ധർമ്മം തന്നെ.

പത്രങ്ങളുടെയും ചാനലുകളുടെയും ബാഹുല്യം ഒരു സമൂഹത്തെ എത്രകണ്ട് മലീമസമാക്കുന്നുവെന്നതിന്റെ ചീഞ്ഞുനാറുന്ന തെളിവാണ് മമകേരളത്തിലെ ഇന്നത്തെ അവസ്ഥ. പീഡനങ്ങളും കുറ്റകൃത്യങ്ങളും നമുക്ക് ആഘോഷങ്ങളാണ്. അവക്കായി പ്രത്യേക ന്യൂസ്ബുള്ളറ്റിനുകളും പേജുകളും വരേ!!

ഓരോ പത്രങ്ങളും ഏതെങ്കിലും രാഷ്ട്രീയ/മത/ജാതി സംഘടനകളുടെ മൗത്ത് പീസാണ്. കക്ഷിത്വമേൽവിലാസമില്ലാത്ത ഒരു മാധ്യമത്തെ ചൂണ്ടിക്കാണിക്കാൻ ആർക്കു സാധിക്കും? "നമ്മുടെ ഭാഗം" പറയാൻ നമുക്കും വേണം ഒരു പത്രവും ചാനലും എന്നതാണ് നടപ്പ്.

വാർത്തകളുടെ ഭാരം ചുമന്ന് വായനക്കാർക്കെത്തിക്കുന്ന താഴേക്കിടയിലുള്ള മാധ്യമതൊഴിലാളികളുടെ അടിസ്ഥാന തൊഴിലവകാശങ്ങൾ  പുല്ലുവില കൽപ്പിക്കാതെ  ചവിട്ടിയരച്ച മാധ്യമയക്ഷി (പരസ്യം വിറ്റ് പൊതുജനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്നവരെ മുത്തശ്ശിമാരെന്ന് വിളിക്കാനെന്റെ സാമാന്യബോധം സമ്മതിക്കുന്നില്ല) മുതൽ സ്വന്തം ജീവനക്കാരുടെ കിടപ്പാടം പണയംവെച്ച് പുട്ടടിച്ച പുതുവർത്തമാനക്കാർ വരേ അരങ്ങുവാഴുന്ന മാധ്യമമാടമ്പിമാർ പൊതുസമൂഹത്തോട് ധർമ്മം പുലർത്തുമെന്ന് വിശ്വസിക്കാൻ മാത്രം മൗഡ്യം നമുക്കുണ്ടോ?

 ഒരു പത്രമെഴുതിവിട്ടത് ഇങ്ങനെ- "മാധ്യമസ്വാതന്ത്ര്യം എന്നത് കുറച്ചെല്ലാം അസത്യവും പറയാനുള്ള സ്വാതന്ത്ര്യമാണ്. അതുണ്ടെങ്കിലേ സത്യം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടാകൂ. എല്ലാ തെറ്റുകളും ദുരുദ്ദേശ്യപരമായിക്കൊള്ളണമെന്നുമില്ല".
ധർമ്മവും സ്വാതന്ത്ര്യവും വേർതിരിക്കുന്ന വരമ്പിൽ നിന്നുകൊണ്ട് ഇത്കൂടി വായിക്കുമ്പോൾ നമുക്ക് വരാനിരിക്കുന്ന നാളെയുടെ ഒരേകദേശ ചിത്രം കിട്ടും.

ഇന്ത്യന് മാധ്യമചരിത്രത്തിലെ ഒരു കുലപതി ഈയ്യിടെ മരണമടഞ്ഞപ്പോൾ ഏ.കേ. ആന്റണി തന്റെ ദു:ഖം പ്രകടിപ്പിക്കൽ ഒരു സന്ദേശത്തിലൊതുക്കിയത് വലിയ ചർച്ചയായി. കരുണാകരനെ വീഴ്ത്തി ആന്റണിയെ മുഖ്യമന്തിക്കസേരയിൽ പ്രതിഷ്ഠിക്കാൻ മാധ്യമമുതലാളിയും പത്രവും അണിയറയിൽ കഠിനാധ്വാനം ചെയ്തതോർത്തെങ്കിലും കേന്ദ്രമന്ത്രി ഉപകാരസ്മരണ കാണിക്കണമായിരുന്നുവെന്ന് ഒരു "വലിയ" നിരീക്ഷകൻ നിരീക്ഷിച്ചു കളഞ്ഞു!! കരുണാകരനെ നാറ്റിച്ചു താഴെയിറക്കാനുള്ള പരക്കം പാച്ചിലിനിടെ ശൂന്യാകാശത്ത് ചാരപ്പുകമറയിട്ട്, നാടിനായി ജീവിതമുഴിഞ്ഞ് വച്ച പ്രമുഖ ശാസ്ത്രകാരന്മാരുടെയും നിരപരാധികളായ ചില വിദേശവനിതകളുടെയും ജീവിതവും കുടുംബവും തകർത്ത് തരിപ്പണമാക്കിയതും തുടർന്ന് സ്വാഭാവികവിസ്മൃതിയിലേക്കാഴ്ത്തിയതും ആരും മറന്നിട്ടില്ല. ധർമ്മമാണത്രേ!

ഒരേ വാർത്ത പത്ത് പത്രങ്ങൾ പത്ത് തരത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ സത്യത്തിന്റെ മുഖമാണ് മറച്ചുവെക്കപ്പെടുന്നത്. പൊതുജനത്തിനോ, പ്രശ്നങ്ങളിലെ ഇരകൾക്കോ അർഹമായ നീതിയാണിവിടെ നിഷേധിക്കപ്പെടുന്നത്. "ധർമ്മം" കോർപ്പറേറ്റ് വല്ല്ക്കരിക്കപ്പെടുകയോ വാണിജ്യവത്ക്കരിക്കപെടുകയോ ഒക്കെ ചെയ്യുമ്പോൾ സമ്പന്ന ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങൾ മാത്രം നടപ്പിലാവുകയും ഭൂരിപക്ഷം ഒളിയജണ്ടകളുടെ ഉച്ഛൈഷ്ടം തിന്നാൻ മാത്രം വിധിക്കപ്പെടുകയും ചെയ്യുന്നു. ഈ ധർമ്മമാണ് കാലാകാലങ്ങളായി ഫോർത്ത് എസ്റ്റേറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും.

സമൂഹം നേരിടുന്ന ഏതെങ്കിലുമൊരു വിഷയത്തിൽ ഒറ്റക്കെട്ടായി നിന്ന് പടപൊരുതിയ ചരിത്രം,നമ്മുടെ കൊട്ടിഘോഷിക്കപ്പെട്ട മാധ്യമപ്പടക്കുണ്ടോ? വിഷയങ്ങൾ വിവാദങ്ങളാക്കുകയും ചേരിതിരിഞ്ഞ് ഉടുമുണ്ട് പൊക്കി പരസ്പരം അസഭ്യവർഷം ചൊരിഞ്ഞ് അടുത്ത സ്കൂപ്പിന്നായി ക്യാമറതിരിക്കുമ്പോൾ പിന്നാമ്പുറത്ത് തേങ്ങുന്നത് പീഡിപ്പിക്കപ്പെട്ട് വലിച്ചെറിയപ്പെട്ട മാധ്യമധർമ്മമാണ്.

കാലം കാതോർക്കുന്ന വാർത്തകൾക്കായി ലൗ ജിഹാദ് നടത്തുന്നവരും നേരത്തേ അറിയിക്കാനുള്ള വ്യഗ്രതയിൽ നേര് മറന്നുപോവുന്നവരും ശൂലമേന്തിയും ളോഹയിട്ടും തൊപ്പിവച്ചും സത്യത്തെ തങ്ങൾക്ക് തോന്നിയ രൂപത്തിൽ എക്സ്ക്ലൂസീവാക്കുമ്പോൾ ധർമ്മം മറന്ന്
 പോവുന്നത് സ്വാഭാവികം മാത്രം!

മാധ്യമമുതലാളിമാരുടെ നടുമുറ്റത്ത് ചെന്ന് നമുക്ക് യാചിക്കാം- അമ്മാ, ധർമ്മം തരണേ...