2012, ഡിസംബർ 16, ഞായറാഴ്‌ച

പാരീസിലെ പറുദീസയിൽ, ഭാഗം-2

സായം സന്ധ്യയിലെ നഗരക്കാഴ്ചകൾ

(പാരീസ് യാത്രയുടെ ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക)

അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു സ്മാരകത്തിന്നടുത്തേക്കാണ് ഞങ്ങൾ വഴി തെറ്റി എത്തിപ്പെട്ടത്. സമാധാനത്തിന്റെ ചുമർ (Wall for peace)  എന്ന പേരിൽ 2000ല് നിർമ്മിച്ച ഒരു ചില്ലുമതിൽ! കട്ടികൂടിയ ഗ്ലാസ്സ്, അതിൽ നിറയേ 49 വിവിധ ഭാഷകളിലായി സമാധാനം എന്നെഴുതിയിരിക്കുന്നു. അറബിയും കൂട്ടത്തിലുണ്ട്. ടിബറ്റൻ ഭാഷ വരേയുണ്ട്. പക്ഷേ ഒരൊറ്റ ഇന്ത്യൻ ഭാഷപോലും അതിലില്ലാത്തത് അത്ഭുതപ്പെടുത്തി.

പശ്ചാത്തലത്തിൽ കാണുന്നതാണ് സമാധാനച്ചുമരും സ്തൂപങ്ങളും
അവിടെ നിന്നും രണ്ട് മൂന്ന് ചിത്രങ്ങൽ പിടിച്ച് കയ്യിലെ മാപ്പിൽ നോക്കി മുന്നോട്ട് നടക്കവേ അതാ ഒരു അതിപുരാതന സ്മാരകം തൊട്ടുമുന്നിൽ!മനുഷ്യാവകാശപ്രഖ്യാപന സൗധം (Monument des droits de l'Hom) എന്നത്രേ പേര്. പൂർണ്ണമായും ചെമ്പിൽ നിർമ്മിച്ച പ്രതിമകൾ, ഒരു പുരാതന ജൂതദേവാലയത്തിന്റെ മാതൃകയിൽ, ചുമരിൽ നിറയേ ഫ്രഞ്ചിലും മറ്റു പല ഭാഷകളിലും പലതും എഴുതിക്കൂട്ടിയിട്ടുണ്ട്. 1786 എന്ന വർഷം കണ്ടതേ ആ സൗധത്തിന്റെ പഴക്കം കണ്ട് അത്ഭുതം കൂറി. പിന്നീടാണറിഞ്ഞത് ഫ്രഞ്ച് വിപ്ലവത്തിന്റെ ഇരുനൂറാം വാർഷികം പ്രമാണിച്ച് 1986ല് അന്നത്തെ പ്രസിഡന്റെ ഫ്രങ്കോയിസ് മിത്തറാന്റ് (Francois Mitterand) പണികഴിപ്പിച്ചതാണിതെന്ന്! മിത്തറാന്റ്, നിഗൂഡസംഘടനയായ ഫ്രീ മേസണിൽ അംഗമായിരുന്നുവെന്ന ഊഹങ്ങൾക്ക് അടിവരയിടുന്നതാണ് സ്മാരകത്തിന്റെ ജൂതശൈലി എന്നും അറിയുന്നു. ചുരുട്ടിപ്പിടിച്ച കൽപ്പനാപത്രം കയ്യിലേന്തിയ ഒരു സ്ത്രീയും നഗ്നനായ ഒരു കൊച്ചുബാലനുമുള്ള മനോഹരമായ ഒരു പ്രതിമയാണ് അവിടുത്തെ മുഖ്യ ആകർഷണം. കയ്യിലെ കൊച്ചു ഡയറിയിൽ ആ ശിൽപ്പത്തെ കുറിച്ചെടുത്ത് പിന്നെയും നടത്തം തുടങ്ങി.

ലൂയി പതിനാലാമന്റെ കാലത്ത് 1679ല് നിർമ്മിക്കപ്പെട്ട പ്രസിദ്ധമായ ലെ ഇന്‌വാലിദേ   ( Hotel Les Invalides) ആണ് അടുത്ത ലക്ഷ്യം. ഇനിയും നടക്കാൻ കാലുകളും സമയവും കൂട്ടാക്കുന്നില്ല. പതിയേ അടുത്തു കണ്ട ബസ്സ്റ്റോപ്പിലേക്ക് നീങ്ങി.


ഡയാനയുടെ സ്വന്തം പാരീസ്
സീൻ നദിയുടെ ഓരം ചേർന്ന് പോകുന്ന മൂന്ന് വരിപ്പാത പെട്ടെന്ന് ഒരു ടണലിലേക്കിറങ്ങും, പിന്നീടത് രണ്ട് വരിപ്പാതയായി മാറും. ഒരു ദുരന്തം കൊണ്ട് ലോകപ്രസിദ്ധമായി തീർന്ന അൽമ ടണലാണത്. ഡയാനാ രാജകുമാരി കാറപകടത്തിൽ കൊല്ലപ്പെട്ട അൽമ ടണൽ. ലെ ഇന്‌വാലിദേയിലേക്ക് നടക്കുമ്പോൾ ടണൽ കാണുന്നതിനെക്കുറിച്ചാലോചിച്ച് ഞാനും ശ്രീമതിയും ചെറിയൊരു ഉച്ചകോടി നടത്തി.
"ഒരു ടണൽ, അതും ഒരാൾ മരണപ്പെട്ട, എന്ത് കാണാൻ? നമുക്ക് വേഗം നടക്കാം". ഈ തീരുമാനം ഞങ്ങൾക്ക് അൽമ ടണലിന്റെ കാഴ്ച മറച്ചു. ഒരു ചെറിയ നഷ്ടം. ടണലിന്റെ വെളിയിൽ പാതയോരത്ത് ഒരു കൃത്രിമ ദീപശിഖ ഉണ്ടാക്കി വെച്ചിട്ടുണ്ടത്രേ, മരണത്തിന്റെ സ്മാരകം! അതും അനൗദ്യോഗികമാണെന്നും കേൾക്കുന്നു. ലോകത്ത്, ഏറ്റവുമധികം മനുഷ്യർ സ്നേഹിച്ചിരുന്ന ആ രാജകുമാരിയുടെ സുന്ദരമായ ആത്മാവ് അവിടെയെങ്ങോ ശോകഗാനങ്ങളും പാടി പാറി നടക്കുന്നുണ്ടെന്ന വിശ്വാസത്താൽ ഇന്നും നിരവധി സന്ദർശകർ മെഴുകുതിരി കത്തിച്ചും കണ്ണീരൊഴുക്കിയും അവിടെ ദു:ഖാചരണം  നടത്തുന്നത് ഒരു സ്ഥിരം കാഴ്ചയാണെന്ന് പറഞ്ഞ് കേട്ടപ്പോൾ അത്ഭുതം തോന്നി! എന്തായാലും "അത്രടം വരേ പോയിട്ട് ഒന്ന് വന്ന് നോക്കാൻ തോന്നീലല്ലോ" എന്ന് ഡയാന ചോദിച്ചാൽ സോറി പറയുകയല്ലാതെ പിന്നെ?

ലെ ഇൻവാലിദേ
യുദ്ധരംഗത്ത് നിന്ന് വിരമിച്ച പോരാളികൾക്കുള്ള ആശുപത്രിയും വിശ്രമമന്ദിരവും വീരചരമം പ്രാപിച്ചവരുടെ സ്മാരകവുമായി നിർമ്മിക്കപ്പെട്ട ഈ കൂറ്റൻ സ്മാരകം ഇന്ന് നെപ്പോളിയന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന പേരിലാണ് ഖ്യാതി നേടിയത്. പട്ടാള മ്യൂസിയവും ചരിത്രമ്യൂസിയവുമൊക്കെ, മനോഹരമായ മകുടത്തോടെ പാരീസിന്റെ ഒരറ്റത്ത് വിശ്രമിക്കുന്ന ഈ സ്മാരകത്തിനകത്താണ്. ഗേറ്റിലിരുന്ന വയസ്സായ സ്ത്രീ ക്ലോക്കിലേക്ക് നോക്കി അൽപ്പം മടിച്ചാണ് ഞങ്ങളെ അകത്തേക്ക് കയറ്റിയത്. ഒരോട്ടപ്രദക്ഷിണം അത്രയേ ഞങ്ങളും കരുതിയുള്ളൂ. ലെ ഇൻവാലിദെയുടെ മകുടമാണ് കെട്ടിടത്തിന്റെ മുഖ്യ ആകർഷണം. 107 മീറ്റർ ഉയരത്തിൽ 27 വർഷമെടുത്ത് നിർമ്മിച്ച (അത്രയും വർഷമെന്തിനെന്ന് ഒരു പിടിയുമില്ല) ഈ കൂറ്റൻ മകുടം രാജകുടുംബത്തിനു വേണ്ടി മാത്രമുള്ള ചാപ്പലിന്റെ ഭാഗമത്രെ. റോമിലെ സെന്റെ പീറ്റേർസ് ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച ഈ ചാപ്പൽ ഫ്രഞ്ച് വാസ്തുവിദ്യയുടെ തിലകക്കുറിയായി കണക്കാക്കിപ്പോരുന്നു.

കൂടുതൽ ചിത്രങ്ങൾ മേലെ കൊടുത്ത Hotel Les Invalides എന്ന ലിങ്കിലുണ്ട്

വിജയകമാനം, ആർക്ക് ഡി ട്രിംഫ് (Arc de triomphe) കാണാനുള്ള നീക്കത്തിനു മുൻപേ ഒരു ഷോർട്ട് ബ്രേക്ക് ആകാം എന്ന അഭിപ്രായം ഞങ്ങളിരുവരും ഒരുമിച്ച് അംഗീകരിക്കുകയും ലെ ഇൻവാലിദെയുടെ വശ്യമനോഹരമായ പൂന്തോട്ടത്തിലിരുന്ന് കയ്യിൽ കരുതിയ ആപ്പിളും കാരക്കയും ശുദ്ധജലവുമൊക്കെ കുടിച്ച് കീശയിലെ യൂറോയെ കാത്തുരക്ഷിക്കുകയും ചെയ്തു. അപ്പെൻസലിലെ (Appenzel) ആപ്പിൾ തോട്ടങ്ങളിൽ നിന്നും പറിച്ചെടുത്ത ആപ്പിളുകൾ...ഓഹ്...അതിന്റെ രുചി!


ദൂരെ നിന്നും ആർക്ക് ഡി ട്രിംഫ് കണ്ട ആക്രാന്തത്തിൽ ചാടിയിറങ്ങുകയായിരുന്നു. അക്കിടി പറ്റിയെന്ന് മനസ്സിലായത്  ബസ്സ് കമാനത്തിനടുത്തേങ്ങ് നീങ്ങുകയും ഞങ്ങളുടെ നടത്തം കുറച്ചധികം നീളുകയും ചെയ്തപ്പോഴാണ്. വിശ്വപ്രസിദ്ധമായ ഷാംപ് ഡി എലിസ്സീ (Champ d'elysees) സ്റ്റ്രീറ്റിലൂടെയാണ് ഞങ്ങളുടെ നടത്തം എന്ന് മനസ്സിലായതോടെ അക്കിടി ഒരു ജാക്പോട്ടായി മാറി! രണ്ട് വശത്തും നിറയേ റെസ്റ്റോറന്റുകൾ, അതിമനോഹരമായ പുരാതന കെട്ടിടങ്ങൾ, അരിച്ചു നീങ്ങുന്ന സന്ദർശകർ. ചക്രവാളത്തിൽ നിന്നും ചുവന്ന ശോഭയേറിയ പശ്ചാത്തലത്തിൽ വിജയകമാനം. ഏകദേശം രണ്ട് കിലോമീറ്റർ നടന്ന് കമാനത്തിന്റെ മുന്നിലെത്തി.  പിന്നെ വായും പൊളിച്ചൊരു നോട്ടമായിരുന്നു. കുറേ ചിത്രങ്ങളും പിടിച്ചു.

`

ലേശം ചരിത്രം പറയട്ടെ. ഫ്രഞ്ച് വിപ്ലവ വിജയത്തിന്റെ സ്മാരകമാണ് 1806ല് തുടങ്ങി 30 വർഷം കൊണ്ട് പൂർത്തിയായ ഈ കമാനം. നെപ്പോളിയന്റെ യുദ്ധങ്ങൾ നയിച്ച സൈന്യത്തലവന്മാരുടെ പേരുകൾ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.വിവിധ യുദ്ധവിജയങ്ങളെ സ്മരിക്കുന്ന ശിൽപ്പങ്ങളാണ് കമാനത്തിലെ ഓരോ കാലിലും വശങ്ങളിലും. ഓരോ ശിൽപ്പങ്ങൾക്കും ഓരോ ചരിത്രമുണ്ട്.  കൂടുതൽ ചിത്രങ്ങൾ ഈ ലിങ്ക് വഴി പോയാൽ കാണാം.


താഴെ ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഒരു സൈനികന്റെ ഖബറിടം. അവിടെ പുഷ്പാർച്ചനകളും വണങ്ങലും കൈകൂപ്പലുമൊക്കെയായി നല്ല പ്രണാമങ്ങൾ നടക്കുന്നു. ഒരിക്കലും കെടാതെ തെളിഞ്ഞു കത്തുന്ന ഒരു തിരിയുണ്ടവിടെ. ദാ കണ്ടില്ലേ? എട്ട് യൂറോ വീതം കൊടുത്താൽ കമാനത്തിന്റെ മുകളിൽ കയറാം. നാലഞ്ച് സ്ത്രീ സ്ക്യൂരിറ്റി ഗാർഡുകളാണ് ആൾക്കാരെ നിയന്ത്രിക്കുന്നത്. ഞങ്ങൾക്ക് മെട്രോ പാസ്സുള്ളതിനാൽ മൊത്തം 12 യൂറൊ മതി. 248 പടികൾ കയറുന്നതിന്റെ പ്രയാസമാലോചിച്ച് ഞങ്ങൾ പിൻവലിഞ്ഞു. കൊലുന്നനെയുള്ള ഒരു അമ്മച്ചി ഗാർഡ് ഞങ്ങളെ അടുത്തു വിളിച്ചൊരു സ്വകാര്യം പറഞ്ഞു. അങ്ങിനെ ഞങ്ങൾ ലിഫ്റ്റ് വഴി നേരെ മുകളിലെത്തി! എന്നാലും കേറണം 46 പടികൾ. ആർക്ക് ഡി ട്രിംഫിന്റെ മുകളിൽ നിന്ന് നോക്കിയാൽ പാരീസ് നഗരത്തിന്റെ യഥാർത്ഥ മുഖം കാണാം. അതിമനോഹരമായി രൂപകൽപ്പനചെയ്ത നഗരനിരത്തുകളും കെട്ടിടങ്ങളും, എലിസീ കൊട്ടാരം, അങ്ങിങ്ങായി പച്ചപ്പട്ടു വിരിച്ച പോലെ പൂന്തോട്ടങ്ങൾ . നേരം അസ്തമയത്തോടടുക്കുന്നു. കോൺകോർഡ ഭാഗത്ത് അസ്ത്മയശോഭ അരുണിമ പടർത്തിത്തുടങ്ങി. ഷാംപ് ഡി എലിസ്സീ നിരത്ത് ദ്യുതദീപ്തിയിലേക്ക് മുങ്ങിത്തുടങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ ഫാഷൻ ഷോറൂമുകളും ആഡംബര ഭക്ഷണശാലകളും അതിഥികൾക്കായി രാവേറെ വൈകുവോളം തുറന്നിരിക്കുന്ന രാജവീഥി.


അങ്ങകലെ ഈഫൽഗോപുരവും കാണാം. കമാനത്തിന്റെ മുകളിൽ നിരവധി ഇണകൾ ചുംബിച്ചും കെട്ടിപ്പിടിച്ചും പിന്നെ പൊതുസ്ഥലത്ത് നമുക്കരുതാത്തതും അവർക്ക് അനുവദനീയവുമായതെല്ലാം ചെയ്ത് സന്ധ്യയെ വരവേൽക്കുന്നു. ഞങ്ങളിറങ്ങി, അതേ ലിഫ്റ്റ് വഴി. കോണിയിറങ്ങി ക്ഷീണിച്ച് വന്ന പലരും ഞങ്ങളെ അസൂയയോടെ നോക്കുന്നു.

അടുത്ത സ്റ്റോപ്പ് വിശ്വപ്രസിദ്ധമായ പലേസ് ദെ കോൺഗ്രസ്സ് (Palais Des Congres) ആയിരുന്നു. സന്ധ്യമയങ്ങി, നേരം വൈകി, അവർ ഞങ്ങളെ കാത്തു നിൽക്കാതെ  അടച്ച് വീട്ടിൽ പോയിരുന്നു. കെട്ടിടത്തിന്റെ പുറത്തും ചുറ്റിലും കറങ്ങി നടന്ന് അൽപ്പം നേരം കളഞ്ഞു. പല ഫിലിം ഫെസ്റ്റിവലുകൾക്കും സംഗീത പരിപാടികൾക്കും ലോകസമ്മേളനങ്ങൾക്കും വേദിയാവുന്ന ഈ കെട്ടിടത്തിൽ കുറേ കസേരകളും ഹാളുകളും ഫോട്ടോകളും മാത്രമേ കാണാനുണ്ടാവൂ എന്ന് പഴയ പുളിമുന്തിരി തിയറി പ്രകാരം ആശ്വസിച്ചു കൊണ്ട് ഞങ്ങൾ ലാ ദിഫൻസെ മെട്രോ സ്റ്റേഷനിലേക്ക് വണ്ടി കയറി.

പാരീസിന്റെ ബിസിനസ് കേന്ദ്രമാണ് ലാ ദിഫൻസെ (La Defense). ലോകത്തിലെ മിക്ക വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും ഓഫീസുകളും നക്ഷത്ര ഹോട്ടലുകളും കുടികൊള്ളുന്ന അംബരചുംബികളായ കെട്ടിടങ്ങൾ, മാളുകൾ, കിഡ്നി വിറ്റാലും നമുക്കൊന്നും ഒരു ഡിന്നറിനുള്ള കാശ് തികക്കാനാവാത്ത വൻകിട റെസ്റ്റോറന്റുകൾ.  ഇവിടെവന്നത് ലാ ദിഫൻസെയിലെ പ്രസിദ്ധമായ ഗ്രാന്റ് ആർക്ക് (Grande Arche) കാണാനാണ്. വിജയകമാനത്തിന്റെ 20-ആം നൂറ്റാണ്ടിലെ പതിപ്പ്. 108 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഒരു കോൺക്രീറ്റ് കമാനം. കാണാനൊരു ഭംഗിയൊക്കെ തോന്നുമെങ്കിലും വലിയൊരു കാഴ്ചയായി മനസ്സിൽ കേറിക്കൂടാനുള്ള മൊഞ്ചൊന്നും ഈ 23 വയസ്സുകാരിക്കില്ല! കാലുതിരുമ്മിക്കൊണ്ട് ഒരു ബെഞ്ചിലിരുന്ന് ദീപപ്രഭയിൽ കുളിച്ചിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളെ നോക്കുമ്പോൾ അതാ തൊട്ടുമുന്നിലൊരു പൂച്ച. നല്ല മലയാളി ലുക്ക്. മുൻപരിചയം പോലെ ഒരു നോട്ടവും. "ലാ പൂച്ചേ ദെ പോ" എന്ന് ഞാൻ ഫ്രഞ്ചിൽ ആട്ടിയപ്പോൾ ശുദ്ധമലയാളത്തിൽ "മ്യാവൂ" എന്നും കരഞ്ഞുകൊണ്ടൊരോട്ടം.

Grand Arch, Paris


നഗരം രാത്രിയുടെ സജീവതയിലേക്കൂളിയിടാൻ തുടങ്ങുകയാണ്. ഇരുട്ടിനെ ജീവിതമാർഗ്ഗമാക്കിയവർ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. റോഡിൽ വാഹനങ്ങളുടെ തിരക്കിന് യാതൊരു കുറവുമില്ല. മെട്രോയിലെ തിരക്ക് പക്ഷേ വളരേ കുറഞ്ഞു. പാരീസിലെ ഓരോ രാത്രിയും ആഘോഷങ്ങളാണ്. തെരുവിന്റെ ഓരങ്ങളിൽ പാട്ടു പാടുന്നവർ, ഫ്ലൂട്ട് വായിക്കുന്നവർ, ചിലർ വർണ്ണവസ്ത്രങ്ങളണിഞ്ഞ് നൃത്തം ചെയ്യുന്നു, കൈവേഗം കൊണ്ട് മായാജാലം തീർക്കുന്നവർ, ഒരു സംഗീതം നേർത്ത് നേർത്ത് ഇല്ലാതാവുമ്പോഴേക്കും അടുത്തത് ഒരു കൊച്ചുമൂളലായി ചെവിയിൽ താളമിട്ടു തുടങ്ങും.

ഞങ്ങൾ വീണ്ടും ഈഫലിന്റെ മുന്നിലേക്കെത്തുകയാണ്. നേർത്ത സംഗീതം മെല്ലെ ഒഴുകിവരുന്നുണ്ട്. ടവറിന്റെ പ്രധാന വ്യൂ പോയന്റിൽ മനോഹരമായി വസ്ത്രം ധരിച്ച നാലഞ്ച് ചെറുപ്പക്കാർ ഏതോ ഭാഷയിൽ പാടുകയാണ്. കാഴ്ചക്കാർ ചുറ്റിലും. മുന്നിൽ ഈഫൽ, രാത്രി വെളിച്ചത്തിൽ കുളിച്ച് സുന്ദരിയായിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഞങ്ങൾ കണ്ട ആ ഉരുക്ക്കൂടാണിതെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം! സൂര്യാസ്തമയത്തോടെ മഞ്ഞവെളിച്ചത്തിൽ ഈഫൽ അണിഞ്ഞൊരുങ്ങും. ഓരോ മണിക്കൂറിന്റെയും ആദ്യ അഞ്ച് മിനുട്ടിൽ വെള്ളിവെളിച്ചത്തിൽ ടവർ വെട്ടിത്തിളങ്ങും. വെട്ടിത്തിളങ്ങുമ്പോൾ വജ്രമാലചാർത്തി തുള്ളിച്ചാടുന്ന ഒരു നീണ്ട പെൺകുട്ടിയാണെന്നേ തോന്നൂ. ഈ ദീപാഭ്യാസം പുലർച്ചെ ഒരു മണി വരേ തുടരും. വെള്ളിവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന ഈഫലിന്റെ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് പകർപ്പവകാശ നിയമപ്രകാരം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.


പൊന്നിൽ കുളിച്ച ഈഫൽ സുന്ദരി

ഈഫലിനെക്കണ്ടിട്ട് മതിയാവുന്നില്ല, അതുകൊണ്ട് തന്നെ ഇവിടെ എഴുതിയിട്ടും. എന്റെ ക്യാമറയിൽ 90ലധികം ഈഫൽ ചിത്രങ്ങളാണ് പതിഞ്ഞ് കിടക്കുന്നത്. സീൻ നദിയിലെ ഓളങ്ങളിൽ ഈഫലിന്റെ ദ്യുതി പ്രതിഫലിക്കവേ ഉറക്കച്ചടവുള്ള കണ്ണുകളിൽ ഈഫലിന്റെ മായാത്ത കാഴ്ചകളുമായി ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു. നാളെ കാലത്ത് പുറപ്പെടാനുള്ളതാണ്, മൊണോലിസയുടെ പുഞ്ചിരി, ഡിസ്നി ലാന്റ് പിന്നെ മോൺമാത്രെ... കട്ടിലിൽ വീണതേ ഓർമ്മയുള്ളൂ, ഒരിക്കലും മറക്കാനാവാത്ത, നീളമേറിയ ഒരു ദിവസത്തിന്റെ മനോഹാരിതയിലഭിരമിച്ച് തളർച്ചയോടെ മയക്കത്തിലേക്ക്.

രണ്ടാം ഭാഗം ദാ ഇവിടെ

പാരീസ് യാത്രയുടെ ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക

സ്വിസ്സ് ആൽപ്സിലെ തണുപ്പേറിയ ഒരനുഭവം വായിക്കണോ? ക്ലിക്കൂ...2012, നവംബർ 18, ഞായറാഴ്‌ച

പാരീസിലെ പറുദീസയിൽ, ഭാഗം-1

പുറപ്പാടും ഈഫൽ ടവറും

2011 സപ്തംബർ ആദ്യവാരം. സ്യൂറിക്കിൽ പോകണം. ഒരു മീറ്റിംഗുണ്ട്. ഇത്തവണ നല്ലപാതിയും കൂടെയുണ്ട്. രണ്ട് ദിവസം മീറ്റിംഗും ആറു ദിവസം കറക്കവും. ഒരു ജമണ്ഡൻ കറക്കം ആദ്യമേ പ്ലാൻ ചെയ്തു. ഓരോ ദിവസവും എണീക്കേണ്ട സമയവും, കേറുന്ന തീവണ്ടികളുടെയും ബോട്ടുകളുടെയും സമയവും വരേ ദുബായിലിരുന്ന് ഓൺലൈൻ വഴി കണ്ടുപിടിച്ച് ശരിയാക്കി വെച്ചു. മഞ്ഞുമലകളും, തടാകങ്ങളും, സ്വിസ്സ് ഗ്രാമങ്ങളും, മ്യൂസിയങ്ങളുമൊക്കെ പട്ടികയിലുൾപ്പെടുത്തി.

സ്യൂറിക്ക് ട്രെയിൻസ്റ്റേഷനു തൊട്ടടുത്തുള്ള സെന്റൽ പ്ലാസ ഹോട്ടലിലാണ് കംബനി വക താമസം. രണ്ട് ദിവസത്തെ ഔദ്യോഗിക കൃത്യങ്ങൾക്കിടെ ഭാര്യയെ കൊറിയൻ സുഹൃത്തായ നാക്ബുംഗിന്റെ ഭാര്യയോടൊപ്പം വിട്ടു. അതിനിടെയാണ് ഞങ്ങളുടെ എല്ലാ പ്ലാനുകളും തകിടം മറിച്ചുകൊണ്ട് കൊറിയക്കാരി എന്റെ നല്ലപാതിയുടെ മനസ്സിൽ പാരീസ് സ്വപ്നങ്ങൾക്ക് വിത്തിട്ടത്.

"നമുക്കും പോകാന്നേ, അഞ്ചാറു മണിക്കൂർ യാത്രയല്ലേയുള്ളൂ, നമ്മുടെ കയ്യിൽ ഫ്രീ ട്രെയിൻ പാസില്ലേ? ഈഫൽ ടവർ കാണാലോ? അവരു പോകുന്നത് കണ്ടില്ലേ?"

സ്വിസ്സ് അതിർത്തി വരേ സൗജന്യമായി യാത്ര ചെയ്യാം. പിന്നീടങ്ങോട്ടുള്ള ചാർജ്ജ് കൊടുക്കണം. പാരീസിലെ താമസം, കറക്കം, എല്ലാം അധികച്ചിലവാണ്. പാരീസ് കാണുന്നതിലുമധികം കണ്ടു എന്നു പറയുന്നതിലെ മേനിയാണ് കാര്യം!!

എന്റെ മനസ്സിലെയും ഒരാഗ്രഹമാണ്. മറ്റൊരവസരത്തിൽ നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹം.

അങ്ങിനെ നാലാമത്തെയും അഞ്ചാമത്തെയും ദിവസം പാരീസ് ട്രിപ്പ്! ലോകത്തെ അതിവേഗ തീവണ്ടികളിലൊന്നായ TGVയിലാണ് യാത്ര. സ്യൂറിക്ക് സ്റ്റേഷനിൽ നിന്നും രണ്ട് സെക്കന്റ്ക്ലാസ്സ് ടിക്കറ്റുകളെടുത്തു. ഹോട്ടൽ ക്ലബ്ബ് വഴി ഒരു മുറി ബുക്ക് ചെയ്തു. ഒരു പ്ലാനും തയ്യാറാക്കി. എല്ലാം റെഡി. അതിരാവിലത്തെ ട്രാമിൽ സ്യൂറിക്ക് മെയിൻ സ്റ്റേഷനിലെത്തി 7.00 മണിയുടെ ട്രെയിൻ പിടിക്കണം. സ്വിസ്സ് ട്രാൻസ്പോർട്ട് സിസ്റ്റം വളരേ കൃത്യതയാർന്നതാണ്. സെക്കന്റുകളൂടെ കൃത്യത ട്രെയിനുകളും ബസ്സുകളും റ്റ്രാമുകളും കാത്തുസൂക്ഷിക്കുന്നു. ബോട്ടുകൾ വരേ ഒന്നോ രണ്ടോ മിനുട്ടിന്റെ വ്യത്യാസത്തിൽ സമയം സൂക്ഷിക്കുന്നു. അനുഭവം എന്നെ, ഈ സമയനിഷ്ഠയെ വല്ലാതെ വിശ്വസിക്കാൻ പഠിപ്പിച്ചിരുന്നു. പക്ഷേ, ഇത്തവണ പണിപറ്റി. ട്രാം ഏഴ് മിനുട്ട് വൈകുന്നു. തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാരീസ് തീവണ്ടി ഞങ്ങളെക്കേറ്റാതെ ഷൂംംം....

സ്യൂറിക്ക് നഗരത്തിൽ നീങ്ങുന്ന ഒരു ട്രാം
എന്തൊക്കെയോ പോയ രണ്ട് അണ്ണാന്മാരെപ്പോലെ ഞങ്ങൾ കിതച്ചുകൊണ്ട് പ്ലാറ്റ്ഫോമിലിരുന്നു. സ്വാഹ!

തൊട്ടടുത്തുള്ള റിസർവേഷൻ കൗണ്ടറിൽപ്പോയി സങ്കടം പറഞ്ഞു. യുവകോമളൻ അയാളുടെ അനുശോചനം അറിയിച്ചു, വേറൊരു കൗണ്ടറിലേക്ക് ഞങ്ങളെ പറഞ്ഞുവിട്ടു.

സ്യൂറിക്ക് മെയിൻ സ്റ്റേഷൻ കെട്ടിടം

 നേരം വെളുത്തതേയുള്ളൂ. ആപ്പീസർമാർ കമ്പ്യൂട്ടറുകൾ ചൂടാക്കിത്തുടങ്ങുന്നു. ഞങ്ങളെപ്പോലെ എന്തോ വൻഅക്കിടികൾ സംഭവിച്ച മൂന്ന് പേർക്ക് പിന്നിൽ നാലാമതായി ഒരു ടോക്കൺ കിട്ടി. കാര്യമവതിരിപ്പിച്ച് കാശ് തിരിച്ചു ചോദിച്ചപ്പോൾ കണ്ടത് മലർന്ന ഒരു കൈ! അടുത്ത വണ്ടിക്ക് വിട്ടോളാൻ ഒരു ഫ്രീ ഉപദേശവും. നോ രക്ഷ! പിടി അടുത്ത വണ്ടി.

ഓ.ക്കേ. എങ്കിൽ രണ്ട് സീറ്റിനുള്ള ബോർഡിംഗ് പാസ് വന്നോട്ടെ. പത്ത്  മിനിട്ടിനകം ബാസലിലേക്കുള്ള ട്രെയിൻ കിട്ടും , അവിടെ നിന്നും പാരീസിലേക്ക് മാറിക്കയറണം. മൊത്തത്തിൽ ഒരു മണിക്കൂറിന്റെ നഷ്ടം മാത്രം. ദേ കിടക്കുന്ന അടുത്ത കുരിശ്. അന്ത ട്രെയിനിൽ സീറ്റില്ല!

"വേണെമെങ്കിൽ ഫസ്റ്റ് ക്ലാസിൽ സീറ്റ് തരാം."

"പറ്റില്ല. സെക്കന്റ് ക്ലാസ്സിന്റെ പൈസതന്നെ ഇനി ഒരു കൊല്ലം കഴിഞ്ഞാലും എന്നെ വേട്ടയാടും. "

അയാൾ ഫോണെടുത്ത് ആരോടോ ജർമ്മൻ ഭാഷയിൽ കത്തിവെക്കാൻ തുടങ്ങി. അതിരാവിലെത്തന്നെ ഇയാൾ തുടങ്ങിയോ? ഇനി നാലോ അഞ്ച് മിനുട്ട് കൂടി കഴിഞ്ഞാൽ  ബാസെലിലേക്കുള്ള വണ്ടിയും പൊയ്ക്കിട്ടും. അതിനിടക്ക് കത്തികൂടിയായാലോ? നിന്നിടത്തുനിന്ന് കാല് പെരുക്കുന്നു. തൊട്ടുപിന്നിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ നല്ലപാതി.

" ഞാൻ നിങ്ങൾക്ക് ഫസ്റ്റ്ക്ലാസ്സ് ടിക്കറ്റ് തരുന്നു. നിങ്ങൾ അങ്ങിനെ പാരീസ് യാത്ര ആഹ്ലാദകരമാക്കുന്നു..ഉം.. എന്താ പറ്റില്ലേ".
......
"ഒരു ഫ്രാങ്ക് പോലും അധികം വേണ്ട, "

സ്യൂറിക്കിൽ നിന്നുള്ള വണ്ടി ബാസലിലെത്തുമ്പോഴേക്കും രാവിലെ 9.27 കഴിഞ്ഞു. അര മണിക്കൂറിൽ താഴെ സമയം മാത്രമാണ് പാരീസിലേക്കുള്ള വണ്ടി പുറപ്പെടാനുള്ളത്. ഇനിയൊരക്കിടി പറ്റാനുള്ള മാനസികാവസ്ഥയിലല്ല! പെട്ടെന്ന് തന്നെ പ്ലാറ്റ്ഫോം കണ്ടുപിടിച്ച് പുറത്ത് നിൽക്കുന്ന ടീ.ടീ.ഇയെ ടിക്കറ്റ് കാണിച്ചു. ഞങ്ങളുടെ പരവേശവും കിതപ്പും കണ്ടതുകൊണ്ടാവാം, ഒന്നാം ക്ലാസ്സിലേക്ക് തന്നെയോ ഇവർ എന്ന ഭാവത്തിലൊരു നോട്ടം നോക്കി അയാൾ ഞങ്ങളുടെ ബോഗി ചൂണ്ടിക്കാണിച്ചു തന്നു. ഒരു വിമാനത്തിനകത്ത് ഉള്ളതിനേക്കാൾ ആർഭാടമുണ്ട് ഒന്നാം ക്ലാസ്സ് കമ്പാർട്ട്മെന്റിന്.

ഫസ്റ്റ് ക്ലാസ്സ് കോച്ചിന്റെ ഉൾഭാഗം

പന്ത്രണ്ടാം നമ്പർ കോച്ചിന്റെ ഏറ്റവും ഒടുക്കത്തെ വലത് വശത്തെ സീറ്റാണ് ഞങ്ങൾക്ക്.മനോഹരമായ രീതിയിൽ വസ്ത്രം ധരിച്ച് ഒരു ഒന്നാം ക്ലാസ്സ് പരിചാരകൻ ഒരു ട്രേയിൽ രണ്ട് ഗ്ലാസ്സുകളിൽ തണുത്ത ഓറഞ്ച് പഴച്ചാറുമായി വന്നു.

"ഫ്രീയാ.. സെക്കന്റ് ക്ലാസ്സിൽ ഇതൊന്നൂണ്ടാവില്ല"

"ഫ്രീയല്ല മകളേ.. ഒരു മണിക്കൂറിന്റെ വിലയും രാവിലെ അനുഭവിച്ച ടെൻഷനും കൂടിക്കൂട്ടിയാൽ ഒരു ഓറഞ്ച് പുഴയൊഴുക്കിയാലും മതിയാവില്ല." സൗജന്യമായിക്കിട്ടിയ ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോഴേക്കും അയാൾ വന്ന് ഗ്ലാസ്സുകൾ കൊണ്ടുപോയി. അയാൾക്ക് ഇംഗ്ലീഷ് ഒട്ടുമറിയില്ല. അൽപ്പം അറബി വശമുണ്ട്.

പെട്ടെന്ന് ഫ്രെഞ്ചിലും ജർമ്മനിലും തുടർന്ന് ഇംഗ്ലീഷിലും വണ്ടി പുറപ്പെടാനായതിന്റെ അറിയിപ്പു വന്നു. ലോകോപൈലറ്റ് ഫ്രെഞ്ചുകാരനാണ്. അതുകൊണ്ട് തന്നെ നീട്ടിപ്പരത്തി നിർത്തിനിർത്തിയുള്ള ഇംഗ്ലീഷും.


ബാസലിനെ വിട്ട് വണ്ടി ഇളകി, മെല്ലെ മെല്ലെ വേഗത പ്രാപിച്ചു. നഗരക്കാഴ്ചകൾ മിന്നിമറയാൻ തുടങ്ങി. ഞങ്ങൾ സ്വിറ്റ്സർലാന്റിന്റെ അതിർത്തിപ്രദേശത്തേക്ക് കടന്നു. മനോഹരമായ സ്വിസ്സ് ഗ്രാമങ്ങളിലൂടെ തീവണ്ടി കുതിക്കുകയാണ്. അരമണിക്കൂർ കഴിഞ്ഞ് കാണും ഒരു സ്റ്റോപ്പ്. അതിർത്തിയിലെ മ്യൂൾഹൗസ് (Mulhouse) എന്ന കൊച്ചു ഫ്രഞ്ച് പട്ടണം. വളരെപ്പഴയ ഒരു സ്റ്റേഷൻ. അൽപ്പം തിരക്കുണ്ട്. തിരക്കെന്ന്  പറഞ്ഞാൽ ഒരമ്പതോളം പേരെങ്കിലും കാണും! അഞ്ചു മിനിട്ടിലധികം വണ്ടിയവിടെ തങ്ങി. കുറേ ഫ്രഞ്ച് ഇമിഗ്രേഷൻ ഓഫീസർമാർ കയറി.

ഫ്രാൻസിന്റെ മണ്ണിലൂടെ വീ ടീ ജി കുതിച്ചു പായ്യുകയാണ്. പല നിറത്തിലും ആകൃതിയിലുമുള്ള പൂക്കളും മരങ്ങളും വലിയ മണികെട്ടി പുല്മേട്ടിൽ അലസമായി മേയുന്ന ഗോക്കളുമുള്ള മനോഹരമായ സ്വിറ്റ്സർലാന്റിൽ നിന്നും ഫ്രഞ്ച് മണ്ണിലേക്ക് കടന്നതോടെ ഒരു വരണ്ട നാട്ടിലെത്തിയത്പോലെ. ദില്ലിക്കുള്ള മാർഗ്ഗമധ്യേ മധ്യപ്രദേശ് വഴി കടന്നുപോകുമ്പോഴുള്ള ഒരു ഫീലിംഗ്. പാരീസ് എന്നാൽ പറുദീസയെന്ന മലയാളം വാക്കിന്റെ മറുമൊഴിയാണെന്ന് ധരിച്ചു വെച്ചിരുന്ന എനിക്ക് ചെറിയ നിരാശ തോന്നാതിരുന്നില്ല. ഇടക്ക് വന്നുപൊയ്ക്കൊണ്ടിരുന്ന ഫ്രഞ്ച് ഗ്രാമങ്ങൾ ഇന്ത്യയിലെ സാമാന്യം ഭേദപ്പെട്ട അങ്ങാടികൾ പോലെ മാത്രം തോന്നിച്ചു.

അതിനിടെ ഒരു രസകരമായ സംഭവം നടന്നു. വെളുക്കനെ ചിരിച്ചും കൊണ്ട് ചായയോ അതോ കാപ്പിയോ എന്നു ചോദിച്ച് നമ്മുടെ പരിചാരകൻ വീണ്ടും വന്നു.  അവൾക്ക് കാപ്പി വേണം എനിക്കാണെങ്കിൽ ചായ.

"ഈ യാത്ര പൊടിപൊടിക്കും. ചിലപ്പോൾ ലഞ്ചും കാണും". ഞാൻ മനസ്സിൽ പറഞ്ഞു.

മൂന്നാല് മിനിട്ടിനകം ചായയെത്തി. ചെറുചൂടോടെ ഞങ്ങൾ മോന്തിക്കുടിച്ചു കൊണ്ടിരിക്കെ ബെയറർ വരുന്നു, ഒരു കൊച്ചു ബില്ലുമായിട്ട്. വെറുതെത്തന്ന ചായക്കും കാപ്പിക്കും കൂടി പൊയ്ക്കിട്ടിയത് എട്ട് യൂറോ!! ചമ്മൽ മറച്ചു വെക്കാതെ എട്ട് യൂറൊ ഒരു പുല്ലാണന്ന മട്ടിൽ പണം കൊടുത്ത് ബാക്കി കയ്പ്പറ്റി മനസ്സാ ഗുണനം തുടങ്ങി. ഏകദേശം നാൽപത് ദിർഹം ഗോപി! അതായത് അഞ്ഞൂറുരൂപ!!

തീവണ്ടി നഗരത്തോടടുക്കുന്നതിന്റെ  ലക്ഷണങ്ങൾ കണ്ടു തുടങ്ങി. മൂന്ന് ഭാഷകളിലായുള്ള അറിയിപ്പും വന്നു. പലരു ബാഗും പെട്ടിയുമൊക്കെയെടുത്ത് ഇറങ്ങാൻ തയ്യാറാവുന്നു. വാഷ്റൂമിൽ പോയി ഒന്ന് ഫ്രെഷായി വന്ന് ഞങ്ങളും പാരീസിന്റെ മണ്ണിൽ കാലുകുത്താൻ തയ്യാറെടുത്തു. സമയം ഒന്നരയോടടുക്കുന്നു.

അഴുക്കുപിടിച്ച തൂണുകളിലുയർത്തിയിരിക്കുന്ന ഒരു ലോഹക്കൂട്. ബിയർകാനുകളും സിഗരറ്റ് കുറ്റികളും കയ്യടക്കിയ പ്ലാറ്റ്ഫോം. ഓടിയണച്ചെത്തിയ ക്ഷീണം തീർക്കുന്ന വൈദ്യുതവണ്ടികൾ, തലങ്ങും വിലങ്ങും തിരക്കിട്ട് പായ്യുന്ന നാനാദേശക്കാരായ യാത്രക്കാർ. അതാണ് പാരീസിലെ പ്രധാന ട്രെയിൻ സ്റ്റേഷനായ ഗാ ഡി ലെസ്റ്റ് (Gare de l'Est). സ്റ്റേഷൻ കെട്ടിടത്തിലെ, പാരീസ് നഗരത്തിന്റെ കലയും പാരമ്പര്യവും തുടിക്കുന്ന പ്രധാനഹാളിലേക്ക് പ്രവേശിക്കുന്നതോടെ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുകയായി. ചുമരുകളിലാകമാനം അതിമനോഹരമായ എണ്ണച്ഛായാ ചിത്രങ്ങളാണ്.

ടൂറിസം കൗണ്ടർ തിരക്കി നടന്നു. ചോദിക്കുന്നവരൊന്നും മൈന്റ് ചെയ്യുന്നുപോലുമില്ല. അവസാനം ഇൻഫോർമേഷൻ കൗണ്ടർ കണ്ടുപിടിച്ചു. ഒരു മൈക്രോഫോണും തലയിൽ പിടിപ്പിച്ച് മുഖം കനപ്പിച്ചിരിക്കുന്ന തടിച്ചി വലത്തോട്ട് നോക്കി ഇടത്തോട്ട് ചൂണ്ടി "ടൂറിസ്മേ" എന്ന് പറഞ്ഞ് ഒച്ച വെച്ചു. പിന്നെയും രണ്ട് മിനുട്ട് ചുറ്റി, അവസാനം ലോകത്തെ ഏറ്റവും പ്രമുഖ ടൂറിസ്റ്റ് നഗരങ്ങളിലൊന്നായ പാരീസിലെ പ്രധാന ട്രെയിൻ സ്റ്റേഷനിലെ ടൂറിസം കൗണ്ടർ കണ്ട് ഞങ്ങൾ ഞെട്ടി! നാലാൾക്ക് നിക്കാൻ പാകം വലിപ്പത്തിൽ ഒട്ടും ആകർഷണീയമല്ലാത്ത ഒരു ഇടുങ്ങിയ മുറിയിൽ രണ്ട് കൗണ്ടറുകളിൽ കുഴിയിലിരിക്കുന്ന മട്ടിൽ ഓരോ വൃദ്ധഓഫീസർമാർ! ഒരു മേപ്പും 24 മണിക്കൂർ പാരീസ് മെട്രോയിൽ നഗരപരിധിയിലെവിടെയും കറങ്ങാനുള്ള ടിക്കറ്റും വാങ്ങി ഞങ്ങൾ പുറത്ത് കടന്നു.

തുടക്കം തന്നെ കല്ലുകടിയാണ്. പാരീസിലെ ആൾക്കാർ അത്ര സൗഹാർദ്ദപരമായി പെരുമാറുന്നവരല്ലെന്ന് ഫ്രഞ്ച്കാരിയായ സഹപ്രവർത്തകയും പലതവണ പാരീസ് കറങ്ങിയിട്ടുള്ള മറ്റൊരു സുഹൃത്തും മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ഇത്രയധികം പ്രതീക്ഷിച്ചിരുന്നില്ല. അൽപ്പമെങ്കിലും ഫ്രഞ്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണന്നും, ഫ്രാൻസിൽ ഏറ്റവും വെറുക്കപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന മുന്നറിയിപ്പും ഇത്രമേൽ സത്യമായി ഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഫ്രഞ്ച്-ഇംഗ്ലീഷ് കുടിപ്പകയുടെ ചരിത്രം ഇന്നും അവരുടെ രക്തത്തിലോടുന്നുണ്ട്. അവസാനം രക്ഷക്കെത്തിയത് നമ്മുടെ മുറി അറബിയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അനേകകാലം ആഫ്രിക്കൻ അറബ് രാജ്യങ്ങൾ കോളനിയാക്കി വെച്ച വകയിൽ ഫ്രാൻസിൽ ഒരു നല്ല ശതമാനം ആഫ്രിക്കൻ വംശജരുണ്ട്. പലരും ഫ്രാൻസിൽ തന്നെ ജനിച്ചു വളർന്ന നാലാം തലമുറയിലും അഞ്ചാം തലമുറയിലും പെട്ടവർ. ചിലർക്കെങ്കിലും അറബി അറിയാം. അത് ഏശാത്തപക്ഷം രണ്ടാമതായി ഇംഗ്ലീഷ് കാച്ചുക. അതായിരുന്നു വിജയം കണ്ട തന്ത്രം.

മെട്രോയിലെ തിരക്ക്
ഹോട്ടലിലേക്ക് ഫോൺ ചെയ്ത് തൊട്ടടുത്ത മെട്രോ സ്റ്റേഷൻ ചോദിച്ചറിഞ്ഞു. 111 കൊല്ലം മുമ്പ് പണിതു തുടങ്ങിയ ലോകത്തെ ഏറ്റവും പഴയ മെട്രൊ ട്രെയിൻ സിസ്റ്റങ്ങളിലൊന്നാണ് പാരീസ് മെട്രോ. മിക്കവാറും ഭൂഗർഭപാതകളും സ്റ്റേഷനുകളുമുള്ള ഈ അതിവേഗ സർവ്വീസാണ് വൻ നഗരത്തെ ചലിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ തയാറാക്കിയ മേപ്പും ഓരോ ബോഗിയിലെ ഓരോ വാതിലിന്നടുത്തും വിശദമായി വരച്ചു വെച്ച റൂട്ട് ചാർട്ടും ഏത് "ഇഗ്ലീഷുകാര്ക്കും" യാത്ര എളുപ്പമാക്കും. പക്ഷേ തിരക്കാണ് പ്രശ്നം. ടിക്കറ്റ് ഇട്ടാൽ മാത്രം തുറക്കുന്ന ഓട്ടോമാറ്റിക്ക് ഗെയ്റ്റുകളുടെ മുന്നിലും അടിപിടിയാണ്. ഏന്റെ പിറകിൽ പറ്റി നിൽക്കുന്നു ഒരാൾ പോക്കറ്റടിക്കാരനാണൊ എന്ന് ഞാൻ സംശയിച്ചു. എന്തോ ഫ്രഞ്ചിൽ പറയുന്നുണ്ട്. പെട്ടെന്ന് ടിക്കറ്റിട്ട് ഗെയ്റ്റ് കടക്കാനാണ് ആംഗ്യം. ഗെയ്റ്റ് തുറന്നതും എന്നെ ശക്തമായി തള്ളി ആ ആജാനബാഹുവായ മാന്യനും ഉള്ളിൽ കടന്നു! പണി കൊള്ളാം. കാശില്ലാത്ത യാത്രയാണ്. മേഖ്സി (Mercy) എന്നും പറഞ്ഞ് ആ വിരുതൻ കാഴ്ചയിൽ നിന്നും മറഞ്ഞു.  തൊട്ടടുത്ത ഗേറ്റിന് മുകളിലൂടെ രണ്ട് വിരുതന്മാർ ചാടിക്കടന്ന് ഓടിയകന്നു. അതിലൊരാളെപ്പിന്നെ തോക്കെന്തിയ ഒരു പോലീസുകാരന് കൊണ്ടുപോകുന്നത് കണ്ടു!

അവ്രോൺ (Rue d' Avron) സ്റ്റേഷനിൽ നിന്നും ചാറ്റൽ മഴയത്ത്  ഒരു മിനുട്ട് നടന്ന് ഹോട്ടൽ പാരീസ് ഡ് പ്രിന്റാന്യയിലെത്തി ഒന്ന് വസ്ത്രം മാറി ഫ്രെഷായി ഒരു ചിക്കൻ സാൻവിച്ചും കഴിച്ച് ഇഫൽ ടവർ കാണാൻ പുറപ്പെടുകയായി.

വീണ്ടും മെട്രോയിൽ. തിരക്കിൽ തൂങ്ങിപ്പിടിച്ച് ഒടുക്കം ഈഫൽ സ്റ്റേഷനിലെത്തി. ജനസാഗരത്തിലൊഴുകി പുറത്തേക്ക്, ഉച്ചവെയിലിന്റെ വെളിച്ചത്തെ മറച്ചു കൊണ്ട് മാനം നിറയേ കാർമേഘങ്ങൾ. മഴ പെയ്യാനുള്ള ഒരുക്കമില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം.

"മുന്നോട്ട് നടന്നാൽ ഈഫൽ ടവർ നിങ്ങൾ കണ്ടിരിക്കും" അപരിചിതന്റെ വഴികാട്ടൽ അച്ചട്ടായി. മെറ്റ്രോ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി വീതി കുറഞ്ഞ റോഡ് മുറിച്ച് കടന്ന് ഒരു വിശാലമായ തളത്തിലേക്ക് കേറിയതും...അതാ.. തൊട്ടു മുന്നിൽ ആ ലോഹസുന്ദരി! അൽപ്പ നേരം സ്തബ്ധനായി നോക്കി നിന്നു.

കാലാവാസ്ഥ ഞങ്ങളെ സ്നേഹത്തോടെ വരവേൽക്കുകയാണെന്ന് തോന്നി. ആരോ തുടച്ചുനീക്കിയപോലെ കറുത്ത മേഘങ്ങൾ സീൻ (Seine) നദിയുടെ മേലേക്ക് നീങ്ങി. പഞ്ഞിക്കെട്ടുപോലുള്ള വെള്ള മേഘങ്ങൾക്കിടെ നീലാകാശത്തിന്റെ തെളിഞ്ഞ പശ്ചാത്തലത്തിൽ ഈഫൽ കൂടുതൽ മനോഹരിയായി തോന്നി.ട്രൊക്കാഡ്രോ യുദ്ധവിജയത്തിന്റെ സ്മാരകമായി നിർമ്മിക്കപ്പെട്ട ഷൈലെറ്റ് മന്ദിരത്തിനും (Palais De Chaillot) മ്യൂസീ ഡെൽ ഹോമ്മെക്കും (Musee de l'homme- Museum of Man) ഇടക്കുള്ള മട്ടുപ്പാവിൽ നിന്നാണ് മനോഹരമായ ഈ ഈഫൽ കാഴ്ച. ഉച്ചതിരിഞ്ഞ സമയമായിട്ടുപോലും നല്ല തിരക്ക്. മറിഞ്ഞും തിരിഞ്ഞും കുറേ പടങ്ങളെടുത്ത് മെല്ലെ ഗോവണിയിറങ്ങി. ടവറിൽ കേറുകയാണ് ലക്ഷ്യം. മനുഷ്യ മ്യൂസിയത്തിന്റെ മട്ടുപ്പാവിലും മുറ്റത്തുമായി കൂറ്റൻ പ്രതിമകൾ. പൂർണ്ണ- അർദ്ധനഗ്നരായ മനുഷ്യരും മൃഗങ്ങളുമൊക്കെ. സിമന്റിലും കല്ലിലും ലോഹങ്ങളിലും നിർമ്മിച്ചവ. നിരവധു ടൂറിസ്റ്റുകൾ പല ഭാഗത്തു നിന്നും ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നു.

മ്യൂസീ ഡെ ഹോമ്മെ- മനുഷ്യ മ്യൂസിയം

സീൻ നദിക്കു കുറുകെയുള്ള പാത മുറിച്ചു കടന്ന് വേണം ഈഫൽ ടവറിന്റെ ചുവട്ടിലെത്താൻ. ബാരിക്കേഡുകളും പോലീസ് വാഹനങ്ങളും തോക്കേന്തിയ പോലീസുകാരും വാഹനങ്ങളെയും ജനങ്ങളെയും നിയന്ത്രിക്കുന്നു. വാഹനങ്ങളിലധികവും ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടുള്ള ബസ്സുകളാണ്. റോഡിന്റെ ഇരുവശത്തായി നാല് കൂറ്റൻ കാലുകളിലാണ് ഈഫൽ ടവർ ഉയർന്നു നിൽക്കുന്നത്.  120ല് പരം വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു ലോഹാത്ഭുതം സൃഷ്ടിക്കാൻ ധൈര്യപ്പെട്ട ഗുസ്താഫ് ഈഫലിനെ (Gustav Eiffel) ടവർ കാണുന്ന ആരും അറിയാതെ ബഹുമാനിച്ചുപോവും. ആയിരക്കണക്കിന് ഇരുമ്പ് കഷ്ണങ്ങളെ പല രീതികളിൽ കൂട്ടിയോജ്ജിപ്പിച്ച് വെറും രണ്ട് വർഷം കൊണ്ട് 1000 അടി ഉയരത്തിൽ പണിതുയർത്തിയ ടവർ ഇന്നും യാതൊരു കേടുപാടുകളും കൂടാതെ മില്ല്യൺ കണക്കിന് സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് പാരീസിന്റെ നെഞ്ചിൽ തലയുയർത്തി നിൽക്കുകയാണ്.

ടവറിന്റെ അടിയിൽ നിന്നും മേലോട്ടുള്ള കാഴ്ച


ടവറിന്റെ ഒന്നാമത്തേയും മൂന്നാമത്തേയും കാലുക്കൾക്കടുത്ത് നീണ്ട ക്യൂ കാണാം. ടിക്കറ്റെടുത്ത് മേലെ കേറാൻ നിൽക്കുന്നവരുടെ നിരയാണത്. ഒരു ക്യൂ, ടവറിന്റെ മുകളിലേക്ക് ലിഫ്റ്റ് വഴി കേറാനുള്ളതും മറ്റേത് കോണി കയറിപ്പോകാനുള്ളതും. രണ്ടിനും രണ്ടുതരം ചാർജ്ജും. ലിഫ്റ്റ് വഴി കേറാനുള്ള നിരയുടെ നീളം കണ്ട ഞങ്ങൾ മെല്ലെ കോണി കയറുകയെന്ന വെല്ലുവിളി സ്വീകരിച്ച് നാല് യൂറോയുടെ ടിക്കറ്റെടുത്തു. സിറ്റി മെട്രോ പാസ്സുള്ളതിനാൽ കുറഞ്ഞ നിരക്കിൽ കിട്ടി. ആദ്യമൊക്കെ നല്ല ആവേശത്തിൽ കേറിയെങ്കിലും 200 പടികൾ കഴിഞ്ഞതോടെ വാമഭാഗം റിവേഴ്സ് ഗിയറിലേക്ക് മാറി. കാലിന്ന് നല്ല വേദന, പേശികൾ വലിഞ്ഞു മുറുകുന്നു.  തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ! ആണല്ലേ? പോരാത്തതിന് ടിക്കറ്റിന് കൊടുത്ത യൂറൊയെ മനസ്സിൽ പെരുക്കിക്കണക്കാക്കി വെച്ച്തിന്റെ ഊർജ്ജം വേറെയും. ആഞ്ഞ് വലിച്ച് കേറി.  പോക്കറ്റടിക്കാരെ പ്രത്യേകം സൂക്ഷിക്കണമെന്ന അറിയിപ്പ് ബോർഡുകൾ എവിടെയും കാണാം. ഇടക്കിടെ ടവറിന്റെയും ഗുസ്താഫ് ഈഫലിന്റെയുമൊക്കെ ചരിത്രം ആലേഖനം ചെയ്ത് മനോഹരമായ സചിത്ര പോസ്റ്ററുകൾ. നാസികൾ ഫ്രാൻസ് കീഴടക്കിയപ്പോൾ ഹിറ്റ്ലർ വന്നുവത്രേ ഈഫൽ ടവർ കാണാൻ, അന്ന് ഫ്രഞ്ചുകാർ ലിഫ്റ്റിന്റെ വയർ  റോപ്പുകൾ മുറിച്ചു കളഞ്ഞതിനാൽ പടി ചവിട്ടി മേലോട്ട് കയറുകയായിരുന്നു ഹിറ്റ്ലർ*. അതേ പടികളാണ് ഞാനും ചവിട്ടിക്കയറുന്നത്! ഹിറ്റ്ലറുടെ കാൽപ്പാടുകൾ പിന്തുടർന്നവൻ!! ഫ്രഞ്ച് ജനതയുടെ മുഴുവനും എതിർപ്പുകളുമേറ്റുവാങ്ങിയാണ് ഗുസ്സ്താഫ് ഈഫൽ "തീരെ ഭംഗിയില്ലാത്ത ഈ ഇരുമ്പ് കോട്ട" പണി കഴിച്ചതെന്ന് പറഞ്ഞാൽ അത് തെറ്റല്ല. പ്രമുഖ കലാകാരന്മാരും പൊതുജനങ്ങളും ഒരുപോലെ വിമർശിച്ച ഈഫൽ ഇന്ന് ലോകത്തിലേറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു മഹാസൗധമെന്ന ഖ്യാതിയുമായി മുള്ളുകളെ മലരുകളാക്കിയ സുന്ദരിയായ ഒരു മരുമകളെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഗാന്ധിജിയും ഐൻസ്റ്റീനുമടക്കം ലോകത്തെ പ്രമുഖരൊക്കെ സന്ദർശിച്ച, വാഴ്ത്തിയ സൗധം. എന്തിന്, പടവലങ്ങാപോലെ നീണ്ടുകിടക്കുന്ന കൊച്ചുകേരളത്തിൽ നിന്നും ഞാനും വയനാട് ചുരമിറങ്ങി വന്ന എന്റെ പെണ്ണും വരേ വന്നില്ലേ ഈ അയേൺ ലേഡിയെക്കാണാൻ!


ടവറിന്റെ ഹൃസ്വചരിതം ഇവിടെ കാണാം

എണ്ണൂറിലധികം പടികൾ കയറി, എന്റെ ടിക്കറ്റിനുള്ള പരമാവധി ഉയരത്തിലെത്തി. കൂട്ടുകാരി താഴെ 200ല് വിശ്രമത്തിലാണ്. ഒരു വശത്ത് ടവറുൾപ്പെടുന്ന കാമ്പ് ഡെ മാർസ് (Champ De Mars) എന്ന വിശാലമായ പച്ചപുൽ മൈതാനത്തിന്റെ മനോഹരമായ കാഴ്ച.


പാരീസ് മഹാനഗരത്തെ ഒട്ടുമുക്കാലും കാണാൻ പറ്റുന്ന ആകാശക്കാഴ്ചയാണ് ഈഫൽ കയറ്റത്തിന്റെ മുഖ്യ ആകർഷണം. ചക്രവാളങ്ങളെ ഉമ്മവെക്കുന്ന നഗരപരിധികൾ നമ്മുടെ കാഴ്ചക്കുമപ്പുറത്താണ്. നഗരസുന്ദരിയെ വെള്ളിപ്പട്ടുടുപ്പിച്ചപോലെ സീൻ നദി. നദിയുടെ മാറിടത്തിലൂടെ മുരൾച്ചയോടെ നീങ്ങുന്ന ക്രൂസ്കപ്പലുകൾ, നദിയുടെ ഇരു വശത്തും നങ്കൂരമിട്ടിരിക്കുന്ന നിരവധി ആഡംബരനൗകകൾ. യുദ്ധങ്ങളുടെയും, തേരോട്ടങ്ങളുടെയും രകതച്ചൊരിച്ചിലിന്റെയും വിപ്ലവങ്ങളുടെയും കഥപറയുന്ന ഫ്രഞ്ച് തെരുവുകളും കെട്ടിടങ്ങളും, കലയുടെയും സംഗീതത്തിന്റെയും പാരമ്പര്യമവകാശപ്പെടുന്ന നിരവധി മ്യൂസിയങ്ങളും തിയേറ്ററുകളും.  ആകാശത്തിലേക്ക് കയ്യുയർത്തി നിൽക്കുന്ന കത്തീഡ്രലുകൾ. അങ്ങിങ്ങായി വിതറിയിട്ട പച്ചപ്പൊട്ടുകൾ പോലെ ചെറുതും വലുതുമായ ഉദ്യാനങ്ങൾ. പാരീസ് നഗർത്തിന്റെ അഞ്ചിലൊന്ന് ഭാഗവും പൂന്തോട്ടങ്ങളാണത്രെ!പാരീസിലെക്കുള്ള ഈ വരവ് ഇതോട് കൂടിത്തന്നെ മുതലായത് പോലെ. പതിനഞ്ച് മിനുട്ടോളം നഗരത്തെ നോക്കിക്കണ്ട് മതിവരാതെ പടവുകളിറങ്ങാൻ തുടങ്ങി. അരികിൽ പിടിപ്പിച്ച കമ്പികളിൽ പിടിച്ച് വളരേ ശ്രദ്ധിച്ച് വേണം ഇറങ്ങാൻ. കാലൊന്ന് തെറ്റിയാൽ!!

താഴെ ഉന്മേഷം വീണ്ടെടുത്ത് നല്ലപാതി. ഞങ്ങൾ കാമ്പ് ഡെ മാർസിലെ പുൽതകിടിയിലൂടെ മുന്നോട്ട് നടന്നു. ടവറിന്റെ രൂപത്തിലുള്ള സോവനീറുകളും കീ ചെയിനുകളും ഫ്രെയിം ചെയ്ത ചിത്രങ്ങളും വിൽക്കുന്നവർ ഞങ്ങളെ പൊതിഞ്ഞു. ആഫ്രിക്കക്കാരും ബംഗാളികളും ഇന്ത്യക്കാരുമൊക്കെയുണ്ട് കൂട്ടത്തിൽ. അവരെ വകഞ്ഞുമാറ്റി മുന്നോട്ട് നടന്ന് മൈതാനത്തിന്റെ ഒരൊഴിഞ്ഞകോണിലിരുന്ന് ഈഫൽ ടവറിനെ കൺനിറയേ വീണ്ടും കണ്ടു. എത്ര കണ്ടിട്ടും മതിവരാത്തപോലെ.

"സാബ് മേം ബീഹാർ സെ ഹും", മുപ്പത് യൂറോക്ക് ഒരു ഈഫൽ മാതൃക ഞാൻ വാങ്ങണമെന്ന്! അവസാനം, അഞ്ച് യൂറോക്ക് കച്ചോടമുറപ്പിച്ചു ഞാനെന്റെ രാജ്യസ്നേഹം കാണിച്ചു.കാല് വേദന അൽപ്പമൊന്ന് ശമിച്ചപ്പോൾ മെല്ലെയെണീറ്റ് നടത്തം തുടങ്ങി. സൂര്യനസ്തമിക്കുന്നതിന് മുമ്പ് പ്രസിദ്ധമായ ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മാരകമായി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടു സ്ഥാപിച്ച വിജയകമാനം (Arc de triomphe) കാണണം. അത് കഴിഞ്ഞ് വിശ്വപ്രസിദ്ധമായ പലൈസ് ദെ കോൺഗ്രസ്സ് (Palais des congrès) ഒന്നോടിച്ച് കാണണം, പിന്നെ പാരീസിന്റെ ബിസിനസ്സ് നഗരമായി അറിയപ്പെടുന്ന ലാ ഡിഫൻസെയും (La Défense) അവിടുത്തെ ഗ്രാന്റ് ആർക്കും (Grande Arche). അതും കഴിഞ്ഞ് രാത്രിയിൽ വെളിച്ചത്തിൽ കുളിച്ചൊരുങ്ങി നിൽക്കുന്ന ഈഫൽ ടവറിനെ കൺകുളിർക്കെക്കാണാൻ തിരിച്ചെത്തണം. പച്ചപ്പട്ടണിഞ്ഞ മരങ്ങൾ കുടചൂടിയ കൊച്ചു പാതയോരത്തുകൂടെ ഞങ്ങൾ കൈകോർത്ത് നടന്നു.
-------------------------------------------------------------------------------------------------
*ഹിറ്റ്ലർ പടി കയറാൻ വിസമ്മതിച്ചു എന്നും കാണുന്നുണ്ട്.

പാരീസ് യാത്രയുടെ രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക

സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!

ഒരു സ്വിറ്റ്സർലാന്റ് യാത്രാവിവരണം വായിക്കാൻ , ദാ..ഇവിടെ ക്ലിക്കുക്ക!


2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

വിത്തും കൈക്കോട്ടും: ചില അടുക്കളത്തോട്ട വിശേഷങ്ങൾ

കിണറു വൃത്തിയാക്കാൻ മൂന്നാള്, പിന്നെ താഴേക്കണ്ടം കെളക്കാൻ ദിവാകരനും, പത്തുമണിച്ചായക്കെന്താ? ലേശം കപ്പ വാങ്ങ്യാലോ?

"വേണ്ട, വെറുതേ അങ്ങാടീലേക്ക് പായ്യണ്ട, ഒരു കൈക്കോട്ടെടുത്ത് പിന്നാമ്പൊറത്തേക്ക് നടന്നോ". വയ്യാത്തകാലും വെച്ച് ഉമ്മ മുന്നേനടക്കാൻ തുടങ്ങി.ആണ്ടവധിക്കാരൻ കൈക്കോട്ടും കൊടുവാളും തപ്പി കുറച്ച് നേരം കളഞ്ഞു.

"കഴിഞ്ഞ കൊല്ലം നിയ്യ് നട്ടതാ, ഞങ്ങൾ കൊറേ പറിച്ച് തിന്നു, അപ്പറത്തും ഇപ്പറത്ത്വൊക്കെ കൊറേ കൊടുക്ക്വേം ചെയ്തു. ഒരൊറ്റ മൂട് മത്യാവും"

കഴിഞ്ഞ അവധിക്കാലത്ത് അടുക്കളപ്പുറം കാടുപിടിച്ച് കിടക്കുന്നത് കണ്ടപ്പോൾ സ്ഥിരം പണിക്കാരൻ ദിവാകരനെ കയ്യും കാലും പിടിച്ച് കൊണ്ട് വന്ന് ഒന്ന് നന്നായി കിളപ്പിച്ചു. ഒരാവേശത്തിൽ കുറച്ച് നേരം ഞാനും കിളച്ചു. ഒടുക്കം കുമിള വന്ന കയ്യും വെച്ച് വരമ്പത്തിരുന്ന് ദിവാകരനോട് വെടിപറയുന്നതിനിടെയാണ് അങ്ങിനെയൊരാശയം മുളയിട്ടത്. നല്ല മരച്ചീനിക്കമ്പുകൾ ഉമ്മ തന്നെ അന്വേഷിച്ചറിഞ്ഞ് ഏർപ്പാടാക്കി. പച്ചിലയും ചാണകവും കൂട്ടി മണ്ണൊരുക്കി, കൂടം മാടി ചാണകലം നോക്കി ഒത്ത കമ്പ് വെട്ടി നാട്ടി. പയ്യ് കേറാതിരിക്കാൻ കയറുകൊണ്ടൊരു കൊച്ചുവേലി തീർത്തതും നമ്മുടെ പണി കഴിഞ്ഞു.  വരമ്പിന് ചുറ്റും ഒത്ത അകലത്തിൽ കുറേ കർമൂസത്തയ്യും (പപ്പായ), മുളകിൻ തയ്യും കുത്തി. ചീരാമുളക് തൈകളുമുണ്ട് കൂട്ടത്തിൽ.  നല്ല അയൽക്കാരൻ ഖാലിദ്ക്കാ തന്ന മൂന്ന് വാഴക്കന്നും കുടിയായപ്പോൾ കണ്ടം നിറഞ്ഞു.

മൂന്നാഴ്ചത്തെ ആണ്ടവധി കഴിഞ്ഞ് മടങ്ങിപ്പോരുമ്പോൾ മരച്ചീനി തണ്ടുകളിൽ പച്ചനാമ്പുകൾ പൊടിയുന്നോ എന്ന് ഒന്നെത്തി നോക്കാൻ പോലും സമയം കിട്ടിയില്ല. പിന്നെ ഓരോ ഫോൺവിളികളിലും കപ്പയും കറുമൂസയും മുളകുമൊക്കെ വളരുന്നത് ഞാൻ കേട്ടറിഞ്ഞു. ആ കപ്പയാണ് ആയുധം വെച്ച് മൂടോടെ കിളച്ചെടുക്കുന്നത്. വല്ലാത്തൊരു നിർവൃതി. വല്ല്യ വട്ടത്തിൽ മണ്ണെടുത്ത് ആഞ്ഞുവലിച്ചിട്ടും പോരാനൊരു മടി. കീ ബോർഡിൽ പാഞ്ഞുകളിച്ചായിരിക്കാം കയ്യിന്റെ ബലമെല്ലാം പോയത്. അവസാനം തണ്ടുപൊട്ടി നല്ല വണ്ണത്തിൽ രണ്ട് മൂന്ന് കിഴങ്ങുകൾ പുറത്ത് വന്നു. ബാക്കിയുള്ളവ മെല്ലെ മണ്ണ് നീക്കി പുറത്തെടുത്തു. ഒരു കുട്ട നിറയേ ഉണ്ട്. ദാ കണ്ടില്ലേ?ആണ്ടിലൊന്നോ രണ്ടോ തവണ മാത്രം കൈക്കോട്ടെടുക്കുന്ന, മണ്ണ് കിളക്കുന്ന എനിക്കിത്രയും നിർവൃതിയെങ്കിൽ മണ്ണിൽ ജീവിക്കുന്ന കർഷകന്റെ ആ ആധിയും അനുഭൂതിയുമൊക്കെ എന്തുമാത്രമുണ്ടാവും! വീടിനു ചുറ്റും വളർന്ന് നിൽക്കുന്ന മരങ്ങളെല്ലാം എന്റെ കുഞ്ഞിക്കൈകൾ തന്നെ നട്ടുനനച്ചതാണ്. ഉമ്മയുടെ മേൽനോട്ടത്തിൽ. ഓരോ തവണ മാങ്ങ പറിക്കുമ്പോഴും ചക്ക പുഴുങ്ങുമ്പോഴും കുട്ടിത്തെങ്ങിൽ നിന്നും ഇളനീർ കുടിക്കുമ്പോഴും ഉമ്മ ആ തൈ വെച്ച കഥ പറയും, അതിന്റെ തിയ്യതി വരേ! പുരയിടത്തിന്റെ ഇടത്തേ മതിലിനോട് ചേർന്നുള്ള പ്ലാവിൻ തൈകൾ രാജീവ്ഗാന്ധി സ്മരണയാണ്. 1991 മെയ് 21ന് നട്ടവ. കിണറ്റിൻകരയിലെ ഒട്ടുമാവ് കുഴിച്ചിട്ടത് പെരുമൺ ദുരന്തത്തിനെ പിറ്റേന്ന്. അങ്ങിനെ ഓരോന്നിനും ഓരോ ചരിത്രം. അതോർക്കുന്നതും അയവിറക്കുന്നതും ഉമ്മയുടെ ഒരു ശീലമാണ്.

ഓരോ അവധിദിനങ്ങളും ഉമ്മയുടെ അരിക് പറ്റി കുഞ്ഞിക്കൈക്കോട്ടും ചെറുകത്തിയുമായി മണ്ണിൽ കളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉപരിപഠനവും പ്രവാസവും അപഹരിഞ്ഞുകളഞ്ഞ, മണ്ണിന്റെ മണമുള്ള ഒരു നല്ല കാലം.

കപ്പ പറിച്ചെടുത്ത സന്തോഷത്തിൽ മെല്ലെ രണ്ട് മൂന്ന് പപ്പായയും കുത്തിയിട്ടു. ഉച്ചക്ക് ഉപ്പേരി വെക്കാലോ, പിന്നെ ചീരാമുളകിന്റെ തയ്യിൽ നിന്നും നല്ല എരിവുള്ള ഒന്നാന്തരം മുളകും, കിടക്കട്ടെ ചെറിയുള്ളിയും കൂട്ടി ഒരു മുളക് ചമ്മന്തി.നമ്മൾ മലയാളികൾക്കെന്നും പരാതിയാണല്ലോ! നാട്ടിൽ നല്ല പച്ചക്കറി കിട്ടാനില്ല, ഉള്ളതിൽ തന്നെ മുഴുവൻ മായവും, അതിന് തന്നെ തീപിടിച്ച വിലയും. ഹോ..നമ്മുടെ നാടിന്റെ ഒരു പോക്കേ?

സംഗതി സത്യവുമാണ്. അഞ്ഞൂറു രൂപയും കൊണ്ട് പോയാൽ ഒരു പ്ലാസ്റ്റിക് കൂടയിൽ ഇത്തിരി പച്ചക്കറി കിട്ടും. എന്നാൽ ഈ പരാതി പറയുന്ന നമ്മളാരെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ ചിലവാക്കാൻ തയ്യാറുണ്ടോ? എന്തെല്ലാം വിളകൾ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ അധ്വാനത്തിൽ മിക്കവാറും ഒരു മുതൽ മുടക്കുമില്ലാതെ നമുക്ക് നട്ടുവളർത്താമെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു കമ്പ് കുത്തിയാൽ മതി മുരിങ്ങയും കപ്പയുമൊക്കെ വേര് പിടിക്കാൻ. പച്ചമുളക്, പടവലം, കറിവേപ്പില, ചീര, കയ്പ്പ, വെണ്ട, വഴുതിന, മത്തൻ തുടങ്ങി എന്തെല്ലാം പച്ചക്കറിക്കൂട്ടങ്ങൾ!

ഞങ്ങൾ പട്ടണവാസികൾക്കിതൊന്നും പറ്റില്ലെന്ന് പറഞ്ഞ് കോട്ടുവായിടുന്ന മടിയന്മാർക്ക്, ചാക്കിൽ മണ്ണ് നിറച്ച് ടെറസിലും ബാൽക്കണിയിലുമൊക്കെ കൃഷി ചെയ്യുന്നവരെ കണ്ടാൽ എന്ത് പറയാനുണ്ട്? സ്ഥലസൗകര്യവും അറിവില്ലായ്മയുമൊന്നുമല്ല, മടിയും തമിഴന്റെ പച്ചക്കറി വില കൊടുത്ത് വാങ്ങാനുള്ള കാശൊക്കെ എനിക്കുണ്ട് എന്ന ചിന്താഗതിയും തന്നെയാണ് നമ്മെ ഇത്തരം ആരോഗ്യകരമായ ജീവിതശീലങ്ങളിൽ നിന്നും തടഞ്ഞുനിർത്തുന്നത്. പണം ലാഭിക്കാനല്ല, മറിച്ച് നല്ലത് തിന്നാൻ, മണ്ണിനെ മറക്കാതിരിക്കാൻ, പിന്നെ മനസ്സിനെ ഒന്ന് തണുപ്പിക്കാൻ, ഒരു രസത്തിന്...ഒന്ന് ശ്രമിച്ചാൽ നമുക്കാർക്കും നടക്കുന്ന കാര്യമേയുള്ളൂ ഇത്.

ചേമ്പും മഞ്ഞളും ഇഞ്ചിയുമൊക്കെ ആദ്യം അയൽക്കാരുടെ പറമ്പിലായിരുന്നു ഞങ്ങൾ നട്ടിരുന്നത്. പിന്നെ ദൈവാനുഗ്രഹത്താൽ, പ്രവാസത്തിന്റെ "കായ്ബലത്തിൽ" ആ മണ്ണ് ഞങ്ങളുടെ സ്വന്തമായി. അപ്പോഴേക്കും മണ്ണിന്റെ മണം, മനസ്സിൽ മാത്രമായൊതുങ്ങിക്കഴിഞ്ഞിരുന്നു. വെറുമൊരു ഗൃഹാതുരസ്മരണയായി മാറിപ്പോവുമായിരുന്ന  അതിന് തടയിട്ടത് കഴിഞ്ഞ തവണ ഭാര്യാവീട്ടിലെ രണ്ട് ദിവസത്തെ പൊറുതിയും കഴിഞ്ഞ് വയനാട് ചുരമിറങ്ങി വരുന്ന വഴിക്ക് കണ്ട ഒരു നഴ്സറിയാണ്. നല്ല വിത്തുകൾ പലതരം, അൽപ്പം കൂടിയ വില കൊടുത്താണെങ്കിലും വാങ്ങി. കടല് കടന്ന് ദുബായിലെത്തിയ വിത്തുകളെ സ്വീകരിക്കാനുണ്ടായിരുന്നത് നല്ല ഓറഞ്ച് നിറമുള്ള പൊടി മണ്ണ്. അടുക്കളപ്പുറത്ത് മൂന്ന് മീറ്റർ വീതിയിലും ആറു മീറ്റർ നീളത്തിലും ലേശം നിലമുണ്ട്. സിമന്റ് കട്ട തികയാതെ വന്നതുകൊണ്ട് ബാക്കിയായിപ്പോയ ഭൂമുഖം!

 ചാക്കൊന്നൊന്നിന് പതിനഞ്ച് ദിർഹം വിലയുള്ള നല്ല കറുത്ത മണ്ണ് മൂന്ന് ചാക്ക് വാങ്ങി മണ്ണിൽ കലർത്തി വെള്ളം തളിച്ച് പരുവപ്പെടുത്തി. അബൂദാബിയിൽ നിന്നും കൊണ്ടുവന്ന മുരിങ്ങാ കമ്പ് ബിസ്മിയും ചൊല്ലി നട്ടു. പിന്നെ വിത്തെറിഞ്ഞു, അല്ല, സൂക്ഷിച്ച് മണ്ണിലൊളിപ്പിച്ചു. വെള്ളം തേവിയും ഉള്ളിത്തോലും ചായച്ചണ്ടിയും കുതിർത്ത നാടൻ കീടനാശിനി തളിച്ചും കാത്തുനിന്നത് വെറുതെയായില്ല. മരുഭൂമിയിൽ കിളിർത്ത തക്കാളിയും വെണ്ടക്കയും വഴുതിനങ്ങയുമൊക്കെ ഇത്ര രുചികരമായിരിക്കുമെന്നൊരിക്കലും ഒരിക്കലും കരുതിയിരുന്നില്ല. നല്ല "ഫോറിൻ" പയറും ബീൻസുമെല്ലാം എത്ര കൂട്ടുകാരാണ് ഭക്ഷിച്ചത്!
ഗൾഫിലെ കുട്ടികളെപ്പോലെത്തന്നെ തഴച്ചു വളർന്ന മുരിങ്ങ ഒരുമൂത്ത സഹോദരനെപ്പോലെ ബാക്കിയുള്ളവർക്ക് തണലേകി തലവിരിച്ചു നിന്നു. കായും ഇലയും തന്ന് ഞങ്ങളെ ഊട്ടിയ ആ പാവത്തെ  വീട്ടുടമയുടെ കിരാതഉത്തരവ് പ്രകാരം ഞാൻ നടുമുറിച്ചെങ്കിലും വാശിയോടെ വളർന്ന് ഞങ്ങളെ ഇന്നും ഊട്ടുന്നു. നല്ല ചുവന്ന ചീര, പടവലങ്ങ, വഴുതിന, ബീൻസ്, പയർ, കയ്പ്പ (പാവക്ക), കറിവേപ്പില, പൊതീന പിന്നെ കൃഷ്ണതുളസി, പനിക്കൂർക്ക, ബ്രഹ്മി തുടങ്ങിയ ഔഷധച്ചെടികളും  ഞങ്ങളുടെ കൊച്ചു തോട്ടത്തെ സമ്പന്നമാക്കി.
ചുട് വരാൻ തുടങ്ങിയതേ എല്ലാരും ഇലകൾ മടക്കി തലതാഴ്ത്തിത്തുടങ്ങി. പയർ പൂത്തെങ്കിലും പൂക്കളെല്ലാം കരിഞ്ഞുവീണു. കയ്പ്പയും പടവലവും കുരുന്നിലേ പഴുത്തു മഞ്ഞച്ചു. കൊച്ചുകുരുവികളും മൈനകളും അത് തിന്ന് വിശപ്പടക്കിയല്ലോ എന്നാശ്വസിക്കുന്നു. ചൂട് കൂടിയപ്പോഴേക്കും കണ്ടമാനം കിളികൾ ഞങ്ങളുടെ കൊച്ചു തോട്ടത്തെ തണലാക്കി കലപില കൂട്ടാൻ തുടങ്ങി. അതിരാവിലെ അത് കേട്ടെഴുന്നേൽക്കുമ്പോൾ നാട്ടിലെ മണ്ണിന്റെ മണമുള്ള, കിളികളുടെ ചിലമ്പലുള്ള ആ മനോഹരമായ വെളുപ്പാൻ കാലം ഓർമ്മയിലേക്ക് തിക്കിക്കേറി വരും.

ചൂട്കാലം തിരിച്ച് പോവുകയായി. കരിഞ്ഞ വള്ളികളും ഇലകളുമൊക്കെ മെല്ലെ മാറ്റി, തെളിച്ച് വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഒത്താൽ വല്യപെരുന്നാളിന്റെ അവധിക്ക് വിത്തിടാം-ഇൻഷാ അല്ലാഹ്.


വെറുതേ ഒരു നേരമ്പോക്കിനെഴുതിയതല്ല. ഉള്ള കൊച്ചുസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എന്തെങ്കിലുമൊക്കെ നടാനും മണ്ണിനെ അറിയാനും ഇതുവഴി ആർക്കെങ്കിലുമൊക്ക പ്രചോദനവും ഉത്സാഹവുമൊക്കെ കിട്ടട്ടെ. ആണുങ്ങൾക്ക് പെണ്ണുങ്ങൾക്ക് എന്നൊന്നും ഈ വിഷയത്തിലില്ല. കുട്ടികളെയും കൂട്ടി കൂട്ടായി ചെയ്യേണ്ട രസകരമായ ഒരു "സംഗതി". ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ സ്വന്തം കൊച്ചുതോട്ടത്തിലെ പച്ചക്കറി കൂട്ടി സമൃദ്ധമായി ഒരൂണ് കഴിക്കുന്നതിന്റെ സംതൃപ്തി എല്ലാർക്കും അറിഞ്ഞനുഭവിക്കാമല്ലോ?

മണ്ണൊരുക്കുന്നത് തുടങ്ങി വെള്ളം നനച്ചും കളപറിച്ചും, താങ്ങ് നാട്ടിയും പ്രാണി-മനുഷ്യ ആക്രമണങ്ങളിൽ നിന്ന് വിളകളെ സംരക്ഷിച്ചും ഒടുക്കം ഫോട്ടോ പിടിച്ചും ഈ പ്രക്രിയയുടെ വിത്തും വളവും വെയിലും വെള്ളവുമായി മാറിയ എന്റെ നല്ല പാതിക്ക് സമർപ്പിക്കട്ടെ ഈ പോസ്റ്റ്.

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

ദൽഹി ഗാഥകൾ

മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ തന്റെ ജന്മ നാടിന്റെ കഥ പറഞ്ഞ് മലയാളിയെ വായനയുടെ പുതിയ തലങ്ങളിലേക്ക് വഴിനടത്തിച്ച മുകുന്ദൻ ദൽഹി ഗാഥകളിലൂടെ തന്റെ രണ്ടാം വീടായ (Second Home) ദൽഹിയുടെ ചരിത്രം പറയുകയാണ്. മുകുന്ദനെപ്പോലൊരു പ്രമുഖ കഥാകാരന്റെ ഒരു മഹത്തായ സൃഷ്ടി വായിച്ച് ഒരു അവലോകനം നടത്തുകയെന്നത് ശ്രമകരമായൊരു അഭ്യാസം തന്നെ! 2011 നവംബറിൽ പുറത്തിറങ്ങിയ ഒരു നോവലിന് പത്ത് മാസത്തിന് ശേഷം ഒരാസ്വാദനമെഴുതുന്നതിലെ നിരർത്ഥകതയും മുഴച്ചു നിൽക്കുന്നുണ്ട്. കേശവന്റെ വിലാപങ്ങളും ദൈവത്തിന്റെ വികൃതികളും മയ്യഴിപ്പുഴയുടെ തീരവുമൊക്കെ വായിച്ചപ്പോൾ തോന്നിയ എന്തോ ഒന്ന് ദൽഹി ഗാഥകൾ വായിച്ചപ്പോഴും തോന്നി. അതാണീ കുറിപ്പ്.

മലയാളത്തിൽ നിരവധി ചരിത്രനോവലുകൾ പിറവി കൊണ്ടിട്ടുണ്ട്. കഥയും ചരിത്രവും ഇഴചേർത്ത് രാഷ്ട്രീയ പാശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് മിക്ക കഥാകരന്മാരും ഈ രംഗത്ത് ഉപയോഗിച്ചിട്ടുള്ളത്. രാഷ്ട്രീയം നാടിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ അതിരില്ലാത്ത പങ്കുവഹിക്കുന്നതു കൊണ്ടാവാം എല്ലാ ചരിത്രനോവലുകളിലും സമകാലിക രാഷ്ട്രീയം വലിയ തോതിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മുകുന്ദന്റെ ദൽഹി ഗാഥകളും അതേ വഴിയിലാണ് നടക്കുന്നത്.1960കളുടെ അവസാനത്തിൽ മലബാറിൽ നിന്നും തൊഴിലന്വേഷിച്ച് വൻനഗരങ്ങളിലേക്ക് കുടിയേറുന്നവരിലൊരുവനായി ഡൽഹിയിലേക്ക് കൽക്കരി വണ്ടി കയറിയ ഇരുപത്കാരനായ സഹദേവനിലൂടെ മുകുന്ദൻ തന്നെത്തന്നെയാണ് തുറന്നു കാട്ടുന്നത്. അരനൂറ്റാണ്ട് മുമ്പ് നാട്ടിൽ സാധാരണക്കാരെ അടക്കി ഭരിച്ചിരുന്ന പട്ടിണിയും പ്രയാസങ്ങളും സഹദേവന്റെ ദൽഹി യാത്രക്ക് വലിയ ലക്ഷ്യങ്ങളൊരുക്കിക്കൊടുത്തു. നാലു പതിറ്റാണ്ടിലധികം ദൽഹിയിൽ ജീവിച്ച മുകുന്ദൻ സഹദേവനിലൂടെ പരകായപ്രവേശം ചെയ്യുന്നത് ചരിത്രകാരന്മാർക്ക് പറയാൻ തിട്ടമില്ലാത്ത പല സത്യങ്ങളും ചരിത്രത്തിന്റെ ഭാഗമെന്നോണം വിളിച്ചു പറയാൻ വേണ്ടിയാണ്. ഈ സൗകര്യം നോവലിലുടനീളം ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

ദൽഹി ഗാഥകൾ സഹദേവന്റെ കഥയാണന്ന് പറഞ്ഞാൽ ശരിയല്ല. അയാൾ കഥ പറയുകയാണ്. ദൽഹിയുടെ കഥ. യുദ്ധങ്ങളുടെയും യുദ്ധാനന്തര ഭീതിയുടെടെയും കഥ, വർഗ്ഗവെറിയുടെയും ജാതിചിന്തയുടെയും കഥ, അടിയന്തിരാവസ്ഥയുടെ ഭീകരമായ നിശ്ശബ്ദദയുടെ കഥ, ഇന്ദിരാഗാന്ധിയുടെ പതനത്തിന്റെ കഥ, സിഖ് കൂട്ടക്കുരുതിയുടെ ഞെട്ടിപ്പിക്കുന്ന കഥ, ഒരിക്കലും അവസാനിക്കാത്ത പട്ടിണിയുടെ കഥ, പ്രവാസത്തിന്റെയും കുടിയേറ്റങ്ങളുടെയും കഥ, നഗരങ്ങളിലെ ആധുനികതയുടെ അധിനിവേശത്തിന്റെ കഥ.
"പ്രവാസ"ത്തിന്റെ  കഥാകാരൻ അര നൂറ്റാണ്ട് മുമ്പ് ദൽഹിയിലെ മലയാളി സമൂഹത്തിൽ നിലനിന്നിരുന്ന അടുപ്പവും ബന്ധങ്ങളിലെ ഊഷ്മളതയും മനോഹരമായി വരച്ചു കാട്ടുന്നു. എടുത്തു പറയാതെ പറഞ്ഞു വെക്കുന്ന രീതിയാണിവിടെ അവലംബിച്ചിരിക്കുന്നത്. നഗരത്തിന്റെ വളർച്ചയും ബന്ധങ്ങളിലെ തളർച്ചയും കഥയിലൂടെ വരച്ചിടുന്നുണ്ട്.

ചരിത്രകുതുകികൾക്ക് ഒരു നല്ല വായനയാണ് ദൽഹി ഗാഥകൾ നൽകുന്നത്. അടിയന്തിരാവസ്ഥയുടെ ഭീകരചിത്രം നമ്മുടെ മുൻപിൽ അനാവരണം ചെയ്യുന്നതിൽ മുകുന്ദൻ അനിതരസാധാരണമായ സാഹിതീപാടവം പ്രകടിപ്പിച്ചിട്ടുണ്ട്. നോവലിന്റെ മൂന്നിലൊന്ന് ഭാഗത്തോളം വരുന്ന തമോഗർത്തങ്ങൾ എന്ന് പേരിട്ട, അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ദീർഘവിവരണം ഒരുൾക്കിടിലത്തോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല. പുറത്ത് നിരത്തിലൂടെ കൊലവിളിയുമായി ഒരാൾക്കൂട്ടം പാഞ്ഞുപോകുന്ന പോലെ തോന്നിയാൽ, അടച്ചിട്ട ഉമ്മറവാതിലിൽ ആരോ ആഞ്ഞുമുട്ടുന്നുവെന്ന് തോന്നിയാൽ, കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ ദുർഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നതായി തോന്നിയാൽ, പേടിക്കേണ്ട, അത് മുകുന്ദന്റെ വിവരണത്തിലെ അതിവൈഭവം ഒന്നുകൊണ്ട് മാത്രമാണ്. അടിയന്തിരാവസ്ഥയെ കേട്ടു മാത്രമറിഞ്ഞ തലമുറക്കുള്ള ഒരു "ഡിഫേര്ഡ് ലൈവ്" പ്രക്ഷേപണമാണ് മുകുന്ദൻ നടത്തുന്നത്. സജ്ഞയ്‌ഗാന്ധിയുടെ അധികമാരും പറയാനിഷ്ടപ്പെടാത്ത മുഖവും ഇന്ദിരാഗാന്ധിയുടെ അധികമറിയപ്പെടാത്ത മുഖവും തുറന്നുകാട്ടുന്ന മുകുന്ദൻ കോൺഗ്രസ്സിനെ ശത്രുപക്ഷത്ത് നിർത്തിയാണ് ഒരു അനുഭവസ്ഥന്റെ ഹൃദയവേദന പങ്കുവെക്കുന്നത്. സജ്ഞയ്ഗാന്ധി നടപ്പാക്കിയിരുന്ന ക്രൂരമായ നിർബ്ബന്ധിത വന്ധ്യംകരണത്തെക്കുറിച്ചുള്ള നീണ്ടവിവരണങ്ങൾ വേദനയോടെ മാത്രമേ വായിച്ചു തീർക്കാൻ കഴിയൂ.

സഹദേവൻ കാണാൻ മറന്നതോ മുകുന്ദൻ എഴുതാൻ മറന്നതോ ആയ ചില പ്രധാന രാഷ്ട്രീയ ചരിത്രങ്ങളാണ് ചരൺസിംഗിന്റെയും മൊറാർജിയുടെയും കാലം. കാലമെന്ന് വിളിക്കപ്പെടാൻ മാത്രമില്ലെങ്കിലും കോൺഗ്രസ്സിതര ഇന്ത്യയുടെ ചരിത്രം പൂർണ്ണമായും അത് തന്നെയാണെന്നതാണ് ഈ വിട്ടുകളയലിനെ സംശയത്തോടെ മാത്രം നോക്കിക്കാണാൻ വായനക്കാരെ പ്രേരിപ്പിക്കുന്നത്.

സഹദേവൻ ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു, സംസാരമെല്ലാം തന്നോടു തന്നെയാരുന്നു എന്നു മാത്രം! മറ്റുള്ളവരോട് വളരെക്കുറച്ചു മാത്രം സംസാരിച്ചു. മലയാള ആനുകാലികങ്ങളും ഇംഗ്ലീഷ് സാഹിത്യവുമൊക്കെ നല്ലോണം വായിച്ചു, സാഹിത്യചർച്ചകളിൽ കേൾവിക്കാരനായി മാത്രം പങ്കുകൊണ്ടു. ദൽഹിയും ദൽഹിയിലെ താമസക്കാരും വളർന്നപ്പോൾ സഹദേവൻ തന്നിലേക്ക് തന്നെ ചുരുങ്ങി. അയാൾ ഒരു
നോവലെഴുതിക്കൊണ്ടിരിക്കുന്നുണ്ട്, വർഷങ്ങളായിട്ട്. ഇടക്കെപ്പോഴെങ്കിലും മൂഡ് വരുമ്പോൾ മാത്രമാണ് അയാളെഴുതുന്നത്. തന്റെ നോവലും തനിക്കു ചുറ്റുമുള്ള കുറെ പാവപ്പെട്ടവരുടെ സ്വപ്നങ്ങളും പേറിക്കൊണ്ടുള്ള തന്റെ ഡൽഹി ജീവിതം പതിറ്റാണ്ടുകൾ പിന്നിട്ടു എന്ന് തിരിച്ചറിയുമ്പോഴും സഹദേവന്റെ മനസ്സിൽ നിരാശയോ പരാതികളോ ഇല്ല. അവസാനഭാഗമെത്തുമ്പോഴേക്കും ഒരിക്കലും അവസാനിക്കാത്ത ആ നോവലാണ് സഹദേവനെ ജീവിപ്പിക്കുന്നതെന്ന് തോന്നും. അത് ചരിത്രമാണ്, അവസാനിക്കാത്ത ചരിത്രം, ഓരോ ദിനാരംഭത്തിലും വളർന്നുകൊണ്ടിരിക്കുന്ന ചരിത്രം, എവിടെയോ തുടങ്ങി ഇന്നും ഒടുങ്ങിയിട്ടില്ലാത്ത ആ ചരിത്രമാണ് സഹദേവന്റെ നോവലിലൂടെ മുകുന്ദൻ നമ്മോട് പറയുന്നതും.

നോവലിലെ നാല് പ്രധാന സ്ത്രീ കഥാപാത്രങ്ങളും കത്തുകളിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന വനജയും കരുത്തുറ്റ കഥാപാത്രങ്ങളാണ്. അവർ പത്രസ്ഥാപനങ്ങളിൽ പണിയെടുക്കുകയോ നോവലെഴുതുകയൊ യൂണിയൻ പ്രവർത്തനം നടത്തുകയോ ഒന്നും ചെയ്യാതെ തന്നെ വിപ്ലവം നടത്തുന്നുണ്ട്. സാഹചര്യങ്ങളോട് മല്ലടിച്ച് കുടുംബം പോറ്റി വളർത്തി ഒടുക്കം ഡൽഹിയോട് വിട പറയുന്ന വിധവയായ ദേവിയും, ഒരു കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആഗ്രഹം മാത്രം ഉദരത്തിൽ പേറി നടന്ന് ഒടുവിൽ പ്രമുഖ പ്രസിദ്ധീകരണാലയത്തിൽ ഉന്നത ജോലിയിലെത്തിച്ചേർന്ന്കുഞ്ഞിനെ ദത്തെടുത്ത് ഒറ്റക്ക് ജീവിക്കാൻ തീരുമാനിക്കുന്ന ലളിതയും സാധാരണക്കാരായ ഗ്രാമീണസ്ത്രീകളായിട്ടാണ് കഥയിൽ രംഗപ്രവേശം ചെയ്യുന്നത്. വിപ്ലവത്തിന്റെ വഴിയേ നടന്ന് തന്റെ പ്രത്യയശാസ്ത്രവീഥിയിൽ ഒരു സാമൂഹ്യജീവിയായി ആദ്യാന്ത്യം ഉറച്ചു നിൽക്കുന്ന ജാനകിക്കുട്ടി, നഗരങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്ന പാശ്ചാത്യജീവിതശൈലിയെ കഥയിലേക്ക് വലിച്ചുകൊണ്ടുവരുന്നുണ്ടെങ്കിലും, വിപ്ലവ പാതയിലും ഒളിജീവിതത്തിലും ഇതേ ജീവിതമായിരുന്നു ആണും പെണ്ണും നയിച്ചിരുന്നതെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുകൾ വായനക്കാരെ നിശബ്ദരാക്കുന്നു.


തൊഴിലാളി യൂനിയൻ നേതാവും ഉറച്ച ഇടതുപക്ഷക്കാരനുമായ ശ്രീധരനുണ്ണി ഹൃദയാഘാതം വന്ന് മരിച്ചത് ചൈന ഇന്ത്യയെ ആക്രമിച്ചതിലെ മനോവിഷമം മൂലമാണെങ്കിൽ, അതേ ശ്രീധരനുണ്ണിയുടെ മകൻ സത്യനാഥൻ എന്ന പത്രപ്രവർത്തകൻ പിൽക്കാലത്ത് ആർഭാടജീവിതം നയിച്ച് സുഖങ്ങൾ തേടിപ്പോയി. പതിറ്റാണ്ടുകളിലൂടെ പരിവർത്തനം ചെയ്യപ്പെട്ട, നമ്മുടെ നാട്ടിലെ മാർക്സിയൻ തലമുറകൾക്കിടയിലെ അന്തരത്തെയും രാഷ്ട്രീയബോധത്തെയും സൈന്താന്തികാവബോധത്തെയുമാണ് ശ്രീധരനുണ്ണിയിൽ നിന്നും സത്യനാഥനിലേക്കുള്ള ദൂരം പ്രതിനിധാനം ചെയ്യുന്നത്.


നെന്മണ്ട വാസുദേവപ്പണിക്കർ എന്ന വാസുവിന് കഥയിൽ എന്തു ഭാഗദേയമാണുള്ളതെന്ന് ചിന്തിച്ചെടുക്കാൻ കഴിയുന്നില്ല. ഹരിലാൽ ശുക്ലയെന്ന ജാതിക്കോമരത്തിലൂടെ ഇന്ത്യയുടെ തീരാശാപമായ ജാതീയതയെ  വരച്ചുകാട്ടാനുള്ള ഒരു മുഷിഞ്ഞ കാൻവാസായിട്ടാണ് വാസുവിനെ മുകുന്ദൻ ദൽഹിയിലെത്തെച്ചെതെന്ന് തോന്നുന്നു. ലോകത്ത് നടക്കുന്നതൊന്നും ബാധിക്കപ്പെടാത്ത പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയാണ് വാസുവെന്ന് വേണമെങ്കിൽ പറയാം. ദൽഹിയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ എല്ലാ ചലനങ്ങളോടും പുഛത്തോടെ മാത്രം പ്രതികരിക്കുന്ന, അല്ലെങ്കിൽ ഒരു പ്രതികരണവും കാണിക്കാത്ത വാസുവിലൂടെ അതിജീവനത്തിന്റെ ഒരു സാധ്യതയാവാം എഴുത്തുകാരൻ പറയാനുദ്ദേശിച്ചത്. പട്ടിണിപ്പരിവട്ടങ്ങളുടെ റിപ്പബ്ലിക്കിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പെയിന്റിംഗ് വ്യവസായം പൊടിപൊടിക്കുന്നത് വരച്ചുകാട്ടാനാണ് വാസു ജന്മമെടുത്തതെന്നും വേണമെങ്കിൽ കരുതാം.

മുകുന്ദൻ ദൽഹിയെ നമ്മുടെ മുന്നിൽ വരച്ചിടുകയാണ് ഈ നോവലിൽ. ഓരോ പാതകളും, ഇടുങ്ങിയ ഗലികളും, പാർക്കുകളും യമുനാ തീരവും, സർക്കാർ മന്ദിരങ്ങളും ലൈബ്രറികളും ബസ് സ്റ്റോപ്പുകളും കോളനികളും നിരത്തുവക്കിലെ കൊച്ചു ദാബകളും റൊട്ടികടകളും എന്തിന് നഗരക്കാഴ്ച നിശ്ശബ്ദം നോക്കിക്കാണുന്ന പ്രതിമകൾ വരേ  സംസാരിക്കുന്ന ഒരു ഭൂപടത്തിലെന്നവണ്ണം നമ്മുടെ മുന്നിൽ നിവർത്തി വെച്ചിരിക്കുന്നു.


ഓരോ കഥാപാത്രങ്ങളും ഇരിക്കുന്നത് ഓരോ കൈവഴികളുടെ അറ്റത്താണ്. അവർ വായനക്കാരനെ കൈപിടിച്ച് നടത്തുന്നത് അവരുടെതായ ലോകത്തിലേക്കാണ്. ചുവന്ന തെരുവുകളും പോലീസ് ഥാനകളും, കടും നിറത്തിലുള്ളതും അല്ലാത്തതുമായ വസ്ത്രങ്ങൾ വിൽക്കുന്ന കടകളും നമുക്ക് കാണിച്ചു തരുന്നത് റോസിലി എന്ന റോസക്കുട്ടിയാണെങ്കിൽ, വാറ്റുകേന്ദ്രങ്ങളിലൂടെയും ഫർണീച്ചർ കടകൾ നിരന്ന ഗലികളിലൂടെയും നമ്മെ വഴി നടത്തുന്നത് ഉത്തം സിങ്ങാണ്. പട്ടിണിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും നടത്തം ഇഷ്ടപ്പെട്ടിരുന്ന സഹദേവനാണ് ദൽഹിയുടെ ബാക്കിഭാഗം നമുക്ക് വിവരിച്ച് തരുന്നത്. അയാളുടെ യാത്രകൾ മിക്കപ്പോഴും ഒടുങ്ങുന്നത് ശ്രീധരനുണ്ണിയുടെയോ കുഞ്ഞികൃഷണന്റെയോ വീട്ടിലോ, അല്ലെങ്കിൽ ലൈബ്രറികളിലോ സാഹിതീ സംഘങ്ങളിലോ ആണ്. തന്റെ ജോലിയുടെ ഭാഗമായും അല്ലാതെയും സഹദേവൻ പുകവലിച്ച് കൊണ്ട് നടക്കാത്ത പാതകൾ ദൽഹിയിൽ കാണില്ല.

സഹദേവൻ തന്റെ സമയം കാണിക്കാത്ത വാച്ച് "വേണമെങ്കിൽ യമുന അത് നന്നാക്കിയെടുത്ത് ഉപയോഗിച്ചോട്ടെ" എന്നും പറഞ്ഞുകൊണ്ട് യമുനയിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. യമുനയും സഹദേവനും ഒരിക്കലും അത് നന്നാക്കാൻ പോകുന്നില്ല. ദൽഹിയുടെ ചരിത്രത്തിന് മൂകസാക്ഷിയായി ഒഴുകുന്ന യമുനാനദിയുടെ നിശബ്ദതയും നിർവ്വികാരതയും മാത്രമേ സഹദേവനും  പ്രകടിപ്പിക്കുന്നുള്ളൂ, അല്ലെങ്കിൽ കഥാഗതിയെ ഒട്ടും നിയന്ത്രിക്കാത്ത കേന്ദ്രകഥാപാത്രമാണ് സഹദേവൻ. വർഷകാലങ്ങളിൽ യമുന കാണിക്കുന്ന ക്ഷോഭമോ വികൃതിയോ പോലും സഹദേവൻ കാണിക്കുന്നില്ല. തുർക്‌മാൻ ഗേറ്റിൽ തന്റെ ബിസിനസ്സ് സ്ഥാപനമുൾപ്പെടെ ബുൾഡോസറുകൾ ഇടിച്ചു നിരത്തിയപ്പോൾ മാത്രമാണ് സഹദേവൻ ഒരിക്കലെങ്കിലും പ്രതിഷേധത്തിന്റെ സ്വരമുയർത്തുന്നത്.

അൽഫൊസാച്ചനെപ്പോലെ, ദാസനെപ്പോലെ, കേശവനെപ്പോലെ സഹദേവനും ഒരു നിർഗുണനാണെന്ന് നിസ്സംശയം പറയാം. മറ്റുള്ളവർക്ക് വേണ്ടി ജീവിതം നശിപ്പിച്ചവൻ. "പപ്പാ എനിക്കാരെയും കുത്താനാകില്ല, വേണമെങ്കിൽ എന്നെത്തന്നെ കുത്താം" എന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസൻ പറയുന്നതുപോലെ സഹദേവനും പറയുന്നുണ്ട്, അതേ സ്വരം അതേ ഭാവം.


കേന്ദ്രകഥാപാത്രം നായകപരിവേഷമുള്ളയാളായിരിക്കണമെന്ന മിത്തിനെ പൊളിച്ചുകാട്ടാൻ മുകുന്ദൻ മിക്ക നോവലുകളിലും ശ്രമിച്ചിട്ടുണ്ട്. തന്റെ തൂലികയിലൂടെ ഊർന്നിറങ്ങുന്ന കഥാപാത്രങ്ങൾ എങ്ങിനെ പെരുമാറണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനുണ്ട്. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും പരക്കം പാച്ചിലിന്റെ അർത്ഥശൂന്യതയെക്കുറിച്ചും വായനക്കാരനെ തെര്യപ്പെടുത്താനായിരിക്കാം ഇത്തരത്തിലുള്ള കേന്ദ്രകഥാപാത്രങ്ങൾക്ക് മുകുന്ദൻ ജന്മം നൽകുന്നത്. അതേ വികാരം തന്നെയായിരിക്കാം ഒരു എസ് എം എസ് വഴി അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കാനുള്ള മുകുന്ദന്റെ തീരുമാനത്തിനു പിന്നിലും.


മനോഹരമായ വലിയ ഒരു ഗ്രാമമായിരുന്ന പഴയ ദില്ലിയിൽ നിന്നും സൗന്ദര്യം നഷ്ടപ്പെട്ട ഒരു വൻനഗരമായ ഇന്നത്തെ ഡൽഹിയിലേക്കുള്ള പരിവർത്തനത്തിന്റെ ഈ ചരിത്രാഖ്യായിക തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മഹത്തായ കൃതിയാണ് എന്ന് നിസ്സംശയം പറയാം. ഡീ. സീ. ബുക്സ് പ്രസിദ്ധീകരിച്ച 494 പേജുള്ള ഈ നോവലിന്റെ ആദ്യ 3500 പതിപ്പുകൾ വ്യത്യസ്ത പുറംചട്ടയോടെയാണ് വിപണിയിലെത്തിയിട്ടുള്ളത്. 1960 മുതലുള്ള മനോരമ പത്രത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട മുൻപേജുകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. മണലിലും മറ്റും മോടിപിടിപ്പിച്ച പുറം ചട്ടയുള്ള പുസ്തകമാണ് ഞാൻ വായിച്ചത്.

ഈ വർഷത്തെ കമലാ സുരയ്യ പുരസ്കാരം ഈ നോവലിന്ന് ലഭിച്ചിട്ടുണ്ട്.

2012, ജൂലൈ 3, ചൊവ്വാഴ്ച

നിശബ്ദരുടെ ചോരകൊണ്ട് ചരിത്രമെഴുതുന്നവർ

നമ്മുടെ പട്ടാളക്കാരുടെ ഏതൊരു ചെറുനേട്ടവും ഭാരതമക്കളും രാജ്യവും അത്യഭിമാനത്തോടെയാണ് നെഞ്ചേറ്റാറുള്ളത്. പത്രങ്ങളുടെ മുൻപേജിലെ പ്രധാനവാർത്തയാകേണ്ടിയിരുന്ന അത്തരമൊരു വീരസാഹസികകൃത്യം പോയ വാരത്തിലെ ഉൾപ്പേജിലെ കോളം വാർത്തയിലൊതുങ്ങിപ്പോയി. മോഹനൻ മാസ്റ്ററുടെ അറസ്റ്റ് നടന്ന ദിവസമായിരുന്നു ഈയൊരു സുപ്രധാന വിജയം കൈവരിക്കാൻ ചിദംബരത്തിന്റെ പട്ടാളക്കാർക്ക് കഴിഞ്ഞുവെന്നത് മാത്രമായിരുന്നു കാരണം. പറഞ്ഞു വരുന്നത് ജൂൺ 29 വെള്ളിയാഴ്ച ഛത്തീസ്ഗഡിൽ നടന്ന് "മാവോയിസ്റ്റ് വേട്ട"യെക്കുറിച്ചാണ്.

സംസ്ഥാനപോലീസിന്റെയും പട്ടാളത്തിന്റെയും വീരേതിഹാസങ്ങളെക്കുറിച്ച് വാചാലനായ ചിദംബർ വക്കീൽ 17 മാവോ തീവ്രവാദികളെയും ഒരു വനിതാ നേതാവടക്കം മൂന്ന് ഉന്നത മാവോ നേതാക്കളെ ഒറ്റയടിക്ക് തട്ടിയതിനെക്കുറിച്ചും ഊറ്റം കൊണ്ടു. ഏതാനും മാസങ്ങളായി മാവോയിസ്റ്റുകളിൽ നിന്നും വെടിയുണ്ടയേറ്റ് ജീവൻ പൊലിഞ്ഞ അനവധി പട്ടാളക്കാരുടെ കുടുംബങ്ങൾക്ക് രാജ്യം ഈ നേട്ടം സമർപ്പിച്ചു. ഉത്തരേന്ത്യൻ പത്രങ്ങളും ചാനലുകളും ആഘോഷിച്ചു. സംസ്ഥാന ഇന്റലിജൻസിന്റെ വിജയമെന്നവകാശപ്പെട്ട ബീ.ജേ.പ്പിക്ക് വിഷമം കോൺഗ്രസ്സും കേന്ദ്രസർക്കാരും ക്രെഡിറ്റ് തട്ടിയെടുത്തതിലായിരുന്നു. പൊന്‌തൂവൽ സ്വയമെടുത്ത് തൊപ്പിയിൽ വെച്ച ചിദംബരം സംസ്ഥാനസർക്കാറിനെ പ്രശംസിക്കാൻ മറന്നില്ല.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായിരുന്ന രാംവിലാസും രാകേഷുമായിരുന്നു ആ ഉന്നതമാവോ നേതാക്കളെന്നും വനിതാ നേതാവ് വെറും പന്ത്രണ്ട് വയസ്സ് മാത്രമുള്ള ഒരു നിഷ്കളങ്ക ബാലികയായിരുന്നുവെന്നും അദ്ദേഹമറിഞ്ഞോ ആവോ? ലോക ആയുധശകതിയിൽ നാലാം സ്ഥാനക്കാരായ ഇന്ത്യയുടെ സർവ്വസുസജ്ജമായ പട്ടാളക്കാർ മൂവന്തിനേരത്ത് വെടിവെച്ചുകൊന്ന്, കലിതീരാഞ്ഞ് കുത്തി വികൃതമാക്കിയത് ഗിരിവർഗ്ഗക്കാരായ, അന്നന്നത്തെ അന്നത്തിന്നായി കാട്ടിലും വയലേലകളും കഠിനാധ്വാനം ചെയ്യുന്ന നിസ്സഹായരായ ഒരു കൂട്ടം നിരപരാധികളെയാണെന്ന് കോൺഗ്രസ്സിന്റെ തന്നെ നേതാക്കളും മനുഷ്യാവകാശപ്രവർത്തകരും പറയുമ്പോൾ സമീപകാലത്തായി തെളിഞ്ഞു നിൽക്കുന്ന ആ ചോദ്യചിഹ്നം ബലപ്പെടുകയാണ്.


രാജ്യത്ത് പട്ടാളവും പോലീസും നടത്തുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചും തീവ്രവാദ വേട്ടകളെക്കുറിച്ചും സംശയങ്ങളുയരാൻ തുടങ്ങിയിട്ട് കാലമേറെയായി. 1997ലെ കോണോട്ട് പ്ലേസ് വെടിവെപ്പിൽ തുടങ്ങിയ ഈ ഔദ്യോഗിക കൊലപാതങ്ങളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം 2002-2007 കാലത്ത 440ഓളം വ്യാജ ഏറ്റുമുട്ടലുകൾ നടന്നെങ്കിൽ 2008 മുതൽ 2011 പകുതി വരേ മാത്രം നടന്നത് 369 വ്യാജ ഏറ്റുമുട്ടലുകളാണ്! സൊഹ്രാബുദ്ദീൻ ഷെയ്ക്ക് വധക്കേസാണിതിൽ ഏറ്റവും വിവാദം സൃഷ്ടിച്ചത്. ചില രാഷ്ട്രീയ നേതാക്കളുടെ, ഉദ്യോഗസ്ഥരുടെ, വ്യവസായികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനോ, കുടിപ്പക തീർക്കാനോ നിരപരാധികളെ നിഷ്കരുണം വധിക്കുന്നതിനെ "ഏറ്റുമുട്ടലായി" നിർവ്വചിച്ച്, ജീവിക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കപ്പെട്ട പാവങ്ങളെ രാജ്യദ്രോഹികളോ അക്രമികളോ ആക്കി ചിത്രീകരിക്കുന്നതിൽ ഒതുങ്ങുന്നില്ല ഈ ക്രൂരത. തുടർന്ന് അവരുടെ കുടുംബങ്ങളെയും ഉറ്റവരെയും വേട്ടയാടാൻ പോലീസും ഭരണകൂടവും മാത്രമല്ല, സമൂഹവും കൂടെ നിൽക്കുന്നു എന്നതാണ് നാമേവയേവെരെയും അമ്പരപ്പിക്കുന്ന സത്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണിത്തരം അറുംകൊലകൾ ഏറ്റവും കൂടുതൽ നടക്കുന്നത്. മിക്കതും, നക്സൽ, മാവോ വേട്ട എന്ന പേരിലറിയപ്പെടുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും നടക്കുന്നതും ഈ കണക്കിൽത്തന്നെ.

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിന്നും സഞ്ചാരയോഗ്യമായ റോഡുകളോ, വൈദ്യുതിയോ, ഒരു ടെലിഫോൺ ബൂത്തോ, വൈദ്യസഹായസൗകര്യങ്ങളോ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത, ഒരു മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്രയും താഴ്ന്ന അവസ്ഥയിലുള്ളതാണ്. നീണ്ടുകിടക്കുന്ന വയലേലകൾക്കിടക്ക് നൂറോ ഇരുന്നൂറോ വീടുകൾ. മലകളും പുഴകളും താണ്ടി മൈലുകൾ നടന്നാൽ മാത്രമേ ഒരു ആശുപത്രിയോ വാഹനമോ കാണാൻ കിട്ടുകയുള്ളൂ. ഇന്ത്യയുടെ സ്വാതന്ത്ര്യമോ, പരമാധികാരമോ അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. വളർച്ചാ നിരക്കുകളും രൂപയുടെ മൂല്യവും അണുപരീക്ഷണങ്ങളും അവരുടെ ചിന്തകളെ ഗ്രസിച്ചിട്ടില്ല. കാട്ടിൽ വേട്ടയാടിപ്പിടിച്ചതും തങ്ങൾ വിളയിച്ചതു തിന്ന് ജീവിച്ച് മരിച്ച് പോവുന്ന നിർദോഷികളായ മനുഷ്യർ. അവർ മന്ത്രിമാർക്ക് നിവേദനങ്ങൾ കൊടുക്കാറില്ല, വഴി തടയാറില്ല, മുദ്രാവാക്യം വിളിക്കാറില്ല, വില്ലു കുലക്കാനും വിത്തെറിയാനും വിശക്കുന്ന വയർ അമർത്തിപ്പിടിച്ച് വാവിട്ടു കരയാനും മാത്രം പഠിച്ചവർ. അത്തരത്തിലുള്ള പാവം ഗ്രാമീണരും ഗിരിവർഗ്ഗക്കാരുമാണ് പലപ്പോഴും സർക്കാറുകളുടെ ക്രൂരവേട്ടക്കിരയാവുന്നത്. നക്സലിസത്തിന്റെ പേരിലായാലും തീവ്രവാദത്തിന്റെ പേരിലായാലും, ഇന്ത്യക്കാരായിപ്പോയി എന്നൊരൊറ്റ കുറ്റം മാത്രമേ അവർ ചെയ്തുള്ളൂ, ഇങ്ങനെ ക്രൂരമായ മരണം വിധിക്കപ്പെടാൻ. 250ഓളം മനുഷ്യരെ ബോംബെറിഞ്ഞും വെടിവെച്ചും കൊലപ്പെടുത്തിയ ശത്രുരാജ്യക്കാരനായ കൊടും ഭീകരന് കോടിക്കണക്കിന് രൂപാ ചിലവിൽ സർക്കാർ സുരക്ഷിത താമസമൊരുക്കുമ്പോഴാണ്, സ്വന്തം കുടിലുകളിലന്തിയുറങ്ങാനുള്ള ഭാരതമക്കളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്ന കൊടും ക്രൂരതയരങ്ങേറുന്നത്! കോർപ്പറേറ്റുകൾക്ക് വർഷാവർഷം കൊടുക്കുന്ന നികുതിയിളവിന്റെ ഒരു ശതമാനം പോലും വേണ്ടിവരില്ല ഈ പാവങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ. പ്രഥമവനിതയുടെ വിനോദയാത്രാച്ചിലവ് മതിയാകുമായിരുന്നു ഇരുപതോ മുപ്പതോ ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്താൻ.

രാജ്യം പരമാധികാരം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും രണ്ട് നേരം വയർ നിറച്ച് ആഹരിക്കാൻ വകയില്ലാത്തവരാണ് മൂന്നിലൊരു ഭാഗം പൗരന്മാരും!ഭരണാധികാരികൾ പഠിച്ച എക്കണോമിക്സും സിവിക്സും അവരുടെ വിശപ്പടക്കുന്നില്ല. ദാരിദ്ര്യരേഖ താഴ്ത്തിക്കെട്ടി വളർച്ചാ ഗ്രാഫ് വരക്കുന്നവരാലോചിക്കേണ്ടത് വിശക്കുന്ന വയറിനേറ്റം വലുത് ഒരു നേരത്തെ ഭക്ഷണം തന്നെയാണെന്ന സാമാന്യതത്വമാണ്. കൊന്നിട്ടും കട്ടിട്ടും അവരത് നേടാൻ ശ്രമിക്കുന്നുവെങ്കിൽ പ്രായോഗികമായ ഒരു സമീപനത്തിലൂടെ ഇത്തരം ആഭ്യന്തരപ്രശ്നങ്ങൾ നേരിടാൻ സർക്കാറുകൾ തയ്യാറാവേണ്ടതുണ്ട്.

സംസ്ഥാനം ഭരിക്കുന്നത് ബീ.ജേ.പി ആയതു കൊണ്ട് മാത്രമാണ് കോൺഗ്രസ്സ് എം. എൽ.ഏമാർക്ക് ഈ പാവപ്പെട്ടവരുടെ കാര്യത്തിൽ ഉത്സാഹം. നാളെ ഭരണം മറിയാലും അധികാരത്തിന്റെ വെടിയുണ്ടകൾ ഈ പാവങ്ങളുടെ നെഞ്ചിന് നേർക്ക് തന്നെയാണെന്നത് ആർക്കാണറിയാത്തത്? നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രി രമൺസിംഗിന്റെ ന്യായം യാങ്കികളുടെ സദാപല്ലവി തന്നെയാണ്. മനുഷ്യകവചങ്ങളായി മാവോയിസ്റ്റുകൾ നിരപരാധികളെ ഉപയോഗിക്കുന്നുവെങ്കിൽ ആ പാവങ്ങൾക്ക് നീതി വേണ്ടെന്നോ? സർക്കാറുകൾക്കും മാവോയിസ്റ്റുകള്ക്കും കള്ളനും പോലീസും കളിക്കാനുള്ളതാണോ ദളിതരെന്നും ആദിവാസികളെന്നും നാം പേരിട്ടുവിളിക്കുന്ന ഈ പാവങ്ങളുടെ ജീവൻ? നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തെങ്കിലും ഒറ്റവെടിക്ക് മരിക്കാനുള്ള സ്വാതന്ത്ര്യം ഈ പാവപ്പെട്ടവർക്ക് അനുവദിച്ചു നൽകാൻ സർക്കാൻ കനിയണം.

ഇവരുടെ ജഡങ്ങളിൽ പുഷ്പചക്രമർപ്പിക്കപ്പെടുകയില്ല, എഴുത്തുകാരോ സാംസ്കാരിക നേതാക്കളോ ഈ പാവങ്ങളുടെ കൂരകളിൽ സന്ദർശനം നടത്തുകയില്ല. സെൻഷേനൽ മാധ്യമപ്രവർത്തകർക്ക് ഇതൊരു സ്കൂപ്പിനുള്ള വകയല്ല. രാഷ്ട്രീയ മൈലേജ് കിട്ടുന്നില്ലെങ്കിൽ പ്രതിപക്ഷങ്ങൾക്കിതൊരു വിഷയം തന്നെയല്ല. ഭാരതാംബയുടെ മക്കൾ പശുക്കൾക്കും വാനരർക്കും നൽകുന്ന വിലയെങ്കിലും ഈ നിസ്സഹായർക്കും കൽപ്പിച്ച് നൽകാൻ കനിവ് കാട്ടേണ്ടതാണ്.


ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, മറിച്ച് മരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇറോം ഷർമ്മിളയുടെ ഒരു വ്യാഴവട്ടക്കാലം പിന്നിട്ട് ഇന്നും തുടരുന്ന സമരം. നീതിതേടിയുള്ള ഇത്തരം സമരങ്ങൾക്കെതിരെ അധികാരികളും മാധ്യമങ്ങളും പൊതുസമൂഹവും കാണിക്കുന്ന അവഗണന നമ്മോട് പറയുന്നത് അധികാരികൾക്ക് ഭോഗിക്കാനും ഹോമിക്കാനുമുള്ള സ്വാതന്റ്ര്യത്തിലും വലുതല്ല അവഗണിക്കപ്പെട്ടവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നതാണ്.

ആടിനെ പട്ടിയാക്കി അടിച്ചു കൊല്ലുന്ന ദയനീയ വിധി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതധികവും ഇത്തരം ഗിരിവർഗ്ഗക്കാരും ഈയ്യിടെയായി കുറേ മുസ്ലീം ചെറുപ്പക്കാരുമാണ്. അസംഗഡിൽ അധികാരികൾ വെടിവെച്ചു കൊന്ന മുസ്ലീം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ നീതിതേടിയുള്ള നിവേദനത്തിനെതിരെ തീവ്രവാദം രാജ്യത്ത് അതിധ്രുതം പടർന്ന് പിടിക്കുകയാണെന്ന പ്രസ്ഥാവന സമ്മാനിച്ച് ആട്ടിവിട്ട് മണിക്കൂറുകൾക്കകമാണ് ഛത്തീസഗഡിൽ വെടിപൊട്ടിച്ചത്. വന് നഗരങ്ങളിൽ ജോലി ചെയ്യാനും ജീവിക്കാനും മുസ്ലീം ചെറുപ്പക്കാരെ അനുവദിക്കാത്ത ഒരു സാഹചര്യവും ഇതുമൂലം വന്നു ചേർന്നിട്ടുണ്ട്.
 ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള ഒരു യുദ്ധമല്ല മറിച്ച് ആർത്തിപൂണ്ടവർ ആശയറ്റവർക്ക് നേരെ നടത്തുന്ന കടന്നാക്രമാണിത്തരം അധികാരവർഗ്ഗ ചെയ്തികൾ.

2012, മാർച്ച് 8, വ്യാഴാഴ്‌ച

"തന്റേടം" ലിംഗമേള-2012, സ്ത്രീത്വം ആഘോഷിക്കൂ!!

വനിതാദിനത്തിൽ ബീഹാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്തുകൊണ്ട് ലിംഗാഘോഷം (ജെന്‍ഡര്‍ ഫെസ്റ്റ്)പൊതുജനസ്ത്രീകള്‍ക്കായി തുറന്നുകൊടുക്കപ്പെട്ടു. ആഘോഷത്തിന്റെ പത്താം നാള്‍ ഇന്ത്യയിലെ ആദ്യ ലിംഗപാര്‍ക്കിന് തറക്കല്ലിടും. സ്ത്രീകള്‍ക്കെതിരെ വളരേയധികം കയ്യേറ്റങ്ങള്‍ നടക്കപ്പെടുന്ന ബീഹാറില്‍ നിന്നുതന്നെയുള്ള മന്ത്രിയെ ഉത്ഘാടകനാക്കിയത് ഏതായാലും നന്നായി. സമീപഭാവിയില്‍ ബീഹാറിനെ കടത്തിവെട്ടി നമ്മുടെ നാട് മുന്നേറുമ്പോള്‍ കേരളസര്‍ക്കാര്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചെല്ലാം മന്ത്രി വേണ്ടപ്പെട്ടവരെ തെര്യപ്പെടുത്തുമായിരിക്കും.


സ്ത്രീത്വം ആഘോഷിക്കുന്നു (Celebrating Womanhood ) എന്നാണ് ആഘോഷപരിപാടികളുടെ മുദ്രാവാക്യം. ഒരു സിനിമാനടി പലതരം കുപ്പായങ്ങളും സാരികളുമൊക്കെ ധരിച്ച് സുന്ദരിയായിട്ടും കറവപ്പശുവിനെപ്പോലെ നിന്നിട്ടും പന്തുകളിച്ചിട്ടുമൊക്കെയുള്ള ഫോട്ടോകളും സംഘാടകര്‍ നാടായനാടൊട്ടുക്ക് ഒട്ടിച്ചും വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയും നല്ല പ്രചാരണം കൊടുക്കുന്നുണ്ട്. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്നായി ചുവപ്പിച്ചുവെച്ച കോഴിക്കോട് നഗരത്തില്‍ സിനിമക്കാരും കേരളയാത്രക്കാരും മാര്‍ക്സിസ്റ്റ്കാരും ബാക്കിവെച്ച ചുമരുകളുണ്ടെങ്കില്‍ അതില്‍ പതിക്കാന്‍ മാത്രം താരസുന്ദരിയുടെ ചിത്രങ്ങള്‍ അച്ചടിച്ച വകയിലും "കമിംഗ് സൂണ്‍" എന്ന് ആയിരൊത്തൊന്നാവര്‍ത്തിച്ച വെബ്സൈറ്റ് നിര്‍മ്മാണത്തിനും കൂടി  രൂപ മുപ്പത് ലക്ഷ്ത്തോളം  മാത്രമേ ചെലവായിട്ടുള്ളൂ. വെറും മൂന്ന് കോടി മാത്രം മുടക്കിയാണത്രേ സമൂഹത്തിന്റെ വിവിധ തുറയില്‍ പെട്ട ആയ്യായിരത്തോളം സ്ത്രീ രത്നങ്ങളെ ആഘോഷത്തിന്റെ ഭാഗമായി അണിനിരത്തുന്നത്! നൂറ്റൊന്ന് നാരീമണികളെ ആദരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു.

ഉത്ഘാടനം കഴിഞ്ഞ് പിന്നീടങ്ങോട്ട് പത്ത് ദിവസം നിലക്കാത്ത പരിപാടികളുടെ പ്രവാഹമാണന്നാണ് സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് പറയുന്നത്. ദേശീയപരിപാടിയായതിനാല്‍ പേരും ഒരുക്കിയ വെബ്സൈറ്റുമൊക്കെ പൂര്‍ണ്ണമായും ഇംഗ്ലീഷിലായതുകാരണം ശാക്തീകരണം അത്യാവശ്യമായിട്ടുള്ള സാധാരണ മലയാളി മങ്കമാര്‍ക്ക് ലിംഗപാര്‍ക്കിലും അനുബന്ധിച്ച് നടക്കുന്ന ആഘോഷത്തിലും എന്ത് നടക്കുന്നൂ എന്നറിയില്ല എന്ന് സംഘാടകര്‍ക്കാശ്വസിക്കാം.

മേളയുടെ പേരില്‍ വിവാദങ്ങള്‍ ഇപ്പോള്‍ത്തനെ വന്നുകഴിഞ്ഞു. പണം തട്ടാനാണെന്ന് പ്രതിപക്ഷം. പരിപാടിയുടെ മാര്‍ക്കറ്റിംഗിനായി സ്ത്രീശരീരം പരിധിവിട്ട് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ക്കെതിരെ അന്വേഷി. പെണ്ണുങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന് മാര്‍ക്സിസ്റ്റ് വനിതകള്‍. സിനിമാനടി സ്ത്രീയായതുകൊണ്ടാണ് ബ്രാൻഡ് അമ്പാസഡറാക്കിയതെന്ന ജമണ്ഡൻ തമാശയും മന്ത്രി തട്ടിവിട്ടിട്ടുണ്ട്.

ലോകവനിതാദിനം പ്രമാണിച്ച് ഇത്രയും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന സംസഥാനസര്‍ക്കാറിനെ മുക്തകണ്ഠം പ്രശംസിക്കുന്നതിന് പകരം കുത്തിപ്പറയുന്നത് ശരിയല്ലെന്നറിയാം. പക്ഷേ, സൗമ്യയുടെ ദാരുണാന്ത്യവും തുടര്‍ന്ന് പെരുമഴപോലെ വന്ന തീവണ്ടി പീഡനശ്രമങ്ങളും നമ്മെ നോക്കി ഇളിച്ചുകാട്ടുമ്പോഴും ഒരു പ്രസ്താവനയിലൊതുങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ ഇന്നും കടലാസില്‍ വിശ്രമിക്കുമ്പോള്‍ സ്ത്രീത്വം ആഘോഷിക്കാനുള്ള ഈ വെമ്പലില്‍ ഒരല്പ്പം വേദനയുണ്ട്. കുടുംബകോടതികളിലും മറ്റ് നീതിപീഠങ്ങളിലും  സ്ത്രീകള്‍ക്ക് നീതിലഭിക്കാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് തീര്‍പ്പുകല്പ്പിക്കാനായി ഒരു പത്ത് ദിവസത്തെ നീതിമേള നടത്തിയിട്ടാവാമായിരുന്നു സ്ത്രീത്വം ആഘോഷിക്കല്‍. അത്താണിയില്ലാത്ത സാധുസ്ത്രീകള്‍ക്കായി ഒരു ആലംബാലയം തുറന്നിട്ട് മതിയായിരുന്നു ഡിജിറ്റല്‍ ആര്‍കൈവ്സുകളും മ്യൂസിയങ്ങളും കണ്‍‌വെന്‍‌ഷന്‍ സെന്ററുകളും തുറന്നിടാന്‍. വൃത്തിഹീനമായ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവവേദനായാല്‍ പുളയുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാകട്ടെ പാര്‍ക്കുകള്‍. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് വേണ്ടിയാകണം ശാക്തീകരണം. ക്ഷേമത്തിന് നിത്യക്ഷാമമുള്ള അധ:സ്തിതരിലും പാവപ്പെട്ടവരിലും നിന്നുവേണം സാമൂഹ്യക്ഷേമം തുടങ്ങാന്‍. അവര്‍ക്ക് വേണ്ടത് പാര്‍ക്കുകളല്ല, പാര്‍ക്കാന്‍ സുരക്ഷിതമായ കൂരകളാണ്, ആഘോഷമല്ല, ആശ്വാസമാണവര്‍ക്കാവശ്യം.

പ്രകടനപരതയാണിത്. കഞ്ഞിയില്ലാത്തവന് കാറ് നല്‍കുന്ന വിരോധാഭാസം. സ്ത്രീകളെ സഹജീവികളായിക്കാണാനും അവരെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കാനും തയ്യാറാവാത്ത ഒരു വിദ്യാഭ്യാസ സാമൂഹിക ചുറ്റുപാട് വളരേ ശക്തമായി നിലനില്‍ക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ സ്ത്രീകളെ അവര്‍ക്കായി ഒരു പാര്‍ക്കൊരുക്കി അതിലടച്ച് പൂട്ടി സം‌രക്ഷിക്കുകയല്ല വേണ്ടത്. അവര്‍ക്കായി സുരക്ഷിതമായ ജീവിതസാഹചര്യങ്ങളൊരുക്കണം. ഇത്തരം ആഘോഷങ്ങളുടെയും പാര്‍ക്കുകകളുടെയും ഗുണഭോക്താക്കളാകുന്ന സ്ത്രീകള്‍ പലപ്പോഴും ശാക്തീകരണത്തിന്റെ ചോദ്യഛിഹ്നങ്ങള്‍ക്ക് മീതെയാണ്. സര്‍ക്കാരും സന്നദ്ധസംഘടനകളും പലപ്പോഴും എത്തിപ്പെടാത്ത സ്ത്രീത്വങ്ങളാണ് ശാക്തീകരണമില്ലെങ്കില്‍ വേണ്ട, ഒരു  കൈത്താങ്ങെങ്കിലും നോക്കി കാത്തിരിക്കുന്നത്.

സ്ത്രീകള്‍ തന്റേടം കാണിക്കണമെന്നും അതിന്നായി അവരെ സജ്ജ്മാക്കലാണ് ലക്ഷ്യമെന്നുമാണ് പരിപാടിയെക്കുറിച്ച് അറിഞ്ഞിടത്തോളം മനസ്സിലായത്. എന്നാല്‍ തന്റേടം കാണിച്ചുകൊണ്ടിരിക്കുന്ന പെണ്ണുങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു നടത്തുന്ന ഈ പദ്ധതി തന്റേടമില്ലാത്ത സ്ത്രീകള്‍ക്ക് എങ്ങിനെ ഉപകാരപ്പെടുമെന്ന് മന്ത്രിയങ്ങുന്ന് (തന്റേടം കാണിച്ച് കാണിച്ച് അരവകുപ്പിന്റെ മന്ത്രിയായി ഒതുങ്ങിപ്പോയ ആളാണ്) ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. ഏതായാലും കാത്തിരുന്ന് കാണാം.

കുറിപ്പ്: ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് ലിംഗം എന്നാണ് മിക്ക ഡിക്ഷണറികളും അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഇനം, ജാതി എന്നുമൊക്കെ അര്‍ത്ഥമുണ്ട്.

2012, ജനുവരി 25, ബുധനാഴ്‌ച

മാധ്യമധർമ്മം- ഒരു വഴിത്തിരിവ്

"Rules are for others to obey and us to deny"
നിയമങ്ങൾ മറ്റുള്ളവർക്ക് അനുസരിക്കാനുള്ളതും നമുക്ക് ലംഘിക്കാനുള്ളതുമാണെന്ന് ഒരു ചൊല്ല് നിലവിലുണ്ട്. ഏറ്റവും അവസാനമായി നമ്മുടെ മാധ്യമങ്ങൾ കൊണ്ടാടിയ ഈ-മെയിൽ വിവാദത്തിൽ രണ്ട് പ്രമുഖപത്രങ്ങൾ തമ്മിലുള്ള ചെളിവാരിയെറിയലും വിഷം കലക്കലുമൊക്കെ കണ്ടപ്പോളോർത്തുപോയതാണ് പണ്ടേതോ ഒരു സാധാരണക്കാരൻ ഇംഗ്ലീഷിൽ പറഞ്ഞ ഈ ചൊല്ല്.

ധർമ്മം എന്ന ഒന്നുണ്ടത്രെ. ഭാരതീയപുരാണങ്ങളിലും ചരിത്രങ്ങളിലുമൊക്കെ ആയിരത്തൊന്നാവർത്തിച്ച ധർമ്മമാണ് പഴയ തലമുറ കേട്ടുപഠിച്ചതെങ്കിൽ, വൃക്കയുടെയും കരളിന്റെയുമൊക്കെ ധർമ്മമാണ് പുതുതലമുറ പഠിച്ചുകൊണ്ടിരിക്കുന്നത്! ധർമ്മവിഷയത്തിലെ ഈ പരിണാമം മാധ്യമങ്ങളുടെ കാര്യത്തിൽ മുന്നേ നടപ്പിലായിക്കഴിഞ്ഞു.

ഫോർത്ത് എസ്റ്റേറ്റ് എന്ന ബഹുവിശിഷ്ട പദവിയിലാണത്രെ മാധ്യമങ്ങളെ വാഴിച്ചിട്ടുള്ളത്. വാർത്തകളിലെ സത്യവും അസത്യവും വേർതിരിച്ച് പൊതുജനത്തിനെത്തിച്ചും സമൂഹസൃഷ്ടിയിൽ ഗുണപരമായ നേതൃത്വം വഹിച്ചുമാണ് മാധ്യമങ്ങൾ തങ്ങളുടെ ധർമ്മസംസ്ഥാപനം നടത്തേണ്ടത്. പുഴക്കടവിലെ പെണ്ണുങ്ങളുടെ വാർത്താപ്രക്ഷേപണം പോലും തോറ്റുപോവുന്ന തരത്തിൽ ധർമ്മം നടത്തുന്ന നമ്മുടെ മാധ്യമങ്ങൾ കണ്ടതും കേട്ടതും എഴുതിയും പ്രക്ഷേപണം ചെയ്തും പോരാഞ്ഞ് ഒളിയജണ്ടകൾക്കായി തോന്നിയത് എഴുതിപ്പിടിപ്പിച്ചും വാർത്തകളും എക്സ്ക്ലൂസീവുകളും മെനയുമ്പോൾ കൊല്ലപ്പെടുന്നത് ധർമ്മം തന്നെ.

പത്രങ്ങളുടെയും ചാനലുകളുടെയും ബാഹുല്യം ഒരു സമൂഹത്തെ എത്രകണ്ട് മലീമസമാക്കുന്നുവെന്നതിന്റെ ചീഞ്ഞുനാറുന്ന തെളിവാണ് മമകേരളത്തിലെ ഇന്നത്തെ അവസ്ഥ. പീഡനങ്ങളും കുറ്റകൃത്യങ്ങളും നമുക്ക് ആഘോഷങ്ങളാണ്. അവക്കായി പ്രത്യേക ന്യൂസ്ബുള്ളറ്റിനുകളും പേജുകളും വരേ!!

ഓരോ പത്രങ്ങളും ഏതെങ്കിലും രാഷ്ട്രീയ/മത/ജാതി സംഘടനകളുടെ മൗത്ത് പീസാണ്. കക്ഷിത്വമേൽവിലാസമില്ലാത്ത ഒരു മാധ്യമത്തെ ചൂണ്ടിക്കാണിക്കാൻ ആർക്കു സാധിക്കും? "നമ്മുടെ ഭാഗം" പറയാൻ നമുക്കും വേണം ഒരു പത്രവും ചാനലും എന്നതാണ് നടപ്പ്.

വാർത്തകളുടെ ഭാരം ചുമന്ന് വായനക്കാർക്കെത്തിക്കുന്ന താഴേക്കിടയിലുള്ള മാധ്യമതൊഴിലാളികളുടെ അടിസ്ഥാന തൊഴിലവകാശങ്ങൾ  പുല്ലുവില കൽപ്പിക്കാതെ  ചവിട്ടിയരച്ച മാധ്യമയക്ഷി (പരസ്യം വിറ്റ് പൊതുജനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്നവരെ മുത്തശ്ശിമാരെന്ന് വിളിക്കാനെന്റെ സാമാന്യബോധം സമ്മതിക്കുന്നില്ല) മുതൽ സ്വന്തം ജീവനക്കാരുടെ കിടപ്പാടം പണയംവെച്ച് പുട്ടടിച്ച പുതുവർത്തമാനക്കാർ വരേ അരങ്ങുവാഴുന്ന മാധ്യമമാടമ്പിമാർ പൊതുസമൂഹത്തോട് ധർമ്മം പുലർത്തുമെന്ന് വിശ്വസിക്കാൻ മാത്രം മൗഡ്യം നമുക്കുണ്ടോ?

 ഒരു പത്രമെഴുതിവിട്ടത് ഇങ്ങനെ- "മാധ്യമസ്വാതന്ത്ര്യം എന്നത് കുറച്ചെല്ലാം അസത്യവും പറയാനുള്ള സ്വാതന്ത്ര്യമാണ്. അതുണ്ടെങ്കിലേ സത്യം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടാകൂ. എല്ലാ തെറ്റുകളും ദുരുദ്ദേശ്യപരമായിക്കൊള്ളണമെന്നുമില്ല".
ധർമ്മവും സ്വാതന്ത്ര്യവും വേർതിരിക്കുന്ന വരമ്പിൽ നിന്നുകൊണ്ട് ഇത്കൂടി വായിക്കുമ്പോൾ നമുക്ക് വരാനിരിക്കുന്ന നാളെയുടെ ഒരേകദേശ ചിത്രം കിട്ടും.

ഇന്ത്യന് മാധ്യമചരിത്രത്തിലെ ഒരു കുലപതി ഈയ്യിടെ മരണമടഞ്ഞപ്പോൾ ഏ.കേ. ആന്റണി തന്റെ ദു:ഖം പ്രകടിപ്പിക്കൽ ഒരു സന്ദേശത്തിലൊതുക്കിയത് വലിയ ചർച്ചയായി. കരുണാകരനെ വീഴ്ത്തി ആന്റണിയെ മുഖ്യമന്തിക്കസേരയിൽ പ്രതിഷ്ഠിക്കാൻ മാധ്യമമുതലാളിയും പത്രവും അണിയറയിൽ കഠിനാധ്വാനം ചെയ്തതോർത്തെങ്കിലും കേന്ദ്രമന്ത്രി ഉപകാരസ്മരണ കാണിക്കണമായിരുന്നുവെന്ന് ഒരു "വലിയ" നിരീക്ഷകൻ നിരീക്ഷിച്ചു കളഞ്ഞു!! കരുണാകരനെ നാറ്റിച്ചു താഴെയിറക്കാനുള്ള പരക്കം പാച്ചിലിനിടെ ശൂന്യാകാശത്ത് ചാരപ്പുകമറയിട്ട്, നാടിനായി ജീവിതമുഴിഞ്ഞ് വച്ച പ്രമുഖ ശാസ്ത്രകാരന്മാരുടെയും നിരപരാധികളായ ചില വിദേശവനിതകളുടെയും ജീവിതവും കുടുംബവും തകർത്ത് തരിപ്പണമാക്കിയതും തുടർന്ന് സ്വാഭാവികവിസ്മൃതിയിലേക്കാഴ്ത്തിയതും ആരും മറന്നിട്ടില്ല. ധർമ്മമാണത്രേ!

ഒരേ വാർത്ത പത്ത് പത്രങ്ങൾ പത്ത് തരത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ സത്യത്തിന്റെ മുഖമാണ് മറച്ചുവെക്കപ്പെടുന്നത്. പൊതുജനത്തിനോ, പ്രശ്നങ്ങളിലെ ഇരകൾക്കോ അർഹമായ നീതിയാണിവിടെ നിഷേധിക്കപ്പെടുന്നത്. "ധർമ്മം" കോർപ്പറേറ്റ് വല്ല്ക്കരിക്കപ്പെടുകയോ വാണിജ്യവത്ക്കരിക്കപെടുകയോ ഒക്കെ ചെയ്യുമ്പോൾ സമ്പന്ന ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങൾ മാത്രം നടപ്പിലാവുകയും ഭൂരിപക്ഷം ഒളിയജണ്ടകളുടെ ഉച്ഛൈഷ്ടം തിന്നാൻ മാത്രം വിധിക്കപ്പെടുകയും ചെയ്യുന്നു. ഈ ധർമ്മമാണ് കാലാകാലങ്ങളായി ഫോർത്ത് എസ്റ്റേറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും.

സമൂഹം നേരിടുന്ന ഏതെങ്കിലുമൊരു വിഷയത്തിൽ ഒറ്റക്കെട്ടായി നിന്ന് പടപൊരുതിയ ചരിത്രം,നമ്മുടെ കൊട്ടിഘോഷിക്കപ്പെട്ട മാധ്യമപ്പടക്കുണ്ടോ? വിഷയങ്ങൾ വിവാദങ്ങളാക്കുകയും ചേരിതിരിഞ്ഞ് ഉടുമുണ്ട് പൊക്കി പരസ്പരം അസഭ്യവർഷം ചൊരിഞ്ഞ് അടുത്ത സ്കൂപ്പിന്നായി ക്യാമറതിരിക്കുമ്പോൾ പിന്നാമ്പുറത്ത് തേങ്ങുന്നത് പീഡിപ്പിക്കപ്പെട്ട് വലിച്ചെറിയപ്പെട്ട മാധ്യമധർമ്മമാണ്.

കാലം കാതോർക്കുന്ന വാർത്തകൾക്കായി ലൗ ജിഹാദ് നടത്തുന്നവരും നേരത്തേ അറിയിക്കാനുള്ള വ്യഗ്രതയിൽ നേര് മറന്നുപോവുന്നവരും ശൂലമേന്തിയും ളോഹയിട്ടും തൊപ്പിവച്ചും സത്യത്തെ തങ്ങൾക്ക് തോന്നിയ രൂപത്തിൽ എക്സ്ക്ലൂസീവാക്കുമ്പോൾ ധർമ്മം മറന്ന്
 പോവുന്നത് സ്വാഭാവികം മാത്രം!

മാധ്യമമുതലാളിമാരുടെ നടുമുറ്റത്ത് ചെന്ന് നമുക്ക് യാചിക്കാം- അമ്മാ, ധർമ്മം തരണേ...