2011, നവംബർ 20, ഞായറാഴ്‌ച

വാഗണ്‍ ട്രാജഡിയുടെ കറുത്ത ഓര്‍മ്മകള്‍ക്ക് തൊണ്ണൂറ് വയസ്സ്

ഇന്ന്, നവം‌ബര്‍ ഇരുപത്- വാഗണ്‍ ട്രാജഡിയുടെ കറുത്ത ഓര്‍മ്മകള്‍ക്ക് തൊണ്ണൂറ് വയസ്സ് തികയുന്നു. ചരിത്രത്തിന്റെ അവഗണനയുടെ തൊണ്ണൂറ് വര്‍ഷങ്ങള്‍. ലോകസുന്ദരിയുടെ കന്നിപ്പേറും മദ്യനയത്തിലെ മായവും കള്ളുരാജാവിന്റെ വിമാനക്കടവുമൊക്കെ പ്രധാനവാര്‍ത്തയായപ്പോൾ‍ കുറേ ധീരദേശാഭിമാനികളെ നാം സൗകര്യപൂര്‍‌വ്വം മറന്നുകളഞ്ഞു. പലര്‍ക്കും അവരെ അറിയില്ല തന്നെ!  ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹത്തായ ചരിത്രസംഭവമായ മലബാര്‍ സമരങ്ങളെ പലപ്പോഴും മാപ്പിളലഹളയും മലബാര്‍കലാപവുമൊക്കെയാക്കി നമ്മുടെ ചരിത്രകാരന്മാര്‍ എന്നേ മൂലയിലൊതുക്കിക്കളഞ്ഞിട്ടുണ്ട്. മലപ്പുറത്തെ ചില സംഘടനകളോ ഏതാനു ചില രാഷ്ട്രീയക്കാരോ ഒരു സ്മരണപുതുക്കല്‍ നടത്തുന്നതൊഴിച്ചാല്‍ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തമസ്കരിച്ചു കളഞ്ഞിരിക്കുന്നൂ ധീരരായ ആ രാജ്യസ്നേഹികളെ ആദരിക്കേണ്ടതിനെ ആവശ്യകത.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ് മലബാറിലെ സമരചരിത്രം. തിരൂരങ്ങാടി ആസ്ഥാനമാക്കി ആലി മുസ്ല്യാരും വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയും ബ്രിട്ടീഷ് രാജിനെതിരെ സമാന്തര ഭരണം സ്ഥാപിച്ചുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെ വെല്ലുവിളിച്ചപ്പോള്‍  "മലബാറിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചിരിക്കുന്നു" എന്ന് ഇന്ത്യ സ്വതന്ത്രമാവുന്നതിന്റെ ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അച്ചു നിരത്തി. തിരൂരങ്ങാടിയും മാപ്പിളമാരുടെ സമരവീര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരേ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു.


1921ലെ മലബാര്‍ സമരങ്ങളുടെയും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പടയോട്ടത്തിന്റെയും ഫലമായി ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ സമരക്കാര്‍ക്കെതിരില്‍ ബ്രിട്ടീഷ് അധികാരികള്‍ എണ്ണമറ്റ കേസുകള്‍ ചുമത്തി. മലബാറ് സമരക്കാരെ ശിക്ഷിക്കാനായി പ്രത്യേകം നിയുക്തമായ പട്ടാളക്കോടതി, തോന്നിയപോലെ കിട്ടിയവരെയൊക്കെപ്പിടിച്ച് ശിക്ഷ വിധിച്ചു. നീതിയോ ന്യായമോ നടപ്പാക്കുകയായിരുന്നില്ല ഈ ഏകാധിപത്യകോടതിയുടെ ലക്ഷ്യം. മലബാറിലെ സമരക്കാരുടെ വീര്യം കെടുത്തുകയും അവരെ ക്രൂരമായി അടിച്ചമര്‍ത്തുകയും മാത്രമായിരുന്നു  ഇല്ലാത്ത കേസുകളിലെ വല്ലാത്ത വിധികള്‍ കൊണ്ടുദ്ദേശം. നാട്ടിലുള്ള മിക്ക പുരുഷന്മാരും പല കേസുകളിലായി ശിക്ഷിക്കപ്പെട്ടു. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു. അങ്ങിനെയാണ് ബാക്കി വന്ന തടവുകാരെ ബെല്ലാരി ജയിലിലേക്ക് അയക്കാന്‍ തീരുമാനമായത് (പോത്തന്നൂരിലേക്ക് എന്നും ചരിത്രത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്).

വാതിലുള്ള തീവണ്‍ടി ബോഗികളില്‍ നിന്നും പോരാളികളായ മാപ്പിളമാര്‍ ചാടിപ്പോകുമെന്ന ന്യായം പറഞ്ഞ്, പട്ടാളഓഫീസര്‍മാര്‍ അടച്ചുപൂട്ടിയാല്‍ വായുപോലും കടക്കാത്ത ഇരുട്ടറകളായി മാറുന്ന ചരക്കു വണ്ടികള്‍ ഏര്‍പ്പാടാക്കി. തുല്യതയില്ലാത്ത ക്രൂരകൃത്യങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഓഫീസര്,‍ ഹിച്ച്കോക്കിന്റെ നേതൃത്വത്തിൽ‍ ചരക്കുവണ്‍റ്റിയുടെ നോട്ടക്കാരന്‍ ആപ്പീസറായിരുന്ന കാവുണ്ണിനായരും ബ്രിട്ടീഷ്സര്‍ക്കാറിന്റെ വേതനം പറ്റുന്ന, മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള ഇന്ത്യന്‍ പോലീസുകാരും തിരൂരിലെത്തിയ തടവുകാരെ ചരക്കു വാഗണില്‍ കുത്തിനിറച്ചു. തിരൂര് മുതല്‍ പോത്തന്നൂര്‍ വരെയുള്ള നീണ്ട ഒന്‍പത് മണിക്കൂറ് വായുപോലും കടക്കാത്ത ചരക്കുവണ്‍റ്റിയില്‍ കുത്തിനിറക്കപ്പെട്ട സമരക്കാര്‍ ശ്വാസം കിട്ടാതെ, പ്രാണനുവേണ്ടി യാചിച്ച് ജീവജലത്തിനായി ദാഹിച്ച് അവസാനം സ്വന്തം വിസര്‍ജ്ജ്യം തന്നെ കുടിച്ച് മരണവെപ്രാളത്തില്‍ പരസ്പരം കടിച്ചുകീറി മരണം വരിച്ചു. ബോഗിയുടെ ഇളകിക്കിടന്ന ആണിയുടെ ദ്വാരങ്ങളില്‍ കൂടി പ്രാണവായു കണ്‍ടെത്തിയ ചിലര്‍ മാത്രം ജീവഛവങ്ങളായി അവശേഷിച്ചു. നൂറു പേരില്‍  അറുപത്തിനാല് പേരാണ് കൊല്ലപ്പെട്ടത്. അറുപത് മുസ്ലീംകളും നാല് ഹിന്ദുക്കളും. (വാഗണില്‍ കയറ്റിയ സമരക്കാരുടെ എണ്ണത്തിലും, പിന്നീട് മരിച്ച സമരക്കാരുടെ എണ്ണത്തിലുമൊക്കെ ചെറിയ ഭിന്നാഭിപ്രായങ്ങളുണ്ട്).

ബ്രിട്ടീഷ് കുഴലൂത്ത് മാധ്യമങ്ങള്‍ കുറ്റവാളികള്‍ മരണപ്പെട്ട, ഒരു സാധാരണസംഭമെന്ന് നിസ്സാരവല്‍ക്കരിച്ചെങ്കിലും സംഭവത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സായിപ്പിന്റെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരായി. പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കിനെയും സംഭവത്തിന് ഉത്തരവാദികളായ പട്ടാളമേധാവികളെയും രക്ഷപ്പെടുത്തികൊണ്ട് വാഗണ്‍ നിര്‍മ്മിച്ച കമ്പനിയെയും ഒരു സധാരണ പോലീസുദ്യോഗസ്ഥനെയും പ്രതിയാക്കി കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചു!! പടിഞ്ഞാറു നിന്നും കയറ്റി അയക്കുന്ന നീതിയുടെ സ്വാഭാവിക രൂപം അന്നുമിന്നും അങ്ങിനെത്തന്നെയാണല്ലോ?
പക്ഷേ, ഭാരതചരിത്രത്തിലും കേരളചരിത്രത്തിലും വാഗണ്‍ ട്രാജഡിയെക്കുറിച്ച പ്രസ്താവിക്കപ്പെട്ട നിരവധി ചരിത്രരേഖകളിലും പുസ്തകങ്ങളില്‍ പോലും തടവുകാരെ കുറ്റവാളികളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ അവര്‍ വഹിച്ച പങ്ക് തമസ്കരിക്കുകയുമാണ് ചെയ്തത്.

വിദേശാധിപത്യത്തോട് ഒരിക്കലും രാജിയാവാന്‍ സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാരുടെ രേഖപ്പെടുത്താതെ പോയ ദേശസ്നേഹം,  ഇന്നത്തെ തലമുറക്കൊരു പാഠം മാത്രമല്ല ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

വാഗണ്‍ ട്രാജഡിയെക്കുറിച്ച് മനോഹരമായ ഒരു ലേഖനമടങ്ങിയ വെബ്സൈറ്റ് ഇവിടെക്കാണാം.

ധീര രക്തസാക്ഷികളുടെ പേരു വിവരങ്ങൾ

കടപ്പാട്: ചിത്രം ഗൂഗ്ഗിളില്‍ നിന്നും

2011, നവംബർ 5, ശനിയാഴ്‌ച

സദ്ദാമിന്റെ "ബലി"പെരുന്നാള്‍ മധുരവും അലിയുടെ കണ്ണീരും

പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് മുറിയിലേക്ക് കേറുമ്പോഴാണാ വാര്‍ത്ത കേട്ടത്- സദ്ദാമിനെ തൂക്കിലേറ്റിയിരിക്കുന്നു.

"അൽഹംദുലില്ലാഹ്- ദൈവത്തിന് സ്തുതി" യാന്ത്രികമായിരുന്നു ആ പറച്ചിൽ, അതും അല്പ്പം ഉറക്കെ!

കയ്യുയർത്തിക്കൊണ്ടൊരാൾ, ഒച്ചവെച്ചുകൊണ്ട് മറ്റു മൂന്ന് സഹമുറിയന്മാര്‍. ഒരു നിമിഷം കൊണ്ട് ഞാന്‍ അമേരിക്കന്‍ ചാരനായി മാറി. എനിക്ക് പ്രതിരോധിക്കാന്‍ കഴിയുന്നില്ല. നല്ല ഒരു ബലിപെരുന്നാള്‍ ദിനം കൂട്ടുകാരുടെ ദേഷ്യത്തിനും ശാപത്തിനും അവസരമൊരുക്കി, മധുരമുള്ള പായസം നുണഞ്ഞുകൊണ്ട് ഞാനിരുന്നു. മനസ്സില്‍ സന്തോഷം അല തല്ലുന്നു. ടീ വീയില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ സദ്ദാമിന്റെ മരണം മുതലാളിത്തത്തിന്നെതിരെയുള്ള പോരാട്ടത്തിന്റെ ധീരമായ അന്ത്യമായി ചിത്രീകരിച്ച് വായിട്ടലക്കുന്നു. നാട്ടില്‍ നിന്നും വാപ്പയുടെ ഈദാശംസാഫോൺകോൾ‍. അതിലും സദ്ദാമിന്റെ മരണത്തില്‍ കേരളത്തിന്റെ വേദന! ഞാന്‍ സന്തോഷത്തിലാണെന്നറിഞ്ഞപ്പോള്‍ വാപ്പക്ക് ഞെട്ടല്‍.

മേല്‍ക്കൂരയോളം ഉയരത്തില്‍ അട്ടിവെച്ച കാര്‍ട്ടണ്‍ ബോക്സുകളില്‍ ചാരി നിന്നുകൊണ്ട് അലി ജാബിർ തേങ്ങിക്കരയുകയാണ്. ഇടതുകൈയ്യില്‍ മുറുകെപ്പിടിച്ച മൊബൈലില്‍ ഇനിയും തീര്‍ന്നിട്ടില്ലാത്ത ഫോണ്‍കോളില്‍ അങ്ങേത്തലക്കല്‍ നിന്നും അവ്യക്തമായ ശബ്ദമുയരുന്നു.

ഈ ആഴ്ചയിലിത് മൂന്നാം തവണയാണ് അലിയുടെ ഫോണില്‍ തിക്രീതില്‍ നിന്നും കര്‍ബലയില്‍ നിന്നുമുള്ള ദുരന്തവാര്‍ത്തകള്‍ വരുന്നത്. ഇമാം അലിയെന്ന് ശിയാക്കൾ വിളിക്കുന്ന ഖലീഫ അലിയുടെ (റ) ഖബറിടം സന്ദര്‍ശിക്കാന്‍ പോയ ഒരു വാഹനത്തില്‍ പതിച്ച ബോംബില്‍ അലിക്ക് നഷ്ടപ്പെട്ടത് അനന്തിരവനും മൂന്ന് അടുത്ത ബന്ധുക്കളുമാണ്. അനന്തിരവന്‍ ആലാന്‍ അലിയുടെ പ്രിയപ്പെട്ടവനായിരുന്നു. അവനെ ഷാര്‍ജയിലെ ഒരു യൂണിവേര്‍സിറ്റിയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ടൊക്കെ അവസാനഘട്ടത്തിലെത്തിയതാണ്.

അലീ, നീ കരയുകയാണോ?
അയാളെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ  ഞാന്‍ നിന്നു.

"ഇത് വിധിയാണ്. ദൈവത്തിന് സ്തുതി. അവന്റെ ഒരു നല്ല കാര്യത്തിനുള്ള യാത്രയാണ് ദൈവം വഴിതിരിച്ച് സ്വര്‍ഗ്ഗത്തിലേക്ക് വിട്ടത്. ആലാന്‍ ഭാഗ്യ‌വാനാണ്, ഇനി നടക്കാനിരിക്കുന്ന പേക്കൂത്തുകളും ചോരക്കളികളും അവന്‍ കാണേണ്ടല്ലോ. അവന്‍ മാത്രമാണെന്നെ കരയിച്ചത്. അവന്‍ മാത്രം. ഈ കൈകളിലാണവന്‍ വളര്‍ന്നത്".
അലി ഇരു കൈകളും മുന്നോട്ട് നീട്ടി തൊണ്ടയിടറിക്കൊണ്ട് വീണ്ടുമെന്തൊക്കെയോ പറഞ്ഞു, അതിനിടെ അലി ഹുസ്സൈന്‍ അങ്ങോട്ടെത്തിയപ്പോള്‍ അലിയുടെ സംസാരം അറബിയിലായി.

ഞാനാദ്യമായി പരിചയപ്പെട്ട ഇറാഖികളില്‍ നാല് അലിമാരുണ്ടായിരുന്നു. നാലും ഷിയാവിശ്വാസികള്‍. അവരിൽ ഏറ്റവും പ്രായമുള്ളവൻ നാൽപ്പതുകാരനായ, ഞങ്ങളുടെ സ്റ്റോർ മാനേജർ അലിജാബിറാണ്. അവന്‍ ഉന്നത ഇറാഖീ കുടുംബത്തിലാണ് ജനിച്ചത്. ഇസ്ലാമിക് ദ-അവാ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് അലിയുടെ ഭിഷഗ്വരനായ പിതാവ്. അദ്ദേഹത്തെ ഒരു സുപ്രഭാതത്തില്‍ സദ്ദാമിന്റെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി. നജഫിലെ ക്ലിനിക്കും വില്ലയും മറ്റ് ആസ്തികളും സദ്ദാം കണ്‍റ്റുകെട്ടി. കൊല്ലപ്പെട്ടോ അതോ തടവിലോ എന്നറിയില്ല. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വീട്ടില്‍ വന്നുകയറി. അന്ന് അലി ജാബിര്‍ ഇറാന്‍ അതിര്‍ത്തിയിലെ മുന്നണിപ്പോരാളികളുടെ കൂടെ കബന്ന്ധങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാരുന്നു. സൈനികസേവനം നിര്‍ബ്ബന്ന്ധ്മായിരുന്ന സദ്ദാമിന്റെ ഇറാഖില്‍ ഷിയാവിശ്വാസികളെ മുന്നളിപ്പോരാളികളാക്കി വെച്ചു. ഏതൊരു പോരാട്ടത്തിലും ഷിയാപട്ടാളക്കാര്‍ കൊല്ലപ്പെട്ടു. സദ്ദാം പിടിയിലായ ദിവസം അലിജാബിറിന്റെ പിതാവ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഞങ്ങള്‍ ടീ വിയില്‍ കണ്ടു. പിന്നീട് ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഇബ്രാഹീം ജ‌അ‌ഫരിയുടെ അനന്തിരവളെയാണ് അലി ജാബിര്‍ കല്യാണം കഴിച്ചത്. അലിയുടെ ഒരു സഹോദരിയും സഹോദരനും സദ്ദാമിനുശേഷമുള്ള ആദ്യ മന്ത്രിസഭയിൽ എം.പിമാരായിരുന്നു. അലിയുടെ കുടുംബത്തിലെ പലരും സദ്ദാമിനെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു. അവരെല്ലാം പല യൂറൊപ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയയിലും ക്യാനഡയിലുമൊക്കെ ദീര്‍ഘകാലമായി താമസിക്കുന്നു. അവരെ ഇറാഖുമായി ബന്ധിപ്പിക്കുന്നത് അലിയാണ്. അവന്റെ ദുബൈ അക്കൗണ്ട് വഴിയാണ് അവരുടെ കുടുംബങ്ങള്‍ക്കുള്ള പണം അയക്കുന്നത്.

ഇറാഖികളില്‍ ഭൂരിഭാഗവും സദ്ദാമിനെയും മക്കളെയും വെറുത്തു. സദ്ദാമിന്റെ തോക്കിനെ ഭയക്കാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല, ഏറ്റവും അടുത്ത അനുയായികളും വിശ്വസ്തരും വരേ ഭയത്തില്‍ തീര്‍ത്ത മെത്തകളിലാണ് അന്തിയുറങ്ങിയത്.

എന്തിനേറെ, സദ്ദാമിന്റെ മക്കളും സദ്ദാമും തന്നെ പരസ്പരം ഭയത്തോടെയും സംശയത്തോടെയും നോക്കിക്കണ്ടു. ഒരു അന്തിവിരുന്നിനിടെ തന്റെ ഏറ്റവും അടുത്ത വിശ്വസ്തനെ കത്തിക്കിരയാക്കിയ മൂത്തമകന്‍ ഉദയിനെ സദ്ദാം പേടിയോടെത്തെന്നെയാണ് നിരീക്ഷിച്ചിരുന്നത്. സ്വയം "ചെന്നായ" എന്നു വിശേഷിപ്പിച്ച ഉദയ് ഇറാഖിലെ കായികതാരങ്ങളുടെ പേടിസ്വപ്നമായിരുന്നു. തോല്‍‌വി ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ഉദയ് കായികതാരങ്ങളെ വിവരിക്കാനറക്കും വിധം പീഡിപ്പിച്ചു. തോറ്റവരുടെ തല മുണ്ഡനം ചെയ്തു, തലകീഴായ് തൂക്കിയിട്ട് പീഡിപ്പിച്ചു, വെള്ളത്തില്‍ മുക്കിപ്പിടിച്ചു. ഇറാഖിലെ ഓരോ പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഉദയിനെ ഭയന്നു. ഏത് നിമിഷവും തങ്ങളുടെ വീട്ടില്‍ എത്തിയേക്കാവുന്ന, മേലാവില്‍ നിന്നുള്ള ഒരു കല്പ്പന അവരുടെ ഉറക്കം കെടുത്തി. അധ്യയനത്തിനായി പോയ പലപെണ്‍കുട്ടികളുടെയും പിച്ചിച്ചീന്തപ്പെട്ട ശരീരം തെരുവില്‍ ചലനമറ്റു കിടന്നു. സദ്ദാമിന്റെ അധികാരത്തണലില്‍ ഉദയ് രാജ്യത്തെ തന്നിഷ്ടം ഭോഗിച്ചു. തനിക്കിഷ്ടമുള്ളതെല്ലാം അയാള്‍ നേടി, പലര്‍ക്കും ഒരിക്കലും തിരിച്ചു കിട്ടാത്ത പലതും നഷ്ടമായി.സദ്ദാമിനും മക്കള്‍ക്കുമെല്ലാം ഒരു പിടി അപരന്മാരുണ്ടായിരുന്നു. ലോകം വിറപ്പിക്കാന്‍ നടന്നവര്‍ സ്വന്തം കൊട്ടാരത്തില്‍ പോലും ഭയന്നു കൊണ്ട് തന്നെയാണ് നടന്നിരുന്നത്. ഇരുട്ടില്‍ നിന്നും പാഞ്ഞുവരുന്ന ഒരു വെടിയുണ്ടയെ, ഏതൊരു കോണില്‍ നിന്നും നീളാവുന്ന ഒരു കൊലക്കത്തിയെ അവര്‍ ഭയപ്പെട്ടു.

രണ്ടാമത്തെ മകന്‍ ഖുസയ് നിശബ്ദനായ കൊലയാളിയെന്ന് അറിയപ്പെട്ടു. ശിയാ വിഭാഗക്കാര്‍ ഖുസയെ ഭീതിയോടെയാണ് കണ്‍ടത്. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ ഖുസയ് എതിരാളികളെ കൊന്നുതള്ളി.
സദ്ദാമിന്റെ മൂന്ന് പെണ്‍‌മക്കൾ അയല്‍‌രാജ്യമായ ജോര്‍ദ്ദാനില്‍ അഭയം തേടി. ഒരാളുടെ ഭര്‍ത്താവിനെയും അയാളുടെ കുടുമ്പത്തെ വേരോടെയും സദ്ദാം ചതിയിൽ കൊന്നൊടുക്കി.  അനിഷ്ടങ്ങളെ സദ്ദാം വെച്ചു പൊറുപ്പിച്ചില്ല. ഒരു വെടിയുണ്ട പായുന്ന സമയം കൊണ്ട് സദ്ദാമിന്റെ എല്ലാ ഇഷ്ടക്കേടുകളെയും അയാൾ ഇല്ലാതാക്കി.

ലോകം സാങ്കേതികവിപ്ലവത്തിന്റെ ആരവം കേട്ടുതുടങ്ങിയ എണ്‍പതുകളുടെ തുടക്കത്തില്‍ ഇറാനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും ഇറാഖ് ഒരു വികസിത രാജ്യമായിരുന്നു. മികച്ച റോഡുകള്‍, ജലസേചനസംവിധാനം, നല്ല സ്കൂളുകളും ഉന്നതവിദ്യാഭ്യാസ സം‌വിധാനവും ചികിത്സാ സൗകര്യങ്ങളും. ദേശസാതക്കരിക്കപ്പെട്ട എണ്ണമ്പത്ത് ഇറാഖിനെ സാമ്പത്തികമായി മുന്നോട്ട് നയിച്ചു. ഈ സമ്പന്നതക്ക് പിന്നിലും രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ശിയാക്കളെ അടിച്ചമര്‍ത്തിയും എണ്ണസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന വടക്കന്‍ മേഖലയിലെ ഖുര്‍ദുകളെ കൊന്നൊടുക്കിയും അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന മറ്റ് വംശങ്ങളെ പേടിപ്പിച്ച് നിര്‍ത്തിയുമാണ് സദ്ദാം തന്ന്റെ താത്പര്യങ്ങള്‍ സം‌രക്ഷിച്ചത്.

അറേബ്യയുടെ അനിഷേധ്യ നേതാവാകാനുള്ള പടപ്പുറപ്പാടിൽ ഇറാനുമായി അനാവശ്യ യുദ്ധത്തിലേർപ്പെട്ടും, കുവൈത്തിനെ ആക്രമിച്ചുകൊണ്ട് അറബിലോകത്ത് ഭീതിവിതച്ചും സദ്ദാം തന്റെ രാജ്യത്തെ നിലക്കാത്ത വെടിയൊച്ചകളുടെ ചോരക്കളമാക്കിത്തീർത്തു. സമ്പന്ന ഇറാഖിനെ പട്ടിണി വിഴുങ്ങിത്തുടങ്ങി. സദ്ദാമിനെയും മക്കളെയും ചോരക്കൊതിയന്മാരായ അനുചരന്മാരെയും മാത്രമല്ല, ശത്രുരാജ്യത്തിന്റെ ബോംബർ വിമാനക്കളെക്കൂടി ഭയക്കേണ്ട ഭീതിതമായ അവസ്ഥ ജനങ്ങൾക്ക് സമ്മാനിക്കപ്പെട്ടു.
സദ്ദാം അമേരിക്കന്‍ പട്ടാളത്തിന്റെ പിടിയിലായ ദിവസം കമ്പനിയിലെ ഇറാഖി ഡ്രൈവര്‍ ജമാല്‍ ഞങ്ങള്‍ക്കെല്ലാം ലഡ്ഡു വിതരണം ചെയ്തു സന്തോഷം പങ്കുവെച്ചു. അവന്റെ മുറി നിറയെ ജോര്‍ജ്ജ് ബുഷിന്റെ പടങ്ങളാണ്. റെഫ്രിജെറെറ്ററിന്റെ വാതിലില്‍ വരേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുന്നി-ഷിയാ വ്യത്യാസമില്ലാതെ ഇറാഖികൾ ആഹ്ലാദിച്ചു. ലക്ഷക്കണക്കിന് അലിമാർ സന്തോഷത്തിന്റെ കണ്ണീർ വാർത്തു.പൊട്ടിക്കരഞ്ഞ ഇറാഖികളും ഉണ്ടാവാം.
കേരളം സദ്ദാമിനൊപ്പമായിരുന്നു. സദ്ദാമിന്റെ പേരില്‍ റസ്റ്റോറന്റുകളും ബസ്‌സ്റ്റോപ്പുകളുമുയര്‍ന്നു. നമുക്ക്, സദ്ദാം പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു. പ്രതീക്ഷയുടെ തിരിനാളമായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നതിലപ്പുറം പടിഞ്ഞാറിന്റെ ഹുങ്കിനെ വെല്ലുവിളിക്കുന്ന എന്തിനെയും നമ്മള്‍ മനസ്സാവരിച്ചു.

മാധ്യമങ്ങള്‍ സ്റ്ഷ്ടിച്ചുവിട്ട സദ്ദാമെന്ന പോരാളിയുടെ പ്രതിരൂപമായിരുന്നു കേരളമനസ്സിലെങ്കില്‍ സ്വന്തം ജീവിതത്തില്‍ സദ്ദാമിന്റെ ചെയ്തികള്‍ പ്രതിഫലനം തീര്‍ത്ത ഒരുപറ്റം ഇറാഖികളുടെ പ്രത്യാശവറ്റിയ കണ്ണുകളില്‍ നിന്നും വായിച്ചെടുത്ത സദ്ദാമിന്റെ ക്രൂരമുഖമായിരുന്നു എന്റെ മനസ്സില്‍. ഞാനുമയാളെ വെറുത്തിരുന്നു. അയാളുടെ ഭരണത്തിന്റെ അന്ത്യമാഗ്രഹിച്ചിരുന്നു. സദ്ദാമിനു ശേഷമെന്തെന്ന് ഇറാഖികള്‍ ചിന്തിച്ചിരിക്കാം, ഞാനൊരിക്കലും അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

ആഗ്രഹിച്ചിരുന്നതെങ്കിലും, ആ അന്ത്യം ഒരാഘോഷദിവസത്തെ മലിനപ്പെടുത്തിയതുപോലെയാണ് തോന്നിയത്. അതായിരുന്നിരിക്കാം ചിലപ്പോൾ അമേരിക്കയുടെ അജണ്ടയും.

സ്വാതന്ത്ര്യമാഗ്രഹിച്ചിരുന്ന, അതിന്നായി വർഷങ്ങളായി ദാഹിച്ചിരുന്ന ബഹുഭൂരിപക്ഷം ഇറാഖികൾക്കും സദ്ദാമിന്റെ മരണം സ്വാതന്ത്ര്യം നൽകിയോ? ഇല്ലെന്ന് തന്നെയാണെനിക്ക് തോന്നുന്നത്. ബസ്രയിലെയും ബാഗ്ദാദിലെയും തെരുവീഥികളില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ പിച്ചിച്ചീന്തുന്ന ഇറാഖീ പെണ്‍കുട്ടികള്‍ക്ക് അരാണ് സ്വാതന്ത്യം കൊടുക്കുക എന്ന ചോദ്യം ഇനിയും ബാക്കിനില്‍‌ക്കുന്നു.

ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്