2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!

നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ സമയബന്ധിതമായ പദ്ധതി എന്നേ തയ്യാറാക്കി വെച്ചിട്ടാണ് ഈ നാട്ടില്‍ കാലുകുത്തിയതു തന്നെ. റോഡിലേക്ക് തുറക്കുന്ന ജനാലവിരികള്‍ മാറ്റിയാല്‍ പുറത്തെ കാഴ്ചകള്‍ കാണാം. സമയം ആറായെങ്കിലും വെളിച്ചം വീണിട്ടില്ല. റോഡ് നനഞ്ഞു കിടക്കുന്നു. നിര്‍ത്തിയിട്ട കാറുകളെ മഞ്ഞ് മൂടിക്കളഞ്ഞിരിക്കുന്നു. അങ്ങകലെയുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും രാത്രിയിലെ മഞ്ഞ് വീണു വെള്ള പുതച്ചുറങ്ങുകയാണ്. തണുപ്പുകാലം മുന്നില്‍കണ്ട് ഇലപൊഴിച്ച മരങ്ങളുടെ ചില്ലകളിലും മഞ്ഞുകണങ്ങള്‍ വീണുകിടന്ന് വിശ്രമിക്കുന്നു. ജീവിതത്തിലിതുവരേ കണ്ടിട്ടില്ലാത്ത കാഴ്ച! പ്രഭാതകൃത്യങ്ങൾ‍ കഴിഞ്ഞ് ഓടി പുറത്തിറങ്ങി കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തി.ചൂടുവെള്ളത്തിലെ കുളി കഴിഞ്ഞ്  പ്രഭാതഭക്ഷണവും കഴിച്ച്  യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒരു ഷോള്‍ഡര്‍ ബാഗ് നിറയേ സാധനങ്ങളടുക്കി വെച്ചു. കാര്യമായുള്ളത് രണ്ട് വലിയ കുപ്പി നിറയേ വെള്ളം. കുടിക്കാനുദ്ദേശിച്ചല്ല, അഥവാ രണ്ടിന് പോകേണ്ടതായി വന്നാൽ യൂറോപ്പിൽ മിക്കയിടങ്ങളിലും കടലാസ് മാത്രമേ കിട്ടുകയുള്ളൂ. വെള്ളമുള്ള കകൂസുകൾ കാണാൻ കിട്ടില്ല. ഒരു കരുതൽ നല്ലതാണല്ലോ? രണ്ട് കുപ്പി വെള്ളം കുറവാണെങ്കിലും സംതിങ്ങ് ഇസ് ബെറ്റർ ദാൻ നത്തിംഗ് എന്നല്ലേ? പിന്നെ രണ്ട് മൂന്ന് ആപ്പിൾ, കുറച്ച് ചോക്ലേറ്റ്, ക്യാമറ, മൊബൈൽ ഫോണിനുള്ള സോളാർ ചാർജർ, തണുപ്പുള്ള കാലാവസ്ഥയിൽ ബാറ്ററി പെട്ടെന്ന് തീർന്നു പോവും, കുന്നിൻ മുകളിലോ കാട്ടിലോ, യാത്രക്കിടയിലോ ഇനി നഗരങ്ങളിൽ തന്നെയായിരുന്നാലും ബുദ്ധിമുട്ടില്ലാതെ ചാർജ് ചെയ്യാൻ ഈ സാധനം എന്നെ പലതവണ സഹായിച്ചിട്ടുണ്ട്. പിന്നെ ഒരു കോംബസ്സ്, നമസ്കാരത്തിന് വിരിക്കുന്ന മുസല്ല എന്ന കാർപെറ്റ്. ഒരു ചെറിയ ഷോൾഡർ ബാഗ് നിറയാൻ പിന്നെന്തു വേണം?

സ്യൂറിക്കില്‍ (Zurich) നിന്നും ഒരു മണിക്കൂർ തീവണ്ടിയാത്ര ചെയ്തുവേണം ലൂസേൺ‍ (Lucerne) എന്ന മനോഹരമായ ചെറുപട്ടണത്തിലെത്താന്‍. അവിടെ നിന്നും ക്രീന്‍ (Kriens). പിന്നെ കേബിള്‍കാറില്‍ മലകയറ്റം. ഒരു മുഴുവന്‍ ദിവസപരിപാടിയാണ് മനസ്സില്‍. ലുസേണിലേക്കുള്ള തീവണ്ടിയാത്ര തന്നെ ഒരു വലിയ അനുഭവമാണ്. അത് പറയുന്നത് പിന്നീടാകാം. ലോകത്തിന്റെ മുഴുവന്‍ പ്രകൃതി സൗന്ദര്യവും സ്വിറ്റ്സര്‍ലാന്റിലാണോ സമ്മേളിച്ചതെന്ന് തോന്നിപ്പോകുമാറുള്ള കാഴ്ചകളാണിരുവശവും.

ലൂസേൺ റെയിൽവേ സ്റ്റേഷനു പുറത്തു നിന്നും കയറിയ ബസ്സ് "ക്രീൻ" എന്ന പട്ടണപ്രാന്തപ്രദേശത്ത് എന്നെ തനിച്ചാക്കി മുന്നോട്ട് കുതിച്ചു. കയ്യിലെ മേപ്പ് (Map) തുറന്ന് ആൽപ്പ്സ് പർവ്വത നിരകളിലെ പിലാത്തസ് കുന്നിനു മുകളിലേക്കുള്ള കേബിൾ കാർ കിട്ടുന്ന സ്ഥലം തപ്പുകയായി. കട്ടിയുള്ള തുണികൊണ്ടുള്ള കയ്യുറ കാരണം ഭൂപടം നിവർത്താൻതന്നെ നന്നേ പ്രയാസപ്പെട്ടു. അൽപ്പം മുന്നോട്ട് നടന്നാൽ വലതു വശത്തേക്ക്, കുത്തനെ വളഞ്ഞു പുളഞ്ഞ വീതികുറഞ്ഞ റോഡ്.  കുറച്ചകലെ ഒരു ഇരുമ്പ് കാലിൽ കേബിൾ കാറിന്റെ ചിത്രവും  മൗണ്ട് പിലാത്തസ് എന്ന അമ്പടയാളവും. അതിരാവിലെയുള്ള ശൈത്യം ശരീരത്തിലെ ഒരണുവിൽ പോലും കയറരുതെന്ന വാശിയോടെ മൂടിപ്പുതച്ച് വരിഞ്ഞുകെട്ടിയ എന്നെക്കണ്ടാൽ ഒരു സുമോ ഗുസ്തിക്കാരനെപ്പോലെ തോന്നും, പോരാത്തതിന് പുറത്ത് ഒരു ബാഗ് നിറയേ സാധനങ്ങളും.

മങ്കിക്യാപ്പ് മൂക്കിനുമേലേക്ക് വലിച്ചു കയറ്റി ഞാൻ കയറ്റം കേറാൻ തുടങ്ങി. പുറകിൽ ഒരു "എക്സ്ക്യൂസ് മീ". വെളുക്കെ ചിരിച്ചുകൊണ്ട് ഒരു യൂറോപ്യൻ. ഈ തണുപ്പത്തും തലയും മുഖവും മറച്ചിട്ടില്ല. നല്ല കട്ടിയുള്ള ലതർജാക്കറ്റും കഴുത്തിലൊരു മഫ്ലർ ചുറ്റിക്കെട്ടിയതും, നെഞ്ചിനുകുറുകെ ഒരു ബാഗ് തൂക്കിയിട്ടുണ്ട്. അയാള്‍ എന്റെ നേരെ നടന്നടുക്കുന്നു.

ഗൂഡ് മോർണിംഗ്..
ആം ഡൊണാറ്റോ..

ഗുഡ്‌ഡ്‌ഡ്... മോർണിംഗ്.. തണുത്ത് വിറച്ച ചുണ്ടുകൾ ചലിപ്പിച്ച് ഞാൻ പറഞ്ഞൊപ്പിച്ചു. ഷെയ്ക്ക് ഹാന്റിനായി അയാൾ നീട്ടിയ കൈകളെ ഞാൻ കണ്ടില്ലെന്ന് നടിച്ച് ഒരു ചോദ്യഭാവത്തിൽ നോക്കി.

പിലാത്തസ് കുന്നിനു മുകളിലേക്കാണൊ?
അതെ.

അയാളും അങ്ങോട്ടേക്ക് തന്നെ. ഞങ്ങൾ നടന്നു തുടങ്ങി.
അവൻ ഇറ്റാലിയനാണ്. പക്ഷേ ജനിച്ചതും വളർന്നതും സ്വിറ്റ്സർലാന്റിൽ. 34 വയസ്സേയുള്ളൂ, കണ്ടാൽ 40 തോന്നും. ഞാൻ ഇന്ത്യക്കാരനാണെന്നും ദുബൈയിൽ നിന്നും വരികയാണെന്നും പരിചയപ്പെടുത്തി. ദുബൈ എന്നു കേട്ടതും രണ്ട് കയ്യും വായുവില്‍ പരത്തി കണ്ണുകള്‍ പുറത്തേക്ക് വീണുപോകുമോ എന്നു തോന്നുമാറ് ഉരുട്ടിത്തുറുത്തി മുഖത്തൊരു വലിയ ആശ്ചര്യചിഹ്നവും ചുണ്ടുകള്‍ ചെവിയറ്റം വരേയെത്തുന്ന ചിരിയുമായി അവനെന്റെ വഴിതടഞ്ഞുകൊണ്ടുകൊണ്ട് മുന്നില്‍ കയറി വിലങ്ങിട്ടു നിന്നു.

"ദുബൈ!! സുന്ദരികളുടെ പറുദീസ! ദുബൈയിൽ പല പല രാജ്യത്തുനിന്നുള്ള സുന്ദരികളായ ഒട്ടനവധി പെൺകുട്ടികളില്ലേ?"

"ദുബൈയിൽ പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും യുവതീ യുവാക്കളും പ്രായം ചെന്നവരുമൊക്കെയുണ്ട്, പല ദേശക്കാരുമുണ്ട്". എന്റെ നീരസം മറച്ചുവെക്കാതെ ഞാനവനെ വകഞ്ഞു മാറി കിതച്ചുകൊണ്ട് നടത്തം പുന:രാരംഭിച്ചു.

"ആണ്‍കുട്ടികളിലും പ്രായം ചെന്നവരിലുമൊന്നും എനിക്ക് ഒട്ടും താത്പര്യമില്ല. ഗേള്‍സ്, പെണ്‍കുട്ടികളാണെന്റെ ഇഷ്ടം. പിന്നെ ചന്തമുണ്‍ടെങ്കില്‍ അല്പ്പം പ്രായക്കൂടുതലുള്ള യുവതികളും ആവാം. ഹോ, നീയെത്രെ ഭാഗ്യവാന്‍! ആ ദുബൈയിലല്ലേ ഉറക്കമുണരുന്നതും ഉറങ്ങുന്നതും?
" അവൻ ദുബൈയിൽ വന്നാൽ ഞാനവനെ സഹായിക്കുമോ എന്നും അവനറിയണം.

"സുഹൃത്തേ, ഞാനൊരു സാധു ഭർത്താവാണ്. ആറു ദിവസം മുമ്പ് ഞാനൊരു പിതാവുമായി. രണ്ട് ദിവസം മാത്രം പ്രയമുള്ള എന്റെ മോനെ ഒരു നോക്ക് കണ്ടിട്ടാണ് ഞാൻ സ്വിറ്റ്സർലാന്റിലെ ഈ ശൈത്യകാലത്തേക്ക് പറന്നു വന്നത്. എനിക്ക് ഇപ്പറഞ്ഞ സൗന്ദര്യാസ്വാദനത്തിൽ താത്പര്യമില്ല. എന്റെ മതവും ഞാൻ വളർന്ന സാഹചര്യവും എനിക്ക് ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.

ഡൊണാറ്റോയുടെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല, വിടർന്ന കണ്ണുകൾ അങ്ങിനെത്തന്നെ തള്ളി നിൽക്കുന്നു. അവന്റെ മനസ്സുനിറയേ ദുബൈയും പെൺകുട്ടികളുമായിരിക്കാം. അവന്റെ റഷ്യക്കാരിയായ ഭാര്യ രണ്ട് വർഷത്തെ ദാമ്പത്യമവസാനിപ്പിച്ച് പിരിഞ്ഞ് പോയിട്ട് മാസമൊന്ന് തികഞ്ഞിട്ടില്ല. ആദ്യത്തെ രണ്ട് വിവാഹങ്ങളും ഒരു വർഷത്തിലധികം നീണ്ടു നിന്നതുമില്ല.

"ഇനി ഞാനൊരു ഏഷ്യക്കാരിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. മൂന്ന് കല്യാണങ്ങളുടെയും വിവാഹജീവിതങ്ങളുടെയും കാര്യം വലിയ താശയാണ്. കേബിൾ കാർ പിലാത്തസിന്റെ മുകളിലെത്താൻ ഒരു മണിക്കൂറിലധികം നേരം പിടിക്കും നമുക്ക് വിശദമായി സംസാരിക്കാം. നീ അത് കേട്ട് രസിക്കും തീർച്ച".

വെറും അഞ്ച് മിനുട്ട് മുമ്പ് മാത്രം കണ്ട, വിശദമായി പരിചയം പോലുമായിട്ടില്ലാത്ത എനിക്ക് അടുത്തതായി അവന്റെ ബാങ്ക് അക്കൗണ്ട് നമ്പർ വരേ തന്നേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു! ഇതൊരു മാരണമായി മാറാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞു കാണുന്നുണ്ട്. ഈ പെൺകോന്തനിൽ നിന്നും രക്ഷ നേടണം. ഇവന്റെ കല്യാണക്കഥകളും കിടപ്പറ വിശേഷങ്ങളും കേൾക്കാനല്ല ഞാനിവിടെ വന്നത്. ഓഫീസ് ആവശ്യത്തിനുള്ള ഈ യാത്രയിൽ കയ്യിൽ നിന്നും കാശ് മുടക്കിയാണ് രണ്ട് ദിവസത്തെ ഈ അധികതാമസവും ചുറ്റിക്കറങ്ങലും.

ഞങ്ങൾ കേബിൾ കാർ സ്റ്റേഷനു മുന്നിലെത്തി. അവന്ന് ടിക്കറ്റെടുക്കണം. എന്റെ കയ്യിൽ സ്യൂറിക്ക് റെയിൽ സ്റ്റേഷനിൽ നിന്നും വാങ്ങിയ ടിക്കറ്റുണ്ട്. ടിക്കറ്റിനോടൊപ്പം 9 സ്വിസ്സ് ഫ്രാങ്കിന്റെ ഒരു ഫ്രീ വൗച്ചറും കിട്ടിയിട്ടുണ്ട്. മലമുകളിലെ റസ്റ്റോറന്റിൽ നിന്നും 9 ഫ്രാങ്കിന് എന്തു വേണമെങ്കിലും വയറു നിറയേ തിന്നാം. ചെറിയ ഒരു കൂടാണ് കേബിൾ കാർ. ഈരണ്ടു പേർക്ക് പരസ്പരം നോക്കിയിരിക്കാവുന്ന സീറ്റുകളുള്ള, താഴ്ഭാഗം ഫൈബറും മേലേപകുതി ചില്ലുകൊണ്ടും പണിത ഒരു കൊച്ചു ചില്ലുകൂട്. കട്ടിയുള്ള സ്റ്റീൽ കംബിയിൽ വവ്വാലിനെപ്പോലെ തൂങ്ങിക്കിടക്കുന്ന കൊച്ചു കൂടുകൾ കുന്നിൻ മുകളിൽ നിന്നും താഴെ വന്ന് കറങ്ങി മേലോട്ട് പോവുന്നു. ഒട്ടും തിരക്കില്ല. തൊട്ട് മുന്നിൽ ഒരു കൊറിയൻ ജോഡി ഗെയ്റ്റിൽ നിൽക്കുന്ന കട്ടിമീശക്കാരനെ ടിക്കറ്റ് കാണിച്ച് ഒരു ചില്ലുകൂട്ടിൽ കേറി. ഇതു തന്നെ അവസരം, ഡൊണാറ്റോ ടിക്കറ്റ് കൗണ്ടറിലാണ്. ഞാൻ തിരക്കിട്ട് ടിക്കറ്റ് കാണിച്ച് പുറകേ വന്ന കൂട്ടിൽ പാഞ്ഞു കയറി. അഞ്ചാറ് മീറ്റർ മുന്നോട്ട് പോയി അതിന്റെ വാതിലുകൾ തനിയേ അടഞ്ഞു. സാവധാനം വേഗത കൂടിത്തുടങ്ങി. പെട്ടെന്ന് സ്റ്റേഷൻ വിട്ട് ആ ചില്ലു യാനം എന്നെയും വഹിച്ച് ലോഹക്കമ്പിയിലാടി വായുവിലൂടെ മേലോട്ട് കുതിച്ചു. ഞാൻ ആ പെൺകോന്തനിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നു!അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി!

ഇവിടെയാണ് കേബിൾ കാറുകളിൽ കയറുന്നത്, ടിക്കറ്റെടുക്കുന്നതും
ആറാം ക്ലാസിലെ സാമൂഹ്യപാഠം ക്ലാസിലാണ് ആല്‍‌പ്സ് മലനിരകളെക്കുറിച്ചാദ്യമായി കേട്ടത്. യൂറോപ്പിനെ ചുറ്റിപ്പൊതിഞ്ഞ് ഒരു കാവൽക്കാരനെപ്പോലെ തലയുയർത്തി നിൽക്കുന്ന ആല്പ്സിന്റെ ഗിരിശൃംഗങ്ങളിൽ പെയ്യുന്ന മഞ്ഞുപടലങ്ങളിൽ അപ്രത്യക്ഷയായ തന്റെ പട്ടിക്കുട്ടിയെ തിരഞ്ഞുകൊണ്ട് ശേഷിക്കുന്ന ജീവിതം അലഞ്ഞു തീർത്ത വൃദ്ധനായ ജർമ്മൻ വീഞ്ഞു വിൽപ്പനക്കാരന്റെ കഥയിൽ നിന്നാണ് ആൽപ്സ് എന്റെ സ്വപ്നങ്ങളിൽ കുടിയേറിയത്. ആ മലനിരകളിൽ പോയി അതിന്റെ ഉത്തുംഗതയിൽ കേറിനിന്നുകൊണ്ട് താഴെ പൈന്‍‌മരക്കാടുകളിലെ വെളിച്ചം കുറഞ്ഞ വീടുകളില്‍ നെരിപ്പോടിനടുത്ത് മദ്യം നുകര്‍‌ന്നിരിക്കുന്ന യൂറോപ്പിനെ നോക്കി ഉച്ചത്തിൽ കൂക്കി വിളിക്കണമെന്നും നിങ്ങളുടെ ഈ സമ്പൽ സമൃദ്ധി ഞങ്ങളെ കൊള്ളയടിച്ചതാണെന്ന് വിളിച്ചു പറയണമെന്നുമുള്ള അത്യാഗ്രഹം പിന്നീടെപ്പെഴോ തണുത്തുറഞ്ഞു പോയിരുന്നു. തോമസ് മാൻ എഴുതിയ "മാജിക്ക് മൗണ്ടന്‍" എന്ന ജർമ്മൻ നോവലിന്റെ ഇംഗ്ലീഷ്പരിഭാഷയാണ് മഞ്ഞുരുക്കി എന്റെ സ്വപ്നങ്ങളെ വീണ്ടും സജീവമാക്കിയത്.

ആ സ്വപ്നം പൂവാണിയാൻ പോവുകയാണ്. എന്നെയും വഹിച്ചു കൊണ്ട് ആ ചെറുചില്ലുയാനം മേലോട്ട് കുതിക്കുകയാണ്. താഴെ അതിമനോഹരമായ കാഴ്ചകൾ. പച്ചപ്പരവതാനി വിരിച്ച പോലെ, എങ്ങും പുൽത്തടങ്ങൾ. അവയെ കീറിമുറിച്ച് കൊണ്ട് വീതികുറഞ്ഞ വളഞ്ഞുപുളഞ്ഞ മണ്‍പാതകൾ, ദൂരെ ചുറ്റും ആല്പ്സിന്റെ മങ്ങിയ കാഴ്ച. മഞ്ഞുപെയ്യാൻ തുടങ്ങിയിരിക്കുന്നു. ഒരു പഞ്ഞിമരത്തിലെ ലക്ഷക്കണക്കിന് കായകൾ ഒരുമിച്ച് പൊട്ടിത്തെറിച്ചപോലെ. എന്റെ ചില്ലുപാത്രത്തിന്റെ ചില്ലുഭിത്തികളില്‍ വന്നിരുന്ന ചിലത് കൊച്ചുവെള്ളത്തുള്ളികളായി താഴേക്കൊലിച്ചിറങ്ങി. ചില്ലുകൂട്ടിന്റെ മേൽഭാഗം ഞാനൽപ്പം തുറന്നു വെച്ചു. കൊച്ചു മഞ്ഞുകണങ്ങൾ എന്റെ ചൂടുകുപ്പായത്തിന്റെ രോമങ്ങളിൽ വന്നു വീണ് മെല്ലെ അലിഞ്ഞു തീരുന്നു. മലനിരകളെ മഞ്ഞു പുതപ്പിച്ച ആ കാഴ്ച വ്യക്തമായിപ്പകര്‍ത്താന്‍ പാറിപ്പറക്കുന്ന മഞ്ഞുകുഞ്ഞുങ്ങള്‍ സമ്മതിക്കുന്നില്ല. സ്വര്‍ഗ്ഗത്തിലെ പട്ടുമെത്തയിലെ പഞ്ഞിക്കെട്ടുകള്‍ പറത്തിക്കളിക്കുന്ന മാലാഖക്കുട്ടികളുടെ ചിരി കേള്‍ക്കുന്നുണ്ടോ?

മുന്നിലെ ചില്ലുകൂട്ടിൽ കൊറിയൻ ജോഡികൾ പരിസരം മറന്ന് സ്നേഹിക്കുന്നു. ആരു കാണാൻ? തൊട്ടു പിന്നിലുള്ളത് ജിജ്ഞാസുവായ ഒരു മലയാളിയാണെന്ന് അവരറിഞ്ഞു കാണില്ല3375 അടി മുകളിൽ ക്രീൻസെറെഗ്ഗ് എന്ന ഒരു സപ്പോര്‍ട്ട് സ്റ്റേഷനുണ്ട്. വലിച്ചു കെട്ടിയ ഇരുമ്പ് കമ്പികളുടെ നീളം നിയന്ത്രിക്കാനാണിത്. അവിടെ ഇറങ്ങേണ്‍ടതില്ല. ചില്ലുപാത്രങ്ങള്‍ നിരനിരയായി വീണ്ടും മുന്നോട്ട്. തൊട്ടപ്പുറത്ത് മലയിറങ്ങി വരുന്ന കാലി യാനങ്ങള്‍ താഴേക്ക് ആടിയാടിപ്പോവുന്നു. 4650 അടി ഉയരത്തിലെത്തി. ഫ്രാങ്ക്മ്യൂണ്ടെങ്ക് എന്ന സ്റ്റേഷനായി. അവിടെ ഇറങ്ങണം. പിന്നെ മേലോട്ട് മുപ്പതോളം ആൾക്കാരെയും വഹിച്ചു കൊണ്ടുള്ള ഒരു വലിയ കൂട്ടിലാണ് യാത്ര. അതിനൊരു നിയന്ത്രകനുണ്ട്. കൂടിന് വേഗത വളരേ കുറവാണ്. ചില്ലുകളിൽ മഞ്ഞ് ശക്തമായി പെയ്യുന്നു. ദൂരക്കാഴ്ച നന്നേ കുറഞ്ഞു. ആൽപ്സ് എന്റെ വളരേ അടുത്തെത്തിക്കഴിഞ്ഞു. അലസമായി ഒരു വെള്ളപ്പുതപ്പണിഞ്ഞ് ശാന്തമായുറങ്ങുന്ന പർവ്വതത്തിന്റെ മടിത്തട്ടിൽ മഞ്ഞുകണങ്ങൾ കൂട്ടിവെച്ചുണ്ടാക്കുന്ന കൊച്ചുരൂപങ്ങളെ സൂര്യൻ ഒരു വികൃതിപ്പയ്യനെപ്പോലെ ഒളിച്ച് വന്ന് മായ്ച്ചു കളയുന്നു. മലമടക്കുകളിൽ തലയുയർത്തി നിൽക്കുന്ന ചാവോക്ക് മരച്ചില്ലകളിൽ മഞ്ഞുകട്ടകൾ വീണുകിടന്ന് വിശ്രമിക്കുന്നു. നീല നിറത്തിലൊരു ബോർഡ് ദൂരെ തെളിഞ്ഞ്നു വരുന്നു. "പിലാത്തസ് 7000 അടി". എന്റെ സ്വപ്നം സഫലമാകുന്നു. സ്വിസ്സ് ആല്പ്സിലെ ഏറ്റവും വലിയ രണ്ടാമനാണ് പിലാത്തസ്, അതിന്റെ തലയിലാണ് ഞാൻ കാലുവെക്കാൻ പോകുന്നത്! വിക്ടോറിയാ രാജ്ഞിയും റൂസ്‌വെൽറ്റുമൊക്കെ നടന്ന അതേ വഴികൾ.
മലമുകളിലെ കേബിൾ സ്റ്റേഷനിലിറങ്ങി ഞാൻ പുറത്തേക്ക് കുതിച്ചു. ചുറ്റും മഞ്ഞു പാളികൾ. തണുത്ത കൊച്ചു കാറ്റ്. തണുപ്പിനേക്കാൾ ഭീകരമാണ് കാറ്റ്!-5 ഡിഗ്രിയാണ് തണുപ്പ്. നല്ലവെയിലുണ്ട്. പെട്ടെന്ന് കാലൊന്ന് തെന്നി. വീഴാതെ നിന്നെകിലും ഒന്നു ഭയന്നു. ഒരു കറുത്ത പട്ടിക്കുട്ടിയുമായി കൂനിനടന്നുകൊണ്ട് ഒരു വൃദ്ധൻ സമീപിച്ചു. "നിങ്ങൾ ഇങ്ങോട്ടേക്ക് തന്നെയല്ലേ വന്നത്? ഐസിൽ നടക്കാൻ വേണ്ട തയ്യാറെടുപ്പുകളൊന്നും കരുതിയിട്ടില്ലേ? വളരേ സൂക്ഷിക്കണം" എന്റെ ഷൂവിലേക്ക് നോക്കിക്കൊണ്ടാണയാൾ ചോദിച്ചത്. രണ്ട് വർഷം മാത്രം പഴക്കമുള്ള ലതർ ഷൂവാണ്. നല്ല ഒന്നാത്തരം സോളുണ്ടായിരുന്നു. അത് പഴങ്കഥയായി മാറിയിട്ട് കുറച്ചായി. സോക്സ് നനയുന്നില്ലെങ്കിലും ഒരു ബലൂണിന്റെ കട്ടി മാത്രമുള്ള സോളിലൂടെ എന്റെ കാലുകളിൽ ചെറുതണുപ്പ് സൂചിമുനപോലെ കുത്തിക്കയ്റുന്നുണ്ട്.

പിലാത്തസിന്റെ മുകൾ ഭാഗം നിരന്ന ഏകദേശം 3800 ചതുരശ്ര അടിയോളം മാത്രം വിസ്തീർണ്ണമുള്ളതാണ്. ഒന്നു രണ്ടു റസ്റ്റോറന്റുകളും തണുപ്പകറ്റാനുള്ള സാമഗ്രികളും മറ്റും വലിയ വിലക്ക് വില്‍ക്കുന്ന കുറച്ച് ചെറിയ കടകളും. നിരപ്പില്‍ നിന്നും അല്പ്പം വലതുവശത്തേക്ക് മാറി പാറതുരന്ന ഒരു ഗുഹയുണ്ട്. ഗുഹയെചുറ്റിപ്പറ്റി അശരീരികളുടെയും വ്യാളികളുടെയും കെട്ടുകഥകള്‍. ഗുഹയോട് ചേര്‍ന്ന് അല്പ്പം ചെരിഞ്ഞ പാറകളില്‍ ചവിട്ടിയാല്‍ വീണ്ടും മുകളിലേക്ക് കേറാം. അതാണ് പിലാത്തസിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗം. അവിടെ ഒരു ചെറിയ മരക്കൂടുണ്ട്, അതിനകത്തൊരു റേഡിയോ ടവറാണ്. മലമുകളിലേക്കും മലകൾക്കിടക്കും വാർത്താവിനിമയം സാധ്യമാക്കുന്നതിത്തരം കൊച്ചു ടവറുകൾ വഴിയാണ്. പക്ഷേ ആ കയറ്റം എളുപ്പമല്ല. മഞ്ഞുപുതച്ചു കിടക്കുന്ന പാറക്കല്ലുകളിൽ പിടിക്കാനോ കാലിന് ഊന്നൽകൊടുക്കാനോ പ്രകൃതി കരുതിവെച്ച ചില വെട്ടലുകളല്ലാതെ യാതൊരുപാധിയുമില്ല. കാലൊന്ന് തെന്നിയാൽ...!

വീഴ്ചക്ക് ശേഷം..Photo taken by Donato
ചിതറിത്തെറിച്ച് വീണുകിടക്കുന്ന മഞ്ഞുകണങ്ങളെ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ഞാൻ വെറുതേ ചുറ്റിനടന്നു. കുറച്ച് ഫോട്ടോകളെടുക്കണം. ബാഗിൽ നിന്നും ക്യാമറ വെളിയിലെടുത്ത് മെല്ലെ മുന്നോട്ട് നടന്നു. പ്ധോം...വീണിതല്ലോ കിടക്കുന്നു...!
ക്യാമറ കയ്യിൽ നിന്നും ദൂരെ തെറിച്ചു. ബാഗ് ഒരു തലയിണപോലെ തലക്കുപിന്നിലേക്ക് മാറിയതു ഭാഗ്യം, തലയടിച്ചില്ല. ആൽപ്സ് പർവ്വത നിരകളിലെ മഞ്ഞുപാളികളിൽ അനന്തശയനത്തിൽ കിടന്ന ആദ്യത്തെ മലയാളി ചിലപ്പോൾ ഞാനായിരിക്കാം! ചുണ്ടത്ത് ഐസില് വീണ ഒരു ചിരിയും ഫിറ്റ് ചെയ്ത് ഞാനെഴുന്നേൽക്കാൻ തുടങ്ങി, വീണ്ടും തെന്നി. ഇത്തവണ ചന്തി ശക്തിയായി നിലത്തിടിച്ചു, നല്ലോണം നൊന്തു. സൂക്ഷിച്ച് എഴുന്നേറ്റ് നേരെ നില്‌ക്കുമ്പോഴതാ നിലത്തുവീണ ക്യാമറ എനിക്ക് നേരെ നീട്ടിക്കൊണ്ട് മുന്നിൽ ഡൊണാറ്റോ!! ചമ്മിയ ചിരിയും വീണ ചിരിയും കൂടി നവരസങ്ങളിലേക്ക് പുതിയതൊന്നുകൂടി കൂട്ടിച്ചേർത്ത് എന്റെ മുഖത്തെ പതിന്മടങ്ങ് ശോഭയുള്ളതാക്കി മാറ്റി! ഞാനവനെ കൂട്ടാതെ പോന്നതിന് പരാതി പറഞ്ഞു. മഞ്ഞിൽ തെന്നി വീഴാതിരിക്കാനുള്ള ഒരു ഷൂ അവന്റെ സമ്മാനമായി വാങ്ങിത്തരാമെന്ന ഓഫർ ഞാൻ സ്നേഹത്തോടെ നിരസിച്ചു.

മലതുരന്നുണ്ടാക്കിയ ഗുഹാ മുഖത്തുകൂടി നടന്ന്, ചെങ്കുത്തായ പാറകളിലെ മഞ്ഞില്ലാത്ത ഭാഗം നോക്കി ചവിട്ടി ഞങ്ങൾ മേല്പോട്ട് കയറി.

സുഹൃത്തേ വളരേ സൂക്ഷിക്കണം...താഴേ നിന്നും പട്ടിക്കുട്ടിയുമായി കൂനിനടക്കുന്ന വൃദ്ധൻ വിളിച്ചു പറയുന്നു. എന്റെ ബാഗിപ്പോൾ ഡൊണാറ്റോയുടെ തോളിലാണ്. അവന്റെ തുകൽക്കുപ്പായത്തിന്റെ ഒരറ്റം പിടിച്ചാണ് എന്റെ മലകയറ്റം. പെട്ടെന്ന് എന്റെ മൊബൈൽ ശബ്ദിച്ചു. മൈസൂരിൽ നിന്നും പെങ്ങളാണ്. "മകളേ, യൂറോപ്പിന്റെ തലമണ്ടയിലാണുള്ളത്. കൊച്ചുവിശേഷങ്ങൾ പറയാൻ ഞാൻ രണ്ടുദിവസം കഴിഞ്ഞ് വിളിക്കാം. അന്തർദേശീയ അലച്ചിൽ എന്ന വിഭാഗത്തിൽപ്പെടുത്തി ഷെയ്ക്ക് ഇത്തിസാലാത്ത് അടുത്ത മാസം എന്റെ ശമ്പളം മുഴുവൻ പിടിച്ചു വാങ്ങും." മൊബൈൽ കണ്ടതും ഡൊണാറ്റോക്ക് എന്റെ നമ്പർ വേണം.


താഴെ കാണുന്ന അതിമനോഹരമായ കാഴ്ചകൾ വർണ്ണിച്ചാൽ ഒരു കവിതയായിപ്പോകുമോ എന്നു ഞാൻ ഭയക്കുന്നു. "ഡൊണാറ്റോ നീ ഒരൽപ്പനേരം ചെവി പൊത്തണം. എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്. അവൻ അന്തം വിട്ട് എന്നെ നോക്കിയല്ലാതെ ഒന്നും ചെയ്തില്ല. ഒരു ദീർഘശ്വാസമെടുത്ത് അത്യുച്ചത്തിൽ കൂവി.. മൂന്ന് തവണ.. കൂ....കൂ...കൂ.... അകലെ മഞ്ഞുമലകളിൽ എന്റെ കൂക്കൽ പ്രതിധ്വനിച്ചു. ആൽപ്സിന്റെ നെടുംകുത്തനെയുള്ള ഗിരിശൃംഗങ്ങളിൽ തട്ടിത്തകർന്ന് ഉറഞ്ഞുകിടക്കുന്ന മഞ്ഞുകട്ടകളിലെവിടെയോ എന്റെ ശബ്ദം ഒരു സ്ഫടികക്കുപ്പി പോലെ ചിതറിത്തെറിച്ചു വീണുടഞ്ഞു. ശബ്ദവീചികൾ അന്തരീക്ഷത്തിൽ പാറിനടക്കുമത്രേ, ഒരിക്കലും നശിക്കാതെ. ഒരു കാലത്ത് ആരെങ്കിലും ശബ്ദം തിരിച്ചുപിടിക്കുന്ന ഒരു വിദ്യയുമായി ഈ മലനിരകളിലെ മഞ്ഞുപാളികളിൽ നിന്നും എന്റെ കൂക്കിവിളിയുടെ ഫോസ്സിലുകളെ മാന്തിയെടുക്കില്ലെന്നാരു കണ്ടു? ഇതെന്റെ കയ്യൊപ്പാണ്. അന്തരീക്ഷത്തിന്റെ സന്ദർശകപ്പുസ്തകത്തിൽ ഒരശരീരിയായി ആ കൂക്കിവിളികൾ രേഖപ്പെടുത്തപ്പെട്ടുകാണും. നിർത്താതെ സംസാരിച്ചു കൊണ്ടിരുന്ന ഡൊണാറ്റോ പൊടുന്നനേ മൗനത്തിലായി.

"അൻവർ...വീഴ്ചയിൽ നിന്റെ തല നിലത്തടിച്ചിരുന്നോ? നീയെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ആരോടാണ് ദേഷ്യപ്പെടുന്നത്?"

"പേടിക്കേണ്ട, എനിക്ക് യാതൊരു കുഴപ്പവുമില്ല. നിനക്കറിയാമോ, ഞങ്ങളുടെ ഇന്ത്യയിൽ 17 ഔദ്യോഗിക ഭാഷകളുണ്ട്. അല്ലാത്തവ നാനൂറോളമുണ്ടെന്നാണ് കണക്ക്. നാല് ഇന്ത്യക്കാർ കൂടിയാൽ അവർക്ക് മൊത്തം പതിന്നാല് ഭാഷകളെങ്കിലുമറിയും. പക്ഷേ ഒരുത്തൻ പറയുന്നത് മറ്റവന്ന് മനസ്സിലാവില്ല എന്നു മാത്രം! ഞങ്ങളതിനെ നാനാത്വത്തിലെ ഏകത്വം എന്നു വിളിക്കും. ഹിമാലയത്തിലെ മഞ്ഞുമലകളിൽ താമസിക്കുന്ന ഒരു വിഭാഗം ആദിവാസികളുടെ ഭാഷയാണിത്. ഇതിന്റെ പേരാണ് "കൂക്കിവിളി".  ഈ ഭാഷ സംസാരിക്കുന്നവർ ഈ മഞ്ഞുമലകളിലുണ്ടോ എന്നറിയാൻ ഒന്നു ശ്രമിച്ചതാ. ഉണ്ടെങ്കിൽ അവർ മറുപടി തന്നേനെ. വാ, നമുക്ക് പോകാം"

"ഹിമാലയം? അതിന്റെ താഴ്വാരങ്ങളിലല്ലേ കാഷ്മീർ?" ഡൊണാറ്റോയുടെ കണ്ണുകൾ വീണ്ടും പുറത്തേക്ക് തള്ളി, ശബ്ദം ഉച്ചത്തിലായി. "അവിടെയുള്ള സ്ത്രീകൾ അതിസുന്ദരികളാണ്. അതുപോലെ സൗത്ത് ഇന്ത്യയിലെ കൂർഗ്ഗിലും പാകിസ്താനിലെ പഞ്ചാബ് മേഖലയിലും ലോകത്തെ ഏറ്റവും മികച്ച സുന്ദരികളുണ്ട്. നീയെന്തൊരു ഭാഗ്യവാൻ! ജനിച്ചുവീണതും ജീവിക്കുന്നതും പറുദീസകളിൽത്തന്നെ". ഉത്തരേന്ത്യയിലെ ദേവദാസികളെക്കുറിച്ചും അവന്ന് നന്നായിട്ടറിയാം. ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന യൂനിവേർസിറ്റികൾ യൂറോപ്പിലുണ്ടോ ആവോ?

ഇനി പെൺവിഷയം സംസാരിക്കില്ല എന്ന കരാറിൽ ഞങ്ങൾ കുന്നിറങ്ങി. ചന്തി നല്ല വേദനയുണ്ട്. നല്ല വിശപ്പും. കൂകിവിളിയുടെ ഇഫക്ടാണോ അതോ തണുപ്പോ, തൊണ്ടയിൽ ഒരു കിരികിരിപ്പും.
 "വാ, നമുക്കൊരു കാപ്പി കുടിക്കാം എന്റെ കയ്യിൽ വൗച്ചറുണ്ട്".
മെനുവിൽ ഏറ്റവും വില കുറഞ്ഞ സാധനം "എസ്സ്പ്രസ്സോ"ആണ്. ആ കയ്പ്പു കാപ്പിക്ക് തന്നെ 8 ഫ്രാങ്ക് കൊടുക്കണം! ഇംഗ്ലീഷ് ടീ എന്നു പേരിട്ട നാടൻ ഉളുവൻ ചായക്ക് 9! സൗജന്യമായിക്കിട്ടിയ വൗച്ചറിനെ ഞാനൽപ്പം അവജ്ഞയോടെ വെയ്റ്റർക്ക് കൊടുത്ത് ഒരു ചുടുകാപ്പി വരുത്തി. പെട്ടെന്ന് റസ്റ്റോറന്റിൽ നിന്നും പുറത്തേക്കോടിയ ഡൊണാറ്റോ പത്ത് മിനുട്ടിന് ശേഷമാണ് തിരിച്ചെത്തിയത്.
"ദേർസേ  ഹോട്ട് ചിക്ക്! ഷീ ലൂക് ടർക്കിഷ്!"
വിടർന്ന കണ്ണുകളോടെ അവൻ തിരിച്ചു വന്നു. ഞങ്ങൾ തമ്മിലുള്ള കരാർ തെറ്റിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കയ്യിൽ ഒരു ബിയർ കുപ്പിയുമായി അവൻ എന്റെ പുറകിൽ പുറത്തേക്ക് നടന്നു. റസ്റ്റോറന്റില് നിന്നും ചൂടുവെള്ളത്തിൽ അംഗശുദ്ധി വരുത്തി പുറകിൽ പോയി കോംബസ്സ് വെച്ച് ദിശ നോക്കി ഞാൻ പ്രാർത്ഥനക്കൊരുങ്ങി. അൽപ്പം മാറി ബിയർ നുണഞ്ഞുകൊണ്ട് ഡൊണാറ്റോ എന്റെ ചെയ്തികളെ സകൗതുകം നോക്കി നിൽക്കുന്നു. കൊച്ചുകേരളത്തിലെ ഒരു പുഴയോരഗ്രാമത്തിൽ നിന്നും പ്രസിദ്ധമായ ഈ പർവ്വതനിരകളിൽ വന്ന് സൃഷ്ടികർത്താവിനെ വണങ്ങാൻ അവസരമൊരുക്കിയ നാഥന് പ്രണാമമർപ്പിച്ച് ഞാൻ മടക്കയാത്രക്കൊരുങ്ങി. തിരിച്ച് പോകുന്നത് കേബിൾ കാറിലല്ല. ലോകത്തെ ഏറ്റവും കുത്തനെയുള്ള പല്‍ച്ചക്രത്തീവണ്ടിയിലാണ്. ലംബകാകൃതിലുള്ള ആ കൊച്ചു തീവണ്ടിയിൽ 50ഓളം ആൾക്കാർ കൊള്ളും. റെയിൽ പാളത്തിനു നടുവിലായി സംവിധാനിച്ചിട്ടുള്ള പൽച്ചക്രപാളത്തിലൂടെയാണ് ഈ കുത്തനെയുള്ള വണ്ടിയുടെ ഇറക്കവും കയറ്റവും. എത്തിച്ചേരുന്നത് മലയുടെ മറുവശത്തും. മുക്കാൽ മണിക്കൂർ കൊണ്ട് താഴ്വാരത്തിലെത്തും. അവിടെ ഒരു കൊച്ചു ഗ്രാമമാണ്. അവിടുന്ന് ബോട്ടിലോ തീവണ്ടിയിലോ ലൂസേൺ സിറ്റിയിലെത്താം. അവിടെ നിന്നും ഒരു മണിക്കൂറോളം യാത്ര ചെയ്തു വേണം സ്യൂറിക്കിൽ ലിമത്ത്സ്ട്രാസ്സെയിലുള്ള എന്റെ ഹോട്ടലിലെത്താൻ.
തീവണ്ടിയുടെയും റെയിൽപ്പാളത്തിന്റെയുമൊക്കെ കുറച്ച് ഫോട്ടോകൾ പിടിച്ചാണ് ഞാൻ വണ്ടിയുടെ ഏറ്റവും മുന്നിലെ ബോഗ്ഗിയിൽ (ആകെക്കൂടി ഒരു ബോഗിയുടെ വലിപ്പമില്ല) കയറിയത്. ഡൊണാറ്റോ രണ്ട് യുവതികളുടെ നടുക്കിരുന്ന് എന്തോ വലിയ തമാശ പറഞ്ഞ് ചിരിക്കുന്നു! അവരുടെ കയ്യിലെ തുറന്നു പിടിച്ച് പ്ലാസ്റ്റിക് കൂടുകളിൽ നിന്നും ചിപ്സെടുത്ത് കൊറിക്കുന്നുമുണ്ട്. ഒന്നുമറിയാത്തമട്ടിൽ ഞാൻ അവർക്കഭിമുഖമായുള്ള സീറ്റിൽ അമർന്നിരുന്ന് പുറം കാഴ്ചകൾ കാണാൻ തുടങ്ങി.

"ഇവൻ അൻവർ, അവന്റെ സെക്കന്റ് നൈം ഷഫീക്ക് എന്നാണ്. അത് വിളിക്കുന്നതാണ് അവനിഷ്ടം. എന്റെ സുഹൃത്താണ്. ഇന്ന് ഐസിൽ വീണ് അവന്റെ ചന്തിയാകെ തകർന്നിരിക്കുകയാണ്." ഡൊണാറ്റോ എന്നെ ആ പെണ്ണുങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ഞാൻ ഒരു വളിഞ്ഞ ചിരിയവർക്ക് സമ്മാനിച്ചു വീണ്ടും പുറംകാഴ്ചകളിലേക്ക് മടങ്ങി.

"എലീന", അറ്റത്തിരിക്കുന്നവൾ കറുത്ത കണ്ണട മുഖത്തു നിന്നും മാറ്റി എന്റെ നേരെ കൈ നീട്ടിക്കൊണ്ട് സ്വയം പരിചയപ്പെടുത്തി. ദൈവമേ, ഒരു പെൺകൈ! അങ്ങകലെ പ്രസവാലസ്യത്തിൽക്കിടന്ന് നാല് ദിവസം മുംബ് എന്നെ യാത്രയാക്കുമ്പോൾ എന്റെ പ്രാണപ്രേയസ്സിൽ ചെവിയിൽ പറഞ്ഞ വസിയ്യത്ത്!!

"കണ്ട വെള്ളക്കാരികൾക്ക് കൈ കൊടുക്കാനും ഉമ്മ കൊടുക്കാനുമൊന്നും പോണ്ട"

"അപ്പോ, കറുത്തവർക്കും വെള്ളക്കാരല്ലാത്തവർക്കും കൊടുക്കാമോ?"

മൂന്നാം തൃക്കണ്ണ് തുറന്നുള്ള ആ നോട്ടം!
 
"ഹൈ! നൈസ് റ്റു മീറ്റ് യൂ" ഞാൻ കൈകൂപ്പി.

" നിങ്ങൾ ഇന്ത്യക്കാരനാണൊ!"
മറുപടി കൊടുത്തത് ഡൊണാറ്റോയാണ്. "അതെ അവൻ ഇന്ത്യാക്കാരനാണ്. പക്ഷേ ദുബൈയിലാണ് താമസം. ശുദ്ധനാണ്. ബിയർ കുടിക്കില്ല. പ്രണയിച്ചിട്ടില്ല. പക്ഷേ ഒരു കുഞ്ഞുണ്ട്. കാര്യങ്ങളൊക്കെ അറിയാം. എന്റെ ബാങ്കിലെ ജോലി അവന്റെ നാട്ടിലെ കള്ളപ്പണം കൊണ്ടാണെന്നൊരു പ്രസ്താവനയും അവനിന്നിറക്കിയിട്ടൂണ്ട്. അവൻ ചില പ്രത്യേക ഭാഷളിലൊക്കെ പഠനം നടത്തുന്നുമുണ്ട്."
"വൗ" ആമാശയത്തിൽ നിന്നാണെന്ന് തോന്നുന്നു, എലീന ഒരു പ്രത്യേകശബ്ദമുണ്ടാക്കി. അവൾ രണ്ട് ഭാഷകളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ബെനിൻ എന്ന ആഫ്രിക്കൻ രാജ്യത്തെ പ്രത്യേക ഗോത്രവർഗ്ഗക്കാരുടെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോത്രഭാഷയും പിന്നെ നമ്മുടെ ആർഷഭാരതപൈതൃകമായ സംസ്കൃതഭാഷയെപ്പറ്റിയും. അവൾ പാലക്കാട്ട് വന്നിട്ടുണ്ട്. ആറു മാസത്തോളം താമസിച്ചിട്ടുണ്ട്. ഒളപ്പമണ്ണ മനയും വെള്ളിനേഴിഗ്രാമവും കഥകളിയും ചുട്ടികുത്തലും മസാലദോശയും പനങ്കള്ളും മലമ്പുഴയും യക്ഷിയും ഷോർണ്ണൂർ റെയിവേ സ്റ്റേഷനുമെല്ലാം അവൾക്ക് മന:പാഠം. സംസ്കൃതത്തെക്കുറിച്ച് കൂടുതലറിയാൻ കാഞ്ചിമഠത്തിലും ശിവഗിരിയിലും താമസിച്ചിരിക്കുന്നു. നമ്മുടെ നാട് നല്ലതാനെന്നും നമ്മളൊക്കെ ഭാഗ്യവാന്മാരണെന്നും അവൾ തീർത്തു പറഞ്ഞു.

"നിങ്ങൾക്ക് സംസ്കൃതം അറിയാമോ?". ദൈവമേ! സംസ്കൃതം പഠിപ്പിക്കുന്ന രവീന്ദ്രൻ മാഷെ മാത്രമാണെനിക്കറിയാവുന്നത്. പക്ഷേ അഭിമാനിയായ ഒരു ഭാരതപുത്രൻ ഫ്രഞ്ചുകാരിയായ വെറൊമൊരു പെണ്ണിന്റെ മുന്നിൽ തോറ്റുകൂടാ. മരിച്ചുകൊണ്ടിരിക്കുന്നു എന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നമ്മുടെ മഹാന്മാരായ ഭാഷാപണ്ഡിതരും സാംസ്കാരിക നായകരും വിധിയെഴുതിയ ഞങ്ങളുടെ പൈതൃകഭാഷയെ പുന:രുജ്ജീവിപ്പിച്ച് വിദേശമാർക്കറ്റുകലേക്ക് ഒളിച്ചുകടത്താൻ ഞങ്ങൾ സമ്മതിക്കില്ല.

"നിങ്ങൾക്ക് സംസ്കൃതം അറിയാമോന്ന്?" അവള്‍ ചോദ്യം ആവര്‍ത്തിച്ചു.

"സംസ്കൃതം കുറച്ചൊക്കെ അറിയാം. പക്ഷേ വീട്ടിൽ ഉപയോഗിക്കാറില്ല എന്നു മാത്രം."

"സമ്പ്രതി വാർത്താഹാ ശുയന്താം, പ്രവാചകാഹ: ബലദേവനന്ത സാഗരാഹ:. പ്രധാന്മന്ത്രി നരസിംഹറാവു മഹോദയാന: സമുചിതകയഹ: സമോദക ഏകാരംഭം വൃത്തതകഥഹ: അനുസാരി വികാരാഗമാന കാരണാഹ...."

പണ്ട് പഠനകാലത്ത് മിമിക്രിക്ക് വേണ്ടിപ്പഠിച്ചതാണ്. ബലദീവാനന്തസാഗരയും വിശ്വനാഥ് ശർമ്മയുമൊക്കെ 6.55ന് അകാശവാണിയിൽ സംസ്കൃതം പൊടിപറത്തുന്നത് കൊച്ചുന്നാൾമുതൽ കേട്ടുതഴമ്പിച്ചതിന്റെ ഒരു പരിചയവും വെച്ചങ്ങ് കാച്ചി.

കാൽ മുട്ടുകളിൽ രണ്ടും കൈകളുമൂന്നി കണ്ണടച്ച് പൊട്ടിച്ചിരിക്കുകയാണ് എതിർവശത്തിരിക്കുന്ന എലീന എന്ന ഭാഷാ ഗവേഷക. എന്റെ സംസ്കൃതപാണ്ഡിത്യം കണ്ട് കണ്ണുതള്ളിയിരിക്കുന്ന ഡൊണാറ്റോയും മറ്റേ പെണ്ണും പതിയേ എലീനയുടെ ചിരിയിൽ പങ്കുകൊണ്ടു. ഒരു കൂട്ടച്ചിരി. ആയിരക്കണക്കിന് യൂറൊപ്യൻ ചിരട്ടകൾ ഒരു മഞ്ഞുമലയിൽ ഒരുമിച്ച് വർഷിച്ചപോലുള്ള ആ ശബ്ദസമ്മേളനം ആസ്വദിക്കാനെനിക്ക് കഴിഞ്ഞില്ല. ഐസിൽ വീണപ്പോൾ പുറത്തുവന്നേ അതേ ചിരി എന്റെ മുഖത്ത് തെളിഞ്ഞു.

"നിങ്ങൾ നല്ല തമാശ കാണിച്ചിരിക്കുന്നു. സംസ്കൃതത്തിൽ വെറും വാർത്താ വായന മാത്രമല്ല ഉള്ളതു. പറഞ്ഞതോ, മുഴുവൻ പൊട്ടതെറ്റും. പഠിക്കാൻ ഞാൻ കുറേ പണിപ്പെട്ടു. ഇപ്പോൾ എനിക്ക് വായിക്കാം എഴുതാം, കുറച്ചൊക്കെ സംസാരിക്കാം. പക്ഷേ, മിസ്റ്റർ ഷഫീക്കിനെപ്പോലെ വാർത്ത വായിക്കാൻ ഇനിയും പഠിച്ചിട്ടില്ല." വീണ്ടും ചിരി.

മഞ്ഞുമലകളിൽ സൂര്യന്റെ നേർത്ത ചുവന്ന് കിരണങ്ങൾ വീണുകിടക്കുന്നു. ദിനാന്ത്യത്തിന്റെ തണുപ്പ് തീവണ്ടിക്കുള്ളിലേക്കും പരക്കുന്നുണ്ട്. മണി അഞ്ചാവുന്നതേയുള്ളൂ. പക്ഷേ ഇരുട്ടായിത്തുടങ്ങുന്നു. നവംബറിലെ പകലുകൾക്ക് ദൈർഘ്യം കുറവാണ്. നെടും കുത്തനെയുള്ള തീവണ്ടിപ്പാതയിലൂടെ ഇടക്ക് ഒരു കൊച്ചു തുരങ്കവും കടന്ന് മുക്കാൽ മണിക്കൂർ കൊണ്ട് മലയടിവാരത്തിലെ ആൽപ്പനാസ്റ്റെഡ്(Alpnachstad) എന്ന കൊച്ചു ഗ്രാമത്തിലെത്തിച്ചേർന്നു. വളരേ പഴയവീടുകളുള്ള, ചെറിയ വീതികുറഞ്ഞ റോഡുകളുള്ള ഒരു കൊച്ചു സ്വിസ്സ്ഗ്രാമം. ആളനക്കമില്ലാത്ത ആ ഗ്രാമീണപാതയിലൂടെ ഞങ്ങള്‍ കുറച്ചുദൂരം നടന്നു. പഴകിപ്പൊളിഞ്ഞ ബഹുനില വീടുകള്‍ യക്ഷിക്കഥയിലെ ഭവനങ്ങള്‍ പോലെ തോന്നിച്ചു. ട്രെയിന്‍ വരാന്‍ സമയമായിരിക്കുന്നു. ഞങ്ങള്‍ ഒരു ബസ്സ്റ്റോപ്പു പോലെയുള്ള ചെറു റയില്‍ സ്റ്റേഷനിലെത്തി. ആ പത്തിരുപത് മിനുട്ടിനിടെ ഒരൊറ്റ മനുഷ്യജീവിയെപ്പോലും കണ്ടതേയില്ല. റോഡിന്റെ മറുവശത്ത് ശാന്തമായി നിലകൊള്ളുന്ന ലൂസേണ്‍ തടാകം. ഈ മാസങ്ങളിൽ ലൂസേൺ ലെയ്ക്കിൽ ബോട്ട് സവാരിയില്ല. തീവണ്ടിയിൽത്തെന്നെയാണ് ലൂസേണിലേക്ക് തിരിച്ചത്. മടക്കയാത്രയിൽ ലൂസേണിലെത്തുന്നതു വരേ ഡൊണാറ്റോ ഇടക്കിടെ ഞങ്ങൾ തമ്മിലുള്ള കരാർ ലംഘിച്ചുകൊണ്ടിരുന്നു.

7 മണിക്ക് ശേഷമുള്ള ആദ്യ തീവണ്ടിയിലെ ഒത്ത നടുക്കുള്ള ഒരു വാഗണിലെ ജനാലക്കരികിൽ ഞാനിരിപ്പുറപ്പിച്ചു. ഇനിയും പത്ത് മിനുട്ട് ബാക്കിയുണ്ട്. ഡൊണാറ്റോ യാത്ര പറഞ്ഞു. ഒരു ദിവസത്തെ പരിചയം ഒരു വർഷത്തെ പരിചയത്തേക്കാളുപ്പുറത്തെത്തിയിരിക്കുന്നു. ഞങ്ങൾ തമ്മിൽ ചേരുന്ന ഒരു സ്വഭാവവുമില്ല. എനിക്കത്ഭുതം തോന്നി. അവനെ ചിലപ്പോൾ ഞാൻ മറന്നു പോയേക്കാം. അല്ലെങ്കിൽ അപ്രതീക്ഷിതമായി വന്നേക്കാവുന്ന ഒരു ഫോൺ വിളിയിൽ അവനെന്റെ ഓർമ്മകളിലേക്ക് മഞ്ഞുമലയിലെ ഈ പകലിനെ തിരികെക്കൊണ്ടു വന്നേക്കാം. മനോഹരമായ ഒരു ദിവസത്തെ അരമിനിറ്റിലെ സംസ്കൃതം അൽപ്പം കേടാക്കിയതൊഴിച്ചാൽ ഓർമ്മയിൽ സൂക്ഷിച്ചുവെക്കാൻ എമ്പാടുമുണ്ട്.


"ഷഫീക്ക്, ദാ..ഒരു കോഫി, നല്ല ചൂടുണ്ട്. ഈ ചോക്ലേറ്റുകൾ യാത്രയിൽ തിന്നാം" ഡൊണാറ്റോയാണ്. യാത്ര പറഞ്ഞ് പോയവൻ വീണ്ടും തിരിച്ച് വന്നിരിക്കുന്നു. "ഇനിയിവിടെ വരുമ്പോൾ എന്നെ വിളിക്കാൻ മറക്കരുതേ. നമുക്ക് ടിട്‌ലിസ് മലയിൽ പോകാം പിന്നെ എംഗൽബെർഗിൽ നിന്നും കാൽനടയായി ചെറുകുന്നുകൾ കേറാം. അല്ലെങ്കിൽ യുൻഗ്ഫ്രോ. പ്രോമിസ്സ്, നിനക്കിഷ്ടമില്ലാത്തതൊന്നും ഞാൻ മിണ്ടില്ല."  വണ്ടി വിടാറായിരിക്കുന്നു. അവൻ പുറത്തിറങ്ങി. ജനാലക്കരികിലെത്തി കൈവീശി എന്നെ യാത്രയാക്കി.
ചുടുകാപ്പി മൊത്തിക്കുടിച്ചു കൊണ്ട് ഞാൻ ഇരുട്ടിത്തുടങ്ങുന്ന പുറം കാഴ്ചകളിൽ മുഴുകി. മിക്ക സീറ്റുകളിലും കാലിയാണ്. കൂടെയുള്ളവരെ നിരീക്ഷിക്കുന്ന എന്റെ സ്ഥിരം വിനോദത്തിന് വകുപ്പില്ല. തൊണ്ടയിലെ കിരികിരിപ്പിലൂടെ ചൂടുകാപ്പി അരിച്ചിറങ്ങുമ്പോൾ എന്തെന്നില്ലാത്ത സുഖം.  ഇന്നത്തെ ദിവസം മുഴുവൻ കോടിക്കണക്കിന് പിക്സലുകളായി എന്റെ ക്യാമറയിൽ പതിഞ്ഞു കിടപ്പുണ്ട്. മേലെ വെച്ച ബാഗിൽ ക്യാമറെയെടുക്കാനായി എഴുന്നേറ്റു.

" സമ്പ്രതി വാർത്താഹാ: ശുയന്താം...."

അപ്രതീക്ഷിത ആക്രമണത്തിൽ ഒന്ന് പതറി! അവളാണ്. ഇതേ തീവണ്ടിയിൽ, ഇതേ ബോഗിയിൽ. ശവത്തിൽ കുത്താൻ. വേണ്ട. ഒരേറ്റുമുട്ടൽ വേണ്ട. പെണ്ണാണ് ജാതി. മിണ്ടാതിരിക്കുന്നതാണ് ഭേദം. സംസ്കൃതവും അറിയാം. എന്തെങ്കിലും മിണ്ടിപ്പറഞ്ഞ് കമ്പനികൂടാനുള്ള അടവായിരിക്കും. ഞാൻ ചെവികൊടുക്കാതെ മെല്ലെ സീറ്റിൽ അമർന്നിരുന്നു. ടീ ടീ ഇയുടെ നീണ്ടവിസിൽ, വണ്ടി ഇളകിത്തുടങ്ങി.

ഇതി വാർത്താഹ:

51 അഭിപ്രായങ്ങൾ:

 1. നന്നായി കേട്ടോ ....മനസ്സ് കൊണ്ട് അവിടെയെല്ലാം ...പോയ നിര്‍വൃതി ...എല്ലാ നന്മകളും നേരുന്നു ..ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 2. ഒത്തിരിയൊത്തിരി ഇഷ്ടമായി ഈ പുതുമയേറിയ യാത്രാ വിവരണം. രസകരമായിരിക്കുന്നു. ഇതി വാര്‍ത്താഹഃ

  മറുപടിഇല്ലാതാക്കൂ
 3. എന്റുമ്മാ... ഇത്രേം എങ്ങനെ എഴുതിയൊപ്പിച്ചു.. ഏതായാലും വായിക്കാൻ നല്ല രസമുണ്ടായിരുന്നു.. സംസ്കൃത പാണ്ഡിത്യവും ഡൊണേറ്റയും സൂപ്പർ ആക്കി.. :)

  മറുപടിഇല്ലാതാക്കൂ
 4. അന്‍വര്‍, ആല്പ്സിനോളം ഉയരമുള്ള ഈ പോസ്റ്റിന്റെ നീളം കണ്ട് ആദ്യം വായിക്കേണ്ട എന്ന് തോന്നിയതാണ്. എങ്കില്‍ നഷ്ടമായേനെ.ഈ അടുത്തു വായിച്ചതില്‍ ഏറ്റവും രസകരമായി എനിക്ക് തോന്നിയ യാത്രാവിവരണം...

  (രണ്ടു യുവതികളുടെ നടുക്കിരുന്ന് തമാശ പറഞ്ഞു ചിരിക്കുന്ന ഡൊണാറ്റോയെ വായിക്കുമ്പോള്‍ പുലിവാല്‍ കല്യാണത്തിലെ സലിംകുമാറിന്റെ റോള്‍ ഓര്‍മ്മ വരുന്നു. :-))

  മറുപടിഇല്ലാതാക്കൂ
 5. കൊച്ചുകേരളത്തിലെ ഒരു പുഴയോരഗ്രാമത്തിൽ നിന്നും പ്രസിദ്ധമായ ഈ പർവ്വതനിരകളിൽ വന്ന് സൃഷ്ടികർത്താവിനെ വണങ്ങാൻ അവസരമൊരുക്കിയ നാഥന് പ്രണാമമർപ്പിച്ച്....

  അങ്ങിനെ ഒരു പൂനൂര്‍ക്കാരന്‍ ആല്‍പ്സിനു മുകളില്‍...അസൂയ തോന്നുന്നു അന്‍വര്‍, ശരിക്കും അസൂയ തോന്നുന്നു....

  നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 6. ആഹാ...എഴുത്ത് സൂപ്പറായിരിക്കണ്..!
  യാത്രാ വിവരണം എന്നൊക്കെ പറഞ്ഞാല് ഏതാണ്ട് ഇതുപോലൊക്കെ വേണം.. ഇഷ്ടായി.
  സത്യായിട്ടും ഇഷ്ടായി.
  ആശംസകളോടെ....പുലരി.

  മറുപടിഇല്ലാതാക്കൂ
 7. നല്ല രസമുള്ള പോസ്റ്റ്‌ ഒരു പാട് വിവരം പ്രദാനം ചെയ്യുന്നതോടൊപ്പം ശഫീക്കിന്‍റെ സ്വതസിദ്ധമായ നര്‍മം ചാലിച്ച വിവരണവും പരാമര്‍ശങ്ങളും.
  വിവരങ്ങള്‍:
  ഒന്ന്. തണുപ്പുള്ള കാലാവസ്ഥയിൽ ബാറ്ററി പെട്ടെന്ന് തീർന്നു പോവും, കുന്നിൻ മുകളിലോ കാട്ടിലോ, യാത്രക്കിടയിലോ ഇനി നഗരങ്ങളിൽ തന്നെയായിരുന്നാലും ബുദ്ധിമുട്ടില്ലാതെ ചാർജ് ചെയ്യാൻ സോളാര്‍ ചാര്‍ജര്‍ സഹായിക്കുന്നു.

  രണ്ട്: എല്ലാ മലയാളികള്‍ക്കും സംസ്കൃതമറിയാമെങ്കിലും വീട്ടില്‍ സംസാരിക്കാറില്ല.

  മൂന്ന്: ഐസില്‍ വീണാലും ശക്തിയായി വേദനിക്കും. ഐസില്‍ വീണാലുള്ള ചിരി കണ്ടു പിടിച്ചത് ഒരു മലയാളിയാണ്.

  ആദ്യം മുതല്‍ അവസാനം വരെ ചിരി ചുണ്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ സമ്മതിച്ചില്ല.

  ഇത് ഒരു നല്ല കാല്‍വെപ്പാണ്. നിരന്തരം യാത്രകള്‍ നടത്തുന്ന അന്‍വര്‍ അവയൊന്നും കുറിച്ചിടാതെ കേരള രാഷ്ട്രീയം മാതിരി നൈമിഷികാസ്വാദനം നല്‍കുന്ന സാധനങ്ങള്‍ക്ക്‌ പകരം ആ യാത്രകളോരോന്നും ഈ മനോഹരമായ ശൈലിയില്‍ പകര്‍ത്തി വച്ചാല്‍ അത് സഞ്ചാര സാഹിത്യ ശാഖക്ക് തന്നെ വലിയ സംഭാവനയായി മാറും. ഒരു എന്‍ജിനിയറും സാഹിത്യ കാരനും സന്ധിക്കുന്ന കൃതികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
  നോട്ട്: കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റ്‌കള്‍ നല്ല ആക്ഷേപ ഹാസ്യമായിരുന്നു കേട്ടോ. പക്ഷെ അതിനു നല്‍കുന്ന സമയം ഇനി യാത്രകള്‍ കുറിച്ചിടാനായി നല്‍കുക.

  മറുപടിഇല്ലാതാക്കൂ
 8. നല്ല ജഗല് യാത്രാവിവരണം .... ഇടക്കൊക്കെ ഇങ്ങനെ വന്നോട്ടെ ... കാശ് മുടക്കില്ലാതെ കാര്യങ്ങള്‍ അറിയാമല്ലോ
  ആശംസകള്‍ ...... അജിത്‌ പറഞ്ഞ പോലെ ഇതി വാര്‍ത്താഹ....

  മറുപടിഇല്ലാതാക്കൂ
 9. ഇടിവെട്ട്...
  ഒരുപാട് ഇഷ്ടമായി... ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 10. നന്നായി ചീരാ മുളകെ,ഒട്ടും എരിവില്ലാതെ രുചികരമായി തയ്യാറാക്കിയ ഒരു പോസ്റ്റ്‌ ,അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 11. അസ്സലായിട്ടുണ്ട്. നമ്മളൊക്കെ യാത്ര ചെയ്യുന്നത് തന്നെ വളരെ കഷ്ടപെട്ടാണ്. നീയാണെങ്കില്‍ അതിലും കഷ്ടപ്പെട്ട് വിവരിക്കുകയും ചെയ്തിരിക്കുന്നു.
  ''ഒരായിരം ഉന്നക്കായ പൊട്ടിത്തെറിച്ചത് പോലെ '' നല്ല ഉപമ. കലക്കി. കുടുംബ ജീവിതത്തിന്റെ ഇടയില്‍ എഴുതാന്‍ ഇനിയും സമയം കിട്ടട്ടെ എന്ന ആശംസയോടെ...

  മറുപടിഇല്ലാതാക്കൂ
 12. നന്നായി അവതരിപ്പിച്ചു. സമ്പ്രതി വാർത്താഹാ ഇഷ്ടാഹ...

  മറുപടിഇല്ലാതാക്കൂ
 13. നല്ല വിവരണം മാഷേ.. പിന്നെ കഴിഞ്ഞ മാസം പോയതിന്‍റെ യത്രാ വിവരണം താമസിക്കാതെ പ്രതീക്ഷിക്കാമല്ലോ അല്ലേ :)

  മറുപടിഇല്ലാതാക്കൂ
 14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 15. ഇഷ്ടമായി, അഭിനന്ദനങ്ങള്‍...!

  മറുപടിഇല്ലാതാക്കൂ
 16. ആകെമൊത്തം സംഗതി ഇതികര്‍ത്താഹേ ആയിട്ടുണ്ട്‌.
  ദുബായില്‍ പെണ്ണുങ്ങളെ കിട്ടുമോന്നു ചോദിച്ച ആ പണ്ടാരത്തിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കാമായിരുന്നു.


  (ബിലാത്തി-മുരളിയേട്ടന്റെ വിവരണം പോലെയുള്ള എഴുത്തായിരിക്കും യാത്രാവിവരണത്തിനു അനുയോജ്യമെന്നു കരുതുന്നു.
  'യാത്ര'യില്‍ വായനക്കാരനെയും കൂടെക്കൂട്ടാന്‍ കഴിയുന്ന ശൈലിയുമായി വീണ്ടും ഇതുവഴി വരൂ കുചേലാ)

  മറുപടിഇല്ലാതാക്കൂ
 17. യാത്രാ വിവരണംഅസ്സലായിട്ടോ ഇതുവായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും അവിടെവരെ പോയതുപോലെതോന്നി.നല്ല വായന സുഖംതോന്നി എല്ലാവിധആശംസകളും നേരുന്നു..
  പിന്നെ ഒരു ചെറിയ അപാകതപോലെ എനിക്ക് ഇവിടെ " ഞാനൊരു സാധു ഭർത്താവാണ്. ആറു ദിവസം മുമ്പ് ഞാനൊരു പിതാവുമായി. രണ്ട് ദിവസം മാത്രം പ്രയമുള്ള എന്റെ മോനെ ഒരു നോക്ക് കണ്ടിട്ടാണ് ഞാൻ സ്വിറ്റ്സർലാന്റിലെ ഈ ശൈത്യകാലത്തേക്ക് പറന്നു വന്നത്." എനിക്ക് എന്തോ അപാകതപോലെതോന്നി ബാക്കിയല്ലം പോളപ്പനായി

  മറുപടിഇല്ലാതാക്കൂ
 18. ഒക്കെ വായിച്ചപ്പോള്‍ ഒരു ആഗ്രഹം അവിടം വരെ ഒന്ന് പോയലെന്ടാനെന്നു ഞാന്‍ ഇന്ന് തന്നെ സ്വപ്നത്ത്തില്‍ പോയി വരാന്‍ നോക്കണം ....നമ്മള്‍ മലയാളികളുടെ തനി സ്വഭാവം അവിടെയും പോയി കാട്ടാന്‍ സാധിച്ചതിന് അഭിനന്ദനങ്ങള്‍ അന്‍വര്‍ ....കോംബസ്സ് വെച്ച് ദിശ നോക്കി പ്രാർത്ഥനക്കൊരുങ്ങിയതിനു പ്രത്യേക അഭിനന്ദനങ്ങള്‍ .....ഏറ്റവും വേണ്ടുന്ന കാര്യം അത് തന്നെ സൌഭാഗ്യങ്ങള്‍ കൂടുമ്പോള്‍ ദൈവത്തെ മറക്കുന്നവര്‍ ആണ് കൂടുതല്‍

  മറുപടിഇല്ലാതാക്കൂ
 19. അന്‍വര്‍ അടിപൊളി യാത്ര വിവരണം..കൌതുകത്തോടെയാണ് വായിച്ചു തീര്‍ത്തത്..പുട്ടിനു പീര പോലുള്ള നര്‍മ്മങ്ങളും നന്നായിരുന്നു. ആല്‍പ്സ് മലനിരയിലും നമ്മുടെ നാടും സംസ്കൃതവും അറിയുന്ന ഒരാള്‍ ഉണ്ടെന്നു അറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി..മേരാ ഭരത് മഹാന്‍...

  മറുപടിഇല്ലാതാക്കൂ
 20. യാത്രാ വിവരണം ഉഷാറായി. കുറച്ചുകൂടെ ഫോട്ടോസ് ഉള്‍പ്പെടുത്താമായിരുന്നു. ദൈര്‍ഘ്യം കൂടുതലാണെങ്കിലും വായിച്ചുതുടങ്ങിയപ്പോള്‍ തോന്നിയില്ല. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 21. നല്ല വിവരണം. അനുഭവിച്ച അനുഭൂതി. എങ്കിലും നീണ്ടുപോയി. വായനക്കാരുടെ സൗകര്യം കണക്കിലെടുത്ത്, ഭാഗങ്ങളായി എഴുതാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 22. ഫോട്ടോസിന്റെ അഭാവം ഒരു കുറവ് തന്നെയാണ് യാത്രാവിവരണത്തിന് :)

  മറുപടിഇല്ലാതാക്കൂ
 23. യാത്രാവിവരണം നന്നായിരുന്നു. കൂടെ യാത്ര ചെയ്ത പ്രതീതി.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 24. what a travelogue shafeek.
  ശരിക്കും ആസ്വദിച്ചു. കൊതിപ്പിച്ചു , വിസ്മയിപ്പിച്ചു, ചിരിപ്പിച്ചു.
  ഞാനും കൊതിക്കാറുണ്ട് മഞ്ഞ് പെയ്യുന്ന യൂറോപ്പിലൂടെ ഒരു യാത്ര.
  യാത്രകള്‍ ഒരിക്കലും വിരസമാവാറില്ല. അതുപോലെ ഞാന്‍ വായിച്ച ഈ യാത്രാ കുറിപ്പും നല്‍കിയത് യാത്രപോലെ ഉന്മേഷമുള്ള വായനയാണ്.
  നന്ദി ഈ യാത്രയില്‍ കൂട്ടുവിളിച്ചതിന്.

  മറുപടിഇല്ലാതാക്കൂ
 25. യാത്രകള്‍ ഒരനുഭൂധിയാണ് .. ഒരു പാട് ഓര്‍മപ്പെടുത്തലുകളും .;..
  ഇനിയും എഴുതൂ ശഫിക് ഇതുപോലെ നല്ല യാത്ര വിവരങ്ങള്‍ ................

  മറുപടിഇല്ലാതാക്കൂ
 26. ഈ യാത്ര വളരെ ഇഷ്ട്ടപ്പെട്ടു.

  "ഒരു പഞ്ഞിമരത്തിലെ ലക്ഷക്കണക്കിന് കായകൾ ഒരുമിച്ച് പൊട്ടിത്തെറിച്ചപോലെ. എന്റെ ചില്ലുപാത്രത്തിന്റെ ചില്ലുഭിത്തികളില്‍ വന്നിരുന്ന ചിലത് കൊച്ചുവെള്ളത്തുള്ളികളായി താഴേക്കൊലിച്ചിറങ്ങി......"
  മഞ്ഞു പൊഴിയുന്ന ആ കാഴ്ച എത്ര മനോഹരമായി താങ്കള്‍ പറഞ്ഞിരിക്കുന്നു!
  കഴിഞ്ഞ വര്‍ഷം മനാലി(ഹിമാചല്‍ പ്രദേശ്‌) യില്‍ നിന്ന് "രൊഹ് താങ്ങ് പാസ്സില്‍"(Rohtang Pass )ലേക്കുള്ള യാത്രക്കിടയില്‍ ഇതേപോലെ കാറിന്‍റെ ചില്ല് ജാലകത്തില്‍ മഞ്ഞ് പൂക്കള്‍ പൊഴിഞ്ഞു വീണത്‌ ഈ വരികള്‍ വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നു.
  എന്നെങ്കിലും ഒരിക്കല്‍ മലനിരകളില്‍ മഞ്ഞുപൊഴിയുന്ന ഒരു നവംബറില്‍ എനിക്കും പോകണം അവിടേക്ക്.........അതിമോഹമാണെന്നറിയാം എങ്കിലും.

  ഇനിയും എഴുതുക.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 27. @kochumol(കുങ്കുമം), തനിസ്വഭാവം കാണിച്ചല്ലേ പറ്റൂ!


  @ഒരു ദുബായിക്കാരന്‍, പരപ്പനാടൻ, yemceepee, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ... വായിച്ചു കമന്റിയതിന് പെരുത്ത് നന്ദി.
  @ഷബീര്‍തിരിച്ചിലാന്‍, സുരഭി:  ഫോട്ടോകൾ കൂടി ദൈർഘ്യം വർദ്ധിക്കുമോ എന്നു ഭയന്നു. പോസ്റ്റിന്റെ അവസാനത്തിൽ ചിത്രങ്ങളിലേക്കുള്ള വേറെ ഒരു ലിങ്ക് കൊടുത്തിരുന്നു. കണ്ടില്ലേ?

  @V.P Ahmedഒരു മുഴുദിന പരിപാടി എഴുതിയൊപ്പിച്ചപ്പോൾ ഇങ്ങനെ നീണ്ടു പോയി! എഴുതിത്തെളിയുമ്പോൾ ശരിയായേക്കും.

  മനാലിയുടെ സൗന്ദര്യം ചിത്രങ്ങളിലൂടെ മാത്രമേ കണ്ടിട്ടുള്ളൂ. പറഞ്ഞുകേട്ട അറിവു വെച്ചു നോക്കുമ്പോൾ ഒരിക്കലും പിന്നെത്തേക്ക് വെക്കാതെ കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെ. നമ്മുടെ ഭാരതത്തിലുള്ളത്ര ഭൂമിശാസ്ത്ര വൈജാത്യം മറ്റെങ്ങും കാണില്ല. പക്ഷേ നാം പ്രകൃതിയെക്കാണാൻ കടലുകടക്കുന്നു! 

  മറുപടിഇല്ലാതാക്കൂ
 28. ചീരാമുളകേ... ഈ പോസ്റ്റ്‌ വറ്റല്‍മുളക് പോലെ നീണ്ടുപോയല്ലോ..
  രസകരമായി വിവരിച്ചു.
  വിശദമായി ഒന്ന്കൂടി വായിക്കാന്‍ പിന്നീട് വരാം

  മറുപടിഇല്ലാതാക്കൂ
 29. വളരെ നന്നായൊരു വിവരണം..
  അആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 30. അടിപൊളി.... മനോഹരമായ വിവരണം.... പിന്നെ ഓരോ ലവളുമാരുടെ കാര്യം.... സംസ്ക്രതം പഠിച്ചു ഇറങ്ങിരിക്കുവാ പാവം മലയാളിക്കിട്ടു പണികൊടുക്കാന്‍ ... :P

  മറുപടിഇല്ലാതാക്കൂ
 31. മനസ്സുകൊണ്ട് പങ്കു കൊന്ടര് യാത്ര വിവരണം എല്ലാം നേരിട്ട കാണാന്‍ കൊതിയാവുന്നു

  മറുപടിഇല്ലാതാക്കൂ
 32. അന്‍വര്‍, വായിക്കാന്‍ തുടങ്ങിയപ്പോള്‍ പോസ്റ്റിന്റെ നീളം നോക്കിയില്ല. വായിച്ചുകഴിഞ്ഞപ്പോള്‍ ആല്‍പ്സ് മലനിരകളില്‍ പോയി വന്നതുപോലെയുണ്ട്. പക്ഷെ, ഒരു എതിരഭിപ്രായമുണ്ട്. ലോകത്തെ ഏറ്റവും കുത്തനെയുള്ള റെയില്‍വേ ഇവിടെ ആസ്ട്രേലിയയില്‍ ബ്ലൂ മൌണ്ടന്‍സ് എന്നാണ് എനിക്കു തോന്നുന്നത്. :-)

  മറുപടിഇല്ലാതാക്കൂ
 33. ഹൂ......എന്റെ കര്‍ത്താവേ....

  പേടിക്കേണ്ട..
  ഒന്ന് ശ്വാസം വിട്ടതാണെ.... മല കേറുന്ന പണിയായിരുന്നു ഇത് വായിക്കാന്‍..

  നീളം കണ്ടപ്പോള്‍ ഒരു പ്രദീഷയും ഉണ്ടായിരുന്നില്ല ഇത് ഞാന്‍ വായിച്ചു തീര്‍ക്കുമെന്ന്.... എന്തായാലും അത് സംഭവിച്ചു.. മുഴുവന്‍ വായിച്ചു...

  നന്നായിട്ടുണ്ട്... ബോറടിപ്പിക്കുന്ന ഒരു വാചകം കൂടി ഇതിലില്ല.. നര്‍മ്മം ആവശ്യത്തിന് ഉണ്ട്... യാത്രയുടെ എല്ലാ രസവും വായനയില്‍ കിട്ടി...നന്ദി...

  നമസ്കാരം...

  മറുപടിഇല്ലാതാക്കൂ
 34. @Mani മണിയേട്ടാ,@ലുട്ടുമോൻ, @കൊമ്പൻ, @Ismail Chemmad- വന്നു വായിച്ചതിൽ സന്തോഷം.
  @ഇസ്മയിൽ കുറുമ്പടി- നീളം ഒരു പ്രശ്നം തന്നെയാണല്ലേ, മുറിച്ചാൽ സത്ത നഷ്ടപ്പെട്ടുപോവുമോ എന്ന് ഭയന്നു.
  @സ്വപനജാലകം തുറന്നിട്ട് ഷാബു- നിങ്ങൾ പറഞ്ഞത് ശരിയാണ്. ലോകത്തെ ഏറ്റവും കുത്തനെയുള്ള പൽച്ചക്ര റെയിൽവേയാണ് പിലാത്തസിലേത്. മാറ്റങ്ങൾ പോസ്റ്റിൽ വരുത്തിയിട്ടുണ്ട്. നന്ദി.

  @Khaadu, രസിച്ചൂ എന്നറിയുമ്പോൾ എന്തൊരു സന്തോഷമാണെന്നോ?!!

  മറുപടിഇല്ലാതാക്കൂ
 35. അന്‍വര്‍
  വളരെ നന്നായിരിക്കുന്നു പോസ്റ്റ്‌. ചിത്രങ്ങള്‍ കൂട=ഉതല്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ അടുത്ത തവണ

  സജീവ്‌

  മറുപടിഇല്ലാതാക്കൂ
 36. ചീരാമുളകേ..ഞാനീ യാത്രവിവരണം വായിച്ചതാ...വൻപുലികളുടെ ബ്ലോഗിൽ കമന്റ് ചെയ്യാനുള്ള ധൈര്യമില്ലാത്തതിനാൽ കമന്റിയില്ലെന്നേ ഉള്ളൂ :)...താങ്കളുടെ ഈ ലളിതവും സരളവുമായ രീതിയാണ് ഒരു വായനക്കരനുള്ള യാത്രാവിവരണത്തിനനുയോജ്യം എന്നാണ് എന്റെ അഭിപ്രായം...എന്നാൽ ഒരു ഡയറിക്കുറിപ്പായി കൂടെ ബ്ലോഗിനെ കാണുന്നതു കൊണ്ടാണ് യാത്രക്കു തയ്യാറെടുക്കുമ്പോൾ വായിച്ച കഥകളും ചരിത്രവുമൊക്കെ കൂട്ടത്തിൽ വാരി വിളമ്പുന്നത്.ഈ ബ്ലോഗിലെഴുതിയ ചില സ്ഥലങ്ങളിലെങ്കിലും ഞാൻ വർഷങ്ങൾക്കു മുൻപ് യാത്ര പോയതാണ്..അന്നത്തെ യാത്രാനുഭവങ്ങളൊക്കെ ഓർമ്മക്കുറിപ്പൊന്നുമില്ലാതെ പുകയായി മാഞ്ഞു പോയി..

  കാര്യമായ അദ്ധ്വാനം ഇല്ലാതെ നടത്തുന്ന ഔദ്യോഗികയാത്രകൾ വിവരിക്കാൻ ഞാനും താങ്കളുടേ രീതി ഒന്നു ശ്രമിച്ചു നോക്കാറുണ്ട്..അതു പോലെ ഒത്തില്ലെങ്കിലും..
  ഇങ്ങനെ..
  ഭൂകമ്പങ്ങളുടെ നാട്ടിൽ...

  മറുപടിഇല്ലാതാക്കൂ
 37. The sun-beams streak the azure skies,
  And line with light the mountain's brow:
  With hounds and horns the hunters rise,
  And chase the roebuck thro' the snow.

  From rock to rock, with giant-bound,
  High on their iron poles they pass;
  Mute, lest the air, convuls'd by sound,
  Rend from above a frozen mass.

  The goats wind slow their wonted way,
  Up craggy steeps and ridges rude;
  Mark'd by the wild wolf for his prey,
  From desert cave or hanging wood.

  And while the torrent thunders loud,
  And as the echoing cliffs reply,
  The huts peep o'er the morning-cloud,
  Perch'd, like an eagle's nest, on high.

  (Samuel Rogers, Alps At Day-Break)

  മറുപടിഇല്ലാതാക്കൂ
 38. @കാഴ്ചകളിലൂടെ, ആദ്യശ്രമമല്ലേ, ഇനി മേലിൽ ചിത്രങ്ങൾ വേണ്ട അളവിന് ചേർക്കാം.
  @പഥികൻ, ഒരു എലി പോലുമല്ലാത്ത എന്നെ പുലിയാക്കിക്കളഞ്ഞൂലോ?
  @ANSAR ALI ഞാൻ പറയാതെ വിട്ടത്, അതായത് എനിക്ക് പറയാൻ പറ്റാത്ത ആ നിഗൂഡ സന്ദര്യം വരച്ചിടുകയാണ് കവി ചെയ്തത്. കുറേ വാക്കുകൾക്കായി ഡിക്ഷ്ണറി തപ്പേണ്ടി വന്നു.

  മറുപടിഇല്ലാതാക്കൂ
 39. വായിച്ചതിൽ വേറിട്ട നല്ലൊരു യാത്രാവിവരണം..
  കുറച്ചുകൂടീ ഫോട്ടൊകൾ കയറ്റി യാത്ര.കോമിൽ ചേർക്കു കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 40. ചീരാമുളകേ...ഞാൻ എന്താ പറയുക.....? ഇപ്പോഴാണ് ഈ യാത്രാവിവരണം കാണുവാൻ സാധിച്ചത്.ഏറെ ഇഷ്ടപ്പെട്ടു ഈ യാത്രാവിവരണം..തികച്ചും ലളിതമായ വിവരണം..ആരും ഇഷ്ടപ്പെട്ടുപോകും എന്ന് നിസംശയം പറയാം...

  മഞ്ഞിൽക്കുളിച്ച ഒരു മണാലിയാത്ര കഴിഞ്ഞ് കഴിഞ്ഞ ദിവസം എത്തിയതേ ഉള്ളു..അതുകൊണ്ട്തന്നെ ഈ ആല്പ്‌സ് യാത്രയുടെ എല്ലാ സുഖവും നന്നായി അനുഭവിക്കുവാൻ സാധിച്ചു.
  എല്ലാ ആശംസകളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 41. നർമ്മത്തിൽ പൊതിഞ്ഞ യാത്രാവിവരണം ശരിക്കും ആസ്വസിച്ചു. പിലാത്തസ് കുന്നിൽ കയറിയിട്ടില്ല. എന്നാലും മറ്റ് ചില ആല്പ്സ് കുന്നുകളിൽ കയറി ചായ കുടിച്ചിട്ടുണ്ട്. ആ സന്ദർഭങ്ങൾ ഓർത്തു ഇത് വായിച്ചപ്പോൾ. നന്ദി.

  മറുപടിഇല്ലാതാക്കൂ
 42. വിരോധമില്ലെങ്കിൽ ഈ യാത്രാവിവരണം http://www.yathrakal.com/ സൈറ്റിലേക്ക് സംഭാവന ചെയ്യൂ. 117 എഴുത്തുകാർ അവിടെ സഹകരിക്കുന്നുണ്ട്. 600ൽ‌പ്പരം യാത്രാവിവരണങ്ങളും അവിടെയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 43. ഇവിടേക്ക് കൈപിടിച്ചുകൊണ്ടുവന്നതില്‍ ഒത്തിരി നനന്ദി ശഫീക്, താങ്കളോട് എന്തെന്നില്ലാത്ത അസൂയ തോന്നുന്നു.!! യൂറോപ്പിന്റെ മനംമയക്കുന്ന സൌന്ദര്യം ആസ്വദിക്കാന്‍ ലഭിച്ച ഭാഗ്യത്തിലും അനുഗ്രഹീതമായ ഈ സഞ്ചാരസാഹിത്യത്തിനും.

  മറുപടിഇല്ലാതാക്കൂ
 44. A very interesting travelogue!I like to travel and do a lot.i read a lot of article like this.But this has something catching. This is beauty of writing. Amzing,only few people commented here.

  മറുപടിഇല്ലാതാക്കൂ
 45. അജ്ഞാതന്‍2012, ഡിസംബർ 8 6:51 PM

  asooyak marunnu kandu pidichitundenkil onnu vangi kazhikamayirunnu. SHAFEEQ chetto Namichirikunnu. vayanadan penkodiyodum kunju vavayodum koode oru nooru janmam jeevikatte. ella vida namakalum nerunnu. iniyum yathra vivaranangal predikshikunnu............... all the Best.

  മറുപടിഇല്ലാതാക്കൂ
 46. നല്ലൊരു യാത്രാവിവരണം ആസ്വദിച്ചു. ആ സംസ്കൃതം എന്നെയും ഞെട്ടിച്ചു. പക്ഷെ നല്ല പോലെ രസിക്കുകയും ചെയ്തു . ആശംസകൾ.

  മറുപടിഇല്ലാതാക്കൂ