2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

കമ്പിപ്പാര കയറാനും കയറാതിരിക്കാനും സാധ്യതയുണ്ട്!

കണ്ണേ മടങ്ങുക
കുഴഞ്ഞു മറിഞ്ഞു "മാഷ്"
മണ്ണാകുമീ പാര
വിസ്മൃതമാകുമിപ്പോൾ....

റോഡ് മുറിച്ചു കടക്കുന്നവർ, നിരത്തു വക്കിലൂടെ നടന്നു പോകുന്നവർ, ഉയരമുള്ള മരങ്ങളിലോ കെട്ടിടങ്ങളിലോ കയറുന്നവർ എന്നിവരൊക്കെ ഇനി മുതൽ അത്യധികം സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ പഴയതു പോലെയല്ല, ഒരപകടം നടന്നാൽ കയ്യോ കാലോ ഓടിയുക, അംഗഭംഗവും ചിലപ്പോൾ മരണം തന്നെയും സംഭവിക്കുക എന്നിവയെല്ലാമായിരുന്നു നാളിതു വരേയുള്ള നടപ്പു രീതികൾ.  എന്നാൽ വൈദ്യശാസ്ത്രം അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, എവിടെ നിന്നോ പറന്നു വരുന്ന ഒരു കമ്പിപ്പാര അപകടത്തിൽ പെട്ടവരുടെ ആസനം തുളച്ചു കയറുന്നതായി ആസ്ഥാന വൈദ്യന്മാർ കണ്ടുപിടിച്ചിരിക്കുന്നു.



ഓരോന്നിനും ഓരോ സമയമുണ്ട്. നൊബേൽ സമ്മാനം, കഴിഞ്ഞ ഒരാഴ്ച മുമ്പ് മാത്രമാണ് പ്രഖ്യാപിച്ചു പോയത്. അല്ലെങ്കിൽ തിരുവനന്തപുരത്തെ ചില ഡോകടർമാരുടെ വീട്ടിലോ അല്ലെങ്കിൽ ചില വലതുമുന്നണി നേതാക്കളുടെ വീട്ടിലോ ഒക്കെ ഇരിക്കേണ്ടതായിരുന്നു ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. വാളകത്തെ അധ്യാപകന് "നോവ"ല് സമ്മാനം കൊടുത്തവരെ രക്ഷിക്കാനോ മറ്റോ ഉള്ള ഈ മഹത്തായ കണ്ടുപിടുത്തവും കൂടി നമുക്ക് ചാണ്ടി സർക്കാറിന്റെ എക്കൗണ്ടിൽ എഴുതി വെക്കാം.

അധ്യാപകനെ ക്രൂരമായ രീതിയിൽ മർദ്ദിച്ചവശനാക്കി റോഡിൽ തള്ളിയതിനെക്കുറിച്ചുള്ള ആദ്യഘട്ട ഫ്ലാഷ്ന്യൂസ് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ആസനത്തിലെ കമ്പിപ്പാര. മൃഗീയമായ ക്രൂരതയെന്ന് ചാനൽ ചർച്ചകളിൽ പാർട്ടിഭേധമന്യേ നേതാക്കൾ ഓരിയിട്ടു. നാളിതുവരേ ഏതെങ്കിലുമൊരു മൃഗം മറ്റൊരു മൃഗത്തിന്റെ ആസനത്തിൽ എന്തെങ്കിലും അടിച്ചുകയറ്റി മർദ്ദിച്ചതായി എവിടെയും റിപ്പോർട്ട് ചെയ്തതായി അറിവില്ല. എന്തു തോന്ന്യാസവും മൃഗങ്ങളുടെ മേൽ ചാർത്തിക്കൊടുക്കുന്ന ഈ ഏർപ്പാടിനെതിരെ മേനകാഗാന്ധി പോലും പ്രതികരിക്കാതിരുന്നത് അത്ത്യന്തം മനുഷ്യത്വപരമായിപ്പോയി എന്നാണെന്റെ അഭിപ്രായം. ഒരാഴ്ചയിലധികം ചർച്ച ചെയ്യപ്പെട്ട കമ്പിപ്പാരയുടെ പിതൃത്വം യാദൃശ്ചികതയെ ഏൽപ്പിച്ച നമ്മുടെ സർക്കാർ ഭിഷഗ്വരന്മാർ കേരളമക്കളെ ചിരിപ്പിക്കാൻ ഇനിയെന്തെല്ലാം കോമിക്കോളകളുമായി വരുമെന്ന് കാത്തിരുന്ന് കാണാം.

അധ്യാപകന്റെ ശരീരത്തിൽ തുളഞ്ഞു കയറിയ പാര ബാലകൃഷ്ണപ്പിള്ളയുടെ വയറും തുളച്ച് യൂഡീ എഫ് സർക്കാറിന്റെ നെഞ്ചത്താണ് വന്ന് നിന്നത്. ഈ സീസണിൽ വൻഫോമിൽ ബാറ്റുവീശിക്കൊണ്ടിരിക്കുന്ന ചീഫ് വിപ്പ് ഈ ക്വൊട്ടേഷനും സ്വമേധയാ ഏറ്റെടുത്തുകൊണ്ട് ചാണ്ടിസർക്കാറിന്നു വേണ്ടി പ്രതിരോധം തീർക്കുകയും എതിർടീമിന്റെ ക്യാപ്റ്റനെതിരെ സ്വജനപക്ഷപാതം ആരോപിച്ചു കൊണ്ട് തിരിച്ചടിക്കുകയും ചെയ്തപ്പോഴേക്കുമാണ് "പാര" ഏതൊരപകടത്തിലും, വീഴ്ചയിലും ആരുടെയും എവിടെയും തുളഞ്ഞു കയാറാൻ പാകത്തിൽ അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന ഒരുതരം വൈറസായി മാറിയത്!അല്ലെങ്കിലും ഓരോ മഴക്കാലങ്ങളിലും എന്തെല്ലാം പുതിയ രോഗാണുക്കളാണ് നമ്മുടെ ഈ കേരളാ സംസ്ഥാനത്ത് മാത്രം പിറവികൊള്ളുന്നത്!

പട്ടിയെ ആടോ ആനയോ ഒക്കെയാക്കുന്നതു പോലുള്ള ഈ മലക്കം മറിച്ചിൽ ഏർപ്പാട് മുമ്പും പല തവണ കേരളാ പോലീസും നമ്മുടെ സർക്കാറുകളും ചെയ്യുകയും പൊതുജനത്തെ വെറും സതീഷന്മാരാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിയും ആവർത്തിക്കും. ചാനലുകളിൽ ചൂടൻ ചർച്ചകൾ നടക്കും. നമ്മളെല്ലാം അന്തം വിട്ട് നോക്കി നിൽക്കും. അപ്പോഴേക്കും പുതിയൊരു ഇഷ്യൂ വാർത്തകളിൽ നിറയും. നാം പാരയും കുന്തവും മറക്കും. വാർത്തകളിൽ നിന്നും വാർത്തകളിലേക്ക് മലയാളിയുടെ മനസ്സ് ഓടി നടക്കും. അത്രമാത്രം. കമ്പിപ്പാരയുടെ ഈ യാദൃശ്ചികത അന്വേഷിച്ച് ഒരു സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ നമ്മുടെ ഒരു മാധ്യമങ്ങളും തയ്യാറാകാത്തതിൽ അതിശയം വേണ്ട.നമുക്ക് വാർത്തകൾ വേണം. ചർച്ചകളും അഭിമുഖങ്ങളും നടക്കണം. ചാനലിന്റെ റെയ്റ്റിംഗ് കൂട്ടണം. അതിനിടയിൽ ആരാന്റെ ആസനത്തിൽ പാരയല്ല, ജേ.സീ.ബി കേറിയാലും നമുക്കെന്ത്?!!

സർക്കാറും അധികാരികളും മാധ്യമങ്ങളും കൂടി പൊതുജനത്തെ പമ്പരവിഡ്ഡികളാക്കുന്ന ഈ സ്ഥിരം ഏർപ്പാട് കേരളത്തിലും ഗുജറാത്തിലുമല്ലാതെ മറ്റേതെങ്കിലും സംസ്ഥാനത്ത് നിലവിലുള്ളതായി ആർക്കെങ്കിലും അറിവുണ്ടോ?

---ചിത്രം ഗൂഗിളിൽ നിന്നും---

22 അഭിപ്രായങ്ങൾ:

  1. പഴയ കാലത്തെ ബൂമറാങ്ങ് ആണ് പാരയായി പുനര്‍ജനി നേടിയിരിക്കുന്നത്. ബൂമറാങ്ങ് കറങ്ങിത്തിരിഞ്ഞ് അപ്പോള്‍ തന്നെ തോടുതുവിട്ടവനെ തട്ടിയിരുന്നുവെങ്കില്‍ പാര കുറെ വട്ടം അന്തരീക്ഷത്തില്‍ ഭ്രമണം പൂര്‍ത്തിയാക്കി ഉല്‍ക്കകളായി മനുഷ്യ ശരീരത്തിന്‍റെ ഏതു ഭാഗത്തും പതിക്കാം, ഏതു തരത്തിലുള്ള പരിക്കും എല്‍പിക്കാം. ആകെ നമുക്ക് മുന്‍കൂട്ടി കാണാനാവുക ചാനല്‍ ചര്‍ച്ചകല്‍ മാത്രമാണ്. പാരകള്‍ പോലെ തന്നെ ചാനലുകളും ആരുടെ മേലും പരിക്കെല്‍പ്പിക്കാവുന്ന പ്രഹര ശേഷി കൈവരിച്ച മാരകായുധമാണ്.കണ്ടും നോക്കിയും നടന്നാല്‍ നിങ്ങള്ക്ക് നന്ന് ചീരാന്‍.

    മറുപടിഇല്ലാതാക്കൂ
  2. ചിക്കന്‍ ബ്രോസ്റ്റ് കടയില്‍ ആസനത്തില്‍ കൂടി കമ്പി കയറ്റപ്പെട്ട കറങ്ങുന്ന കോഴിയെ കണ്ടിട്ടുണ്ട്. കേരളം അത് പോലെ കമ്പിയിലും പാരയിലും കിടന്ന് കറങ്ങിക്കൊണ്ടിരിക്കുന്നു. എസ് മോഡല്‍ കത്തി, പാര ..ഇനിയെന്തൊക്കെ ആയുധങ്ങള്‍ കാണാന്‍ ഇരിക്കുന്നു. മുസ്ലിം തീവ്ര വാദികള്‍ക്കല്ലാതെ ഇങ്ങനെ ആസനത്തില്‍ കൂടി പാര കയറ്റാന്‍ കഴിയില്ല എന്ന ഒരു വിദഗ്ദ്ധ നിരീക്ഷണം ഇടയ്ക്കു കണ്ട രോമാഞ്ചം ഇപ്പോഴും വിട്ടു മാറിയിട്ടില്ല.....

    മറുപടിഇല്ലാതാക്കൂ
  3. ഇത് ചീരാമുളക് ന്യൂസ് വായിച്ചതിൽ വന്ന അപര്യാപ്തത ആണ്..! പാര കേറി എന്ന വാർത്ത വന്ന അദ്ധ്യാപകന്റെ അടിവസ്ത്രം പോലും കീറിയിരുന്നില്ല എന്നത് വായിച്ചാരുന്നോ... അടിവസ്ത്രം ഒഴിവാക്കി പാര കയറ്റാൻ മിടുക്കന്മാർ കേരളത്തിൽ ഉണ്ടൊ.. പിന്നെ വ്രിക്ഷണം മുതൽ മലദ്വാ‍രം വരെ തകർന്നിരുന്നു എന്നാണ് അകത്തെക്ക് ഒരു ആയുധം കയറിയതിന്റെ ക്ഷതങ്ങൾ ഇല്ലെന്നും. പാര പാരയാകുന്ന നേരത്ത് പാര എന്ന് പറഞ്ഞ് പരിതപിക്കുന്ന രാഷ്ട്രീയ പാരകളെ നോക്കണ്ട..!

    മറുപടിഇല്ലാതാക്കൂ
  4. അന്‍വര്‍ , പരിഹാസം ഇഷ്ടായി..പ്രത്യേകിച്ച് 'അതിനിടയിൽ ആരാന്റെ ആസനത്തിൽ പാരയല്ല, ജേ.സീ.ബി കേറിയാലും നമുക്കെന്ത്?!! എന്നാ പ്രയോഗം..

    മറുപടിഇല്ലാതാക്കൂ
  5. ചർച്ചകളും അഭിമുഖങ്ങളും നടക്കണം. ചാനലിന്റെ റെയ്റ്റിംഗ് കൂട്ടണം. അതിനിടയിൽ ആരാന്റെ ആസനത്തിൽ പാരയല്ല, ജേ.സീ.ബി കേറിയാലും നമുക്കെന്ത്?!!....
    --------------------
    ha ha ha ഇതിഷ്ടായി.....
    അപ്പോയെക്ക് ആ ദുബായിക്കാരന്‍ വന്നു ഇത് പറഞ്ഞോ /////

    മറുപടിഇല്ലാതാക്കൂ
  6. പട്ടിയെ ആടോ ആനയോ ഒക്കെയാക്കുന്നതു പോലുള്ള ഈ മലക്കം മറിച്ചില്‍ ഏര്‍പ്പാട് മുമ്പും പല തവണ കേരളാ പോലീസും നമ്മുടെ സര്‍ക്കാറുകളും ചെയ്യുകയും പൊതുജനത്തെ വെറും സതീഷന്മാരുക്കകയും ചെയ്തിട്ടുണ്ട്

    ശശിയൊക്കെ ഔട്ട് ഓഫ് ഫാഷനായി അല്ലേ... :)
    എന്തായാലും വിമർശനം നന്നായി....
    താമസിയാതെ ഒരു ഓൺലൈൻ ഹരികുമാർ എന്ന പേര് വീണ് കിട്ടുമോ....... :)
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2011, ഒക്‌ടോബർ 8 9:13 AM

    കൂടോത്രം കൂടോത്രം എന്നു മനോരമ എഴുതിയപ്പോളേ തോന്നിയതാ പുറകേ മറിമായങ്ങള്‍ എന്തെങ്കിലും ഒക്കെ വരുന്നുണ്ടന്ന്.

    ഞാന്‍ പ്രതീക്ഷിച്ച അടുത്ത വാര്‍ത്ത " പിള്ളയ്ക്കെതിരായിട്ട് കൃഷ്ണകുമാര്‍ ജോല്‍സ്യന്റെ പക്കല്‍നിന്നും കൂടോത്രം ചെയ്ത് വാങ്ങിയ കോഴിമുട്ട ആരും കാണാതിരിക്കാന്‍ ജട്ടിയുടെ ഉള്ളില്‍ സൂക്ഷിച്ചത് അവിടെയിരുന്നു പൊട്ടിയതാണ് അധ്യാപകന്റെ ആസനത്തിനും ആന്തരാവയവങ്ങള്‍ക്കും ഗുരുതര പരിക്കേല്‍ക്കാന്‍ കാരണം" എന്നതാണ്

    www.anilphil.blogspot.com

    മറുപടിഇല്ലാതാക്കൂ
  8. ഈ വാഹനം നമ്മുടെ "s" കത്തിയുടെ കുടുംബക്കാരനായിട്ടു വരും

    മറുപടിഇല്ലാതാക്കൂ
  9. എന്നിട്ടും ആ മനുഷ്യന്‍ ഒന്നും ഓര്‍മ്മയില്ല എന്ന് പറയുന്നതെന്താണ് ?തരാതരം പോലെ വാക്ക് മാറ്റുന്ന ചാനെലുകളെ ,മനോരമാദി നുണപ്പത്രങ്ങളെ വിടുക ,അവര്‍ ആയിരുന്നല്ലോ തീവ്ര വാദി ബോംബിന്റെ ഉല്പാദകരും വിപണന ക്കാരും ,,ഉഷാറായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
  10. പത്രപാരായണത്തിനൊടുക്കം ഇന്നൊരു കാര്‍ക്കിച്ചു തുപ്പല്‍ പതിവാണ്.
    ജീര്‍ണ്ണതയിലെ മടുപ്പ് തുപ്പിയെങ്കിലും തീര്‍ക്കണമല്ലോ..!!!

    മറുപടിഇല്ലാതാക്കൂ
  11. ....ഇതിനിയും ആവർത്തിക്കും. ചാനലുകളിൽ ചൂടൻ ചർച്ചകൾ നടക്കും. നമ്മളെല്ലാം അന്തം വിട്ട് നോക്കി നിൽക്കും. അപ്പോഴേക്കും പുതിയൊരു ഇഷ്യൂ വാർത്തകളിൽ നിറയും....!"

    ഇതൊക്കെ കണ്ടും കേട്ടും അണപ്പല്ലു ഞെരിക്കാനല്ലേ നമുക്കാവൂ...!
    നല്ല എഴുത്ത്..!
    ഒത്തിരി ആശംസകളോടെ....

    മറുപടിഇല്ലാതാക്കൂ
  12. സര്‍ക്കാരിനും ഉണ്ട് ജ്യോല്സന്മാര്‍ , അവരാണ് ഗണിച്ചു അപകടമാണെന്ന് കണ്ടെത്തിയത് ..ഹ...ഹ...(കടപ്പാട് :ഒരു കാര്‍ടൂണ്‍

    മറുപടിഇല്ലാതാക്കൂ
  13. കാണപ്പെടാത്തതും അറിയപ്പെടാത്തതുമായ ചില കാര്യങ്ങള്‍ ഇനിയും അറിയാനുണ്ടെന്ന് തോന്നുന്നു ഈ സംഭവത്തില്‍. കാഴ്ച്ചയ്ക്കപ്പുറം ചിലത്

    മറുപടിഇല്ലാതാക്കൂ
  14. എഴുത്തിനു നല്ല എരിവുണ്ട്. ചീരാമുളക് പോലെ ..

    മറുപടിഇല്ലാതാക്കൂ
  15. പോസ്ടിനെക്കാലുപരി, ഈ സംഭവത്തെയും ആ വാഹനത്തിന്റെ ചിത്രത്തെയും ചേര്‍ത്തുചിന്തിച്ച ഏതോ ഒരു മലയാളിയുടെ തലക്ക് ഒരു സല്യൂട്ട്.

    മറുപടിഇല്ലാതാക്കൂ
  16. ഉശാരായല്ലോ മാഷേ :)))എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  17. എഴുത്തിനു സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ എരിവും പുളിവും കൂടെ ആക്ഷേപഹാസ്യത്തിന്റെ മധുരവും.ഈ മധുരം ചാലിച്ചതുകൊണ്ട് ആസ്വാദ്യതയുള്ളൊരു വായന നടന്നു...

    മറുപടിഇല്ലാതാക്കൂ
  18. ആക്ഷേപഹാസ്യത്തിലും അധിപൻ തന്നെയാണല്ലോ നീ..കേട്ടൊ ഗെഡീ
    എന്തായാലും പിന്തുടരാൻ തീരുമാനിച്ചു..!

    മറുപടിഇല്ലാതാക്കൂ