2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഹര്‍ത്താലിന്റെ ഇടതുപക്ഷ മന:ശ്ശാസ്ത്രം

അനീതികള്‍ക്കെതിരെ എന്നും ചാടിപ്പുറപ്പെടുന്ന ജനപക്ഷപ്പാര്‍ട്ടിയാണ് സീ പീ എമ്മും അതിന്റെ കാല്‍ക്കീഴിലുള്ള കടലാസു പാര്‍ട്ടികളും. എന്ത് പ്രശ്നമുണ്ടായാലും ഹര്‍ത്താല്‍ നടത്തിയും മുദ്രാവാക്യം വിളിച്ചും അവര്‍ പ്രതിഷേധം മറ്റുള്ളവരെ അറിയിക്കും. അറിയിക്കേണ്ടവരെ അറിയിച്ചോ എന്ന് ചോദിക്കരുത്. സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റിയതിനെതിരെ കൊച്ചു കേരളത്തിലുടനീളം വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഹര്‍ത്താലുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ജീവന്‍പോയ സദ്ദാമിനെ തിരിച്ചു നല്‍ക്കാന്‍ കഴിയില്ല എന്നും പറഞ്ഞ് വൈറ്റ് ഹൗസിന്റെ ലെറ്റര്‍ പാഡിലൊരു ഫാക്സ് ഏ.കേ.ജീ സെന്ററിലെത്തിയതോടെയാണ് സഖാക്കളുടെ ധാര്‍മ്മികരോഷം അടങ്ങിയത്.

മാസത്തില്‍ തന്നെ പല തവണ കുതിച്ച് കയറുന്ന ഇന്ധനവില സാധാരണക്കാരായ ഓരോ ഭാരതീയനും ആധി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അടിക്കടി വില വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ മിണ്ടാപ്പൂച്ച പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ വന്‍ വിജയം തന്നെയാണ് കൈവരിച്ചിരിക്കുന്നത്. വിവരമറിഞ്ഞിട്ടും വില വര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കാത്തവര്‍ (അല്ലെങ്കില്‍ ആന്റണിയെപ്പോലെ മന:പ്രയാസപ്പെടാത്തവര്‍) നന്നേ ചുരുക്കമായിരിക്കും. അവരെ നമുക്ക് ബൂര്‍ഷ്വാ എന്നോ സാമൂഹ്യവിരുദ്ധര്‍ എന്നോ ഒക്കെ സ്വകാര്യമായി വിളിക്കാം.

പതിവുപോലെ ഈ മാസവും ഇന്ധനവില കൂടി. കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവനും. വിലവര്‍ദ്ധന മൂലം കിട്ടുന അധിക നികുതി വേണ്ടെന്ന് വെച്ചു കേരള സര്‍ക്കാര്‍. കേരള സര്‍ക്കാര്‍ മാത്രം! അണ്ണാറക്കണ്ണനും തന്നാലായത്. പ്രയാസപ്പെടുന്ന ജനത്തിനൊരാശ്വാസം എന്ന നിലക്കോ, കടിക്കാന്‍ വരുന്ന പ്രതിപക്ഷത്തിനൊരു തട എന്ന നിലക്കോ. ഏതായാലും, കൂടിയതില്‍ നിന്നും 70 പൈസ അങ്ങിനെ കുറഞ്ഞികിട്ടി.

എന്നിട്ടോ? തലസ്ഥാനത്ത് കിടിലന്‍ മുദ്രാവാക്യങ്ങളുമായൊരു റാലി. ദില്ലിയിലല്ല, തിരുവനന്തപുരത്ത്! സമാധാനപരമായ ചില്ലറ കല്ലേറുകളും വാഹനങ്ങള്‍ തകര്‍ക്കലും തീവെപ്പും. ചില സര്‍ക്കാര്‍ ഓഫീസുകളിലും സമാധാനശ്രമങ്ങള്‍ നടത്തി. പോലീസുകാരും വിദ്യാര്‍ത്ഥി/യുവ സഖാക്കളും കൂടി ലാത്തിയും കല്ലുമുപയോഗിച്ച് സമാധാന ഉച്ചകോടി കൂടി. അടികിട്ടി ചോരയൊലിപ്പിച്ച് ഏ.കേ.ജീ സെന്ററിലെത്തിയ നിരപരാധികളായ ഭാവിസഖാക്കളെക്കണ്ട മൂത്ത സഖാക്കള്‍ക്ക് ചോരതിളച്ചു. അതിന്റെ പേരിൽ ഒരു ചിന്ന ജില്ലാ ഹർത്താൽ. അത് പോരാഞ്ഞ് സംസ്ഥാനമൊട്ടാകെ വീണ്ടും ഹർത്താൽ!!!

ഹർത്താൽ കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് ട്യൂഷനും കോച്ചിംഗും ഒന്നുമില്ലാത്ത ഒരു ദിനം. സർക്കാർ ഉദ്യോഗസ്ഥർക്ക് വീണുകിട്ടിയ ഒരൊഴിവുദിനം. കച്ചവടക്കാർക്കും മറ്റ് പണിക്കാർക്കും ഒരു പകലുറക്കത്തിന്റെ സന്തോഷം. പെട്രോൾ വില കുറഞ്ഞോ? കേന്ദ്രസർക്കാർ ഇതെന്തെങ്കിലും അറിഞ്ഞോ? മാർക്സിസ്റ്റ് പാർട്ടി എന്തു നേടി? ഇവിടെയാണ് ഹർത്താലിന്റെ ആത്മാർത്ഥതയുടെ ചോദ്യമുയരുന്നത്. വില കുറഞ്ഞാലും ഇല്ലെങ്കിലും പ്രതിഷേധിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്ന് ഇടതുപക്ഷക്കാർ കണ്ണുപൊട്ടൻ ന്യായം പറഞ്ഞ് നെഞ്ചുവിരിക്കുന്നു. കഷ്ടം!!

ചിന്തിക്കാനുള്ള അവയവം പാർട്ടി ഓഫീസിൽ വെച്ച് മറന്നു പോയിട്ടില്ലെങ്കിൽ ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ ആർക്കിട്ടാണ് ഈ ഹർത്താലിന്റെ ഭാരം കൊടുത്തതെന്ന്? നിത്യച്ചിലവിന് കൂലിപ്പണിയെടുക്കുന്ന, ദിവസക്കൂലികൊണ്ട് ചിലവ് നടത്തുന്ന പാവപ്പെട്ടവന്റെ ഒരു ദിവസത്തെ ജീവിതമാർഗ്ഗമാണ് മുട്ടിച്ചത്. ചുമടെടുക്കുന്നവനും, വാഹനമോടിക്കുന്നവനും പെറ്റ്രോൾ വില കൂട്ടി കേന്ദ്രസർക്കാർ കൊടുത്തത് പോലുള്ള ഒരടി തന്നെയാണ് ഇടതുപക്ഷവും നൽകിയത്. ഒന്നോ രണ്ടോ കൊല്ലം കൂടിയിട്ട് നാട്ടിൽ വരുന്ന നിരവധി പ്രവാസികൾ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. നല്ല വരവേൽപ്പ്! അവർക്കൊന്നും ഹർത്താൽ ഒരവധി ദിവസത്തിന്റെ ആഹ്ലാദം നൽകുന്നില്ല. സർക്കാറിന്ന് നഷ്ടം കോടികളാണ്. പണിയെടുത്തില്ലെങ്കിലും ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകണം. നാടിന്റെ വളർച്ചയെ ഒരു ദിവസം പിന്നോട്ട് വലിച്ചിട്ട് എന്തു നേടി?

പ്രതിഷേധം പിന്നെ എങ്ങിനെ വേണ്ടിയിരുന്നു?
കേന്ദ്രസർക്കാരാണ് ഈ വിലകയറ്റത്തിന്റെ ഏക ഉത്തരവാദികൾ. ഇതിന് ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയും മന്ത്രാലയവും ഉദ്യോഗസ്ഥരുമുണ്ട്. എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്ന കള്ളക്കണക്ക് നൽകി ജനങ്ങളെ പറ്റിക്കുന്നത് അവരാണ്. ആ കണക്കിലെ പൊള്ളത്തരം തുറന്നു കാട്ടാൻ ഇടതുപക്ഷം പോലൊരു പാർട്ടിക്ക് കഴിവില്ലേ? കേരള സർക്കാറിന്റെ പ്രതിനിധികളെ കൂട്ടി ഒരു സർവ്വ കക്ഷി സംഘത്തെ ദില്ലിയിൽ വിട്ട് ഗൗരവമായി ഇവ്വിഷയം ചർച്ച ചെയ്ത് ഒരു പോംവഴി നിർദ്ദേശിച്ചു കൂടായിരുന്നോ? വലിയ ബുദ്ധിജീവികളും ശാസ്ത്രകാരന്മാരുമൊക്കെ പാർട്ടിയിൽ നിരവധിയില്ലേ? എന്തേ വലിയ അധ്വാനമില്ലാത്ത എന്നാൽ ഫലമുണ്ടായേക്കാവുന്ന ഇത്തരം മാർഗ്ഗങ്ങൾക്ക് പകരം യുവാക്കളെ പൊതുമുതൽ നശിപ്പിക്കാൻ വിട്ട്, പോലീസിന്റെ തല്ലു വാങ്ങി, പാവപ്പെട്ടവരെ പ്രയാസത്തിലേക്ക് ഉന്തിയിട്ട് ഹർത്താൽ നടത്താൻ മാത്രം മിനക്കെട്ടു? പ്രതിഷേധിക്കാൻ അവകാശമുള്ളപോലെത്തന്നെ ജനങ്ങളുടെ അവകാശങ്ങൾ പരിരക്ഷിക്കാൻ കടമയുമില്ലേ ഒരു ഉത്തരവാദിത്തപെട്ട് രാഷ്ട്രീയപ്പാർട്ടിക്ക്?

ചീറിപ്പായുന്ന കാറിന് എന്റ്റെ വക ഒരൂത്തും എന്നപോലെ, കാവിക്കാരും പ്രഖ്യാപിച്ചു കളഞ്ഞു ഹർത്താൽ! സ്വന്തം  പാർട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽപ്പോലും അധികനികുതി കീശയിലിട്ടിട്ടാണ് നാണമില്ലാത്ത ഇപ്പണി കാണിച്ചത്. ഇടതന്മാരുടെ കാര്യം പോട്ടെ. കണ്ണൂർ മുതൽ വെളിയംകോട് വഴി ചൈന വരേ മാത്രം വേരുകളുള്ള ഒരു കൊച്ചു പ്രസ്ഥാനമല്ലേ? എന്നാൽ ബാജ്പാ അങ്ങനെയാണോ? അഖിലഭാരതമടക്കിപ്പരന്നു കിടക്കുന്ന കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷിയല്ലേ? ഒരു അഖിലേന്ത്യാ ഹർത്താലിനുള്ള സ്കോപ്പല്ലേ താമരവിരിയാത്ത കേരളത്തിലിട്ടു കുളമാക്കിക്കളഞ്ഞത്? എന്തായാലും ദേശീയ നേതാക്കൾക്കില്ലാത്ത ബോധം സംസ്ഥാനനേതാക്കൾക്കുണ്ടെന്ന് (അവർ തന്നെയാണ് അണികളും) ഇതുവഴി തെളിഞ്ഞു.

സഖാക്കളേ, ഇനിയും ഹർത്താൽ നടത്തി ജനങ്ങളെ പൊട്ടന്മാരാക്കരുത്. പ്രതിഷേധിച്ചോളൂ, അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായിക്കാണിച്ച് ആണത്തവും പെണ്ണത്തവുമൊക്കെ തെളിയിക്ക്. ദില്ലിയിലിരുന്ന് കോർപ്പറേറ്റുകളുടെ ബിരിയാണി തിന്നുന്നവനറിയുമോ ഇങ്ങ് കേരളത്തിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന ഈ വിവരമില്ലായ്മകൾ? അവരെ വിവരമറിയിക്കണം. അതിനുള്ള പണി കൊടുക്കേണ്ടത് അവിടെയാണ്. ഇവിടെയല്ല. ചലോ ദില്ലി!!!!!

കുറിപ്പ്: ഇന്ധനവില വർദ്ധനയെ ന്യായീകരിക്കുന്നതല്ല ഈ പോസ്റ്റ്. മറിച്ച് ഹർത്താലിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യുന്നത് മാത്രമാണ്. (ഇത് മനസ്സിലാക്കിയാലും എന്റെ മേക്കിട്ട് കേറുന്നവർക്കുള്ള അഡ്വാൻസ് മറുപടിയാണിത്)

33 അഭിപ്രായങ്ങൾ:

  1. നിരീക്ഷണങ്ങള്‍ കൊള്ളം .. വില കൂട്ടിയും കീശ വീര്‍പ്പിച്ചും പിന്നേയും കേന്ദ്രം മുന്നോട്ട്..
    ഹര്‍ത്താലും ബന്ദും കൊണ്ടാടിയും സാധാരണക്കാരന്‍റെ കഞ്ഞി കുടി മുട്ടിച്ചും പ്രതിപക്ഷവും മുന്നോട്ട് തന്നെ..
    പൊതുജനനം ​എന്നും പിറകോട്ട് തന്നെ .. ഇനിയും തഥൈവ ..

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ചീരാമുളകെ ഇങ്ങനെ പോയാല്‍ നിന്നെ മിക്കവാറും സഖാക്കന്മാര്‍ ചമ്മന്തിയാക്കും, ജാഗ്രതൈ

    മറുപടിഇല്ലാതാക്കൂ
  4. മിണ്ടാപ്പൂച്ച പ്രധാനമന്ത്രി

    ഹഹ.. അത കലക്കി.. നല്ല പോസ്റ്റ്..! :)

    മറുപടിഇല്ലാതാക്കൂ
  5. Ekka.... onnu manasilakkuuu....
    Bhaviyil oru puthiya mantri padathinum oru corparationum othiri perrkku paniyum kittuna oru chuvaduvaypanithu..........
    kerala harthal bandh minister...
    kerala state harthal vikasana korporation...
    party bedamanyeeeothiriperkku joliyum.......

    MISSION with VISION 2025

    മറുപടിഇല്ലാതാക്കൂ
  6. കാന്താരീ, നല്ല പോസ്റ്റ്.
    ഏറ്റവും എളുപ്പമുള്ള സമരമാണ് ഹർത്താൽ. ആഹ്വാനം ചെയ്ത് വീട്ടിലിരുന്നാൽ,മാധ്യമങ്ങൾ പരസ്യം നൽകി വിജയിപ്പിച്ചു കൊള്ളും.
    എന്തിനാ ആവശ്യമില്ലാത്ത റിസ്ക് ഏറ്റെടുക്കുന്നത്? വിട്ടു കള മാഷേ.
    എത്ര ഹർത്താൽ നടത്തിയാലും, വോട്ടിടാൻ ഈ ജനം അതി രാവിലേ വീട്ടീന്നിറങ്ങി ഓടുന്നതെന്തിന്നാ? ഇതൊക്കെ വാങ്ങിക്കൂട്ടാനല്ലേ?വോട്ടിടാനാളെ കിട്ടാതെ വരുമ്പോൾ ഈ വക അക്രമങ്ങളെല്ലാം കുറയുമെന്ന് ജനം തിരിച്ചറിയുന്ന കാലത്തേ ഹർത്താലൊക്കെ നിലക്കൂ.
    പിന്നെ സർക്കാർ ജീവനക്കാർ മുഴുവനും ഹർത്താലിനെതിരായിരിക്കും. കാരണം അവരുടെ ഒരു കാഷ്വൽ അവധി നഷ്ടമാക്കുന്ന ദിവസമാണ് ഹർത്താൽ. ഞങ്ങളൊക്കെ പണിയെടുത്തു കേട്ടോ. ഹർത്താൽ മണ്ണങ്കട്ട.
    ആശംസകൾ മുളകേ....
    സ്നേഹപൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  7. കേരളത്തിലെ ഇടതുനും വലതനുമായ സാധാരണ ജനങ്ങൾ ചിന്തിക്കുന്നത് താങ്കൾ എഴുതി അത്രമാത്രം. നഷ്ടപ്പെട്ട ഈ ദിവസം തിരികെ കൊണ്ടുവരാൻ ഇവർക്കാർക്കും കഴിയില്ല. നഷ്ടപ്പെടുത്തുവാൻ മാത്രം കഴിയുന്നവർ. ഇത് ഏത് ന്യായീകരിക്കാവുന്ന വിഷയമായാലും ജനങ്ങൾക്ക് ഒരു ശിക്ഷ മാത്രമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. വീണ്ടും ജനങ്ങളെ തോപ്പിക്കുന്നതില്‍,അവരെ വീട്ടു തടങ്കലില്‍ ആക്കുന്നതില്‍ ഈ നാണം കെട്ട സമരമുറ വിജയിച്ചു..അങ്ങാടിയില്‍ തോറ്റു , അതിന്റെ ക്ഷീണം അമ്മയോട് തീര്‍ക്കുന്നത് പോലെ...ഇതിലും മുതലെടുക്കുന്നവര്‍ ധാരാളം..വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലുകാരന്‍ ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത് കേടട്ടു,ഹര്‍ത്താല്‍ അവരുടെ ചാകര ആണെന്ന്..ഹര്‍ത്താലിന് മുന്‍ ദിവസം മുറി വാടക റോക്കറ്റ് പോലെ ഉയര്‍ത്താം...പ്രവാസികള്‍ക്ക് ഒരു പണി കൊടുക്കാം...ഒരു സഹൃദയന്‍ തുറന്നു പറഞ്ഞു,ബന്ദ് ഉള്ള ദിവസം ബന്ധുക്കളെ കാണാന്‍ സൗകര്യം ആണെന്ന്..

    മറുപടിഇല്ലാതാക്കൂ
  9. ഒരു സാധാരണക്കാരന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍. ജനങ്ങള്‍ തെരഞ്ഞെടുത്തു വിട്ടവരുടെ തോന്നിവാസങ്ങള്‍ക്ക് അവരെ ശിക്ഷിക്കുന്നതിനു പകരം ജനങ്ങളെ തന്നെ പീഡിപ്പിക്കുക എന്നാ ദുരവസ്ഥ. ജനങ്ങള്‍ക്ക്‌ ഈ ഹര്‍ത്താല്‍ വേണ്ടെങ്കില്‍ പിന്നെന്തിനാ ഈ കോമരങ്ങള്‍ ഈ പണിക്കു നില്‍ക്കുന്നത്. അടുത്ത പ്രാവശ്യവും ജയിച്ചു കേറാനാകും. നല്ലൊരു ജന സമ്പര്‍ക്ക പരിപാടിയാണല്ലോ ഇതല്ലേ. ( ഒരു ചീഞ്ഞ മണം) . ഇതില്‍ ഒരു പാര്‍ട്ടിയും മോശമില്ല. എല്ലാവരും ഭംഗിയായി തന്നെ കല്ലെറിയുന്നു. തിണ്ണ മിടുക്ക് കാണിക്കുന്നു. എന്നിട്ടൊരു മറ്റേ വര്ത്താനവും " എല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടി"

    മറുപടിഇല്ലാതാക്കൂ
  10. രാഷ്ട്രീയക്കാരന്‍ സമരം ചെയ്യുന്നതും തല്ലു കൊള്ളുന്നതും അവനോ അവന്റെ കുടുംബത്തിനോ വേണ്ടി മാത്രമല്ലെന്നും ഗാലറിയില്‍ ഇരുന്നു കയ്യടിക്കുകയും കൂക്കി വിളിക്കുകയും കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന ഈ പറയുന്ന so called പൊതു ജനത്തിന് വേണ്ടിയാണെന്നും പൊതു ജനവും മനസ്സിലാക്കണം. ...
    കളത്തിനു പുറത്തിരുന്നു കുറ്റം പറയാന്‍ വളരെ എളുപ്പമാണ്. അത് പക്ഷേ ആണുങ്ങള്‍ക്ക് പറഞ്ഞതല്ല..

    മറുപടിഇല്ലാതാക്കൂ
  11. കേരള സര്കാരാണല്ലോ ഈ വില മുഴുവന്‍ വര്‍ധിപ്പിച്ചത്! പിന്നേയ്, ഒരാളോടും അയാളെക്കോണ്ട് കൂട്ടിയാല്‍ കൂടാത്ത പണി ചെയ്യാന്‍ പറയരുത്. കേരളത്തിലും പൊളിഞ്ഞ തറവാടായ ബംഗാളിലുമല്ലാതെ നാലാളെ എവിടുന്നു സംഘടിപ്പിക്കാനാ? എന്നിട്ടവരോടാ പറയുന്നത്, ദില്ലി ചലോ, എന്ന്. ഒറ്റക്ക് നടക്കാന്‍ കഴിയാത്ത പെരുചാഴിയുടെ പുറത്ത്‌ അമ്മി കയറ്റി വെക്കുന്ന പരിപാടി.

    മറുപടിഇല്ലാതാക്കൂ
  12. ഹര്‍ത്താല്‍ നടത്തുന്നത് ജനത്തിന് വേണ്ടിയന്നു എന്നാ മുടന്തന്‍ ന്യായം പറയാന്‍ രാഷ്ട്രിയക്കാരനു ഒരു ഉളിപ്പും ഇല്ല... ഹര്‍ത്താലിന്റെ ദുരിതം അനുഭവിക്കുന്ന പൊതുജനം എന്ത് ചിന്തിക്കുന്നോ അതാണ് ഈ പോസ്റ്റ്‌.... പിന്നെ ഹര്‍ത്താല്‍ മനശാസ്ത്രത്തിനു ഇടതു വലതു ഭേദം ഇല്ല....

    മറുപടിഇല്ലാതാക്കൂ
  13. @ Kalavallakhan, Vp Ahmed, വിധു ചോപ്ര, BCP - ബാസില്‍ .സി.പി, missaK seenaH, മജീദ് അല്ലൂര്‍, SHANAVAS, Jefu Jailaf, ബഡായി ,Arif Zain, വിബിച്ചായന്‍ അഭിപ്രായം അറിയിച്ച എല്ലാര്‍ക്കും നന്ദി.
    @ഗാര്‍ലോ, എനിക്ക് തോന്നുന്നത്, പതിയെപ്പതിയെ ഈ ഹര്‍ത്താല്‍ മണ്‍ടത്തരം അവസാനിക്കുമെന്നാണ്. നന്നാവാത്തവരായി ആരുണ്ട്?
    @പത്രക്കാരന്‍ പാര്‍ട്ടിത്തിമിരം ബാധിച്ചുവല്ലോ പത്രക്കാരാ? ഞാനിവിടെ പറഞ്ഞത്, ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ സമരം ചെയ്ത് ആണത്തവും പെണ്ണത്തവുമൊക്കെ കാണിക്കാനാണ്. ജനങ്ങള്‍ക്ക് വേണ്ടി തല്ലുകൊള്ളുന്നതില്‍ ആരെന്ത് നേടി എന്നാണെന്റെ ചോദ്യം. തല്ലുകൊള്ളുന്നതിലല്ല കാര്യം, ജനങ്ങള്‍ക്ക് വേണ്‍ടിയാണെങ്കില്‍ തല്ലല്ല അവര്‍ക്ക് വേണ്‍ടത്, പരിഹാരമാണ്. അതാണ് സമരത്തിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ടത്. ലക്ഷ്യം തല്ലുകൊള്ളല്‍ മാത്രമായി മാറുന്ന ഹര്‍ത്താലുകളെ എതിര്‍ക്കാതിരിക്കാന്‍ നിര്‍‌വ്വാഹമില്ല. പൊതുസ്വത്ത് കത്തിക്കുന്നതും എറിഞ്ഞുതകര്‍ക്കുന്നതുമൊക്കെയായിരിക്കുമല്ലേ ആണുങ്ങള്‍ക്ക് പറഞ്ഞത്?
    ചീരാമുളക്

    മറുപടിഇല്ലാതാക്കൂ
  14. ചെറിയ പ്രതിശേദങ്ങള്‍ നല്ലതല്ലേ മുളകെ

    മറുപടിഇല്ലാതാക്കൂ
  15. വിധു ചോപ്രയുടെ ഒരു കമന്റ്, പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടില്ല! മെയില്‍ ബോക്സില്‍ നിന്നും ഇവിടെ കോപ്പി ചെയ്ത് പേസ്റ്റുന്നു.

    @പത്രക്കാരൻ:
    സബാഷ്! പത്രക്കാരാ....സബാഷ്!
    രാഷ്ട്രീയക്കാരൻ ചെയ്യുന്ന ഹർത്താൽ എന്ന സമരം പൊതു ജനത്തിനെന്ത് ഉണ്ടാക്കിക്കൊടുത്തു എന്നും കൂടി മേലെ കമന്റിട്ട ഞാനുൾപ്പെടെയുള്ള വിവരദോഷികൾക്ക് പറഞ്ഞു തരാൻ താങ്കൾക്ക് കഴിയുമായിരിക്കും.

    രാഷ്ട്രീയക്കാരൻ നടത്തുന്ന ഈ വില കുറഞ്ഞ സമരാഭാസത്തെ മാത്രമാണ് ചീരാമുളക് വിമർശിച്ചിട്ടുള്ളതെന്നോർക്കണം. പത്രക്കാരൻ ഇപ്പോൾ പറഞ്ഞത് നാം കുറെ നാളായി കേൾക്കാൻ തുടങ്ങിയിട്ട്. റഷ്യയിലേക്കും, കിഴക്കൻ യൂറോപ്പിലേക്കും ബംഗാളിലേക്കും നോക്കാൻ പറഞ്ഞതനുസരിച്ച് അങ്ങോട്ടൊക്കെ കണ്ണു പായിച്ച് മണ്ടന്മാരായതല്ലാതെ ഫലമൊന്നുമുണ്ടായില്ല എന്നത് ചരിത്രം. പ്രത്യയശാസ്ത്ര പ്രക്ഷാളനങ്ങളുടെ പ്രലോഭനങ്ങളിൽ പെട്ട് പ്രയോജനരഹിതമായ പ്രവൃത്തികളിലേർപ്പെട്ട് പ്രജകൾക്ക് മുൻപിൽ പ്രതിയാകാനിനിയും വയ്യ മാഷേ.
    പ്രതികരണം പ്രത്യുല്പാദനപരമാകാത്തിടത്തോളമത്,പ്രഹസനം മാത്രമായി അവശേഷിക്കും.

    പിന്നെ ആണത്തത്തെ പറ്റി: ആണുങ്ങളായി എത്ര പേരുണ്ട്, മയിലമ്മക്കും,മേധാ ദീദിക്കും,അരുന്ധതീ റോയിക്കും,സമശീർഷരായി നിൽക്കാൻ? ഒരു അണ്ണാ ഹസാരെയോ? ആണത്തം എന്ന വാക്ക് ഇന്നത്തെ സമൂഹത്തിനു യോജിച്ചതല്ലെന്നു കൂടി മനസ്സിലാക്കാവുന്നതാണ്. പുരുഷ മേധാവിത്തത്തിന്റെ ദുർഗന്ധം വമിപ്പിക്കുന്ന ആ പദം അത്ര കുലീനമൊന്നുമല്ല.

    ഇനി പറ്റുമെങ്കിൽ താങ്കൾ ചെയ്യേണ്ടത്, 19-9-2011 തീയ്യതിയിലെ ഹർത്താൽ കൊണ്ട് പൊതുജനത്തിനുണ്ടായ നേട്ടം എന്ത് എന്ന് അറിയിക്കുകയാണ്.
    കാലഹരണപ്പെട്ട ഒരു സമര രീതിയെ പൊതുജനത്തിന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയിൽ ദുരുപയോഗപ്പെടുത്തുന്ന ഈ വൃത്തികെട്ട ശീലം മാറ്റിയിട്ടു മതി,ഇനി ജനങ്ങൾക്കു വേണ്ടി വാദിക്കുന്നത്. കാരണം,ഹർത്താലിനെ അനുകൂലിക്കാൻ അധികമാളില്ലിവിടെ എന്നതു തന്നെ. നല്ല റോഡ് പോലുമില്ലാത്ത കണ്ണൂർക്കാരനായ എനിക്ക് ഹർത്താലിനെക്കാൾ വിലപ്പെട്ടത്,സ്വാതന്ത്ര്യത്തോടെയുള്ള യാത്രയാണ്; ശാരീരികമായും, മാനസികമായും!എല്ലാവർക്കുമങ്ങനെ തന്നെയെന്ന്,ഇവിടെ ആരോട് ചോദിച്ചാലും ബോധ്യപ്പെടുകയും ചെയ്യും.എനിക്ക് ബോധ്യമായിട്ടുണ്ടത്,കാരണം ഇതെഴുതുന്നയാൾ ഗലറിയിൽ നിന്ന് കൂക്കുന്നയാളല്ല എന്നതു തന്നെ.
    ഒരു നല്ല സമര രീതി കണ്ടെത്തുന്നത് ഉചിതമല്ലെന്ന് തോന്നുന്നുവെങ്കിൽ ഈ വക ആഭാസങ്ങൾ മതിയാക്കുന്നതിനെങ്കിലും മനസ്സുണ്ടായെങ്കിൽ എന്ന് മനസ്സാ ആശിച്ച് പോകുന്നു.

    താങ്കളിൽ ഞങ്ങൾക്കുള്ള പ്രതീക്ഷ അറിയിക്കാൻ കൂടി ഈയവസരം ഉപയോഗപ്പെടുത്തട്ടെ. സ്നേഹപൂർവ്വം വിധു



    വിധു ചോപ്ര , ചീരാമുളക് ലേക്ക് 2011, സെപ്റ്റംബര്‍ 20 4:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

    മറുപടിഇല്ലാതാക്കൂ
  16. Ekka .....
    harthal avasanikkanulla 3 chances......
    1) when media not giving any importance to this XXXXing harthal..... (no chance, Mattullavante enthellam nashichu ennariyanulla kerala janathayude aakamsha ullidatholam ithellam varthayakum)
    2) Nammude great leaders oorooo junctionil prathimayakkanam... (kurachu kathirikkanam..)
    3) Kutti sakhakalkku vere pani vallathum kitty nadu vittu pokanam... (sombhavichekkammmm... alla sambhavichukondirikkunathuuu.....)

    So hope to happen at the earliest........

    മറുപടിഇല്ലാതാക്കൂ
  17. ലക്ഷങ്ങള്‍ വിലമതിക്കുന്ന പൊതു മുതല്‍ നശിപിചിട്ട് എന്താ പ്രയോജനം, വില കുറയുമോ?

    മറുപടിഇല്ലാതാക്കൂ
  18. priya suhruthe oro sarkarum arhikuna samaramurathaneynu avasyam .Harthal njangal iniyum nadathum . njangal padichathu GHANDISUM alla MARXISUM anu .LALSALAM

    മറുപടിഇല്ലാതാക്കൂ
  19. @വിധു ചോപ്ര, വസ്തു നിഷ്ടമായ മറുപടികള്‍ക്ക് പലപ്പോഴും ഇടതുപക്ഷത്തില്‍ നിന്നും മറുമൊഴികളുണ്ടാവാറില്ല. സമരം ചെയ്യാനുള്ള അവകാശത്തെ തോന്നിയപോലെ വ്യാഖ്യാനിച്ച് തോന്നിവാസം ചെയ്യുന്നവര്‍ എന്നെങ്കിലും തിരിച്ചറിയാതിരിക്കില്ല അവരുടെ മൂഡത്തരം. മറുപടി കലക്കി.
    @കൊംബന്‍, ചെറുത് നല്ലത് മാത്രമല്ല, മനോഹരം കൂടിയാണ്!!
    @ഗാര്‍ലോ രണ്‍ടാമത്തെ പോയിന്റെ ശരിക്കും പിടിച്ചു. അതിനിനിയും കാലമെടുക്കുമല്ലോ എന്നോര്‍ക്കുമ്പോഴാ! പിന്നെ മീഡിയയുടെ കാര്യം. നാട്ടുനന്മയുദ്ദേശിച്ച് എന്ത് വാര്‍ത്തകളാണ് മീഡിയകള്‍ കൊടുക്കുന്നത്? എക്സ്ക്ലൂസീവുകള്‍ക്ക് പിറകെ പാഞ്ഞ് മാധ്യമധര്‍മ്മവും മാന്യത്യും ാഅട്ടിലൊഴുക്കുന്ന ഇവരില്‍ നിന്നും വലുതായിട്ടൊന്നും പ്രതീക്ഷിക്കേണ്ട. കുട്ടി സഖാക്കള്‍ക്കെല്ലാം വിസ കൊടുക്കാന്‍ രവിപിള്ളയുടെ കമ്പനി പ്രസിഡന്റ് മോന്‍ കൊടിയേരിയോട് പറഞ്ഞു നോക്കാം.
    @ ഷാജു അത്താണിക്കല്‍ നശിപ്പിക്കുന്നവന്റെ വില കുറയുമെന്നല്ലാതെ....
    @ saiju sreedharan മാര്‍ക്സിനെ വെറുതെ തല്ലുകൊള്ളിക്കണോ?

    മറുപടിഇല്ലാതാക്കൂ
  20. ഉമ്മറത്ത് ചാണകം തളിക്കുന്നു.

    ചാണകം പശുവിന്റെ വിസർജ്ജ്യമാണ്..

    അത് വീണാൽ ഉമ്മറത്തെ കീടങ്ങൾ നശിയ്ക്കുമെങ്കിൽ നശിയ്ക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  21. എല്ലാ നവീന ബുദ്ധി ജീവികളെയും പോലെ ഇടതു പക്ഷത്തെ പത്തു തെറി പറയുക ,ലോകത്തുള്ള എല്ലാ ഹര്‍ത്താലുകളുടെയും ഉത്തരവാദിത്തം ഇടതു പക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കുക ,പുതിയ ആക്ടിവിസ്റ്റ് ഗുണ്ടായിസത്തെ മഹത്വവല്‍ക്കരിക്കുക ,താങ്കള്‍ക്കും കിട്ടും കമന്റുകള്‍ ,ആരാധകര്‍ ,അഭിനന്ദനങ്ങള്‍ ,,,പക്ഷെ ഇടതു പക്ഷം നടത്തിയ ഹര്‍ത്താല്‍ എന്തിനായിരുന്നു എന്ന് മറന്നു പോകരുത് ,പ്രതിഷേധങ്ങലെയില്ലാത്ത മറ്റു സംസ്ഥാനങ്ങള്‍ സ്വര്‍ഗം എന്ന് ധരിക്കയുമാരുത് ...

    മറുപടിഇല്ലാതാക്കൂ
  22. ജനങ്ങള്‍ സഹിക്കേണ്ടി വരുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ എന്ന വ്യാജേനയാണ് ഹര്‍ത്താലും ബന്ദും ഒക്കെ നടത്തുന്നത് .അന്നേദിവസം ഉണ്ടാകുന്ന പൊതുമുതല്‍ നശിപ്പിക്കലും ഉത്പാദന നഷ്ടവും ചേര്‍ത്തുള്ള മൊത്തം സാമ്പത്തിക കണക്കെടുത്താല്‍ പാവപ്പെട്ട ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് കുറച്ചു കൂടി ആക്കം കൂടും .കാലഹരണപ്പെട്ട ഈ സമരങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ ?? കൂടിയതൊന്നും കുറയാന്‍ പോകുന്നില്ല .അപ്പോളും നടുവൊടിയുന്നത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ .. പക്ഷെ തിരഞ്ഞെടുപ്പ് വരട്ടെ ..ഇതെല്ലാം മറന്നു ഇടതും വലതും നടുവും ആയി ജനം ചേരി തിരിയുകയും ചെയ്യും ..:)‌

    മറുപടിഇല്ലാതാക്കൂ
  23. എല്ലാം വായിചചു ഞാന് പറയാന് ഉേദദശിചചത് തെനന അധികം േപരും കമന്റിത് അതിനാല് ഞാന് ഒന്നും പറയുനനിലല.

    മറുപടിഇല്ലാതാക്കൂ
  24. ഷ്ഫീക്ക് പറഞ്ഞു.. "സ്വന്തം പാര്‍ട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ അധികനികുതി കീശയിലിട്ടിട്ടാണ് നാണമില്ലാത്ത ഇപ്പണി കാണിച്ചത്.."
    അത് മാത്രമോ? ഞാനും ഒരു നോട്ടിട്ടിരുന്നു ഈ കാപട്യം കണ്ടപ്പോള്‍ "ഇവിടെ കഴിഞ്ഞ 5 വര്ഷവും ഭരണവും പെട്രോള്‍ വിലക്കയറ്റവുമുണ്ടായിരുന്നു ഒരിക്കല്‍ പോലും പാവപ്പെട്ടവെന്‍റെ കണ്ണീരിന്‍റെ വിലയായ അധിക ലാഭം വേണ്ടെന്ന് വെക്കാത്ത ഇടത് പക്ഷത്തിന് എന്ത് ധാര്മ്മികതയാണ് ഇന്ന് കേരളത്തില്‍ ഹര്ത്താല്‍ നടത്താന്‍"

    പെട്രോള്‍ കമ്പനികളുപരോധിക്കാമായിരുന്നു.. ഡെല്ഹിയില്‍ പ്രതിഷേധിക്കാമായിരുന്നു..
    എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നത് ചെയ്ത ഉമ്മന്‍ചാണ്ടിയുടെ തോളേലോട്ട് തന്നെ കേറിയത് ഒരു തരം മറ്റേപ്പണിയായ്പ്പോയി...
    എനിക്ക് പറയാനുള്ളതൊക്കെ നന്നായി പറയുന്നുണ്ട് ആശംസകള്‍!:)

    മറുപടിഇല്ലാതാക്കൂ
  25. സദ്ദാമിന്‍റെ കാര്യത്തില്‍ ഒരു വരുദ്ധ്യം കൂടി
    യുണ്ട് ഇടതു നിലപാടില്‍. ഇറാഖിലെ കമ്മ്യൂണിസ്റ്റ്
    പാര്‍ട്ടിയും സദ്ദാമും ശത്രുക്കള്‍ ആയിരുന്നു. കാരണം
    സദ്ദാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഒരു
    സ്വേച്ഛാധിപതി ചെയ്യുന്നതെല്ലാം ചെയ്തിരുന്നു.
    ആ പാര്‍ട്ടി ശത്രു മലബാറില്‍ മിത്രമാവുന്നതിന്‍റെ
    വോട്ട്-മനശാസത്രം cpm കോണ്‍ഗ്രസിന്‍റെ അതെ
    നിലവാരത്തില്‍ തന്നെയാണ് നില്‍ക്കുന്നതു എന്ന്
    കാണിക്കുന്നു.

    കാലിക പ്രസക്തമായ പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  26. ഏതായാലും മറുനാട്ടില്‍ ആയതിനാല്‍ നമ്മള്‍ പ്രവാസികള്‍ രക്ഷപെട്ടു. ഏതു സമരത്തിന്നും ആത്യന്തികമായ ഒരു ലക്‌ഷ്യം വേണം. ആ ലക്‌ഷ്യം സാധ്യം ആകാതെ വെറുതെ അലമുറയിടുന്നത് കൊണ്ട് ഒരു പാര്‍ടിയും ഒന്നും നേടില്ല ,,,, വോട്ടു കൊടുക്കുന്നവന്റെ കണ്ണില്‍ പൊടിയിടാന്‍ കുറെ അലന്ന സമര മുറകള്‍ ....

    മറുപടിഇല്ലാതാക്കൂ
  27. @രഞ്ജു.ബി.കൃഷ്ണ മുറ്റം നന്നാക്കാൻ തളിച്ചോളൂ, കീടങ്ങളെയും കൊന്നോളൂ, പക്ഷേ മുറ്റത്ത് കളിക്കുന്ന കിടാങ്ങളെ കൊല്ലരുതേ?

    @സിയാഫ്- തെറി പറയുന്നത് ആരെയാണെങ്കിലും എന്തിനാണെങ്കിലും ശരിയല്ല. ഞാൻ തെറി പറഞ്ഞോ? വിമർശനത്തെ തെറിയായിക്കാണരുത്. നീതിപീഠത്തെ ശുംഭന്മാർ എന്ന് വിളിക്കുന്നത് തെറിയാണ്. എന്നാൽ "ഗാന്ധിജിയുടെ സമരമാർഗ്ഗം യുവാക്കളുടെ പ്രതികരണശേഷി കുറച്ചു" എന്നു പറഞ്ഞാൽ അത് വിമർശനവും. മനസ്സിലായോ? "ലോകത്തെ എല്ലാ ഹർത്താലുകളും..." നല്ല പ്രയോഗം, ലോകത്ത് ഹർത്താലുകളുള്ളത് മധുരമനോഞ്ജ കേരളത്തിലല്ലോ സഖാവേ!! അല്ല നമുക്കത് അമേരിക്കയുടെയോ അൽ-ഖായിദയുടെയോ മേൽ കെട്ടിവെക്കാം!! തമാശ പറഞ്ഞത് നന്നായി രസിച്ചു, "ആക്ടിവിസ്റ്റ് ഗുണ്ടായിസത്തെ മഹത്വവൽക്കരിക്കൽ"....ഞാൻ പറഞ്ഞില്ലല്ലോ ഹർത്താലുകാരുടെ ഗുണ്ടായിസം മഹത്വമെന്ന്.
    ഹർത്താലുകൾ എന്തിനായിരുന്നുവെന്ന് മറന്ന് പോയത് അത് നടത്തിയവർ തന്നെയാണ്. അതാണ് എന്റെ പോസ്റ്റിലെ ചോദ്യവും. പൊതുമുതൽ തച്ചുതകർക്കാനായിരുന്നോ ഹർത്താൽ? വിധു ചോപ്ര പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ വിശദമായിത്തന്നെ.

    @രമേശ്‌ അരൂര്, നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരി. ജനം-ഞാനടക്കം വീണ്ടും വിളിക്കും സിന്ദാബാദ്!!
    @IBRAHIM PO,സ്വന്തം സുഹൃത്ത്, Salam,വേണുഗോപാല്‍- നന്ദി, അഭിപ്രായങ്ങൾക്ക്

    മറുപടിഇല്ലാതാക്കൂ
  28. സംഘടിത പ്രതിഷേധങ്ങള്‍ അതിര് കടക്കുന്നു എന്ന് പറയുന്ന നമുക്ക് സംഘടിത പ്രതിഷേധങ്ങളിലൂടെയാണ് അവകാശങ്ങള്‍ കിട്ടിയതെന്നും ഇപ്പോള്‍ ഈ ചോദ്യം ചെയ്യുന്നതിനെ അടക്കം ചോദ്യം ചെയ്യാനുള്ള അവകാശം കിട്ടിയതെന്നും മറക്കരുത്. കൂട്ടായുള്ള സമരങ്ങളില്‍ നിന്നും ആള്‍ക്കാര്‍ പിന്മാറുമ്പോഴാണ് ബാക്കി ഉള്ളവര്‍ എഫെകറ്റ് ഉണ്ടാക്കാന്‍ വേണ്ടി അക്രമങ്ങളിലേക്ക് മാറ്ന്നതെന്നും നാം മറക്കുന്നു.കുറ്റം പറയുമ്പോള്‍ ധാര്‍മ്മികത വിട്ട ഭൂരിപക്ഷത്തിന്റെ അധാര്‍മ്മികതയെക്കാള്‍ ധാര്‍മ്മികത വിട്ട എന്ന് ആരോപിക്കുന്ന ന്യൂന പക്ഷത്തിന്റെ പ്രതിഷേധത്തിനെതിരെയാണ് കൂടുതല്‍ വാളോങ്ങുന്നത്. നമുക്ക് ഇതും അഫോര്‍ട് ചെയ്യാം എന്ന ചിന്തയുള്ളവന് കൂട്ടായിരിക്കാനാണ് നമ്മുടെ ശ്രമം.നാളെയും അവനു നമ്മളെ വേണ്ട.നമുക്ക് നാളെ ഇത് അഫോര്‍ട് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ നമുക്ക് വേണ്ടി പറയാന്‍ ആരും ഉണ്ടാവില്ല.
    പുതിയ പ്രതിഷേധ രീതികള്‍ അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
    നിങ്ങള്ക്ക് ഒറ്റക്കാലില്‍ നില്‍ക്കാന്‍ കഴിയുമോ? ചാനലില്‍ വിളിച്ചു പറഞ്ഞിട്ട് നിങ്ങളുടെ സ്വന്തം വീട്ടിനു മുന്നില്‍ നിന്നാലും മതി ചാനല്‍ കാമെറ കണ്ണുകള്‍ നിങ്ങളെ തേടി എത്തും......
    ഓരോരുത്തനും അവനവന്റെ വഴികള്‍ കണ്ടെത്തൂ .....
    കൂട്ടായ്മകള്‍ ഇല്ലാതാക്കാന്‍ മാത്രമേ ഇക്കാലത്ത് അറിഞ്ഞുകൊണ്ടുള്ള ശ്രമമുള്ളൂ ......

    മറുപടിഇല്ലാതാക്കൂ
  29. മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിന്നായുധം
    ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം

    മറുപടിഇല്ലാതാക്കൂ
  30. കലക്കി!!! പറയേണ്ടത് പറഞ്ഞേതീരൂ. ഈ കോപ്പിലെ ഹര്‍ത്താല്‍! പേടിച്ച് വീടിന് പുറത്തിറങ്ങാത്തവന്‍ ഹര്‍ത്താല്‍ വിജയിപ്പിച്ചുവെന്നാ ആഹ്വാനം ചെയ്യുന്ന ആണുംപെണ്ണും കെട്ടവന്‍മാര്‍ അവകാശപ്പെടുന്നത്.

    മറുപടിഇല്ലാതാക്കൂ