2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

വിക്കി ലീക്കായിപ്പോയ എട്ടുകോടി!!

(വിദഗ്ദാഭിപ്രായം മാനിച്ച് തലക്കെട്ട് മാറ്റിയതാണ്. സംഗതി പഴയത് തന്നെ. കനിവുള്ളവരേ ഒരു നിമിഷം!)
രോഗം കൊണ്ടും ദാരിദ്ര്യം കൊണ്ടും കടം കൊണ്ടും ജപ്തി ഭീഷണികൊണ്ടും സാമ്പത്തികമായും മാനസികമായും തകര്‍ന്ന ഒട്ടനവധി പേരെ ജാതിയോ മതമോ നോക്കാതെ സഹായിച്ച ചരിത്രമുണ്ട് ബ്ലോഗര്‍മാര്‍ക്ക്. അല്ലാത്ത ഐ ഏ എസുകാരന്റെ ഇല്ലാത്ത അര്‍ബുദത്തിന് വരേ നാം പണമയച്ചു സഹായിച്ചു. വേദനയില്‍ മുക്കിയ ഒരു പോസ്റ്റ്, അതുമതി ബ്ലോഗര്‍മാരുടെ ഹൃദയം തരളിതമാക്കാന്‍. കരളലിയിക്കുന്ന, കണ്ണ് നനയിക്കുന്ന ഒരു കഥന കഥയിതാ നമുക്ക് മുന്നില്‍. എന്തെങ്കിലും വളരെപ്പെട്ടെന്ന് ചെയ്തേ തീരൂ.

ഒന്നേകാല്‍ കോടിയോളം കടമുള്ള തൊഴില്‍രഹിതനായ പാവപ്പെട്ട ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. പെട്രോളടിക്കാന്‍ കാശില്ലാതെ എട്ടോളം മുന്തിയ കാറുകളാണ് ചെറ്റക്കുടിലിന്റെ ചെറുമുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്നത്. സാധാരണ കുടുംബ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ മെയ് മാസത്തില്‍ വെറും രണ്ടേ രണ്ട് ക്രിമിനല്‍ കേസുകളും എട്ടുകോടിയോളം ആസ്തിയും ഒന്നേകാല്‍ കോടിയോളം കടവുമുള്ള ഒരു ശരാശരി മലയാളിയായിരുന്നു. ചവറ സ്വദേശികളായ ചില ദയാശൂന്യരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരമ്പരാഗതമായി കിട്ടിയ ഏതോ ശാപഫലമായി ജയിച്ചു പോവുകയും ചെയ്തു. തന്റെ അച്ഛനോടും കുടുംബത്തോടുമുള്ള കുടിപ്പക തീര്‍ക്കാനായി തന്നെ തൊഴില്‍‌മന്ത്രിയാക്കാന്‍ ചിലര്‍ നടത്തിയ കുത്സിതശ്രമങ്ങള്‍ വിജയിച്ചതോടെയാണ് തന്റെ ജീവിതത്തിന്റെ താളം തെറ്റിയതെന്ന് ഹതാശനായ ഈ ചെറുപ്പക്കാരന്‍ ഇന്നലെ പത്രക്കാര്‍ക്ക് മുന്നില്‍ കരഞ്ഞു പറഞ്ഞു. മന്ത്രിപ്പണി വന്നതോടെയാണത്രേ അച്ചായന്‍ കടം കേറി മെലിഞ്ഞ് മെലിഞ്ഞ് എല്ലും തോലുമായത്! നാട്ടിലെ പെരും മഴയത്ത് ഒലിച്ച് പോയതോ തിരക്കിട്ട നൂറ്ദിന കര്‍മ്മങ്ങള്‍ക്കിടെ വിക്കിലീക്കായിപ്പോയതോ ആണ് മേല്പ്പറഞ്ഞ എട്ടുകോടി. മെക്കാനിക്കല്‍ ബീ ടെക് വിദ്യാഭ്യാസ യോഗ്യതയുള്ള ഇദ്ദേഹത്തിനോ, സിവില്‍ എഞ്ചിനീയറിങും എം ബീ ഏയുമുള്ള ഭാര്യക്കോ ഒരു ജോലിയാണീ കുടുംബത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം. അല്ലാത്ത സഹായങ്ങള്‍ പണമായോ സ്വര്‍ണ്ണ ഉരുപ്പടികളായോ തൊഴില്‍ മന്ത്രാലയത്തിലേക്ക് അയച്ചു കൊടുക്കാന്‍ അപേക്ഷ. പണം ഡീ. ഡീ ആയിട്ടയക്കുന്നവർ കവറിനുപുറത്ത് "മാളികമുകളേറിയ മന്നന്റെ...." എന്നെഴുതണം.

നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് അറിയാതെ ഒരാവേശത്തിന്റെ പുറത്ത് പറഞ്ഞ് പോയതാണ്. നടക്കാത്ത പലതിന്റെയും കൂട്ടത്തില്‍ പെടുത്തി ജനം ഇതും മറക്കുമെന്ന് അന്നാശ്വസിക്കുകയും ചെയ്തു. അമ്മാവന്‍ ചത്ത് കട്ടിലൊഴിയാന്‍ കാത്തിരിക്കുന്ന പാർലമെന്ററി വ്യാമോഹികളായ ഇടതന്മാര്‍ ഭൂതക്കണ്ണാടിയും പിടിച്ച് പിറകെ മണപ്പിച്ച് നടക്കുന്നതില്‍ പേടിച്ച് മാത്രമാണ് അവസാന നിമിഷം ഇങ്ങിനെയൊരു വെളിപ്പത്തല്‍ നടത്തിയത്. മന്ത്രിമാരുടെ പൂര്‍‌ണ്ണസ്വത്തു വിവരങ്ങളോ ബിനാമിസ്വത്തുക്കളോ വെളിപ്പെടുത്തുമെന്ന് ആരും പറഞ്ഞിട്ടില്ല. ഇനി ആര്‍ക്കെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ സ്വന്തം നിലക്ക് അന്വേഷിക്കാവുന്നതാണ്. ഇതിനും താത്പര്യമില്ലാത്ത ജിഞ്ജാസുക്കള്‍ക്ക് അമേരിക്കന്‍ കോണ്‍സുലേറ്റുമായോ വിക്കിലീക്സുമായോ ബന്ധപ്പെടാം.

എന്തായാലും ഈ വെളിപ്പെടുത്തലുകള്‍കൊണ്‍ട് ചിലര്‍ക്കെങ്കിലും നേട്ടങ്ങളുണ്‍ട്. ലീഗുകാര്‍ക്ക് നെഞ്ച് വിരിച്ച് നടക്കാം. എന്താ, കുഞ്ഞാപ്പയുടെ ഒരു പവര്‍! മന്ത്രിമാരില്‍ സമ്പന്നന്‍. എല്ലാ പത്രക്കാരും, സ്വന്തം ചെയര്മാന് പുല്ലുവില മാത്രമുള്ള ചാനല്‍ പോലും പറഞ്ഞില്ലേ കുഞ്ഞാപ്പ സമ്പന്നനാണെന്ന്? ഇനി സല്‍ഗുണസമ്പന്നന്‍ എന്നുകൂടി പറഞ്ഞു കിട്ടിയാല്‍ മതി! മന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടി ഏ.ഐ.സീ.സ്സീ ആസ്ഥാനമുറ്റത്ത് ആഴ്ചകളോളം വെയിലുംകൊണ്ട് പട്ടിണികിടക്കുകയും മുതിര്‍ന്ന നേതാക്കളുടെ ഛായാചിത്രം ഓടയിലെറിയുകയും കേരളാഹൗസില്‍ എണ്ണയിട്ട് ഉഴിച്ചില്‍ നടത്തുകയുമൊക്കെ ചെയ്യേണ്ട ഈ കാലത്ത് സ്വന്തമായി ഒരു ആളില്ലാപാറ്ട്ടിയും പത്രമുതലാളിയായ അച്ചനുമൊക്കെ ഉണ്ടായിട്ടും മന്ത്രിസ്ഥാനം ത്ഫൂ.. എന്ന് തുപ്പിത്തെറുപ്പിച്ച് ശ്രേയസ്സുയര്‍ത്തിക്കളഞ്ഞൂ വയനാടിന്റെ പൊന്നോമന കുമാരന്‍. ഈ അസാധാരണമായ ചെയ്തി കണ്‍ടിനിയും ഞെട്ടല്‍ മാറിയിട്ടില്ലാത്ത രാഷ്ട്രീയ നിരീക്ഷകര്‍ക്ക്  ഗുട്ടന്‍സ് പിടികിട്ടിയ സ്ഥിതിക്ക് ഞെട്ടലില്‍ നിന്ന് മോചിതരായി അടുത്ത ഞെട്ടലുകള്‍ക്കായി കാത്ത് നില്‍ക്കാം. അസമയത്തെ അറിവില്ലായ്മ വഴി മുന്നൂറ് കോടിയുടെ കാര്യം ആത്മകഥയിലെഴുതിപ്പോയ കാരാഗ്രഹവാസിയായ അഛന്റെ സമക്ഷത്തിങ്കല്‍ അടിയന്തിര സാമ്പത്തിക സഹായത്തിനുള്ള നിവേദനം കൊടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു വെറും നക്കാപ്പിച്ച കോടികള്‍ മാത്രമുള്ള പാവം കാട്ടുമന്ത്രിക്ക്.

കേരളത്തില്‍ നിന്നും തലയെടുപ്പുള്ള ഒരുപിടി മന്ത്രിമാര്‍ ദില്ലിയില്‍ ഹിന്ദിയില്‍ ഭരണം നടത്തുന്നുണ്ട്. ആസ്ഥാന പ്രതിരോധവിദഗ്ദനായ ആദര്‍ശവകുപ്പ് മന്ത്രി പതിറ്റാണ്ടുകളായി കാന്റീനിലെ കഞ്ഞികുടിച്ചുണ്ടാക്കിയത് വെറും വിരലിലെണ്ണാവുന്ന ലക്ഷങ്ങള്‍ മാത്രം! കേരളത്തിന് നാണക്കേടുണ്ടാക്കിക്കൊണ്ട് കൂട്ടത്തില്‍ പാവപ്പെട്ടവനെന്ന വിളിപ്പേരും. അതുപോട്ടെ, ഇഹലോക ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ആളല്ലേ എന്നു കരുതാം. എന്നാലങ്ങനെയാണോ ഒരു സിറ്റിങിന് ഒരു കോടിയോളം വാങ്ങുന്ന വക്കീല്‍ ദമ്പതികളുടെ കാര്യം? സാമ്പത്തിക വകുപ്പ് കാലങ്ങളോളം കൈകാര്യം ചെയ്തിട്ടും സ്വന്തം വരുമാനം ഭദ്രമായി സൂക്ഷിക്കാന്‍ കെല്പ്പില്ലാതെപോയല്ലോ എന്നോര്‍ക്കുമ്പോഴാ! കൊച്ചു കുട്ടികള്‍ പാട്ടുപാടിയും നൃത്തമാടിയും ലക്ഷറികാറുകളും ഫ്ലാറ്റുകളുമൊക്കെ അടിച്ചുകൊണ്ടുപോകുന്ന ഈ കാലത്ത് ഇരട്ട അക്കം വളര്‍ച്ചാ നിരക്കും നോക്കി നില്‍ക്കുന്ന ഈ രാജ്യത്തെ പ്രധാനമന്ത്രിക്കുള്ളത് വെറുമൊരു മാരുതി 800!! ഷെയിം! ഷെയിം! ലോകബാങ്കിലെയും റിസര്‍‌വ്വ് ബാങ്കിലെയും പെന്‍ഷന്‍ കൈപറ്റുന്ന, വലിയോ കുടിയോ ഒന്നുമില്ലാത്ത നല്ലതിനും ചീത്തക്കുമില്ലാത്ത ഒരു സാധു മനുഷ്യനാണീ ദുര്‍ഗ്ഗതിയെന്നോർക്കണം! നീരാ റാഡിയയോ അംബാനിയോ ഉടന്‍ ഇടപെട്ട് ഈ നാണക്കേടിനൊരു പരിഹാരം കണ്‍ടില്ലെങ്കില്‍ മലയാളം ബ്ലോഗര്‍മാര്‍ ഇതും ഏറ്റെടുക്കും.

കുറിപ്പ്: അഴഗിരിയും ദയാനിധിമാരനും ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമാശക്കുള്ള അവാര്‍ഡ് പങ്കിട്ടെടുക്കാന്‍ സാധ്യതയുണ്ട്.

27 അഭിപ്രായങ്ങൾ:

 1. രാഷ്ട്രീയം തന്നെ തമാശ പടമല്ലേ ചീരാമുളകെ.
  അതില്‍ അഭിനയിക്കുന്നവര്‍ നന്നായി കോമഡി ചെയ്യുന്നുമുണ്ട്
  പോസ്റ്റ്‌ നന്നായി ട്ടോ
  --

  മറുപടിഇല്ലാതാക്കൂ
 2. നന്നായി എന്ന് എല്ലാ പ്രാവശ്യവും ഞാന്‍ പറയാറുണ്ട്. അല്ലാതെന്താ ചെയ്വ? നന്നയാപ്പിന്നെ? ഇപ്പോള്‍ എന്ത് പറയണമെന്നറിയില്ല. മുന്‍പുള്ള പോസ്റ്റുകളെ മുഴുവന്‍ കടത്തി വെട്ടി. തുടര്‍ന്നുള്ള കാന്താരി മുളകിന് വേണ്ടി കാതോര്‍ത്ത്‌
  നിങ്ങളുടെ സ്വന്തം..

  മറുപടിഇല്ലാതാക്കൂ
 3. ചീരാമുളക്, പോസ്റ്റ് നന്നായി. രോഗത്താല്‍ വലയുന്നവരെ സഹായിക്കുന്നതും ജീവിക്കാനറിയാതെ വലയുന്നവരെ സഹായിക്കുന്നതും വ്യത്യാസമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 4. ഇങ്ങള് പേടിക്കാണ്ടിരി കോയാ.. ഈ നിയമം എടുത്ത് മാറ്റിയിട്ട് ഇങ്ങള് മന്ത്രിയാവാന്‍ പോയാല്‍ മതി.. :).. എഴൂത്ത് നന്നായിരിക്കുന്നു..!

  മറുപടിഇല്ലാതാക്കൂ
 5. ഈ ചീരാമുളകിന്റെ ഒരു കാര്യം ....

  ആക്ഷേപഹാസ്യം അടിപൊളി..

  മറുപടിഇല്ലാതാക്കൂ
 6. ഹാസ്യത്തിലൂടെ വസ്തുതകല്‍ വിളിച്ചുപറയാനുള്ള സര്‍ഗസിദ്ധി അഭിനന്ദനീയം.മന്ത്രിപുംഗവന്‍മാര്‍ തങ്ങളുടെ ആസനത്തില്‍ മുളച്ച ആസ്തി തണലുകളില്‍ സസുഖം ഞെളിഞ്ഞു നടക്കട്ടെ...ഒരു രൂപയ്ക്കുള്ള ഒരു കിലോയില്‍ നമ്മള്‍ മറന്നോളണം ബാക്കിയെല്ലാം...

  മറുപടിഇല്ലാതാക്കൂ
 7. പറയാനുള്ളത് നല്ല സുന്ദരമായി പറഞ്ഞു.. പെരുത്ത് ഇഷ്ടായി ..ഈ ചീര മുളകിന്റെ ഓരോ ചമ്മന്തിയും

  മറുപടിഇല്ലാതാക്കൂ
 8. മുളകരച്ച് ശരിക്കുമങ്ങ് തേച്ചുപിടിപ്പിച്ചു അല്ലെ? നൂറ്റി നാലിന് മുകളില്‍ ഫോളോവേഴ്സ് ഉള്ള മലയാളം ബ്ലോഗര്‍മാരും സ്വത്ത് വെളിപ്പെടുത്തണം.... എന്തേ? :-)

  മറുപടിഇല്ലാതാക്കൂ
 9. നന്നായി, ഈ ആക്ഷേപ ഹാസ്യം..സോറി, ഹാസ്യമല്ല കാര്യം തന്നെ...ഇപ്പോള്‍ മനസ്സിലായില്ലേ...വോട്ട് തെണ്ടി ഇവര്‍ എന്തിനാണ് മന്ത്രി ആകുന്നതെന്ന്..."ജനസേവനം" തന്നെ ലക്‌ഷ്യം..അഹോ..ഭയങ്കരം..ഈ തോലിക്കട്ടികള്‍..ഇവിടെയും അങ്ങ് വടക്കും..ഇവരൊക്കെ "വെളി" പ്പെടുതിയതിനെ എന്തെങ്കിലും കൊണ്ട് ഗുണിക്കണോ..ആവോ..

  മറുപടിഇല്ലാതാക്കൂ
 10. രാഷ്ടീയക്കാരെ എങ്ങനെ വിശ്വസിക്കും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പൊരുത്തമില്ലാ‍തെ.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 11. അടിപോളി ആയിടുണ്ട് ..ചീരമുള കിന് എല്ലാ വിദ ഭാവുകങ്ങളും

  മറുപടിഇല്ലാതാക്കൂ
 12. പപ്പടം പോലെ പൊടിച്ചു.
  ഓണാശംസകൾ

  മറുപടിഇല്ലാതാക്കൂ
 13. ന്റെ മുളകെ... :) നല്ല നീറ്റല്‍ ന്നാലും ഒരു സുഖം...

  മറുപടിഇല്ലാതാക്കൂ
 14. @ആരിഫ്ക്ക, ചെറുവാടി, ഷാബു, ജിമ്മി, മഖ്ബൂല്‍ മാറഞ്ചേരി, ബഡായി, ഹാഷിക്ക്, കൊംബന്‍, സങ്കല്പ്പങ്ങള്‍, ബഷീര്‍ ജീലാനി, പഞ്ചാരക്കുട്ടന്‍, SHANAVAS, mohammedkutty irimbiliyam, --TTUUBBEE--, Kalavallabhan,Jefu Jailaf

  അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാര്‍ക്കും പെരുത്ത് നന്ദി.

  മറുപടിഇല്ലാതാക്കൂ
 15. "കനിവുള്ളവരേ, ഒരു നിമിഷം!"
  ഈ തലവാചകം ഉടനെ മാറ്റേണ്ടതാണ് . കാരണം ഇങ്ങനെ ഒരു തലക്കെട്ടു കണ്ടാല്‍ ആരും ഇക്കാലത്ത് തിരിഞ്ഞു നോക്കില്ല!

  കോടികളുടെ കണക്ക് കേട്ട് മുഖം കോടുന്നവരെ സഹായിക്കാന്‍ വല്ല വകുപ്പുമുണ്ടോ കൂട്ടരേ....

  മറുപടിഇല്ലാതാക്കൂ
 16. എരിഞ്ഞിട്ട് വയ്യ ന്റെ മൊളകേ
  നന്നായി ട്ടോ

  മറുപടിഇല്ലാതാക്കൂ
 17. കഷ്ടമാണ്‌ കാര്യം. ഉടനെ വല്ലതും നല്‍കി സഹായിക്കണം.. :(

  മറുപടിഇല്ലാതാക്കൂ
 18. കാണാന്‍ അല്പം വൈകി പ്പോയി, ചിരിച്ചു ചിരിച്ചു വയറു കുളത്തിപ്പിടിക്കുന്നു...അടുത്ത കാലത്ത് കണ്ട ഒരു നല്ല ആക്ഷേപ ഹാസ്യം....ഇതെങ്ങാനും എല്‍ ഡി എഫ് സര്‍കാരിന്റെ കാലത്താണെങ്കില്‍ കേരളത്തിന്റെ ദരിദ്രാവസ്ഥ പറയുകയേ വേണ്ട....അഭിനന്ദനങള്‍ ..

  മറുപടിഇല്ലാതാക്കൂ
 19. തിരഞ്ഞെടുപ്പ് വരുന്നത് നല്ലവരെ ജയിപ്പിക്കാനും
  മോശപ്പെട്ടവരെ തോല്പിക്കാനുമാണ്. നമ്മുടെ
  നിര്‍ഭാഗ്യത്തിനു നമ്മുടെ എല്ലാ നേതാക്കളും ]
  നല്ലവരാണ്. അത് കൊണ്ടാണ് അയു ജയിച്ചാലും
  ഒരു പോലെ. എന്ത് ചെയ്യാന്‍ പറ്റും?

  മറുപടിഇല്ലാതാക്കൂ
 20. കളിയില്‍ കൂടി പറഞ്ഞ ഈ കാര്യത്തിനു നൂറു മാര്‍ക്ക്

  മറുപടിഇല്ലാതാക്കൂ
 21. "രാജ്യത്തെ പ്രധാനമന്ത്രിക്കുള്ളത് വെറുമൊരു മാരുതി 800!! ഷെയിം! ഷെയിം! " ...
  ഇത് മാത്രം വേണ്ടായിരുന്നു .. പ്രധാനമന്ത്രി കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയാണ് . 2 G scam ല്‍ തന്നെ ആ മഹാനു എത്ര രൂപ കിട്ടിക്കാണും .

  മറുപടിഇല്ലാതാക്കൂ