2011, ജൂലൈ 29, വെള്ളിയാഴ്‌ച

വ്രതാനുഷ്ഠാനം അഥവാ മുടിഞ്ഞ തീറ്റി!!

നോമ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. മാർക്കറ്റുകളിൽ വൻ തിരക്ക്. ഭക്ഷണസാധനങ്ങൾക്ക് പൊള്ളുന്ന വില. പഴം, പച്ചക്കറികളുടെ വില കുതിച്ചു കേറുന്നു. കോഴിക്കോട്ടങ്ങാടിയിൽ പ്രത്യേക "ഇഫ്താർ" തട്ടുകടകൾ ഇടം പിടിച്ചു കഴിഞ്ഞു. കാക്കത്തൊള്ളായിരം മലയാളം ചാനലുകളിൽ തട്ടമിട്ട പാചകറാണിമാർ റെഡി. ചില "വനിതാ" മാസികകൾ കൊതിയൂറും "റമദാൻ" വിഭവങ്ങളുമായി സ്പെഷ്യൽ പതിപ്പിറക്കി. മൊത്തക്കച്ചവടക്കാർ റമദാൻ സ്റ്റോക്കുകൾ കുന്നുകൂട്ടി. അനവധി നിരവധി പാണ്ടിലോറികളിൽ പോത്തും കോഴിയും ആടുമൊക്കെ അതിർത്തികടന്ന് കൊച്ചുകേരളത്തിലെത്തി. ഗൾഫ് നാടുകളിൽ ഗവർമെന്റ് (അങ്ങിനെയൊരു സാധനം ഇവിടെയും ഉണ്ട്) വില നിയന്ത്രണവും കമ്പോളനിരീക്ഷണവുമൊക്കെയായി പൊതുജനത്തെ സഹായിക്കുന്നു. റസ്റ്റോറന്റുകൾക്കും കഫ്തീരിയകൾക്കും മുന്നിൽ സ്പെഷ്യൽ റമദാൻ തട്ടുകൾ സ്ഥാനം പിടിച്ചു. പള്ളികളോടനുബന്ധിച്ച് ഇഫ്താർ ടെന്റുകളുയർന്നു. ഭക്ഷണത്തിൽ മിതത്വം കാട്ടേണ്ട ഒരു മാസത്തിലേക്കുള്ള ഒരുക്കങ്ങൾ! ഇനി പകലുകളിൽ പട്ടിണിയും സന്ധ്യ മുതൽ പുലർച്ച വരേ മുടിഞ്ഞ തീറ്റിയുടെ ലോകകപ്പുമാണ്. വിശ്വാസികൾ (പള്ളപൊട്ടും വരെ "ഫുഡ് അടിക്ക"ലാണ് നോമ്പിന്റെ ലക്ഷ്യമെന്ന് വിശ്വസിക്കുന്നവർ) അരയും തലയും മുറുക്കി,  തൊള്ളയും പള്ളയും ഒരുക്കി റെഡിയായിക്കഴിഞ്ഞു. ഇനിയങ്ങോട്ട് തീറ്റിയുടെ വസന്തകാലമാണ്.

വ്രതാനുഷ്ഠാനവും ഭക്ഷണവും തമ്മിലെന്താണ് ബന്ധം? പകൽ മുഴുവൻ അന്നപാനീയങ്ങൾ വർജ്ജിച്ച് ശരീരത്തെയും, ദുഷ്ചിന്തകളിൽനിന്നും, നല്ലതല്ലാത്ത സംസാരങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്നുകൊണ്ട് ദൈവസ്മരണയിൽ ദീപ്തമാക്കി മനസ്സിനെയും സ്ഫുടം ചെയ്തെടുക്കുകയെന്നതാണ് റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അന്നപാനീയങ്ങൾ വർജ്ജിക്കുക എന്നത് നോമ്പിന്റെ പ്രത്യക്ഷമായ ഭാഗമാണെങ്കിൽ ഈ പ്രക്രിയയിലൂടെ പതിനൊന്ന് മാസം വിശ്രമമില്ലാതെ തുടർച്ചയായി പ്രവർത്തിച്ച ദഹനേന്ദ്രിയ വ്യവസ്ഥയെ "സർവ്വീസ്" ചെയ്യുകയാണ് യഥാർ‍ത്ഥത്തിൽ ചെയ്യുന്നത്. ഇതിന്റെ ഗുണഫലങ്ങൾ വൈദ്യശാസ്ത്രം ശരിവെച്ചതുമാണ്. (ഉടയതമ്പുരാൻ രൂപം കൊടുത്ത ഈ വ്യവസ്ഥക്ക് വൈദ്യന്റെ മേലൊപ്പ് വേണ്ടതില്ല. എന്നാലും ചില ജിഞ്ജാസുകളുടെ അന്തമില്ലാത്ത ചോദ്യങ്ങൾക്കൊരു അഡ്വാൻസ് മറുപടി കിടക്കട്ടെ).

എന്നാലിന്ന് വ്രതാനുഷ്ടാനത്തിന്റെ ഒരു മാസക്കാലം എന്താണ് നടക്കുന്നത്? പുലർച്ചെ മുതൽ സന്ധ്യ വരെ ഭക്ഷണപാനീയങ്ങളുപേക്ഷിച്ച് വ്രതമെടുത്തവൻ സൂര്യാസ്തമയത്തോടെ (മഗ്‍രിബ്) മറ്റൊരു ജീവിയായി മാറുകയാണ്. കിലോക്കണക്കിന് മൈദയും ലിറ്ററ് കണക്കിന് എണ്ണയും നെയ്യും ആടും മീനും പോത്തും പിന്നെ പഴങ്ങളും തണുത്തതും ചൂടുള്ളതും മധുരവും എരിവും എല്ലാം കൂടി കൂട്ടിക്കുഴച്ച് അടിച്ചു കേറ്റി ആമാശയത്തിനെ ഓവർ ടൈം ചെയ്യിക്കുന്ന ഒരു വിചിത്ര ജീവി! ഓരോ വ്രതവുമവസാനിപ്പിക്കുന്നത് ഒരു കവിൾ വെള്ളം കുടിച്ചുകൊണ്ടാണ്. പിന്നെയതാ കടന്നു വരികയായി സമൂസ, പഴം‍പൊരി, പഴം നിറച്ചത്, പഴം വട, കോഴി അട, നെയ്പത്തിരി, പൊരിച്ചപത്തിരി, കുഞ്ഞിപ്പത്തിരി, ഇറച്ചിപ്പത്തിരി, മീൻ പത്തിരി, പക്കോട, മുട്ടമാല, ഉന്നക്കായ, നെയ്യിൽ തൂമിച്ചെടുത്ത തരിക്കഞ്ഞി, സുഗിയൻ തുടങ്ങി അനന്തമജ്ഞാതമവർണ്ണനീയമായ നെയ്യിൽ മുങ്ങിക്കുളിച്ച മൈദവിഭവങ്ങൾ, നല്ല പാലിൽ കട്ടിയായി അടിച്ച ഒന്നാന്തരം ഫ്രൂട്ട് ജ്യൂസും. ഓരോ നോമ്പുകാരനുമിരുന്ന് തട്ടുന്നത് കണ്ടാൽ പിറ്റേന്ന് പുലർച്ചെ അഞ്ചരക്കാണ് അയാളെ തൂക്കിക്കൊല്ലുന്നതെന്ന് തോന്നും! ഇതുകൊണ്ട് തീറ്റി കഴിഞ്ഞു എന്നാരും തെറ്റിദ്ധരിക്കേണ്ട. ഇത് വെറും "കത്തലടക്കൽ" മാത്രം. ഒരു പൈലറ്റ് ഷോട്ട്. മഗ്‍രിബ് നമസ്കാരം കഴിഞ്ഞിട്ടാണ് മെയിൻ കോഴ്സ്- കാര്യപ്പെട്ട തീറ്റി. പത്തിരി, ഒറോട്ടി, നെയ്ച്ചോറ്, ബിരിയാണി,കോഴിക്കറി, മീൻ പൊരിച്ചത്,ചിലർക്ക് മട്ടൻ കറി തുടങ്ങിയ അരി-പൊരി വിഭവങ്ങൾ കാര്യമായി തട്ടിവിടും. ഞങ്ങളുടെ നാട്ടിലൊക്കെ പച്ച നേന്ത്രപ്പഴം കൊണ്ടുള്ള ഒരു തരം "കായിക്കറി"യുമുണ്ടാവും. ചിക്കനോ ബീഫോ ഒക്കെയിട്ട്. പഴമക്കാർക്ക് ഇത് നിർബ്ബന്ധമാണ്. നോമ്പെടുത്ത് ക്ഷീണിച്ച പാവങ്ങൾ തീന്മേശകളിൽ തളികകൾ നിരത്തുന്നതോടെ ഖജനാവിൽ വീണ കൽ‍മാഡിയെപ്പോലെയായി മാറും! തീറ്റി, മുടിഞ്ഞ തീറ്റി. ഏമ്പക്കം വിടാൻ പോലും മറന്ന് നല്ല കട്ടിയിലൊരു പാൽച്ചായയും കുടിച്ച് മൂട് തട്ടി എണീറ്റ് (പലപ്പോഴും എണീക്കാൻ വലിയ പാടാണ്) പോവുന്നതോടെ പരിപാടിയുടെ കർട്ടൻ വീണു എന്നാരും കരുതണ്ട! രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാൽ ഒരു കഞ്ഞികുടിയുണ്ട്. ജീരകമരച്ച, തേങ്ങാപ്പാലൊഴിച്ച സമൃദ്ധമായ പൊടിയരിക്കഞ്ഞി. ക്ഷീണം മാറാൻ ഉത്തമമാണ്. സന്ധ്യ മുതൽ അടിച്ചുമാറിയതിന്റെ ക്ഷീണമുണ്ടല്ലോ! ചിലപ്പോൾ (മിക്കപ്പോഴും) കഞ്ഞിക്കൊപ്പം കത്തലടക്കിയതിന്റെ ബാക്കി എണ്ണയിൽക്കുളിച്ച മൈദ വിഭവങ്ങൾ കൂടി അകത്താക്കുന്നതോടെ നോമ്പുകാരന്റെ ലഘുഭക്ഷണം തൽക്കാലത്തേക്ക് അവസാനിക്കുന്നു. എന്നാലും മഹത്തായ പള്ളകളിൽ ഇത്തിരി സ്ഥലം ഇനിയും ബാക്കി കാണും!

ഇരപിടിച്ച പാമ്പിനെപ്പോലെ കമിഴ്ന്ന് കിടന്നുറങ്ങിയെണീക്കുന്നത് മറ്റൊരു അങ്കത്തിനുള്ള പടപ്പുറപ്പാടുമായിട്ടാണ്. പകൽ മുഴുവൻ പട്ടിണി കിടക്കേണ്ടതല്ലേ, എന്തെങ്കിലും കാര്യമായിത്തന്നെ കഴിക്കണം. അതും പുലർച്ചെ തന്നെ. സാധാരണ ഉച്ചഭക്ഷണത്തിനൊരാൾ കഴിക്കുന്നതിലുമധികം തട്ടും. മിക്കവാറും ചോറ്, അല്ലെങ്കിൽ നെയ്ച്ചോറ്. അവസാനം പൂവൻ പഴവും കൂട്ടി ഒരു പിടി. അതെ, ഒരു നോമ്പ് സ്പെഷ്യൽ!

എന്നോട് വിയോജിക്കുന്നവർ കുറച്ചെങ്കിലുമുണ്ടാവും. കൊതിയന്മാർ. സാധാരണ മാസത്തിലെ കുടുംബ ബഡ്ജറ്റിന്റെ എത്ര ഇരട്ടിയാണ് റമദാനിൽ? ഓരോ പ്രവാസിയും കുടുംബച്ചിലവിന് ഏറ്റവും കൂടുതൽ പണമയക്കുന്നത് നോമ്പ് കാലത്താണ്. മീനും ഇറച്ചിയും, പൊരിച്ചതും വറുത്തതും സാധാരണയിലധികം അളവിലും (Quantity) ഗുണത്തിലും (Quality) തവണകളിലും കൂടുതലായി കഴിക്കുമ്പോൾ പതിനൊന്ന് മാസമായി ജോലിചെയ്യുന്ന നമ്മുടെ ദഹനവ്യവസ്ഥയെ അമിതഭാരം നൽകി പീഡിപ്പിക്കുകയാണ് നാം ചെയ്യുന്നത്. ഒരു മാസത്തെ മുടിഞ്ഞ തീറ്റ കഴിയുമ്പോൾ പലപ്പോഴും നമ്മൾ നാലഞ്ച് കിലോയെങ്കിലും കൂടിയിട്ടുണ്ടാവും! എന്തൊരു വിരോധാഭാസം! പണക്കാർക്ക് നോമ്പ്തുറ ചടങ്ങുകൾ മേനികാട്ടാനുള്ള അവസരമെങ്കിൽ പലർക്കും പുതിയാപ്ല സൽക്കാരത്തിന്റെ വേദികളാണ്. ഒരു ആരാധനാ കർമ്മത്തെ നാം എത്ര ഭംഗിയായി വാണിജ്യവത്കരിച്ചു!

മുസ്ലീം സ്ത്രീകൾക്ക് ഏറ്റവും തിരക്കേറിയതും ഉറക്കം കുറഞ്ഞതുമായ മാസമാണിത്! ദൈവസ്മരണയിൽ പ്രാർ‍ത്ഥനകൾക്കായി കൂടുതൽ നേരം ചിലവഴിക്കുന്നതിന് പകരം കൊളസ്ട്രോളും ഷുഗറും കൂട്ടിക്കുഴച്ചുരുട്ടി ഏറിയ പങ്കും അടുക്കളയിൽ ചിലവാക്കി ബാക്കി സമയം തിന്നും തീർക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഉടയതമ്പുരാൻ കനിഞ്ഞനുഗ്രഹിച്ച് കല്പ്പിച്ച് തന്ന ഒരു വ്യവസ്ഥയെയാണ് നാം അടിച്ചു (തിന്നു എന്നർത്ഥത്തിൽ) കൊല്ലുന്നത്!

ഭക്ഷണത്തിൽ മിതത്വം പാലിക്കുക. അളവിലും ഇനങ്ങളിലും. പൊരിച്ചതും വറുത്തതും വേണമെന്ന നിർബ്ബന്ധങ്ങളൊഴിവാക്കുക. വിശന്ന വയറ്റിലേക്ക് നെയ്യും എണ്ണയും മൈദയും തള്ളിക്കേറ്റി അസുഖങ്ങൾ സൗജന്യമായി വാങ്ങാതിരിക്കുക. വിരുദ്ധഭക്ഷണങ്ങൾ പാടെ ഒഴിവാക്കുക- മീനും ഇറച്ചിയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലത്രെ! പുകവലിക്കാർ നോമ്പ് തുറന്നപാടെയുള്ള മാരത്തോൺ പുകവലി മാറ്റുക. നല്ല മാറ്റമായിട്ടു പോലും നമ്മുടെ മനസ്സും സ്റ്റാറ്റസും അനുവദിക്കില്ലെങ്കിലും ഈ മാസത്തിന്റെ യഥാർത്ഥ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുക. അധികച്ചിലവിൽ നിന്നും മിച്ചം വരുന്നത് കൊണ്ട് പാവപ്പെട്ടവരെ ഭക്ഷിപ്പിക്കാൻ സന്നദ്ധത കാട്ടുക. നമ്മുടെ ശരീരത്തിനും മനസ്സിനും കീശക്കും നല്ലതു വരും- ഞാൻ ഗ്യാരണ്ടി!!!
-------------------------------------------------------------------------------------------------------------
ഈ പോസ്റ്റ് വായിച്ച് ഒരാളെങ്കിലും ഗുണപരമായ ഒരു മാറ്റം പ്രാവർത്തികമാക്കിയാൽ ഈയുള്ളവൻ കൃതാർത്ഥനായി.

40 അഭിപ്രായങ്ങൾ:

 1. പച്ച നേന്ത്രപ്പഴം കൊണ്ടുള്ള ഒരു തരം "കായിക്കറി"യുമുണ്ടാവും.

  പച്ച നേന്ത്രപ്പഴമോ?

  മറുപടിഇല്ലാതാക്കൂ
 2. ചെറിയ വിഭാഗം ഒരു ഈ പറഞ്ഞ രീതിയില്‍ ഒക്കെ റംസാനില്‍കാട്ടികൂട്ടുന്നുണ്ടാകാം
  നിഷേധിച്ചക്കുന്നില്ല എന്നാലും ..
  ഒരു ജൂസ് കുടിച്ചു നോമ്പ് തുറന്നു ,ഒരു കുബ്ബൂസും കടിച്ചു പറിച്ചു സുബഹി വരെ ജോലി ചെയ്തു ളുഹറിനു വീണ്ടും ജോലിക്കെത്തുന്നവരാണ് പ്രവാസികളില്‍ കൂടുതലും ..
  വിഷയത്തിന്റെ ഘൌരവം കുറച്ചു കാണുന്നില്ല കേട്ടോ ..വിഷയം ചര്ച്ചയാക്കേണ്ടത് തന്നെ !!!!

  മറുപടിഇല്ലാതാക്കൂ
 3. തീറ്റ മത്സരം നടത്തുന്നവർ നടത്തട്ടെ... നോമ്പിന്റെ പുണ്യം മനസ്സിലാക്കി അത് അനുഷ്ടിക്കുന്നവർക്ക് അതിന്റെ പ്രതിഫലം കിട്ടും.

  മറുപടിഇല്ലാതാക്കൂ
 4. പോസ്റ്റില്‍ പറഞ്ഞതുപോലുള്ള അമിതമായ പ്രവര്‍ത്തികള്‍ കണ്ടാല്‍ ചിലപ്പോള്‍ അല്ലാഹുവിനു പോലും തോന്നിപ്പോകും വെളുക്കാന്‍ തേച്ചത് പാണ്ടായോ എന്ന്. നിങ്ങള്‍ തിന്നുക കുടിക്കുക അമിതമാക്കരുത് എന്ന അല്ലാഹുവിന്റെ അധ്യാപനവും വയറിന്‍റെ ഒരുഭാഗം വെള്ളത്തിനും ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെറുതെയും ഒഴിചിടണമെന്ന നബി വചനവും ചില മുസ്ലീങ്ങള്‍ മറക്കുകയാണ്.. എല്ലാ മുസ്ലീങ്ങളും ഈ പോസ്റ്റു വായിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. thetta mashe enthoram ennum paranju kazhikkum oru limit ille

  മറുപടിഇല്ലാതാക്കൂ
 6. ഷബീര്‍ അത്താണിക്കല്‍ ദുബായ്..2011, ജൂലൈ 30 11:00 AM

  ഇനി പകലുകളിൽ പട്ടിണിയും സന്ധ്യ മുതൽ പുലർച്ച വരേ മുടിഞ്ഞ തീറ്റിയുടെ ലോകകപ്പുമാണ്. വിശ്വാസികൾ (പള്ളപൊട്ടും വരെ "ഫുഡ് അടിക്ക"ലാണ് നോമ്പിന്റെ ലക്ഷ്യമെന്ന് വിശ്വസിക്കുന്നവർ) അരയും തലയും മുറുക്കി, തൊള്ളയും പള്ളയും ഒരുക്കി റെഡിയായിക്കഴിഞ്ഞു. ഇനിയങ്ങോട്ട് തീറ്റിയുടെ വസന്തകാലമാണ്.
  പച്ചയായ ഒരു സത്യം വളരെ സത്യ സന്ധ മായി അവതരിപിച്ചു ...നന്ദി നന്ദി ഒരായിരം നന്ദി...

  മറുപടിഇല്ലാതാക്കൂ
 7. എന്റമ്മേ...എന്തൊരു തീറ്റ റാലി...എല്ലാം കഴിഞ്ഞു ഒരു കഞ്ഞി കൂടി ഉണ്ടെന്നു കേട്ടപ്പോള്‍ ശരിക്കും എന്റെ തല കറങ്ങി .മനുഷ്യന്‍റെ ആമാശയത്തിന്റെ ഓരോരോ ഗതികേടെ..

  പക്ഷെ ഇവിടെയുള്ള(കാശ്മീര്‍) നോമ്പ്കാര്‍ പറഞ്ഞത്‌ അവരുടെ വെയിറ്റ് നോമ്പ് കാലത്ത്‌ കുറയും എന്നാണു.

  മറുപടിഇല്ലാതാക്കൂ
 8. ചീരമുളകിന്റെ ഈ പോസ്റ്റിനു നൂറില്‍ നൂറാണ് മാര്‍ക്ക്‌. ഞാനും പലപ്പോഴും നാട്ടിലെ നോമ്പുതുറ പാര്‍ട്ടി കണ്ടു ഞെട്ടിയിട്ടുണ്ട്. പകല്‍ മുഴുവന്‍ പട്ടിണി കിടന്നു മഗിരിബു ബാങ്ക് മുതല്‍ സുബഹി ബാങ്ക് വരെ തിന്നും കുടിച്ചും ഒട്ടകത്തിന്റെ പൂഞ്ഞ പോലെ വയറു നിറച്ചു വെച്ച് നോമ്പ് എടുക്കുമ്പോള്‍ പടച്ചോന്‍ എന്താണാവോ ഉദ്ദേശിച്ചത് അതിന്റ വിപരീത ഫലം ആണ് ഉണ്ടാകുന്നത്. ഒരു മാസം കൊണ്ട് ഒരാള്‍ തിന്നു തീര്‍ക്കുന്നത് ഒരു വര്‍ഷം ഒരു ശരാശരി മനുഷ്യന് തിന്നാന്‍ പറ്റുന്ന അത്രയും ഭക്ഷണമാണ്. ഇത് എതിര്‍ക്കപ്പെടേണ്ട ഒന്നാണ്. നമ്മുടെ മത നേതാക്കന്മാരും മഹല്ല് കമ്മിറ്റിക്കാരും ഒന്നും തന്നെ ഈ ധൂര്‍ത്തിനെതിരെ ഒരക്ഷരം മിണ്ടുന്നത് കണ്ടിട്ടില്ല. എന്ന് മാത്രമല്ല ഇഫ്താര്‍ മീറ്റും സമൂഹ നോമ്പ് തുറയും നടത്തി അവരും ഈ ധൂര്‍ത്തിന്റെ ഭാഗമാവുകയാണ്. 'വിശപ്പിന്റെ വില അറിയുക' എന്നൊരു മഹത്തായ ലക്‌ഷ്യം കൂടി റംസാന്‍ വ്രതത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു. പള്ള നിറച്ചു ഭക്ഷണം കഴിച്ചു എഴുനേറ്റു നടക്കാന്‍ പറ്റാതെ ഉറങ്ങാന്‍ നേരം നിയ്യത്തും വെച്ച് എടുക്കുന്ന പുതു തലമുറക്കാരുടെ നോമ്പ് കൊണ്ട് ശരീരത്തിന് ദോഷം എന്നല്ലാതെ പടച്ചോന്റടുത്തു നിന്ന് ഒരു പ്രതിഫലവും കിട്ടാന്‍ പോണില്ല.

  വെറും ജ്യൂസും ഈത്തപഴവും കൊണ്ട് നോമ്പ് തുറക്കുകയും രാത്രി കാലങ്ങളില്‍ സാധാരണ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പ്രവാസികള്‍ ഇതില്‍ നിന്നും വിഭിന്നമാണെന്ന് ഓര്‍മിപ്പിക്കുന്നു. എല്ലാര്‍ക്കും റമദാന്‍ കരീം.

  മറുപടിഇല്ലാതാക്കൂ
 9. @ Faisal Babu പ്രവാസി ഇന്ത്യക്കാരുടെ നോമ്പ് പലപ്പോഴും വളരേ ലളിതമാണ്. നോമ്പിന്റെ യഥാർത്ഥ അന്തസത്ത ഉൾക്കൊണ്ടൂകൊണ്ടൂള്ള ഒരു നീക്കമാണിതെന്ന് പറയാൻ എനിക്കല്പ്പം പ്രയാസമുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് പലപ്പോഴും ഖുബ്ബൂസിലും മറ്റുമൊതുങ്ങുന്നത്. വളരേ ലളിതമായ രൂപത്തിൽ നോമ്പെടുക്കുന്ന പലരും നാട്ടിലും ഗൾഫിലുമൊക്കെയുണ്ടെന്ന യാഥാർത്ഥ്യം മറക്കുന്നില്ല. ഇക്കാര്യത്തിൽ പ്രവാസികൾ തന്നെയാണ് മുൻപന്തിയിൽ.

  @ ഒരു ദുബായിക്കാരന്‍, Ansar Ali നാട്ടിൽ മഹല്ലുകളോ മറ്റ് സംഘടനകളോ ഇത്തരം നല്ലതല്ലാത്ത പ്രവണതകൾക്കെതിരെ ശബ്ദമുയർത്തുന്നില്ല എന്നതു ആശ്ചര്യം തന്നെ!ഇഫ്താര്‍ മീറ്റും സമൂഹ നോമ്പ് തുറയും നടത്തി അവരും ഈ ധൂര്‍ത്തിന്റെ ഭാഗമാവുകയാണ്

  @ - സോണി - നേന്ത്രപ്പഴം പഴുക്കുന്നതിനു മുമ്പുള്ളതാണ് പച്ച നേന്ത്രപ്പഴം, പച്ചക്കായ എന്നും പറയും.

  @manoos, ലിമിറ്റ് ഇല്ലേ, അതു തന്നെയാണ് നമ്മുടെ ചോദ്യവും.

  @ റോസാപൂക്കള്‍, കാഷ്മീരിൽ നിന്നൊരു ഗുണപാഠം, ല്ലേ?
  @ഷബീര്‍ അത്താണിക്കല്‍ ദുബായ്, ശ്രീജിത് കൊണ്ടോട്ടി, പഥികൻ, അലി -ശുക്‍റൻ

  എല്ലാർക്കും റമദാൻ കരീം

  മറുപടിഇല്ലാതാക്കൂ
 10. വിശ്വാസികള്‍ (പള്ളപൊട്ടും വരെ "ഫുഡ് അടിക്ക"ലാണ് നോമ്പിന്റെ ലക്ഷ്യമെന്ന് വിശ്വസിക്കുന്നവര്‍) അരയും തലയും മുറുക്കി, തൊള്ളയും പള്ളയും ഒരുക്കി റെഡിയായിക്കഴിഞ്ഞു. ഇനിയങ്ങോട്ട് തീറ്റിയുടെ വസന്തകാലമാണ്.

  സരസമായ വിമര്‍ശനം....
  സത്യം പറയട്ടെ,വളരെ ചെറിയൊരു മുസ്ലിം സമൂഹവുമായി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ....അവരി ഭൂരിഭാഗവും ഇങ്ങനെ തന്നെയാ....
  യഥാര്‍ഥ വിശ്വാസത്തെക്കുറിച്ചുള്ള അറിവില്ലായ്മയാനോ...അറിയില്ല....

  മറുപടിഇല്ലാതാക്കൂ
 11. മുസ്ലിംഗളുടെ നൊയമ്പ് ലോകത്തുള്ള എല്ലാ ലവന്മാരും എടുക്കണം. എന്നിട്ട് പട്ടിണി കിടന്നാലെ അന്യന്റെ പട്ടിണി അറിയൂ.
  നല്ല ബ്ലോഗ്‌

  മറുപടിഇല്ലാതാക്കൂ
 12. അലി പറഞ്ഞു...
  തീറ്റ മത്സരം നടത്തുന്നവർ നടത്തട്ടെ... നോമ്പിന്റെ പുണ്യം മനസ്സിലാക്കി അത് അനുഷ്ടിക്കുന്നവർക്ക് അതിന്റെ പ്രതിഫലം കിട്ടും

  ചീരാമുളക് എഴുതിയതെല്ലാം കാര്യമായിരിക്കെത്തന്നെ, എന്റെ അഭിപ്രായം മുകളില്‍ അലി പറഞ്ഞത് തന്നെയാണ്. ദൈവം പ്രവൃത്തിയുടെ പൂര്‍ണ്ണതയെക്കാള്‍ അതിനുപിന്നിലുള്ള മനോഭാവത്തെയാണ് വിലമതിക്കുന്നതെന്നെന്റെ പക്ഷം.

  മറുപടിഇല്ലാതാക്കൂ
 13. സമൂഹം ഇത്രയും നാള്‍ കണ്ടുകൊണ്ട് കാണാതെ പോയ ഒരു സത്യം. "പകല്‍ മുഴുവന്‍ പട്ടിണിയല്ലേ..ഇന്റെ മോന്‍ കൊയങ്ങും" എന്ന ഉമ്മമാരുടെ സ്നേഹം കലര്‍ന്ന ആധിയില്‍ മയങ്ങി ഇതു പോലെ കഴിച്ച് വളരുന്ന ബാല്യങ്ങള്‍ ഒരുപാടുണ്ട് നാട്ടില്‍. നോമ്പിന്‍റെ മുഖമുദ്ര സമൃദ്ധമായ നോമ്പ് തുറകളും, അവസാനത്തെ പത്തിലെ "ഇരുപത്തേയിന്‍റെ പൈശയും" പെരുന്നാളിന്ന്‍ ഒരാഴ്ച മുന്നേ തുടങ്ങുന്ന പടക്കക്കടയുടെ മുന്നിലെ ആഘോഷവും ആണെന്ന വളഞ്ഞ ചിന്തയില്‍ വലയുന്ന ബാല്യകൌമാരങ്ങള്‍. പട്ടിണിയുടെ വേദന അറിയാനും, ദൈവം ദുരിതങ്ങളിലേക്ക് അയച്ച, സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ സൂചിക്കുഴലിന്‍റെ ഇടുക്കമില്ലാത്തവരുടെ കണ്ണീരൊപ്പാനും ഉള്ള വാസന ഇളമനസ്സുകളില്‍ വിരിയിക്കാന്‍ ഉതകുന്ന മാസമാകട്ടെ റംസാന്‍. ഒപ്പം സ്വന്തം മനസ്സിനെ പിശാചില്‍ നിന്നും ,ശരീരത്തെ ഭക്ഷണപാനീയങ്ങളില്‍ നിന്നുമുള്ള അടിമത്വത്തില്‍ നിന്ന്‍ സ്വതന്ത്രമാക്കാനും ആത്മാവിനെ സംസ്കരിക്കാനും ശീലിക്കുന്ന ഒരു മാസത്തെ പഠനവും. ഇനിയുള്ള തലമുറകളില്‍ ചിന്ത വളര്‍ത്താന്‍ ഇപ്പോഴുള്ള യുവസമൂഹം പ്രവര്‍ത്തിച്ചു തുടങ്ങണം..ബാപ്പമാരും ഉമ്മമാരും ആവാന്‍ പോവുകയും, ആയിക്കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ വരും തലമുറക്ക്‌ പറഞ്ഞും പഠിപ്പിച്ചും കാണിച്ചും കൊടുക്കേണ്ട മാതൃകയും ഇത് തന്നെയാവണം.

  മറുപടിഇല്ലാതാക്കൂ
 14. അവസരോചിതമായ സൂപ്പര്‍ പോസ്റ്റ്‌.
  നോമ്പിന്റെ സദ്‌ ഫലങ്ങള്‍ മുഴുവന്‍ നഷ്ട്ടമാകുന്ന തരത്തിലാണ് പലപ്പോഴും നോമ്പ് തുറകള്‍.
  സമൂഹത്തില്‍ പറ്റിപ്പിടിച്ച ദുരാചാരങ്ങളുടെ ലിസ്റ്റില്‍ ഇങ്ങിനെ ഭക്ഷണം കൊണ്ടാറാട്ട് നടത്തുന്ന നോമ്പ് തുറകളും പെടുന്നു.
  നോമ്പ് അനുഷ്ട്ടിച്ച ഒരാള്‍ക്കറിയാം ഒരു ഗ്ലാസ്‌ ജ്യുസും കുറച്ച് പഴക്കഷ്ണങ്ങളും കഴിക്കുമ്പോഴേക്കും വിശപ്പും ദാഹവും ശമിക്കും.പിന്നെ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ഇത്രയും വ്യയം ചെയ്യുന്നു?

  മറുപടിഇല്ലാതാക്കൂ
 15. ആർക്കും അറിയാതെ അല്ല ഇതൊന്നും. ചെയ്യില്ല എന്നു വെച്ചാൽ.. നോമ്പുകാലത്തു ഡൈറ്റ് ചെയ്യാൻ ഏറ്റവും എളുപ്പവുമായിരിക്കുംമ്പോൾ അതു ചെയ്യാതെ നോമ്പല്ലാത്ത മാസങ്ങളിൽ “ ഞാൻ ഡൈറ്റില്ലാ” എന്നു ഒരു ഉളുപ്പും ഇല്ലാതെ പറയുന്നവർ എത്രയോ പേർ. ശരീരവും മനസ്സും പാകപ്പെടുത്തുവാനുള്ള ആരാധനയായി കാണേണ്ട ഈ പുണ്യത്തെ ആഹാരത്തിന്റെ അമിത ഉപയോഗത്തോട് ചേർത്ത് പറയേണ്ടി വരുന്ന അവസ്ഥ പരിതാപകരം തന്നെ. നല്ലൊരു പോസ്റ്റ്. ആശംസകൾ..

  മറുപടിഇല്ലാതാക്കൂ
 16. ചീര മുളക് പറഞ്ഞത് വളരെ വളരെ ശരിയുള്ള കാര്യം തന്നെ..എല്ലാവര്ക്കും എന്റെ Ramadhan kareem ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 17. നല്ല പോസ്റ്റ്‌..

  എല്ലാ അഭിനന്ദനങ്ങളും..

  എല്ലാവര്ക്കും റമദാന്‍ ആശംസകളും..

  മറുപടിഇല്ലാതാക്കൂ
 18. 'ചീരാമുളക്' പറഞ്ഞുവരുന്നത് ഞങ്ങളെല്ലാരും ചീരമുളകും പഴങ്കഞ്ഞിയും കുടിച്ചു നോമ്പ് തുറക്കണം എന്നാണോ?
  ഞങ്ങള്‍ ഉച്ചവരെ ഉറങ്ങും
  രാത്രിവരെ ടീവി കാണും
  നേരം വെളുക്കുവോളം ടീവിയും കണ്ടുകൊണ്ട് തിന്നുകൊണ്ടിരിക്കും.
  ആര്‍ക്കു വേണം ഇന്ന് 'കൂലി'!
  ഞങ്ങള്‍ക്ക്‌ റമദാന്‍ മാസം മുഴുവന്‍ 'പെരുന്നാളാ'

  മറുപടിഇല്ലാതാക്കൂ
 19. അവസരോചിതമായ് ഇട്ട പോസ്റ്റ്! ചിലര്‍ക്കെങ്കിലും തിരുത്താന്‍ സഹായകമാകുമെങ്കില്‍ അന്‍ വറിന് അതിന്‍റെ പ്രത്യേക പുണ്യം ഉറപ്പ്..
  മുന്‍പൊരാള്‍ സൂചിപ്പിച്ച പോലെ "തീറ്റ മത്സരം നടത്തുന്നവർ നടത്തട്ടെ... നോമ്പിന്റെ പുണ്യം മനസ്സിലാക്കി അത് അനുഷ്ടിക്കുന്നവർക്ക് അതിന്റെ പ്രതിഫലം കിട്ടും!"
  Ramadan Kareem!

  മറുപടിഇല്ലാതാക്കൂ
 20. പോസ്റ്റില്‍ പറഞ്ഞതിനോട് യോചിക്കുന്നു.
  പ്രവാസികളിലും ഉണ്ട് ഈ ശീലം തുടരുന്നവര്‍.
  ഭൂരിപക്ഷം അല്ലായിരിയ്ക്കാം. അവര്‍ ഈ
  മത്സരത്തില്‍ ചേരാത്തത് ഭക്തി കൊണ്ടല്ല.
  നിവൃത്തികേട്കൊണ്ടാണ്. എന്നാലും എന്ത്
  റിസ്കും എടുത്തു പരമാവധി വിഭവ സമൃദ്ധ
  റമദാന്‍ "അനുഷ്ഠി" ക്കുന്ന ഒരു ഫ്ലാറ്റ് കണ്ണൂര്‍കാരെ
  എനിക്കറിയാം. ബാച്ച്ലേര്‍സ് തന്നെ. ഫാമിലിയായി
  താമസിക്കുന്നവരുടെ കഥയും ഇത് തന്നെ.

  മറുപടിഇല്ലാതാക്കൂ
 21. അജ്ഞാതന്‍2011, ഓഗസ്റ്റ് 1 6:40 PM

  ഈ കഥാ സമാഹാരം വായിച്ചാല്‍ തീര്‍ച്ചയായും വായിച്ച് ഹൃദ്സ്ഥമാക്കിയവര്‍ നേര്‍വഴിക്ക് തന്നെ...അല്ലാത്തവരുടെ കുഴല്‍ നിവരില്ല...

  മറുപടിഇല്ലാതാക്കൂ
 22. Ivide IITyilum ravile athazham undu, nombedukkunnavarkkellam, oru masam regular messil varunna chilavinekkal minimum 200 rs kooduthal varum ramadhan messil(oralkku 200 ennu parayumbol mothathil varunna chilavonnu alochichu nokku), minimum 1500 perenkilum kazhikunna mess ayirikkum

  മറുപടിഇല്ലാതാക്കൂ
 23. ഒരു കാലത്ത് മുഗള്‍ സാമ്രാജ്യത്തിന്റെ ആസ്ഥാനം ആയിരുന്ന മ്മന്റെ ഇപ്പോളത്തെ സ്വന്തം നാട്ടില്‍ (ഔറംഗാബാദ് ) കണ്ട, കണ്ടറിഞ്ഞ ചില നോമ്പ് കാല ഓര്‍മകള്‍.....

  വീട്ടില്‍, വെച്ച് വെളമ്പി തരാന്‍ ആരുമില്ലാത്ത മ്മള്‍ക്ക് അടുത്ത വീട്ടിലെ ഇത്ത കൊണ്ട് തരുന്ന, വലിയ പാത്രം നിറയെ ബിരിയാണിയും പിന്നെ വീട്ടില്‍ ഉണ്ടാക്കിയ ഫ്രൂട്ട് സലാഡും......

  ഏറ്റവും നല്ല അറേബ്യന്‍ " മട്ടണ്‍ മന്ദി" തിന്നാന്‍, മ്മല്‍ സ്ഥിരം പോകാറുള്ള "മുഗള്‍ ദര്‍ബാര്‍" ഹോട്ടലില്‍, ഇന്റെ വിരളിമ്മേ കിടക്കുന്ന സ്വര്‍ണ്ണ മോതിരം കണ്ടു ഏപ്പോലും മുഖം തിരിക്കാറുള്ള , താടിയും മുടിയും പകുതിയിലധികം നരച്ച വല്ലുപ്പപ്പാ, നോയമ്പ് കാലത്ത് കടന്നു ചെല്ലുന്ന മ്മളെ സ്നേഹത്തോടെ വിളിച്ചിരുത്തി, ചുട്ട ആടിന്റെ മണം നിറഞ്ഞ " മന്ദി" കൊണ്ടത്തരുമ്പോള്‍ , അത് മുഴുവനും ഒരു വിധം തിന്നു തീര്‍ത്തു ബില്ല് കൊടുക്കാന്‍ നോക്കുമ്പോ ബില്ലില്‍ ഒരു നൂറു രൂപ കൊറച്ചു കാണുമ്പോള്‍, ഏല്ലാം കഴിഞ്ഞു ഇറങ്ങാന്‍ നേരം ആ വൃദ്ധന്റെ മുഘത്തെ പുഞ്ചിരി കാണുമ്പോള്‍ ...... ഓര്‍ത്തിട്ടുണ്ട് ...... മനുഷ്യന്‍ ഏത്ര സ്നേഹം ഉള്ളവനാണ് .....

  സ്ഥിരമായി സാമാനം വാങ്ങാറുള്ള കടയിലെ ഇക്കാ നോയന്പു കാലത്തെ ഏതെങ്കിലും ഒരു ദിവസം അനക്കായി ഭക്ഷണം ഒണ്ടാക്കി രാത്രി ഭക്ഷണത്തിനു വിളിക്കരുള്ളത്, സ്ഥിരം സാമാനം വാങ്ങി ബിസിനസ്സ് കൊടുക്കുന്നതിന്റെ നന്ദി കാണിക്കാന്‍ അല്ലാ, മറിച്ചു, നോമ്പ് കാലത്തെ ഒരു പുണ്യ പ്രവര്‍ത്തി.....

  അങ്ങനെ അങ്ങനെ .... ഒരു പാട് നോമ്പ് കാല ഓര്‍മ്മകള്‍...... എട്ടു പത്ത് വര്‍ഷത്തിനിടെ........

  അതൊക്കെ വച്ചു നോക്കുമ്പോ, ബ്ലോഗന്‍ പറഞ്ഞതിന് വിപരീതമായി, നോമ്പിനെ നോമ്പിന്റെതായ രീതിയില്‍ കാണുകയും ശിലിക്കുകയം ചെയുന്ന ഒരുപാട് ഒരുപാട് നല്ല മനിസേന്മാര്‍ ഇന്നും ബൂലോകത്തുണ്ട് ഏന്നു പറയാന്‍ തപസ്യക്ക് തോന്നുകയാണ്.......

  മറുപടിഇല്ലാതാക്കൂ
 24. ഈ പോസ്റ്റിന് ഒരു കോടി ലൈക്ക്!! കാരണം ഇതിനെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ്. പക്ഷെ, എല്ലാ മുസ്ലീം സഹോദരന്മാരും അങ്ങനെയാണെന്ന് എനിക്ക് അഭിപ്രായമില്ല കാരണം. എന്റെ അയല്‍പക്കത്തെ അങ്കിളും ആന്റിയും ചേട്ടന്‍മാരും ലളിതമായി നോമ്പ് നോക്കുന്നവരാണ്. ഇനി ഞങ്ങള്‍ അച്ചായന്‍മാരില്‍ ചിലര്‍ എടുക്കുന്ന നോമ്പുണ്ട്. ചിരിച്ചുചിരിച്ചു ചാകും. ഇറച്ചി നോമ്പ്, മുട്ട നോമ്പ്, മീന്‍ നോമ്പ്. മൂന്നും കൂടി വര്‍ജ്ജിക്കാമോ എന്നുചോദിച്ചാല്‍ ഈ അച്ചായന്‍മാര്‍ തലയില്‍ മുണ്ടുമിട്ട് പോകും. പുണ്യമാസത്തിലെ ഈ തെറ്റായ പ്രവണതയെ ചൂണ്ടിക്കാണിച്ചതിന് ചീരാമുളക് ഒന്നുകരുതിയിരുന്നാല്‍ നല്ലത്!! :-)

  മറുപടിഇല്ലാതാക്കൂ
 25. തിരിച്ചറിവുണ്ടാവാൻ ഈ പുണ്യമാസത്തിൽ പ്രാർത്ഥിക്കാം

  മറുപടിഇല്ലാതാക്കൂ
 26. @രഞ്ജിത്ത് കലിംഗപുരം , ബൂലോകപുലി- ellOOraan, ajith, shiyas, mayflowers, Jefu Jailaf, shahu, Villagemaan/വില്ലേജ്മാന്‍ , ഇസ്മായില്‍ കുറുമ്പടി (തണല്‍), സ്വന്തം സുഹൃത്ത്, salam, സിവില്‍ എഞ്ചിനീയര്‍, തപസ്യ ,സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു,Kalavallabhan. കാര്യമായ അഭിപ്രായങ്ങൾ പറയുകയും നിലപാട് വ്യക്തമാക്കുകയും ചെയ്ത എല്ലാർക്കും നന്ദി. അഭിപ്രായങ്ങൾ ഉത്തേജനങ്ങളാണ്. കൂടുതൽ നന്നായി, നിലവാരത്തിൽ തുടർന്നെഴുതാനുള്ള പ്രേരകങ്ങൾ

  മറുപടിഇല്ലാതാക്കൂ
 27. ഇതെന്ത്‌ നോമ്പ്‌ ? എന്താണു ഇത്‌ കൊണ്ടുള്ള ഗുണം ? യാതോരുവിധ ശാസ്ത്രീയ അടിസ്താനമില്ലാത്തതാണു. ചിലർ അഭിമാനത്തോടെ പറയുന്നത്‌ കേൾക്കാം ഞങ്ങളുടെ [മുസ്ലിങ്ങളുടെ ] നോമ്പാണു മേൽത്തരം കാരണം ഡോക്റ്റർ മാർ ശാസ്ത്രീയമായി അംഗീകരിച്ചട്ടുണ്ടത്രെ,പ്രസ്ത്തുത നോമ്പു ശാരീരകമായും,മാനസികമായും മനുഷ്യനെ ഉത്തേജികപ്പെക്കുമ്മെന്നു. മാങ്ങാത്തൊലിയാണു.....ഒന്നില്ലങ്കിൽ ഇതിനെ കുറിച്ചു വിവരമ്മില്ല.അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതു പോലെ നടിക്കുന്നത്‌ മാത്രമല്ല തട്ടാമുട്ടുകൊണ്ടു ന്യായികരിക്കാനും ശ്രമിക്കുന്നു. വാസ്തവത്തിൽ ഒരു മനുഷ്യൻ മണിക്കൂറിൽ കുറഞ്ഞതു ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണമ്മെന്നാണു. ഇവിടെയത്‌ 12 മണികൂർ ലംഘിക്കപെടുന്നു. മാത്രമോ, ഈ 12 മണികൂറിൽ ഉമിനീരു പോലും ഇറക്കാൻ പാടില്ലത്രെ [ നോമ്പ്‌ എടുക്കുന്ന ഭൂരിഭാഗം മുസ്ലിംഗളും പക്ഷെ ഒരു പ്രാവിഷ്യമെങ്കിലും കുറഞ്ഞത്‌ ഉമിനീർ ഇറക്കുമ്മെന്നത്‌ നഗ്നമായ സത്യമാണു. കാരണം ഉമിനീർ ഇറക്കുകയെന്നത്‌ ശരീരത്തിലെ ഒരു പ്രവർത്തന പ്രകീയയുടെ ഭാഗമാണു.സംശയമുണ്ടെങ്കിൽ ഏതെങ്കിലും ഒരു ഡോക്റ്ററോടു ചോദിച്ചു നോക്കുക ] പ്രസ്തുത 12 മണികൂർ കഴിഞ്ഞാണു ചീരാ മുളക്‌ പറയുമ്പോലെ മനുഷ്യശരീരത്തിനു താങ്ങുന്നതിനുമപ്പുറമായ ആഹാരങ്ങൾ വെളുപ്പിനു വരെ പല സമയത്ത്‌ വലിച്ചു വാരി തിന്നുന്നത്‌.മറ്റു മതസ്തരുടെ ആഘോഷങ്ങൾ വെച്ചു നോക്കുമ്പോൾ ഏറ്റവും ആർബാഡവും,അതേസമയം ഏറ്റവും നിലവാരം കുറഞ്ഞതുമായ ഒരാഘോഷമാണു മുസ്ലിങ്ങളുടെ റമദാൻ.

  മറുപടിഇല്ലാതാക്കൂ
 28. @പുന്നകാടൻ: ഓരോ മണിക്കൂറിലും ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണമെന്നുള്ളത് ഏത് വൈദ്യരുടെ കണ്ടുപിടുത്തമാണ്? നോമ്പ് സമയത്ത് ഉമിനീരിറക്കരുത് എന്ന് പറഞ്ഞും ആരോ താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. റമദാനിലെ നോമ്പ സൃഷ്ടാവായ ദൈവം തമ്പുരാൻ സൃഷ്ടികൾക്ക് കല്പ്പിച്ചു തന്നിരിക്കുന്ന ഒരു ആരാധനാ കർമ്മമാണ്. മുസ്ലീംകൾക്കത് നിർബ്ബന്ധമാക്കുകയും ചെയ്തു. നേരായ രൂപത്തിൽ നോമ്പെടുത്താൽ മനസ്സിനും ശരീരത്തിനുമുള്ള ഗുണങ്ങളും നേട്ടങ്ങളും സംശയലേശമന്യേ തെളിയിക്കപ്പെട്ടാതാണ്, അല്ലാതെ മാങ്ങാത്തൊലിയല്ല. നോമ്പിനെക്കുറിച്ച് വിശദമായി പഠിക്കാൻ ശ്രമിക്കൂ. തെറ്റിദ്ധാരണകൾ മാറിക്കിട്ടും. ഒരു സുഹൃത്ത് വളരെ ലളിതമായി നോമ്പിനെ അവതരിപ്പിച്ചത് കാണാൻ ഈ ലിങ്ക് വഴി പോയാൽ മതി. http://ansarworld.blogspot.com/2011/07/blog-post_28.html. ഇത് പൂർണ്ണമല്ലെങ്കിലും ചില നല്ല വശങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കും.
  ഞാൻ ഈ പോസ്റ്റിൽ വിവരിച്ച കാര്യങ്ങൾ ഒരു കൂട്ടർ നോമ്പ് സമയത്ത് നടത്തുന്ന ബുദ്ധിശൂന്യമായ പ്രവർത്തനങ്ങൾ മാത്രം. അത് പക്ഷേ നോമ്പിന്റെ യഥാർത്ഥ ഉദ്ദേശത്തെ ഹനിക്കലല്ല മറിച്ച് ഉയർത്തിപ്പിടിക്കലാണ്.

  മറുപടിഇല്ലാതാക്കൂ
 29. ഇപ്പോള്‍ നോമ്പ് തുറന്ന മയക്കത്തിലാണ്, അഫിപ്രായങ്ങള്‍ വര്‍ണ്ല്ല്യാ.. ന്റെ ചീരാമോളകെ, ഇനി അടുത്ത തട്ടും കൂടി കഴിഞ്ഞാല്‍ പറയാം, തോള്ളയും, പള്ളയും റെഡി ..

  മറുപടിഇല്ലാതാക്കൂ
 30. തൊട്ടുമുമ്പുള്ള ചീരാമുളകിന്റെ കമെന്ടാണ് പോസ്ടിനെക്കള്‍ ഞാന്‍ മാനിക്കുന്നത്. (പോസ്റ്റ്‌ അത്യുഗ്രന്‍ തന്നെ. 'മുസ്ലിംകള്‍' വായിച്ചു മനസ്സിലാക്കട്ടെ). എങ്ങനെയെങ്കിലും പണമുണ്ടാക്കണം എന്ന കച്ചവടമനസ്ഥിതിയാണ് പോസ്റ്റില്‍ എഴുതിയ എല്ലാ ധൂര്ത്തിന്റെയും അമിത തീറ്റയുടെയും പിറകില്‍ പരോക്ഷമായി പ്രവര്‍ത്തിക്കുന്നത്. സദ്യകളും ഇഫ്താര്‍ മീറ്റും അങ്ങനെ അങ്ങനെ പലതും. ഗള്‍ഫില്‍ അറബികളാണ് ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഭക്ഷണം സൌജന്യമായി, പ്രത്യേകിച്ച് നോമ്പുകാലത്ത്, വിതരണം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പാഴാക്കുന്നതും അവര്‍ തന്നെ. അമിത തീറ്റയെ ഇതും പ്രോത്സാഹിപ്പിക്കുന്നു.
  മതത്തിലെ നിബന്ധനകളും അനുഷ്ടാനങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തെണ്ടതും അടിസ്ഥാന തത്വങ്ങളില്‍ കൂടെയാണ്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന കുറച്ച് മുസ്ലിംകള്‍ എവിടെയും കാണും.
  ഈ പോസ്റ്റ്‌ ഞാനും മാര്‍ക്കറ്റ്‌ ചെയ്യുകയാണ്.
  ചീരാമുളകെ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 31. ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ അടിവര ഇടേണ്ടത് തന്നെയാണ്..ഇന്നിപ്പോള്‍ ആചാരങ്ങള്‍ എല്ലാം ആഘോഷങ്ങള്‍ ആയി മാറിയില്ലേ...മനുഷ്യന്റെ ആത്മാവിനും മനസ്സിനും ശരീരത്തിനും വിശുദ്ധി പ്രദാനം ചെയ്യാന്‍ വേണ്ടിയുള്ള റമദാന്‍ മാസത്തിലെ ആചാരം ഈ മാസത്തിന്റെ വിശുദ്ദിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ആക്കിയതില്‍ നാം തന്നെ ആണ് കുറ്റവാളികള്‍...ഇന്നും വളരെ നല്ല രീതിയില്‍ എല്ലാ പവിത്രതയും ഉള്‍ക്കൊണ്ടു കൊണ്ട് നോമ്പ്‌ എടുക്കുന്നവര്‍ ധാരാളം ഉണ്ട്..അത് പോലെ നോമ്പിനെ അപമാനിക്കുന്നവരും...ഏറ്റവും ലളിതമായി നടക്കേണ്ട ഒരു കാര്യമാണ് ഇന്ന് കമ്പോളവല്ക്കരിക്ക പ്പെട്ടിരിക്കുന്നത്.കഷ്ടം...ഗാന്ധിജിയുടെ അതിപാവനമായ നിരാഹാര സമരം അണ്ണാ ഹജാരെ കംപോളവല്ക്കരിക്കുന്ന അവസ്ഥ പോലെ...

  മറുപടിഇല്ലാതാക്കൂ
 32. ഈ പരിശുദ്ധ മാസതിന്റെയും നോമ്പിന്റെയും അന്തസ്സത്തയും പാവനതയും കളഞ്ഞു കുളിക്കുന്ന കളികളാണ് എവിടെ നോക്കിയാലും കാണാന്‍ ആവുന്നത്..കാലാനുസൃതമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍...തൊട്ടു മുകളിലുള്ള അഹ്മെദ് ഭായ് ആണ് എന്നെ ഇവിടെ എത്തിച്ചത്..

  മറുപടിഇല്ലാതാക്കൂ
 33. @Vp Ahmed നല്ല വാക്കുകള്‍ക്കും, സന്ദേശം മറ്റുള്ളവരിലേക്കും കൂടി എത്തിക്കാനുള്ള സന്മനസ്സിനും ഹ്ര്ദയം നിറഞ്ഞ നന്ദി.
  @SHANAVAS വളരെ നന്ദി

  മറുപടിഇല്ലാതാക്കൂ
 34. വായിക്കും , ചിന്തിക്കും പക്ഷെ അത് ജീവിതത്തില്‍ പകര്‍താനാണ് നമ്മള്‍ മലയാളികള്‍ക്ക് മടി .. അവസരോചിതമായ ഒരു നല്ല പോസ്റ്റ്‌ .. അഭിനന്ദനങ്ങള്‍ ..


  ramzaan mubarak

  മറുപടിഇല്ലാതാക്കൂ
 35. പള്ളായും തൊള്ളായും ഒരുക്കി തുടങ്ങിയ പ്രയോഗങ്ങള്‍ രസായി.
  "നോമ്പുകാരനുമിരുന്ന് തട്ടുന്നത് കണ്ടാല്‍ പിറ്റേന്ന് പുലര്‍ച്ചെ
  അഞ്ചരക്കാണ് അയാളെ തൂക്കിക്കൊല്ലുന്നതെന്ന് തോന്നും!"
  ഒരു നോമ്പ്തീറ്റക്കാരന്‍ മുന്നിലിരിക്കുന്ന പോലെ തോന്നി.
  ആരൊക്കെയാണ്‌ ഇങ്ങനെ നോമ്പ് തുറക്കുന്നത് എന്നും കൂടി ആലോചിക്കാവുന്നതാണ്‌.
  അനുഷ്ഠാനങ്ങള്‍ എല്ലാം അഘോഷമകുമ്പോള്‍ ഇത് സാധാരണം.

  മറുപടിഇല്ലാതാക്കൂ
 36. ഇത് വായിച്ചവരെന്കിലും കാര്യങ്ങള്‍ മിതവും ആത്മീയവുമായി പരിമിതപെടുത്തി ഈ പരിശുദ്ധ കര്‍മ്മത്തെ നല്ല ഒരു അനുഭവമായി മാറ്റട്ടെ എന്ന് പ്രത്യാശിക്കാം. തമ്പുരാന്‍ വാരി കോരി നല്‍കിയ ഭൌതിക സുഖങ്ങളില്‍ അഭിരമിച്ച് അനുഷ്ടാനങ്ങളുടെ പിന്നിലെ വലിയ പാഠങ്ങള്‍ കാണാതെ പോകുന്നവരുടെ കണ്ണ് തുറപ്പിക്കട്ടെ ഈ പോസ്റ്റ്‌ ...

  ആശംസകള്‍ അന്‍വര്‍

  മറുപടിഇല്ലാതാക്കൂ
 37. Well Written..
  വ്യക്തിപരമായി എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത് മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിലെ നോമ്പ് തുറകളാണ്. ലക്ഷക്കണക്കിന്‌ ആളുകള്‍ വരിവരിയായി ഇരുന്നു ഒരു ഗ്ലാസ്‌ സംസം വെള്ളവും ഏതാനും ഈത്തപ്പഴവും കൊണ്ട് നോമ്പ് തുറക്കുന്ന കാഴ്ച. ശരീരത്തെക്കാളേറെ മനസ്സാണ് അവിടെ നോമ്പ് തുറക്കുന്നത് എന്ന് പറയാം. വാരിവലിച്ചു ഭക്ഷണം കഴിക്കാതിരിന്നിട്ടു കൂടി ആര്‍ക്കും ഒരു ക്ഷീണവും അനുഭവപ്പെടുന്നില്ല. മറിച്ച് എന്നത്തേക്കാളുമധികം ഊര്‍ജ്വസ്സ്വലത അനുഭവപ്പെടുന്നു. എന്നാല്‍ നമുക്കാകട്ടെ നോമ്പ് തുറക്കുന്നതോട് കൂടി എണ്ണയും കൊഴുപ്പും കലര്‍ന്ന വിഭവങ്ങളുടെ ബോക്സിംഗ് മത്സരമാണ് ആമാശയത്തില്‍ നടക്കുക. അതോടെ നോമ്പുകാരന്‍ 'ഫ്ലാറ്റാ'കുന്നു.

  മറുപടിഇല്ലാതാക്കൂ
 38. തീർച്ചയായും ചിന്തിക്കേണ്ടവിഷയം. നോംബിന്റെ പ്രയോജനം നഷ്ടപ്പെറ്ടുത്താത്തന് നോംബു തുറകൾ ശീലമാക്കട്ടെ

  മറുപടിഇല്ലാതാക്കൂ