2011, ജൂലൈ 29, വെള്ളിയാഴ്‌ച

വ്രതാനുഷ്ഠാനം അഥവാ മുടിഞ്ഞ തീറ്റി!!

നോമ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. മാർക്കറ്റുകളിൽ വൻ തിരക്ക്. ഭക്ഷണസാധനങ്ങൾക്ക് പൊള്ളുന്ന വില. പഴം, പച്ചക്കറികളുടെ വില കുതിച്ചു കേറുന്നു. കോഴിക്കോട്ടങ്ങാടിയിൽ പ്രത്യേക "ഇഫ്താർ" തട്ടുകടകൾ ഇടം പിടിച്ചു കഴിഞ്ഞു. കാക്കത്തൊള്ളായിരം മലയാളം ചാനലുകളിൽ തട്ടമിട്ട പാചകറാണിമാർ റെഡി. ചില "വനിതാ" മാസികകൾ കൊതിയൂറും "റമദാൻ" വിഭവങ്ങളുമായി സ്പെഷ്യൽ പതിപ്പിറക്കി. മൊത്തക്കച്ചവടക്കാർ റമദാൻ സ്റ്റോക്കുകൾ കുന്നുകൂട്ടി. അനവധി നിരവധി പാണ്ടിലോറികളിൽ പോത്തും കോഴിയും ആടുമൊക്കെ അതിർത്തികടന്ന് കൊച്ചുകേരളത്തിലെത്തി. ഗൾഫ് നാടുകളിൽ ഗവർമെന്റ് (അങ്ങിനെയൊരു സാധനം ഇവിടെയും ഉണ്ട്) വില നിയന്ത്രണവും കമ്പോളനിരീക്ഷണവുമൊക്കെയായി പൊതുജനത്തെ സഹായിക്കുന്നു. റസ്റ്റോറന്റുകൾക്കും കഫ്തീരിയകൾക്കും മുന്നിൽ സ്പെഷ്യൽ റമദാൻ തട്ടുകൾ സ്ഥാനം പിടിച്ചു. പള്ളികളോടനുബന്ധിച്ച് ഇഫ്താർ ടെന്റുകളുയർന്നു. ഭക്ഷണത്തിൽ മിതത്വം കാട്ടേണ്ട ഒരു മാസത്തിലേക്കുള്ള ഒരുക്കങ്ങൾ! ഇനി പകലുകളിൽ പട്ടിണിയും സന്ധ്യ മുതൽ പുലർച്ച വരേ മുടിഞ്ഞ തീറ്റിയുടെ ലോകകപ്പുമാണ്. വിശ്വാസികൾ (പള്ളപൊട്ടും വരെ "ഫുഡ് അടിക്ക"ലാണ് നോമ്പിന്റെ ലക്ഷ്യമെന്ന് വിശ്വസിക്കുന്നവർ) അരയും തലയും മുറുക്കി,  തൊള്ളയും പള്ളയും ഒരുക്കി റെഡിയായിക്കഴിഞ്ഞു. ഇനിയങ്ങോട്ട് തീറ്റിയുടെ വസന്തകാലമാണ്.

വ്രതാനുഷ്ഠാനവും ഭക്ഷണവും തമ്മിലെന്താണ് ബന്ധം? പകൽ മുഴുവൻ അന്നപാനീയങ്ങൾ വർജ്ജിച്ച് ശരീരത്തെയും, ദുഷ്ചിന്തകളിൽനിന്നും, നല്ലതല്ലാത്ത സംസാരങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്നുകൊണ്ട് ദൈവസ്മരണയിൽ ദീപ്തമാക്കി മനസ്സിനെയും സ്ഫുടം ചെയ്തെടുക്കുകയെന്നതാണ് റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അന്നപാനീയങ്ങൾ വർജ്ജിക്കുക എന്നത് നോമ്പിന്റെ പ്രത്യക്ഷമായ ഭാഗമാണെങ്കിൽ ഈ പ്രക്രിയയിലൂടെ പതിനൊന്ന് മാസം വിശ്രമമില്ലാതെ തുടർച്ചയായി പ്രവർത്തിച്ച ദഹനേന്ദ്രിയ വ്യവസ്ഥയെ "സർവ്വീസ്" ചെയ്യുകയാണ് യഥാർ‍ത്ഥത്തിൽ ചെയ്യുന്നത്. ഇതിന്റെ ഗുണഫലങ്ങൾ വൈദ്യശാസ്ത്രം ശരിവെച്ചതുമാണ്. (ഉടയതമ്പുരാൻ രൂപം കൊടുത്ത ഈ വ്യവസ്ഥക്ക് വൈദ്യന്റെ മേലൊപ്പ് വേണ്ടതില്ല. എന്നാലും ചില ജിഞ്ജാസുകളുടെ അന്തമില്ലാത്ത ചോദ്യങ്ങൾക്കൊരു അഡ്വാൻസ് മറുപടി കിടക്കട്ടെ).

എന്നാലിന്ന് വ്രതാനുഷ്ടാനത്തിന്റെ ഒരു മാസക്കാലം എന്താണ് നടക്കുന്നത്? പുലർച്ചെ മുതൽ സന്ധ്യ വരെ ഭക്ഷണപാനീയങ്ങളുപേക്ഷിച്ച് വ്രതമെടുത്തവൻ സൂര്യാസ്തമയത്തോടെ (മഗ്‍രിബ്) മറ്റൊരു ജീവിയായി മാറുകയാണ്. കിലോക്കണക്കിന് മൈദയും ലിറ്ററ് കണക്കിന് എണ്ണയും നെയ്യും ആടും മീനും പോത്തും പിന്നെ പഴങ്ങളും തണുത്തതും ചൂടുള്ളതും മധുരവും എരിവും എല്ലാം കൂടി കൂട്ടിക്കുഴച്ച് അടിച്ചു കേറ്റി ആമാശയത്തിനെ ഓവർ ടൈം ചെയ്യിക്കുന്ന ഒരു വിചിത്ര ജീവി! ഓരോ വ്രതവുമവസാനിപ്പിക്കുന്നത് ഒരു കവിൾ വെള്ളം കുടിച്ചുകൊണ്ടാണ്. പിന്നെയതാ കടന്നു വരികയായി സമൂസ, പഴം‍പൊരി, പഴം നിറച്ചത്, പഴം വട, കോഴി അട, നെയ്പത്തിരി, പൊരിച്ചപത്തിരി, കുഞ്ഞിപ്പത്തിരി, ഇറച്ചിപ്പത്തിരി, മീൻ പത്തിരി, പക്കോട, മുട്ടമാല, ഉന്നക്കായ, നെയ്യിൽ തൂമിച്ചെടുത്ത തരിക്കഞ്ഞി, സുഗിയൻ തുടങ്ങി അനന്തമജ്ഞാതമവർണ്ണനീയമായ നെയ്യിൽ മുങ്ങിക്കുളിച്ച മൈദവിഭവങ്ങൾ, നല്ല പാലിൽ കട്ടിയായി അടിച്ച ഒന്നാന്തരം ഫ്രൂട്ട് ജ്യൂസും. ഓരോ നോമ്പുകാരനുമിരുന്ന് തട്ടുന്നത് കണ്ടാൽ പിറ്റേന്ന് പുലർച്ചെ അഞ്ചരക്കാണ് അയാളെ തൂക്കിക്കൊല്ലുന്നതെന്ന് തോന്നും! ഇതുകൊണ്ട് തീറ്റി കഴിഞ്ഞു എന്നാരും തെറ്റിദ്ധരിക്കേണ്ട. ഇത് വെറും "കത്തലടക്കൽ" മാത്രം. ഒരു പൈലറ്റ് ഷോട്ട്. മഗ്‍രിബ് നമസ്കാരം കഴിഞ്ഞിട്ടാണ് മെയിൻ കോഴ്സ്- കാര്യപ്പെട്ട തീറ്റി. പത്തിരി, ഒറോട്ടി, നെയ്ച്ചോറ്, ബിരിയാണി,കോഴിക്കറി, മീൻ പൊരിച്ചത്,ചിലർക്ക് മട്ടൻ കറി തുടങ്ങിയ അരി-പൊരി വിഭവങ്ങൾ കാര്യമായി തട്ടിവിടും. ഞങ്ങളുടെ നാട്ടിലൊക്കെ പച്ച നേന്ത്രപ്പഴം കൊണ്ടുള്ള ഒരു തരം "കായിക്കറി"യുമുണ്ടാവും. ചിക്കനോ ബീഫോ ഒക്കെയിട്ട്. പഴമക്കാർക്ക് ഇത് നിർബ്ബന്ധമാണ്. നോമ്പെടുത്ത് ക്ഷീണിച്ച പാവങ്ങൾ തീന്മേശകളിൽ തളികകൾ നിരത്തുന്നതോടെ ഖജനാവിൽ വീണ കൽ‍മാഡിയെപ്പോലെയായി മാറും! തീറ്റി, മുടിഞ്ഞ തീറ്റി. ഏമ്പക്കം വിടാൻ പോലും മറന്ന് നല്ല കട്ടിയിലൊരു പാൽച്ചായയും കുടിച്ച് മൂട് തട്ടി എണീറ്റ് (പലപ്പോഴും എണീക്കാൻ വലിയ പാടാണ്) പോവുന്നതോടെ പരിപാടിയുടെ കർട്ടൻ വീണു എന്നാരും കരുതണ്ട! രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാൽ ഒരു കഞ്ഞികുടിയുണ്ട്. ജീരകമരച്ച, തേങ്ങാപ്പാലൊഴിച്ച സമൃദ്ധമായ പൊടിയരിക്കഞ്ഞി. ക്ഷീണം മാറാൻ ഉത്തമമാണ്. സന്ധ്യ മുതൽ അടിച്ചുമാറിയതിന്റെ ക്ഷീണമുണ്ടല്ലോ! ചിലപ്പോൾ (മിക്കപ്പോഴും) കഞ്ഞിക്കൊപ്പം കത്തലടക്കിയതിന്റെ ബാക്കി എണ്ണയിൽക്കുളിച്ച മൈദ വിഭവങ്ങൾ കൂടി അകത്താക്കുന്നതോടെ നോമ്പുകാരന്റെ ലഘുഭക്ഷണം തൽക്കാലത്തേക്ക് അവസാനിക്കുന്നു. എന്നാലും മഹത്തായ പള്ളകളിൽ ഇത്തിരി സ്ഥലം ഇനിയും ബാക്കി കാണും!

ഇരപിടിച്ച പാമ്പിനെപ്പോലെ കമിഴ്ന്ന് കിടന്നുറങ്ങിയെണീക്കുന്നത് മറ്റൊരു അങ്കത്തിനുള്ള പടപ്പുറപ്പാടുമായിട്ടാണ്. പകൽ മുഴുവൻ പട്ടിണി കിടക്കേണ്ടതല്ലേ, എന്തെങ്കിലും കാര്യമായിത്തന്നെ കഴിക്കണം. അതും പുലർച്ചെ തന്നെ. സാധാരണ ഉച്ചഭക്ഷണത്തിനൊരാൾ കഴിക്കുന്നതിലുമധികം തട്ടും. മിക്കവാറും ചോറ്, അല്ലെങ്കിൽ നെയ്ച്ചോറ്. അവസാനം പൂവൻ പഴവും കൂട്ടി ഒരു പിടി. അതെ, ഒരു നോമ്പ് സ്പെഷ്യൽ!

എന്നോട് വിയോജിക്കുന്നവർ കുറച്ചെങ്കിലുമുണ്ടാവും. കൊതിയന്മാർ. സാധാരണ മാസത്തിലെ കുടുംബ ബഡ്ജറ്റിന്റെ എത്ര ഇരട്ടിയാണ് റമദാനിൽ? ഓരോ പ്രവാസിയും കുടുംബച്ചിലവിന് ഏറ്റവും കൂടുതൽ പണമയക്കുന്നത് നോമ്പ് കാലത്താണ്. മീനും ഇറച്ചിയും, പൊരിച്ചതും വറുത്തതും സാധാരണയിലധികം അളവിലും (Quantity) ഗുണത്തിലും (Quality) തവണകളിലും കൂടുതലായി കഴിക്കുമ്പോൾ പതിനൊന്ന് മാസമായി ജോലിചെയ്യുന്ന നമ്മുടെ ദഹനവ്യവസ്ഥയെ അമിതഭാരം നൽകി പീഡിപ്പിക്കുകയാണ് നാം ചെയ്യുന്നത്. ഒരു മാസത്തെ മുടിഞ്ഞ തീറ്റ കഴിയുമ്പോൾ പലപ്പോഴും നമ്മൾ നാലഞ്ച് കിലോയെങ്കിലും കൂടിയിട്ടുണ്ടാവും! എന്തൊരു വിരോധാഭാസം! പണക്കാർക്ക് നോമ്പ്തുറ ചടങ്ങുകൾ മേനികാട്ടാനുള്ള അവസരമെങ്കിൽ പലർക്കും പുതിയാപ്ല സൽക്കാരത്തിന്റെ വേദികളാണ്. ഒരു ആരാധനാ കർമ്മത്തെ നാം എത്ര ഭംഗിയായി വാണിജ്യവത്കരിച്ചു!

മുസ്ലീം സ്ത്രീകൾക്ക് ഏറ്റവും തിരക്കേറിയതും ഉറക്കം കുറഞ്ഞതുമായ മാസമാണിത്! ദൈവസ്മരണയിൽ പ്രാർ‍ത്ഥനകൾക്കായി കൂടുതൽ നേരം ചിലവഴിക്കുന്നതിന് പകരം കൊളസ്ട്രോളും ഷുഗറും കൂട്ടിക്കുഴച്ചുരുട്ടി ഏറിയ പങ്കും അടുക്കളയിൽ ചിലവാക്കി ബാക്കി സമയം തിന്നും തീർക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഉടയതമ്പുരാൻ കനിഞ്ഞനുഗ്രഹിച്ച് കല്പ്പിച്ച് തന്ന ഒരു വ്യവസ്ഥയെയാണ് നാം അടിച്ചു (തിന്നു എന്നർത്ഥത്തിൽ) കൊല്ലുന്നത്!

ഭക്ഷണത്തിൽ മിതത്വം പാലിക്കുക. അളവിലും ഇനങ്ങളിലും. പൊരിച്ചതും വറുത്തതും വേണമെന്ന നിർബ്ബന്ധങ്ങളൊഴിവാക്കുക. വിശന്ന വയറ്റിലേക്ക് നെയ്യും എണ്ണയും മൈദയും തള്ളിക്കേറ്റി അസുഖങ്ങൾ സൗജന്യമായി വാങ്ങാതിരിക്കുക. വിരുദ്ധഭക്ഷണങ്ങൾ പാടെ ഒഴിവാക്കുക- മീനും ഇറച്ചിയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലത്രെ! പുകവലിക്കാർ നോമ്പ് തുറന്നപാടെയുള്ള മാരത്തോൺ പുകവലി മാറ്റുക. നല്ല മാറ്റമായിട്ടു പോലും നമ്മുടെ മനസ്സും സ്റ്റാറ്റസും അനുവദിക്കില്ലെങ്കിലും ഈ മാസത്തിന്റെ യഥാർത്ഥ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുക. അധികച്ചിലവിൽ നിന്നും മിച്ചം വരുന്നത് കൊണ്ട് പാവപ്പെട്ടവരെ ഭക്ഷിപ്പിക്കാൻ സന്നദ്ധത കാട്ടുക. നമ്മുടെ ശരീരത്തിനും മനസ്സിനും കീശക്കും നല്ലതു വരും- ഞാൻ ഗ്യാരണ്ടി!!!
-------------------------------------------------------------------------------------------------------------
ഈ പോസ്റ്റ് വായിച്ച് ഒരാളെങ്കിലും ഗുണപരമായ ഒരു മാറ്റം പ്രാവർത്തികമാക്കിയാൽ ഈയുള്ളവൻ കൃതാർത്ഥനായി.

2011, ജൂലൈ 25, തിങ്കളാഴ്‌ച

ബോംബുകൾ ചോദിക്കുന്നത്

നമ്മുടെ മഹാനഗരങ്ങളെ ബോംബുകൾ കിടിലം കൊള്ളിക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടോളമായി. മുംബൈയും ദില്ലിയും ബാംഗ്ലൂരും തുടങ്ങി വാണിജ്യ, രാഷ്ട്രീയ പ്രാധാന്യമുള്ള വൻ നഗരങ്ങളിൽ വലുതല്ലാത്ത ഇടവേളകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഇരുട്ടിന്റെ ശക്തികൾ വിജയം തുടർക്കഥയാക്കുകയാണ്. നിരപരാധികളെ ഛിന്നഭിന്നമാക്കി കൊന്നൊടുക്കുന്നതിനപ്പുറം രാജ്യത്തിന്റെ സമാധാനന്തരീക്ഷം തകർക്കുകയും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ഭദ്രത (അങ്ങിനെയൊന്നുണ്ടോ എന്ന് ചോദിക്കരുത്) തകർക്കുകയുമാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.

കാഷ്മീരിൽ കേന്ദ്രീകരിച്ചിരുന്ന ബോംബ് സംസ്കാരം പിൽക്കാലത്ത് മുംബൈയിലേക്ക് പറിച്ചു നടുകയും അത് രാജ്യത്തിനെ വിവിധ ഭാഗങ്ങളിലേക്ക് ധ്രുതഗതിയിൽ വ്യാപിക്കുകയുമായിരുന്നു.
1993ൽ ദാവൂദ് ഇബ്രാഹീം തിരികൊളുത്തിയ മുംബൈ സ്ഫോടനത്തിന് ശേഷം അടുത്ത അഞ്ച് വർഷം കാര്യമായ പ്രശനങ്ങളില്ലാതെ കടന്നു പോയെങ്കിലും പിന്നീടങ്ങോട്ട് ഓരോ വർഷവും ചെറുതും വലുതുമായ സ്ഫോടങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പരമ്പര തന്നെയായിരുന്നു. മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പല സുരക്ഷാ പരിഷ്കാരങ്ങളും സേനാതലത്തിലും പോലീസിലും അഴിച്ചുപണികളും ഉടച്ചുവാർക്കലുമൊക്കെ നടന്നെങ്കിലും അവയുടെ കാര്യക്ഷമത പരീക്ഷിക്കപ്പെടാനും എല്ലാ ഒരുക്കങ്ങളും അപര്യാപ്തമാണെന്ന് തെളിയിക്കാനും തുടർന്ന് വന്ന സ്ഫോടനങ്ങൾക്ക് കഴിഞ്ഞു. ഓരോ സ്ഫോടങ്ങളും ഒട്ടനവധി ചോദ്യങ്ങളാണുയർത്തുന്നത്.

നാമെന്തുകൊണ്ട് വീഴ്ചകളിൽ നിന്നും പഠിക്കുന്നില്ല? രണ്ട് സ്ഫോടനങ്ങൾക്കിടയിൽ നമ്മുടെ സർക്കാറുകൾ എന്താണ് ചെയ്യുന്നത്? ഒരേ കുഴിയിൽ തന്നെ പല തവണ വീണിട്ടും എന്തുകൊണ്ട് നാം കണ്ണ് തുറക്കുന്നില്ല? എവിടെയാണ് നമുക്ക് പിഴക്കുന്നതും സ്ഫോടനക്കാർക്ക് പിഴക്കാത്തതും? നമ്മുടെ രഹസ്യാന്വേഷണ സംവിധാനങ്ങൾ ഒന്നിനും കൊള്ളാത്തവയോ? കേളികേട്ട നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ ആർക്കും എളുപ്പത്തിൽ ഭേദിക്കാൻ മാത്രം ദുർബ്ബലമോ? സർക്കാറുകൾക്കും പ്രതിപക്ഷത്തിനും പൊതുജനസുരക്ഷയുടെയും രാഷ്ട്രസുരക്ഷയുടെയും കാര്യത്തിൽ എന്ത് ഉത്തരവാദിത്തമാണുള്ളത്?  ഭീകരരെ ശിക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥ പരിഹാസ്യമാംവിധം പരാജയപ്പെടുന്നുവോ?ഓരോ ദുരന്തങ്ങൾക്കും ശേഷം മാറ്റമൊന്നുമില്ലാതെ നടക്കുന്ന, കൃത്യമായ തിരക്കഥയുള്ള ഒരു നാടകമുണ്ട്. പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ദില്ലിയിൽ ഞെട്ടുന്നു. ആഭ്യന്തര മന്ത്രി പത്രസമ്മേളനം വിളിക്കുന്നു. ഏതെങ്കിലും ഒരു "അൽ" സംഘടനയെ സംശയിക്കുന്നു. കേന്ദ്രവും സംസ്ഥാനവും മരിച്ചവർക്കും (അവർ ഭാഗ്യം ചെയ്തവർ!) പരിക്കേറ്റ് മരിക്കാൻ ഭാഗ്യമില്ലാതെ നരകിച്ചു ജീവിക്കുന്നവർക്കും വിലയിടുന്നു. ചില താടിക്കാർ ഈ-മെയിൽ വഴി ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കരിയും പുകയും കെട്ടടങ്ങി പുണ്യാഹം തളിച്ച് ശുദ്ധിയാക്കിയ സംഭവസ്ഥലത്ത് വൻസുരക്ഷാസന്നാഹങ്ങളോടെ മഹോന്നത മഹിളാരത്നങ്ങളും പുരുഷകേസരികളും പറന്നിറങ്ങുന്നു. വീണ്ടും നടുങ്ങുന്നു. സൗകര്യപ്പെട്ടാൽ ചില വിധവകളെയും കുട്ടികളെയും തലോടുന്നു. ഫ്ളാഷുകൾ മിന്നുന്നു. കട്ട്. ലൈറ്റ്സ് ഓഫ്. പാക്ക് അപ്പ്.പത്രസമ്മേളനവും ക്രൈസിസ് മാനേജ്മെന്റ് മീറ്റിംഗുകളും കഴിഞ്ഞാൽ പിന്നെ സർക്കാർ പഴയ "അടിയന്തിരപ്രാധാന്യമുള്ള" മറ്റു വിഷയങ്ങളിലേക്കും ഭീകരവാദികൾ അടുത്ത സ്ഫോടനപദ്ധതിയിലേക്കും കടക്കുകയായി.ഇതല്ലാതെ മറ്റെന്താണ് നമ്മുടെ ഭാരതത്തിൽ സംഭവിക്കുന്നത്?

2011 ജൂലൈ മാസമാണ് രാജ്യത്തെ സ്ഫോടനപരമ്പരകളിൽ ഏറ്റവും അവസാനത്തേത് നാമേവരയും ഞെട്ടിച്ചുകൊണ്ട് മുംബെയിൽ നടന്നത്. ഇതേക്കുറിച്ച് പ്രതികരിച്ച ആഭ്യന്തരമന്ത്രി ഒരമിട്ട് പൊട്ടിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് മറ്റൊരു ഞെട്ടൽ കൂടി നൽകി. സ്ഫോടനം നടക്കുന്ന വിവരം നാലു കാതും നാല്പത് കണ്ണുമുള്ള ഐ ബിക്ക്മുൻ‍കൂട്ടി ലഭിച്ചില്ലത്രെ! ഇനി മുതൽ ഭീകരവാദികൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ട് മതി കൃത്യം നിർവ്വഹിക്കാൻ. കൽക്കട്ടയിലെ ഒരു ഭീകരനെ സംഭവശേഷം കാണാതായതാണ് ഒരു പ്രത്യേക ഭീകരസംഘടനയെ സംശയിക്കാനുള്ള ഒരു കാരണം. തലേദിവസം വരേ കണ്ടുകൊണ്ടിരുന്നയാളെ പിടിക്കാനോ അയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാനോ മിനക്കെടാതെ വിലപ്പെട്ട നിരവധി ജീവനുകൾ ബലികൊടുത്തിട്ട് ഇസ്തിരി ചുളിയാതെ പത്രസമ്മേളനം നടത്തുന്നവർ പൊതുജനത്തിന്റെ സാമാന്യബുദ്ധിയെയാണ് കൊഞ്ഞനംകുത്തിക്കളിയാക്കുന്നത്. സ്ഫോടനത്തിനുപയോഗിക്കുന്ന രാസവസ്തുക്കൾ മണപ്പിച്ച് ആളെക്കണ്ടെത്തുന്ന വിദ്യയും ബോംബ് വെച്ചത് സൈക്കിളിലോ കാറിലോ അതല്ല പ്ലാസ്റ്റിക്ബാഗിലോ എന്നു നോക്കി കണ്ണടച്ച് പ്രതികളെപ്പിടിക്കുന്ന വിദ്യയും നമ്മുടെ ഏജൻസികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓരോ ഭീകരസംഘങ്ങളും ഉപയോഗിക്കുന്ന ബോംബുകളുടെ ഇനങ്ങളും സ്ഫോടനങ്ങൾനടത്തുന്ന രീതികളും പേറ്റന്റ് ചെയ്ത പോലെയാണ് മിക്കപ്പൊഴും സർക്കാറിന്റെ അവകാശവാദങ്ങൾ കേട്ടാൽ തോന്നുക!

ദുരന്തങ്ങൾ നടന്നു കഴിഞ്ഞിട്ട് എന്തോ ഒരു മഹത്തായ കൃത്യം നിർവ്വഹിച്ചപോലെ സർക്കാറുകൾ നിയമിക്കുന്ന കമ്മീഷനുകൾ മരണപ്പെട്ടവരുടെ കണക്കെടുക്കുന്നതിൽപരം എന്താണ് ചെയ്യുന്നത്? പല്ലു കൊഴിഞ്ഞ നിയമവിദഗ്ദർക്ക് ലക്ഷങ്ങൾ ചുരത്താനുള്ള ഒരു സംവിധാനം മാത്രമാണ് ഇത്തരം കമ്മീഷനുകൾ. ഇനിയീ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടക്കാതിരിക്കാനുള്ള എന്ത് ശുപാർശകളാണ് ഏതെങ്കിലും കമ്മീഷനുകൾ മുന്നോട്ട് വെച്ചത്? എന്നെന്നേക്കുമായി ഭീകരാക്രമണങ്ങളെ തടയാൻ വേണ്ടി സർക്കാർ എന്തു നടപടികളാണ് സ്വീകരിച്ചത്? ഇത്തരം ഒരു പ്രതിരോധാത്മക പഠനത്തിനായി ഏതെങ്കിലും കമ്മീഷനുകൾക്ക് രൂപം കൊടുക്കാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാവുന്നില്ല?

ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോവുന്ന വിഷയത്തിൽ കഴിയാവുന്നത്ര തടസ്സങ്ങൾ സൃഷ്ടിക്കലാണ് പ്രതിപക്ഷം എന്ന സംവിധാനത്തിന്റെ പരമപ്രധാനമായ കടമ എന്ന സാമാന്യ തത്ത്വം നമ്മുടെ ഭരണഘടനയുടെ ഭാഗമാണോ എന്നറിയില്ല! കിട്ടുന്ന എല്ലാ അവസരങ്ങളിലും അനവസരങ്ങളിലും സർക്കാറിനെ മറിച്ചിടാൻ ശ്രമിക്കുക, സഭയിൽ കൊണ്ടുവരുന്ന എല്ലാ ബില്ലുകളെയും കണ്ണടച്ചെതിർക്കുക, സർക്കാറിന്റെ എല്ലാ നയങ്ങളും രാജ്യതാത്പര്യത്തിനെതിരാണെന്ന് വിളിച്ചുപറയുക തുടങ്ങി ഒരു യഥാർത്ഥ ശത്രുവിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും പാർട്ടി ഏതായാലും പ്രതിപക്ഷത്തിരുന്നുകൊണ്ട് ചെയ്യാൻ അത്യുത്സാഹം കാണിക്കാറുണ്ട്. ഭരണ-പ്രതിപക്ഷ ഐക്യം സാധ്യമാകുന്നത് സാമാജികരുടെ വേതനവർദ്ധനവിന്റെ കാര്യത്തിൽ മാത്രം. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ സ്ഫോടനങ്ങൾ തുടർക്കഥയാവുമ്പോൾ പാകിസ്ഥാനെതിരെ രോഷപ്രകടനം നടത്താനും സവർണ്ണവോട്ടുകൾ ഊട്ടിയുറപ്പിക്കാനുമല്ലാതെ നമ്മുടെ ബീ.ജേ.പി പ്രതിപക്ഷം എന്താണ് ചെയ്യുന്നത്? സർക്കാറിന് ദിശാബോധം നൽകാനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും പ്രജാക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും പ്രതിപക്ഷത്തിന് ചുമതലയുണ്ട്. തിയറികൾ പ്രകാരം ജനപക്ഷത്താണെങ്കിലും ഈ വിഷയത്തിൽ ക്രിയാത്മകമായ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാൻ ഇടതുപക്ഷത്തെയും ഇതുവരേ കണ്ടിട്ടില്ല.

നമ്മുടെ കോടതികൾ എന്താണ് ചെയ്യുന്നത്? 2008ലെ മുംബൈ ആക്രമണത്തിൽ ജീവനോടെ പിടികിട്ടിയ ഏകപ്രതിയെ മൂന്ന് വർഷത്തോളമായി വിചാരണയുടെ മാത്രം പേരിൽ നമ്മുടെ സർക്കാർ കോടികൾ തുലച്ച് തീറ്റിപ്പോറ്റുന്നു! സ്വന്തം പ്രജകളോടില്ലാത്ത ഈ മനുഷ്യത്വം രാജ്യത്തെ മുൾമുനയിൽ നിർത്തി 164ഓളം നിരപരാധികളെ കൊന്നൊടുക്കിയവരോട് കാണിക്കുന്നതിലെ വിരോധാഭാസത്തെ എന്തു വിളിക്കണം? ഇങ്ങനെ തീറ്റിപ്പോറ്റിയ മൂന്ന് ഭീകരനേതാക്കളെ കാണ്ഡഹാർ വിമാനറാഞ്ചലിൽ വിട്ടുകൊടുക്കേണ്ടി വന്നതും അതേ നേതാക്കൾ തന്നെപിന്നീട് രാജ്യത്തിന്നെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും നാം മറക്കാൻ പാടില്ല. ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾ അവർക്ക് വധശിക്ഷ വിധിക്കാൻ മാത്രം പര്യാപ്തമല്ലെങ്കിൽ ഇനിയൊരിക്കലും ആ തലച്ചോറുകളിൽ നിന്നും നീചകൃത്യങ്ങൾക്കുള്ള വെടിക്കൂട്ടുകൾ പിറക്കാതിരിക്കാൻ മാനസികമായി അവരെ ഷണ്ഡന്മാരാക്കി വിടാനെങ്കിലും നമ്മുടെ അധികാരികൾ മറക്കരുതായിരുന്നു.

നമ്മുടെ നിരത്തുകളിൽ സ്വതന്ത്രമായി നടക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ, മനുഷ്യമാംസത്തിന്റെ കരിഞ്ഞ ഗന്ധമില്ലാത്ത വായു നമുക്ക് ലഭ്യമല്ലെങ്കിൽ, ഭീകരതയുടെ ഭീതിതമായ നിഴലുകൾ നമ്മെ സദാ പിന്തുടരുന്നുവെങ്കിൽ, നമ്മുടെ കമ്പോളങ്ങളും തീവണ്ടികളും നഗരങ്ങളും സുരക്ഷിതമല്ലെങ്കിൽ, നമുക്ക് പറഞ്ഞേ മതിയാവൂ- നമ്മുടെ സ്വാതന്ത്യം പൂർണ്ണമായിട്ടില്ല.

2011, ജൂലൈ 20, ബുധനാഴ്‌ച

ഒരു ക'ഴു'ത

ഒരു കവിതയെഴുതാനെന്തു വേണം?
പേനയും കടലാസുമൊരു തൂലികാ നാമവും


ഭാവന? പ്രതിഭ?
അതു പണ്ട്, കാലമെത്ര പുരോഗമിച്ചു
ഇന്നതു വേണ്ട, തീരെ വേണ്ടാ
ഇന്നു കാട്ടില്‍ മരങ്ങളുണ്ടോ, പുഴയില്‍ വെള്ളമുണ്ടോ?
കടും കാടും പുഴ പുഴയും, കവിതയും അങ്ങിനെ തന്നെ


ഭാഷയും വ്യാകരണവും?
പുറന്തോട് പൊട്ടിക്കൂ, പുറത്ത് വരൂ
വ്യാകരണമെന്നതൊരറുപഴഞ്ചന്‍!
നേരോ? അതും വേണ്ടേ?
നേര്? അതെന്ത് സാധനമെന്റെ കുട്ടീ?


എങ്കിലീ കവിതയൊന്നു നോക്കൂ.
ഹാ! ബലേഭേഷ്! ആധുനികം
അത്യാധുനികം, ഉത്തരാധുനികം
മറന്നല്ലോ പക്ഷേ തൂലികാ നാമം?
ഇല്ല, മറന്നിട്ടില്ല- ഒരു കഴുത!
-------------------------------------------------------------------------------------------------------------
കഥ, കവിത, ചെറുകഥ, നീണ്ടകഥ, നോവല്‍ എന്നിവയിലൊന്നും ഉള്‍പ്പെടാത്ത ഒരു സാധനമാണിത്. ലോകസാഹിത്യശാഖയില്‍ ഇതിന് പേരില്ല, അംഗത്വവുമില്ല. ഇതില്‍ കലയില്ല, ഇതുണ്ടാക്കാന്‍ തല ഉപയോഗിച്ചിട്ടുമില്ല. ലോക സാഹിത്യത്തറവാടിനു ഈ എളിയവന്റെ ഒരു മഹത്തായ സംഭാവനായി ഇതിനെ കണക്കാക്കുക.

മെയ്ക്കിംഗ് ഓഫ് കഴുത.
എല്ലാം വളരേ പെട്ടെന്നായിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷമാണ് പ്രാഥമിക ലക്ഷണങ്ങൾ  കണ്ടു തുടങ്ങിയത്. മനസ്സിൽ എന്തോ ഒരു വിങ്ങൽ, കൈകൾക്ക് ഒരു തരിപ്പ്. നിൽക്കാനോ ഇരിക്കാനോ പറ്റുന്നില്ല. ഒരു കുണ്ഡലിനി ഇഫക്ട്. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. ഒരു വെമ്പൽ. വല്ലാത്തൊരു പരവേശം. രോഗമെന്താണെന്ന് ഏകദേശം പിടി കിട്ടിയെങ്കിലും ചികിത്സയെന്തെന്നറിയില്ല. പെട്ടെന്നാണ് സംഘർഷഭരിതമായ മനസ്സിൽ ഒരാശയം പൊട്ടിവന്നത്.

ഫേസ്ബുക്കിൽ ഒരു സ്റ്റാറ്റസ് അപ്ഡേറ്റിട്ടു. കൊമ്പൻ എന്ന വൈദ്യർ പറഞ്ഞുതന്ന ഒരൊറ്റമൂലി പരീക്ഷിച്ചു നോക്കി. അഞ്ചു മിനുട്ടോളമെടത്തു ഒന്നു തുടങ്ങിക്കിട്ടാൻ, പിന്നീടൊരു പ്രവാഹമായിരുന്നു. വൃത്തവും ലക്ഷണവും അലങ്കാരവുമൊന്നും പഠിച്ചിട്ടില്ല. പ്രാസമൊരു പ്രയാസമാണെന്ന് മാത്രമറിയാം. അതെല്ലാം ആറ്റിലെറിയാൻ തിരുകല്പ്പനയിട്ട മഹാകവയിത്രി കനിമൊഴിയാളെ മനസ്സിൽ ധ്യാനിച്ച്, ബൂലോഗത്തെ ഉത്തരാധുനിക കവികളേ ഇതാ.....

ബോധം വന്നപ്പോൾ തലക്കുമുകളിൽ കറങ്ങുന്ന ഫാനില്ല, ചുറ്റും ഡോക്ടറോ നേഴ്സുമാരോ ഇല്ല. മുന്നിലെ വരമൊഴി പാഡിൽ ഒരു "സൃഷ്ടി" നിന്നു മോണകാട്ടി ചിരിക്കുന്നു. ഞാനൊരു പിതാവായിരിക്കുന്നു!!! എന്നിൽ നിന്നും പിറവിയെടുത്ത എന്റെ സ്വന്തം സൃഷ്ടിയിതാ!!! സന്തോഷം കൊണ്ട് ഒന്നു കുണ്ഡലിനി തുള്ളി പൂർവ്വസ്ഥായിയിലെത്തിയപ്പോളാണത് ശ്രദ്ധിച്ചത്. സൃഷ്ടിക്ക് കൈകാലുകളില്ല! കണ്ണുകളും കാതുകളുമില്ല! തലയില്ല, മെയ്യില്ല. ഹാ....ഇനി നിങ്ങ്ളൊന്നു നോക്കൂ ജീവനുണ്ടോന്ന്!!!

2011, ജൂലൈ 13, ബുധനാഴ്‌ച

ഗ്യാസ് ട്രബിള്‍-ചില വാതക ചിന്തകള്‍!

ഈ ബ്ലോഗ് കണിക്കൊന്ന.കോം ബ്ലോഗ് ഓഫ് ദ വീക്ക് ആയി തെരെഞ്ഞെടുത്തിരിക്കുന്നു.
-----------------------------------------------------------------------------------------------------------------
മഹാത്മജിയുടെയും നെഹ്രുജിയുടെയും "ജീ" പോലെ ഇനി എല്‍ പീ ജീയുടെ ജീയും സ്വല്പം ബഹുമാനപുരസ്സരം തന്നെ മൊഴിയേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ സിലിണ്ടറിന്‍റെ വില വര്‍ദ്ധിപ്പിക്കാനും പുതിയ റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താനും തീരുമാനിക്കുകയായി. പരമാവധി നാല് മുതല്‍ ആറ് വരേ കുറ്റി എന്ന റേഷനും അധികമുള്ള ഓരോ കുറ്റിക്കും 600 മുതല്‍ 800 രൂപ വരേയും എന്നാണ് മാധ്യമസിണ്ടിക്കേറ്റ് വഴി പറഞ്ഞറിയുന്നത്. ലക്ഷക്കണക്കിന് വീട്ടമ്മമാരുടെയും അച്ചന്മാരുടെയും പോക്കറ്റിലും നെഞ്ചിലും ഒരേ സമയം തീ കോരിയിടുന്ന ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ മാഡം ഇറ്റാലിയാജിയുടെ തീരുമാനത്തിനായി വിട്ടിരിക്കുകയാണത്രെ! ബോംബെയിലെ ബോംബുകള്‍ കാരണം തീരുമാനം ഒന്നു രണ്ട് ദിനങ്ങള്‍ കൂടി നീണ്ടേക്കാം. നമ്മളൊക്കെ നിലത്തിട്ട് ചവിട്ടിയുരുട്ടിയും, പൊരിവെയിലത്ത് പാതയോരത്ത് ചങ്ങലക്കിട്ട് പൂട്ടിയും പീഡിപ്പിച്ച പാവം സിലിണ്ടറുകളുടെ മധുരപ്രതികാരം!ഗ്യാസ് എന്ന് പൊതുവേ അറിയപ്പെടുന്ന പാചകവാതകം സാധാരണമലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഏകദേശം പത്ത് പതിനഞ്ച് വര്‍ഷമായതേയുള്ളൂ. ഞങ്ങളെപ്പോലെയുള്ള ഗ്രാമീണര്‍ ആദ്യമൊക്കെ അല്‍‌പ്പം പേടിയോടെയാണീ തീക്കുറ്റിയെ നോക്കിക്കണ്ടത്. അപകടം നിറച്ച ഈ ഏടാകൂടം അടുക്കളയില്‍ കേറ്റിയിരുത്തുന്നത് തീക്കളിയാണെന്ന് വിവരമുള്ളവര്‍ മൊഴിഞ്ഞു. മണ്ണെണ്ണ സ്റ്റൗകള്‍ യഥേഷ്ടം പൊട്ടിത്തെറിച്ചിരുന്ന ആ കാലത്ത് അമ്മായ്യിഅമ്മമാരുടെ മനസ്സുകളില്‍ നിരവധി ലഡ്ഡുകള്‍ ഒരുമിച്ച് പൊട്ടിയെന്ന് പാണന്‍‌മാര്‍ പാടി നടന്നു. ഇന്നിപ്പം ഗ്യാസില്ലെങ്കില്‍ നോ ഗ്യാസ്റ്റ്രോണമി എന്നമട്ടിലാണ് കാര്യങ്ങള്‍.

എന്‍റെ ചെറുതും വലുതമായ എല്ലാ അവധിക്കാലത്തിലെയും അരദിവസമെങ്കിലും നാട്ടിലെ ഗ്യാസ് ഏജന്‍സിയില്‍ കരഞ്ഞും കാലുപിടിച്ചും യുദ്ധം ചെയ്തും ചിലവായിപ്പോകും. ഒരു സിലിണ്ടര്‍ കിട്ടാനുള്ള പാട് ചില്ലറയല്ല! പഞ്ചായത്ത് മെമ്പറുടെയും സ്ഥലം എസ് ഐയുടെയുമൊക്കെ ശുപാര്‍ശയിലാണ് പലരും കാര്യം സാധിക്കുന്നത്, ഞെട്ടണ്ട, നേര് തന്നെ! സ്വന്തം ആമാശയത്തിലെ ഗ്യാസെടുത്തു തരുന്ന ഭാവമാണ് ഏജന്‍സിയിലെ മാന്യദേഹങ്ങള്‍ക്ക്. കാശ് കൊടുത്താലും കാല് പിടിച്ചാലും കാര്യമില്ല.
ദുബൈയില്‍ പതിനെട്ട് കിലോയുടെ ഒരു കുറ്റിക്ക് 95 ദിര്‍ഹമാണ് വില അതായത് ഏകദേശം 1140 രൂപ!. അബുദാബിയില്‍ ഇതിന്‍റെ പകുതിയേ ഉള്ളൂ. എന്നാലും ഇന്ത്യയില്‍ പതിനാലര കിലോക്ക് വില ഏകദേശം രൂപാ നാനൂറ് മാത്രം. ദുബൈയിലെതിന്‍റെ പകുതി. അബുദബിയിലും ഷാര്‍ജയിലും പ്രക്രുതി വാതകം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഖത്തറില്‍ നിന്നും കുഴല്‍ വഴി വരുന്നതാണ് ഈ കൊച്ചുരാജ്യത്തിലെ വാത ഇന്ധനത്തിലെ ഏറിയ പങ്കും. വാതകസമ്പന്നമായ ഈ മേഖലയില്‍ പാചകവാതകത്തിന് ഇത്രയധികം വില ഈടാക്കുമ്പോള്‍ നല്ലൊരു ശതമാനം പ്രക്രുതി വാതകം ഇറക്കുമതി ചെയ്യുന്ന നമ്മുടെ ഇന്ത്യയില്‍ കുറഞ്ഞ വിലക്ക് ഗ്യാസ് ലഭ്യമാകുന്നതിന്റെ ഗുട്ടന്‍സ് മഹാ സബ്സിഡി അല്ലാതെ മറ്റൊന്നുമല്ല. അതായത് നമ്മള്‍ അടുപ്പ് കത്തിക്കുമ്പോള്‍ ചോരുന്നത് സര്‍ക്കാറിന്‍റെ കീശയാണെന്നര്‍ത്ഥം. സംഗതി നമ്മുടെ നികുതിപ്പണം തന്നെ. എന്തായാലും ഇടത്തട്ടിലെ മേല്‍ത്തട്ടുകാരനും മേല്‍ത്തട്ടിലെ ഇടത്തട്ടുകാരനുമൊക്കെ ഇനി മുതല്‍ തുട്ട് മല്‍കിയിട്ട് മതി തട്ടിവിടാന്‍ എന്നാണ് സര്‍ക്കാര്‍ പക്ഷം.

ഉത്പാദനത്തേക്കാളേറെ ഉപഭോഗമുള്ള ഇന്ത്യയില്‍ വര്‍ഷം തോറും ഗാര്‍ഹിക ഉപഭോഗം 9% വെച്ച് വര്‍ദ്ധിക്കുന്നു എന്നാണ് കണക്ക്. വന്‍ തുക കൊടുത്താണ് വിദേശത്തുനിന്നും LNGയും LPGയും ഇറക്കുമതി ചെയ്യുന്നത്. ഉത്പാദക രാജ്യങ്ങള്‍ തോന്നിയപോലെ വിലയുയര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ നിസ്സഹായരായി അതംഗീകരിക്കേണ്ടി വരുന്നു.സ്വതന്ത്ര ഭാരതത്തിന്റെ ഈ ഗ്യാസ് ട്രബിളിനൊരു ശാശ്വത പരിഹാരമായിരുന്നു നിര്‍ദ്ദിഷ്ട ഇന്ത്യാ-ഇറാന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി. ശതകോടി ഭാരതസ്ത്രീകളുടെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന ഈ പദ്ധതി ഇന്നൊരു പാഴ്സ്വപ്നം മാത്രമായി കിടക്കുകയാണ്. പ്രക്രുതിവാതക സമ്പത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമുള്ള ഇറാനില്‍ നിന്നും പാകിസ്ഥാന്‍ വഴി  2775 കി മി നീളം വരുന്ന കുഴല്‍ മാര്‍ഗ്ഗം വാതകം ദില്ലിയിലെത്തിക്കാനായിരുന്നു പദ്ധതി. ചര്‍ച്ചകള്‍ തുടങ്ങി. കാര്യങ്ങള്‍ വളരേ നല്ല നിലയില്‍ പുരോഗമിക്കവേയാണ് ഒരു നല്ല ശമരിയാക്കാരന്‍റെ രംഗപ്രവേശമുണ്ടായത്. മാവിലായിക്കടപ്പുറത്ത് ആമ മുട്ടയിടുന്നതും, കോമന്‍ നായരുടെ കോമാവിന് അങ്ങാടിപ്പിള്ളേര്‍ കല്ലെറിയുന്നതും ഒരു കൂറ്റന്‍ ബൈനോക്കുലറിലൂടെ നോക്കിക്കണ്ട് രായ്ക്കുരാമാനം ദില്ലിയില്‍ വിവരമെത്തിക്കുന്ന അമേരിക്കയിലെ മാമനാണ് ഇത്തവണയും നമ്മളെ ഒരു വന്‍‌ദുരന്തത്തില്‍ നിന്നും രക്ഷിച്ചെടുത്തത്. പാകിസ്ഥാന്റെ മണ്ണീലൂടെ വരുന്ന ഈ കുഴലില്‍ ഏതെങ്കിലും ഒരു വിവരംകെട്ട താടിക്കാരന്‍ തീവ്രന്‍ ഒരു തീപ്പെട്ടിക്കൊള്ളി വെച്ചാല്‍ മതി, ദില്ലി നിന്നു കത്തും!! ഫയന്നു വിറച്ച കേന്ദ്രന്മാര്‍ ടെഹ്റാനിലേക്കോടിച്ചെന്നത് പുതിയ ഐഡിയായുമായിട്ടാണ്. കുഴല്‍ വെള്ളത്തിനടിയിലൂടെയാക്കിയാലോ? സര്‍ജീയുടെ ഐഡിയ കയ്യില്‍ വെച്ചാല്‍ മതിയെന്നായി ഇറാനികള്‍, അങ്ങിനെയെങ്കില്‍ വാതകത്തിനു വില കൂടുമെന്നും. ഇതിനിടക്കതാ അമേരിക്കന്‍ വാസം കഴിഞ്ഞുവന്ന മന്മോഹന്‍‌ജിയുടെ കക്ഷത്തില്‍ ഒരു പുതിയ അണുബാധ! പിന്നെ ആണവക്കരാറായി താരം. ആണവം വേണോ ഇറാന്‍റെ വാതകം വേണോ? ചര്‍ച്ചകള്‍, സെമിനാറുകള്‍, ഹര്‍ത്താല്‍, ജാഥ, പ്രകടങ്ങള്‍ തുടങ്ങി എല്ലാ കലാപരിപാടികളും അരങ്ങേറി. ടോം വടക്കനും എം ഐ ഷാനവാസുമൊക്കെ ചാനല്‍ സ്റ്റുഡിയോകളില്‍ അന്തിയുറക്കമായി. അവസാനം ആണവം ഡണ്‍, വാതകവും സോമനാഥ് ചാറ്റര്‍ജിയും ഡിം!

ഇതിനിടെ പാകിസ്ഥാനികളെ ഡോളര്‍ കാട്ടിയും വിരട്ടിയും അമേരിക്കന്‍ മാമന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍‌വലിക്കാന്‍ ശ്രമിച്ചു. പച്ചകള്‍ ഡോളര്‍ വാങ്ങി തത്ക്കാലം അടങ്ങിയെങ്കിലും ഇന്നിതാ വീണ്ടും ഇറാനുമായി ചര്‍‌ച്ചകള്‍ സജീവമാക്കി. ആമേരിക്കന്‍ മാമന്‍റെ ഡോളര്‍ പോയതു മിച്ചം.
ഇന്ത്യക്കാണെങ്കില്‍ വാതകവുമില്ല ആണവവുമില്ല എന്ന അവസ്ഥയും.

തട്ടിന്‍പുറത്തു നിന്നും പഴയ മണ്ണെണ്ണ അടുപ്പും കന്നാസുമൊക്കെ തപ്പിയെടുക്കാം. വിറകുപുരകളും സജീവമാക്കാം. അല്ലെങ്കില്‍ വേണ്ട, മനസ്സില്‍ നുരഞ്ഞുപൊങ്ങുന്ന ധാര്‍മ്മികരോഷം അടക്കിപ്പിടിച്ച് ഈ വിലവര്‍ധനയും നമുക്കങ്ങ് സഹിച്ച് കളയാം. ജയ് ഹിന്ദ്!

(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിളിനോട്)

2011, ജൂലൈ 8, വെള്ളിയാഴ്‌ച

ഗോ ഗ്രീന്‍....

ഗോ ഗ്രീന്‍....
പെട്രോളിന്റെയും ഡീസലിന്റെയും എല്‍.പീ.ജീയുടെയും വില പ്രണബ് മുഖര്‍‌ജിയുടെ ബ്ലഡ് പ്രഷറിനെക്കാളും വേഗത്തില്‍ കുതിച്ച് കയറുന്ന ഈ കാലത്ത് സൗരോര്‍‌ജ്ജവും, സൈക്കിളും, ചാണകത്തില്‍ നിന്നുള്ള പാചകവാതകവുമുപയോഗിച്ചുകൊണ്ട് പ്രകൃതിയുടെ ഹരിതാഭ സം‌രക്ഷിക്കാനുള്ള മഹത്തായ ആഹ്വാനമായി ഇതിനെ തെറ്റിദ്ധരിക്കരുത്! ആദ്യമായി ഗള്‍‌ഫിലെത്തിയ ചരിത്രബിരുദധാരിയായ ഒരു മലയാളി തൊഴിലന്വേഷകന്‍ ഒരു പാക്കിസ്താനിയെ ഇം‍ഗ്ലീഷിൽ തെറി വിളിച്ചതാണിത്! ഗോ ഗ്രീന്‍, അതായത് "പോട് പച്ചേ" എന്ന്!! സംഗതിയുടെ സാരാംശം പിടികിട്ടിയില്ലെങ്കിലും മുഖഭാവത്തില്‍ നിന്നു കാര്യം ഗ്രഹിച്ച "പച്ച" തിരിച്ചു കൊടുത്തത് ഹിന്ദിയില്‍, "കോക്രി തെരാ ബാപ്"!

ഇപ്പോള്‍ ഇതോര്‍‌ത്തതിന് ചില കാരണങ്ങളുണ്ട്. ശൈശവദിശയിലുള്ള ഈ മഹത്തായ ബ്ലോഗിന്റെ പാശ്ചാത്തല നിറം നോക്കൂ. നല്ല ഇളം പച്ച. അതില്‍ പിടിച്ച് ഞമ്മക്കിട്ടൊന്ന് തോണ്ടി ഒരു സുഹ്രുത്ത്. ആദ്യ പോസ്റ്റില്‍ത്തന്നെ കമ്മ്യൂണിസ്റ്റ് വിരോധവും പശ്ചാത്തലം പച്ചയുമായതാണ് ഗുലുമാലായത്. ഫോണ്‍ വഴി നല്ലത് പറയാന്‍ വിളിച്ച മറ്റൊരു അഭ്യൂദയകാംക്ഷിയും പച്ചയായിത്തന്നെ കാര്യം പരാമര്‍‌ശിച്ചുകളഞ്ഞൂ. "കാക്കാ, പച്ച വിട്ടുള്ള കളിയില്ലാ അല്ലേ?"

നിറങ്ങള്‍ മില്യണ്‍കണക്കിനുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് പരിചിതമായതും പേരുള്ളതും നന്നേ ചുരുക്കം. (പല നിറങ്ങൾക്കും നമ്പറാണ്). അതില്‍ മിക്കവാറും എല്ലാ നിറങ്ങളും മത, ജാതി, രാഷ്ട്രീയ സംഘടനകള്‍ വീതിച്ചെടുത്തു കഴിഞ്ഞു. ചുവപ്പ് കമ്മ്യൂണിസം, പച്ച ഇസ്ലാം, കാവി ഹൈന്ദവം, വെള്ള ക്രൈസ്തവം, കറുപ്പ് ചെകുത്താന്‍ സേവക്കാര്‍ എന്നിങ്ങനെയാണ് പ്രധാന വിഭജനം. ഇതിനിടയിൽ കേറി വെള്ളാപ്പള്ളിയങ്ങുന്ന് മഞ്ഞയും കൊണ്ട് പോയി. നീലക്ക് ഒരു "മറ്റേ" ബാക്ക് ഗ്രൗണ്ട് ഉള്ളതിനാലാവാം ആരുമിതുവരേ എടുത്തിട്ടില്ല. (ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ മാത്രം നീലക്കാര്‍ കൊച്ചുകേരളത്തില്‍ ഉണ്ടെന്നിരിക്കെ, നീല നിറത്തിലെരു കൊടി സമീപഭാവയില്‍ തന്നെ പാറിപ്പറന്നേക്കാം)‌

നമ്മുടെ താരം പച്ചയാണ്. പച്ചയെങ്ങിനെ ഇസ്ലാമിന്ന് കിട്ടീയെന്ന് ജന്മനാ മുസല്‍മാനായ എനിക്കിതുവരേ പിടികിട്ടിയിട്ടില്ല! നിറങ്ങള്‍ സ്രുഷ്ടിച്ച് സം‌വിധാനിച്ച ഉടയതമ്പുരാന്‍ സ്വര്‍‌ഗ്ഗലോകത്തെ പരവതാനികളും പട്ടുകുപ്പായങ്ങളും പച്ചയാണെന്നു പറഞ്ഞതുകൊണ്ടാണോ ആവോ? സൗദി, പാക്കിസ്താന്‍, ബം‌ഗ്ലാദേശ് തുടങ്ങി എല്ലാ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെയും, ആഫ്രിക്കയിലെ ഒട്ടുമിക്ക മുസ്ലീം നാടുകളുടെയും കൊടിയില്‍ പച്ചക്കൊരു മേല്‍‌ക്കോയ്മയുണ്ട്, ചിലപ്പോള്‍ പച്ച മാത്രമേയുള്ളൂ. ജാറങ്ങളുടെയും ദര്‍‌ഗ്ഗകളുടെയും പച്ച, സൂഫീ ആശയക്കാരുടെ തലപ്പാവിന്റെ കടുംപച്ച, പണ്ട് മലബാറില്‍ "വല്യാപ്പമാര്‍" ഉപയോഗിച്ചിരുന്ന അരപ്പട്ടയുടെ ഇളംപച്ച, മുസ്ലീം സ്ത്രീകളുടെ കാച്ചിത്തുണിയുടെ കരയുടെ മനോഹരമായ പച്ച, യത്തീം‌ഖാനകളുടെ സംഭാവനപ്പെട്ടിയുടെ പച്ച, എഴുപതുകളിലെ ബ്ലാക് ആന്റ് വൈറ്റ് സിനിമകളിലെ മാപ്പിളവീടുകളില്‍ നിര്‍‌ബ്ബന്ധമായും പോറ്റുന്ന ആട്ടിന്‍‌കുട്ടി തിന്നുന്ന ഇലയുടെ നിറം പോലും പച്ച!!!

മുസ്ലീം ലീഗും നാഷനല്‍ ലീഗും കൊടിക്കു കൊടുത്ത നിറം പച്ച. ചുവപ്പിന്റെ കൂടെ കലര്‍‌ന്നു കഴിഞ്ഞിട്ടും പീ.ടീ.ഏ. റഹീമിന്റെ ലീഗും പച്ച. എല്ലാ ഇസ്ലാമിക സം‌ഘടനകളുടെയും കൊടികളില്‍ ഒരു പച്ചപ്പ് തെല്ലെങ്കിലും എത്തിനോക്കാത്തതായിട്ടില്ല. ഒരപവാദം ജമാ‌അത്തെ ഇസ്ലാമിയും പോഷക ഘടകങ്ങളും മാത്രം. അവരുടെ കൊടിക്ക് ഒരു അര്‍‌ജന്‍ന്റൈന്‍ ടച്ചാണ്. വെള്ളയും ഇളം നീലയും പിന്നെ ഇടതു ചായ്‌വ് കാണിക്കാനാണോന്നറിയില്ല ഒരു ചുവപ്പും.


പാകിസ്താനികളെ സൂചിപ്പിക്കാന്‍ ഗള്‍ഫിലെ മലയാളികള്‍ പൊതുവേ "പച്ച"യണ് ഉപയോഗിക്കുന്നത്. ഞാനിതു മനസ്സിലാക്കുന്നത് ആറ് വര്‍‌ഷം  മുമ്പ്  ഗള്‍ഫിലെത്തിയപ്പോള്‍ മാത്രമാണെങ്കിലും പച്ച വിളിയുടെ ഒരനുഭവം കോളെജ് ലൈഫില്‍ തന്നെയുണ്ടായി. തബലവിദ്വാനും ഇപ്പോള്‍ ഓസ്ട്രേലിയയില്‍ പേരെടുത്ത മ്യുസിഷനുമായ കോക്ലാസ്മുറിയനാണ് സം‌ഗതി ഒപ്പിച്ചത്. എന്തോ പറഞ്ഞ് ഒടക്കി അവസാനം അവനാ മഹാപാതകം ചെയ്തു- "പോടാ പച്ചേ"ന്ന്. പ്രാക്ടിക്കല്‍ വര്‍‌ക്‌ഷോപ്പിലാണ് സംഭവം നടക്കുന്നത്. എന്റെ കയ്യില്‍, മൂര്‍ച്ചയില്ലെങ്കിലും അത്യാവശ്യം മാരകമായ ആയുധങ്ങളുണ്ട്. പെട്ടെന്നുണ്ടായ ഞെട്ടെലില്‍ നിന്നും മോചിതനായ ഞാന്‍ സര്‍‌വ്വശക്തിയും സംഭരിച്ച് തിരിച്ചടിച്ചു, "നീ പോടാ ഹമുക്കേ...". കാര്യം പിടികിട്ടാത്ത ഹമുക്ക്, കട്ടിയുള്ള ചില്ലിട്ട കണ്ണട ഒന്നു നേരെയാക്കി കൊക്കിച്ചിരിച്ചുകൊണ്ട് ഒരു മൂളിപ്പാട്ടും പാടി നടന്നകന്നെങ്കിലും എന്റെ മനസ്സില്‍ "പച്ച"വീണ്ടൂം വീണ്ടും തികട്ടി വന്നു. എന്തോ, ഒരു വിങ്ങല്‍, പെട്ടെന്ന് ആള്‍‍ക്കൂട്ടത്തില്‍ ഉടുതുണിയഴിഞ്ഞവനെപ്പോലെ. രാത്രി ചപ്പാത്തിക്കും ലൂസ് മഞ്ഞക്കറിക്കും മുന്നില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചപ്പോഴതാ നേരെ എതിര്‍‌വശത്തായി വന്നിരിക്കുന്നു നമ്മുടെ പ്രതി. ഹമുക്കിന്റെ അര്‍‌ത്ഥം (മണ്ടന്‍/വിഡ്ഡി‍ എന്നതിന്റെ അറബി പദമാണ് ഹമുക്ക്) സൗഹ്രുദഭാവത്തില്‍ ചോദിച്ചറിഞ്ഞ് പോകാന്‍ നേരം സ്വതസിദ്ദമായ ചിരിയോടെ ഒരു ഡയലോഗ്, "അല്ല, ടീ-ഷര്‍‌ട്ട് നല്ല പച്ചയാണല്ലോ?" വീണ്ടും പച്ച!

അന്ന് തുടങ്ങിയതാണ് പച്ചയോടൊരു ചെറിയ നീരസം. പച്ചക്കു വേണ്ടി ഒരുപാട് സഹിച്ചു. ലുങ്കി, ടൂത്ത് ബ്രഷ്, ഷര്‍ട്ട്, പാന്റ്സ്, ടീ-ഷര്‍‌ട്ട് തുടങ്ങി അങ്ങോട്ട് പച്ച നിറത്തിലുള്ള പല വസ്ത്രങ്ങളും, വസ്തുക്കളും ത്യജിക്കേണ്ടിവന്നു. ഇതിന്റെ "കോസ്റ്റ് ഇമ്പാക്‍റ്റ്" ഭയാനകമായിരുന്നു! മാസം ആയിരം രൂപയില്‍ താഴെമാത്രമാണ് വീട്ടില്‍ എനിക്കുള്ള ബഡ്ജറ്റ് വിഹിതം. രാത്രിയിലെ പാല്‍, ചൊവ്വ,വ്യാഴം ദിവസങ്ങളിലെ ബീഫ്, വീക്കെന്റിലെ ഷാര്‍‌ജ ഷേക്ക്, ചിക്കന്‍ ഡ്രൈ ഫ്രൈ ആന്റ് പൊറോട്ട തുടങ്ങി ഒട്ടനവധി ലക്ഷറികളൊഴിവാക്കേണ്ടീ വന്നൂ ഈ "വാര്‍‌ഡ്‌റോബ് ഓവര്‍ഹോളിന്‍‌ഗി"ന്. ഏറ്റവും സങ്കടം സോപ്പിന്റെ കാര്യത്തിലായിരുന്നു. ചുവന്ന കടലാസില്‍ പൊതിഞ്ഞ, എന്നാല്‍ പച്ച നിറത്തിലുള്ള നല്ല കട്ടിയുള്ള അരവിന്ദ് സ്വാമി മാര്‍ക്ക് സിന്തോള്‍ സോപ്പായിരുന്നു വര്‍ഷങ്ങളായുള്ള എന്റെ മേനിയഴകിന്റെ രഹസ്യം. ആ സോപ്പ് മാറ്റി വേറെ ബ്രാൻഡ് നോക്കുമ്പോൾ ഭൂരിഭാഗം സോപ്പുകളും പച്ച. അവസാന നിറമില്ലാത്ത പിയേഴ്സിൽ‍ കാര്യം തീരുമാനമാക്കി. (ഹോസ്റ്റലൊഴിഞ്ഞ് പോരുമ്പോൾ‍ എനിക്ക് മൂന്ന് കാവിത്തുണികളുണ്ടായിരുന്നു!!)

പച്ചയുമായുള്ള എന്റെ ബന്ധം സൂചിപ്പിക്കാനാണ് മേല്‍ സംഭവം വിവരിച്ചത്. പച്ചയോട് പ്രത്യേകിച്ചൊരു കൂറും മമതയുമൊന്നും ഈയുള്ളവനിതുവരേയില്ല. അതായത് "പച്ച"ൻ അത്തായത്തിലും കൂടിയില്ലെന്ന്!! ബ്ലോഗിന്റെ നിറം മാറ്റാനൊരാലോചനയുണ്ടെങ്കിലും അതിനു "പച്ച"യുമായി യാതൊരു ബന്ധവുമില്ലെന്നുള്ളതൊരു പച്ചപ്പരമാര്‍‌ത്ഥം മാത്രം. പിച്ചവെച്ചു തുടങ്ങിയ ഈ ബ്ലോഗന് "പച്ച" ഒരു വിഷയമായതില്‍ പിന്നെ പച്ചയോട് ചെറിയ ഒരിത് തുടങ്ങിയുട്ടുണ്ട്!!!  ഗോ ഗ്രീന്‍....

2011, ജൂലൈ 2, ശനിയാഴ്‌ച

ശ്രീ പത്മനാഭസ്വാമിക്ഷേത്രവും എന്റെ നിധിയും!

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു നൂറ്റാണ്ടിലധികക്കാലമായി തുറക്കാതെ വെച്ചിട്ടുള്ള രഹസ്യ അറകള്‍ തുറന്നു അവിടെയുള്ള അമൂല്യ സമ്പത്തിന്റെ വന്‍ ശേഖരങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് ആറ് ദിവസമായി. ഇതുവരെ കണ്ടെടുത്ത സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെയും ഉരുപ്പടികളുടെയും രത്നക്കല്ലുകളുടെയും വിപണി മൂല്യം സംബന്ധിച്ച മാധ്യമ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. മലയാള മനോരമ ചാനലിന്റെയും ഇന്ധ്യാവിഷന്റെയും ഈരണ്ടു ഓ ബീ വാനുകള്‍ ക്ഷേത്രപരിസരത്ത് ഒരാഴ്ചയായി തംബടിച്ചിരിക്കുകയാണ്. ഓരോ മണിക്കൂറിലും ന്യൂസ് അപ്ഡേറ്റിൽ‍ തിരഞ്ഞെടുപ്പ് ഫലം പോലെ മൂല്യക്കണക്കുകള്‍ "തെറ്റാതെ" പറയുന്നുമുണ്ട്.ഞെട്ടിപ്പിക്കുന്ന (ഇത് മാധ്യമങ്ങളുടെ പ്രയോഗമാണ്. അത്ഭുതപ്പെടുതുന്നത് എന്നാണു ബ്ലോഗന്റെ നിരീക്ഷണം) സമ്പത്ശേഖരത്തില്‍ ഒമ്പതടി വീതിയും രണ്ടര കിലോ തൂക്കവുള്ള സ്വര്‍ണ്ണമാലയും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കുഞ്ഞാനക്കുട്ടിയും ആയിരം കിലോയിലധികം തൂക്കമുള്ളതും നെപ്പോളിയന്‍റെയും പഴയ ഈസ്റ്റിന്ത്യാ കമ്പനിയുടെയും കാലതുള്ളതും അതിപുരാതനവുമായ സ്വര്‍ണ്ണനാണയങ്ങളും അത്യപൂര്‍വ്വ വൈരക്കല്ലുകളുമുണ്ടത്രെ!   

കൊച്ചുകേരളവും ഇന്ധ്യാമാഹാരജ്യവും മാത്രമല്ല ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ നിധിശേഖരത്തിന്‍റെ മുല്യം ഇന്നലെ വരെ കാല്‍ ലക്ഷം കോടിയോളമായിരുന്നെങ്കില്‍ ഇന്നത് അര ലക്ഷം കോടി കവിയുമെന്നാണ് മാധ്യമപക്ഷം. അറ ഏയിലെ പരിശോധന ഇനിയും കഴിഞ്ഞിട്ടില്ല. വേറെ രണ്ടറകളിനിയും തുറക്കാന്‍ ബാക്കിയും. എത്രകോടി കവിയുമെന്‍റെ ദൈവമേ! വിപണിമൂല്യം മാത്രം കണക്കാക്കിയാല്‍ ഒരു ലക്ഷം കോടി കവിയുമെന്നും പുരാവസ്തു മൂല്യം കൂടി നോക്കിയാല്‍ ഊഹിക്കാന്‍ പറ്റാത്തത്രയും വലുതാവും മുല്യമെന്നുമാണ് വിദഗ്ധ മതം. ലോകം ഈ തുകകേട്ടു ഞെട്ടിയാലും ഭാരതീയര്‍ ഞെട്ടില്ല എന്നൊരാശ്വാസമുണ്ട്! ടൂജീ രാജ ചെയ്ത സുകൃതം! രാജ നീണാള്‍ വാഴ്ക! 

പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷ്കാരുമൊക്കെ നമ്മുടെ അമ്മിക്കല്ല് ‍വരെ അടിച്ചുമാറ്റി കപ്പല് കയറ്റിയ കാലത്ത് എട്ടുവീട്ടില്‍ പിള്ളമാരോ മാര്‍ത്താന്ടവര്‍മ്മ മഹാരജാവോ കൌശലപൂര്‍വ്വം ഒളിപ്പിച്ചതായിരിക്കും ഇതെന്നാണ് എന്‍റെ പ്രാഥമിക നിഗമനം. ഒരു ഫൈനല്‍ കണ്ക്ലൂഷനിലെത്താന്‍ സാധനങ്ങള്‍ നേരിട്ട് കണ്ടേ മതിയാവൂ! ഒളിപ്പിച്ചവര്‍ക്കന്നീ സല്‍ബുദ്ധി തോന്നിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും സായിപ്പന്മാര്‍ ഇത് വിറ്റ് യൂറോപ്യന്‍ പുട്ടുംഇംഗ്ലീഷ് പപ്പടവുമടിച്ചേനെ!

ഇതിനിടെ ഒരു വലിയ തമാശ ഒപ്പിച്ചത് നമ്മുടെ ജീ. സുകുമാരന്‍ നായരാണ്. എന്‍. എസ്. എസ്സിന്‍റെ പുതിയ ജന. സിക്ര. അന്ന് വീ.എസ്സിന്‍റെ മേക്കിട്ട്കേറിയപ്പോഴേ ഞാന്‍ വിചാരിച്ചതാ പിടിച്ചതിലും വലിയത് മാളതിലുണ്ടെന്നു! പുത്തനച്ചി പൊരപ്പുരം തൂക്കുമെന്നാണല്ലോ. നിധിശേഖര വിഷയത്തില്‍ ‍ആരെങ്കിലും എന്തെകിലും പറയുന്നതിന് മുന്‍പ് ടിയാന്‍ ഒരു കാച് കാച്ചി. ക്ഷേത്രത്തിലെ നിധിശേഖരം കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന്!
സുകുമാരന്‍ നായര്‍ യൂ. പീ. എ സര്‍കാരിനിട്ടു ശരിക്കൊന്നു താങ്ങിയതാനെന്നാണ് ബ്ലോഗനു തോന്നിയത്. സഭ നിറഞ്ഞു നിന്ന രാജാ കല്‍മാടികളെ ഏതാണ്ടൊന്നു കെട്ടുകെട്ടിച്ചു വിട്ട്  ഊരനിവര്‍തിയതെയുള്ളൂ മന്മോഹന്ജി. യുവമാരനും പിന്നെ ദേവ്രാജിയുമൊക്കെ പുരനിറഞ്ഞു നില്‍പ്പാണ്. പവാര്‍ജിയും വയസ്സറിയിച്ചു കഴിഞ്ഞു. അതിനിടക്കാണ് സുകുമാരന്‍ നായര്‍ ഒരു ശിപാര്‍ശയുമായിട്ടു വരുന്നത്! പാവം കോണ്‍ഗ്രസ്സുകാരെ
മുഴുവന്‍ വഴിപിഴപ്പിക്കാന്‍ ഓരോ ശരിദൂര സിദ്ധാദ്ധങ്ങൾ! മാധ്യമങ്ങള്‍ ഏറ്റുപിടിക്കാഞ്ഞതും അഴീക്കോടത് കേള്‍കാഞ്ഞതും നായരുടെ ഭാഗ്യം!   

നൂറു ദിവസംകൊണ്ട് ബഹുദൂരം ഓടിത്തീർ‍ക്കാനുള്ള തത്രപ്പാടിനിടക്കാണ് ഉമ്മന്‍ ചാണ്ടിക്കൊരു തലവേദനയായി നിധിശേഖരം വന്നു ഭവിച്ചത്! അടിയന്തിര സുരക്ഷ പെട്ടെന്ന് തന്നെ ഏര്‍പ്പെടുതിക്കളഞ്ഞൂ കുഞ്ഞൂഞ്ഞ്! ത്രിതല സുരക്ഷ വേണമെന്നാണ് പോലീസിന്‍റെ പക്ഷം. അങ്ങ് ഇറ്റലിയിലും ഇങ്ങു മുംബായിലുമുള്ള മാഫിയാ അണ്ടര്‍ വേൾഡുകളൊക്കെ ഇപ്പൊ തന്നെ അനന്തപുരി തുരക്കാനുള്ള ആയുധങ്ങള്‍ മൂര്‍ച്ച‍കൂട്ടിതുടങ്ങിയിട്ടുണ്ടാവുമത്രെ! എനിക്ക് വേറൊരു കൺസേൺ‍ ഉള്ളത് ഗൂഗിള്‍ മാപ്പുകള്‍ വഴി ഒബാമാചെട്ടനെങ്ങാന്‍ ഇത് നോക്കിക്കണ്ട് നേവീ സീല്‍സിനെ അയച്ചാല്‍ സ്വാഹ! . മാന്ദ്യം വന്നു മേലോട്ട് നോക്കിനില്‍ക്കുമ്പോള്‍ ലോട്ടറി അടിച്ചപോലെകിട്ടിയ ആയുധ ഇടപാടില്‍ അവസാനനിമിഷം കേറിക്കളിച്ച് കൊളമാക്കിയ ആൻടണിച്ചായനിട്ടൊന്ന് കൊടുക്കാന്‍ നോക്കിയിരിക്കുകയാവും പുള്ളി എന്നാണെനിക്കു തോന്നുന്നത്! തുരപ്പും സ്ഫോടനവുമൊക്കെ അതിജീവിക്കുന്ന കോണ്ക്രീറ്റ് ഭിത്തികളും സീ സീ കാമറകളും പിന്നെ പ്രത്യേക സായുധസുരക്ഷാസേനയെയും ഏര്‍പ്പെടുത്തണമെന്നാണ് പോലീസിന്‍റെ ശുപാര്‍ശ. ഇതിന്‍റെയെല്ലാം ചിലവെത്രയെന്നു ഇവര്‍ ആലോചിച്ചിട്ടുണ്ടോ ആവോ? സംസ്ഥാന സര്‍ക്കാരിന്‍റെ ട്രൌസര്‍ കീറുന്ന ഏര്‍പ്പാടാണിത്. പിന്നെ കേന്ദ്രത്തില്‍ ആന്‍റെണിചായനുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം. ഈ കണക്കെടുപ്പൊരു തലവേദനയും പിന്നെ അമിതചിലവുമായി മാറിയില്ലെങ്കില്‍ എന്‍റെ പേര് നിന്‍റെ...... .  

എനിക്കൊരഭിപ്രായമുണ്ട്, തിരന്തോരത്തു ഒരു മൂസിയങ്ങള് സ്ഥാപിച്ച് ടി ദംബടികള്‍ പ്രദര്‍ശിപ്പിച്ചു ടിക്കറ്റ് വെച്ച് കൊറേ കായികളുണ്ടാക്കണം. ചെലവുള്ള കാര്യമാണ്. ഇത്തിരിപ്പൊന്ന് വിറ്റ് ഫണ്ടുണ്ടാക്കാം. പിന്നെ കാലും നീട്ടിയിരുന്നാല്‍ മതി. അതുവഴി ടൂറിസം വരുമാനവും (മോനേ മന്ത്രി അനിൽകുമാരാ..ഒരു ലഡ്ഡു..) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഖ്യാതിയും വര്‍ദ്ധിക്കട്ടെ. 

ഇനി ഓപ്ഷന്‍ ബീ. നിധിശേഖരം പൊതുജനത്തിനുകൂടി അവകാശപ്പെട്ടതാനെന്നിരിക്കെ (അല്ലേ?) ഇതിന്‍റെ സംരക്ഷണച്ചുമതല പൌരസമൂഹത്തെ ഏല്‍പ്പിക്കണം. അതായത് ബാബാ രാംദേവിനെ! അണ്ണാ ഹസാരെയേ എനിക്ക് തീരെ വിശ്വാസമില്ല. വേറൊന്നുംകൊണ്ടല്ല. ആള്‍ കാഴ്ചയില്‍ പരമശുദ്ധനും പഞ്ചപ്പാവവുമാണ്. ഇത്രേം വല്യ രഹസ്യങ്ങളൊന്നും സൂക്ഷിക്കാനുള്ള ത്വാക്കത് അദ്ദേഹത്തിനില്ല. രാംദേവാവുമ്പോള്‍ കോടികള്‍ കൈകാര്യം ചെയ്തു തഴക്കവും പഴക്കവുമുണ്ട്, വേണ്ടിവന്നാല്‍ സായുധസൈന്യത്തെ വളരെപ്പെട്ടെന്നു സജ്ജീകരിക്കാനും റെഡി. ഉരുപ്പടികള്‍ ഹരിദ്വാറിലെ സ്വാഭിമാന്‍ ട്രസ്ടിലോ അയര്‍ലന്റിലെ സ്വന്തം ദ്വീപിലോ സുരക്ഷിതമായി സൂക്ഷിക്കുകയും ആവാം. ബാബ പറഞ്ഞിട്ടൊന്നുമല്ല, ഇതെന്‍റെയൊരു പ്രപോസല്‍ മാത്രം.
നോം പറയാനുള്ളത് പറഞ്ഞു ഇനി ന്താന്ച്ചാ കാട്ട്വാ.
ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌ ഒരു ഇടിത്തീ പോലെയാ ഞെട്ടിപ്പിക്കുന്ന സത്യമെന്‍റെ തലച്ചോറില്‍ മിന്നിയത്. ഇനി പറയുന്ന കാര്യങ്ങള്‍ അതീവ രഹസ്യവും തന്ത്രപ്രധാനവുമാണ്. കുറച്ചു പുരാണനാണയങ്ങള്‍ ഈയുള്ളവന്‍റെ പൂട്ടില്ലാത്ത അലമാരയില്‍ ഒരു കടലാസുപെട്ടിയില്‍ അത്ര ഭദ്രമാല്ലാതെ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്‍റെ യഥാര്‍ത്ഥ മൂല്യം ഞാനിതുവരെ കണക്കാകിയിട്ടില്ല. ബ്രിട്ടീഷ് ഈസ്ടിന്ത്യാ കാലത്തുള്ളതും, നൈസാമിന്‍റെതും, തഞ്ചാവൂര്‍ രാജക്കളുടെതുമടക്കം മുന്നൂറു കൊല്ലം വരെ പഴക്കമുള്ളവയുണ്ട്. (ഇതിൽ ഏതാനും ചില നാണയങ്ങൾ മേൽ ചിത്രത്തിൽ കാണാം. സുരക്ഷാ പ്രശ്നങ്ങൾ മാനിച്ച് ബാക്കിയുള്ളവയുടെ ചിത്രമെടുപ്പ് തൽക്കാലം തടഞ്ഞിരിക്കുകയാണ്) അതിനി സ്വർ‍ണ്ണമാണോന്നറിയില്ല! ആകാതിരുന്നാല്‍ മതിയായിരുന്നു!!!ദുബായിലെ എന്‍റെ താമസസ്ഥലമാണെങ്കില്‍ ഒരു സാധാരണ മതിലിന്‍റെ മാത്രം സംരക്ഷണയിലാണ് താനും. ഫോട്ടോ എടുക്കാന്‍ ഞാനുപയോഗിക്കുന്ന ഒരു നിക്കോണ്‍ കാമറയല്ലാതെ പിന്നെയൊന്നുള്ളത് അടുത്ത വീട്ടിലെ ഗൈറ്റിലാണ്! സായുധസൈന്യത്തെവെക്കാനുള്ള ചുറ്റുപാടൊന്നും നമുക്കില്ല താനും!  നാണയങ്ങളിൽ പലതും സ്വിറ്റ്സർ‍ലാൻഡിലെ സൈൻഡ്ഗാലനില്‍ നിന്നും വാങ്ങിയവയാണ്. ഈ ബ്ലോഗെങ്ങാനും വായിച്ചു അവിടുത്തെ എം.പിമാര്‍ ദുബായിലോ അല്ലെങ്കില്‍ ഇന്ത്യയിലോ വന്നു പ്രശ്നമുണ്ടാക്കുമോ എന്നൊരു ആധി? കോഹിനൂര്‍ രത്നം തിരിച്ചു കിട്ടാന്‍ നമ്മുടെ എം.പിമാര്‍ പണ്ട് എലിസബത്ത്‌ റാണിയുടെ കാലു പിടിച്ചിട്ടുണ്ട് (എന്‍റെ കാല്‍ തരിക്കുന്നു).  ഇന്ത്യയും യൂ.എ.ഇയും സ്വിറ്റ്സർലാൻഡുമുൾപ്പെടുന്ന ഒരു ത്രികോണ നയതന്ത്ര പ്രശ്നമായി ഇത് മാറാതിരിക്കട്ടെ. എനിക്ക് സുരക്ഷ വര്‍ദ്ധിപ്പികണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് തന്നെ പ്രവാസികാര്യ മന്ത്രി, കോൺസൽഎന്നിവര്‍ക്ക് അപേക്ഷകൊടുക്കുന്ന കാര്യം പ്രഥമ പരിഗണനയിലാണ്. ഇതിനിടെ എന്തെകിലും സംഭവിച്ചാല്‍....

2011, ജൂലൈ 1, വെള്ളിയാഴ്‌ച

അങ്ങിനെ ഞാനുമൊരു ബ്ളോഗറായി... വായിക്കൂ, കമന്റൂ...

രണ്ടായിരത്തിപ്പതിനൊന്നാമാണ്ട് ജൂൺ മാസം മുപ്പതിൻ അർദ്ദരാത്രിയിലാണയത് സംഭവിച്ചത്. ഒരൊഴിവു ദിനത്തിന്റെ പകൽ മുഴുവൻ വിദ്യാർത്ഥിസഖാക്കൾ തല്ലുകൊണ്ടതും തുടർന്ന് നിയമസഭയിൽ ചോരയിൽ കുതിർന്ന കുപ്പായവുമേന്തി മൂത്ത സഖാക്കൾ ബഹളം വെച്ചതും കണ്ടപ്പോൾ മനസ്സിൽ മിന്നിയ ചില ഭൂതകാല സമരചരിത്രങ്ങൾ ആരോടെങ്കിലും പറയാൻ മുട്ടിയപ്പോൾ ചെയ്തു പോയതാണ്.

മലയാളം ടൈപ്പുകയെന്നത് ചില്ലറപ്പണിയൊന്നുമല്ല. എന്നാലും ബ്ളോഗില്ലാത്തവർക്ക് പ്രവേശനമില്ലാ എന്ന് ചായക്കടയിൽ ഒരു ബോർഡ് തൂങ്ങുന്ന കാലം അധിവിദൂരമൊന്നുമല്ല എന്ന തിരിച്ചറിവും ഒരു ബ്ളോഗില്ലാത്തതിന്റെ പേരിൽ മൗലികാവകശങ്ങൾ പോലും നിഷേധിക്കപ്പെട്ടേക്കുമോ ഭീതിയും ഈ കടുംകൈ ചെയ്യാനുള്ള തീരുമാനത്തിനാക്കം കൂട്ടി.

ഇനി സുഖമായുറങ്ങാം. മാസത്തിലൊരിക്കൽ ഒരു നേർച്ച പോലെ എന്തെങ്കിലുമൊക്കെ എഴുതിയിടണമെന്നാൺ പരിപാടി. തുടങ്ങിയേടത്തു തന്നെ ഒടുങ്ങിയ പല "സ്വപ്ന പദ്ദതി"കളെയും പോലെ ഇതും അകാലചരമമടയാതിരുന്നാൽ മതിയായിരുന്നു. ബ്ളോഗിന്റെ ജീവവായു കമന്റുകളാണെന്ന ജീവശാസ്ത്ര സത്യം എന്നെ ഭീതിപ്പെടുത്താതില്ല. എങ്കിലും അറ്റകൈക്ക് സ്വയം കമന്റി കുറച്ചുകാലം പിടിച്ച് നിൽക്കാമെന്നൊരു പ്രതീക്ഷയുണ്ട്.
ആരെങ്കിലും കമന്റിയാൽ അവരെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നതും അവരുടെ ബ്ളോഗ്ഗുകൾ എത്ര ചവറുകളായാലും മികച്ച കമന്റുകളിട്ട് പ്രത്യുപകാരം ചെയ്യുന്നതുമാൺ. ഇനി ബ്ളോഗില്ലാത്തവരുടെ ഫെയ്സ്ബുക്ക് ഫോട്ടോകൾ ലൈക്കിയും ഷെയർ ചെയ്തും കടം വീട്ടാം.

ചീരാമുളക് എന്ന പേർ കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്നതോ ഒരു നിമിത്തം പോലെ മനസ്സിൽ പെയ്തിറങ്ങിയതോ ഒന്നുമല്ല. നാട്ടിലെ ഒരുവിധപ്പെട്ട എല്ലാ ജന്തു, ജീവി, ദ്രവ്യ, സ്ഥലനാമങ്ങളും ടൈപ്പിപ്പരീക്ഷിച്ചതിൽ പിന്നെയാണ് ഇത്തിരിപ്പോന്നതെങ്കിലും ഏത് വല്യവനെയും പുകച്ചുനീറ്റിക്കാൻ പോന്ന ഈ പേർ തെരെഞ്ഞെടുത്തത്.ചങ്ങംബുഴ സ്റ്റൈല്‍ റൊമാന്‍സ്, ഭാഷാപോഷിണി നിലവാരത്തിലുള്ള കടിച്ചാല്‍ പൊട്ടാത്ത സാഹിത്യം, വീ കേ എന്നിനെപ്പോലും വെല്ലുന്ന വള്ളിക്കുന്നന്‍ മോഡല്‍ ആക്ഷേപഹാസ്യം എന്നിവയിലേതെങ്കിലുമൊന്നിനേ ബ്ലോഗ് ചന്തയില്‍ മാര്‍‌ക്കാറ്റുള്ളൂ. ആദ്യ രണ്ട് ഘടകങ്ങളും നമുക്ക് വഴങ്ങാത്തവയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ആരെയെങ്കിലും കുറിച്ച് നാലിത് പറയാന്‍ ആര്‍ക്കും കഴിയുമല്ലോയെന്നുള്ള ഒരു തോന്നലിലാണ് ഒന്നു പയറ്റി നോക്കാമെന്ന ആശയം മനസ്സിലുദിച്ചത്. ചില നിര്‍‌ദ്ദേശങ്ങള്‍ തന്ന് സഹായിച്ച സുഹ്രുത്ത് സീ പീ ഷഹീറിന് നന്നി രേഖപ്പെടുത്തട്ടെ. ഇതാ പൊതുജനസമക്ഷം സമർപ്പിച്ചു കൊള്ളുന്നു. വളമിട്ട് വളർത്തി വലുതാക്കിയാലും.

ഇവർ തല്ല് വാങ്ങുന്നതാർക്ക് വേണ്ടി?

സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തിന്റെ പേരിൽ കേരളമാകെ സമരം നടക്കുകയാൺ. എല്ലാ ജില്ല താലൂക്ക് ആസ്ഥാനങ്ങളിലും തലസ്ഥാനത്തും SFIക്കാർ ഓടി നടന്ന് തല്ല് വാങ്ങുന്നുണ്ട്.പാവപ്പെട്ട വിദ്യാർ‍ത്ഥികൾക്ക് വേണ്ടിയാണത്രേ ഈ മഹത്തായ ത്യാഗം! മെഡിക്കലും എഞ്ചിനീയറിങും ഇതിലുൾപ്പെടുമെങ്കിലും, കാശിന്റെയും, രക്ഷിതാക്കളുടെ തള്ളിക്കയറ്റത്തിന്റെയും ഒരിത് വെച്ചു നോക്കുംബ്ബൊഴും സഭാ, മാനേജ്മെന്റ് കച്ചവടക്കാരുടെ തത്രപ്പാട് കാണുംബ്ബൊഴും വ്യക്തമാകുന്നത് മെഢിക്കൽ സീറ്റുകൾക്കാൺ കാര്യമായ കടിപിടി എന്നതാൺ. ആദ്യം തല്ല് വാങ്ങയത് സ്വാശ്രയ വിഷയത്തിലാണെങ്കിലും ഇപ്പോൾ വാങ്ങിക്കോണ്ടിരിക്കുന്നത് ആദ്യം കിട്ടിയ തല്ലിന്റെ പ്രതിഷേധമായിട്ട്! കലികാലം!!


തല്ലുകൊണ്ട് കാര്യം നേടിയാലും അഞ്ച് വർ‍ഷത്തെ പഠനവും പിന്നെ സാമൂഹ്യസേവനവും കഴിഞ്ഞ് വന്നാൽ സ്വകാര്യപ്രാക്റ്റീസിന്റെ കാര്യവും പറഞ്ഞ് ഈ പാവപ്പെട്ട വിദ്യാർ‍ത്ഥികളെ (അവർ അപ്പോഴേക്കും വിദഗ്ദ വൈദ്യന്മാരാഴിക്കഴിഞ്ഞിരിക്കും) വഴിതടയാനും കല്ലെറിയാനും ഇതേ പാർട്ടിക്കാർ തന്നെ തെരുവിലിറങ്ങും! പിന്നെ തല്ലുകൊണ്ടത് മിച്ചം!!

കേരളത്തിലെ നിയമനിർമ്മാണ സഭയിൽ സിംഹഭൂരിപക്ഷത്തിൽ കഴിഞ്ഞ അഞ്ച് വർഷം നീണ്ട് നിവർന്ന് ഭരിച്ചിട്ടും ഈ സ്വാശ്രയപ്രശ്നത്തിൽ ശക്തമായ നിയമനിർമ്മാണം നടത്തി പ്രശ്നങ്ങൾക്ക് എന്നെന്നേക്കുമായി പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷം ഒന്നരമാസം പോലും പ്രായമില്ലാത്ത ഉമ്മൻ സർക്കാരിന്റെ മേക്കിട്ട് കേറുന്നതിന്റെ "കെമിസ്റ്റ്രി" മനസ്സിലാകാൻ ഇനി ചൈനയിൽ പോയി ഡോക്ടറേറ്റെടുക്കേണ്ടി വരുമോ!


അല്ലെങ്കിലും നാടാകെ നടന്ന് തല്ല് വാങ്ങുന്നതിൽ ഈ SFIക്കാർക്ക് എന്തോ ഒരു പ്രത്യേക വാശിയും നിർബ്ബന്ധബുദ്ദിയുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! പണ്ട് കരുണാകരൻ ഹയർ സെക്കണ്ടറി ബോർഡ് എന്ന പേരിൽ പ്രീ ഡിഗ്രി കോളെജിൽ നിന്നും വേർപെടുത്താൻ നിയമനിർമ്മാണം നടത്തിയെപ്പോൾ പഠിപ്പ്മുടക്കി തല്ല് വാങ്ങി. അങ്ങനെ കാര്യം മുടക്കി. തുടർന്ന് വന്ന നായനാർ സർക്കാർ ഹയർ സെക്കണ്ടറി ബോർഡ് വേറൊരു കുപ്പിയിലാക്കി പ്ലസ് ടൂ എന്നും പറഞ്ഞ് അവതരിപ്പിച്ചപ്പോൾ കുട്ടിസഖാക്കൾ ഇളിംഭ്യർ!തല്ലുകൊണ്ടത് മിച്ചം!!

ഈ ടീ മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അൺ എയ്ഡഡ് സ്കൂളുകൾ അനുവദിക്കുന്ന വിഷയത്തിൽ ഇക്കൂട്ടർ നടത്തിയ അക്രമസമരങ്ങളും വാങ്ങിക്കൂട്ടിയ തല്ലിന്റെ കണക്കും ചരിത്രമാൺ (അന്ന് എന്റെ ക്ളാസിൽ വന്ന് ഒരു SFI നേതാവ് പ്രസങ്ങിച്ചത് ഇപ്പോഴൊമോർക്കുന്നു- "അണേട" എന്ന ഒരു തരം സ്കൂളുകൾ കൊണ്ടു വരാൻ സർക്കാർ ശ്രമിക്കുന്നു, അതിനെതിരെ നാം സമരം ചെയ്യുകയാൺ. എല്ലാരും സഹകരിക്കണം). എന്നിട്ടോ, പീ ജേ ജോസഫ് തുടർന്ന് മന്റ്രിയായപ്പോൾ വാരിക്കോരിക്കൊടുത്തൂ അൺ എയ്ഡട് സ്കൂളുകളും പ്ളസ് ടുകളും.വീണ്ടും കുട്ടിസഖാക്കൾ ഇളിംഭ്യർ!തല്ലുകൊണ്ടത് മിച്ചം!!(പിന്നിട് ജോസഫ് തോറ്റതിന്നൊരു കാരണം ഇതാണത്രേ)

എല്ലാം മറക്കാം.... കൂത്തുപറബ്ബിൽ സ്വാശ്രയ വിഷയത്തിൽ എം വീ രാഘവനെ തടയാനെത്തിയ സഖാക്കളിൽ അഞ്ച് യുവാകൾ വെടികൊണ്ട് മരിച്ചു. ആ നിരപരാധികളെ കൊലക്ക് കൊടുത്ത പാർട്ടി നേത്രുത്വം ലക്ഷങ്ങളുമായി മക്കൾക്ക് സ്വാശ്രയസീറ്റിന്നായി "പൊരുതുംബ്ബോൾ" തലശ്ശേരി കണ്ണൂർ ദേശീയപാതയോരത്ത് സഖാക്കളുയർത്തിയ നിരവധി കൂത്തുപറംബ് സ്മ്രുതി മന്ദിരങ്ങളിൽ നിന്നും അഞ്ച് ചുവന്ന നക്ഷത്രങ്ങൾ തേങ്ങിക്കരയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ?