2011, ജൂലൈ 1, വെള്ളിയാഴ്‌ച

അങ്ങിനെ ഞാനുമൊരു ബ്ളോഗറായി... വായിക്കൂ, കമന്റൂ...

രണ്ടായിരത്തിപ്പതിനൊന്നാമാണ്ട് ജൂൺ മാസം മുപ്പതിൻ അർദ്ദരാത്രിയിലാണയത് സംഭവിച്ചത്. ഒരൊഴിവു ദിനത്തിന്റെ പകൽ മുഴുവൻ വിദ്യാർത്ഥിസഖാക്കൾ തല്ലുകൊണ്ടതും തുടർന്ന് നിയമസഭയിൽ ചോരയിൽ കുതിർന്ന കുപ്പായവുമേന്തി മൂത്ത സഖാക്കൾ ബഹളം വെച്ചതും കണ്ടപ്പോൾ മനസ്സിൽ മിന്നിയ ചില ഭൂതകാല സമരചരിത്രങ്ങൾ ആരോടെങ്കിലും പറയാൻ മുട്ടിയപ്പോൾ ചെയ്തു പോയതാണ്.

മലയാളം ടൈപ്പുകയെന്നത് ചില്ലറപ്പണിയൊന്നുമല്ല. എന്നാലും ബ്ളോഗില്ലാത്തവർക്ക് പ്രവേശനമില്ലാ എന്ന് ചായക്കടയിൽ ഒരു ബോർഡ് തൂങ്ങുന്ന കാലം അധിവിദൂരമൊന്നുമല്ല എന്ന തിരിച്ചറിവും ഒരു ബ്ളോഗില്ലാത്തതിന്റെ പേരിൽ മൗലികാവകശങ്ങൾ പോലും നിഷേധിക്കപ്പെട്ടേക്കുമോ ഭീതിയും ഈ കടുംകൈ ചെയ്യാനുള്ള തീരുമാനത്തിനാക്കം കൂട്ടി.

ഇനി സുഖമായുറങ്ങാം. മാസത്തിലൊരിക്കൽ ഒരു നേർച്ച പോലെ എന്തെങ്കിലുമൊക്കെ എഴുതിയിടണമെന്നാൺ പരിപാടി. തുടങ്ങിയേടത്തു തന്നെ ഒടുങ്ങിയ പല "സ്വപ്ന പദ്ദതി"കളെയും പോലെ ഇതും അകാലചരമമടയാതിരുന്നാൽ മതിയായിരുന്നു. ബ്ളോഗിന്റെ ജീവവായു കമന്റുകളാണെന്ന ജീവശാസ്ത്ര സത്യം എന്നെ ഭീതിപ്പെടുത്താതില്ല. എങ്കിലും അറ്റകൈക്ക് സ്വയം കമന്റി കുറച്ചുകാലം പിടിച്ച് നിൽക്കാമെന്നൊരു പ്രതീക്ഷയുണ്ട്.
ആരെങ്കിലും കമന്റിയാൽ അവരെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നതും അവരുടെ ബ്ളോഗ്ഗുകൾ എത്ര ചവറുകളായാലും മികച്ച കമന്റുകളിട്ട് പ്രത്യുപകാരം ചെയ്യുന്നതുമാൺ. ഇനി ബ്ളോഗില്ലാത്തവരുടെ ഫെയ്സ്ബുക്ക് ഫോട്ടോകൾ ലൈക്കിയും ഷെയർ ചെയ്തും കടം വീട്ടാം.

ചീരാമുളക് എന്ന പേർ കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്നതോ ഒരു നിമിത്തം പോലെ മനസ്സിൽ പെയ്തിറങ്ങിയതോ ഒന്നുമല്ല. നാട്ടിലെ ഒരുവിധപ്പെട്ട എല്ലാ ജന്തു, ജീവി, ദ്രവ്യ, സ്ഥലനാമങ്ങളും ടൈപ്പിപ്പരീക്ഷിച്ചതിൽ പിന്നെയാണ് ഇത്തിരിപ്പോന്നതെങ്കിലും ഏത് വല്യവനെയും പുകച്ചുനീറ്റിക്കാൻ പോന്ന ഈ പേർ തെരെഞ്ഞെടുത്തത്.ചങ്ങംബുഴ സ്റ്റൈല്‍ റൊമാന്‍സ്, ഭാഷാപോഷിണി നിലവാരത്തിലുള്ള കടിച്ചാല്‍ പൊട്ടാത്ത സാഹിത്യം, വീ കേ എന്നിനെപ്പോലും വെല്ലുന്ന വള്ളിക്കുന്നന്‍ മോഡല്‍ ആക്ഷേപഹാസ്യം എന്നിവയിലേതെങ്കിലുമൊന്നിനേ ബ്ലോഗ് ചന്തയില്‍ മാര്‍‌ക്കാറ്റുള്ളൂ. ആദ്യ രണ്ട് ഘടകങ്ങളും നമുക്ക് വഴങ്ങാത്തവയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ആരെയെങ്കിലും കുറിച്ച് നാലിത് പറയാന്‍ ആര്‍ക്കും കഴിയുമല്ലോയെന്നുള്ള ഒരു തോന്നലിലാണ് ഒന്നു പയറ്റി നോക്കാമെന്ന ആശയം മനസ്സിലുദിച്ചത്. ചില നിര്‍‌ദ്ദേശങ്ങള്‍ തന്ന് സഹായിച്ച സുഹ്രുത്ത് സീ പീ ഷഹീറിന് നന്നി രേഖപ്പെടുത്തട്ടെ. ഇതാ പൊതുജനസമക്ഷം സമർപ്പിച്ചു കൊള്ളുന്നു. വളമിട്ട് വളർത്തി വലുതാക്കിയാലും.

10 അഭിപ്രായങ്ങൾ:

 1. ബ്ലോഗ്കള്‍ കണ്ടു കണ്ടു ഏനിക്കും ഒരു ബ്ലോഗന്‍ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏന്നു ആഗ്രഹിച്ചിരുന്ന കാലം ....
  പിന്നെ എപ്പോളോ തിരിച്ചറിവ് വന്നു.... ഒരു ബ്ലോഗന്‍ ആകാനുള്ള വിവരമോ വിദ്യാഭ്യാസമോ എനിക്കില്ലെന്ന്...
  ഇപ്പോള്‍ ബ്ലോഗന്റെ ബ്ലോഗ്‌ കണ്ടപ്പോള്‍ എനിക്കെന്താണ് തോന്നുന്നത്.... അസൂയയോ അതോ സന്തോഷമോ..?????? അറിയില്ലാ......!!!!!!!!!!!!

  എനിക്ക് കഴിയാഞ്ഞത് ബ്ലോഗന്‍ ചെയുന്നത് കണ്ടപ്പോലുള്ള സന്തോഷമായി തന്നെ അതിനെ കണ്ടു കൊണ്ട്...... ആശംസിക്കുന്നു....... ബ്ലോഗാണ് എന്റെ ബുദ്ധി നിറഞ്ഞ ആശംസകള്‍......... ( കോര്‍പ്പറേറ്റ് ലോകത്ത് ഹൃദയം കൊണ്ടല്ല ബുദ്ധി കൊണ്ടാണ് ജീവികെണ്ടാതെന്ന പരമാര്‍ത്ഥം അറിയാവുന്നതുകൊണ്ടാണ് ഹൃദയം നിരക്കാതെ ബുദ്ധി നിറച്ചു ആശംസകള്‍ നേരുന്നത്........ മനസിലാക്കുക..)

  തപസ്യ

  മറുപടിഇല്ലാതാക്കൂ
 2. ആദ്യദിനം നോക്കിയിരിപ്പായിരുന്നു, ആരെങ്കിലും അഭിപ്രായങ്ങള്‍ പോസ്റ്റുന്നുണ്ടോ എന്നറിയാന്‍. തപസ്യക്കും പോസ്റ്റ് ചെയ്യാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്കും ആത്മാര്‍‌ത്ഥമായ നന്നി.

  മറുപടിഇല്ലാതാക്കൂ
 3. ബ്ലോഗ്‌ വായിച്ചു...... വേറിട്ട ഒരു ശൈലി ........ മനോഹരമായ വിവരണം ........ ഇട മുറിയാത്ത ഒഴുക്ക്.... പിന്നെ ..... പിന്നേ .........

  മനോഹരം.....
  ....ആരും കമന്റാത്തത് കൊണ്ട് വഴി മുട്ടില്ല്ലാ......

  പക്ഷേ നന്ദി പറയാന്‍ പാടില്ലാ.....

  മറുപടിഇല്ലാതാക്കൂ
 4. "ഗുഡ് ഓള്‍ഡ്‌ കാക്ക ഈസ്‌ ബാക്ക്, അറ്റ്‌ ഹിസ്‌ ബെസ്റ്റ്" ഇത് ജാട കാണിക്കാന്‍ പറഞ്ഞതല്ല, മലയാളത്തില്‍ ഇതെങ്ങനെ പറയും എന്ന് അറിയാന്‍ മേലാ, അതാ.
  കൊള്ളാം കാക്കേ ആരംഭം കലക്കി.
  പേരും.
  ഇങ്ങനെ ഒരു ഓമനപ്പേരുള്ള വിവരം എന്തെ നേരത്തെ അറിയാന്‍ കഴിഞ്ഞില്ല!!!!! അല്ലാ "കാന്താരി" തന്നെയല്ലേ ഈ സാധനം?

  ഈയുള്ളവനും രണ്ടു കൊല്ലം മുമ്പാണെന്നു തോന്നുന്നു ഒരു ബ്ലോഗന്‍ ആകാന്‍ ശ്രമിച്ചിരുന്നു. ആക്ഷേപഹാസ്യത്തില്‍ ഒരു കൈ നോക്കിയാരുന്നു തുടക്കം. സ്വന്തം കഥയെഴുതി തുടങ്ങിയകൊണ്ട് തല്ലുപേടിക്കാതെ എഴുതാന്‍ പറ്റി. വായിച്ചവരൊക്കെ തരക്കേടില്ലാന്നു പറയുകേം ചെയ്തു. പിന്നെയെന്തോ ഞാന്‍ ഒരു കതയില്ലത്തവന്‍ ആയതു കൊണ്ടോ മറ്റോ ഒരു ആശയ ദാരിദ്ര്യം ബാധിച്ചു. എഴുതാന്‍ പറ്റിയ ഒരു പാട് കൊച്ചു കൊച്ചു സംഭവങ്ങള്‍ എനിക്ക് ചുറ്റും നടക്കുന്നുണ്ട്. പക്ഷെ...... എന്തിനാ സ്വസ്ഥമായി ജീവിക്കുന്നവരുടെ കുടുംബം കലക്കുന്നെ എന്ന് കരുതി എല്ലാം ഞാന്‍ അങ്ങ് വിഴുങ്ങി. വെറുതെ എന്തിനാ മറ്റുള്ളവരുടെ ദുര്‍മുഖം കാണുന്നെ? അല്ലെങ്കി തന്നെ പേരുദോഷം ധാരാളമുണ്ട്. നാട്ടുകാരേം തെറ്റ് പറയാന്‍ പറ്റില്ല, കയ്യിലിരുപ്പു!!!!

  എഴുതുന്നതൊക്കെ കൊള്ളാം, സഖാക്കന്മാരുടെ തല്ലു വാങ്ങരുത്. അടുത്ത അഞ്ചു കൊല്ലത്തേക്ക് അവര്‍ക്ക് കൊടുക്കലും വാങ്ങലും ഒക്കെ തന്നെ ആയിരിക്കും പണി. ഹോ ഒരു മൂന്നു നിയോജക മണ്ഡലത്തിലെ സമ്മതിദായകര്‍കൂടി നല്ലബുദ്ധി കാണിച്ചിരുന്നെ ഒരു അഞ്ചു കൊല്ലം കൂടി നാട്ടാര്‍ക്ക് വല്യ ശല്യങ്ങളൊന്നും കൂടാതെ ജീവിക്കാമായിരുന്നു.

  അയ്യോ കമന്റി കമന്റി കാട് കയറി. എഴുത്ത് നിര്‍ത്തരുത്, നമ്മുടെ പൂര്‍വകാല സഹാസങ്ങളെകുറിച്ചൊക്കെ എഴുതൂ, എന്നെ വെറുതെ വിടണ്ട, എന്തും എഴുതാനുള്ള അനുവാദം തന്നിരിക്കുന്നു,
  കാരണം........???????? ഞാന്‍ ഇപ്പോഴും ബാച്ചിലര്‍ ആണ്.
  (permission void if I get engaged)
  ഹഹഹഹ

  മറുപടിഇല്ലാതാക്കൂ
 5. “ആരെങ്കിലും കമന്റിയാൽ അവരെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നതും അവരുടെ ബ്ളോഗ്ഗുകൾ എത്ര ചവറുകളായാലും മികച്ച കമന്റുകളിട്ട് പ്രത്യുപകാരം ചെയ്യുന്നതുമാണ്”
  കാന്താരി നേരത്തെ ആരോ പറിച്ചെടുത്തതിനാൽ കിട്ടിയുമില്ല അല്ലേ ?
  ഏതായാലും
  സ്വാഗതം.

  മറുപടിഇല്ലാതാക്കൂ
 6. @ missaK seenaH നിന്നെക്കുറിച്ച് മാത്രമല്ല, ഒരുപാടുണ്ട് മനസ്സിൽ. നാലും മൂന്നും ഏഴു കൊല്ലം അർമാദിച്ചതിന്റെ ഫുൾ റിപ്പോർട്ട്. ദൈവമേ ശക്തി തന്നാലും.

  മറുപടിഇല്ലാതാക്കൂ
 7. നല്ല തുടക്കം !ഇഷ്ട്ടപ്പെട്ടു.
  ചീരമുളക്കൊണ്ട് അരച്ച നല്ലൊരു ചമ്മന്തിയുണ്ടിവിടെ.
  http://enikkumblogo.blogspot.com/search/label/%E0%B4%9A%E0%B5%80%E0%B4%A8%E0%B4%AE%E0%B5%81%E0%B4%B3%E0%B4%95%E0%B5%8D%E2%80%8C.

  മറുപടിഇല്ലാതാക്കൂ
 8. ചീരാമുളക് കൊളസ്ട്രോള്‍ കുറയ്ക്കുമത്രെ...നോക്കാല്ലോ

  മറുപടിഇല്ലാതാക്കൂ