2011, നവംബർ 20, ഞായറാഴ്‌ച

വാഗണ്‍ ട്രാജഡിയുടെ കറുത്ത ഓര്‍മ്മകള്‍ക്ക് തൊണ്ണൂറ് വയസ്സ്

ഇന്ന്, നവം‌ബര്‍ ഇരുപത്- വാഗണ്‍ ട്രാജഡിയുടെ കറുത്ത ഓര്‍മ്മകള്‍ക്ക് തൊണ്ണൂറ് വയസ്സ് തികയുന്നു. ചരിത്രത്തിന്റെ അവഗണനയുടെ തൊണ്ണൂറ് വര്‍ഷങ്ങള്‍. ലോകസുന്ദരിയുടെ കന്നിപ്പേറും മദ്യനയത്തിലെ മായവും കള്ളുരാജാവിന്റെ വിമാനക്കടവുമൊക്കെ പ്രധാനവാര്‍ത്തയായപ്പോൾ‍ കുറേ ധീരദേശാഭിമാനികളെ നാം സൗകര്യപൂര്‍‌വ്വം മറന്നുകളഞ്ഞു. പലര്‍ക്കും അവരെ അറിയില്ല തന്നെ!  ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹത്തായ ചരിത്രസംഭവമായ മലബാര്‍ സമരങ്ങളെ പലപ്പോഴും മാപ്പിളലഹളയും മലബാര്‍കലാപവുമൊക്കെയാക്കി നമ്മുടെ ചരിത്രകാരന്മാര്‍ എന്നേ മൂലയിലൊതുക്കിക്കളഞ്ഞിട്ടുണ്ട്. മലപ്പുറത്തെ ചില സംഘടനകളോ ഏതാനു ചില രാഷ്ട്രീയക്കാരോ ഒരു സ്മരണപുതുക്കല്‍ നടത്തുന്നതൊഴിച്ചാല്‍ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തമസ്കരിച്ചു കളഞ്ഞിരിക്കുന്നൂ ധീരരായ ആ രാജ്യസ്നേഹികളെ ആദരിക്കേണ്ടതിനെ ആവശ്യകത.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ് മലബാറിലെ സമരചരിത്രം. തിരൂരങ്ങാടി ആസ്ഥാനമാക്കി ആലി മുസ്ല്യാരും വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയും ബ്രിട്ടീഷ് രാജിനെതിരെ സമാന്തര ഭരണം സ്ഥാപിച്ചുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെ വെല്ലുവിളിച്ചപ്പോള്‍  "മലബാറിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചിരിക്കുന്നു" എന്ന് ഇന്ത്യ സ്വതന്ത്രമാവുന്നതിന്റെ ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അച്ചു നിരത്തി. തിരൂരങ്ങാടിയും മാപ്പിളമാരുടെ സമരവീര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരേ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു.


1921ലെ മലബാര്‍ സമരങ്ങളുടെയും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പടയോട്ടത്തിന്റെയും ഫലമായി ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ സമരക്കാര്‍ക്കെതിരില്‍ ബ്രിട്ടീഷ് അധികാരികള്‍ എണ്ണമറ്റ കേസുകള്‍ ചുമത്തി. മലബാറ് സമരക്കാരെ ശിക്ഷിക്കാനായി പ്രത്യേകം നിയുക്തമായ പട്ടാളക്കോടതി, തോന്നിയപോലെ കിട്ടിയവരെയൊക്കെപ്പിടിച്ച് ശിക്ഷ വിധിച്ചു. നീതിയോ ന്യായമോ നടപ്പാക്കുകയായിരുന്നില്ല ഈ ഏകാധിപത്യകോടതിയുടെ ലക്ഷ്യം. മലബാറിലെ സമരക്കാരുടെ വീര്യം കെടുത്തുകയും അവരെ ക്രൂരമായി അടിച്ചമര്‍ത്തുകയും മാത്രമായിരുന്നു  ഇല്ലാത്ത കേസുകളിലെ വല്ലാത്ത വിധികള്‍ കൊണ്ടുദ്ദേശം. നാട്ടിലുള്ള മിക്ക പുരുഷന്മാരും പല കേസുകളിലായി ശിക്ഷിക്കപ്പെട്ടു. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു. അങ്ങിനെയാണ് ബാക്കി വന്ന തടവുകാരെ ബെല്ലാരി ജയിലിലേക്ക് അയക്കാന്‍ തീരുമാനമായത് (പോത്തന്നൂരിലേക്ക് എന്നും ചരിത്രത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്).

വാതിലുള്ള തീവണ്‍ടി ബോഗികളില്‍ നിന്നും പോരാളികളായ മാപ്പിളമാര്‍ ചാടിപ്പോകുമെന്ന ന്യായം പറഞ്ഞ്, പട്ടാളഓഫീസര്‍മാര്‍ അടച്ചുപൂട്ടിയാല്‍ വായുപോലും കടക്കാത്ത ഇരുട്ടറകളായി മാറുന്ന ചരക്കു വണ്ടികള്‍ ഏര്‍പ്പാടാക്കി. തുല്യതയില്ലാത്ത ക്രൂരകൃത്യങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഓഫീസര്,‍ ഹിച്ച്കോക്കിന്റെ നേതൃത്വത്തിൽ‍ ചരക്കുവണ്‍റ്റിയുടെ നോട്ടക്കാരന്‍ ആപ്പീസറായിരുന്ന കാവുണ്ണിനായരും ബ്രിട്ടീഷ്സര്‍ക്കാറിന്റെ വേതനം പറ്റുന്ന, മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള ഇന്ത്യന്‍ പോലീസുകാരും തിരൂരിലെത്തിയ തടവുകാരെ ചരക്കു വാഗണില്‍ കുത്തിനിറച്ചു. തിരൂര് മുതല്‍ പോത്തന്നൂര്‍ വരെയുള്ള നീണ്ട ഒന്‍പത് മണിക്കൂറ് വായുപോലും കടക്കാത്ത ചരക്കുവണ്‍റ്റിയില്‍ കുത്തിനിറക്കപ്പെട്ട സമരക്കാര്‍ ശ്വാസം കിട്ടാതെ, പ്രാണനുവേണ്ടി യാചിച്ച് ജീവജലത്തിനായി ദാഹിച്ച് അവസാനം സ്വന്തം വിസര്‍ജ്ജ്യം തന്നെ കുടിച്ച് മരണവെപ്രാളത്തില്‍ പരസ്പരം കടിച്ചുകീറി മരണം വരിച്ചു. ബോഗിയുടെ ഇളകിക്കിടന്ന ആണിയുടെ ദ്വാരങ്ങളില്‍ കൂടി പ്രാണവായു കണ്‍ടെത്തിയ ചിലര്‍ മാത്രം ജീവഛവങ്ങളായി അവശേഷിച്ചു. നൂറു പേരില്‍  അറുപത്തിനാല് പേരാണ് കൊല്ലപ്പെട്ടത്. അറുപത് മുസ്ലീംകളും നാല് ഹിന്ദുക്കളും. (വാഗണില്‍ കയറ്റിയ സമരക്കാരുടെ എണ്ണത്തിലും, പിന്നീട് മരിച്ച സമരക്കാരുടെ എണ്ണത്തിലുമൊക്കെ ചെറിയ ഭിന്നാഭിപ്രായങ്ങളുണ്ട്).

ബ്രിട്ടീഷ് കുഴലൂത്ത് മാധ്യമങ്ങള്‍ കുറ്റവാളികള്‍ മരണപ്പെട്ട, ഒരു സാധാരണസംഭമെന്ന് നിസ്സാരവല്‍ക്കരിച്ചെങ്കിലും സംഭവത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സായിപ്പിന്റെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരായി. പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കിനെയും സംഭവത്തിന് ഉത്തരവാദികളായ പട്ടാളമേധാവികളെയും രക്ഷപ്പെടുത്തികൊണ്ട് വാഗണ്‍ നിര്‍മ്മിച്ച കമ്പനിയെയും ഒരു സധാരണ പോലീസുദ്യോഗസ്ഥനെയും പ്രതിയാക്കി കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചു!! പടിഞ്ഞാറു നിന്നും കയറ്റി അയക്കുന്ന നീതിയുടെ സ്വാഭാവിക രൂപം അന്നുമിന്നും അങ്ങിനെത്തന്നെയാണല്ലോ?
പക്ഷേ, ഭാരതചരിത്രത്തിലും കേരളചരിത്രത്തിലും വാഗണ്‍ ട്രാജഡിയെക്കുറിച്ച പ്രസ്താവിക്കപ്പെട്ട നിരവധി ചരിത്രരേഖകളിലും പുസ്തകങ്ങളില്‍ പോലും തടവുകാരെ കുറ്റവാളികളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ അവര്‍ വഹിച്ച പങ്ക് തമസ്കരിക്കുകയുമാണ് ചെയ്തത്.

വിദേശാധിപത്യത്തോട് ഒരിക്കലും രാജിയാവാന്‍ സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാരുടെ രേഖപ്പെടുത്താതെ പോയ ദേശസ്നേഹം,  ഇന്നത്തെ തലമുറക്കൊരു പാഠം മാത്രമല്ല ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

വാഗണ്‍ ട്രാജഡിയെക്കുറിച്ച് മനോഹരമായ ഒരു ലേഖനമടങ്ങിയ വെബ്സൈറ്റ് ഇവിടെക്കാണാം.

ധീര രക്തസാക്ഷികളുടെ പേരു വിവരങ്ങൾ

കടപ്പാട്: ചിത്രം ഗൂഗ്ഗിളില്‍ നിന്നും

2011, നവംബർ 5, ശനിയാഴ്‌ച

സദ്ദാമിന്റെ "ബലി"പെരുന്നാള്‍ മധുരവും അലിയുടെ കണ്ണീരും

പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് മുറിയിലേക്ക് കേറുമ്പോഴാണാ വാര്‍ത്ത കേട്ടത്- സദ്ദാമിനെ തൂക്കിലേറ്റിയിരിക്കുന്നു.

"അൽഹംദുലില്ലാഹ്- ദൈവത്തിന് സ്തുതി" യാന്ത്രികമായിരുന്നു ആ പറച്ചിൽ, അതും അല്പ്പം ഉറക്കെ!

കയ്യുയർത്തിക്കൊണ്ടൊരാൾ, ഒച്ചവെച്ചുകൊണ്ട് മറ്റു മൂന്ന് സഹമുറിയന്മാര്‍. ഒരു നിമിഷം കൊണ്ട് ഞാന്‍ അമേരിക്കന്‍ ചാരനായി മാറി. എനിക്ക് പ്രതിരോധിക്കാന്‍ കഴിയുന്നില്ല. നല്ല ഒരു ബലിപെരുന്നാള്‍ ദിനം കൂട്ടുകാരുടെ ദേഷ്യത്തിനും ശാപത്തിനും അവസരമൊരുക്കി, മധുരമുള്ള പായസം നുണഞ്ഞുകൊണ്ട് ഞാനിരുന്നു. മനസ്സില്‍ സന്തോഷം അല തല്ലുന്നു. ടീ വീയില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ സദ്ദാമിന്റെ മരണം മുതലാളിത്തത്തിന്നെതിരെയുള്ള പോരാട്ടത്തിന്റെ ധീരമായ അന്ത്യമായി ചിത്രീകരിച്ച് വായിട്ടലക്കുന്നു. നാട്ടില്‍ നിന്നും വാപ്പയുടെ ഈദാശംസാഫോൺകോൾ‍. അതിലും സദ്ദാമിന്റെ മരണത്തില്‍ കേരളത്തിന്റെ വേദന! ഞാന്‍ സന്തോഷത്തിലാണെന്നറിഞ്ഞപ്പോള്‍ വാപ്പക്ക് ഞെട്ടല്‍.

മേല്‍ക്കൂരയോളം ഉയരത്തില്‍ അട്ടിവെച്ച കാര്‍ട്ടണ്‍ ബോക്സുകളില്‍ ചാരി നിന്നുകൊണ്ട് അലി ജാബിർ തേങ്ങിക്കരയുകയാണ്. ഇടതുകൈയ്യില്‍ മുറുകെപ്പിടിച്ച മൊബൈലില്‍ ഇനിയും തീര്‍ന്നിട്ടില്ലാത്ത ഫോണ്‍കോളില്‍ അങ്ങേത്തലക്കല്‍ നിന്നും അവ്യക്തമായ ശബ്ദമുയരുന്നു.

ഈ ആഴ്ചയിലിത് മൂന്നാം തവണയാണ് അലിയുടെ ഫോണില്‍ തിക്രീതില്‍ നിന്നും കര്‍ബലയില്‍ നിന്നുമുള്ള ദുരന്തവാര്‍ത്തകള്‍ വരുന്നത്. ഇമാം അലിയെന്ന് ശിയാക്കൾ വിളിക്കുന്ന ഖലീഫ അലിയുടെ (റ) ഖബറിടം സന്ദര്‍ശിക്കാന്‍ പോയ ഒരു വാഹനത്തില്‍ പതിച്ച ബോംബില്‍ അലിക്ക് നഷ്ടപ്പെട്ടത് അനന്തിരവനും മൂന്ന് അടുത്ത ബന്ധുക്കളുമാണ്. അനന്തിരവന്‍ ആലാന്‍ അലിയുടെ പ്രിയപ്പെട്ടവനായിരുന്നു. അവനെ ഷാര്‍ജയിലെ ഒരു യൂണിവേര്‍സിറ്റിയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ടൊക്കെ അവസാനഘട്ടത്തിലെത്തിയതാണ്.

അലീ, നീ കരയുകയാണോ?
അയാളെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ  ഞാന്‍ നിന്നു.

"ഇത് വിധിയാണ്. ദൈവത്തിന് സ്തുതി. അവന്റെ ഒരു നല്ല കാര്യത്തിനുള്ള യാത്രയാണ് ദൈവം വഴിതിരിച്ച് സ്വര്‍ഗ്ഗത്തിലേക്ക് വിട്ടത്. ആലാന്‍ ഭാഗ്യ‌വാനാണ്, ഇനി നടക്കാനിരിക്കുന്ന പേക്കൂത്തുകളും ചോരക്കളികളും അവന്‍ കാണേണ്ടല്ലോ. അവന്‍ മാത്രമാണെന്നെ കരയിച്ചത്. അവന്‍ മാത്രം. ഈ കൈകളിലാണവന്‍ വളര്‍ന്നത്".
അലി ഇരു കൈകളും മുന്നോട്ട് നീട്ടി തൊണ്ടയിടറിക്കൊണ്ട് വീണ്ടുമെന്തൊക്കെയോ പറഞ്ഞു, അതിനിടെ അലി ഹുസ്സൈന്‍ അങ്ങോട്ടെത്തിയപ്പോള്‍ അലിയുടെ സംസാരം അറബിയിലായി.

ഞാനാദ്യമായി പരിചയപ്പെട്ട ഇറാഖികളില്‍ നാല് അലിമാരുണ്ടായിരുന്നു. നാലും ഷിയാവിശ്വാസികള്‍. അവരിൽ ഏറ്റവും പ്രായമുള്ളവൻ നാൽപ്പതുകാരനായ, ഞങ്ങളുടെ സ്റ്റോർ മാനേജർ അലിജാബിറാണ്. അവന്‍ ഉന്നത ഇറാഖീ കുടുംബത്തിലാണ് ജനിച്ചത്. ഇസ്ലാമിക് ദ-അവാ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് അലിയുടെ ഭിഷഗ്വരനായ പിതാവ്. അദ്ദേഹത്തെ ഒരു സുപ്രഭാതത്തില്‍ സദ്ദാമിന്റെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി. നജഫിലെ ക്ലിനിക്കും വില്ലയും മറ്റ് ആസ്തികളും സദ്ദാം കണ്‍റ്റുകെട്ടി. കൊല്ലപ്പെട്ടോ അതോ തടവിലോ എന്നറിയില്ല. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വീട്ടില്‍ വന്നുകയറി. അന്ന് അലി ജാബിര്‍ ഇറാന്‍ അതിര്‍ത്തിയിലെ മുന്നണിപ്പോരാളികളുടെ കൂടെ കബന്ന്ധങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാരുന്നു. സൈനികസേവനം നിര്‍ബ്ബന്ന്ധ്മായിരുന്ന സദ്ദാമിന്റെ ഇറാഖില്‍ ഷിയാവിശ്വാസികളെ മുന്നളിപ്പോരാളികളാക്കി വെച്ചു. ഏതൊരു പോരാട്ടത്തിലും ഷിയാപട്ടാളക്കാര്‍ കൊല്ലപ്പെട്ടു. സദ്ദാം പിടിയിലായ ദിവസം അലിജാബിറിന്റെ പിതാവ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഞങ്ങള്‍ ടീ വിയില്‍ കണ്ടു. പിന്നീട് ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഇബ്രാഹീം ജ‌അ‌ഫരിയുടെ അനന്തിരവളെയാണ് അലി ജാബിര്‍ കല്യാണം കഴിച്ചത്. അലിയുടെ ഒരു സഹോദരിയും സഹോദരനും സദ്ദാമിനുശേഷമുള്ള ആദ്യ മന്ത്രിസഭയിൽ എം.പിമാരായിരുന്നു. അലിയുടെ കുടുംബത്തിലെ പലരും സദ്ദാമിനെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു. അവരെല്ലാം പല യൂറൊപ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയയിലും ക്യാനഡയിലുമൊക്കെ ദീര്‍ഘകാലമായി താമസിക്കുന്നു. അവരെ ഇറാഖുമായി ബന്ധിപ്പിക്കുന്നത് അലിയാണ്. അവന്റെ ദുബൈ അക്കൗണ്ട് വഴിയാണ് അവരുടെ കുടുംബങ്ങള്‍ക്കുള്ള പണം അയക്കുന്നത്.

ഇറാഖികളില്‍ ഭൂരിഭാഗവും സദ്ദാമിനെയും മക്കളെയും വെറുത്തു. സദ്ദാമിന്റെ തോക്കിനെ ഭയക്കാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല, ഏറ്റവും അടുത്ത അനുയായികളും വിശ്വസ്തരും വരേ ഭയത്തില്‍ തീര്‍ത്ത മെത്തകളിലാണ് അന്തിയുറങ്ങിയത്.

എന്തിനേറെ, സദ്ദാമിന്റെ മക്കളും സദ്ദാമും തന്നെ പരസ്പരം ഭയത്തോടെയും സംശയത്തോടെയും നോക്കിക്കണ്ടു. ഒരു അന്തിവിരുന്നിനിടെ തന്റെ ഏറ്റവും അടുത്ത വിശ്വസ്തനെ കത്തിക്കിരയാക്കിയ മൂത്തമകന്‍ ഉദയിനെ സദ്ദാം പേടിയോടെത്തെന്നെയാണ് നിരീക്ഷിച്ചിരുന്നത്. സ്വയം "ചെന്നായ" എന്നു വിശേഷിപ്പിച്ച ഉദയ് ഇറാഖിലെ കായികതാരങ്ങളുടെ പേടിസ്വപ്നമായിരുന്നു. തോല്‍‌വി ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ഉദയ് കായികതാരങ്ങളെ വിവരിക്കാനറക്കും വിധം പീഡിപ്പിച്ചു. തോറ്റവരുടെ തല മുണ്ഡനം ചെയ്തു, തലകീഴായ് തൂക്കിയിട്ട് പീഡിപ്പിച്ചു, വെള്ളത്തില്‍ മുക്കിപ്പിടിച്ചു. ഇറാഖിലെ ഓരോ പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഉദയിനെ ഭയന്നു. ഏത് നിമിഷവും തങ്ങളുടെ വീട്ടില്‍ എത്തിയേക്കാവുന്ന, മേലാവില്‍ നിന്നുള്ള ഒരു കല്പ്പന അവരുടെ ഉറക്കം കെടുത്തി. അധ്യയനത്തിനായി പോയ പലപെണ്‍കുട്ടികളുടെയും പിച്ചിച്ചീന്തപ്പെട്ട ശരീരം തെരുവില്‍ ചലനമറ്റു കിടന്നു. സദ്ദാമിന്റെ അധികാരത്തണലില്‍ ഉദയ് രാജ്യത്തെ തന്നിഷ്ടം ഭോഗിച്ചു. തനിക്കിഷ്ടമുള്ളതെല്ലാം അയാള്‍ നേടി, പലര്‍ക്കും ഒരിക്കലും തിരിച്ചു കിട്ടാത്ത പലതും നഷ്ടമായി.സദ്ദാമിനും മക്കള്‍ക്കുമെല്ലാം ഒരു പിടി അപരന്മാരുണ്ടായിരുന്നു. ലോകം വിറപ്പിക്കാന്‍ നടന്നവര്‍ സ്വന്തം കൊട്ടാരത്തില്‍ പോലും ഭയന്നു കൊണ്ട് തന്നെയാണ് നടന്നിരുന്നത്. ഇരുട്ടില്‍ നിന്നും പാഞ്ഞുവരുന്ന ഒരു വെടിയുണ്ടയെ, ഏതൊരു കോണില്‍ നിന്നും നീളാവുന്ന ഒരു കൊലക്കത്തിയെ അവര്‍ ഭയപ്പെട്ടു.

രണ്ടാമത്തെ മകന്‍ ഖുസയ് നിശബ്ദനായ കൊലയാളിയെന്ന് അറിയപ്പെട്ടു. ശിയാ വിഭാഗക്കാര്‍ ഖുസയെ ഭീതിയോടെയാണ് കണ്‍ടത്. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ ഖുസയ് എതിരാളികളെ കൊന്നുതള്ളി.
സദ്ദാമിന്റെ മൂന്ന് പെണ്‍‌മക്കൾ അയല്‍‌രാജ്യമായ ജോര്‍ദ്ദാനില്‍ അഭയം തേടി. ഒരാളുടെ ഭര്‍ത്താവിനെയും അയാളുടെ കുടുമ്പത്തെ വേരോടെയും സദ്ദാം ചതിയിൽ കൊന്നൊടുക്കി.  അനിഷ്ടങ്ങളെ സദ്ദാം വെച്ചു പൊറുപ്പിച്ചില്ല. ഒരു വെടിയുണ്ട പായുന്ന സമയം കൊണ്ട് സദ്ദാമിന്റെ എല്ലാ ഇഷ്ടക്കേടുകളെയും അയാൾ ഇല്ലാതാക്കി.

ലോകം സാങ്കേതികവിപ്ലവത്തിന്റെ ആരവം കേട്ടുതുടങ്ങിയ എണ്‍പതുകളുടെ തുടക്കത്തില്‍ ഇറാനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും ഇറാഖ് ഒരു വികസിത രാജ്യമായിരുന്നു. മികച്ച റോഡുകള്‍, ജലസേചനസംവിധാനം, നല്ല സ്കൂളുകളും ഉന്നതവിദ്യാഭ്യാസ സം‌വിധാനവും ചികിത്സാ സൗകര്യങ്ങളും. ദേശസാതക്കരിക്കപ്പെട്ട എണ്ണമ്പത്ത് ഇറാഖിനെ സാമ്പത്തികമായി മുന്നോട്ട് നയിച്ചു. ഈ സമ്പന്നതക്ക് പിന്നിലും രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ശിയാക്കളെ അടിച്ചമര്‍ത്തിയും എണ്ണസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന വടക്കന്‍ മേഖലയിലെ ഖുര്‍ദുകളെ കൊന്നൊടുക്കിയും അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന മറ്റ് വംശങ്ങളെ പേടിപ്പിച്ച് നിര്‍ത്തിയുമാണ് സദ്ദാം തന്ന്റെ താത്പര്യങ്ങള്‍ സം‌രക്ഷിച്ചത്.

അറേബ്യയുടെ അനിഷേധ്യ നേതാവാകാനുള്ള പടപ്പുറപ്പാടിൽ ഇറാനുമായി അനാവശ്യ യുദ്ധത്തിലേർപ്പെട്ടും, കുവൈത്തിനെ ആക്രമിച്ചുകൊണ്ട് അറബിലോകത്ത് ഭീതിവിതച്ചും സദ്ദാം തന്റെ രാജ്യത്തെ നിലക്കാത്ത വെടിയൊച്ചകളുടെ ചോരക്കളമാക്കിത്തീർത്തു. സമ്പന്ന ഇറാഖിനെ പട്ടിണി വിഴുങ്ങിത്തുടങ്ങി. സദ്ദാമിനെയും മക്കളെയും ചോരക്കൊതിയന്മാരായ അനുചരന്മാരെയും മാത്രമല്ല, ശത്രുരാജ്യത്തിന്റെ ബോംബർ വിമാനക്കളെക്കൂടി ഭയക്കേണ്ട ഭീതിതമായ അവസ്ഥ ജനങ്ങൾക്ക് സമ്മാനിക്കപ്പെട്ടു.
സദ്ദാം അമേരിക്കന്‍ പട്ടാളത്തിന്റെ പിടിയിലായ ദിവസം കമ്പനിയിലെ ഇറാഖി ഡ്രൈവര്‍ ജമാല്‍ ഞങ്ങള്‍ക്കെല്ലാം ലഡ്ഡു വിതരണം ചെയ്തു സന്തോഷം പങ്കുവെച്ചു. അവന്റെ മുറി നിറയെ ജോര്‍ജ്ജ് ബുഷിന്റെ പടങ്ങളാണ്. റെഫ്രിജെറെറ്ററിന്റെ വാതിലില്‍ വരേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുന്നി-ഷിയാ വ്യത്യാസമില്ലാതെ ഇറാഖികൾ ആഹ്ലാദിച്ചു. ലക്ഷക്കണക്കിന് അലിമാർ സന്തോഷത്തിന്റെ കണ്ണീർ വാർത്തു.പൊട്ടിക്കരഞ്ഞ ഇറാഖികളും ഉണ്ടാവാം.
കേരളം സദ്ദാമിനൊപ്പമായിരുന്നു. സദ്ദാമിന്റെ പേരില്‍ റസ്റ്റോറന്റുകളും ബസ്‌സ്റ്റോപ്പുകളുമുയര്‍ന്നു. നമുക്ക്, സദ്ദാം പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു. പ്രതീക്ഷയുടെ തിരിനാളമായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നതിലപ്പുറം പടിഞ്ഞാറിന്റെ ഹുങ്കിനെ വെല്ലുവിളിക്കുന്ന എന്തിനെയും നമ്മള്‍ മനസ്സാവരിച്ചു.

മാധ്യമങ്ങള്‍ സ്റ്ഷ്ടിച്ചുവിട്ട സദ്ദാമെന്ന പോരാളിയുടെ പ്രതിരൂപമായിരുന്നു കേരളമനസ്സിലെങ്കില്‍ സ്വന്തം ജീവിതത്തില്‍ സദ്ദാമിന്റെ ചെയ്തികള്‍ പ്രതിഫലനം തീര്‍ത്ത ഒരുപറ്റം ഇറാഖികളുടെ പ്രത്യാശവറ്റിയ കണ്ണുകളില്‍ നിന്നും വായിച്ചെടുത്ത സദ്ദാമിന്റെ ക്രൂരമുഖമായിരുന്നു എന്റെ മനസ്സില്‍. ഞാനുമയാളെ വെറുത്തിരുന്നു. അയാളുടെ ഭരണത്തിന്റെ അന്ത്യമാഗ്രഹിച്ചിരുന്നു. സദ്ദാമിനു ശേഷമെന്തെന്ന് ഇറാഖികള്‍ ചിന്തിച്ചിരിക്കാം, ഞാനൊരിക്കലും അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

ആഗ്രഹിച്ചിരുന്നതെങ്കിലും, ആ അന്ത്യം ഒരാഘോഷദിവസത്തെ മലിനപ്പെടുത്തിയതുപോലെയാണ് തോന്നിയത്. അതായിരുന്നിരിക്കാം ചിലപ്പോൾ അമേരിക്കയുടെ അജണ്ടയും.

സ്വാതന്ത്ര്യമാഗ്രഹിച്ചിരുന്ന, അതിന്നായി വർഷങ്ങളായി ദാഹിച്ചിരുന്ന ബഹുഭൂരിപക്ഷം ഇറാഖികൾക്കും സദ്ദാമിന്റെ മരണം സ്വാതന്ത്ര്യം നൽകിയോ? ഇല്ലെന്ന് തന്നെയാണെനിക്ക് തോന്നുന്നത്. ബസ്രയിലെയും ബാഗ്ദാദിലെയും തെരുവീഥികളില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ പിച്ചിച്ചീന്തുന്ന ഇറാഖീ പെണ്‍കുട്ടികള്‍ക്ക് അരാണ് സ്വാതന്ത്യം കൊടുക്കുക എന്ന ചോദ്യം ഇനിയും ബാക്കിനില്‍‌ക്കുന്നു.

ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!

നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ സമയബന്ധിതമായ പദ്ധതി എന്നേ തയ്യാറാക്കി വെച്ചിട്ടാണ് ഈ നാട്ടില്‍ കാലുകുത്തിയതു തന്നെ. റോഡിലേക്ക് തുറക്കുന്ന ജനാലവിരികള്‍ മാറ്റിയാല്‍ പുറത്തെ കാഴ്ചകള്‍ കാണാം. സമയം ആറായെങ്കിലും വെളിച്ചം വീണിട്ടില്ല. റോഡ് നനഞ്ഞു കിടക്കുന്നു. നിര്‍ത്തിയിട്ട കാറുകളെ മഞ്ഞ് മൂടിക്കളഞ്ഞിരിക്കുന്നു. അങ്ങകലെയുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും രാത്രിയിലെ മഞ്ഞ് വീണു വെള്ള പുതച്ചുറങ്ങുകയാണ്. തണുപ്പുകാലം മുന്നില്‍കണ്ട് ഇലപൊഴിച്ച മരങ്ങളുടെ ചില്ലകളിലും മഞ്ഞുകണങ്ങള്‍ വീണുകിടന്ന് വിശ്രമിക്കുന്നു. ജീവിതത്തിലിതുവരേ കണ്ടിട്ടില്ലാത്ത കാഴ്ച! പ്രഭാതകൃത്യങ്ങൾ‍ കഴിഞ്ഞ് ഓടി പുറത്തിറങ്ങി കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തി.ചൂടുവെള്ളത്തിലെ കുളി കഴിഞ്ഞ്  പ്രഭാതഭക്ഷണവും കഴിച്ച്  യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒരു ഷോള്‍ഡര്‍ ബാഗ് നിറയേ സാധനങ്ങളടുക്കി വെച്ചു. കാര്യമായുള്ളത് രണ്ട് വലിയ കുപ്പി നിറയേ വെള്ളം. കുടിക്കാനുദ്ദേശിച്ചല്ല, അഥവാ രണ്ടിന് പോകേണ്ടതായി വന്നാൽ യൂറോപ്പിൽ മിക്കയിടങ്ങളിലും കടലാസ് മാത്രമേ കിട്ടുകയുള്ളൂ. വെള്ളമുള്ള കകൂസുകൾ കാണാൻ കിട്ടില്ല. ഒരു കരുതൽ നല്ലതാണല്ലോ? രണ്ട് കുപ്പി വെള്ളം കുറവാണെങ്കിലും സംതിങ്ങ് ഇസ് ബെറ്റർ ദാൻ നത്തിംഗ് എന്നല്ലേ? പിന്നെ രണ്ട് മൂന്ന് ആപ്പിൾ, കുറച്ച് ചോക്ലേറ്റ്, ക്യാമറ, മൊബൈൽ ഫോണിനുള്ള സോളാർ ചാർജർ, തണുപ്പുള്ള കാലാവസ്ഥയിൽ ബാറ്ററി പെട്ടെന്ന് തീർന്നു പോവും, കുന്നിൻ മുകളിലോ കാട്ടിലോ, യാത്രക്കിടയിലോ ഇനി നഗരങ്ങളിൽ തന്നെയായിരുന്നാലും ബുദ്ധിമുട്ടില്ലാതെ ചാർജ് ചെയ്യാൻ ഈ സാധനം എന്നെ പലതവണ സഹായിച്ചിട്ടുണ്ട്. പിന്നെ ഒരു കോംബസ്സ്, നമസ്കാരത്തിന് വിരിക്കുന്ന മുസല്ല എന്ന കാർപെറ്റ്. ഒരു ചെറിയ ഷോൾഡർ ബാഗ് നിറയാൻ പിന്നെന്തു വേണം?

സ്യൂറിക്കില്‍ (Zurich) നിന്നും ഒരു മണിക്കൂർ തീവണ്ടിയാത്ര ചെയ്തുവേണം ലൂസേൺ‍ (Lucerne) എന്ന മനോഹരമായ ചെറുപട്ടണത്തിലെത്താന്‍. അവിടെ നിന്നും ക്രീന്‍ (Kriens). പിന്നെ കേബിള്‍കാറില്‍ മലകയറ്റം. ഒരു മുഴുവന്‍ ദിവസപരിപാടിയാണ് മനസ്സില്‍. ലുസേണിലേക്കുള്ള തീവണ്ടിയാത്ര തന്നെ ഒരു വലിയ അനുഭവമാണ്. അത് പറയുന്നത് പിന്നീടാകാം. ലോകത്തിന്റെ മുഴുവന്‍ പ്രകൃതി സൗന്ദര്യവും സ്വിറ്റ്സര്‍ലാന്റിലാണോ സമ്മേളിച്ചതെന്ന് തോന്നിപ്പോകുമാറുള്ള കാഴ്ചകളാണിരുവശവും.

ലൂസേൺ റെയിൽവേ സ്റ്റേഷനു പുറത്തു നിന്നും കയറിയ ബസ്സ് "ക്രീൻ" എന്ന പട്ടണപ്രാന്തപ്രദേശത്ത് എന്നെ തനിച്ചാക്കി മുന്നോട്ട് കുതിച്ചു. കയ്യിലെ മേപ്പ് (Map) തുറന്ന് ആൽപ്പ്സ് പർവ്വത നിരകളിലെ പിലാത്തസ് കുന്നിനു മുകളിലേക്കുള്ള കേബിൾ കാർ കിട്ടുന്ന സ്ഥലം തപ്പുകയായി. കട്ടിയുള്ള തുണികൊണ്ടുള്ള കയ്യുറ കാരണം ഭൂപടം നിവർത്താൻതന്നെ നന്നേ പ്രയാസപ്പെട്ടു. അൽപ്പം മുന്നോട്ട് നടന്നാൽ വലതു വശത്തേക്ക്, കുത്തനെ വളഞ്ഞു പുളഞ്ഞ വീതികുറഞ്ഞ റോഡ്.  കുറച്ചകലെ ഒരു ഇരുമ്പ് കാലിൽ കേബിൾ കാറിന്റെ ചിത്രവും  മൗണ്ട് പിലാത്തസ് എന്ന അമ്പടയാളവും. അതിരാവിലെയുള്ള ശൈത്യം ശരീരത്തിലെ ഒരണുവിൽ പോലും കയറരുതെന്ന വാശിയോടെ മൂടിപ്പുതച്ച് വരിഞ്ഞുകെട്ടിയ എന്നെക്കണ്ടാൽ ഒരു സുമോ ഗുസ്തിക്കാരനെപ്പോലെ തോന്നും, പോരാത്തതിന് പുറത്ത് ഒരു ബാഗ് നിറയേ സാധനങ്ങളും.

മങ്കിക്യാപ്പ് മൂക്കിനുമേലേക്ക് വലിച്ചു കയറ്റി ഞാൻ കയറ്റം കേറാൻ തുടങ്ങി. പുറകിൽ ഒരു "എക്സ്ക്യൂസ് മീ". വെളുക്കെ ചിരിച്ചുകൊണ്ട് ഒരു യൂറോപ്യൻ. ഈ തണുപ്പത്തും തലയും മുഖവും മറച്ചിട്ടില്ല. നല്ല കട്ടിയുള്ള ലതർജാക്കറ്റും കഴുത്തിലൊരു മഫ്ലർ ചുറ്റിക്കെട്ടിയതും, നെഞ്ചിനുകുറുകെ ഒരു ബാഗ് തൂക്കിയിട്ടുണ്ട്. അയാള്‍ എന്റെ നേരെ നടന്നടുക്കുന്നു.

ഗൂഡ് മോർണിംഗ്..
ആം ഡൊണാറ്റോ..

ഗുഡ്‌ഡ്‌ഡ്... മോർണിംഗ്.. തണുത്ത് വിറച്ച ചുണ്ടുകൾ ചലിപ്പിച്ച് ഞാൻ പറഞ്ഞൊപ്പിച്ചു. ഷെയ്ക്ക് ഹാന്റിനായി അയാൾ നീട്ടിയ കൈകളെ ഞാൻ കണ്ടില്ലെന്ന് നടിച്ച് ഒരു ചോദ്യഭാവത്തിൽ നോക്കി.

പിലാത്തസ് കുന്നിനു മുകളിലേക്കാണൊ?
അതെ.

അയാളും അങ്ങോട്ടേക്ക് തന്നെ. ഞങ്ങൾ നടന്നു തുടങ്ങി.
അവൻ ഇറ്റാലിയനാണ്. പക്ഷേ ജനിച്ചതും വളർന്നതും സ്വിറ്റ്സർലാന്റിൽ. 34 വയസ്സേയുള്ളൂ, കണ്ടാൽ 40 തോന്നും. ഞാൻ ഇന്ത്യക്കാരനാണെന്നും ദുബൈയിൽ നിന്നും വരികയാണെന്നും പരിചയപ്പെടുത്തി. ദുബൈ എന്നു കേട്ടതും രണ്ട് കയ്യും വായുവില്‍ പരത്തി കണ്ണുകള്‍ പുറത്തേക്ക് വീണുപോകുമോ എന്നു തോന്നുമാറ് ഉരുട്ടിത്തുറുത്തി മുഖത്തൊരു വലിയ ആശ്ചര്യചിഹ്നവും ചുണ്ടുകള്‍ ചെവിയറ്റം വരേയെത്തുന്ന ചിരിയുമായി അവനെന്റെ വഴിതടഞ്ഞുകൊണ്ടുകൊണ്ട് മുന്നില്‍ കയറി വിലങ്ങിട്ടു നിന്നു.

"ദുബൈ!! സുന്ദരികളുടെ പറുദീസ! ദുബൈയിൽ പല പല രാജ്യത്തുനിന്നുള്ള സുന്ദരികളായ ഒട്ടനവധി പെൺകുട്ടികളില്ലേ?"

"ദുബൈയിൽ പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും യുവതീ യുവാക്കളും പ്രായം ചെന്നവരുമൊക്കെയുണ്ട്, പല ദേശക്കാരുമുണ്ട്". എന്റെ നീരസം മറച്ചുവെക്കാതെ ഞാനവനെ വകഞ്ഞു മാറി കിതച്ചുകൊണ്ട് നടത്തം പുന:രാരംഭിച്ചു.

"ആണ്‍കുട്ടികളിലും പ്രായം ചെന്നവരിലുമൊന്നും എനിക്ക് ഒട്ടും താത്പര്യമില്ല. ഗേള്‍സ്, പെണ്‍കുട്ടികളാണെന്റെ ഇഷ്ടം. പിന്നെ ചന്തമുണ്‍ടെങ്കില്‍ അല്പ്പം പ്രായക്കൂടുതലുള്ള യുവതികളും ആവാം. ഹോ, നീയെത്രെ ഭാഗ്യവാന്‍! ആ ദുബൈയിലല്ലേ ഉറക്കമുണരുന്നതും ഉറങ്ങുന്നതും?
" അവൻ ദുബൈയിൽ വന്നാൽ ഞാനവനെ സഹായിക്കുമോ എന്നും അവനറിയണം.

"സുഹൃത്തേ, ഞാനൊരു സാധു ഭർത്താവാണ്. ആറു ദിവസം മുമ്പ് ഞാനൊരു പിതാവുമായി. രണ്ട് ദിവസം മാത്രം പ്രയമുള്ള എന്റെ മോനെ ഒരു നോക്ക് കണ്ടിട്ടാണ് ഞാൻ സ്വിറ്റ്സർലാന്റിലെ ഈ ശൈത്യകാലത്തേക്ക് പറന്നു വന്നത്. എനിക്ക് ഇപ്പറഞ്ഞ സൗന്ദര്യാസ്വാദനത്തിൽ താത്പര്യമില്ല. എന്റെ മതവും ഞാൻ വളർന്ന സാഹചര്യവും എനിക്ക് ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.

ഡൊണാറ്റോയുടെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല, വിടർന്ന കണ്ണുകൾ അങ്ങിനെത്തന്നെ തള്ളി നിൽക്കുന്നു. അവന്റെ മനസ്സുനിറയേ ദുബൈയും പെൺകുട്ടികളുമായിരിക്കാം. അവന്റെ റഷ്യക്കാരിയായ ഭാര്യ രണ്ട് വർഷത്തെ ദാമ്പത്യമവസാനിപ്പിച്ച് പിരിഞ്ഞ് പോയിട്ട് മാസമൊന്ന് തികഞ്ഞിട്ടില്ല. ആദ്യത്തെ രണ്ട് വിവാഹങ്ങളും ഒരു വർഷത്തിലധികം നീണ്ടു നിന്നതുമില്ല.

"ഇനി ഞാനൊരു ഏഷ്യക്കാരിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. മൂന്ന് കല്യാണങ്ങളുടെയും വിവാഹജീവിതങ്ങളുടെയും കാര്യം വലിയ താശയാണ്. കേബിൾ കാർ പിലാത്തസിന്റെ മുകളിലെത്താൻ ഒരു മണിക്കൂറിലധികം നേരം പിടിക്കും നമുക്ക് വിശദമായി സംസാരിക്കാം. നീ അത് കേട്ട് രസിക്കും തീർച്ച".

വെറും അഞ്ച് മിനുട്ട് മുമ്പ് മാത്രം കണ്ട, വിശദമായി പരിചയം പോലുമായിട്ടില്ലാത്ത എനിക്ക് അടുത്തതായി അവന്റെ ബാങ്ക് അക്കൗണ്ട് നമ്പർ വരേ തന്നേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു! ഇതൊരു മാരണമായി മാറാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞു കാണുന്നുണ്ട്. ഈ പെൺകോന്തനിൽ നിന്നും രക്ഷ നേടണം. ഇവന്റെ കല്യാണക്കഥകളും കിടപ്പറ വിശേഷങ്ങളും കേൾക്കാനല്ല ഞാനിവിടെ വന്നത്. ഓഫീസ് ആവശ്യത്തിനുള്ള ഈ യാത്രയിൽ കയ്യിൽ നിന്നും കാശ് മുടക്കിയാണ് രണ്ട് ദിവസത്തെ ഈ അധികതാമസവും ചുറ്റിക്കറങ്ങലും.

ഞങ്ങൾ കേബിൾ കാർ സ്റ്റേഷനു മുന്നിലെത്തി. അവന്ന് ടിക്കറ്റെടുക്കണം. എന്റെ കയ്യിൽ സ്യൂറിക്ക് റെയിൽ സ്റ്റേഷനിൽ നിന്നും വാങ്ങിയ ടിക്കറ്റുണ്ട്. ടിക്കറ്റിനോടൊപ്പം 9 സ്വിസ്സ് ഫ്രാങ്കിന്റെ ഒരു ഫ്രീ വൗച്ചറും കിട്ടിയിട്ടുണ്ട്. മലമുകളിലെ റസ്റ്റോറന്റിൽ നിന്നും 9 ഫ്രാങ്കിന് എന്തു വേണമെങ്കിലും വയറു നിറയേ തിന്നാം. ചെറിയ ഒരു കൂടാണ് കേബിൾ കാർ. ഈരണ്ടു പേർക്ക് പരസ്പരം നോക്കിയിരിക്കാവുന്ന സീറ്റുകളുള്ള, താഴ്ഭാഗം ഫൈബറും മേലേപകുതി ചില്ലുകൊണ്ടും പണിത ഒരു കൊച്ചു ചില്ലുകൂട്. കട്ടിയുള്ള സ്റ്റീൽ കംബിയിൽ വവ്വാലിനെപ്പോലെ തൂങ്ങിക്കിടക്കുന്ന കൊച്ചു കൂടുകൾ കുന്നിൻ മുകളിൽ നിന്നും താഴെ വന്ന് കറങ്ങി മേലോട്ട് പോവുന്നു. ഒട്ടും തിരക്കില്ല. തൊട്ട് മുന്നിൽ ഒരു കൊറിയൻ ജോഡി ഗെയ്റ്റിൽ നിൽക്കുന്ന കട്ടിമീശക്കാരനെ ടിക്കറ്റ് കാണിച്ച് ഒരു ചില്ലുകൂട്ടിൽ കേറി. ഇതു തന്നെ അവസരം, ഡൊണാറ്റോ ടിക്കറ്റ് കൗണ്ടറിലാണ്. ഞാൻ തിരക്കിട്ട് ടിക്കറ്റ് കാണിച്ച് പുറകേ വന്ന കൂട്ടിൽ പാഞ്ഞു കയറി. അഞ്ചാറ് മീറ്റർ മുന്നോട്ട് പോയി അതിന്റെ വാതിലുകൾ തനിയേ അടഞ്ഞു. സാവധാനം വേഗത കൂടിത്തുടങ്ങി. പെട്ടെന്ന് സ്റ്റേഷൻ വിട്ട് ആ ചില്ലു യാനം എന്നെയും വഹിച്ച് ലോഹക്കമ്പിയിലാടി വായുവിലൂടെ മേലോട്ട് കുതിച്ചു. ഞാൻ ആ പെൺകോന്തനിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നു!അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി!

ഇവിടെയാണ് കേബിൾ കാറുകളിൽ കയറുന്നത്, ടിക്കറ്റെടുക്കുന്നതും
ആറാം ക്ലാസിലെ സാമൂഹ്യപാഠം ക്ലാസിലാണ് ആല്‍‌പ്സ് മലനിരകളെക്കുറിച്ചാദ്യമായി കേട്ടത്. യൂറോപ്പിനെ ചുറ്റിപ്പൊതിഞ്ഞ് ഒരു കാവൽക്കാരനെപ്പോലെ തലയുയർത്തി നിൽക്കുന്ന ആല്പ്സിന്റെ ഗിരിശൃംഗങ്ങളിൽ പെയ്യുന്ന മഞ്ഞുപടലങ്ങളിൽ അപ്രത്യക്ഷയായ തന്റെ പട്ടിക്കുട്ടിയെ തിരഞ്ഞുകൊണ്ട് ശേഷിക്കുന്ന ജീവിതം അലഞ്ഞു തീർത്ത വൃദ്ധനായ ജർമ്മൻ വീഞ്ഞു വിൽപ്പനക്കാരന്റെ കഥയിൽ നിന്നാണ് ആൽപ്സ് എന്റെ സ്വപ്നങ്ങളിൽ കുടിയേറിയത്. ആ മലനിരകളിൽ പോയി അതിന്റെ ഉത്തുംഗതയിൽ കേറിനിന്നുകൊണ്ട് താഴെ പൈന്‍‌മരക്കാടുകളിലെ വെളിച്ചം കുറഞ്ഞ വീടുകളില്‍ നെരിപ്പോടിനടുത്ത് മദ്യം നുകര്‍‌ന്നിരിക്കുന്ന യൂറോപ്പിനെ നോക്കി ഉച്ചത്തിൽ കൂക്കി വിളിക്കണമെന്നും നിങ്ങളുടെ ഈ സമ്പൽ സമൃദ്ധി ഞങ്ങളെ കൊള്ളയടിച്ചതാണെന്ന് വിളിച്ചു പറയണമെന്നുമുള്ള അത്യാഗ്രഹം പിന്നീടെപ്പെഴോ തണുത്തുറഞ്ഞു പോയിരുന്നു. തോമസ് മാൻ എഴുതിയ "മാജിക്ക് മൗണ്ടന്‍" എന്ന ജർമ്മൻ നോവലിന്റെ ഇംഗ്ലീഷ്പരിഭാഷയാണ് മഞ്ഞുരുക്കി എന്റെ സ്വപ്നങ്ങളെ വീണ്ടും സജീവമാക്കിയത്.

ആ സ്വപ്നം പൂവാണിയാൻ പോവുകയാണ്. എന്നെയും വഹിച്ചു കൊണ്ട് ആ ചെറുചില്ലുയാനം മേലോട്ട് കുതിക്കുകയാണ്. താഴെ അതിമനോഹരമായ കാഴ്ചകൾ. പച്ചപ്പരവതാനി വിരിച്ച പോലെ, എങ്ങും പുൽത്തടങ്ങൾ. അവയെ കീറിമുറിച്ച് കൊണ്ട് വീതികുറഞ്ഞ വളഞ്ഞുപുളഞ്ഞ മണ്‍പാതകൾ, ദൂരെ ചുറ്റും ആല്പ്സിന്റെ മങ്ങിയ കാഴ്ച. മഞ്ഞുപെയ്യാൻ തുടങ്ങിയിരിക്കുന്നു. ഒരു പഞ്ഞിമരത്തിലെ ലക്ഷക്കണക്കിന് കായകൾ ഒരുമിച്ച് പൊട്ടിത്തെറിച്ചപോലെ. എന്റെ ചില്ലുപാത്രത്തിന്റെ ചില്ലുഭിത്തികളില്‍ വന്നിരുന്ന ചിലത് കൊച്ചുവെള്ളത്തുള്ളികളായി താഴേക്കൊലിച്ചിറങ്ങി. ചില്ലുകൂട്ടിന്റെ മേൽഭാഗം ഞാനൽപ്പം തുറന്നു വെച്ചു. കൊച്ചു മഞ്ഞുകണങ്ങൾ എന്റെ ചൂടുകുപ്പായത്തിന്റെ രോമങ്ങളിൽ വന്നു വീണ് മെല്ലെ അലിഞ്ഞു തീരുന്നു. മലനിരകളെ മഞ്ഞു പുതപ്പിച്ച ആ കാഴ്ച വ്യക്തമായിപ്പകര്‍ത്താന്‍ പാറിപ്പറക്കുന്ന മഞ്ഞുകുഞ്ഞുങ്ങള്‍ സമ്മതിക്കുന്നില്ല. സ്വര്‍ഗ്ഗത്തിലെ പട്ടുമെത്തയിലെ പഞ്ഞിക്കെട്ടുകള്‍ പറത്തിക്കളിക്കുന്ന മാലാഖക്കുട്ടികളുടെ ചിരി കേള്‍ക്കുന്നുണ്ടോ?

മുന്നിലെ ചില്ലുകൂട്ടിൽ കൊറിയൻ ജോഡികൾ പരിസരം മറന്ന് സ്നേഹിക്കുന്നു. ആരു കാണാൻ? തൊട്ടു പിന്നിലുള്ളത് ജിജ്ഞാസുവായ ഒരു മലയാളിയാണെന്ന് അവരറിഞ്ഞു കാണില്ല3375 അടി മുകളിൽ ക്രീൻസെറെഗ്ഗ് എന്ന ഒരു സപ്പോര്‍ട്ട് സ്റ്റേഷനുണ്ട്. വലിച്ചു കെട്ടിയ ഇരുമ്പ് കമ്പികളുടെ നീളം നിയന്ത്രിക്കാനാണിത്. അവിടെ ഇറങ്ങേണ്‍ടതില്ല. ചില്ലുപാത്രങ്ങള്‍ നിരനിരയായി വീണ്ടും മുന്നോട്ട്. തൊട്ടപ്പുറത്ത് മലയിറങ്ങി വരുന്ന കാലി യാനങ്ങള്‍ താഴേക്ക് ആടിയാടിപ്പോവുന്നു. 4650 അടി ഉയരത്തിലെത്തി. ഫ്രാങ്ക്മ്യൂണ്ടെങ്ക് എന്ന സ്റ്റേഷനായി. അവിടെ ഇറങ്ങണം. പിന്നെ മേലോട്ട് മുപ്പതോളം ആൾക്കാരെയും വഹിച്ചു കൊണ്ടുള്ള ഒരു വലിയ കൂട്ടിലാണ് യാത്ര. അതിനൊരു നിയന്ത്രകനുണ്ട്. കൂടിന് വേഗത വളരേ കുറവാണ്. ചില്ലുകളിൽ മഞ്ഞ് ശക്തമായി പെയ്യുന്നു. ദൂരക്കാഴ്ച നന്നേ കുറഞ്ഞു. ആൽപ്സ് എന്റെ വളരേ അടുത്തെത്തിക്കഴിഞ്ഞു. അലസമായി ഒരു വെള്ളപ്പുതപ്പണിഞ്ഞ് ശാന്തമായുറങ്ങുന്ന പർവ്വതത്തിന്റെ മടിത്തട്ടിൽ മഞ്ഞുകണങ്ങൾ കൂട്ടിവെച്ചുണ്ടാക്കുന്ന കൊച്ചുരൂപങ്ങളെ സൂര്യൻ ഒരു വികൃതിപ്പയ്യനെപ്പോലെ ഒളിച്ച് വന്ന് മായ്ച്ചു കളയുന്നു. മലമടക്കുകളിൽ തലയുയർത്തി നിൽക്കുന്ന ചാവോക്ക് മരച്ചില്ലകളിൽ മഞ്ഞുകട്ടകൾ വീണുകിടന്ന് വിശ്രമിക്കുന്നു. നീല നിറത്തിലൊരു ബോർഡ് ദൂരെ തെളിഞ്ഞ്നു വരുന്നു. "പിലാത്തസ് 7000 അടി". എന്റെ സ്വപ്നം സഫലമാകുന്നു. സ്വിസ്സ് ആല്പ്സിലെ ഏറ്റവും വലിയ രണ്ടാമനാണ് പിലാത്തസ്, അതിന്റെ തലയിലാണ് ഞാൻ കാലുവെക്കാൻ പോകുന്നത്! വിക്ടോറിയാ രാജ്ഞിയും റൂസ്‌വെൽറ്റുമൊക്കെ നടന്ന അതേ വഴികൾ.
മലമുകളിലെ കേബിൾ സ്റ്റേഷനിലിറങ്ങി ഞാൻ പുറത്തേക്ക് കുതിച്ചു. ചുറ്റും മഞ്ഞു പാളികൾ. തണുത്ത കൊച്ചു കാറ്റ്. തണുപ്പിനേക്കാൾ ഭീകരമാണ് കാറ്റ്!-5 ഡിഗ്രിയാണ് തണുപ്പ്. നല്ലവെയിലുണ്ട്. പെട്ടെന്ന് കാലൊന്ന് തെന്നി. വീഴാതെ നിന്നെകിലും ഒന്നു ഭയന്നു. ഒരു കറുത്ത പട്ടിക്കുട്ടിയുമായി കൂനിനടന്നുകൊണ്ട് ഒരു വൃദ്ധൻ സമീപിച്ചു. "നിങ്ങൾ ഇങ്ങോട്ടേക്ക് തന്നെയല്ലേ വന്നത്? ഐസിൽ നടക്കാൻ വേണ്ട തയ്യാറെടുപ്പുകളൊന്നും കരുതിയിട്ടില്ലേ? വളരേ സൂക്ഷിക്കണം" എന്റെ ഷൂവിലേക്ക് നോക്കിക്കൊണ്ടാണയാൾ ചോദിച്ചത്. രണ്ട് വർഷം മാത്രം പഴക്കമുള്ള ലതർ ഷൂവാണ്. നല്ല ഒന്നാത്തരം സോളുണ്ടായിരുന്നു. അത് പഴങ്കഥയായി മാറിയിട്ട് കുറച്ചായി. സോക്സ് നനയുന്നില്ലെങ്കിലും ഒരു ബലൂണിന്റെ കട്ടി മാത്രമുള്ള സോളിലൂടെ എന്റെ കാലുകളിൽ ചെറുതണുപ്പ് സൂചിമുനപോലെ കുത്തിക്കയ്റുന്നുണ്ട്.

പിലാത്തസിന്റെ മുകൾ ഭാഗം നിരന്ന ഏകദേശം 3800 ചതുരശ്ര അടിയോളം മാത്രം വിസ്തീർണ്ണമുള്ളതാണ്. ഒന്നു രണ്ടു റസ്റ്റോറന്റുകളും തണുപ്പകറ്റാനുള്ള സാമഗ്രികളും മറ്റും വലിയ വിലക്ക് വില്‍ക്കുന്ന കുറച്ച് ചെറിയ കടകളും. നിരപ്പില്‍ നിന്നും അല്പ്പം വലതുവശത്തേക്ക് മാറി പാറതുരന്ന ഒരു ഗുഹയുണ്ട്. ഗുഹയെചുറ്റിപ്പറ്റി അശരീരികളുടെയും വ്യാളികളുടെയും കെട്ടുകഥകള്‍. ഗുഹയോട് ചേര്‍ന്ന് അല്പ്പം ചെരിഞ്ഞ പാറകളില്‍ ചവിട്ടിയാല്‍ വീണ്ടും മുകളിലേക്ക് കേറാം. അതാണ് പിലാത്തസിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗം. അവിടെ ഒരു ചെറിയ മരക്കൂടുണ്ട്, അതിനകത്തൊരു റേഡിയോ ടവറാണ്. മലമുകളിലേക്കും മലകൾക്കിടക്കും വാർത്താവിനിമയം സാധ്യമാക്കുന്നതിത്തരം കൊച്ചു ടവറുകൾ വഴിയാണ്. പക്ഷേ ആ കയറ്റം എളുപ്പമല്ല. മഞ്ഞുപുതച്ചു കിടക്കുന്ന പാറക്കല്ലുകളിൽ പിടിക്കാനോ കാലിന് ഊന്നൽകൊടുക്കാനോ പ്രകൃതി കരുതിവെച്ച ചില വെട്ടലുകളല്ലാതെ യാതൊരുപാധിയുമില്ല. കാലൊന്ന് തെന്നിയാൽ...!

വീഴ്ചക്ക് ശേഷം..Photo taken by Donato
ചിതറിത്തെറിച്ച് വീണുകിടക്കുന്ന മഞ്ഞുകണങ്ങളെ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ഞാൻ വെറുതേ ചുറ്റിനടന്നു. കുറച്ച് ഫോട്ടോകളെടുക്കണം. ബാഗിൽ നിന്നും ക്യാമറ വെളിയിലെടുത്ത് മെല്ലെ മുന്നോട്ട് നടന്നു. പ്ധോം...വീണിതല്ലോ കിടക്കുന്നു...!
ക്യാമറ കയ്യിൽ നിന്നും ദൂരെ തെറിച്ചു. ബാഗ് ഒരു തലയിണപോലെ തലക്കുപിന്നിലേക്ക് മാറിയതു ഭാഗ്യം, തലയടിച്ചില്ല. ആൽപ്സ് പർവ്വത നിരകളിലെ മഞ്ഞുപാളികളിൽ അനന്തശയനത്തിൽ കിടന്ന ആദ്യത്തെ മലയാളി ചിലപ്പോൾ ഞാനായിരിക്കാം! ചുണ്ടത്ത് ഐസില് വീണ ഒരു ചിരിയും ഫിറ്റ് ചെയ്ത് ഞാനെഴുന്നേൽക്കാൻ തുടങ്ങി, വീണ്ടും തെന്നി. ഇത്തവണ ചന്തി ശക്തിയായി നിലത്തിടിച്ചു, നല്ലോണം നൊന്തു. സൂക്ഷിച്ച് എഴുന്നേറ്റ് നേരെ നില്‌ക്കുമ്പോഴതാ നിലത്തുവീണ ക്യാമറ എനിക്ക് നേരെ നീട്ടിക്കൊണ്ട് മുന്നിൽ ഡൊണാറ്റോ!! ചമ്മിയ ചിരിയും വീണ ചിരിയും കൂടി നവരസങ്ങളിലേക്ക് പുതിയതൊന്നുകൂടി കൂട്ടിച്ചേർത്ത് എന്റെ മുഖത്തെ പതിന്മടങ്ങ് ശോഭയുള്ളതാക്കി മാറ്റി! ഞാനവനെ കൂട്ടാതെ പോന്നതിന് പരാതി പറഞ്ഞു. മഞ്ഞിൽ തെന്നി വീഴാതിരിക്കാനുള്ള ഒരു ഷൂ അവന്റെ സമ്മാനമായി വാങ്ങിത്തരാമെന്ന ഓഫർ ഞാൻ സ്നേഹത്തോടെ നിരസിച്ചു.

മലതുരന്നുണ്ടാക്കിയ ഗുഹാ മുഖത്തുകൂടി നടന്ന്, ചെങ്കുത്തായ പാറകളിലെ മഞ്ഞില്ലാത്ത ഭാഗം നോക്കി ചവിട്ടി ഞങ്ങൾ മേല്പോട്ട് കയറി.

സുഹൃത്തേ വളരേ സൂക്ഷിക്കണം...താഴേ നിന്നും പട്ടിക്കുട്ടിയുമായി കൂനിനടക്കുന്ന വൃദ്ധൻ വിളിച്ചു പറയുന്നു. എന്റെ ബാഗിപ്പോൾ ഡൊണാറ്റോയുടെ തോളിലാണ്. അവന്റെ തുകൽക്കുപ്പായത്തിന്റെ ഒരറ്റം പിടിച്ചാണ് എന്റെ മലകയറ്റം. പെട്ടെന്ന് എന്റെ മൊബൈൽ ശബ്ദിച്ചു. മൈസൂരിൽ നിന്നും പെങ്ങളാണ്. "മകളേ, യൂറോപ്പിന്റെ തലമണ്ടയിലാണുള്ളത്. കൊച്ചുവിശേഷങ്ങൾ പറയാൻ ഞാൻ രണ്ടുദിവസം കഴിഞ്ഞ് വിളിക്കാം. അന്തർദേശീയ അലച്ചിൽ എന്ന വിഭാഗത്തിൽപ്പെടുത്തി ഷെയ്ക്ക് ഇത്തിസാലാത്ത് അടുത്ത മാസം എന്റെ ശമ്പളം മുഴുവൻ പിടിച്ചു വാങ്ങും." മൊബൈൽ കണ്ടതും ഡൊണാറ്റോക്ക് എന്റെ നമ്പർ വേണം.


താഴെ കാണുന്ന അതിമനോഹരമായ കാഴ്ചകൾ വർണ്ണിച്ചാൽ ഒരു കവിതയായിപ്പോകുമോ എന്നു ഞാൻ ഭയക്കുന്നു. "ഡൊണാറ്റോ നീ ഒരൽപ്പനേരം ചെവി പൊത്തണം. എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്. അവൻ അന്തം വിട്ട് എന്നെ നോക്കിയല്ലാതെ ഒന്നും ചെയ്തില്ല. ഒരു ദീർഘശ്വാസമെടുത്ത് അത്യുച്ചത്തിൽ കൂവി.. മൂന്ന് തവണ.. കൂ....കൂ...കൂ.... അകലെ മഞ്ഞുമലകളിൽ എന്റെ കൂക്കൽ പ്രതിധ്വനിച്ചു. ആൽപ്സിന്റെ നെടുംകുത്തനെയുള്ള ഗിരിശൃംഗങ്ങളിൽ തട്ടിത്തകർന്ന് ഉറഞ്ഞുകിടക്കുന്ന മഞ്ഞുകട്ടകളിലെവിടെയോ എന്റെ ശബ്ദം ഒരു സ്ഫടികക്കുപ്പി പോലെ ചിതറിത്തെറിച്ചു വീണുടഞ്ഞു. ശബ്ദവീചികൾ അന്തരീക്ഷത്തിൽ പാറിനടക്കുമത്രേ, ഒരിക്കലും നശിക്കാതെ. ഒരു കാലത്ത് ആരെങ്കിലും ശബ്ദം തിരിച്ചുപിടിക്കുന്ന ഒരു വിദ്യയുമായി ഈ മലനിരകളിലെ മഞ്ഞുപാളികളിൽ നിന്നും എന്റെ കൂക്കിവിളിയുടെ ഫോസ്സിലുകളെ മാന്തിയെടുക്കില്ലെന്നാരു കണ്ടു? ഇതെന്റെ കയ്യൊപ്പാണ്. അന്തരീക്ഷത്തിന്റെ സന്ദർശകപ്പുസ്തകത്തിൽ ഒരശരീരിയായി ആ കൂക്കിവിളികൾ രേഖപ്പെടുത്തപ്പെട്ടുകാണും. നിർത്താതെ സംസാരിച്ചു കൊണ്ടിരുന്ന ഡൊണാറ്റോ പൊടുന്നനേ മൗനത്തിലായി.

"അൻവർ...വീഴ്ചയിൽ നിന്റെ തല നിലത്തടിച്ചിരുന്നോ? നീയെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ആരോടാണ് ദേഷ്യപ്പെടുന്നത്?"

"പേടിക്കേണ്ട, എനിക്ക് യാതൊരു കുഴപ്പവുമില്ല. നിനക്കറിയാമോ, ഞങ്ങളുടെ ഇന്ത്യയിൽ 17 ഔദ്യോഗിക ഭാഷകളുണ്ട്. അല്ലാത്തവ നാനൂറോളമുണ്ടെന്നാണ് കണക്ക്. നാല് ഇന്ത്യക്കാർ കൂടിയാൽ അവർക്ക് മൊത്തം പതിന്നാല് ഭാഷകളെങ്കിലുമറിയും. പക്ഷേ ഒരുത്തൻ പറയുന്നത് മറ്റവന്ന് മനസ്സിലാവില്ല എന്നു മാത്രം! ഞങ്ങളതിനെ നാനാത്വത്തിലെ ഏകത്വം എന്നു വിളിക്കും. ഹിമാലയത്തിലെ മഞ്ഞുമലകളിൽ താമസിക്കുന്ന ഒരു വിഭാഗം ആദിവാസികളുടെ ഭാഷയാണിത്. ഇതിന്റെ പേരാണ് "കൂക്കിവിളി".  ഈ ഭാഷ സംസാരിക്കുന്നവർ ഈ മഞ്ഞുമലകളിലുണ്ടോ എന്നറിയാൻ ഒന്നു ശ്രമിച്ചതാ. ഉണ്ടെങ്കിൽ അവർ മറുപടി തന്നേനെ. വാ, നമുക്ക് പോകാം"

"ഹിമാലയം? അതിന്റെ താഴ്വാരങ്ങളിലല്ലേ കാഷ്മീർ?" ഡൊണാറ്റോയുടെ കണ്ണുകൾ വീണ്ടും പുറത്തേക്ക് തള്ളി, ശബ്ദം ഉച്ചത്തിലായി. "അവിടെയുള്ള സ്ത്രീകൾ അതിസുന്ദരികളാണ്. അതുപോലെ സൗത്ത് ഇന്ത്യയിലെ കൂർഗ്ഗിലും പാകിസ്താനിലെ പഞ്ചാബ് മേഖലയിലും ലോകത്തെ ഏറ്റവും മികച്ച സുന്ദരികളുണ്ട്. നീയെന്തൊരു ഭാഗ്യവാൻ! ജനിച്ചുവീണതും ജീവിക്കുന്നതും പറുദീസകളിൽത്തന്നെ". ഉത്തരേന്ത്യയിലെ ദേവദാസികളെക്കുറിച്ചും അവന്ന് നന്നായിട്ടറിയാം. ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന യൂനിവേർസിറ്റികൾ യൂറോപ്പിലുണ്ടോ ആവോ?

ഇനി പെൺവിഷയം സംസാരിക്കില്ല എന്ന കരാറിൽ ഞങ്ങൾ കുന്നിറങ്ങി. ചന്തി നല്ല വേദനയുണ്ട്. നല്ല വിശപ്പും. കൂകിവിളിയുടെ ഇഫക്ടാണോ അതോ തണുപ്പോ, തൊണ്ടയിൽ ഒരു കിരികിരിപ്പും.
 "വാ, നമുക്കൊരു കാപ്പി കുടിക്കാം എന്റെ കയ്യിൽ വൗച്ചറുണ്ട്".
മെനുവിൽ ഏറ്റവും വില കുറഞ്ഞ സാധനം "എസ്സ്പ്രസ്സോ"ആണ്. ആ കയ്പ്പു കാപ്പിക്ക് തന്നെ 8 ഫ്രാങ്ക് കൊടുക്കണം! ഇംഗ്ലീഷ് ടീ എന്നു പേരിട്ട നാടൻ ഉളുവൻ ചായക്ക് 9! സൗജന്യമായിക്കിട്ടിയ വൗച്ചറിനെ ഞാനൽപ്പം അവജ്ഞയോടെ വെയ്റ്റർക്ക് കൊടുത്ത് ഒരു ചുടുകാപ്പി വരുത്തി. പെട്ടെന്ന് റസ്റ്റോറന്റിൽ നിന്നും പുറത്തേക്കോടിയ ഡൊണാറ്റോ പത്ത് മിനുട്ടിന് ശേഷമാണ് തിരിച്ചെത്തിയത്.
"ദേർസേ  ഹോട്ട് ചിക്ക്! ഷീ ലൂക് ടർക്കിഷ്!"
വിടർന്ന കണ്ണുകളോടെ അവൻ തിരിച്ചു വന്നു. ഞങ്ങൾ തമ്മിലുള്ള കരാർ തെറ്റിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കയ്യിൽ ഒരു ബിയർ കുപ്പിയുമായി അവൻ എന്റെ പുറകിൽ പുറത്തേക്ക് നടന്നു. റസ്റ്റോറന്റില് നിന്നും ചൂടുവെള്ളത്തിൽ അംഗശുദ്ധി വരുത്തി പുറകിൽ പോയി കോംബസ്സ് വെച്ച് ദിശ നോക്കി ഞാൻ പ്രാർത്ഥനക്കൊരുങ്ങി. അൽപ്പം മാറി ബിയർ നുണഞ്ഞുകൊണ്ട് ഡൊണാറ്റോ എന്റെ ചെയ്തികളെ സകൗതുകം നോക്കി നിൽക്കുന്നു. കൊച്ചുകേരളത്തിലെ ഒരു പുഴയോരഗ്രാമത്തിൽ നിന്നും പ്രസിദ്ധമായ ഈ പർവ്വതനിരകളിൽ വന്ന് സൃഷ്ടികർത്താവിനെ വണങ്ങാൻ അവസരമൊരുക്കിയ നാഥന് പ്രണാമമർപ്പിച്ച് ഞാൻ മടക്കയാത്രക്കൊരുങ്ങി. തിരിച്ച് പോകുന്നത് കേബിൾ കാറിലല്ല. ലോകത്തെ ഏറ്റവും കുത്തനെയുള്ള പല്‍ച്ചക്രത്തീവണ്ടിയിലാണ്. ലംബകാകൃതിലുള്ള ആ കൊച്ചു തീവണ്ടിയിൽ 50ഓളം ആൾക്കാർ കൊള്ളും. റെയിൽ പാളത്തിനു നടുവിലായി സംവിധാനിച്ചിട്ടുള്ള പൽച്ചക്രപാളത്തിലൂടെയാണ് ഈ കുത്തനെയുള്ള വണ്ടിയുടെ ഇറക്കവും കയറ്റവും. എത്തിച്ചേരുന്നത് മലയുടെ മറുവശത്തും. മുക്കാൽ മണിക്കൂർ കൊണ്ട് താഴ്വാരത്തിലെത്തും. അവിടെ ഒരു കൊച്ചു ഗ്രാമമാണ്. അവിടുന്ന് ബോട്ടിലോ തീവണ്ടിയിലോ ലൂസേൺ സിറ്റിയിലെത്താം. അവിടെ നിന്നും ഒരു മണിക്കൂറോളം യാത്ര ചെയ്തു വേണം സ്യൂറിക്കിൽ ലിമത്ത്സ്ട്രാസ്സെയിലുള്ള എന്റെ ഹോട്ടലിലെത്താൻ.
തീവണ്ടിയുടെയും റെയിൽപ്പാളത്തിന്റെയുമൊക്കെ കുറച്ച് ഫോട്ടോകൾ പിടിച്ചാണ് ഞാൻ വണ്ടിയുടെ ഏറ്റവും മുന്നിലെ ബോഗ്ഗിയിൽ (ആകെക്കൂടി ഒരു ബോഗിയുടെ വലിപ്പമില്ല) കയറിയത്. ഡൊണാറ്റോ രണ്ട് യുവതികളുടെ നടുക്കിരുന്ന് എന്തോ വലിയ തമാശ പറഞ്ഞ് ചിരിക്കുന്നു! അവരുടെ കയ്യിലെ തുറന്നു പിടിച്ച് പ്ലാസ്റ്റിക് കൂടുകളിൽ നിന്നും ചിപ്സെടുത്ത് കൊറിക്കുന്നുമുണ്ട്. ഒന്നുമറിയാത്തമട്ടിൽ ഞാൻ അവർക്കഭിമുഖമായുള്ള സീറ്റിൽ അമർന്നിരുന്ന് പുറം കാഴ്ചകൾ കാണാൻ തുടങ്ങി.

"ഇവൻ അൻവർ, അവന്റെ സെക്കന്റ് നൈം ഷഫീക്ക് എന്നാണ്. അത് വിളിക്കുന്നതാണ് അവനിഷ്ടം. എന്റെ സുഹൃത്താണ്. ഇന്ന് ഐസിൽ വീണ് അവന്റെ ചന്തിയാകെ തകർന്നിരിക്കുകയാണ്." ഡൊണാറ്റോ എന്നെ ആ പെണ്ണുങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ഞാൻ ഒരു വളിഞ്ഞ ചിരിയവർക്ക് സമ്മാനിച്ചു വീണ്ടും പുറംകാഴ്ചകളിലേക്ക് മടങ്ങി.

"എലീന", അറ്റത്തിരിക്കുന്നവൾ കറുത്ത കണ്ണട മുഖത്തു നിന്നും മാറ്റി എന്റെ നേരെ കൈ നീട്ടിക്കൊണ്ട് സ്വയം പരിചയപ്പെടുത്തി. ദൈവമേ, ഒരു പെൺകൈ! അങ്ങകലെ പ്രസവാലസ്യത്തിൽക്കിടന്ന് നാല് ദിവസം മുംബ് എന്നെ യാത്രയാക്കുമ്പോൾ എന്റെ പ്രാണപ്രേയസ്സിൽ ചെവിയിൽ പറഞ്ഞ വസിയ്യത്ത്!!

"കണ്ട വെള്ളക്കാരികൾക്ക് കൈ കൊടുക്കാനും ഉമ്മ കൊടുക്കാനുമൊന്നും പോണ്ട"

"അപ്പോ, കറുത്തവർക്കും വെള്ളക്കാരല്ലാത്തവർക്കും കൊടുക്കാമോ?"

മൂന്നാം തൃക്കണ്ണ് തുറന്നുള്ള ആ നോട്ടം!
 
"ഹൈ! നൈസ് റ്റു മീറ്റ് യൂ" ഞാൻ കൈകൂപ്പി.

" നിങ്ങൾ ഇന്ത്യക്കാരനാണൊ!"
മറുപടി കൊടുത്തത് ഡൊണാറ്റോയാണ്. "അതെ അവൻ ഇന്ത്യാക്കാരനാണ്. പക്ഷേ ദുബൈയിലാണ് താമസം. ശുദ്ധനാണ്. ബിയർ കുടിക്കില്ല. പ്രണയിച്ചിട്ടില്ല. പക്ഷേ ഒരു കുഞ്ഞുണ്ട്. കാര്യങ്ങളൊക്കെ അറിയാം. എന്റെ ബാങ്കിലെ ജോലി അവന്റെ നാട്ടിലെ കള്ളപ്പണം കൊണ്ടാണെന്നൊരു പ്രസ്താവനയും അവനിന്നിറക്കിയിട്ടൂണ്ട്. അവൻ ചില പ്രത്യേക ഭാഷളിലൊക്കെ പഠനം നടത്തുന്നുമുണ്ട്."
"വൗ" ആമാശയത്തിൽ നിന്നാണെന്ന് തോന്നുന്നു, എലീന ഒരു പ്രത്യേകശബ്ദമുണ്ടാക്കി. അവൾ രണ്ട് ഭാഷകളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ബെനിൻ എന്ന ആഫ്രിക്കൻ രാജ്യത്തെ പ്രത്യേക ഗോത്രവർഗ്ഗക്കാരുടെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോത്രഭാഷയും പിന്നെ നമ്മുടെ ആർഷഭാരതപൈതൃകമായ സംസ്കൃതഭാഷയെപ്പറ്റിയും. അവൾ പാലക്കാട്ട് വന്നിട്ടുണ്ട്. ആറു മാസത്തോളം താമസിച്ചിട്ടുണ്ട്. ഒളപ്പമണ്ണ മനയും വെള്ളിനേഴിഗ്രാമവും കഥകളിയും ചുട്ടികുത്തലും മസാലദോശയും പനങ്കള്ളും മലമ്പുഴയും യക്ഷിയും ഷോർണ്ണൂർ റെയിവേ സ്റ്റേഷനുമെല്ലാം അവൾക്ക് മന:പാഠം. സംസ്കൃതത്തെക്കുറിച്ച് കൂടുതലറിയാൻ കാഞ്ചിമഠത്തിലും ശിവഗിരിയിലും താമസിച്ചിരിക്കുന്നു. നമ്മുടെ നാട് നല്ലതാനെന്നും നമ്മളൊക്കെ ഭാഗ്യവാന്മാരണെന്നും അവൾ തീർത്തു പറഞ്ഞു.

"നിങ്ങൾക്ക് സംസ്കൃതം അറിയാമോ?". ദൈവമേ! സംസ്കൃതം പഠിപ്പിക്കുന്ന രവീന്ദ്രൻ മാഷെ മാത്രമാണെനിക്കറിയാവുന്നത്. പക്ഷേ അഭിമാനിയായ ഒരു ഭാരതപുത്രൻ ഫ്രഞ്ചുകാരിയായ വെറൊമൊരു പെണ്ണിന്റെ മുന്നിൽ തോറ്റുകൂടാ. മരിച്ചുകൊണ്ടിരിക്കുന്നു എന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നമ്മുടെ മഹാന്മാരായ ഭാഷാപണ്ഡിതരും സാംസ്കാരിക നായകരും വിധിയെഴുതിയ ഞങ്ങളുടെ പൈതൃകഭാഷയെ പുന:രുജ്ജീവിപ്പിച്ച് വിദേശമാർക്കറ്റുകലേക്ക് ഒളിച്ചുകടത്താൻ ഞങ്ങൾ സമ്മതിക്കില്ല.

"നിങ്ങൾക്ക് സംസ്കൃതം അറിയാമോന്ന്?" അവള്‍ ചോദ്യം ആവര്‍ത്തിച്ചു.

"സംസ്കൃതം കുറച്ചൊക്കെ അറിയാം. പക്ഷേ വീട്ടിൽ ഉപയോഗിക്കാറില്ല എന്നു മാത്രം."

"സമ്പ്രതി വാർത്താഹാ ശുയന്താം, പ്രവാചകാഹ: ബലദേവനന്ത സാഗരാഹ:. പ്രധാന്മന്ത്രി നരസിംഹറാവു മഹോദയാന: സമുചിതകയഹ: സമോദക ഏകാരംഭം വൃത്തതകഥഹ: അനുസാരി വികാരാഗമാന കാരണാഹ...."

പണ്ട് പഠനകാലത്ത് മിമിക്രിക്ക് വേണ്ടിപ്പഠിച്ചതാണ്. ബലദീവാനന്തസാഗരയും വിശ്വനാഥ് ശർമ്മയുമൊക്കെ 6.55ന് അകാശവാണിയിൽ സംസ്കൃതം പൊടിപറത്തുന്നത് കൊച്ചുന്നാൾമുതൽ കേട്ടുതഴമ്പിച്ചതിന്റെ ഒരു പരിചയവും വെച്ചങ്ങ് കാച്ചി.

കാൽ മുട്ടുകളിൽ രണ്ടും കൈകളുമൂന്നി കണ്ണടച്ച് പൊട്ടിച്ചിരിക്കുകയാണ് എതിർവശത്തിരിക്കുന്ന എലീന എന്ന ഭാഷാ ഗവേഷക. എന്റെ സംസ്കൃതപാണ്ഡിത്യം കണ്ട് കണ്ണുതള്ളിയിരിക്കുന്ന ഡൊണാറ്റോയും മറ്റേ പെണ്ണും പതിയേ എലീനയുടെ ചിരിയിൽ പങ്കുകൊണ്ടു. ഒരു കൂട്ടച്ചിരി. ആയിരക്കണക്കിന് യൂറൊപ്യൻ ചിരട്ടകൾ ഒരു മഞ്ഞുമലയിൽ ഒരുമിച്ച് വർഷിച്ചപോലുള്ള ആ ശബ്ദസമ്മേളനം ആസ്വദിക്കാനെനിക്ക് കഴിഞ്ഞില്ല. ഐസിൽ വീണപ്പോൾ പുറത്തുവന്നേ അതേ ചിരി എന്റെ മുഖത്ത് തെളിഞ്ഞു.

"നിങ്ങൾ നല്ല തമാശ കാണിച്ചിരിക്കുന്നു. സംസ്കൃതത്തിൽ വെറും വാർത്താ വായന മാത്രമല്ല ഉള്ളതു. പറഞ്ഞതോ, മുഴുവൻ പൊട്ടതെറ്റും. പഠിക്കാൻ ഞാൻ കുറേ പണിപ്പെട്ടു. ഇപ്പോൾ എനിക്ക് വായിക്കാം എഴുതാം, കുറച്ചൊക്കെ സംസാരിക്കാം. പക്ഷേ, മിസ്റ്റർ ഷഫീക്കിനെപ്പോലെ വാർത്ത വായിക്കാൻ ഇനിയും പഠിച്ചിട്ടില്ല." വീണ്ടും ചിരി.

മഞ്ഞുമലകളിൽ സൂര്യന്റെ നേർത്ത ചുവന്ന് കിരണങ്ങൾ വീണുകിടക്കുന്നു. ദിനാന്ത്യത്തിന്റെ തണുപ്പ് തീവണ്ടിക്കുള്ളിലേക്കും പരക്കുന്നുണ്ട്. മണി അഞ്ചാവുന്നതേയുള്ളൂ. പക്ഷേ ഇരുട്ടായിത്തുടങ്ങുന്നു. നവംബറിലെ പകലുകൾക്ക് ദൈർഘ്യം കുറവാണ്. നെടും കുത്തനെയുള്ള തീവണ്ടിപ്പാതയിലൂടെ ഇടക്ക് ഒരു കൊച്ചു തുരങ്കവും കടന്ന് മുക്കാൽ മണിക്കൂർ കൊണ്ട് മലയടിവാരത്തിലെ ആൽപ്പനാസ്റ്റെഡ്(Alpnachstad) എന്ന കൊച്ചു ഗ്രാമത്തിലെത്തിച്ചേർന്നു. വളരേ പഴയവീടുകളുള്ള, ചെറിയ വീതികുറഞ്ഞ റോഡുകളുള്ള ഒരു കൊച്ചു സ്വിസ്സ്ഗ്രാമം. ആളനക്കമില്ലാത്ത ആ ഗ്രാമീണപാതയിലൂടെ ഞങ്ങള്‍ കുറച്ചുദൂരം നടന്നു. പഴകിപ്പൊളിഞ്ഞ ബഹുനില വീടുകള്‍ യക്ഷിക്കഥയിലെ ഭവനങ്ങള്‍ പോലെ തോന്നിച്ചു. ട്രെയിന്‍ വരാന്‍ സമയമായിരിക്കുന്നു. ഞങ്ങള്‍ ഒരു ബസ്സ്റ്റോപ്പു പോലെയുള്ള ചെറു റയില്‍ സ്റ്റേഷനിലെത്തി. ആ പത്തിരുപത് മിനുട്ടിനിടെ ഒരൊറ്റ മനുഷ്യജീവിയെപ്പോലും കണ്ടതേയില്ല. റോഡിന്റെ മറുവശത്ത് ശാന്തമായി നിലകൊള്ളുന്ന ലൂസേണ്‍ തടാകം. ഈ മാസങ്ങളിൽ ലൂസേൺ ലെയ്ക്കിൽ ബോട്ട് സവാരിയില്ല. തീവണ്ടിയിൽത്തെന്നെയാണ് ലൂസേണിലേക്ക് തിരിച്ചത്. മടക്കയാത്രയിൽ ലൂസേണിലെത്തുന്നതു വരേ ഡൊണാറ്റോ ഇടക്കിടെ ഞങ്ങൾ തമ്മിലുള്ള കരാർ ലംഘിച്ചുകൊണ്ടിരുന്നു.

7 മണിക്ക് ശേഷമുള്ള ആദ്യ തീവണ്ടിയിലെ ഒത്ത നടുക്കുള്ള ഒരു വാഗണിലെ ജനാലക്കരികിൽ ഞാനിരിപ്പുറപ്പിച്ചു. ഇനിയും പത്ത് മിനുട്ട് ബാക്കിയുണ്ട്. ഡൊണാറ്റോ യാത്ര പറഞ്ഞു. ഒരു ദിവസത്തെ പരിചയം ഒരു വർഷത്തെ പരിചയത്തേക്കാളുപ്പുറത്തെത്തിയിരിക്കുന്നു. ഞങ്ങൾ തമ്മിൽ ചേരുന്ന ഒരു സ്വഭാവവുമില്ല. എനിക്കത്ഭുതം തോന്നി. അവനെ ചിലപ്പോൾ ഞാൻ മറന്നു പോയേക്കാം. അല്ലെങ്കിൽ അപ്രതീക്ഷിതമായി വന്നേക്കാവുന്ന ഒരു ഫോൺ വിളിയിൽ അവനെന്റെ ഓർമ്മകളിലേക്ക് മഞ്ഞുമലയിലെ ഈ പകലിനെ തിരികെക്കൊണ്ടു വന്നേക്കാം. മനോഹരമായ ഒരു ദിവസത്തെ അരമിനിറ്റിലെ സംസ്കൃതം അൽപ്പം കേടാക്കിയതൊഴിച്ചാൽ ഓർമ്മയിൽ സൂക്ഷിച്ചുവെക്കാൻ എമ്പാടുമുണ്ട്.


"ഷഫീക്ക്, ദാ..ഒരു കോഫി, നല്ല ചൂടുണ്ട്. ഈ ചോക്ലേറ്റുകൾ യാത്രയിൽ തിന്നാം" ഡൊണാറ്റോയാണ്. യാത്ര പറഞ്ഞ് പോയവൻ വീണ്ടും തിരിച്ച് വന്നിരിക്കുന്നു. "ഇനിയിവിടെ വരുമ്പോൾ എന്നെ വിളിക്കാൻ മറക്കരുതേ. നമുക്ക് ടിട്‌ലിസ് മലയിൽ പോകാം പിന്നെ എംഗൽബെർഗിൽ നിന്നും കാൽനടയായി ചെറുകുന്നുകൾ കേറാം. അല്ലെങ്കിൽ യുൻഗ്ഫ്രോ. പ്രോമിസ്സ്, നിനക്കിഷ്ടമില്ലാത്തതൊന്നും ഞാൻ മിണ്ടില്ല."  വണ്ടി വിടാറായിരിക്കുന്നു. അവൻ പുറത്തിറങ്ങി. ജനാലക്കരികിലെത്തി കൈവീശി എന്നെ യാത്രയാക്കി.
ചുടുകാപ്പി മൊത്തിക്കുടിച്ചു കൊണ്ട് ഞാൻ ഇരുട്ടിത്തുടങ്ങുന്ന പുറം കാഴ്ചകളിൽ മുഴുകി. മിക്ക സീറ്റുകളിലും കാലിയാണ്. കൂടെയുള്ളവരെ നിരീക്ഷിക്കുന്ന എന്റെ സ്ഥിരം വിനോദത്തിന് വകുപ്പില്ല. തൊണ്ടയിലെ കിരികിരിപ്പിലൂടെ ചൂടുകാപ്പി അരിച്ചിറങ്ങുമ്പോൾ എന്തെന്നില്ലാത്ത സുഖം.  ഇന്നത്തെ ദിവസം മുഴുവൻ കോടിക്കണക്കിന് പിക്സലുകളായി എന്റെ ക്യാമറയിൽ പതിഞ്ഞു കിടപ്പുണ്ട്. മേലെ വെച്ച ബാഗിൽ ക്യാമറെയെടുക്കാനായി എഴുന്നേറ്റു.

" സമ്പ്രതി വാർത്താഹാ: ശുയന്താം...."

അപ്രതീക്ഷിത ആക്രമണത്തിൽ ഒന്ന് പതറി! അവളാണ്. ഇതേ തീവണ്ടിയിൽ, ഇതേ ബോഗിയിൽ. ശവത്തിൽ കുത്താൻ. വേണ്ട. ഒരേറ്റുമുട്ടൽ വേണ്ട. പെണ്ണാണ് ജാതി. മിണ്ടാതിരിക്കുന്നതാണ് ഭേദം. സംസ്കൃതവും അറിയാം. എന്തെങ്കിലും മിണ്ടിപ്പറഞ്ഞ് കമ്പനികൂടാനുള്ള അടവായിരിക്കും. ഞാൻ ചെവികൊടുക്കാതെ മെല്ലെ സീറ്റിൽ അമർന്നിരുന്നു. ടീ ടീ ഇയുടെ നീണ്ടവിസിൽ, വണ്ടി ഇളകിത്തുടങ്ങി.

ഇതി വാർത്താഹ:

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

കമ്പിപ്പാര കയറാനും കയറാതിരിക്കാനും സാധ്യതയുണ്ട്!

കണ്ണേ മടങ്ങുക
കുഴഞ്ഞു മറിഞ്ഞു "മാഷ്"
മണ്ണാകുമീ പാര
വിസ്മൃതമാകുമിപ്പോൾ....

റോഡ് മുറിച്ചു കടക്കുന്നവർ, നിരത്തു വക്കിലൂടെ നടന്നു പോകുന്നവർ, ഉയരമുള്ള മരങ്ങളിലോ കെട്ടിടങ്ങളിലോ കയറുന്നവർ എന്നിവരൊക്കെ ഇനി മുതൽ അത്യധികം സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ പഴയതു പോലെയല്ല, ഒരപകടം നടന്നാൽ കയ്യോ കാലോ ഓടിയുക, അംഗഭംഗവും ചിലപ്പോൾ മരണം തന്നെയും സംഭവിക്കുക എന്നിവയെല്ലാമായിരുന്നു നാളിതു വരേയുള്ള നടപ്പു രീതികൾ.  എന്നാൽ വൈദ്യശാസ്ത്രം അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, എവിടെ നിന്നോ പറന്നു വരുന്ന ഒരു കമ്പിപ്പാര അപകടത്തിൽ പെട്ടവരുടെ ആസനം തുളച്ചു കയറുന്നതായി ആസ്ഥാന വൈദ്യന്മാർ കണ്ടുപിടിച്ചിരിക്കുന്നു.ഓരോന്നിനും ഓരോ സമയമുണ്ട്. നൊബേൽ സമ്മാനം, കഴിഞ്ഞ ഒരാഴ്ച മുമ്പ് മാത്രമാണ് പ്രഖ്യാപിച്ചു പോയത്. അല്ലെങ്കിൽ തിരുവനന്തപുരത്തെ ചില ഡോകടർമാരുടെ വീട്ടിലോ അല്ലെങ്കിൽ ചില വലതുമുന്നണി നേതാക്കളുടെ വീട്ടിലോ ഒക്കെ ഇരിക്കേണ്ടതായിരുന്നു ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. വാളകത്തെ അധ്യാപകന് "നോവ"ല് സമ്മാനം കൊടുത്തവരെ രക്ഷിക്കാനോ മറ്റോ ഉള്ള ഈ മഹത്തായ കണ്ടുപിടുത്തവും കൂടി നമുക്ക് ചാണ്ടി സർക്കാറിന്റെ എക്കൗണ്ടിൽ എഴുതി വെക്കാം.

അധ്യാപകനെ ക്രൂരമായ രീതിയിൽ മർദ്ദിച്ചവശനാക്കി റോഡിൽ തള്ളിയതിനെക്കുറിച്ചുള്ള ആദ്യഘട്ട ഫ്ലാഷ്ന്യൂസ് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ആസനത്തിലെ കമ്പിപ്പാര. മൃഗീയമായ ക്രൂരതയെന്ന് ചാനൽ ചർച്ചകളിൽ പാർട്ടിഭേധമന്യേ നേതാക്കൾ ഓരിയിട്ടു. നാളിതുവരേ ഏതെങ്കിലുമൊരു മൃഗം മറ്റൊരു മൃഗത്തിന്റെ ആസനത്തിൽ എന്തെങ്കിലും അടിച്ചുകയറ്റി മർദ്ദിച്ചതായി എവിടെയും റിപ്പോർട്ട് ചെയ്തതായി അറിവില്ല. എന്തു തോന്ന്യാസവും മൃഗങ്ങളുടെ മേൽ ചാർത്തിക്കൊടുക്കുന്ന ഈ ഏർപ്പാടിനെതിരെ മേനകാഗാന്ധി പോലും പ്രതികരിക്കാതിരുന്നത് അത്ത്യന്തം മനുഷ്യത്വപരമായിപ്പോയി എന്നാണെന്റെ അഭിപ്രായം. ഒരാഴ്ചയിലധികം ചർച്ച ചെയ്യപ്പെട്ട കമ്പിപ്പാരയുടെ പിതൃത്വം യാദൃശ്ചികതയെ ഏൽപ്പിച്ച നമ്മുടെ സർക്കാർ ഭിഷഗ്വരന്മാർ കേരളമക്കളെ ചിരിപ്പിക്കാൻ ഇനിയെന്തെല്ലാം കോമിക്കോളകളുമായി വരുമെന്ന് കാത്തിരുന്ന് കാണാം.

അധ്യാപകന്റെ ശരീരത്തിൽ തുളഞ്ഞു കയറിയ പാര ബാലകൃഷ്ണപ്പിള്ളയുടെ വയറും തുളച്ച് യൂഡീ എഫ് സർക്കാറിന്റെ നെഞ്ചത്താണ് വന്ന് നിന്നത്. ഈ സീസണിൽ വൻഫോമിൽ ബാറ്റുവീശിക്കൊണ്ടിരിക്കുന്ന ചീഫ് വിപ്പ് ഈ ക്വൊട്ടേഷനും സ്വമേധയാ ഏറ്റെടുത്തുകൊണ്ട് ചാണ്ടിസർക്കാറിന്നു വേണ്ടി പ്രതിരോധം തീർക്കുകയും എതിർടീമിന്റെ ക്യാപ്റ്റനെതിരെ സ്വജനപക്ഷപാതം ആരോപിച്ചു കൊണ്ട് തിരിച്ചടിക്കുകയും ചെയ്തപ്പോഴേക്കുമാണ് "പാര" ഏതൊരപകടത്തിലും, വീഴ്ചയിലും ആരുടെയും എവിടെയും തുളഞ്ഞു കയാറാൻ പാകത്തിൽ അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന ഒരുതരം വൈറസായി മാറിയത്!അല്ലെങ്കിലും ഓരോ മഴക്കാലങ്ങളിലും എന്തെല്ലാം പുതിയ രോഗാണുക്കളാണ് നമ്മുടെ ഈ കേരളാ സംസ്ഥാനത്ത് മാത്രം പിറവികൊള്ളുന്നത്!

പട്ടിയെ ആടോ ആനയോ ഒക്കെയാക്കുന്നതു പോലുള്ള ഈ മലക്കം മറിച്ചിൽ ഏർപ്പാട് മുമ്പും പല തവണ കേരളാ പോലീസും നമ്മുടെ സർക്കാറുകളും ചെയ്യുകയും പൊതുജനത്തെ വെറും സതീഷന്മാരാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിയും ആവർത്തിക്കും. ചാനലുകളിൽ ചൂടൻ ചർച്ചകൾ നടക്കും. നമ്മളെല്ലാം അന്തം വിട്ട് നോക്കി നിൽക്കും. അപ്പോഴേക്കും പുതിയൊരു ഇഷ്യൂ വാർത്തകളിൽ നിറയും. നാം പാരയും കുന്തവും മറക്കും. വാർത്തകളിൽ നിന്നും വാർത്തകളിലേക്ക് മലയാളിയുടെ മനസ്സ് ഓടി നടക്കും. അത്രമാത്രം. കമ്പിപ്പാരയുടെ ഈ യാദൃശ്ചികത അന്വേഷിച്ച് ഒരു സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ നമ്മുടെ ഒരു മാധ്യമങ്ങളും തയ്യാറാകാത്തതിൽ അതിശയം വേണ്ട.നമുക്ക് വാർത്തകൾ വേണം. ചർച്ചകളും അഭിമുഖങ്ങളും നടക്കണം. ചാനലിന്റെ റെയ്റ്റിംഗ് കൂട്ടണം. അതിനിടയിൽ ആരാന്റെ ആസനത്തിൽ പാരയല്ല, ജേ.സീ.ബി കേറിയാലും നമുക്കെന്ത്?!!

സർക്കാറും അധികാരികളും മാധ്യമങ്ങളും കൂടി പൊതുജനത്തെ പമ്പരവിഡ്ഡികളാക്കുന്ന ഈ സ്ഥിരം ഏർപ്പാട് കേരളത്തിലും ഗുജറാത്തിലുമല്ലാതെ മറ്റേതെങ്കിലും സംസ്ഥാനത്ത് നിലവിലുള്ളതായി ആർക്കെങ്കിലും അറിവുണ്ടോ?

---ചിത്രം ഗൂഗിളിൽ നിന്നും---

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

വാസക്ടമി 350, ലാപ്രോസ്കോപ്പി 450!!

വനിതാ അവകാശ ബിൽ എന്ന് പേരിട്ട പുതിയ നിയനിർമ്മാണ കരട് രേഖ ജസ്റ്റീസ് വീ ആർ കൃഷ്ണയ്യർ അധ്യക്ഷനായ കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. വനിതകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കാനുതകുന്ന പരിഷ്കാരങ്ങളുണ്ടെന്ന് പറയപ്പെടുന്ന പ്രസ്തുത ബില്ലിൽ അതിഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന, മനുഷ്യബുദ്ധിക്ക് നിരക്കാത്ത പല നിർദ്ദേശങ്ങളുമുണ്ട്.

സെഞ്ച്വറിക്ക് വെറും നാല് വർഷം മാത്രം ബാക്കി നിൽക്കെയാണ് ഇനിയുള്ള ഓവറുകളിൽ പന്തുകിട്ടാതായിപ്പോവുമോ എന്ന് ഭയന്ന് ഭാവി കളിക്കാരെ മൈതാനം കാണിക്കരുതെന്ന ഒരു ഹരജിയുമായി മാസ്റ്റർ ബ്ലണ്ടർ മുഖ്യസെലകടർക്ക് ഉപദേശം കൊടുത്തിരിക്കുന്നത്!

ദാരിദ്ര്യം ഭയന്ന് ജനസംഖ്യ പരിമിതപ്പെടുത്താനാണത്രെ 96കാരനായ ജസ്റ്റീസ് അയ്യർ സംസ്ഥാനസർക്കാറിന് ഉപദേശം നൽകിയിരിക്കുന്നത്!! സർക്കാർ ചെലവിൽ സൗജന്യമായി ഗർഭച്ചിദ്രത്തിനും സൗകര്യമുണ്ടാക്കണമെന്നും ശുപാർശിച്ചു കളഞ്ഞു! അതായത് ദൈവം അമ്മമാരുടെ വയറ്റിൽ ഇട്ടുകൊടുത്ത, നിഷ്കളങ്കമായ ജീവന്റെ തുടിപ്പിനെ അറുകൊല ചെയ്യാൻ!! ദാരിദ്ര്യം മാറ്റാൻ 80 കഴിഞ്ഞ വയസ്സന്മാരെ പട്ടിണിക്കിട്ട്കൊല്ലാൻ പറയാനെന്തേ ഇദ്ദേഹത്തിന് തോന്നിയില്ല? പ്രായമേറുമ്പോൾ ബുദ്ധിക്ക് തകരാർ സംഭവിക്കുന്നതും അത്തും പിത്തുമായി എന്തെങ്കിലും വിളിച്ചു പറയുന്നതുമൊക്കെ സാധാരണമാണ്. അത്തരത്തിലൊരു ആസ്ഥാന സാംസ്കാരിക നായകനും നമുക്കുണ്ടല്ലോ. 70 കഴിഞ്ഞവർ (രാഷ്റ്റ്രീയക്കാരല്ലാത്ത :-)) പൊതുവിഷയങ്ങളിൽ മൗനം പാലിക്കണമെന്ന് ഒരു പുതിയ പൊതുതാത്പര്യ ബില്ല് കൊണ്ട് വരാൻ പീ സീ ജോർജ്ജ് അധ്യക്ഷനായി ഒരു സമിതി രൂപീകരിക്കാൻ സർക്കാർ തയ്യാറാവണം.

ഈ വിചിത്ര നിർദ്ദേശത്തിനുള്ള കാരണമാണ് ഏറ്റവും വിചിത്രം. ദാരിദ്ര്യം മാറ്റാനാണാത്രെ! കേരളത്തിൽ ദാരിദ്ര്യമില്ലെന്നും പറഞ്ഞ് ഒരു ഐ ഏ എസ്സുകാരൻ മനംനൊന്ത് ബീജേപ്പീ വണ്ടികേറി നാടുവിട്ട് ഭൂതക്കണ്ണാടിയുമായി അയൽസംസ്ഥാനങ്ങളിൽ ദാരിദ്ര്യം തെരെഞ്ഞുനടക്കുന്ന കഥയൊന്നും വീ.വീ.രാമ അയ്യരുടെ ഏഴുമക്കളിൽ "രണ്ടാ"മനായി ജനിച്ച ജസ്റ്റീസ്അയ്യരും കമ്മീഷൻ കൂട്ടുകാരും അറിഞ്ഞില്ലാ എന്നുണ്ടോ?

മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നത് തെറ്റായി കാണുന്ന ഈ നിയമം ദമ്പതികള്‍ക്ക് പിഴ ശിക്ഷയും തടവും വരേ ശുപാര്‍ശ ചെയ്യുന്നുണ്ട്. മാത്രവുമല്ല, മൂന്നാമത്തെക്കുഞ്ഞിന് പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. ഒരു വിഭാഗം പൗരന്മാരെ രണ്ടാം തരക്കാരാക്കി മാറ്റുന്ന ഈ കാടന്‍ നിയമം വരുത്തിവെച്ചേക്കാവുന്ന സാമൂഹിക വിപത്തുകളെക്കുറിച്ച് ആഴത്തിൽ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മൂന്നാമത്തെ കുഞ്ഞ് നിയമപര‍മായി തെറ്റാണെങ്കില്‍, മാതാപിതാക്കള്‍ ചെയ്ത "തെറ്റിന്റെ" പേരില്‍ മരണം വരേ ദുരിതമനുഭവിക്കേണ്ടി വരുന്ന "ഇല്ലെജിറ്റ്മേറ്റ്" പൗരന്മാരുടെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ് കെട്ടിയെഴുന്നള്ളിക്കപെട്ട ഈ പരിഷ്കരണോദ്യമം!

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളീലൊന്നുമില്ലാത്ത ഈ പട്ടിണീപ്പേടി എവിടുന്നാണാവോ ഈ വയസ്സാൻ കാലത്ത് കുടുങ്ങിയത്? ഇവ്വിഷയത്തിൽ എതിർപ്പുമായി മതസംഘടനകളാണ് മുന്നിൽ വന്നത്. രാഷ്ട്രീയക്കാരെ കാര്യമായി ഈ വഴിക്ക് കണ്ടില്ല. ജനന നിരക്ക് രണ്ടിൽത്താഴെ മാത്രമുള്ള (1.9) കേരളത്തിൽ ഇത്തരമൊരു നിയമം നടപ്പിലായാൽ ജനസംഖ്യാ ചോർച്ചയാവും വരും കാലത്തിൽ കേരളത്തിൽ ഉണ്ടാവുക. കേരളത്തിന്റെ ജനനനിരക്ക് 1.5 ഓ 1.7ഓ ആണെന്നും അല്ല 1.9 ആണെന്നും വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ജനസംഖ്യാ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ യൂ.എന്‍ നിര്‍ദ്ദേശിച്ച 2.2 നും താഴെയാണത്. സ്വയം പരിഷ്കൃതരായ മലയാളികളില്‍ ഇനിയും ഇത്തരത്തിലൊരു കാടന്‍ നിയമം അടിച്ചേല്പിച്ചാല്‍ അത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ!


എൺപതുകളിലെ മധ്യത്തിൽ വാസക്ടമി 350 ലാപ്രോസ്കോപ്പി 450 എന്ന് നാടാകെ എഴുതി ഒട്ടിച്ചിരുന്നു. പലരും 35 രൂപയും ബക്കറ്റും വാങ്ങി അഞ്ചാമത്തെയോ എട്ടാമത്തെയോ ഒക്കെ കുഞ്ഞിനെയുമെടുത്ത് ആശുപത്രി വിട്ടു. "നാം രണ്ട് നമുക്ക് രണ്ട്" എന്ന മുദ്രാവാക്യം "നാമൊന്ന് നമുക്കൊന്ന്" എന്നായി മാറിയിട്ട് കാലമേറെയായി. സർക്കാർ ഡിസ്പൻസറിയുടെ ഇളകിപ്പൊളിഞ്ഞ ചുമരുകളിൽ വെറുമൊരു സ്റ്റിക്കറായി വിശ്രമിക്കുന്ന ഈ മുദ്രാവാക്യം  "നാമാരുമല്ല നമുക്കാരും വേണ്ട" എന്നായി മാറുന്ന കാലം അതിവിദൂരമല്ല!!

കൃഷ്ണയ്യർ നീണാൾ വാഴട്ടെ. ജനിക്കാനിരിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളേ നിങ്ങൾക്ക് ആദരാഞ്ജലികൾ.

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഹര്‍ത്താലിന്റെ ഇടതുപക്ഷ മന:ശ്ശാസ്ത്രം

അനീതികള്‍ക്കെതിരെ എന്നും ചാടിപ്പുറപ്പെടുന്ന ജനപക്ഷപ്പാര്‍ട്ടിയാണ് സീ പീ എമ്മും അതിന്റെ കാല്‍ക്കീഴിലുള്ള കടലാസു പാര്‍ട്ടികളും. എന്ത് പ്രശ്നമുണ്ടായാലും ഹര്‍ത്താല്‍ നടത്തിയും മുദ്രാവാക്യം വിളിച്ചും അവര്‍ പ്രതിഷേധം മറ്റുള്ളവരെ അറിയിക്കും. അറിയിക്കേണ്ടവരെ അറിയിച്ചോ എന്ന് ചോദിക്കരുത്. സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റിയതിനെതിരെ കൊച്ചു കേരളത്തിലുടനീളം വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഹര്‍ത്താലുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ജീവന്‍പോയ സദ്ദാമിനെ തിരിച്ചു നല്‍ക്കാന്‍ കഴിയില്ല എന്നും പറഞ്ഞ് വൈറ്റ് ഹൗസിന്റെ ലെറ്റര്‍ പാഡിലൊരു ഫാക്സ് ഏ.കേ.ജീ സെന്ററിലെത്തിയതോടെയാണ് സഖാക്കളുടെ ധാര്‍മ്മികരോഷം അടങ്ങിയത്.

മാസത്തില്‍ തന്നെ പല തവണ കുതിച്ച് കയറുന്ന ഇന്ധനവില സാധാരണക്കാരായ ഓരോ ഭാരതീയനും ആധി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അടിക്കടി വില വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ മിണ്ടാപ്പൂച്ച പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ വന്‍ വിജയം തന്നെയാണ് കൈവരിച്ചിരിക്കുന്നത്. വിവരമറിഞ്ഞിട്ടും വില വര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കാത്തവര്‍ (അല്ലെങ്കില്‍ ആന്റണിയെപ്പോലെ മന:പ്രയാസപ്പെടാത്തവര്‍) നന്നേ ചുരുക്കമായിരിക്കും. അവരെ നമുക്ക് ബൂര്‍ഷ്വാ എന്നോ സാമൂഹ്യവിരുദ്ധര്‍ എന്നോ ഒക്കെ സ്വകാര്യമായി വിളിക്കാം.

പതിവുപോലെ ഈ മാസവും ഇന്ധനവില കൂടി. കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവനും. വിലവര്‍ദ്ധന മൂലം കിട്ടുന അധിക നികുതി വേണ്ടെന്ന് വെച്ചു കേരള സര്‍ക്കാര്‍. കേരള സര്‍ക്കാര്‍ മാത്രം! അണ്ണാറക്കണ്ണനും തന്നാലായത്. പ്രയാസപ്പെടുന്ന ജനത്തിനൊരാശ്വാസം എന്ന നിലക്കോ, കടിക്കാന്‍ വരുന്ന പ്രതിപക്ഷത്തിനൊരു തട എന്ന നിലക്കോ. ഏതായാലും, കൂടിയതില്‍ നിന്നും 70 പൈസ അങ്ങിനെ കുറഞ്ഞികിട്ടി.

എന്നിട്ടോ? തലസ്ഥാനത്ത് കിടിലന്‍ മുദ്രാവാക്യങ്ങളുമായൊരു റാലി. ദില്ലിയിലല്ല, തിരുവനന്തപുരത്ത്! സമാധാനപരമായ ചില്ലറ കല്ലേറുകളും വാഹനങ്ങള്‍ തകര്‍ക്കലും തീവെപ്പും. ചില സര്‍ക്കാര്‍ ഓഫീസുകളിലും സമാധാനശ്രമങ്ങള്‍ നടത്തി. പോലീസുകാരും വിദ്യാര്‍ത്ഥി/യുവ സഖാക്കളും കൂടി ലാത്തിയും കല്ലുമുപയോഗിച്ച് സമാധാന ഉച്ചകോടി കൂടി. അടികിട്ടി ചോരയൊലിപ്പിച്ച് ഏ.കേ.ജീ സെന്ററിലെത്തിയ നിരപരാധികളായ ഭാവിസഖാക്കളെക്കണ്ട മൂത്ത സഖാക്കള്‍ക്ക് ചോരതിളച്ചു. അതിന്റെ പേരിൽ ഒരു ചിന്ന ജില്ലാ ഹർത്താൽ. അത് പോരാഞ്ഞ് സംസ്ഥാനമൊട്ടാകെ വീണ്ടും ഹർത്താൽ!!!

ഹർത്താൽ കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് ട്യൂഷനും കോച്ചിംഗും ഒന്നുമില്ലാത്ത ഒരു ദിനം. സർക്കാർ ഉദ്യോഗസ്ഥർക്ക് വീണുകിട്ടിയ ഒരൊഴിവുദിനം. കച്ചവടക്കാർക്കും മറ്റ് പണിക്കാർക്കും ഒരു പകലുറക്കത്തിന്റെ സന്തോഷം. പെട്രോൾ വില കുറഞ്ഞോ? കേന്ദ്രസർക്കാർ ഇതെന്തെങ്കിലും അറിഞ്ഞോ? മാർക്സിസ്റ്റ് പാർട്ടി എന്തു നേടി? ഇവിടെയാണ് ഹർത്താലിന്റെ ആത്മാർത്ഥതയുടെ ചോദ്യമുയരുന്നത്. വില കുറഞ്ഞാലും ഇല്ലെങ്കിലും പ്രതിഷേധിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്ന് ഇടതുപക്ഷക്കാർ കണ്ണുപൊട്ടൻ ന്യായം പറഞ്ഞ് നെഞ്ചുവിരിക്കുന്നു. കഷ്ടം!!

ചിന്തിക്കാനുള്ള അവയവം പാർട്ടി ഓഫീസിൽ വെച്ച് മറന്നു പോയിട്ടില്ലെങ്കിൽ ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ ആർക്കിട്ടാണ് ഈ ഹർത്താലിന്റെ ഭാരം കൊടുത്തതെന്ന്? നിത്യച്ചിലവിന് കൂലിപ്പണിയെടുക്കുന്ന, ദിവസക്കൂലികൊണ്ട് ചിലവ് നടത്തുന്ന പാവപ്പെട്ടവന്റെ ഒരു ദിവസത്തെ ജീവിതമാർഗ്ഗമാണ് മുട്ടിച്ചത്. ചുമടെടുക്കുന്നവനും, വാഹനമോടിക്കുന്നവനും പെറ്റ്രോൾ വില കൂട്ടി കേന്ദ്രസർക്കാർ കൊടുത്തത് പോലുള്ള ഒരടി തന്നെയാണ് ഇടതുപക്ഷവും നൽകിയത്. ഒന്നോ രണ്ടോ കൊല്ലം കൂടിയിട്ട് നാട്ടിൽ വരുന്ന നിരവധി പ്രവാസികൾ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. നല്ല വരവേൽപ്പ്! അവർക്കൊന്നും ഹർത്താൽ ഒരവധി ദിവസത്തിന്റെ ആഹ്ലാദം നൽകുന്നില്ല. സർക്കാറിന്ന് നഷ്ടം കോടികളാണ്. പണിയെടുത്തില്ലെങ്കിലും ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകണം. നാടിന്റെ വളർച്ചയെ ഒരു ദിവസം പിന്നോട്ട് വലിച്ചിട്ട് എന്തു നേടി?

പ്രതിഷേധം പിന്നെ എങ്ങിനെ വേണ്ടിയിരുന്നു?
കേന്ദ്രസർക്കാരാണ് ഈ വിലകയറ്റത്തിന്റെ ഏക ഉത്തരവാദികൾ. ഇതിന് ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയും മന്ത്രാലയവും ഉദ്യോഗസ്ഥരുമുണ്ട്. എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്ന കള്ളക്കണക്ക് നൽകി ജനങ്ങളെ പറ്റിക്കുന്നത് അവരാണ്. ആ കണക്കിലെ പൊള്ളത്തരം തുറന്നു കാട്ടാൻ ഇടതുപക്ഷം പോലൊരു പാർട്ടിക്ക് കഴിവില്ലേ? കേരള സർക്കാറിന്റെ പ്രതിനിധികളെ കൂട്ടി ഒരു സർവ്വ കക്ഷി സംഘത്തെ ദില്ലിയിൽ വിട്ട് ഗൗരവമായി ഇവ്വിഷയം ചർച്ച ചെയ്ത് ഒരു പോംവഴി നിർദ്ദേശിച്ചു കൂടായിരുന്നോ? വലിയ ബുദ്ധിജീവികളും ശാസ്ത്രകാരന്മാരുമൊക്കെ പാർട്ടിയിൽ നിരവധിയില്ലേ? എന്തേ വലിയ അധ്വാനമില്ലാത്ത എന്നാൽ ഫലമുണ്ടായേക്കാവുന്ന ഇത്തരം മാർഗ്ഗങ്ങൾക്ക് പകരം യുവാക്കളെ പൊതുമുതൽ നശിപ്പിക്കാൻ വിട്ട്, പോലീസിന്റെ തല്ലു വാങ്ങി, പാവപ്പെട്ടവരെ പ്രയാസത്തിലേക്ക് ഉന്തിയിട്ട് ഹർത്താൽ നടത്താൻ മാത്രം മിനക്കെട്ടു? പ്രതിഷേധിക്കാൻ അവകാശമുള്ളപോലെത്തന്നെ ജനങ്ങളുടെ അവകാശങ്ങൾ പരിരക്ഷിക്കാൻ കടമയുമില്ലേ ഒരു ഉത്തരവാദിത്തപെട്ട് രാഷ്ട്രീയപ്പാർട്ടിക്ക്?

ചീറിപ്പായുന്ന കാറിന് എന്റ്റെ വക ഒരൂത്തും എന്നപോലെ, കാവിക്കാരും പ്രഖ്യാപിച്ചു കളഞ്ഞു ഹർത്താൽ! സ്വന്തം  പാർട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽപ്പോലും അധികനികുതി കീശയിലിട്ടിട്ടാണ് നാണമില്ലാത്ത ഇപ്പണി കാണിച്ചത്. ഇടതന്മാരുടെ കാര്യം പോട്ടെ. കണ്ണൂർ മുതൽ വെളിയംകോട് വഴി ചൈന വരേ മാത്രം വേരുകളുള്ള ഒരു കൊച്ചു പ്രസ്ഥാനമല്ലേ? എന്നാൽ ബാജ്പാ അങ്ങനെയാണോ? അഖിലഭാരതമടക്കിപ്പരന്നു കിടക്കുന്ന കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷിയല്ലേ? ഒരു അഖിലേന്ത്യാ ഹർത്താലിനുള്ള സ്കോപ്പല്ലേ താമരവിരിയാത്ത കേരളത്തിലിട്ടു കുളമാക്കിക്കളഞ്ഞത്? എന്തായാലും ദേശീയ നേതാക്കൾക്കില്ലാത്ത ബോധം സംസ്ഥാനനേതാക്കൾക്കുണ്ടെന്ന് (അവർ തന്നെയാണ് അണികളും) ഇതുവഴി തെളിഞ്ഞു.

സഖാക്കളേ, ഇനിയും ഹർത്താൽ നടത്തി ജനങ്ങളെ പൊട്ടന്മാരാക്കരുത്. പ്രതിഷേധിച്ചോളൂ, അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായിക്കാണിച്ച് ആണത്തവും പെണ്ണത്തവുമൊക്കെ തെളിയിക്ക്. ദില്ലിയിലിരുന്ന് കോർപ്പറേറ്റുകളുടെ ബിരിയാണി തിന്നുന്നവനറിയുമോ ഇങ്ങ് കേരളത്തിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന ഈ വിവരമില്ലായ്മകൾ? അവരെ വിവരമറിയിക്കണം. അതിനുള്ള പണി കൊടുക്കേണ്ടത് അവിടെയാണ്. ഇവിടെയല്ല. ചലോ ദില്ലി!!!!!

കുറിപ്പ്: ഇന്ധനവില വർദ്ധനയെ ന്യായീകരിക്കുന്നതല്ല ഈ പോസ്റ്റ്. മറിച്ച് ഹർത്താലിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യുന്നത് മാത്രമാണ്. (ഇത് മനസ്സിലാക്കിയാലും എന്റെ മേക്കിട്ട് കേറുന്നവർക്കുള്ള അഡ്വാൻസ് മറുപടിയാണിത്)

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

വിക്കി ലീക്കായിപ്പോയ എട്ടുകോടി!!

(വിദഗ്ദാഭിപ്രായം മാനിച്ച് തലക്കെട്ട് മാറ്റിയതാണ്. സംഗതി പഴയത് തന്നെ. കനിവുള്ളവരേ ഒരു നിമിഷം!)
രോഗം കൊണ്ടും ദാരിദ്ര്യം കൊണ്ടും കടം കൊണ്ടും ജപ്തി ഭീഷണികൊണ്ടും സാമ്പത്തികമായും മാനസികമായും തകര്‍ന്ന ഒട്ടനവധി പേരെ ജാതിയോ മതമോ നോക്കാതെ സഹായിച്ച ചരിത്രമുണ്ട് ബ്ലോഗര്‍മാര്‍ക്ക്. അല്ലാത്ത ഐ ഏ എസുകാരന്റെ ഇല്ലാത്ത അര്‍ബുദത്തിന് വരേ നാം പണമയച്ചു സഹായിച്ചു. വേദനയില്‍ മുക്കിയ ഒരു പോസ്റ്റ്, അതുമതി ബ്ലോഗര്‍മാരുടെ ഹൃദയം തരളിതമാക്കാന്‍. കരളലിയിക്കുന്ന, കണ്ണ് നനയിക്കുന്ന ഒരു കഥന കഥയിതാ നമുക്ക് മുന്നില്‍. എന്തെങ്കിലും വളരെപ്പെട്ടെന്ന് ചെയ്തേ തീരൂ.

ഒന്നേകാല്‍ കോടിയോളം കടമുള്ള തൊഴില്‍രഹിതനായ പാവപ്പെട്ട ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. പെട്രോളടിക്കാന്‍ കാശില്ലാതെ എട്ടോളം മുന്തിയ കാറുകളാണ് ചെറ്റക്കുടിലിന്റെ ചെറുമുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്നത്. സാധാരണ കുടുംബ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ മെയ് മാസത്തില്‍ വെറും രണ്ടേ രണ്ട് ക്രിമിനല്‍ കേസുകളും എട്ടുകോടിയോളം ആസ്തിയും ഒന്നേകാല്‍ കോടിയോളം കടവുമുള്ള ഒരു ശരാശരി മലയാളിയായിരുന്നു. ചവറ സ്വദേശികളായ ചില ദയാശൂന്യരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരമ്പരാഗതമായി കിട്ടിയ ഏതോ ശാപഫലമായി ജയിച്ചു പോവുകയും ചെയ്തു. തന്റെ അച്ഛനോടും കുടുംബത്തോടുമുള്ള കുടിപ്പക തീര്‍ക്കാനായി തന്നെ തൊഴില്‍‌മന്ത്രിയാക്കാന്‍ ചിലര്‍ നടത്തിയ കുത്സിതശ്രമങ്ങള്‍ വിജയിച്ചതോടെയാണ് തന്റെ ജീവിതത്തിന്റെ താളം തെറ്റിയതെന്ന് ഹതാശനായ ഈ ചെറുപ്പക്കാരന്‍ ഇന്നലെ പത്രക്കാര്‍ക്ക് മുന്നില്‍ കരഞ്ഞു പറഞ്ഞു. മന്ത്രിപ്പണി വന്നതോടെയാണത്രേ അച്ചായന്‍ കടം കേറി മെലിഞ്ഞ് മെലിഞ്ഞ് എല്ലും തോലുമായത്! നാട്ടിലെ പെരും മഴയത്ത് ഒലിച്ച് പോയതോ തിരക്കിട്ട നൂറ്ദിന കര്‍മ്മങ്ങള്‍ക്കിടെ വിക്കിലീക്കായിപ്പോയതോ ആണ് മേല്പ്പറഞ്ഞ എട്ടുകോടി. മെക്കാനിക്കല്‍ ബീ ടെക് വിദ്യാഭ്യാസ യോഗ്യതയുള്ള ഇദ്ദേഹത്തിനോ, സിവില്‍ എഞ്ചിനീയറിങും എം ബീ ഏയുമുള്ള ഭാര്യക്കോ ഒരു ജോലിയാണീ കുടുംബത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം. അല്ലാത്ത സഹായങ്ങള്‍ പണമായോ സ്വര്‍ണ്ണ ഉരുപ്പടികളായോ തൊഴില്‍ മന്ത്രാലയത്തിലേക്ക് അയച്ചു കൊടുക്കാന്‍ അപേക്ഷ. പണം ഡീ. ഡീ ആയിട്ടയക്കുന്നവർ കവറിനുപുറത്ത് "മാളികമുകളേറിയ മന്നന്റെ...." എന്നെഴുതണം.

നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് അറിയാതെ ഒരാവേശത്തിന്റെ പുറത്ത് പറഞ്ഞ് പോയതാണ്. നടക്കാത്ത പലതിന്റെയും കൂട്ടത്തില്‍ പെടുത്തി ജനം ഇതും മറക്കുമെന്ന് അന്നാശ്വസിക്കുകയും ചെയ്തു. അമ്മാവന്‍ ചത്ത് കട്ടിലൊഴിയാന്‍ കാത്തിരിക്കുന്ന പാർലമെന്ററി വ്യാമോഹികളായ ഇടതന്മാര്‍ ഭൂതക്കണ്ണാടിയും പിടിച്ച് പിറകെ മണപ്പിച്ച് നടക്കുന്നതില്‍ പേടിച്ച് മാത്രമാണ് അവസാന നിമിഷം ഇങ്ങിനെയൊരു വെളിപ്പത്തല്‍ നടത്തിയത്. മന്ത്രിമാരുടെ പൂര്‍‌ണ്ണസ്വത്തു വിവരങ്ങളോ ബിനാമിസ്വത്തുക്കളോ വെളിപ്പെടുത്തുമെന്ന് ആരും പറഞ്ഞിട്ടില്ല. ഇനി ആര്‍ക്കെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ സ്വന്തം നിലക്ക് അന്വേഷിക്കാവുന്നതാണ്. ഇതിനും താത്പര്യമില്ലാത്ത ജിഞ്ജാസുക്കള്‍ക്ക് അമേരിക്കന്‍ കോണ്‍സുലേറ്റുമായോ വിക്കിലീക്സുമായോ ബന്ധപ്പെടാം.

എന്തായാലും ഈ വെളിപ്പെടുത്തലുകള്‍കൊണ്‍ട് ചിലര്‍ക്കെങ്കിലും നേട്ടങ്ങളുണ്‍ട്. ലീഗുകാര്‍ക്ക് നെഞ്ച് വിരിച്ച് നടക്കാം. എന്താ, കുഞ്ഞാപ്പയുടെ ഒരു പവര്‍! മന്ത്രിമാരില്‍ സമ്പന്നന്‍. എല്ലാ പത്രക്കാരും, സ്വന്തം ചെയര്മാന് പുല്ലുവില മാത്രമുള്ള ചാനല്‍ പോലും പറഞ്ഞില്ലേ കുഞ്ഞാപ്പ സമ്പന്നനാണെന്ന്? ഇനി സല്‍ഗുണസമ്പന്നന്‍ എന്നുകൂടി പറഞ്ഞു കിട്ടിയാല്‍ മതി! മന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടി ഏ.ഐ.സീ.സ്സീ ആസ്ഥാനമുറ്റത്ത് ആഴ്ചകളോളം വെയിലുംകൊണ്ട് പട്ടിണികിടക്കുകയും മുതിര്‍ന്ന നേതാക്കളുടെ ഛായാചിത്രം ഓടയിലെറിയുകയും കേരളാഹൗസില്‍ എണ്ണയിട്ട് ഉഴിച്ചില്‍ നടത്തുകയുമൊക്കെ ചെയ്യേണ്ട ഈ കാലത്ത് സ്വന്തമായി ഒരു ആളില്ലാപാറ്ട്ടിയും പത്രമുതലാളിയായ അച്ചനുമൊക്കെ ഉണ്ടായിട്ടും മന്ത്രിസ്ഥാനം ത്ഫൂ.. എന്ന് തുപ്പിത്തെറുപ്പിച്ച് ശ്രേയസ്സുയര്‍ത്തിക്കളഞ്ഞൂ വയനാടിന്റെ പൊന്നോമന കുമാരന്‍. ഈ അസാധാരണമായ ചെയ്തി കണ്‍ടിനിയും ഞെട്ടല്‍ മാറിയിട്ടില്ലാത്ത രാഷ്ട്രീയ നിരീക്ഷകര്‍ക്ക്  ഗുട്ടന്‍സ് പിടികിട്ടിയ സ്ഥിതിക്ക് ഞെട്ടലില്‍ നിന്ന് മോചിതരായി അടുത്ത ഞെട്ടലുകള്‍ക്കായി കാത്ത് നില്‍ക്കാം. അസമയത്തെ അറിവില്ലായ്മ വഴി മുന്നൂറ് കോടിയുടെ കാര്യം ആത്മകഥയിലെഴുതിപ്പോയ കാരാഗ്രഹവാസിയായ അഛന്റെ സമക്ഷത്തിങ്കല്‍ അടിയന്തിര സാമ്പത്തിക സഹായത്തിനുള്ള നിവേദനം കൊടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു വെറും നക്കാപ്പിച്ച കോടികള്‍ മാത്രമുള്ള പാവം കാട്ടുമന്ത്രിക്ക്.

കേരളത്തില്‍ നിന്നും തലയെടുപ്പുള്ള ഒരുപിടി മന്ത്രിമാര്‍ ദില്ലിയില്‍ ഹിന്ദിയില്‍ ഭരണം നടത്തുന്നുണ്ട്. ആസ്ഥാന പ്രതിരോധവിദഗ്ദനായ ആദര്‍ശവകുപ്പ് മന്ത്രി പതിറ്റാണ്ടുകളായി കാന്റീനിലെ കഞ്ഞികുടിച്ചുണ്ടാക്കിയത് വെറും വിരലിലെണ്ണാവുന്ന ലക്ഷങ്ങള്‍ മാത്രം! കേരളത്തിന് നാണക്കേടുണ്ടാക്കിക്കൊണ്ട് കൂട്ടത്തില്‍ പാവപ്പെട്ടവനെന്ന വിളിപ്പേരും. അതുപോട്ടെ, ഇഹലോക ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ആളല്ലേ എന്നു കരുതാം. എന്നാലങ്ങനെയാണോ ഒരു സിറ്റിങിന് ഒരു കോടിയോളം വാങ്ങുന്ന വക്കീല്‍ ദമ്പതികളുടെ കാര്യം? സാമ്പത്തിക വകുപ്പ് കാലങ്ങളോളം കൈകാര്യം ചെയ്തിട്ടും സ്വന്തം വരുമാനം ഭദ്രമായി സൂക്ഷിക്കാന്‍ കെല്പ്പില്ലാതെപോയല്ലോ എന്നോര്‍ക്കുമ്പോഴാ! കൊച്ചു കുട്ടികള്‍ പാട്ടുപാടിയും നൃത്തമാടിയും ലക്ഷറികാറുകളും ഫ്ലാറ്റുകളുമൊക്കെ അടിച്ചുകൊണ്ടുപോകുന്ന ഈ കാലത്ത് ഇരട്ട അക്കം വളര്‍ച്ചാ നിരക്കും നോക്കി നില്‍ക്കുന്ന ഈ രാജ്യത്തെ പ്രധാനമന്ത്രിക്കുള്ളത് വെറുമൊരു മാരുതി 800!! ഷെയിം! ഷെയിം! ലോകബാങ്കിലെയും റിസര്‍‌വ്വ് ബാങ്കിലെയും പെന്‍ഷന്‍ കൈപറ്റുന്ന, വലിയോ കുടിയോ ഒന്നുമില്ലാത്ത നല്ലതിനും ചീത്തക്കുമില്ലാത്ത ഒരു സാധു മനുഷ്യനാണീ ദുര്‍ഗ്ഗതിയെന്നോർക്കണം! നീരാ റാഡിയയോ അംബാനിയോ ഉടന്‍ ഇടപെട്ട് ഈ നാണക്കേടിനൊരു പരിഹാരം കണ്‍ടില്ലെങ്കില്‍ മലയാളം ബ്ലോഗര്‍മാര്‍ ഇതും ഏറ്റെടുക്കും.

കുറിപ്പ്: അഴഗിരിയും ദയാനിധിമാരനും ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമാശക്കുള്ള അവാര്‍ഡ് പങ്കിട്ടെടുക്കാന്‍ സാധ്യതയുണ്ട്.

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ലോക്പാൽ- കേന്ദ്ര സർക്കാർ ദേവപ്രശ്നം നടത്തണം

അണ്ണാ ഹസാരേ ഒരു ഒഴിയാ ബാധയായി മാറിയിരിക്കുകയാണ്. ഒരു കൂട്ടർ കട്ട് തിന്നു മുടിക്കുന്നതിന്നെതിരെയാണ് പല്ലുപോയ ഈ വൃദ്ധൻ തിന്നാതെ പ്രതിരോധിക്കുന്നത്. ഈ രാജ്യത്തെ ഒരു പ്രജ തിന്നാതിരിക്കുന്നത് സർക്കാറിനും തിന്നുകൊണ്ടിരിക്കുന്ന മറ്റ് പ്രജകൾക്കും നാണക്കേടും അപമാനവുമാണ്, അജീർണ്ണം പിടിക്കാനും മതി. നോമ്പ് മാസത്തിൽ ഒരു പകല് തികച്ചും പട്ടിണികിടക്കാൻ പോലും സമ്മതിക്കാതെയാണ് ഈ മഹാപാപിയെ, രാജ്യത്തെ ഏറ്റവും ഉന്നതർ മാത്രം താമസിക്കുന്ന, ഏറ്റവും മുന്തിയ ഭക്ഷണങ്ങളും സൗകര്യങ്ങളും കിട്ടുന്ന തിഹാർ ഹോട്ടലിലേക്ക് പല്ലക്കിലേറ്റിക്കൊണ്ടു പോയത്! ഇനി സ്ഥിരമായി തിന്നോളാം എന്നെഴുതിക്കൊണ്ടുപോയ കടലാസിൽ ഒരൊപ്പിടാൻ പോലും  കഴിഞ്ഞ ആറുമാസത്തോളമായി രാജ്യദ്രോഹം സ്ഥിരം തൊഴിലാക്കിയ ഈ മനുഷ്യൻ സമ്മതിച്ചില്ല. പ്രധാനമന്ത്രി ടെൻഷനിലാണ്. എന്തെങ്കിലും ഒരു പോംവഴി ഉപദേശിക്കാൻ മാഡം നാട്ടിലില്ല. സൂക്കേട് പിടിച്ച് കിടപ്പിലായിപ്പോയി. സർക്കാരിനെ ഭരിക്കാനും മന്ത്രിമാരെ വലിക്കാനും സമ്മതിക്കാതെ തുടരുന്ന ഈ ഒഴിയാബാധയിൽ നിന്നും ഒരു രക്ഷയില്ലേ?


ചിന്താവിഷ്ടനായ മൻ‍മോഹൻ‍ജീ, ആ ഫെയ്സ് ഒന്ന് ടേൺ ചെയ്തേ, തിരുന്തോരത്തേക്കൊന്ന് എത്തി നോക്ക്യേ. തറനെല്ലൂർ പരമേശ്വരൻ നമ്പൂതിരിയും നാരായണ ഭട്ടും പത്മനാഭ ശർമ്മയുമൊക്കെ അണിനിരന്നു നിലക്കുന്നത് കണ്ടില്ലേ? ഇനി താമസിക്കണ്ട. പാർലമെന്റിന്റെ നടുമുറ്റത്ത് ഒരു ഹോമ കുൺഡം ഒരുങ്ങട്ടേ. ദേവപ്രശ്നം തുടങ്ങട്ടെ. ഇനി ഹസാരേയെന്നല്ല ഏത് മുന്തിയ ബാബ ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് വന്നാലും നമ്മുടെ ഒരു രോമം പോലും തൊടാനോ ആർഷഭാരതത്തിന്റെ ദേശീയ പുണ്യകർമ്മമായി വാഴ്ത്തപ്പെട്ട അഴിമതിക്കെതിരേ ഒരക്ഷരം ഉരിയാടാനോ പാടില്ല. ഡൽഹിയിലേക്ക് വരുന്ന മഹാജ്യോതിഷികൾ വശം ഞാൻ കൊടുത്തയക്കുന്ന കത്തിൽ പറയുന്ന കാര്യങ്ങൾ "പ്രശ്ന"ത്തിന് ശേഷം മാത്രം പരസ്യപ്പെടുത്തുക.

ലോക്പാൽ എന്ന് പോയിട്ട് പശുവിൻപാൽ എന്നു പോലും ഒരു പ്രജയും പറഞ്ഞു പോകരുത്. അത് രാജ്യത്ത് വൻ‍കഷ്ടനഷ്ടങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാൻ കാരണമാവും. ലോക്പാൽ എന്ന് പറയുകയും അന്നേദിവസം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നവരുടെ കുടുംബം മുച്ചൂടും നശിച്ച് ഭസ്മമായിപ്പോവുകയും കുടുംബ സ്വത്തുക്കൾ അന്യാധീന (കേന്ദ്രമന്ത്രിമാരല്ല) പ്പെട്ടു പോവുകയും ചെയ്യും.

സ്വിസ് ബാങ്കിലെ ഏ മുതൽ ഇസഡ് വരേയുള്ള നിലവറകൾ തുറക്കാൻ പാടില്ല. അത് ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. നിലവറകളിലെ സ്വത്ത് നിർണ്ണയം നടത്തുകയോ കുറച്ച് കാലം കഴിഞ്ഞ് അതവിടെത്തന്നെയിരിപ്പുണ്ടോ എന്ന് നോക്കുകയോ ചെയ്യരുത്. മൃത്യുവിനും സ്മൃതിനഷ്ടത്തിനും കാരണമാവും. സ്വിസ് ബാങ്കിലെ ഇടപാടുകാരുടെ പേര് വിവരം തിരക്കാനോ വെളിപ്പെടുത്താനോ അവരുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്താനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല. ദൈവകോപം ഉണ്ടാവനും സ്വന്തം വിവരങ്ങളും വിവരമില്ലായ്മകളും പരസ്യപ്പെടാനും ഇടയാകും.

കേന്ദ്രമന്ത്രിമാർ, മന്ത്രിപദം ഇഷ്ടമില്ലാത്ത, പ്രായമായിട്ടും കല്യാണം പോലും കഴിക്കാതെ നാട് നന്നാക്കാൻ പണിയെടുക്കുന്ന, നിഷ്കാമകർമ്മികളായ സുന്ദരക്കുട്ടന്മാർ എന്നിവരുടെയോ അവരുടെ ജീവിച്ചിരിക്കുന്നതോ മരിച്ചുമണ്ണടിഞ്ഞു പോയതോ ആയ മാതാപിതാക്കളുടെയോ സഞ്ചയിക പുസ്തകങ്ങളെക്കുറിച്ച് ചർച്ച നടത്തുക, വാർത്ത പ്രസിദ്ധീകരിക്കുക ബ്ലോഗെഴുതുക തുടങ്ങി ദേവകോപം വിളിച്ചുവരുന്ന ചീത്തപ്രവർത്തനങ്ങളിൽ നിന്നും പൗരന്മാർ (ആണും പെണ്ണും)വിട്ടുനിൽക്കണം.

ജന്തർ മന്തറിൽ നടന്ന നികൃഷ്ടമായ നിരാഹര സമരങ്ങളും തുടർന്ന് നടന്ന ചർച്ചകളും ദൈവത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും  ഇംഗ്ലണ്ടിലേക്ക് പോയ കുറേ ചെറുപ്പക്കാരെ വെള്ളക്കാരായ ക്രിക്കറ്റ് കളിക്കാർ ദിവസങ്ങളോളം തച്ചു നിരപ്പാക്കിയതും ആയിരക്കണക്കിനാൾക്കാർ നോക്കിയിരിക്കെ നാലുപാടും ഇട്ടോടിച്ചതും അതിഭീകരമായ വിധേന തോല്പ്പിച്ചതും ദേവകോപത്തിന്റെ ഒരു സാമ്പിൾ വെടിക്കെട്ടാണ്. ഹസാരേയുടെ ചിത്രം നോക്കി അറിയാതെ സഹതപിച്ചു പോയ സോണിയാഗാന്ധിക്ക് ആരോടും പറയാൻ പാടില്ലാത്ത ഏതോ ദീനം പിടിച്ചതുമൊക്കെ വരാൻ പോകുന്ന വിപത്തുകളുടെ സൂചനയാണ്.
----------------------------------------------------------------------------------------------------------
ഈ പോസ്റ്റ് കണിക്കൊന്ന.കോം ഈ ആഴ്ചത്തെ ബ്ലോഗ്‌ ഓഫ് ദ വീക്ക് ആയി തിരഞ്ഞെടുത്തിട്ടുണ്ട്

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഹിരോഷിമ- ഐൻസ്റ്റീന്റെ എഴുത്ത്!

ആഗസ്റ്റ് 6, വീണ്ടുമൊരു ഹിരോഷിമാ ദിനം കൂടി. മാനവചരിത്രത്തിൽ തുല്യതയില്ലാത്ത യുദ്ധകുറ്റകൃത്യത്തിന്റെ നടുക്കുന്ന ഓർമ്മ ഒരു ചടങ്ങുതീർക്കൽ പോലെ മെഴികുതിരി കത്തിച്ചും പുഷ്പചക്രങ്ങളർപ്പിച്ചും നിശബ്ദത പാലിച്ചും നാമചരിക്കുന്നു. എൺപതിനായിരത്തോളം മനുഷ്യജീവനുകളെ നിമിഷാർദ്ധം കൊണ്ട് നിഗ്രഹിക്കുകയും അതിന്റെ പതിന്മടങ്ങ് ജീവനുകളെ ഇഞ്ചിഞ്ചായി കൊല്ലുകയും ഇന്നും കയ്യും കാലും കണ്ണുമില്ലാത്ത ജീവഛവങ്ങളായ ഹിബാക്കുഷകളെ ജനിപ്പിക്കുകയും ചെയ്ത ഭീകരമായ ‍ക്രൂരകൃത്യത്തിന്റെ ഓർമ്മ പുതുക്കുമ്പോഴും നാം നിശബ്ദരാണ്!

ഏഷ്യയുടെ പരിപൂർണ്ണ അധികാരം സ്വപ്നം കണ്ട് ചൈനയുമായി യുദ്ധത്തിലേർപ്പെട്ടും ഓർക്കാനറക്കുന്ന ക്രൂരതകളിലൂടെയും ആണവാക്രമണം ചോദിച്ചു വാങ്ങിയ ജപ്പാനാണോ തലമുറകൾക്കപ്പുറത്ത് ഒളിയജണ്ടകൾ പണിതുവെച്ച ജൂതലോബിയുടെ കളിപ്പാവയായ അമേരിക്കയാണോ ആണവാക്രമണത്തിന്റെ ഉത്തരവാദികൾ എന്നതിനെച്ചൊല്ലി പാശ്ചാത്യ മാധ്യമങ്ങൾ ഇന്നും ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മറന്നു പോവാനിടയുള്ള ഒരു ചരിത്ര സത്യം മെല്ലെ കാലത്തിന്റെ കാണാമറയത്തേക്ക് തലകുനിച്ചു നടക്കുന്നുണ്ട്-അമേരിക്കയെ ലോകപോലീസാക്കിയ ജൂതതന്ത്രത്തിലെ, പ്രതിഭാശാലിയായ ഐൻസ്റ്റീന്റെ ചെറുതല്ലാത്ത പങ്ക്. ലോകശാസ്ത്രജ്ഞരുടെ ഗുരുവും പിതാവും, മാനവകുലം കണ്ട ഏറ്റവും വലിയ ബുദ്ധിശാലിയും മനുഷ്യാവകാശപ്രവർത്തനങ്ങളുടെ പിതാവുമെന്ന് നമ്മുടെ വിദ്യാലയങ്ങളിൽ പോലും പഠിപ്പിക്കപ്പെടുന്ന അതേ ആൽബർട്ട് ഐൻസ്റ്റീൻ.

ജൂതവംശഹത്യക്ക് പകരം വീട്ടാൻ നാസീജർമ്മനിയെയും അച്ചുതണ്ട് ശക്തികളെയും പരാജയപ്പെടുത്തി ലോകഭൂപടത്തിൽ നിന്നും തുടച്ചുനീക്കണമെന്ന ജൂതപ്രതികാരത്തിന്റെ ഉല്പ്പന്നമാണ് ആറ്റം ബോംബ്. മെഡിറ്ററേനിയൻ തീരത്ത് പലസ്തീനിൽ തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി വർഷങ്ങളോളം പിന്നണിയിൽ പണിയെടുത്ത ജൂതരുടെ സ്വപനങ്ങളെയാണ് ഹിറ്റ്ലർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ജൂതർ സ്വന്തമായൊരു രാജ്യമെന്ന അടങ്ങാത്ത ആഗ്രഹവുമായി കിഴക്കൻ യൂറോപ്പിലും അമേരിക്കയിലും ഗൂഡാലോചനകളിൽ വ്യാപൃതരായ പതിറ്റാണ്ട്. ശാസ്ത്ര-സാങ്കേതിക വിദ്യകളിൽ മറ്റേത് ലോകശക്തികളേക്കാളും ഏറെ മുന്നിലായിരുന്ന ജർമ്മനി തുടർച്ചയായ യുദ്ധനേട്ടങ്ങളോടെ മുന്നേറുന്ന സമയം.
നാസിജർമ്മനി യുറേനിയം ബോംബുകൾ നിർമ്മിക്കാനുള്ള സാധ്യതയെപ്പറ്റി മുന്നറിയിപ്പ് നൽകിക്കൊണ്ടും അമേരിക്ക അണുബോംബ് വികസിപ്പിക്കേണ്ടതിന്റെ അവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടും 1939 ആഗസ്റ്റിൽ
ഐൻസ്റ്റീനും ചില ശാസ്ത്രസുഹൃത്തുക്കളും അമേരിക്കൻ പ്രസിഡന്റ് റൂസ്‍വെൽട്ടിന് കത്തെഴുതി. ജർമ്മനി പോളണ്ടിനെ കീഴടക്കി കിഴക്കൻ യൂറോപ്പിൽ വെന്നിക്കൊടി നാട്ടിയ സന്ദർഭം നോക്കി ഒക്ടോബർ മാസത്തിലാണ് കത്ത് റൂസ്‍വെൽട്ടിൻ കൈമാറിയത്. ചെയിൻ റിയാക്ഷനെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചതിനപ്പുറം ജൂതർ പ്രതീക്ഷിച്ച പ്രതികരണമൊന്നും അമേരിക്കൻ അധികാരികളിൽ നിന്നുണ്ടായില്ല. ഏഴ് മാസങ്ങൾക്ക് ശേഷം അധികാരികളുടെ തണുപ്പൻ പ്രതികരണങ്ങളിൽ അത്ഭുതകൂറിക്കൊണ്ട് ആണവബോംബിന്റെ അധികാരശക്തിയും ജർമ്മനി ലോകം ഭരിച്ചേക്കാനുള്ള സാധ്യതകളും നിരത്തി ഐൻസ്റ്റീൻ വീണ്ടും കത്തെഴുതി. ഐൻസ്റ്റീന്റെ ഈ എഴുത്താണ് പിന്നീട് ഹിരോഷിമയിലും നാഗസാക്കിയിലും ലക്ഷക്കണക്കിന് ജീവനുകളെടുത്ത ആറ്റം ബോംബുകൾ നിർമ്മിച്ച പ്രസിദ്ധമായ മാൻഹാട്ടൻ പദ്ധതിക്ക് കാരണമായത്.

ചരിത്രം വളച്ചൊടിക്കാൻ സമർഥരായ ജൂതർ ബ്രിട്ടീഷ് മൗഡ് (Military Application of Uranium   Detonation) റിപ്പോർട്ടാണ് മാൻഹാട്ടൻ പദ്ധതി രൂപം കൊടുക്കാൻ റൂസ്‍വെൽട്ടിനെ പ്രേരിപ്പിച്ചതെന്ന് എഴുതി വെച്ചപ്പോൾ കാലം സത്യത്തിന്റെ മുഖം തുറന്നു തന്നെ പിടിച്ചു. ഐൻസ്റ്റീന്റെ സമകാലിക ശാസ്ത്രകാരന്മാരായിരുന്ന ഓസ്ട്രിയൻ ജൂതനായിരുന്ന ഓട്ടോ ഫ്രിസ്ക്കും ഇം‍ഗ്ലീഷ് ജൂതനായിരുന്ന റുഡോൾഫ് പ്യേൾസുമായിരുന്നു ബ്രിട്ടീഷ് സർക്കാറിനു വേണ്ടി തയ്യാറാക്കിയ റിപ്പോർട്ട് അധികാരികൾ വഴി തങ്ങളുടെ സ്വാധീനമുപയോഗിച്ച് അമേരിക്കക്ക് കൈമാറിയതെന്ന സത്യം ആറ്റം ബോംബിനു പിന്നിലെ ജൂതതലച്ചോറുകളെ ചൂണ്ടിക്കാണിക്കുന്നു. മാൻഹാട്ടൻ പദ്ധതിയിൽ നേരിട്ട് പങ്കാളിയായില്ലെങ്കിലും ഒരു ഉപദേശകനായിക്കൊണ്ട് ഐൻസ്റ്റീൻ ആറ്റം ബോംബിന്റെ പിറവിക്ക് എല്ലാ സഹായങ്ങളും നൽകി. 1945ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ബാഹ്യമായ അവസാനം നാഗസാക്കി ബോംബിംഗോടെയായിരുന്നു. ജപ്പാനിലെ ഹിരോഹിതോ പത്തിമടക്കിയതോടെ അമേരിക്കയെന്ന പുതിയ ലോകശക്തി ഉദയം ചെയ്തു. അമേരിക്കയിടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾക്കായി റൂസ്‍വെൽട്ട് രൂപം കൊടുത്ത യുനൈറ്റ്ഡ് നാഷൻസ് പിന്നീട് ലോകസമാധാനം നടപ്പാക്കാനുള്ള ലോകസംഘടനയായി മാറുന്നതും യുനൈറ്റഡ് നാഷൻസിന്റെ (ഐക്യരാഷ്ട്ര സഭ) തീരുമാനപ്രകാരം 1947ൽ ജൂതർ അമേരിക്കയുടെ ആശീർവാദത്തോടെ ബ്രിട്ടീഷ് അധീന മധ്യപൗരസ്ത്യ ദേശത്ത് തങ്ങളുടെ സ്വപ്നരാജ്യം  പണിതുയർത്തുകയും ചെയ്തപ്പോൾ പുതിയ ലോകക്രമത്തിനായി ജൂതർ നൽകിയ രക്തപങ്കിലമായ സംഭാവനകളുടെ ആദ്യപ്രതിഫലമായിരുന്നു അത്. ഇന്നത്തെ അമേരിക്കയെ സൃഷ്ടിച്ചത് ആറ്റം ബോബാണെന്നും അതിന്ന് അടിത്തറയിട്ടത് ഐൻസ്റ്റീനാണെന്നും പറഞ്ഞാൽ തെറ്റല്ല.

ജപ്പാനിലെ ആണവാക്രമണങ്ങൾക്ക് ശേഷം ഒരു വർഷത്തോളം മൗനം പാലിച്ച് മാധ്യമങ്ങളിൽ നിന്നകന്നു നിന്ന ഐൻസ്റ്റീൻ രണ്ടാം ലോക മഹായുദ്ധത്തുന് അദ്ധ്യം കുറിച്ച ആണവാക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് ജൂത ഉടമസ്ഥതയിലുമള്ള പത്രമായ ന്യൂയോർക്ക് ടൈംസിൽ പ്രസ്താവനയിറക്കി. മരണത്തിനു മുമ്പ് പലതവണ ജപ്പാൻ ആണവാക്രമണത്തെ അപലപിച്ചതും ആണവസാങ്കേതികവിദ്യ ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന ഭീഷണികളെക്കുറിച്ച് ശാസ്ത്രകാരനായ നീൽ ബോറിന് കത്തെഴുതിയതും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പാശ്ചാത്യ ചരിത്രകാരന്മാർ ഐൻസ്റ്റീൻ എന്ന ജൂതശാസ്ത്രജ്ഞനെ മനുഷ്യാവകാശപ്രവർത്തനങ്ങളുടെ പിതാവായി വാഴ്ത്തുന്നത്.

ലോകചരിത്രത്തിൽ ആറ്റം ബോംബുപയോഗിച്ച ഏകരാജ്യമായ അമേരിക്ക, മറ്റ് രാജ്യങ്ങൾ ആണവവിദ്യ കൈവശം വെക്കുന്നതിനെതിരെ കരാറുമായി നടക്കുന്നതും ആണവായുധങ്ങൾക്കെതിരെ നടത്തിയ ശ്രമങ്ങൾ മാനിച്ച് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ലിനസ് പോളിങ്ങ് രൂപീകരിച്ചശാസ്ത്രജ്ഞരുടെ സമിതിയുടെ ചെയർമാൻ ഐൻസ്റ്റീനായിരുന്നു എന്നതും വിരോധാഭാസങ്ങൾക്കുള്ള നൊബേൽ സമ്മാനമർഹിക്കുന്നു എന്നതിൽ സംശയമില്ല.

യുദ്ധങ്ങൾ സമാധാനം കൊണ്ടുവരുമെന്നോ? വിധവകളെയും അനാഥകളെയും ജീവിതം നരകിച്ചുതീർക്കാൻ വിധിക്കപ്പെട്ട ഇരകളെയുമാണ് യുദ്ധങ്ങൾ സൃഷ്ടിക്കുന്നത്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്നും ദാരിദ്ര്യ രേഖക്ക് താഴെ പട്ടിണികിടന്ന് മരിക്കുമ്പോൾ ട്രില്ല്യണുകൾ പ്രതിരോധ- യുദ്ധ ബഡ്ജറ്റുകൾക്കായി നീക്കിവെക്കുന്ന നാം മനുഷ്യനെന്ന പേര് പേറാൻ അർഹരോ? ഹിരോഷിമ വെറുമൊരു ഓർമ്മ പുതുക്കലല്ല, മറിച്ച് മനുഷ്യൻ ചെയ്തുവെച്ച തുല്യതയില്ലാത്ത തെറ്റിന്റെ പ്രായശ്ചിത്തം  കാത്ത് തലമുറകളിവിടെ കാത്തിരിക്കുന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.

2011, ജൂലൈ 29, വെള്ളിയാഴ്‌ച

വ്രതാനുഷ്ഠാനം അഥവാ മുടിഞ്ഞ തീറ്റി!!

നോമ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. മാർക്കറ്റുകളിൽ വൻ തിരക്ക്. ഭക്ഷണസാധനങ്ങൾക്ക് പൊള്ളുന്ന വില. പഴം, പച്ചക്കറികളുടെ വില കുതിച്ചു കേറുന്നു. കോഴിക്കോട്ടങ്ങാടിയിൽ പ്രത്യേക "ഇഫ്താർ" തട്ടുകടകൾ ഇടം പിടിച്ചു കഴിഞ്ഞു. കാക്കത്തൊള്ളായിരം മലയാളം ചാനലുകളിൽ തട്ടമിട്ട പാചകറാണിമാർ റെഡി. ചില "വനിതാ" മാസികകൾ കൊതിയൂറും "റമദാൻ" വിഭവങ്ങളുമായി സ്പെഷ്യൽ പതിപ്പിറക്കി. മൊത്തക്കച്ചവടക്കാർ റമദാൻ സ്റ്റോക്കുകൾ കുന്നുകൂട്ടി. അനവധി നിരവധി പാണ്ടിലോറികളിൽ പോത്തും കോഴിയും ആടുമൊക്കെ അതിർത്തികടന്ന് കൊച്ചുകേരളത്തിലെത്തി. ഗൾഫ് നാടുകളിൽ ഗവർമെന്റ് (അങ്ങിനെയൊരു സാധനം ഇവിടെയും ഉണ്ട്) വില നിയന്ത്രണവും കമ്പോളനിരീക്ഷണവുമൊക്കെയായി പൊതുജനത്തെ സഹായിക്കുന്നു. റസ്റ്റോറന്റുകൾക്കും കഫ്തീരിയകൾക്കും മുന്നിൽ സ്പെഷ്യൽ റമദാൻ തട്ടുകൾ സ്ഥാനം പിടിച്ചു. പള്ളികളോടനുബന്ധിച്ച് ഇഫ്താർ ടെന്റുകളുയർന്നു. ഭക്ഷണത്തിൽ മിതത്വം കാട്ടേണ്ട ഒരു മാസത്തിലേക്കുള്ള ഒരുക്കങ്ങൾ! ഇനി പകലുകളിൽ പട്ടിണിയും സന്ധ്യ മുതൽ പുലർച്ച വരേ മുടിഞ്ഞ തീറ്റിയുടെ ലോകകപ്പുമാണ്. വിശ്വാസികൾ (പള്ളപൊട്ടും വരെ "ഫുഡ് അടിക്ക"ലാണ് നോമ്പിന്റെ ലക്ഷ്യമെന്ന് വിശ്വസിക്കുന്നവർ) അരയും തലയും മുറുക്കി,  തൊള്ളയും പള്ളയും ഒരുക്കി റെഡിയായിക്കഴിഞ്ഞു. ഇനിയങ്ങോട്ട് തീറ്റിയുടെ വസന്തകാലമാണ്.

വ്രതാനുഷ്ഠാനവും ഭക്ഷണവും തമ്മിലെന്താണ് ബന്ധം? പകൽ മുഴുവൻ അന്നപാനീയങ്ങൾ വർജ്ജിച്ച് ശരീരത്തെയും, ദുഷ്ചിന്തകളിൽനിന്നും, നല്ലതല്ലാത്ത സംസാരങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്നുകൊണ്ട് ദൈവസ്മരണയിൽ ദീപ്തമാക്കി മനസ്സിനെയും സ്ഫുടം ചെയ്തെടുക്കുകയെന്നതാണ് റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അന്നപാനീയങ്ങൾ വർജ്ജിക്കുക എന്നത് നോമ്പിന്റെ പ്രത്യക്ഷമായ ഭാഗമാണെങ്കിൽ ഈ പ്രക്രിയയിലൂടെ പതിനൊന്ന് മാസം വിശ്രമമില്ലാതെ തുടർച്ചയായി പ്രവർത്തിച്ച ദഹനേന്ദ്രിയ വ്യവസ്ഥയെ "സർവ്വീസ്" ചെയ്യുകയാണ് യഥാർ‍ത്ഥത്തിൽ ചെയ്യുന്നത്. ഇതിന്റെ ഗുണഫലങ്ങൾ വൈദ്യശാസ്ത്രം ശരിവെച്ചതുമാണ്. (ഉടയതമ്പുരാൻ രൂപം കൊടുത്ത ഈ വ്യവസ്ഥക്ക് വൈദ്യന്റെ മേലൊപ്പ് വേണ്ടതില്ല. എന്നാലും ചില ജിഞ്ജാസുകളുടെ അന്തമില്ലാത്ത ചോദ്യങ്ങൾക്കൊരു അഡ്വാൻസ് മറുപടി കിടക്കട്ടെ).

എന്നാലിന്ന് വ്രതാനുഷ്ടാനത്തിന്റെ ഒരു മാസക്കാലം എന്താണ് നടക്കുന്നത്? പുലർച്ചെ മുതൽ സന്ധ്യ വരെ ഭക്ഷണപാനീയങ്ങളുപേക്ഷിച്ച് വ്രതമെടുത്തവൻ സൂര്യാസ്തമയത്തോടെ (മഗ്‍രിബ്) മറ്റൊരു ജീവിയായി മാറുകയാണ്. കിലോക്കണക്കിന് മൈദയും ലിറ്ററ് കണക്കിന് എണ്ണയും നെയ്യും ആടും മീനും പോത്തും പിന്നെ പഴങ്ങളും തണുത്തതും ചൂടുള്ളതും മധുരവും എരിവും എല്ലാം കൂടി കൂട്ടിക്കുഴച്ച് അടിച്ചു കേറ്റി ആമാശയത്തിനെ ഓവർ ടൈം ചെയ്യിക്കുന്ന ഒരു വിചിത്ര ജീവി! ഓരോ വ്രതവുമവസാനിപ്പിക്കുന്നത് ഒരു കവിൾ വെള്ളം കുടിച്ചുകൊണ്ടാണ്. പിന്നെയതാ കടന്നു വരികയായി സമൂസ, പഴം‍പൊരി, പഴം നിറച്ചത്, പഴം വട, കോഴി അട, നെയ്പത്തിരി, പൊരിച്ചപത്തിരി, കുഞ്ഞിപ്പത്തിരി, ഇറച്ചിപ്പത്തിരി, മീൻ പത്തിരി, പക്കോട, മുട്ടമാല, ഉന്നക്കായ, നെയ്യിൽ തൂമിച്ചെടുത്ത തരിക്കഞ്ഞി, സുഗിയൻ തുടങ്ങി അനന്തമജ്ഞാതമവർണ്ണനീയമായ നെയ്യിൽ മുങ്ങിക്കുളിച്ച മൈദവിഭവങ്ങൾ, നല്ല പാലിൽ കട്ടിയായി അടിച്ച ഒന്നാന്തരം ഫ്രൂട്ട് ജ്യൂസും. ഓരോ നോമ്പുകാരനുമിരുന്ന് തട്ടുന്നത് കണ്ടാൽ പിറ്റേന്ന് പുലർച്ചെ അഞ്ചരക്കാണ് അയാളെ തൂക്കിക്കൊല്ലുന്നതെന്ന് തോന്നും! ഇതുകൊണ്ട് തീറ്റി കഴിഞ്ഞു എന്നാരും തെറ്റിദ്ധരിക്കേണ്ട. ഇത് വെറും "കത്തലടക്കൽ" മാത്രം. ഒരു പൈലറ്റ് ഷോട്ട്. മഗ്‍രിബ് നമസ്കാരം കഴിഞ്ഞിട്ടാണ് മെയിൻ കോഴ്സ്- കാര്യപ്പെട്ട തീറ്റി. പത്തിരി, ഒറോട്ടി, നെയ്ച്ചോറ്, ബിരിയാണി,കോഴിക്കറി, മീൻ പൊരിച്ചത്,ചിലർക്ക് മട്ടൻ കറി തുടങ്ങിയ അരി-പൊരി വിഭവങ്ങൾ കാര്യമായി തട്ടിവിടും. ഞങ്ങളുടെ നാട്ടിലൊക്കെ പച്ച നേന്ത്രപ്പഴം കൊണ്ടുള്ള ഒരു തരം "കായിക്കറി"യുമുണ്ടാവും. ചിക്കനോ ബീഫോ ഒക്കെയിട്ട്. പഴമക്കാർക്ക് ഇത് നിർബ്ബന്ധമാണ്. നോമ്പെടുത്ത് ക്ഷീണിച്ച പാവങ്ങൾ തീന്മേശകളിൽ തളികകൾ നിരത്തുന്നതോടെ ഖജനാവിൽ വീണ കൽ‍മാഡിയെപ്പോലെയായി മാറും! തീറ്റി, മുടിഞ്ഞ തീറ്റി. ഏമ്പക്കം വിടാൻ പോലും മറന്ന് നല്ല കട്ടിയിലൊരു പാൽച്ചായയും കുടിച്ച് മൂട് തട്ടി എണീറ്റ് (പലപ്പോഴും എണീക്കാൻ വലിയ പാടാണ്) പോവുന്നതോടെ പരിപാടിയുടെ കർട്ടൻ വീണു എന്നാരും കരുതണ്ട! രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാൽ ഒരു കഞ്ഞികുടിയുണ്ട്. ജീരകമരച്ച, തേങ്ങാപ്പാലൊഴിച്ച സമൃദ്ധമായ പൊടിയരിക്കഞ്ഞി. ക്ഷീണം മാറാൻ ഉത്തമമാണ്. സന്ധ്യ മുതൽ അടിച്ചുമാറിയതിന്റെ ക്ഷീണമുണ്ടല്ലോ! ചിലപ്പോൾ (മിക്കപ്പോഴും) കഞ്ഞിക്കൊപ്പം കത്തലടക്കിയതിന്റെ ബാക്കി എണ്ണയിൽക്കുളിച്ച മൈദ വിഭവങ്ങൾ കൂടി അകത്താക്കുന്നതോടെ നോമ്പുകാരന്റെ ലഘുഭക്ഷണം തൽക്കാലത്തേക്ക് അവസാനിക്കുന്നു. എന്നാലും മഹത്തായ പള്ളകളിൽ ഇത്തിരി സ്ഥലം ഇനിയും ബാക്കി കാണും!

ഇരപിടിച്ച പാമ്പിനെപ്പോലെ കമിഴ്ന്ന് കിടന്നുറങ്ങിയെണീക്കുന്നത് മറ്റൊരു അങ്കത്തിനുള്ള പടപ്പുറപ്പാടുമായിട്ടാണ്. പകൽ മുഴുവൻ പട്ടിണി കിടക്കേണ്ടതല്ലേ, എന്തെങ്കിലും കാര്യമായിത്തന്നെ കഴിക്കണം. അതും പുലർച്ചെ തന്നെ. സാധാരണ ഉച്ചഭക്ഷണത്തിനൊരാൾ കഴിക്കുന്നതിലുമധികം തട്ടും. മിക്കവാറും ചോറ്, അല്ലെങ്കിൽ നെയ്ച്ചോറ്. അവസാനം പൂവൻ പഴവും കൂട്ടി ഒരു പിടി. അതെ, ഒരു നോമ്പ് സ്പെഷ്യൽ!

എന്നോട് വിയോജിക്കുന്നവർ കുറച്ചെങ്കിലുമുണ്ടാവും. കൊതിയന്മാർ. സാധാരണ മാസത്തിലെ കുടുംബ ബഡ്ജറ്റിന്റെ എത്ര ഇരട്ടിയാണ് റമദാനിൽ? ഓരോ പ്രവാസിയും കുടുംബച്ചിലവിന് ഏറ്റവും കൂടുതൽ പണമയക്കുന്നത് നോമ്പ് കാലത്താണ്. മീനും ഇറച്ചിയും, പൊരിച്ചതും വറുത്തതും സാധാരണയിലധികം അളവിലും (Quantity) ഗുണത്തിലും (Quality) തവണകളിലും കൂടുതലായി കഴിക്കുമ്പോൾ പതിനൊന്ന് മാസമായി ജോലിചെയ്യുന്ന നമ്മുടെ ദഹനവ്യവസ്ഥയെ അമിതഭാരം നൽകി പീഡിപ്പിക്കുകയാണ് നാം ചെയ്യുന്നത്. ഒരു മാസത്തെ മുടിഞ്ഞ തീറ്റ കഴിയുമ്പോൾ പലപ്പോഴും നമ്മൾ നാലഞ്ച് കിലോയെങ്കിലും കൂടിയിട്ടുണ്ടാവും! എന്തൊരു വിരോധാഭാസം! പണക്കാർക്ക് നോമ്പ്തുറ ചടങ്ങുകൾ മേനികാട്ടാനുള്ള അവസരമെങ്കിൽ പലർക്കും പുതിയാപ്ല സൽക്കാരത്തിന്റെ വേദികളാണ്. ഒരു ആരാധനാ കർമ്മത്തെ നാം എത്ര ഭംഗിയായി വാണിജ്യവത്കരിച്ചു!

മുസ്ലീം സ്ത്രീകൾക്ക് ഏറ്റവും തിരക്കേറിയതും ഉറക്കം കുറഞ്ഞതുമായ മാസമാണിത്! ദൈവസ്മരണയിൽ പ്രാർ‍ത്ഥനകൾക്കായി കൂടുതൽ നേരം ചിലവഴിക്കുന്നതിന് പകരം കൊളസ്ട്രോളും ഷുഗറും കൂട്ടിക്കുഴച്ചുരുട്ടി ഏറിയ പങ്കും അടുക്കളയിൽ ചിലവാക്കി ബാക്കി സമയം തിന്നും തീർക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഉടയതമ്പുരാൻ കനിഞ്ഞനുഗ്രഹിച്ച് കല്പ്പിച്ച് തന്ന ഒരു വ്യവസ്ഥയെയാണ് നാം അടിച്ചു (തിന്നു എന്നർത്ഥത്തിൽ) കൊല്ലുന്നത്!

ഭക്ഷണത്തിൽ മിതത്വം പാലിക്കുക. അളവിലും ഇനങ്ങളിലും. പൊരിച്ചതും വറുത്തതും വേണമെന്ന നിർബ്ബന്ധങ്ങളൊഴിവാക്കുക. വിശന്ന വയറ്റിലേക്ക് നെയ്യും എണ്ണയും മൈദയും തള്ളിക്കേറ്റി അസുഖങ്ങൾ സൗജന്യമായി വാങ്ങാതിരിക്കുക. വിരുദ്ധഭക്ഷണങ്ങൾ പാടെ ഒഴിവാക്കുക- മീനും ഇറച്ചിയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലത്രെ! പുകവലിക്കാർ നോമ്പ് തുറന്നപാടെയുള്ള മാരത്തോൺ പുകവലി മാറ്റുക. നല്ല മാറ്റമായിട്ടു പോലും നമ്മുടെ മനസ്സും സ്റ്റാറ്റസും അനുവദിക്കില്ലെങ്കിലും ഈ മാസത്തിന്റെ യഥാർത്ഥ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുക. അധികച്ചിലവിൽ നിന്നും മിച്ചം വരുന്നത് കൊണ്ട് പാവപ്പെട്ടവരെ ഭക്ഷിപ്പിക്കാൻ സന്നദ്ധത കാട്ടുക. നമ്മുടെ ശരീരത്തിനും മനസ്സിനും കീശക്കും നല്ലതു വരും- ഞാൻ ഗ്യാരണ്ടി!!!
-------------------------------------------------------------------------------------------------------------
ഈ പോസ്റ്റ് വായിച്ച് ഒരാളെങ്കിലും ഗുണപരമായ ഒരു മാറ്റം പ്രാവർത്തികമാക്കിയാൽ ഈയുള്ളവൻ കൃതാർത്ഥനായി.