2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

ഉദയസൂര്യന്റെ നാട്ടിൽ, ഭാഗം-1

കേട്ടില്ല്യോ ക്യോട്ടോ വർത്തമാനം? 

പസിഫിക് മഹാസമുദ്രത്തിൽ, മുന്നോട്ട് ഗമിക്കുന്ന ഒരു കടൽക്കുതിരയെപ്പോലെ ഞെളിഞ്ഞിരിക്കുകയാണ് ജപ്പാൻ. ലോകത്തെയാകെ വിസ്മയിപ്പിച്ച ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറയുന്ന, കഠിനാധ്വാനികളുടെ നാട്. ജപ്പാനിലേക്കൊരു യാത്രയെക്കുറിച്ച് ഒരിക്കൽപ്പോലും ആലോചിച്ചിരുന്നില്ല. നിനച്ചിരിക്കാതെ വന്ന  ജപ്പാൻ യാത്ര ആ രാജ്യത്തെക്കുറിച്ചുള്ള മുഴുവൻ മുൻധാരണകളെയും മാറ്റിമറിച്ചു കളഞ്ഞു. ആയിരക്കണക്കിന് മനുഷ്യജീവനുകളെ നിമിഷം നേരം കൊണ്ട് കൊന്നൊടുക്കിയ, സുനാമി ബാക്കിയിട്ടുപോയ ഫുക്കുഷിമ ആണവഭീതി തലക്കുമുകളിൽ നിൽക്കവേയാണ് ഉദയസൂര്യന്റെ നാട്ടിൽ ഞാൻ കാലുകുത്തുന്നത്.

ഒസാക്കയിലെ കാൻസായ് (Kansai) വിമാനത്താവളത്തിൽ നിന്നും പതിവു ചടങ്ങുകൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും സമയം വൈകുന്നേരം ആറായിക്കഴിഞ്ഞിരുന്നു. ടെർമിനലിന്റെ അകത്തു തന്നെയുള്ള സന്ദർശകാപ്പീസിൽ നിന്നും കുറച്ച് മേപ്പുകളും ടൂറിസ്റ്റ് ബ്രോഷറുകളും കൈക്കലാക്കി ഒന്നാം നിലയിലെ ജപ്പാൻ റെയിലിന്റെ (JR) സ്റ്റേഷനിലെത്തി കോബെയിലേക്കുള്ള (Kobe) തീവണ്ടിയും കാത്തിരിപ്പായി. പെയ്തു തോർന്ന മഴ നനച്ചിട്ടിരിക്കുന്ന നിരത്തുകളും മൂടിക്കെട്ടിയ മാനവും ചെറുതണുപ്പും, മട്ടുപ്പാവിൽ നിന്നുറ്റി വീഴുന്ന മഴത്തുള്ളികളുമെല്ലാം കൂടി കാൺകേ പതിയേ വീശിയ കാറ്റിനൊപ്പം ജന്മനാട്ടിലെ മഴക്കാലത്തിന്റെ ഗൃഹാതുരത മനസ്സിലേക്ക്  അടിച്ചു കയറി.


തലസ്ഥാനമായ ടോക്കിയോവിൽ നിന്നും ഏകദേശം നാനൂറോളം കിലോമീറ്റർ അകലെയാണ് ഒസാക്ക പട്ടണം. ഔദ്യോഗികാവശ്യത്തിനായി ടോക്കിയോവിലേക്ക്പോകേണ്ട ഞാൻ ഒസാക്കയിലെ ചരിത്രനഗരമായ ക്യോട്ടോവിലേക്ക് (Kyoto) തിരിക്കേണ്ടി വന്നത് ഒരു നിയോഗമാണ്. എനിക്ക് പറക്കേണ്ട ദിവസത്തിലോ തൊട്ടടുത്ത ദിവസങ്ങളിലോ ദുബൈയിൽ നിന്നും ടോക്കിയോക്ക് കന്നുകാലി ക്ലാസ്സിൽ വിമാനടിക്കറ്റുകൾ ലഭ്യമല്ല! അങ്ങനെയാണ് ഒരു ദിവസം നേരത്തേ കാൻസായ് വിമാനത്താവളം വഴി ജപ്പാനിലെത്തിയത്.

ഇതാണ് കടൽക്കുതിരപോലെ കിടക്കുന്ന ജപ്പാൻ. കടപ്പാട്, Google

അതിവേഗം കുതിച്ചു പായ്യുന്ന ജപ്പാൻ ബുള്ളറ്റ് ട്രെയിനുകളെ ഷിൻകാൻസെൻ (Shinkansen) എന്നാണ് ജപ്പാനിൽ വിളിക്കുന്നത്. ഷിങ്കാൻസെനിൽ ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് വിമാനത്താവളത്തിൽ നിന്നും കോബെയിലെ ഹോട്ടലിനടുത്തുള്ള സ്റ്റേഷനിലെത്തി. ഭക്ഷണം കഴിച്ച്, നല്ലപാതിക്ക് ഒരു സന്ദേശമയച്ച് ഉറങ്ങാനുള്ള തിരക്കിലായി. ഒമ്പത് മണിക്കൂർ പറക്കലും അഞ്ച് മണിക്കൂറിന്റെ സമയവത്യാസവും (ദുബായിലിപ്പോൾ അർധരാത്രി കഴിഞ്ഞുകാണും) സുഭിക്ഷമായ രാത്രിഭക്ഷണം നൽകിയ ആലസ്യവുമെല്ലാം കൂടി എന്നെ പെട്ടെന്ന് തന്നെ ഉറക്കിക്കളഞ്ഞു.

റോക്കോ മലനിരകൾ കാവൽ നിൽക്കുന്ന കോബെ പട്ടണം വ്യവസായശാലകൾ തിങ്ങിനിറഞ്ഞതെങ്കിലും മനോഹരമാണ്. എന്റെ ട്രാവൽ പ്ലാനിൽ കോബെയിലെ ചുറ്റിത്തിരിയൽ ഇല്ല. സമയക്കുറവ് തന്നെ കാരണം . ഹോട്ടൽ മുറിയിലെ ജനാലവഴി പ്രഭാതത്തിലെ മൂടൽമഞ്ഞിൽ മയങ്ങുന്ന കോബെയെ ഒരു നോക്ക് കണ്ട് ഞാൻ ക്യോട്ടോക്കുള്ള യാത്രക്ക് തയ്യാറായി. കോബെ നഗരത്തിലെ ഷിൻകോബെ (Shin-Kobe) ട്രെയിൽസ്റ്റേഷനിൽ അതിരാവിലെ, കണ്ണിറുകി കിളിരം കുറഞ്ഞ് തടിച്ച ഏതാനും ജാപ്പനീസിനൊപ്പം ഞാനും തീവണ്ടി (ശരിക്കും പറഞ്ഞാൽ വൈദ്യുതവണ്ടി) കാത്തിരിപ്പായി. ഓരോ വണ്ടി വരുന്നതിനും മുന്നേ ജാപ്പനീസ് ഭാഷയിലുള്ള അനൗൺസ്മെന്റുകൾ ആ ഭാഷയറിയാത്ത ഏതൊരാൾക്കും കൗതുകവും ചിരിയും പടർത്തുന്നത് തന്നെയാണ്. തീവണ്ടി കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളുടെ പേരുകൾ താളത്തിൽ മൂക്കുകൊണ്ട് പറഞ്ഞ് കഴിഞ്ഞ്  ഇംഗ്ലീഷിൽ ഒരു ചുരുക്കവിവരണവുംജപ്പാനിലെ അതിപുരാതന നഗരങ്ങളിന്നാണ് ക്യോട്ടോ. മാത്രമല്ല പുരാതന ജപ്പാന്റെ തലസ്ഥാനവും. ലോക മഹായുദ്ധത്തിൽ ആറ്റം ബോംബുകളുടെ പ്രഥമ ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു ഈ പൈതൃക നഗരം, പക്ഷേ അമേരിക്കക്കാരന്റെ കഠോരഹൃദയത്തിലെ ഏതോ ഒരു ഭാഗത്തുനിന്നുത്ഭവിച്ച ഒരു പരിഗണനയിലാണ് ക്യോട്ടോ അന്ന് രക്ഷപ്പെട്ടത്.

കോബെയിൽ നിന്നും ഒരു മണിക്കൂർ ഓടി വണ്ടി ക്യോട്ടോയിലെത്തുമ്പോൾ സമയം രാവിലെ ഒമ്പതര.  ക്യോട്ടോ കരാർ എന്ന് കേട്ടിട്ടുള്ളതല്ലാതെ തീർത്തും അപരിചിതമായ ഈ നഗരത്തെക്കുറിച്ച് രണ്ട് ദിവസത്തെ ഗൂഗ്ലിംഗ് വഴിയാണ് കുറച്ചെങ്കിലും മനസ്സിലാക്കിയത്. രാത്രിവണ്ടിക്ക് ടോക്കിയോക്ക് തിരിക്കേണ്ടതിനാൽ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത്, ഒരാഴ്ചത്തെ താമസത്തിനുള്ള സാധനങ്ങളടങ്ങിയ വലിയ ഒരു ബാഗും തൂക്കിപ്പിടിച്ചാണ് യാത്ര. നമ്മുടെ നാട്ടിലെ റയില്‌വേസ്റ്റേഷനുകളിലും മറ്റുമുള്ള ക്ലോക്ക് റൂമുകൾക്ക് സമാനമായി ഇവിടെ ലഗേജ് ലോക്കറുകളാണുള്ളത്. നമുക്ക് തന്നെ നാണായങ്ങളിട്ട് പൂട്ടി താക്കോലെടുത്ത് പോവാം. നൂറു യെൻ (100 Yen- ഏകദേശം 60 രൂപ) നിക്ഷേപിച്ച്  ലഗേജ്, ലോക്കറിൽ വെച്ച് ഭദ്രമാക്കി പുറത്തിറങ്ങി. ജാപ്പനീസ് യെൻ ആണ് ജപ്പാനിലെ കറൻസി. ഒരു യെൻ ഏകദേശം നമ്മുടെ അറുപത് പൈസക്ക് തുല്യമാണ്. 2011നും 2014നുമിടക്ക് യെന്നിന്റെ വില സുനാമി തിരകൾ പോലെ ഉയരുകയും താഴുകയും ചെയ്തിട്ടുണ്ട്.  500 യെൻ കൊടുത്താൽ ക്യോട്ടോ നഗരപരിധിക്കുള്ളിൽ 24 മണിക്കൂർ സഞ്ചരിക്കാനുള്ള ബസ്സ് പാസ്സ് കിട്ടും, അത്തരത്തിലൊരു പാസ്സും വാങ്ങി കിൻകാകൂജി  (Kinkakuji) ക്ഷേത്രത്തിലേക്കുള്ള 101-ആം നമ്പർ ബസ്സിൽ കയറി ഇരിപ്പായി. വളരേ ഉയർന്ന ജീവിതച്ചിലവുള്ള ജപ്പാനിലെ സാധാരണക്കാരുടെ കാര്യമോർത്ത് അൽപ്പം വിഷമത്തോടെ, വിലയേറിയ ആ ടിക്കറ്റിലെ അപരിചിതമായ ജാപ്പനീസ് അക്ഷര ങ്ങൾ നോക്കി ഞാൻ നെടുവീർപ്പിട്ടു. 

നല്ല വൃത്തിയും വെടിപ്പുമുള്ള അങ്ങാടികൾ, പ്രായമേറിയ തൊഴിലാളികൾ പാതയോരങ്ങളിൽ വീണുകിടക്കുന്ന ഇലകളും മറ്റും തൂത്തുവൃത്തിയാക്കുന്നുണ്ട്. നല്ല പൗരബോധമുള്ള ജാപ്പനീസ് ജനത തങ്ങളുടെ നാടും നഗരവും ഏറ്റവും മികച്ചതാക്കി നിലനിർത്താനുള്ള നിയമങ്ങൾ ആവിഷ്കരിക്കുകയും അതേപടി പിൻപറ്റുകയും ചെയ്യുന്നവരാണ്. മനോഹരമായ ക്യോട്ടോ പട്ടണത്തിലെ തിരക്കൊഴിഞ്ഞ കൊച്ചുകവലകൾ താണ്ടി ബസ്സ് മുക്കാൽ മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തോടടുത്തു. ഇറങ്ങേണ്ടതിന്റെ തൊട്ടു മുൻപുള്ള സ്റ്റോപ്പിലിറങ്ങി ഞാൻ ബസ്സ് പോയ വഴിയേ നടത്തമാരംഭിച്ചു. വിനോദയാത്രകളിലെ ഇത്തരം ചെറുനടത്തങ്ങൾ സ്ഥിരം കാഴ്ചകൾക്കപ്പുറത്തുള്ള പലതും നമുക്കു കാണിച്ചു തരുമെന്ന് മാത്രമല്ല, നമ്മൾ തേടിച്ചെല്ലുന്ന ഇടങ്ങളിലേക്ക് നടന്നു കയറുന്നന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.

ഒരു ചെറുകുന്നിന്റെ മണ്ടയിൽ എന്റെ നടത്തമവസാനിക്കുമ്പോൾ എൺപത് വയസ്സെങ്കിലും പ്രായമുള്ള ഒരു വൃദ്ധൻ ക്ഷേത്രകവാടത്തിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ടായിരുന്നു. കാലടുപ്പിച്ച്, നടുവളച്ച്, ജാപ്പനീസ് മാതൃകയിൽ അദ്ദേഹത്തിന് അഭിവാധ്യമർപ്പിച്ച് ഞാൻ ക്ഷേത്രാങ്കണത്തിലെ കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ ചുറ്റുപാടിന്റെ മനോഹാരിതയാസ്വദിച്ച് നടത്തം തുടങ്ങി. ഇരു വശവും ഹരിതവൃക്ഷങ്ങളാൽ സമ്പന്നമായ പാതയുടെ ഓരോ തിരിവിലും ഇളം നീല കിമോണോ (Kimono) ധരിച്ച യുവസന്യാസിമാർ കാവൽക്കാരെപ്പോലെ, എന്നാൽ നിരായുധരായി നിൽപ്പുറപ്പിച്ചിട്ടുണ്ട്.  സന്യാസിമാരുടെ റാങ്ക് അനുസരിച്ചാണ് വസ്ത്രത്തിന്റെ നിറവും രൂപവുമെന്ന് വടിവൊത്ത ഇംഗ്ലീഷിൽ കനോവസാൻ എന്ന മൊട്ടത്തലയൻ സന്യാസി പറഞ്ഞു തന്നു. അവരോട്  കുശലം പറഞ്ഞും ചിത്രം പിടിച്ചും അകത്തെ കൗണ്ടറിൽ നിന്നും 400 യെന്നിന്റെ ടിക്കറ്റ് വാങ്ങി ചെറിയ ചാറ്റൽ മഴയെ വകവെക്കാതെ ഉള്ളിലേക്ക് പ്രവേശിച്ചു. 


ലോകപ്രസിദ്ധമാണ് എണ്ണൂറിലധികം വർഷത്തെ പഴമ അവകാശപ്പെടുന്ന ഈ സുവർണ്ണക്ഷേത്രം. സെൻ ബുദ്ധരുടെ പുണ്യക്ഷേത്രങ്ങളിലൊന്നായ കിൻകാകൂജി രണ്ട് തവണ തീവെച്ച് നശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് അവസാനമായി 1950ല് അറ്റകുറ്റപ്പണികൾ കഴിച്ച് പുനർനിർമ്മിച്ചതാണ് ഇന്നത്തെ മാതൃക. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ അവസാന രണ്ട് നിലകളും സ്വർണ്ണത്തകിടുകൾ കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്നു.

പല നിറത്തിലുള്ള കൊടി പിടിച്ച ടൂറിസ്റ്റ് ഗൈഡുകൾക്ക് പിന്നാലെ അനുസരണയോടെ നീങ്ങുന്ന ആഭ്യന്തര വിനോദരസഞ്ചാരികൾ. മൂന്നോ നാലോ യൂറോപ്യന്മാർ, പിന്നെ ഞാനും. ഇടത്തരം വലിപ്പമുള്ള ഒരു തടാകത്തിന്റെ കരയിലാണ് സ്വർണ്ണം പുതച്ചു നിൽക്കുന്ന കിൻകാകൂജി ക്ഷേത്രം നിലകൊള്ളുന്നത്. തെളിമയാർന്ന തടാകത്തിൽ സ്വർണ്ണശോഭയുള്ള പ്രതിബിംബം, ധ്യാനനിരതരായ സ്വർണ്ണമത്സ്യങ്ങൾ,   പശ്ചാത്തലത്തിൽ ഇടതൂർന്ന വനങ്ങളുള്ള ചെറുകുന്നുകൾ, മുളവേലികെട്ടി തിരിച്ച് ചരൽകല്ലുകൾ പാകിയ കൊച്ചു നടപ്പാതകൾ, ഇടക്കിടെ തടികൊണ്ടുള്ള പാലങ്ങൾ, എങ്ങും ചിലച്ചു പറക്കുന്ന കിളിക്കൂട്ടങ്ങൾ, നിശബ്ദമായി, അണിയൊപ്പിച്ച് നീങ്ങുന്ന സന്ദർശകർ....ഈ ബുദ്ധവിഹാരം ആരുടെ മനസ്സിലും വല്ലാത്തൊരു അനുഭൂതി നിറക്കും. സന്ദർശകരിൽ ഏറെപ്പേരും കാഴ്ചകളധികവും കാണുന്നത് ക്യാമറാ ലെൻസിലൂടെയാണെന്ന് തോന്നുന്നു.
സ്വർണ്ണം പൊതിഞ്ഞ കിൻ-കാകൂജിസുവർണ്ണക്ഷേത്രം ചുറ്റി പുറകിലൂടെ കുത്തനെ ഒരു കയറ്റമാണ്.  പാറക്കെട്ടുകളിലൂടെ ശാന്തമായി ഒലിച്ചിറങ്ങുന്ന തെളിഞ്ഞ അരുവിയിലേക്ക് കടത്തി വെച്ച മുളപ്പാത്തികളിലൂടെ വരുന്ന വെള്ളം പുണ്യജലമായാണ് ബുദ്ധർ പരിചയപ്പെടുത്തുന്നുത്.  ഈ തീർത്ഥജലം  ഒരു കവിൾ കുടിക്കുകയും രൂപമുള്ളതും ഇല്ലാത്തതുമായ ബുദ്ധപ്രതിമകളെ സ്നാനം ചെയ്യുകയും സന്ദർശകരുടെ രീതികളാണ്. ക്ഷേത്രാങ്കണത്തിൽ വേറെയും ചില അർച്ചനാകേന്ദ്രങ്ങളുണ്ട്. ചെറിയ സംഭാവന കൊടുത്ത് മെഴുകുതിരി കത്തിച്ചും മണിമുഴക്കിയുമൊക്കെ മിക്ക സന്ദർശകരും  പ്രാർത്ഥിക്കുന്നു.


ഒരു കല്പ്രതിമക്കരികെ വെച്ച അലൂമുനിയം പാത്രം ലക്ഷ്യമാക്കി നാണയങ്ങളെറിയുന്നു. ആ പാത്രത്തിൽ നാണയം വീഴുമ്പോൾ മനസ്സിൽ ആഗ്രഹിച്ചത് സഫലീകരിക്കപ്പെടുമെന്നാണ് വിശ്വാസം. പലതവണ എറിഞ്ഞാലാണ് ഒന്നെങ്കിലും പാത്രത്തിൽ വീഴുന്നത്! പലരും നാണയങ്ങളെറിയുന്നത് നോക്കി കുറച്ചുനേരം നിന്നു. "എറിയുന്ന തുട്ടുകൾ പാത്രത്തിൽ തന്നെ വീഴണേ" എന്നതല്ലാതെ ഒരു പ്രാർത്ഥനയും ആ സമയത്ത് മനസ്സിൽ വരില്ല എന്നാണെനിക്ക് തോന്നുന്നത്. ചുറ്റും പരന്നുകിടക്കുന്ന വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ കണ്ട് എന്നിലെ "നാണയശേഖരൻ" കൊതിയൂറി അൽപ്പനേരം നോക്കിനിന്നു.

ദൈവത്തിനുള്ള കൈക്കൂലി
ആരാധനായലങ്ങൾ മനസ്സുകളെ വിമലീകരിച്ച് സമാധാനവും ശാന്തിയും പ്രധാനം ചെയ്യാനുള്ളവയാണ്. അവ ശാന്തമായ, നയനമനോഹരമായ, മനസ്സുകൾക്ക് കുളിരേകുന്ന പ്രകൃതിയിൽ തന്നെ ആയിരിക്കണമെന്നത് പുരാതനബുദ്ധസന്യാസിവര്യന്മാർക്ക് നിർബ്ബന്ധമായിരുന്നിരിക്കണം. മരങ്ങളെ തഴുകിവരുന്ന കാറ്റുകളും പച്ചപ്പും ഇലകളുടെ മണവുമെല്ലാം ചേർന്ന് മനസ്സിലൊരു അനിർവ്വചനീയമായ സുഖം പകരുന്നുണ്ട്.

ഉടുപ്പണിഞ്ഞ ബുദ്ധപ്രതിമകൾ
ഏകദേശം രണ്ടര മണിക്കൂറോളം അവിടെ ചിലവഴിച്ച് അടുത്ത ലക്ഷ്യമായ സുപ്രസിദ്ധമായ റിൻസായ് (Rinzai)ക്ഷേത്രാങ്കണത്തിലെ  ര്യോൻ ജി (Ryon ji- Rock Garden) എന്ന റോക്ക് ഗാർഡനിലേക്കുള്ള  ബസ്സ് പിടിച്ചു.  കല്ലുകൊണ്ടുള്ള പൂന്തോട്ടമല്ല, മറിച്ച് ഒരു പൂന്തോട്ടത്തിലെ ചില കല്ലുകൾ! ഒരു ചെറിയ നടുമുറ്റത്തിൽ ഏതാനും പാറക്കഷ്ണങ്ങൾ ഉറപ്പിച്ചു വെച്ചതാണ് ഇപ്പറയുന്ന റോക്ക് ഗാർഡൻ. പക്ഷേ, അത് നിലകൊള്ളുന്നത് അതിമനോഹരമായ ഒരു പ്രകൃതി  ഉദ്യാനത്തിലാണ്. ഈ ഉദ്യാനക്കാഴ്ചയാണ് നമ്മുടെ പ്രധാന ലക്ഷ്യം. അഞ്ച് മിനിട്ടിനകം ബസ്സ്  അവിടെയെത്തി. വിശാലമാണ് റിൻസായ് ക്ഷേത്രാങ്കണം. അതിലെ ജൈവവൈവിധ്യങ്ങളും മനസ്സ് കുളിർക്കുന്ന കാഴ്ചയേകുന്ന ക്യൊയോച്ചി (Kyoyochi) തടാകവും കടന്നാൽ റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്ന ചെറിയ കെട്ടിടമായി. വെളുത്ത ചരൽക്കല്ലുകൾ വൃത്തിയിൽ പാകിവിരിച്ച മുറ്റത്ത് അലക്ഷ്യമായെന്നവണ്ണം വെച്ചിരിക്കുന്ന 15 പാറക്കല്ലുകൾ.  


പ്രമുഖ വാസ്തുവിദ്യയായ ഫെങ്ങ്- ഷുയി പ്രകാരം സംവിധാനിച്ചിരിക്കുന്ന ഈ കല്ലുകൾക്ക് ദിവ്യശക്തിയുണ്ടെന്നും അതിന്റെ മുന്നിൽ അൽപ്പനേരം നിശബ്ദമായിരുന്നാൽ മനശാ:ന്തി ലഭിക്കുമെന്നുമൊക്കെയാണ് വിശ്വാസം. വരാന്തയുടെ ഏതറ്റത്തിരുന്നാലും 14 കല്ലുകൾ മാത്രമേ കാണാൻ പറ്റുകയുള്ളൂ! ആണ്ടുകൾ നീണ്ട താപസം വഴി മാത്രം നേടാൻ  കഴിയുന്ന അത്യുന്നതമായ  ആത്മീയചൈതന്യം സിദ്ധിച്ചവർക്ക് മാത്രമേ 15 കല്ലുകളും കാണാൻ കഴിയൂ എന്നതാണത്രേ അത്ഭുതകരം. ആദ്യദർശനത്തിൽ തന്നെ 15ഉം എണ്ണിയ ഞാൻ,  എനിക്ക് സിദ്ധിച്ച  ആത്മചൈതന്യത്തെയോർത്ത് ആത്മചൈതന്യത്തെയോർത്ത് താടി തടവിക്കൊണ്ട് പതിഞ്ഞ കാൽവെപ്പുകളോടെ ശാന്തസുന്ദരമായ ഉദ്യാനത്തിലേക്കിറങ്ങി നടക്കാൻ തുടങ്ങി !! വെള്ളച്ചായമടിച്ച ഒരു പഗോഡ കണ്ടു. ഇന്ത്യയിൽ നിന്നും വന്ന ബുദ്ധസന്യാസിമാർ നിർമ്മിച്ചതാണത്രേ ഇത്. അല്ലെങ്കിലും ഇന്ത്യയിൽ നിന്നുത്ഭവിച്ച് കിഴക്കനേഷ്യൻ രാജ്യങ്ങളിലാകമാനം പടർന്ന്പന്തലിച്ചതാണല്ലോ ബുദ്ധമതം. മതം ഒരു വലിയ വികാരമല്ലെങ്കിലും തൊണ്ണൂറുശതമാനം ജപ്പാൻകാരും ബുദ്ധമതാനുയായികളാണെന്ന് കണക്കാക്കപ്പെടുന്നു.മനോഹരമായ ഉദ്യാനങ്ങൾ നമ്മുടെ നാട്ടിലും നിരവധിയുണ്ടെങ്കിലും ഇത്രയധികം ശാന്തതയും വൃത്തിയും വെടിപ്പുമുള്ളവ ഒന്നെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. ഇടുങ്ങിയ നടവഴികളെ മുളകൊണ്ടുള്ള ബലമുള്ള വേലികെട്ടി തിരിച്ചതാണ്. വീഴാറായ മരങ്ങൾ വലിയ നാട്ടകൾ വെച്ച് താങ്ങി നിർത്തിയിരിക്കുന്നു, ആമ്പലും താമരയും വിരിഞ്ഞു നിൽക്കുന്ന  തടാകത്തിലേക്ക് എത്തിനോക്കുന്ന പൂത്തുലഞ്ഞ തരുക്കൾ. ആമ്പൽ പൂക്കൾ നിറഞ്ഞ തടാകത്തിൽ പായൽ വാരി വൃത്തിയാക്കുന്ന മൂന്ന് വൃദ്ധതൊഴിലാളികൾ, കരക്ക് കയറി തൂവലുകൾ ചീകി വൃത്തിയാക്കുന്ന അരയന്നങ്ങൾ. കൃത്രിമത്വമേതുമില്ലാത്ത  പ്രകൃതിക്കാഴ്ചകൾ ആസ്വദിച്ച് നടക്കവേ വയറ്റിൽ വിശപ്പിന്റെ വിളി.കോബെയിൽ പത്ത് വർഷത്തോളം താമസിച്ച് ഒടുവിൽ അവിടുത്തെ പുതിയാപ്ലയായി മാറിയ സ്കോട്ട്ലന്റുകാരനായ ഞങ്ങളുടെ മാനേജർ തന്ന അടയാളം  വെച്ച് അവിടുത്തെ ഒരു "കുടുംബശ്രീ മെസ്സ്" അന്വേഷിച്ച് നടത്തമായി. മനോഹരമായ വാദ്യസംഗീതം മൈക്കിലൂടെ മുഴക്കിക്കൊണ്ട് ഒരു ചെറിയ പിക്ക് അപ് വാൻ കടന്നു വരുന്നു. ചില വീടുകളുടെ മുന്നിൽ നിർത്തി പഴയ പത്രക്കടലാസുകളും മറ്റും ശേഖരിക്കുകയാണ്. പകരം ഒന്നോ രണ്ടോ ചെറിയ ബോക്സ് ടിഷ്യൂ പേപ്പർ നൽകുന്നു. വാനിന്റെ വരവറിയിക്കാനാണ് സംഗീതം. കുറച്ച് നേരം നടന്ന് ഒടുവിൽ ഭോജനശാല കണ്ടു പിടിച്ചു. ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ വീടാണത്. മുൻവശത്ത് കഷ്ടി ആറു പേർക്കിരിക്കാവുന്ന ചെറിയൊരടുക്കള. അവിടെത്തന്നെയാണ് പാചകവും തീനുമൊക്കെ. അന്നത്തെ ആദ്യത്തെ കസ്റ്റമർ ഞാനാണ്. കേറുന്നിടത്ത് തന്നെ ചെറിയൊരു തുണി തൂക്കിയിട്ടിരിക്കുന്നു. അത് മെല്ലെ വകഞ്ഞു മാറ്റി അൽപ്പം തല കുനിച്ചു വേണം കേറാൻ. ഭക്ഷണശാലയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഒരു ജാപ്പനീസ് മര്യാദയാണത്. നടുവളച്ച് മുന്നോട്ട് കുനിഞ്ഞ് നിന്ന് വലത്കൈ നെഞ്ചത്ത് വെച്ചാണ് നിപ്പൺസ് "സലാം" പറയുന്നത്.

ഇതാണ് അന്ത കുടുംബശ്രീ മെസ്സും അടുക്കളക്കാരനും
 ഗൃഹനാഥനോട് കുശലം പറയാനുള്ള ശ്രമത്തിന് ഭാഷ തടസ്സമായെങ്കിലും വീട്ടമ്മ ഒഴുക്കൻ ഇംഗ്ലീഷ് പറയുന്നുണ്ട്. ജപ്പാനിലെ കാൻസായ് പ്രവിശ്യയിൽ വളരേ പ്രസിദ്ധമായ "ഒക്കൊണോമിയോക്കി" (Okonomiyoki) എന്ന പരമ്പരാഗത ഭക്ഷണമാണ് മനസ്സിൽ. ഒരു വലിയ ചതുരാകൃതിയിലുള്ള ഇരുമ്പ് കല്ലിനു ഓരത്തായി ഞാനിരുന്നു. ഗൃഹനാഥൻ കല്ല് ചൂടാക്കി പാചക എണ്ണ പുരട്ടി. നുറുക്കിയ പച്ചക്കറികളും മീൻ കഷ്ണങ്ങളും ഗ്രില്ല് ചെയ്ത് തുടങ്ങി. നന്നായി അടിച്ച കോഴി മുട്ട മേലെ തൂവി, വെന്തു തുടങ്ങിയ അപ്പം മറിച്ചിട്ടു. അടുക്കളയിൽ വ്യാപിച്ച ആ മണം എന്റെ മൂക്കുവഴി വയറ്റിലെത്തിയപ്പോഴേക്കും വിശപ്പാളിക്കത്തി. പിന്നെ ആ ഭക്ഷണത്തിൽ അവർ ചെയ്തതൊന്നും എന്റെ ഓർമ്മയിൽ തെളിയുന്നില്ല. രസിച്ചാസ്വദിച്ച് തിന്നു തുടങ്ങിയപ്പോൾ തന്നെ രണ്ടാമതൊന്നും കൂടി ഓർഡർ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും വയറു നിറക്കാൻ ഒരു ഒക്കണോമിയോകി തന്നെ ധാരാളമായിരുന്നു. സ്കോട്ട്ലന്റ് വഴി ദുബൈ കടന്ന് ഇന്ത്യക്കാരനിലൂടെ തങ്ങളുടെ കൊച്ചടുക്കളയുടെ പ്രശസ്തി പറന്നുയരുന്നതറിഞ്ഞ ആ കുടുംബം അവരുടെ കൊച്ചു വീട്ടിൽ  പ്രാർത്ഥനക്ക് സൗകര്യമൊരുക്കിത്തന്ന് അതീവ സന്തോഷത്തോടെ എന്നെ യാത്രയാക്കി. 

ട്രാവൽ പ്ലാൻ പ്രകാരം അടുത്ത ലക്ഷ്യസ്ഥാനം  "തെളിനീർ ക്ഷേത്ര" മെന്നറിയപ്പെടുന്ന,  ആയിരത്തിലധികം വർഷത്തെ പാരമ്പര്യമവകാശപ്പെടുന്ന, ഇന്നും വാസ്തുവിദ്യയിലെ അത്ഭുതമായി നിലകൊള്ളുന്ന, നയനമനോഹരമായ കിയോമിസുധര"യാണ് (Koyomizudera). മേഘാവൃതമായ മാനത്തിനു കീഴെ ചുണ്ടിലൊരു സകുറ ഗാനത്തിന്റെ ഈണവുമായി ഒക്കൊണോമിയോക്കി പകർന്നുതന്ന ആവേശത്തിൽ  കാലുകൾ വലിച്ച് ഞാൻ നടന്നു തുടങ്ങി.

 ഒരു പാരീസ് യാത്രാനുഭവം ഇവിടെ വായിക്കാം- ക്ലിക്ക്
ലൈവ് ഫ്രം ആൽപ്പ്സ്- ഒരു സ്വിസ്സ് യാത്രാനുഭവം

2013, മേയ് 17, വെള്ളിയാഴ്‌ച

മഴവിൽ ഷെയ്ക്കിനെത്തേടി ഒരു മരുഭൂ യാത്ര!

മെയ് മാസത്തിലെ ആദ്യ ശനിയാഴ്ച, മരുഭൂമി ചൂടുകാലത്തെ വരവേൽക്കാൻ അൽപ്പം വൈകിയാണെങ്കിലും ഒരുങ്ങി നിൽക്കുന്ന നേരിയ ചൂടുളള ദിനം. ഉച്ച തിരിഞ്ഞ് ഞാനും സഹധർമ്മിണിയും മകൻ അലിയും കൂടി ദുബായിൽ നിന്നും അബൂദബിയിലെ അൽ ദഫ്ര മരുഭൂമി ലക്‌ഷ്യമാക്കി യാത്ര തുടങ്ങി. അവിടെ റെയിൻബോ ഷെയ്ക്ക് എന്ന പേരിൽ പ്രസിദ്ധനായ ഷെയ്ക്ക് ഹംദാന്റെ ചില അതിവിചിത്രമായ വിരുതുകൾ കാണണം, കണ്ട് ബോദ്ധ്യപ്പെടണം.
 
റെയിൻബോ ഷെയ്ക്കിന്റെ അതിമാനുഷികതെയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?

ബിരിയാണി തട്ടി, സ്വന്തം കല്യാണത്തിന് മഴവിൽ നിറത്തിലേഴ് കാറുകൾ പണിയാൻ മേഴ്സിഡസിന് പൊൻപണം കൊടുത്തവൻ  ഷെയ്ക്ക്!
പേരമക്കൾക്ക് തുള്ളിക്കളിക്കാൻ നോഹയുടെ പേടകം പണിത് വെള്ളത്തിലിറക്കിയവൻ ഷെയ്ക്ക്!
മഹാസാഗരത്തിന്റെ വിരിമാറിൽ തളർന്നുറങ്ങുന്ന ദ്വീപിലേക്ക് മണ്ണുമാന്തിയുടെ കൂർത്ത കൈകൾ താഴ്ത്തി സ്വന്തം പേര് കൊത്തിവെച്ച ധീരപോരാളി ഷെയ്ക്ക്!!!

അതാണ് റെയിൻബോ ഷെയ്ക്ക് എന്ന ഓമനപ്പേരിലറിയപ്പെടുന്ന, അബൂദാബിയിലെ പ്രസിദ്ധനായ ഷെയ്ക്ക് ഹമദ് ബിൻ ഹംദാൻ അൽ നഹ്‌യാൻ. ആറു വർഷം മുന്നേ ദുബൈയിലെ പാം ദേര പ്രോജക്ടിന് ദ്വീപൊരുക്കാൻ കരാറുമായി വന്ന ഡച്ച് ഡ്രെഡ്ജിംഗ് കമ്പനിയിലെ ഒരു ഓഫീസർ അബൂദാബിയിൽ നടക്കുന്ന രസകരമായ മണ്ണുമാന്തലിനെപ്പറ്റി പറഞ്ഞത് വഴിയാണ് ഷെയ്ക്ക് ഹമദ് എന്ന  വത്യസ്തനായ ഷെയ്ക്കിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. തനിക്ക് പിതൃസ്വത്തായിക്കിട്ടിയ 50 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള അൽ ഫുത്തൈസി ദ്വീപിൽ മണ്ണുമാന്തി അതിൽ വെള്ളം നിറച്ചു വിട്ട് തന്റെ പേര് HAMAD എന്ന് ഇംഗ്ലീഷിൽ 'മാന്തിവെക്കുന്ന"  അത്യപൂർവ്വമായൊരു കൃത്യം! ഗൂഗ്‌ള് എർത്തിൽ പോയി നോക്കിയപ്പോൾ അത്ഭുതം... ശൂന്യാകാശത്ത് നിന്ന് നോക്കിയാൽ കാണാവുന്ന രൂപത്തിലാണത്രേ ഓരോ അക്ഷരങ്ങളുടെയും വലിപ്പം!

പിന്നീട്  ഷെയ്ക്കിനെക്കുറിച്ച്  തിരഞ്ഞപ്പോൾ ലഭിച്ചതെല്ലാം അത്ഭുതങ്ങളുടെ കലവറകൾ മാത്രം! മൂന്നു നൂറ്റാണ്ടിലധികമായി അബൂദബി ഭരിക്കുന്ന പ്രസിദ്ധമായ നഹ്യാൻ കുടുംബാംഗമാണിദ്ദേഹം. യൂ ഏ ഇ (UAE)യുടെ പിതാവ് സാക്ഷാൽ ഷെയ്ക് സായിദിന്റെ മകളുടെ ഭർത്താവ്. അബൂദബിയുടെ മുൻപ്രധാനമന്ത്രി ഷെയ്ക്ക് ഹംദാന്റെ പുത്രൻ. മുപ്പത് കൊല്ലത്തോളം  യൂ ഏ ഇയുടെ സായുധസേനയിൽ ഉന്നത ഉദ്യോഗസ്ഥൻ. ഇതെല്ലാം റെയിൻബോ ഷെയ്ക്കിനെക്കുറിച്ചുള്ള ഏറ്റവും കുറഞ്ഞ വിവരണങ്ങളേ ആവൂ!!

ഷെയ്ക് ഹമദിനെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ വാഹനക്കമ്പമാണ്. ഓരോ വർഷവും അദ്ദേഹം അനവധി കാറുകൾ വാങ്ങിക്കൂട്ടും. പുതിയ കാറുകൾ മാത്രമല്ല, പഴയതും അപൂർവ്വമായതുമൊക്കെ. അങ്ങിനെ തന്റെ കാറുകൾ സൂക്ഷിക്കാൻ അദ്ദേഹം ഒരു വലിയ കൂടാരമൊരുക്കി. ഒരു കൂറ്റൻ പിരമിഡിന്റെ മാതൃകയിൽ. അവിടുത്തേക്കാണ് ഞങ്ങളുടെ യാത്ര.


സൗദി അതിർത്തിയായ സിലയിലേക്ക് താരിഫ് വഴിയുള്ള റോഡിലാണ് എമിറെറ്റ്സ് നാഷനൽ ഓട്ടോ മ്യൂസിയം (ENAM) എന്ന കാർ മ്യൂസിയം. അബൂദബി എയർപോർട്ടിന്റെ ഓരം പറ്റി, ബനിയാസ് കടന്നാൽ പിന്നെ ഇരു വശവും നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയാണ്. പിംഗലവർണ്ണത്തിലുള്ള അനേകം ഒട്ടകങ്ങൾ വെയിൽ കായുകയാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ. ശിശിര കാലത്ത് പതിവില്ലാതെ ലഭിച്ച മഴ മരുഭൂമിയെ മനോഹരിയായി അണിയിച്ചൊരുക്കിയിട്ടുണ്ട്. മണൽക്കൂനകളുടെ അറ്റങ്ങളിൽ കൊച്ചു പുൽകൂട്ടങ്ങളും കുറ്റിച്ചെടികളും. കാറ്റ് പതിവിലും ശക്തമായതു കൊണ്ട് ഇറങ്ങി നിന്നൊരാസ്വാദനം സാധ്യമല്ല. മണലിൽ ചിത്രങ്ങൾ വരച്ചുകൊണ്ടാണ് കാറ്റ് കൂകിപ്പറക്കുന്നത്. അങ്ങ് ദൂരെ വന്യമായ അറബ് തുടികൾക്കൊപ്പിച്ച് മുടിയഴിച്ചാടുന്ന നർത്തകികളെപ്പോലെ മരുക്കാറ്റിൽ അലസരായി ആടിക്കളിക്കുന്ന ഗാഫ് മരങ്ങൾ. പലയിടത്തും ബണ്ട് കെട്ടി വെള്ളം ശേഖരിച്ചതും കനാൽ വഴി വെള്ളം പല വഴിക്കും തിരിച്ച് വിട്ടതും കാണാം. മരുഭൂമിയിൽ മരങ്ങൾ നട്ട് പിടിപ്പിച്ച് കാലങ്ങൾ കൊണ്ട് ജലശേഖരം ഉണ്ടാക്കാനും പിൽകാലത്ത് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കൂട്ടാനുമുള്ള ചില പദ്ധതികളുടെ ഭാഗമാണവ. റ്റൂ വേ റോഡിന്റെ നടുഭാഗത്ത് ഇടവിട്ട് നട്ടു പിടിപ്പിച്ച ഈത്തപ്പനകൾ. സൗദിയിൽ നിന്നും ചരക്കുകൾ കയറ്റി വന്ന് മടങ്ങുന്ന വലിയ ട്രക്കുകൾ . രണ്ടുവരിപ്പാതയുടെ വേഗതാട്രാകിൽ ഞങ്ങളുടെ കൊച്ചുകാർ അൽപ്പം സന്ദേഹത്തോടെ കുതിച്ചു പാഞ്ഞു.

ദുബൈ നഗരമധ്യത്തിൽ നിന്നും ഏകദേശം 200ഓളം കിലോമീറ്റർ ഓടിയിട്ടുണ്ട്. നീണ്ട് വരണ്ട് കിടക്കുന്ന അൽ ദഫ്ര മരുഭൂമിയിൽ പച്ചപ്പ് വിടർത്തി പരിലസിച്ച് നിൽക്കുന്ന മരങ്ങൾക്ക് നടുവിലായി മഴവിൽ ചേലൊത്തൊരു കവാടം. വണ്ടി നിർത്തി ഇറങ്ങിച്ചെന്നപ്പോൾ കാക്കി യൂനിഫോമണിഞ്ഞ നേപ്പാളി കാവൽക്കാരൻ വഴിതെറ്റിയെത്തിയ വിരുന്നുകാരെക്കണ്ടപോലെ  ഇറങ്ങി വന്നു.
"ഇതല്ല കാർ മ്യൂസിയം. ഇത് ഷെയ്ക്കിന്റെ വീടാണ്. അതായത് കൊട്ടാരം, പല കൊട്ടാരങ്ങളിലൊന്ന്."

 കൊട്ടാരത്തിന്റെ ഏകദേശം ഒരു മൈലോളം നീണ്ട ചുറ്റുവേലി കഴിഞ്ഞ്  റോഡരികിൽ ഒരു കൂറ്റൻ ജീപ്പ് ഉയരത്തിൽ നിൽക്കുന്നത് കാണാം.  ഇടത്തോട്ട് ഒരു അടയാളവും ബോർഡും. ആരും തടയാനില്ലാത്ത ആ കവാടത്തിലൂടെ അകത്തേക്ക് കടന്ന് വിശാലമായ ഒഴിഞ്ഞു കിടക്കുന്ന പാർക്കിംഗ് ഏരിയയിൽ വണ്ടിയിട്ടു. ഞങ്ങളെക്കൂടാതെ ആറോ ഏഴോ വാഹനങ്ങൾ മാത്രം. നമ്മെ വരവേൽക്കുന്നത് നാലു ചക്രങ്ങളിൽ ഉയർത്തി നിർത്തിയ ഒരു ഭൂഗോളത്തിന്റെ മാതൃകയാണ്! ഭൂമിയുടെ പത്ത് ലക്ഷത്തിലൊന്ന് വലിപ്പത്തിലുള്ള ഈ ഗോളത്തെ വേണമെങ്കിൽ വലിച്ചു കൊണ്ടുപോവാം! തൊട്ടപ്പുറത്ത് ഒരു വീട് ചക്രങ്ങളിൽ ഉയർന്നു നിൽക്കുന്നു. അതൊരു ചലിക്കുന്ന ബംഗ്ലാവാണ്. ഗിന്നസ് ബുക്കിൽ കയറിപ്പറ്റിയ ലോകത്തെ ഏറ്റവും വലിയ കാരവൻ! 20 മീറ്റർ നീളവും 12 മീറ്റർ വീതം ഉയരവും വീതിയുമുള്ള ഈ കാരവനിൽ അഞ്ച് നിലകളുണ്ടത്രേ! എട്ട് കിടപ്പുമുറികളും അത്രതന്നെ കുളിപ്പുരകളുമുള്ള ഈ ബംഗ്ലാവിനകത്ത് നാല് വലിയ കാറുകളെയും കൂടെ കൊണ്ടുപോവാം!

ഗിന്നസ് വീരൻ കാരവനും 1:1000000 ഭൂമിയും
ഫൈബർ ഗ്ലാസ്സ് കൊണ്ട് നിർമ്മിക്കപ്പെട്ട ഈ ഗോളത്തിനകത്ത് നാല് നിലകളും കുറേ മുറികളുമൊക്കെയുണ്ട്. പക്ഷേ അകത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.  തന്റെ സ്വന്തം നാടിന് സംഭാവനയായി 2002ലാണ് ഷെയ്ക്ക് ഹമദ് മ്യൂസിയം നിർമ്മിക്കുന്നത്. അൽ ഐനിലെയും ലിവയിലെയും തന്റെ കൊട്ടാരങ്ങളിൽ കിടന്ന് കാറുകൾ നശിച്ചുപോകുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു.
 
 150X150Mtr വലിപ്പത്തിലുള്ള കൂറ്റൻ പിരമിഡിന്റെ കാവലെന്നപോലെ ഭീമൻ ചക്രങ്ങളിലെണീറ്റു നിൽക്കുന്ന ഒരു മെഴ്സിഡസ് കാറാണ് നമ്മെ മ്യൂസിയത്തിലേക്ക് സ്വീകരിക്കുന്നത്. ഷെയ്ക്ക് സ്വയം മാറ്റം വരുത്തി നിർമ്മിച്ചതാണ് ഈ ചക്രക്കാറൻ. മ്യൂസിയത്തിലേക്ക് പ്രവേശിക്കാൻ തലയൊന്നിന് 50 ദിർഹമാണ് ടിക്കറ്റ് ചാർജ്ജ്.
ഇതാണ് മ്യൂസിയം. ചിത്രംENAM വെബ് സൈറ്റിൽ നിന്നും
 10 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യപ്രവേശനം. രണ്ട് കൊല്ലം മുമ്പ് വരേ പ്രവേശനം തികച്ചും സൗജന്യമായിരുന്നു. സന്ദർശകരുടെ തിരക്ക് കുറക്കാൻ വേണ്ടിയാണത്രേ ടിക്കറ്റ് വെച്ചത്. ടിക്കറ്റ് തുക ഒരു യൂ.ഏൻ ചാരിറ്റി പ്രോജക്ടിലേക്കാണ് പോകുന്നത്. ലോകത്തെ ഏറ്റവും വൈവിധ്യമാർന്ന കാറുകളുടെ ലോകത്തേക്കാണ് നമ്മൾ പ്രവേശിച്ചിരിക്കുന്നത്. കറുപ്പിലും ഉരുക്കുനിറത്തിലുമുള്ള തിളങ്ങുന്ന ,  രാജകീയ പ്രൗഡിയുള്ള 1928 മോഡൽ ഫോർഡ് കാറിൽ കണ്ണുടക്കാതെ അകത്തേക്ക് കടക്കാൻ ആർക്കും കഴിയില്ല. കുഞ്ഞുകാറുകളിലെ കുഞ്ഞന്മാരിൽ തന്നെ തുടങ്ങാം. പഴയ ബ്യൂക്കും പ്ലിമത്തും ഫിയറ്റും പാലുമൊക്കെയുണ്ട്. ക്ലാസ്സിക് മുതൽ ബാറ്ററി കാറുകൾ വരേ! പിന്നെ നീളമേറിയ സെഡാൻ കാറുകൾ. ക്രൈസ്ലറും  ഫോർഡും ഷെവർലെയും കാഡിലാക്കും അടക്കി വാഴുന്ന നീളാങ്കോലി കാറുകൾ പ്രായം തളർത്താത്ത സൗന്ദര്യവുമായി  തിളങ്ങി നിൽക്കുന്നു. ഇനിയും മുന്നോട്ട് നടന്നാൽ കാണുന്നത് കൂപ്പേകളാണ്. അതിലുമുണ്ട് 1950 മുതലിങ്ങോട്ടുള്ളവ!
മഴവിൽ നിറത്തിൽ രണ്ട് കാറുകൾ


ലോക കാർ നിർമ്മാതാക്കളിൽ എന്നും അദ്വിതീയ സ്ഥാനം നിലനിർത്തുന്ന മെഴ്സിഡസിന്റെ ഏറ്റവും മനോഹരമായ ഒരു ശേഖരം തന്നെയാണ് നമ്മളെ കാത്തിരിക്കുന്നത്. അവിടെയാണ് വിഖ്യാതമായ മഴവിൽ കാർ ശേഖരം. 1984 തന്റെ വിവാഹത്തോടനുബന്ധിച്ച് ഷെയ്ക്ക് ഹമദ് ഏഴ് മെഴ്സിഡൻസ് ബെൻസ് കാറുകൾ ഓർഡർ ചെയ്തു. ഏഴും മാരിവില്ലിന്റെ ഏഴ് വത്യസ്ത വർണ്ണങ്ങളിൽ. ഓരോ ദിവസവും സഞ്ചരിക്കാൻ ഓരോ നിറത്തിലുള്ള കാറുകൾ! കാറിന്റെ പെയിന്റ് മാത്രമല്ല, ഉള്ളിലെ ലതർ ഫിറ്റിംഗ്സും കാർപ്പെറ്റുകളും തുടങ്ങി എല്ലാം ഒരേ നിറം! ഇതാണ് അദ്ദേഹത്തിന് റെയിൻബോ ഷെയ്ക്ക് എന്ന പേര് ചാർത്തിക്കൊടുത്തതത്രെ! തൊട്ടടുത്ത്, സ്വർണ്ണക്കൈപ്പിടിയുള്ള മറ്റൊരു മെഴ്സിഡസും കാണാം.
വയലറ്റ്, ഇന്റിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ....
 മ്യൂസിയത്തിലെ 211 കാറുകളിൽ വെച്ചേറ്റവും വില കൂടിയത് എലിസബത്ത് രാജ്ഞി യൂ ഏ ഇ സന്ദർശിച്ചപ്പോൾ സഞ്ചരിച്ച കറുത്ത റോൾസ് റോയ്സ് കാറാണെങ്കിലും ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് ഷെയ്ക്ക് സ്വയം രൂപകൽപ്പന ചെയ്ത് തികച്ചും അബുദാബിയിൽ നിർമ്മിച്ച കൂറ്റൻ ഡോഡ്ജ് പവർവാഗണാണ്. സാധാരണ കാറിന്റെ കൃത്യം എട്ടിരട്ടി വലിപ്പത്തിലാണ് (1:8) ഈ കൂറ്റൻ പിക്കപ്പ്   നിർമ്മിച്ചിരിക്കുന്നത്. ഗിന്നസ് ബുക്കിലേക്ക് ഉരുണ്ടു കയറിയ ഈ ഭീമന് ഏകദേശം 50 ടൺ ഭാരവും സാധാരണ കാറിന്റെ 64 ഇരട്ടി വിലയുമുണ്ട്. അബൂദബിയിൽ തയ്യാർ ചെയ്ത ഭാഗങ്ങൾ മരുഭൂമിയിൽ കൊണ്ടുപോയി കൂട്ടിയോജിപ്പിക്കുകയായിരുന്നുവത്രേ. നാല് കിടപ്പു മുറികളും അടുക്കളയും കുളിമുറികളുമൊക്കെയുള്ള ഈ കൂറ്റനെ രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതും ഷെയ്ക്ക് ഹമദ് തന്നെ.

ഭീമൻ ഡോഡ്ജിന്റെ പടം പിടിക്കാൻ എന്റെ ക്യാമറ മതിയായില്ല! ENAM വെബ്സൈറ്റിൽ ഉഗ്രൻ ചിത്രമുണ്ട്

ആകാരവലിപ്പം കൊണ്ട് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ഒരു ഭീമൻ വില്ലീസ് ജീപ്പുമുണ്ട് മ്യൂസിയത്തിന് പുറത്ത്. യൂ.കേയിലും ഫ്രാൻസിലും അമേരിക്കയിലും നിർമ്മിച്ച യുദ്ധവാഹനങ്ങളും പട്ടാളട്രക്കുകളുമൊക്കെ ചരിത്രം പറഞ്ഞ് നമ്മെ വിസ്മയിക്കുന്നവയാണ്. നിരന്നു കിടക്കുന്ന യൂറോപ്യൻ, അമേരിക്കൻ നാൽചാക്രികൾക്കിടക്ക് കണ്ടു ഒരിന്ത്യക്കാരനെയും, നമ്മുടെ സ്വന്തം മഹീന്ദ്രയുടെ ജീപ്പ്! ലോകത്തെ ആദ്യ മോട്ടോർകാറുകളിലൊന്ന് ഫോർഡിൽ നിന്നും സ്വന്തമാക്കിയത് പ്രത്യേകം പ്രദർശിപ്പിച്ചിരിക്കുന്നു. കൗതുകം കൊണ്ട് നമ്മുടെ കണ്ണ് മഴവിൽ നിറത്തിലായി മാറുന്ന കാഴ്ചകൾ കണ്ട് നടക്കാൻ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും വേണം. 50 ദിർഹം കുറച്ചധികമല്ലേ എന്നൊരു തോന്നൽ ഇല്ലാതില്ല. പക്ഷേ ഈ പണം ഏതോ അവശസഹോദരന്മാർക്ക് ചെന്നെത്തും എന്നറിയുമ്പൊൾ നമുക്ക് സമാധാനമാവും. ഈ കാറുകൾക്ക് പുറമേ നൂറുകണക്കിന് വാഹനങ്ങൾ ഷെയ്ക്കിന്റെ സ്റ്റോക്കിലുണ്ട്. ഇനിയും ഒരുപാട് മ്യൂസിയത്തിലേക്ക് എത്തിച്ചേരും എന്ന് അവിടുത്തെ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ജയപ്രകാശ് പറയുന്നു.റെയിൻബോ ഷെയ്ക്ക് സ്വന്തമായി ഡിസൈൻ ചെയ്ത് അബൂദബിയിൽ നിർമ്മിച്ചവയാണ് രണ്ടും
 
തന്റെ കൊട്ടാരത്തോടനുബന്ധിച്ച് നിർമ്മിച്ച ഈ മ്യൂസിയത്തിന് പുറമേ എന്തൊക്കെയോ വലിയ ഉദ്ദേശങ്ങളുണ്ടായിരുന്നു ഷെയ്ക്കിന് എന്ന് തോന്നുന്നു. മ്യൂസിയത്തിനു പുറത്തെ ഉയരം കുറഞ്ഞ മരങ്ങൾക്കിടയിലൂടെ മുന്നോട്ട് നടന്നാൽ കാണുന്ന വലിയ പള്ളിയുടെ ഇടതുവശത്തേക്കുള്ള ചൂണ്ടുപലകയി "ഹെരിറ്റേജ് സൂഖ്" എന്ന മങ്ങിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. തലയുയർത്തി നിൽക്കുന്ന നാല് പഴഞ്ചൻ ടവറുകൾ അതിരിടുന്ന ഒരു കോട്ടയും അതിന് മുന്നിൽ ഒരു യുദ്ധം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട പോലെ തകർന്ന മണ്ണടിഞ്ഞു കൊണ്ടിരിക്കുന്ന കുറേ നിർമ്മിതികളും. പുരാതന അറേബ്യൻ മാതൃകയിൽ നിർമ്മിച്ച ഉയരം കുറഞ്ഞ എടുപ്പുകൾ, ഈത്തപ്പനയോലകൊണ്ടുള്ള മുറികളും കൊച്ചു കിണറുകളും. നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻ ക്രയവിക്രയം നടത്തിയിരുന്ന ഒരു പുരാതന "മെദീന"യുടെ കുഴിച്ചെടുക്കപ്പെട്ട അവശിഷ്ടങ്ങൾ പോലെ. റെയിൻബോ ഷെയ്ക്കിന്റെ മണ്ണ് പിടിച്ചു തകർന്ന സ്വപ്നങ്ങള്ക്ക് മേൽ ഞങ്ങൾ  ഗവേഷണ വിദ്യാർത്ഥികളുടെ കൗതുകത്തോടെ നടന്നു.

ഉയരമുള്ള കവാടം കടന്നാൽ അതിവിശാലമായ ഒരു നടുമുറ്റം. അതിന്റെ നാലു കോണുകളിൽ നല്ല ഉയരത്തിൽ പഴഞ്ചൻ മട്ടിലുള്ള ഓരോ നിരീക്ഷണ ടവറുകൾ. നടുത്തളത്തിന്റെ അതിരായി രണ്ട് മീറ്ററിലധികം പൊക്കത്തിൽ ബലമുള്ള കല്ലുമതിൽ. മതിലിലുടനീളം മാർബിൾ പാളികൾ ഒട്ടിച്ചു വെച്ചിരിക്കുന്നു.
പരുക്കൻ മാർബിൾ കല്ലുകളിൽ മനോഹരമായ അറബി ലിപിയിൽ കുനുകുനാ എഴുതിയത് വായിച്ചു നോക്കി. അർത്ഥം പൂർണ്ണമായും പിടികിട്ടിയില്ലെങ്കിലും അതെല്ലാം കവിതകളാണെന്ന് മനസ്സിലായി. ആയിരം ചതുരശ്രമീറ്ററിലുള്ള  ചുമരിലിനി ഒട്ടും തന്നെ സ്ഥലമില്ല. പക്ഷേ കവിതകൾ കൊത്തിയ മാർബിൾ കഷ്ണങ്ങൾ എമ്പാടും നിലത്ത് അട്ടിയിട്ടിരിക്കുന്നു. അതേക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ അറിയിപ്പോ എങ്ങുമില്ല. എങ്ങിനെയുണ്ടാവാൻ? ആരും ചെന്നു നോക്കാതെ ഉപേക്ഷിച്ച തകർന്ന എടുപ്പുകൾക്കും ജീവൻ തുടിക്കുന്ന കാവ്യഫലകങ്ങൾക്കും തരിശായ സ്വപ്നങ്ങളുടെ കഥ മാത്രമേയുണ്ടാവൂ പറയാൻ. വീണ്ടും ജയപ്രകാശിനെ തേടിച്ചെന്നു. ഈ സ്മാരകൾക്കും ഒരു ചരിത്രമുണ്ടത്രേ! പണ്ട്, വളരെപ്പണ്ടൊന്നുമല്ല, ഈ മരുഭൂവിൽ കടകളോ മറ്റോ ഇല്ലാതിരുന്ന ഒരു കാലത്ത് ഷെയ്ക്ക് നിർമ്മിച്ചതാണ് ഈ കടകളും മറ്റും. ശൈശവദിശയിൽ തന്നെ മൃതിയടഞ്ഞു പോയി. മാർബിൾ ഫലകങ്ങളിലെ കവിതകളെല്ലാം അറബ് ലോകത്തെ പ്രമുഖ കവി മുതനബ്ബിയുടെ വിഖ്യാതമായ കവിതകളാണ്. അവ ഒരു സിറിയൻ ശിൽപ്പിയെക്കൊണ്ട് മാർബിളിൽ കൊത്തിച്ചു, ചുമരിൽ പതിച്ചു.  കവിയും കവിതക്കമ്പക്കാരനുമായ ഷെയ്ക്ക് അൽ മുതനബ്ബിക്ക് നൽകിയ എളിയ ഒരാദരം.

 പുരാതന സൂഖിന്റെയുള്ളിൽ നിന്നും ഞങ്ങൾ പുറത്ത് കടന്നു. ആറേഴ് വലിയ കൂടുകളിൽ പല നിറത്തിലും രൂപത്തിലുമുള്ള പ്രാവുകൾ. പലതും യുറോപ്പിൽ നിന്നും കൊണ്ടു വന്ന വിലകൂടിയ ഇനങ്ങളാണത്രേ. പ്രാവുകളോട് കുറുകിയും പ്രാമുട്ട കണ്ട് സന്തോഷത്തോടെ ബഹളം വെച്ചും അലി ഓടിക്കളിക്കുന്നു.


 ഫുത്വൈസി ദ്വീപിലെ പേരെഴുത്ത്
ചിത്രം ഗൂഗ്ഗിളിൽ നിന്നും
അബുദബിയിലെ അൽ ഫുത്വൈസി ദ്വീപ് സസ്യ,ജന്തു വൈവിധ്യങ്ങൾക്ക് പേര് കേട്ടതാണ്.  അബുദബി നഗരത്തിന്റെ ഏകദേശം ഇറ്റട്ടി വലിപ്പമുള്ള, തന്റെ ഉടമസ്ഥതയിലുള്ള ഈ ദ്വീപിലാണ് ഷെയ്ക്ക്  പേര് മാന്തിവെക്കാൻ തുടങ്ങിയത്. HAMAD എന്ന് ഇംഗ്ലീഷ വലിയ അക്ഷരത്തിലെഴുതി വെച്ചത് ശൂന്യാകാശത്ത് നിന്നും വളരേ വ്യക്തമായിക്കാണാമെന്നാണ് ഗൂഗ്ഗിൾ എർത്തിന്റെ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അതിന്റെ വലിപ്പം ഒന്ന് ഊഹിച്ചു നോക്കാമോ? ഓരോ അക്ഷരത്തിനും  300 മീറ്ററോളം ആഴമുണ്ട്! വീതി 1.9 കിലോ മീറ്റർ, മൊത്തം Hല് നിന്നും Dയുടെ അറ്റത്തെത്താൻ 4.8 കിലോ മീറ്റർ സഞ്ചരിക്കണം! ദ്വീപിനെ തരിശുഭാഗത്ത് കുഴിച്ചെഴുതിയ ഈ അക്ഷരങ്ങളിലേക്ക് വേലിയേറ്റ സമയത്ത് വെള്ളം കയറി നിറയും! പേരെഴുത്ത് അറിവാകാത്ത കാരണങ്ങളാൽ ഇടക്ക് വെച്ച് നിർത്തി. ഈ അടുത്ത കാലത്ത്, കുഴിച്ചിടത്തോളം മണ്ണ് നിറച്ച് മായ്ച്ചു കളയുകയും ചെയ്തു എന്നറിയുന്നു!


ചിത്രം ഗൂഗ്ഗിളിൽ നിന്നും
ഷെയ്ക്ക് ഹമദ് വിചിത്രമെന്ന് നമുക്ക് തോന്നുന്ന രീതിയിൽ തന്നെയാണ് ജീവിതം നയിക്കുന്നത്. ഒക്ടോബർ മുതൽ ആറുമാസത്തോളം, തണുപ്പ് കാലത്ത് മരുഭൂപ്രദേശങ്ങളിൽ വസിക്കുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം സൗദി അറേബ്യയാണാത്രേ! കാരണം വ്യക്തം, സൗദിയിലെ അനന്തമായ മരുഭൂമികൾ തന്നെ! കടലിലും മരുഭൂമിയിലും കോടിക്കണക്കിന് പണം കൊണ്ടു തള്ളൂന്നയാൾ മാത്രമല്ല ഇദ്ദേഹം. ലോകത്തെ മികച്ച ചാരിറ്റി പ്രവർത്തകരിൽ ഒരാളാണദ്ദേഹം. നിർധനരാജ്യങ്ങൾക്കും സംഘടനകൾക്കും മാത്രമല്ല, ക്യാർസർ രോഗത്തിന് ചിലവു കുറഞ്ഞ മരുന്നു വികസിപ്പിക്കുന്നത്   പോലെയുള്ള അനവധി സംരംഭങ്ങൾക്ക് അദ്ദേഹം നിർലോഭം സഹായം നൽകി വരുന്നു.  പല രാജ്യങ്ങളിലും സൗജന്യ നിരക്കിലുള്ള ആശുപത്രികളും ചിലവേറിയ ചികിത്സകളും ഷെയ്ക്ക് ഹമദിന്റെ സംഭാവന കൊണ്ട് സ്ഥിരമായി നടന്നു വരുന്നു. അബൂദബിയിലെ തന്റെ പ്രധാന വീട് (കൊട്ടാരം) ഒരു പഴയ അറേബ്യൻ കോട്ടയുടെ മാതൃകയിൽ ഷെയ്ക്ക് സ്വയം രൂപകൽപ്പന ചെയ്തതാണ്. വീടിന്റെ ഉൾവശവും അതേ. ബ്രിട്ടീഷ് എയർവേയ്സിന്റെ ഫസ്റ്റ്ക്ലാസ് സീറ്റുകളുടെ മാതൃകയിലുള്ള ആഡംബരസീറ്റുകളാണ് സ്വീകരണമുറിയിൽ അദ്ദേഹം പണിതു വെച്ചിട്ടുള്ളത്! നിസ്സാൻ, റിനോൾട്ട് തുടങ്ങിയ വൻകിട കാർ നിർമ്മാതാക്കൾ പുതിയ കാർ നിർമ്മിതിക്കുള്ള ഉപദേശവും തേടി ഷെയ്ക്കിനെ സമീപിച്ചു കൊണ്ടിരിക്കുന്നതും ചരിത്രമാണ്!


നേരം സന്ധ്യയോടടുക്കുന്നു. ഞങ്ങൾ മെല്ലെ മടക്കയാത്രക്കൊരുങ്ങി. ഒന്നര മണിക്കുറിലധികം യാത്രയുണ്ട്. ഗിന്നസ് ബുക്കിലെ ഭീമന്മാരെ ഒരിക്കൽ കൂടി കണ്ടു. സൂര്യൻ സന്ധ്യാശോഭ മരുഭൂമിയുടെ വിരിമാറിലേക്ക് തൂകിയിട്ടിരിക്കുന്നു. രാത്രിയിലെ മടക്കയാത്ര ദുഷ്കരമാണെങ്കിലും അപൂർവ്വമായ മരുഭൂവിലെ സൂര്യാസ്തമയം കാണാതെ വിട്ടാൽ നഷ്ടമാണ്. അതിനും മഴവില്ലഴകാണല്ലോ?

ഷെയ്ക്കിന്റെ ഫേസ്ബുക്ക് പേജ് ഇവിടെ പോയി ഇഷ്ടപ്പെടാം. BBC ചാനലിൽ ജെറിമി ക്ലാർക്സൺ ഷെയ്ക്കുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ലിങ്കും അവിടെയുണ്ട്. 

കാർ മ്യൂസിയം കാണാൻ പോകുന്നവർക്കായി.
അബൂദബി മുസഫ്ഫയിൽ നിന്നും ലിവ റോഡിൽ (E65) 45 മിനുട്ട് യാത്ര. ദുബൈയിൽ നിന്നും പോകാൻ, ഷെയ്ക്ക് സായിദ് റോഡിൽ അല്ലെങ്കിൽ ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് റോഡിൽ (പഴയ എമിറേറ്റ്സ് റോഡിൽ) ജബൽ അലിയും സംഹയും പിന്നിട്ട് താരിഫ്,സില, മഫ്രക് എക്സിറ്റെടുത്ത് താരിഫ് റോഡിൽ കയറുക.  എക്സിറ്റ് 306 വഴി ഹനീം റോഡിൽ കയറുക.   15-20 കിലോമീറ്റർ പിന്നിട്ടാലിടതു വശത്തായി മഴവിൽ ഗേറ്റും മ്യൂസിയത്തിലേക്കുള്ള ബോർഡും കാണാം. സന്ദർശന സമയം:  രാവിലെ 9 മുതൽ ഒന്ന് വരേ, 2 മുതൽ 6 വരേ, എല്ലാ ദിവസവും. പോകുന്നവരെ വഴി പറഞ്ഞ് സഹായിക്കാൻ മ്യൂസിയത്തിലെ ജയപ്രകാശ് സന്നദ്ധനാണ്. ഈയുള്ളവനെ ബന്ധപ്പെട്ടാൽ അദ്ദേഹത്തിന്റെ നമ്പർ തരാം.


2013, മേയ് 4, ശനിയാഴ്‌ച

വ്യാധികളുടെ വ്യാഖ്യാതാവ്


(സപ്തംബർ ലക്കം വാചികത്തിൽ പ്രസിദ്ധീകരിച്ചത്)

പുലിസ്റ്റർ സമ്മാനം ലഭിച്ച, ഒന്നരക്കോടി പുസ്തകങ്ങൾ വിറ്റു തീർന്ന, ഒരുപാട് ചർച്ചചെയ്യപ്പെട്ട ഒരു പുസ്തകമെന്ന നിലയിലാണ് ജുംപാ ലാഹിരിയുടെ Interpreter of Maladies ന്റെ ഇംഗ്ലീഷ് പതിപ്പ് രണ്ട് വർഷം മുമ്പ് വായിക്കുന്നത്. ഡീ.സീ.ബുക്സ്, അടുത്തിടെ ഇതിന്റെ മലയാളവിവർത്തനം പുറത്തിറക്കിയപ്പോൾ ഒരു കൗതുകത്തിനാണ് വാങ്ങി വായന തുടങ്ങിയത്. എഴുത്തുകാരിയുടെ ഭാവനയിൽ നിന്നും വിവർത്തക എത്രത്തോളം അനുഭവിച്ചറിഞ്ഞു എന്ന് പരിശോധിക്കലായിരുന്നു ഒരുദ്ദേശം. പദാനുപദ വിവർത്തനം നടത്തിയ സുനിത, കഥകളെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ആദ്യ കഥയിൽ നിന്നും അവസാന കഥയിലേക്കെത്തുമ്പോഴേക്കും വായനക്കാരന് ലഭിക്കുന്ന അനുഭവം അതാണ്.

ജുംപാ ലാഹിരിയുടെ ഒമ്പത് കഥകളുടെ സമാഹാരമാണ് വ്യാധികളുടെ വ്യാഖ്യാതാവ് എന്ന പേരിൽ സുനിത.ബി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. കൽക്കത്തക്കാരായ മാതാപിതാക്കളിൽ അമേരിക്കയിൽ ജനിച്ചു വളർന്ന ജുംപാ ലാഹിരി, തന്റെ കഥകൾക്ക് അമേരിക്കയും കൽക്കത്തയും പശ്ചാത്തലമാക്കിയതും പ്രവാസ ഇന്ത്യക്കാരുടെ ജീവിതം വിഷയമാക്കിയതും തികച്ചും സ്വാഭാവികം മാത്രം.

തികച്ചും താത്ക്കാലികം, മിസ്റ്റർ പിർസാദ അത്താഴത്തിന് വന്നപ്പോൾ, വ്യാധികളുടെ വ്യാഖ്യാതാവ്, ഒരു യഥാർത്ഥ ദർവൻ, സെക്സി, മിസ്സിസ് സെന്നിന്റെ വീട്, ഈ അനുഗ്രഹീത ഭവനം, ബീബീ ഹൽദാറുടെ ചികിത്സ, മൂന്നാമത്തേതും അവസാനത്തേതുമായ ഭൂഖണ്ഡം എന്നിങ്ങനെ ഒമ്പത് കഥകൾ.

എങ്ങോട്ട് തിരിഞ്ഞാലും അവിടെ ഒരു കഥകണ്ടെത്തുകയാണ് എഴുത്തുകാരി! വീണുകിടക്കുന്ന ഒരു കരിയിലയിൽപ്പോലും സൗന്ദര്യം കണ്ടെത്തുന്ന ആ ഭാവന പുസ്തകത്തിലുടനീളം കാണാം. ഒരു ജനാലവിരി മാറ്റിയിട്ടാൽ നാം കാണുന്ന ചെറിയ ആ ലോകത്തു നിന്നും, വായിച്ചുകൊണ്ടിരുന്ന വർത്തമാനപത്രം ഒന്ന് താഴ്ത്തിപ്പിടിച്ചാൽ കാണുന്ന ആ കാഴ്ചയിൽ നിന്നും, എന്തിന് മുറിക്കുള്ളിലെ ടെലിവിഷനു മുന്നിൽ ചടഞ്ഞിരിക്കുമ്പോൾ ചുറ്റും നടക്കുന്ന സംഭാഷണങ്ങളിൽ നിന്നു പോലും കഥകളുരുത്തിരിയുന്നു എന്ന കൗതുകകരമായ സത്യം തുറന്നുപറയുകയാണ് ഈ പുസ്തകം. ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെടേണ്ടതോ ഗവേഷണം നടത്തിയോ അലഞ്ഞുതിരിഞ്ഞോ കണ്ടെടുക്കേണ്ടതോ ആയ ഒന്നല്ല കഥകൾ. നമ്മുടെ ചുറ്റിലും അനുനിമിഷം നടക്കുന്നതെന്തും കഥയാണ്, അത് പറയാൻ കഥാകൃത്ത് തെരെഞ്ഞെടുക്കുന്ന ഫ്രെയിം അതിനെ നല്ലതും അല്ലാത്തതുമെന്ന് വേർതിരിക്കുന്നു. അത്തരം ഫ്രെയിമുകൾ കൈത്തഴക്കത്തോടെ മൂലചേർത്തൊരുക്കുന്നതിൽ ജുംപാ ലാഹിരി വിജയിച്ചുവെന്നതാണ് ഈ പുസ്തകത്തെ വായനാലോകത്ത് ഇത്രയധികം സ്വീകാര്യമാക്കിത്തീർത്തത്.

ഒരു തിരക്കഥപോലെ, പശ്ചാത്തലവിവരണം ആവശ്യത്തിലധികമെന്ന് തോന്നുന്ന രൂപത്തിലാണ് വിവരണം. ഓരോ കാര്യങ്ങളുമതിന്റെ സൂക്ഷ്മസ്ഥായിയിലേക്കിറങ്ങിച്ചെന്ന് പറയാൻ കഥാകാരി കാണിച്ച ഔത്സുക്യം ആഴത്തിലുള്ള വായനയില്ലാതെ തന്നെ വെളിപ്പെടും. ചിലയിടങ്ങളിൽ ഈ നീട്ടിപ്പറച്ചിൽ അഭംഗിയായിത്തോന്നുമെങ്കിലും വ്യാധികളുടെ വ്യാഖ്യാതാവിലെ കഥകളെ വത്യസ്തമാക്കുന്നത് സാഹിത്യഭാഷയിലല്ലാതെ കുഴച്ചെടുത്ത കഥാപാത്രങ്ങളുടെ, ഓരോ നിശ്വാസങ്ങളും രേഖപ്പെടുത്തുന്ന ശൈലി തന്നെയാണ്.

ബന്ധങ്ങളുടെയും ആശയവിനിമയങ്ങളുടെയും കഥ പറയുന്ന ഈ പുസ്തകത്തിൽ ഇന്ത്യാവിഭജനവും, കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ രാജ്യത്തു നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും നടന്ന തൊഴിൽതേടിയുള്ള കുടിയേറ്റത്തിന്റെയും അടയാളങ്ങൾ അങ്ങിങ്ങായി വീണു കിടക്കുന്നത് കാണാം.

വ്യാധികളുടെ വ്യാഖ്യാതാവ് എന്ന ഒരു കഥയൊഴികെ എല്ലാം വീടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ അല്ലെങ്കിൽ വാസസ്ഥലത്തെ ചുറ്റിപ്പറ്റിയവ . മഞ്ഞുകാലത്ത് ഇല പൊഴിക്കുന്ന അനേകം മരങ്ങൾ നിരന്നു നിൽക്കുന്ന, ആളൊഴിഞ്ഞ പാതവക്കത്തെ ഒച്ചയും ബഹളവുമില്ലാത്ത, മതിൽക്കെട്ടിനകത്ത് നിശ്ശബ്ദം നടക്കുന്ന കഥകളാണ് അമേരിക്കൻ പശ്ചാലത്തിലുള്ളവ. പേരിൽ തന്നെ വീടുള്ള  രണ്ട് കഥകൾ-മിസ്സിസ് സെന്നിന്റെ വീട്, ഈ അനുഗ്രഹീത ഭവനം.

മൂന്ന് കഥകളിൽ കുട്ടികളാണ് പ്രധാനകഥാപാത്രങ്ങൾ. രോഹിൻ എന്ന സ്കൂൾകുട്ടിയിലൂടെ വിവാഹേതര ബന്ധങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന കഥയാണ് സെക്സി. പ്രവാസ ഇന്ത്യക്കാരിലെ സംസ്കാരപരിണാമത്തെയും അവരിലെ സാമൂഹികമാറ്റങ്ങളെയും ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന ഈ കഥ, പക്ഷേ പുസ്തകത്തിലെ മറ്റ് കഥകളെ അപേക്ഷിച്ച് വായനാസുഖം തരുന്നതിൽ വിജയിച്ചിട്ടില്ല.
 വ്യാധികളുടെ വ്യാഖ്യാതാവ് എന്ന കഥയിലും പ്രവാസ ഇന്ത്യക്കാരില് കാണപ്പെടുന്ന സാംസ്കാരികാധിനിവേശമാണ് മുഖ്യപ്രമേയം.

താൻ വർഷങ്ങൾക്ക് മുമ്പ് ഒരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ കണ്ടത് അതിശയങ്ങളും കൗതുകങ്ങളും ഒട്ടും ചോർന്നുപോവാതെ പറയുകയാണ് മിസ്റ്റർ പിർസാദ അത്താഴത്തിന് വന്നപ്പോൾ എന്ന കഥയിലൂടെ. ഇന്ത്യാവിഭജനത്തെയും ബംഗ്ലാദേശ് രൂപീകരണത്തെയും മൈലുകൾക്കപ്പുറത്ത് അമേരിക്കയിലിരുന്ന് വീക്ഷിക്കുന്ന ഒരിന്ത്യൻ കുടുംബത്തിലെ സ്ഥിരം വിരുന്നുകാരനായ മിസ്റ്റർ പിർസാദ എന്ന ഗവേഷകനിലൂടെ വികസിക്കുന്ന കഥയിൽ ലിലിയ എന്ന കൊച്ചു പെൺകുട്ടിയാണ് കഥ പറയുന്നത്. രാഷ്ട്രീയമായ അതിർവരമ്പുകളിൽ പകച്ചു നിൽക്കുന്ന നിഷ്കളങ്കബാല്യങ്ങളെ ലിലിയ മനോഹരമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. യുദ്ധക്കെടുതികൾ നേരിട്ട് അനുഭവിക്കുന്നവരും അത് വാർത്ത മാത്രമായി അറിയുന്നവരും തമ്മിലുള്ള അന്തരം കഥയിൽ സമർത്ഥമായി ഒളിപ്പിച്ചുവെക്കാൻ ജുംപാ ലാഹിരി ശ്രമിച്ചിട്ടുണ്ട്. അന്യനാട്ടിലെ സംസ്കാരങ്ങളിലേക്ക് ഇഴുകിച്ചേരുന്നതിൽ പരാജയപ്പെടുന്ന പ്രവാസികളെയാണ് മിസ്സിസ് സെന്നിന്റെ വീട് എന്ന കഥയിലെ ഏലിയറ്റ് എന്ന പാശ്ചാത്യനായ ബാലൻ നമുക്ക് കാണിച്ച് തരുന്നത്.

തികച്ചും താത്ക്കാലികം, വിരിഞ്ഞുവരുന്നതിനു മുമ്പേ കരിഞ്ഞുതുടങ്ങിയ ഒരു വിവാഹബന്ധത്തിന്റെ കഥയാണ്. കൽക്കത്തയിൽ നിന്നും അമേരിക്കയിലേക്ക് ജോലി ആവശ്യാർത്ഥം കുടിയേറിയ യുവദമ്പതികളുടെ ബന്ധത്തിലെ അവസാനദിവസങ്ങളെ ഒരു മെഴുകുതിരിവെട്ടത്തിൽ അവതരിപ്പിക്കുന്ന ആ വശ്യത ഇംഗ്ലീഷിലുള്ള മൂലകൃതിയേക്കാൾ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു വിവർത്തക. പദാനുപദ വിവർത്തനം ചിലയിടങ്ങളിൽ അലോസരമുണ്ടുക്കുന്നുണെങ്കിലും വാക്കുകളിലെ മനോഹാരിത മലയാളത്തിലേക്കുള്ള സഞ്ചാരവീഥിയിൽ ഒന്നുകൂടി പതംവന്നപോലെ. തുടക്കം വിരസത സമ്മാനിക്കുന്ന കഥ പക്ഷേ, ഒരു ആശയത്തെ എങ്ങിനെ നല്ലൊരു കഥയാക്കി മാറ്റാമെന്ന പാഠം തരുന്നുണ്ട്.

സാഹിതീകരണത്തിന്റെ കടുപ്പമേറിയ ഇടുക്കുകളിലൂടെ നൂണ്ടിറങ്ങാതെ , സാധാരണക്കാരുടെ ഭാഷയിൽ നേർക്കുനേർ കഥ പറഞ്ഞ ജുംപാലാഹിരി തുടക്കക്കാരിയെന്ന നിലയിൽ തന്റെ ആദ്യനോവലിൽ കാണിച്ച ധീരത കഥാകൃത്തുക്കൾക്ക്, വിശേഷിച്ചും വളർന്നു വരുന്നവർക്ക് മാതൃകയാണ്.

സാഹിത്യലോകത്ത് ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട ഈ പുസ്തകത്തെക്കുറിച്ച്, വിവർത്തകയുടെ ഒരു കുറിപ്പ് ഈ പുസ്തകത്തിൽ പ്രതീക്ഷിച്ചിരുന്നു. അങ്ങിനെയൊന്ന് ചേർത്തിരുന്നെങ്കിൽ, അതോടൊപ്പം മൂലകൃതിയെക്കുറിച്ച് വിവർത്തകയുടെ ഹൃസ്വമായ ഒരു പരിചയപ്പെടുത്തൽ, അതെല്ലാം ഈ കഥാപുസ്തകത്തെ കൂടുതല്ല് മനോഹരമാക്കിയേനെ.

എല്ലാ കഥകളും ലോകോത്തരമാണെന്ന അഭിപ്രായമൊന്നുമില്ല. പുലിസ്റ്റർ പുരസ്കാരമൊക്കെ കൊണ്ടുവരാൻ പാകത്തിൽ കുറച്ച് കൃതികളെങ്കിലും മലയാളത്തിലും എന്നുമുണ്ട് എന്ന യാഥാർത്ഥ്യം ഈ പുസ്തകത്തിന്റെ പുരസ്കാരലബ്ധി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിവർത്തനം: സുനീത.ബീ
പ്രസാധനം: ഡീ. സീ. ബുക്ക്സ്
വില: 110 രൂപ